ഒരേയൊരു ഏക്‌നാഥ് ...
താനെയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ ആയും മദ്യശാലയിലെ വില്‍പനക്കാരനുമായൊക്കെ ജീവിച്ചിരുന്ന ഏക്‌നാഥ് ഷിന്‍ഡെ യുടെ ജീവിതം മാറിമറിയുന്നത് ശിവസേനയില്‍ അംഗമാകുമ്പോഴാണ്. ശാഖാ പ്രമുഖായും ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ നേതാവുമായൊക്കെ പാര്‍ട്ടിയില്‍ സജീവമായ ഷിന്‍ഡെയെ കൈപിടിച്ചുയര്‍ത്തുന്നത് ബാല്‍താക്കറെയുടെ സമശീര്‍ഷനായിരുന്ന ആനന്ദ് ഡിഘെയാണ്.
.2022 ജൂണ്‍ 20നായിരുന്നു മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള എം.എല്‍.സി തെരെഞ്ഞെടുപ്പ്. 106 സീറ്റുള്ള ബി.ജെപിക്ക് 134 വോട്ട് കിട്ടിയപ്പോള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വോട്ട് ചോര്‍ച്ചയെക്കുറിച്ചു ചോദിച്ചത് മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയോടായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഷിന്‍ഡെയുടെയും ഒപ്പം ചില ശിവസേന എം.എല്‍.എ മാരുടേയും ഫോണിലേക്ക് വിളിക്കുമ്പോള്‍ ആദ്യം ഗുജറാത്തി ഭാഷ കേള്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് അമളി ഉദ്ധവിനു മനസിലായത്.
ശിവസേനയില്‍ ഉരുണ്ടുകൂടുന്ന അസ്വസ്ഥതയെപറ്റി ഒരു മാസം മുന്‍പേ ഉദ്ധവിനു എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ സൂചന നല്‍കിയിരുന്നു. അസ്വസ്ഥതയുണ്ടെങ്കില്‍ പരിഹരിക്കണമെന്ന് ഉദ്ധവ് ഏല്‍പ്പിച്ചത് ഷിന്‍ഡെയായിരുന്നു. ഷിന്‍ഡെയെ അവിശ്വസിക്കാന്‍ പ്രത്യേകിച്ച് ഒരു കാരണവും ഉദ്ധവിനു മുന്നില്‍ ഉണ്ടായിരുന്നില്ല.
താനെയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ ആയും മദ്യശാലയിലെ വില്‍പനക്കാരനുമായൊക്കെ ജീവിച്ചിരുന്ന ഏക്‌നാഥ് ഷിന്‍ഡെ യുടെ ജീവിതം മാറിമറിയുന്നത് ശിവസേനയില്‍ അംഗമാകുമ്പോഴാണ്. ശാഖാ പ്രമുഖായും ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ നേതാവുമായൊക്കെ പാര്‍ട്ടിയില്‍ സജീവമായ ഷിന്‍ഡെയെ കൈപിടിച്ചുയര്‍ത്തുന്നത് ബാല്‍താക്കറെയുടെ സമശീര്‍ഷനായിരുന്ന ആനന്ദ് ഡിഘെയാണ്.
താനെ മുനിസിപ്പല്‍ കൗണ്‍സിലര്‍ ആയതോടെ ഷിന്‍ഡെയുടെ അധികാര രേഖ തെളിഞ്ഞു തുടങ്ങി. 2004 ഇല്‍ നിയമസഭയിലേക്ക് ജയിച്ച ഷിന്‍ഡെ അടുത്ത വര്‍ഷം താനെ ജില്ലയിലെ ശിവസേന അധ്യക്ഷനായി. തുടര്‍ച്ചയായി നാല് വട്ടം എം.എല്‍.എ ആയ ഷിന്‍ഡെ 2014 ഇല്‍ പ്രതിപക്ഷ നേതാവും, തെരെഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മന്ത്രിയുമായി. മൂന്നു വര്‍ഷം മുന്‍പ് ശിവസേനയുടെ കക്ഷി നേതാവായി. കേഡര്‍മാര്‍മാരുമായി നേരിട്ട് ഇടപെടുന്നതും പാര്‍ട്ടി എം.എല്‍എമാര്‍ക്ക് ഉദ്ധവിലേക്കുള്ള പാലവും ഏക്‌നാഥ് ആയി മാറി. ബാല്‍താക്കറേയുടെ അനന്തിരവന്‍ രാജ്താക്കറെ കുടുംബത്തിനകത്തും പുറത്തും വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ ഉദ്ധവിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും സൈന്യാധിപനും താനെയിലെ ഈ നേതാവായിരുന്നു.
തുടര്‍ച്ചയായ അസുഖവും പ്രവര്‍ത്തകര്‍ക്ക് അപ്രാപ്യനായ നേതാവ് എന്ന പേരും ഉദ്ധവിലെത്തി ചേര്‍ന്നതോടെ ശിവസേനയിലെ അവസാനവാക്ക് ഏക്‌നാഥ് ഷിന്‍ഡെയായി മാറി. കൂടെ എത്രപേര്‍ ഉണ്ടെന്ന് തിരിച്ചറിയാന്‍ പോലും ഉദ്ധവിന് കഴിഞ്ഞില്ല. എല്ലാം മനസ്സിലാക്കി വന്നപ്പോള്‍ കാല്‍ച്ചുവട്ടിലെ മണ്ണ് മുഴുവന്‍ ഒലിച്ചു പോയിരുന്നു.
മഹാസഖ്യത്തില്‍ ശിവസേന എം.എല്‍.എ മാര്‍ അസ്വസ്ഥരായി കഴിയുന്നതില്‍ മറ്റൊരു കാരണം കൂടിയുണ്ട്. രണ്ടര വര്‍ഷം മുന്‍പ് കീരിയും പാമ്പുമായി നിന്ന എന്‍.സി.പിയെയും ശിവസേനയെയുമാണ് ഒരേകൂട്ടിലടച്ചത്. എന്‍.സി.പി അഭ്യന്തരം കൈകാര്യം ചെയ്തതോടെ ശിവസേന എം.എല്‍.എ മാര്‍ക്ക് സ്വന്തം നിയോജക മണ്ഡലങ്ങളിലെ പൊലീസ് സ്റ്റേഷനില്‍ പോലും വിലയിടിഞ്ഞു.
ഇ.ഡി ശിവസേന എം.എല്‍.എ മാരെ ചോദ്യം ചെയ്തതോടെ ബി.ജെ.പിയോട് എങ്ങനെയെങ്കിലും സന്ധിയായാല്‍ മതിയെന്നായി പല ശിവസൈനികര്‍ക്കും. ശിവസേന എം.എല്‍.എമാരുടെ മാനസിക സംഘര്‍ഷത്തിലൂടെ ബി.ജെ.പിയിലേക്ക് ഷിന്‍ഡെ ഒരു പാതയൊരുക്കി. നിരന്തരം അവരുമായി ബന്ധപ്പെട്ടിരുന്ന, അവര്‍ക്കു ബന്ധപ്പെടാവുന്ന നേതാവായ അദ്ദേഹം ഇരുമ്പ് പഴുത്തിരുന്ന സമയത്ത് തന്നെ അടിച്ചു. തീവ്ര ഹിന്ദുത്വവും മണ്ണിന്റെ മക്കള്‍ വാദവും ആവേശമായി വളര്‍ന്ന ശിവസേന എം.എല്‍.എമാര്‍ ഏകനാഥില്‍ ഒരേയൊരു നേതാവിനെ കണ്ടെത്തുകയായിരുന്നു.