എണ്‍പതുകളിലെ മലയാള സിനിമ
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്മൃതി സന്ധ്യയില്‍ 'എണ്‍പതുകളിലെ മലയാള സിനിമ' എന്ന വിഷയത്തില്‍ സംവിധായകന്‍ കമല്‍, നിര്‍മാതാവ് ജി. സുരേഷ് കുമാര്‍, നടന്‍ മണിയന്‍പിള്ള രാജു എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.
മലയാള സനിമയിലെ സുപ്രധാന കാലഘട്ടമാണ് എണ്‍പതുകള്‍. മലയാള സിനിമയുടെ ഗതി തന്നെ മാറ്റിമറിച്ച ആ സുവര്‍ണ കാലഘട്ടത്തിലൂടെ സഞ്ചരിക്കുകയാണ് അഭിനയം, സംവിധാനം, നിര്‍മാണം എന്നീ വ്യത്യസ്ത മേഖലകളില്‍ ഇടപ്പെട്ട ചലച്ചിത്രകാരന്‍മാര്‍.
മണിയന്‍പിള്ള രാജു
മലയാള സിനിമയുടെ അന്തസ്സും യശസ്സുമെല്ലാം മറ്റു ലോക രാഷ്ട്രങ്ങളിലേക്ക് കൊണ്ടെത്തിച്ചതില്‍ പ്രധാന പങ്ക് വഹിച്ച ആളുകളാണ് അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍ തുടങ്ങിയവര്‍. മലയാള സിനിമ എല്ലാ രീതിയിലും മെച്ചപ്പെട്ടുവന്ന ഒരു സുവര്‍ണ കാലഘട്ടമാണ് എണ്‍പതുകള്‍. 1980 കള്‍ തൊട്ട് മലയാള സിനിമ ക്വാളിറ്റിയുടെ കാര്യത്തിലൊന്നും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴും ഇന്ത്യയില്‍ നല്ല സിനിമകള്‍ എടുത്തു നോക്കിയാല്‍ മലയാള സിനിമ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. മലയാള സിനിമ അഭിനേതാക്കളുടെ കാര്യം എടുത്ത് നോക്കിയാലും, അവരോട് എല്ലാവര്‍ക്കും മതിപ്പാണ്. ഇവിടെ മോഹന്‍ലാലോ മമ്മൂട്ടിയോ അഭിനയിച്ച ഒരു സിനിമ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ അവിടുത്തെ അഭിനേതാക്കള്‍ പോലും പറയുന്നത്, മോഹന്‍ ലാലോ മമ്മൂട്ടിയോ ചെയ്തു വെച്ചത് പോലെ ഞങ്ങള്‍ക്കു സാധിക്കില്ല, അവര്‍ ചെയ്തു വെച്ചതിന്റെ അഞ്ച് ശതമാനം ചെയ്യാന്‍ ശ്രമിക്കാം എന്നാണ്.
സുഹാസിനി മണിരത്നത്തിന്റെ ആദ്യ മലയാള സിനിമയാണ് 'കൂടെവിടെ'. അതിന്റെ ഷൂട്ടിന് ശേഷം അവര്‍ തമിഴ് നാട്ടില്‍ ചെന്നപ്പോള്‍ പറഞ്ഞത്, 'മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ വളരെ സൂക്ഷിക്കണം, അവിടുത്തെ ഒരു 10 സെക്കന്‍ഡില്‍ ഒതുങ്ങുന്ന കഥാപാത്രം ചെയ്യാന്‍ പോലും നല്ല കഴിവ് വേണം' എന്നായിരുന്നു. അന്നത്തെ കാലഘട്ടത്തില്‍ നിന്നും ഇന്നത്തേക്ക് ഒരുപാട് മാറിയെങ്കിലും എണ്‍പതുകള്‍ തന്നെയാണ് മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടം എന്ന് പറയുന്നത്. അന്നത്തെ മലയാള സിനിമകള്‍ രക്ഷപ്പെടുത്തിയ അഭിനേതാക്കളുടെ കൂട്ടത്തില്‍ ഒരാളാണ് ഞാനും, അതിനാല്‍ തന്നെ എന്നെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടം മറക്കാന്‍ കഴിയില്ല.
കമല്‍
ഞങ്ങള്‍ക്ക് അവകാശപ്പെട്ട കാലഘട്ടമാണ് എണ്‍പതുകളിലെ മലയാള സിനിമ എന്നത്. കാരണം, ഞാനും രാജുവും സുരേഷും എണ്‍പതുകളില്‍ മലയാള സിനിമയിലേക്ക് ചുവടുവെച്ച ആളുകളാണ്. അതുകൊണ്ട് തന്നെ അത്തരമൊരു സുവര്‍ണ കാലഘട്ടം മലയാള സിനിമയ്ക്ക് ഉണ്ടായതില്‍ വളരെയധികം സന്തോഷമുണ്ട്. ചരിത്രം പരിശോധിക്കുമ്പോള്‍, ഓരോ 25 വര്‍ഷം കൂടുമ്പോഴും മലയാള സിനിമയ്ക്ക് മൊത്തത്തില്‍ ഒരു മാറ്റം ഉണ്ടാവുന്നുണ്ട്. ആദ്യത്തെ ഒരു മുപ്പതോളം വര്‍ഷക്കാലം മറ്റു ഭാഷകളെ അനുകരിച്ചു കൊണ്ട് വളരെ സാധാരണമായാണ് മലയാള സിനിമ പോയിക്കൊണ്ടിരുന്നത്. പിന്നീട് നീലക്കുയില്‍ സിനിമയുടെ കാലം മുതലാണ് മലയാള സിനിമയില്‍ ശരിക്കും ഒരു നവോത്ഥാനം ഉണ്ടാവുന്നത്. നമുക്ക് നമ്മുടേതായ ഒരു സിനിമ കൃത്യമായി ഉണ്ടാവുന്നത് നീലക്കുയില്‍ ഇറങ്ങിയപ്പോഴാണ്. തുടര്‍ന്ന് നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള കഥകള്‍, സംസ്‌കാര പശ്ചാത്തലവുമായി ഇഴ ചേര്‍ന്ന പാട്ടുകള്‍ എന്നിവ മലയാള സിനിമയില്‍ പിന്നീട് കാണാന്‍ സാധിച്ചു. അതിനു ശേഷമുള്ള 25 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എണ്‍പതുകളിലെ മലയാള സിനിമ തുടക്കമിടുന്നത്.
എണ്‍പതുകളിലേക്ക് എത്തിയപ്പോള്‍ തന്നെ മലയാള സിനിമ അന്താരാഷ്ര തലത്തിലേക്ക് തന്നെ വളര്‍ന്നു കഴിഞ്ഞിരുന്നു. സിനിമകള്‍ കച്ചവടമായി മാറിയ ഒരു കാലഘട്ടം കൂടെയായിരുന്നു അന്നത്തേത്. കലാ സിനിമകളും കച്ചവട സിനിമകളും തമ്മില്‍ ഉള്ള ഒരു മത്സരം തന്നെയായിരുന്നു അന്ന് നടന്നിരുന്നത്. പി.എന്‍ മേനോന്‍ പോലെയുള്ള മലയാള സിനിമയുടെ ഗതി തന്നെ മാറ്റിയ ഒരുപാട് പ്രഗത്ഭരായ ആളുകളുടെ ചുവടു പറ്റികൊണ്ടാണ് ഞങ്ങളെ പോലുള്ളവര്‍ മലയാള സിനിമയിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ ഈ എണ്‍പത് കാലഘട്ടം ഒരു കുത്തൊഴുക്കായിരുന്നു. കാരണം, സംവിധാന രംഗത്ത് മാത്രമല്ല, ഛായാഗ്രണ മേഖലയിലും, അഭിനയ മേഖലയിലും, സംഗീത സംവിധാന രംഗത്തുമെല്ലാം ഒരുപാട് കഴിവുള്ള ആളുകള്‍ ആ കാലഘട്ടത്തില്‍ സിനിമയിലേക്ക് വന്നു.
അഭിനേതാക്കളുടെ കാര്യമെടുക്കുകയാണെങ്കില്‍, മമ്മൂട്ടി മോഹന്‍ലാല്‍, നെടുമുടി വേണു പോലെയുള്ള ലോക ശ്രദ്ധ നേടിയ ഒരുപാട് നടീനടന്മാരുടെ കാലമായിരുന്നു അത്. അതുപോലെ, സംഗീത മേഖലയിലും വലിയ മാറ്റങ്ങള്‍ വന്നത് അന്നായിരുന്നു. യേശുദാസും, ദക്ഷിണാമൂര്‍ത്തിസ്വാമിയും, ദേവരാജന്‍ മാഷും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമ എണ്‍പതുകളിലേക്ക് എത്തിയപ്പോള്‍ ജോണ്‍സന്‍, രവീന്ദ്രന്‍, ഔസേപ്പച്ചന്‍ പോലുള്ള മറ്റൊരു പുതിയ തലമുറ കടന്നു വന്നു. അതുപോലെ തന്നെ എഴുത്തുകാരായിട്ടുള്ള കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, ബിച്ചു തിരുമല എന്നിവരൊക്കെ കടന്നു വന്നത് ആ ഒരു കാലഘട്ടത്തില്‍ ആണ്. അങ്ങനെ എല്ലാ മേഖലയിലേക്കും പുതിയ ആളുകള്‍ വന്നൊരു സുവര്‍ണ കാലഘട്ടം എണ്‍പതായിരുന്നു.
എന്റെ ആദ്യത്തെ സിനിമ ഇറങ്ങുന്നതും എണ്‍പതില്‍ തന്നെയായിരുന്നു. അന്ന് മദ്രാസിലെ കോടമ്പാക്കത്ത് ഞങ്ങള്‍ ഒരുപാട് ദിവസങ്ങള്‍ ചിലവഴിച്ചിട്ടുണ്ട്. കോടമ്പാക്കത്തിലെ ദിവസങ്ങള്‍ ഒരുപാട് ഊര്‍ജ്ജവും, ആവേശവും തന്നിട്ടുണ്ട്. എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരും, അഭിനേതാക്കളും മദ്രാസില്‍ തന്നെയായിരുന്നു
സ്ഥിരമായി താമസിച്ചിരുന്നത്. ആ സമയത്താണ് കേരള സര്‍ക്കാര്‍ കെ. കരുണാകരന്റെ നേതൃത്വത്തില്‍ മുന്‍കൈ എടുത്ത് മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ചു നട്ടതിന്റെ ഭാഗമായാണ് ചിത്രാഞ്ജലി സ്റ്റുഡിയോ ആരംഭിക്കുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോ വന്നതോടെ ഒരുപാട് സിനിമകള്‍ മലയാളത്തില്‍ ഉണ്ടാവുകയും, അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കേരളത്തില്‍ തന്നെ ചെയ്യാനും തുടങ്ങി. ഈ വലിയ മാറ്റം ഉണ്ടായതും എണ്‍പതുകളിലെ തുടക്കത്തില്‍ ആയിരുന്നു. പിന്നീട് 2010 ഓട് കൂടിയാണ് ന്യൂ ജനറേഷന്‍ സിനിമകള്‍ വരാന്‍ തുടങ്ങിയത്. അതിനു മുന്‍പും അത്തരം സിനിമകള്‍ വന്നിട്ടെങ്കിലും ഡിജിറ്റല്‍ സിനിമകള്‍ വന്നത് 2010 കാലഘട്ടത്തില്‍ ആയിരുന്നു. ഇന്ന് വലിയ ഡിജിറ്റല്‍ ലോകത്തേക്ക് സിനിമ മാറിക്കഴിഞ്ഞു. അന്നത്തെ കാലത്ത് വളരെയധികം പരിമിധികളോടെയാണ് സിനിമകള്‍ ഷൂട്ട് ചെയ്തിരുന്നത്. ഫിലിമില്‍ ഷൂട്ട് ചെയ്തിരുന്ന കാലമായിരുന്നു അത്.
കുറഞ്ഞ ഫിലിം ഉപയോഗിച്ചു ഷൂട്ട് ചെയ്തില്ലെങ്കില്‍ കോസ്റ്റ് കൂടുമായിരുന്നു. അപ്പോള്‍ അതിന്റെ ഉത്തരവാദിത്വം അഭിനേതാക്കള്‍ക്കും സംവിധായകര്‍ക്കുമടക്കം എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ഉണ്ടായിരുന്നു. കുറഞ്ഞ ഫിലിം റോളുകള്‍ മാത്രമേ പ്രൊഡ്യൂസര്‍ ചിത്രത്തിനായി അനുവദിക്കുകയുള്ളു. അതില്‍ തന്നെ പടം എടുത്തു തീര്‍ക്കുക എന്ന വലിയ വെല്ലുവിളി ഞങ്ങള്‍ക്കുണ്ടായിരുന്നു. വിഷ്ണുലോകം എന്ന സിനിമ ഒരുപാട് നൈറ്റ് സീന്‍സ് ഉള്ള സിനിമയാണ്. എന്നാല്‍, ആ സിനിമ വെറും 40 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഒരുപക്ഷെ ഇന്നാണെങ്കില്‍ അത് കുറഞ്ഞത് ഒരു 100 ദിവസമെങ്കിലും എടുക്കും. അങ്ങനെ ഒരുപാട് ചലഞ്ചുകള്‍ നിറഞ്ഞ കാലഘട്ടം കൂടെയായിരുന്നു എണ്‍പത് എന്ന് പറയുന്നത്.
ജി. സുരേഷ് കുമാര്‍
1978 കാലഘട്ടത്തിലാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത് സഹ സംവിധായകനില്‍ നിന്നും തുടങ്ങി പിന്നീട് നിര്‍മാതാവായി പ്രവര്‍ത്തിക്കാനും കഴിഞ്ഞു. എന്റെ ഏറ്റവും വലിയ ആഗ്രഹം ക്യാമറാമാന്‍ ആവുക എന്നതായിരുന്നു. അപ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം എണ്‍പത് എന്ന് പറയുന്നത് ഒരു സുവര്‍ണ കാലഘട്ടമായിരുന്നു. ഒരുപാട് ചെറുപ്പക്കാര്‍ സിനിമകള്‍ കാണാന്‍ തുടങ്ങിയ കാലഘട്ടം കൂടെയായിരുന്നു അത്. 83 ലെ പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമ അന്ന് വലിയൊരു തരംഗമായി മാറിയിരുന്നു. മേനകയും ശങ്കറും ഒക്കെ മുന്‍നിര താരങ്ങളായി നില്‍ക്കുന്ന സമയമായിരുന്നു അത്. പണ്ടുണ്ടായിരുന്ന കോമഡിയില്‍ നിന്നൊക്കെ വ്യത്യസ്തമായി കോമഡിക്ക് മുന്‍തൂക്കം നല്‍കിയ സിനിമയായിരുന്നു അത്. കൂടാതെ പ്രിയന്റെ ബോയിങ് ബോയിങ് പോലുള്ള നര്‍മങ്ങള്‍ നിറഞ്ഞ ചിത്രങ്ങളും അന്നത്തെ കാലഘട്ടത്തിന്റെ ഭാഗമായിരുന്നു.
പുതിയ സംവിധായകരെ അവതരിപ്പിക്കാന്‍ പോലും പലര്‍ക്കും പേടിയായിരുന്ന അവസ്ഥയില്‍ നിന്നും മാറി കമല്‍ പോലെയുള്ള ആളുകള്‍ ഒരു പടം പോലും ചെയ്യാതെ നേരിട്ട് കഥ എഴുതി സംവിധാനത്തിലേക്ക് ഇറങ്ങിയതും ആ കാലഘട്ടത്തിലായിരുന്നു. അന്ന് സിനിമ ചെയ്യാന്‍ ചിലവായ തുക ഇന്നത്തെ രീതിയില്‍ താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ആശ്ചര്യപ്പെടുത്തുന്നതാണ്. 1983 ല്‍ 'കൂലി' എന്ന പടം ചെയ്യുമ്പോള്‍, 12 പ്രിന്റ് അടക്കം എനിക്ക് ചെലവായത് വെറും അഞ്ചേമുക്കാല്‍ ലക്ഷം രൂപയാണ്. പക്ഷെ, ഇന്ന് ആ പൈസ ഒരു ദിവസത്തെ ചിലവിന് പോലും തികയില്ല. അതുകഴിഞ്ഞെടുത്ത പൂച്ചക്കൊരു മൂക്കുത്തി എന്ന പടം ചെയ്തപ്പോള്‍ 7, 75000 രൂപയായിരുന്നു ചിലവ് വന്നത് എങ്കില്‍ ഇന്ന് ഞാന്‍ എന്റെ അവസാന പടം ചെയ്തത് ഏഴ് കോടി രൂപ മുടക്കിയാണ്. അപ്പോള്‍ റെമ്യൂണറേഷനില്‍ വന്ന ഈ വ്യത്യാസമാണ് എടുത്തു പറയേണ്ടത്.
എണ്‍പതുകളില്‍ പടമെടുത്തു നഷ്ടം വന്നാലും വളരെ ചുരുക്കം പൈസയാണ് നഷ്ടം വരുക. കൂടാതെ, അന്ന് ഷൂട്ടിംഗ് സമയത്ത് എല്ലാ അഭിനേതാക്കളും ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നത്. ഒരുമിച്ച് ഒരു വണ്ടിയില്‍ സഞ്ചരിച്ചും, ഒരു ഗസ്റ്റ് ഹൗസില്‍ സന്തോഷത്തോടെ കഴിഞ്ഞുമായിരുന്നു മുന്നോട്ട് പോയിരുന്നത്. ഇന്ന് അതുപോലെയല്ല, ഓരോ ആര്‍ട്ടിസ്റ്റിനും ഓരോ വണ്ടി വേണം, റൂം വേണം എന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. കാരവന്‍ എന്ന സമ്പ്രദായത്തെ ഒത്തിരി വിമര്‍ശിച്ച ആളായിരുന്നു ഞാന്‍. ഇന്ന് അത് സിനിമയുടെ ഏറ്റവും വലിയ ഭാഗമായി മാറി എന്ന് വേണമെകില്‍ പറയാം. പണ്ടത്തെ പോലെ ഉള്ള ഒത്തുകൂടലുകളോ തമാശകളോ ഇല്ല. ഇന്ന് മലയാള സിനിമ എന്നത് ഒരു കൈ വിട്ട കളിയായി മാറിയിരിക്കുകായാണ്. അന്ന് തീയേറ്ററുകളില്‍ നിന്ന് മാത്രം വലിയ കളക്ഷനുകള്‍ ലഭിച്ചിരുന്നു. എന്നാല്‍, ഇന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും മറ്റും നിറഞ്ഞു നിന്നിട്ടും മുടക്കിയ പൈസ തിരിച്ചു നേടാന്‍ മലയാള സിനിമയ്ക്ക് സാധിക്കുന്നില്ല.
കോവിഡിനുശേഷം മലയാള സിനിമയുടെ ഗതി തന്നെ മാറി. എണ്‍പതുകളിലെ കാലഘട്ടത്തില്‍ എല്ലാ റിസ്‌കും എടുത്തിരുന്നത് പ്രൊഡ്യൂസേഴ്‌സ് ആണ്. പക്ഷെ, ഒ.ടി.ടി വന്നതോടെ അതിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചു. കാരണം, അഭിനയിച്ചു കൊണ്ടിരിക്കുന്ന പല ഹീറോസും അവരുടെ പടങ്ങള്‍ പ്രൊഡ്യൂസ് ചെയ്യാന്‍ തുടങ്ങി. പണ്ടൊക്കെ റെമ്യൂണറേഷന്‍ ലഭിച്ചിരുന്നത് വളരെ തുച്ഛമായ തുകയായിരുന്നു. ഇന്നത്തെ കാലത്ത് അങ്ങനെ അല്ല. കോടികള്‍ ചോദിക്കുന്നതിന് ഒരു കണക്കില്ലാതെ ആയിരിക്കുകയാണ്. ഒന്നും രണ്ടും പടം ചെയുമ്പോഴേക്ക് ഓരോ കോടികള്‍ വെച്ച് കൂട്ടുകയാണിന്ന്. ഇത് കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ ഒട്ടാകെ നടക്കുന്ന പ്രതിഭാസമാണ്.
100 കോടി ക്ലബ് 200 കോടി ക്ലബ് എന്നൊക്കെ പലരും പറയുന്നത് കേള്‍ക്കാം. എന്നാല്‍, എന്റെ അറിവില്‍ ഒരു മലയാള സിനിമയും ഇന്നേ വരെ നൂറ് കോടിയൊന്നും കളക്ട് ചെയ്തിട്ടില്ല. കളക്ട് ചെയ്തു എന്ന് അവര്‍ പറയുന്നത് ഗ്രോസ് കളക്ഷന്‍ ആണ്. ഇപ്പോള്‍ തന്നെ ഞാന്‍ ചെയ്ത വാശി എന്ന പടം തിയേറ്റര്‍ കളക്ഷന്‍ നോക്കുകയാണെങ്കില്‍ പൊട്ടി പോകേണ്ട പടം ആണ്. വെറും 75 ലക്ഷം രൂപയാണ് ആ സിനിമക്ക് കിട്ടിയത്. പക്ഷെ, നെറ്റ്ഫ്‌ലിക്‌സ് പോലുള്ള ഒ.ടി.ടി പ്ലാറ്റുഫോമുകളില്‍ പടം വിറ്റത് കൊണ്ട് എനിക്ക് കുറച്ചുകൂടെ ലാഭം ഉണ്ടാക്കാന്‍ സാധിച്ചു. ഇപ്പോഴത്തെ സിനിമ എന്ന് പറയുന്നത് കണ്ടെന്റ് നല്ലതാണെങ്കില്‍ മാത്രമേ ആളുകള്‍ തിയറ്ററില്‍ കയറി കാണൂ. പണ്ടൊക്കെ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പേര് ബാനറുകളില്‍ എഴുതിക്കാണിച്ചാല്‍ തന്നെ ആളുകള്‍ തിയേറ്ററുകളിലേക്ക് തള്ളിക്കയറുമായിരുന്നു. പക്ഷെ, ഇന്ന് അങ്ങനെ ഒരു പ്രവണതയില്ല. എന്നാല്‍, അന്യഭാഷ നടന്മാരായ വിജയിയുടെയും രജനികാന്തിന്റെയും സിനിമകള്‍ വെളുപ്പിന് മൂന്ന് മണിക്കും നാല് മണിക്കുമൊക്കെ എഴുന്നേറ്റ് പോയി കാണുന്നുണ്ട്. പക്ഷെ, മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ചിത്രങ്ങള്‍ 10 മണിക്കോ 12 മണിക്കോ ഷോ ഉണ്ടെങ്കില്‍ പോലും ആരും കാണാന്‍ തയാറാവുന്നില്ല. ഇനി അഥവാ കയറണമെങ്കില്‍ സിനിമയുടെ അഭിപ്രായം അറിഞ്ഞിട്ട് മാത്രമേ കാണുകയുള്ളു. അതുകൊണ്ടാണ് എണ്‍പതുകള്‍ മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടം എന്ന് പറയുന്നത്.
ചോദ്യം: പണ്ട് മലയാള സിനിമയുടെ മുന്‍നിര നായകന്മാരുടെ പേരുകള്‍ കാണുമ്പോഴേക്കും തീയേറ്ററുകളില്‍ ഇടിച്ചുകേറി പടം കാണുന്ന പ്രവണത ഇന്ന് ഇല്ല, പകരം അന്യഭാഷാ സിനിമകളില്‍ ആണ് ആളുകള്‍ ശ്രദ്ധ കൊടുക്കുന്നത് എന്ന് ജി. സുരേഷ് കുമാര്‍ ഇപ്പോള്‍ പറഞ്ഞു. പക്ഷെ, ഞാന്‍ മനസിലാക്കിയടുത്തോളം ലിയോ ആണെങ്കിലും ജെയ്‌ലര്‍ ആണെങ്കിലും ആളുകള്‍ കേറി കണ്ടതിന്റെ പ്രധാന കാരണം അതിന്റെ സംവിധായകരും, അതിലെ മ്യൂസിക്കും ആണ്. ഇപ്പോള്‍ ലിയോയ്ക്ക് ഇത്രയധികം പ്രേക്ഷകര്‍ ഉണ്ടാവാന്‍ കാരണം അത് ലോകേഷിന്റെ സിനിമ ആയതുകൊണ്ടും അതിലുപരി ആ സിനിമ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് കാറ്റഗറിയില്‍ ഉള്ളതുകൊണ്ടുമാണ്. ഇനി ജെയ്‌ലര്‍ ന്റെ കാര്യം നോക്കുകയാണെങ്കിലും അതിന്റെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചത് അനിരുദ്ധ് മ്യൂസിക് ആണ്. ഈ ഒരു രീതിയില്‍ തന്നെയാണ് ആളുകള്‍ മലയാള സിനിമയെയും സ്വീകരിക്കുന്നത്. നടന്മാര്‍ക്കപ്പുറം സംവിധാനത്തിനും കണ്ടെന്റിനും മേക്കിങ്ങിനും ആളുകള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന രീതിയിലേക്ക് മാറിയത് ഒരു നല്ല മാറ്റമല്ലേ?
തീര്‍ച്ചയായും അതൊരു നല്ല മാറ്റം തന്നെയാണ്. പുതിയ തലമുറയുടെ ചിന്തകളും രീതികളും മാറി എന്നതാണ് അതിന്റെ പ്രധാന കാരണം. ഇപ്പോള്‍ ലോകേഷ് കനഗരാജിനെയും നെല്‍സനെയും ഒക്കെ നിങ്ങള്‍ ഫോളോ ചെയ്യുന്നതിന്റെ ഉദാഹരണമാണ് ഇതെല്ലം. പക്ഷെ, നിങ്ങള്‍ മലയാള സിനിമയെയും അതെ പോലെ ഫോളോ ചെയ്യുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ഇപ്പോള്‍ ഈ അടുത്തിടെ ഇറങ്ങിയ രോമാഞ്ചം എന്ന സിനിമ നിങ്ങളെ പോലുള്ള പുതിയ തലമുറയ്ക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ട പടമാണ്. പക്ഷെ, എനിക്ക് ആ സിനിമ കണ്ടിട്ട് ചിരിക്കാന്‍ ഒന്നും ഉള്ളതായി തോന്നിയില്ല. എന്ന് വെച്ച് ആ പടം മോശമാണ് എന്നും ഇല്ല. എനിക്ക് ആ ചിത്രം അത്ര ആസ്വദിക്കാന്‍ പറ്റിയില്ല എന്ന് മാത്രം. ലിയോ ആണെങ്കിലും എനിക്ക് കണ്ടിട്ട് അത്ര വലിയ സംഭവം ആയി തോന്നിയില്ല. ക്ലൈമാക്‌സില്‍ 100 പേരെയൊക്കെ ഇടിച്ചിടുന്ന പോലുള്ള സൂപ്പര്‍ഹ്യൂമന്‍ സംഭവങ്ങള്‍ ഒന്നും നമുക്ക് ഉള്‍ക്കൊള്ളാന്‍ പറ്റില്ല. പക്ഷെ, ഇന്നത്തെ തലമുറയ്ക്ക് അങ്ങനെ ഉള്ള സിനിമകള്‍ ആണ് വേണ്ടത്.
പുതിയ തലമുറയുടെ ആസ്വാദനത്തില്‍ വന്ന മാറ്റമാണ് ഇതെല്ലം. കോവിഡ് കാലഘട്ടത്തില്‍ വന്നതാണ് ഈ മാറ്റങ്ങള്‍. കാരണം ആ സമയത്ത് ഇന്റര്‍നാഷണല്‍ ലെവലില്‍ ഉള്ള ഒരുപാട് സിനിമകള്‍ ആളുകള്‍ കാണാന്‍ തുടങ്ങി. ഇംഗ്ലീഷ് ആയാലും കൊറിയന്‍ ആയാലും ക്ലാസിക് തലത്തില്‍ നിന്നും മാറി വയലന്‍സ് സിനിമകള്‍ ആളുകള്‍ കണ്ടതിന്റെ ഭാഗമായാണ് ഇത്തരമൊരു മാറ്റം ആളുകളുടെ ചിന്തയില്‍ വന്നത്. ഇപ്പോള്‍ രജനികാന്തിന്റെ ജെയ്‌ലര്‍ എന്ന സിനിമ പോലും ഭീകരമായ വയലന്‍സ് നിറഞ്ഞ ചിത്രമാണ്. രജനികാന്ത് എന്ന വ്യക്തിയുടെ നായക സങ്കല്‍പം മാറ്റിമറിച്ചുകൊണ്ടാണ് ജെയ്‌ലര്‍ ഇറങ്ങിയത്. പാവപ്പെട്ട ആളുകളെ രക്ഷിക്കുന്ന നായകനില്‍ നിന്നും എല്ലാവരെയും നിഗ്രഹിക്കുന്ന രീതിയിലേക്ക് നായക സങ്കല്‍പം മാറിയിരിക്കുകയാണ്. പ്രേക്ഷകര്‍ ഇത്തരം വയലന്‍സിനെ ഇഷ്ടപ്പെടുകയും പ്രൊമോട്ട് ചെയ്യുകയും ചെയ്യുന്ന രീതിയിലേക്ക് മാറിയത് വലിയ രീതിയില്‍ സമൂഹത്തെ ബാധിക്കുന്നു. വെളുപ്പിന് നാല് മണിക്ക് എണീറ്റ് സിനിമ കാണാന്‍ പോകുന്നതില്‍ തെറ്റില്ല. പക്ഷെ, ഇത്തരം വയലന്‍സ് നിറഞ്ഞ സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ ആവുമ്പോഴാണ് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.
ചോദ്യം: പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു സീന്‍ ആണ് മിന്നാരത്തിലെ, മണിയന്‍പിള്ള രാജു സാറിന്റെ 'മല, മല' എന്ന സീന്‍. അന്ന് ആ രംഗം ഷൂട്ട് ചെയ്യുമ്പോള്‍ സെറ്റില്‍ ഉണ്ടായിരുന്ന നിമിഷങ്ങള്‍ പങ്കുവെക്കാമോ?
ഉത്തരം: ഞാന്‍ അന്ന് സെറ്റില്‍ ചെന്നപ്പോള്‍ പ്രിയന്‍ ഒരു പേപ്പറില്‍ എന്തൊക്കെയോ എഴുതി അതിന്റെ ഒരു കോപ്പി എടുത്ത് എനിക്ക് തന്നിട്ട്, ഇതില്‍ പ്രോംറ്റിംഗ് ഒന്നുമില്ല ഒറ്റ ഷോട്ടില്‍ ചെയ്ത് തീര്‍ക്കണം. ഈ ഒറ്റ സീനിനു വേണ്ടിയാണ് നിന്നെ വിളിച്ചതെന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ ഞാന്‍ ആകെ ടെന്‍ഷന്‍ ആയിപോയി. തന്ന അഡ്വാന്‍സ് തിരിച്ചു കൊടുത്തിട്ട് പോയാലോ എന്ന് വരെ ചിന്തിച്ചിരുന്നു. പിന്നീട് ആ ഷോട്ടിന്റെ സമയം വന്നപ്പോള്‍ ടെന്‍ഷന്‍ കൊണ്ടാണോ എന്നറിയില്ല ഒറ്റ ടേക്കില്‍ തന്നെ ശരിയായി.
ചോദ്യം: ഇന്ന് സിനിമകള്‍ ഇറങ്ങുമ്പോഴേക്കും അതിനെ പല രീതിയില്‍ വിമര്‍ശിക്കുകയും ഒരുപാട് റിവ്യൂകള്‍ ചെയ്യുന്നതും ഇന്നത്തെ കാലത്ത് കണ്ടു വരുന്ന ഒരു പ്രവണതയാണ്. അതിനെതിരെ പല സിനിമ പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുമുണ്ട്. എന്നാല്‍, സിനിമ മാത്രമല്ല പുതിയ ഒരു പ്രോഡക്റ്റ് ഇറങ്ങിയാലും, കാര്‍ ഇറങ്ങിയാലും ആളുകള്‍ അവരുടെ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായങ്ങള്‍ പറഞ്ഞു സോഷ്യല്‍ മീഡിയയിലും മറ്റും ഇടുന്നുണ്ട്. അതിനെ നിങ്ങള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്.
ഉത്തരം: ഒരു സിനിമ റിവ്യൂ ചെയ്യുന്നതിന് ഞങ്ങള്‍ ആരും എതിരല്ല. അത് പ്രേക്ഷകരുടെ അവകാശമാണ്. പക്ഷെ അതിന് ഉപയോഗിക്കുന്ന രീതിയാണ് പ്രശ്‌നം. അഭിനയിച്ചവരെ കളിയാക്കുക, ബോഡി ഷെയ്മിങ് നടത്തുക, തെറി പറയുക. ഇത്തരം രീതിയിലാണ് ഇന്ന് ആളുകള്‍ റിവ്യൂ ചെയ്യുന്നത്. മോശം ആണെന്ന് തോന്നിയാല്‍ മോശം എന്ന് പറയുക. അതിന്റെ സാങ്കേതികപരമായ പ്രശ്‌നങ്ങള്‍ പറയുക, തിരക്കഥ മോശമാണെന്നു പറയുക എന്നതൊന്നും ഒരു പ്രശ്‌നമുള്ള കാര്യമേയല്ല.
പക്ഷെ, സംവിധായകനെയും, അഭിനയിച്ച നടീനടന്മാരെയും വളരെ മോശമായ രീതിയില്‍ ചിത്രീകരിക്കുക, നല്ല പടമാണെങ്കില്‍ കൂടി മോശം എന്ന് പറയുക എന്നതൊന്നും ശരിയായ രീതിയല്ല. അതിനെതിരെ ഞങ്ങള്‍ മീറ്റിംഗ് കൂടി കാര്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഞങ്ങളെ ഇനി അവര്‍ പ്രൊമോട്ട് ചെയ്യുന്നത് എങ്ങനെ വേണം എന്ന് ഞങ്ങള്‍ തീരുമാനിക്കും. റിവ്യൂ പറയുന്നതില്‍ കുഴപ്പമില്ല, അതിനൊരു മാന്യമായ രീതിയുണ്ട്. അത് പിന്തുടരാത്തവരെ മാത്രമേ ഞങ്ങള്‍ പറഞ്ഞുള്ളു. ഇപ്പോള്‍ 'ജിന്ന്' എന്നൊരു പടം ഇറങ്ങുന്നതിനു മുന്‍പ് തന്നെ മോശം ആണെന്ന് പറഞ്ഞു. അതെങ്ങനെ സാധിക്കും? ഇതുപോലുള്ള ഇറങ്ങുന്നതിനു മുന്‍പ് റിവ്യൂ പറയുന്നതുമെല്ലാം ഞങ്ങള്‍ക്ക് ഉള്‍കൊള്ളാന്‍ പറ്റാത്ത കാര്യമാണ്. അതുകൊണ്ട് ഇതിനെതിരെ പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ ഒരു തീരുമാനം എടുത്തിട്ടുണ്ട് അതനുസരിച്ചു ഞങ്ങള്‍ മുന്നോട്ട് നീങ്ങും.