Quantcast
MediaOne Logo

തെരഞ്ഞെടുപ്പ് കാലത്തെ ഇസ്‌ലാമോഫോബിയ; 2024 ഏപ്രില്‍ മാസത്തില്‍ കേരളത്തില്‍ സംഭവിച്ചത്

'സഹിഷ്ണുതയില്ലാത്ത മുസ്ലിംക'ളും 'മതന്യൂനപക്ഷപ്രീണന'വും ഇസ്ലാമോഫോബിയയുടെ രണ്ട് വിജയകരമായ മാതൃകകളാണ്. രണ്ടിനും സംഘ്പരിവാര്‍ - മതേതര ഇസ്ലാമോഫോബിയയില്‍ ഒരുപോലെ വേരുകളുണ്ട്. ഇലക്ടറല്‍ ജനാധിപത്യത്തിന്റെ ചില ഘട്ടങ്ങളില്‍ എങ്ങനെയാണ് ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുന്നു. (കേരളത്തില്‍ 2024 ഏപ്രില്‍ മാസത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 01)

തെരഞ്ഞെടുപ്പ് കാലത്തെ ഇസ്‌ലാമോഫോബിയ; 2024 ഏപ്രില്‍ മാസത്തില്‍ കേരളത്തില്‍ സംഭവിച്ചത്
X

ഏപ്രില്‍ 26 നു കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നു. ജനാധിപത്യത്തിന്റെ ഉത്സവമാണ് വോട്ടിംഗിലൂടെ നടക്കുന്ന തെരഞ്ഞെടുപ്പ് എന്നാണ് പൊതുധാരണ. 'ഒരു വോട്ടിനു ഒരു മൂല്യം' എന്ന തത്വത്തില്‍ അധിഷ്ഠിതമായ തെരഞ്ഞെടുപ്പ് സമ്പ്രദായം രണ്ടാം ലോകയുദ്ധത്തിനു ശേഷം ഭൂരിപക്ഷം ലോക രാഷ്ട്രങ്ങളും സ്വീകരിച്ച ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ മാതൃകയാണ്. ഒരു വ്യക്തി മറ്റെല്ലാ സാമൂഹിക- രാഷ്ട്രീയ പ്രത്യേകതകളും മാറ്റിവെച്ചു ഒരു അക്കമായി മാറുന്ന ചരിത്രഘട്ടമാണിത്. ഏറെ പഴക്കമുള്ള ജനാധിപത്യമെന്ന ആശയത്തിലേക്ക് വളരെ സമകാലികമായി വന്നുചേര്‍ന്ന ഒരു ഘടകമാണ് ഇലക്ടറല്‍ രീതിയിലുള്ള വോട്ടെടുപ്പെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. വോട്ടെടുപ്പ് ഒരു രാഷ്ട്രീയ പരിഹാര വിദ്യയായതോടെ ജനവിഭാഗങ്ങളെ സ്വാധീനിക്കുന്ന സാങ്കേതിക തന്ത്രങ്ങള്‍ ജനാധിപത്യ വ്യവസ്ഥയില്‍ വ്യാപകമായി. ഭൂരിപക്ഷ ദേശീയത പ്രധാനമാവുന്ന ദേശരാഷ്ട്ര ഘടനകളില്‍ ഉത്തരമൊരു സാങ്കേതിക സമ്പ്രദായം ജനാധിപത്യ ഘടനയുടെ നിലനില്‍പ്പിന് ആവശ്യമാവുമ്പോഴും അതിനകത്ത് സാധ്യതകളോടൊപ്പം തന്നെ ചില പ്രതിസന്ധികളുമുണ്ടെന്ന് ഇതു സംബന്ധിച്ച പഠനങ്ങള്‍ പറയുന്നു. പലപ്പോഴും തെരഞ്ഞെടുപ്പുകാലം ഇസ്‌ലാമോഫോബിയ അടക്കമുള്ള ന്യൂനപക്ഷ വിരുദ്ധ വംശീയ രാഷ്ട്രീയത്തിന്റെ വിളവെടുപ്പുകാലമായിക്കൂടി മാറുന്നുവെന്നും ഗവേഷകര്‍ കരുതുന്നു (അധിക വായനക്ക്: ഡേവിഡ് വാന്‍ റെയ്ബ്രൂക്ക് എഴുതിയ 'എഗെയിന്‍സ്റ്റ് ഇലക്ഷന്: ദി കേസ് ഫോര്‍ ഡെമോക്രസി,' പബ്ലിഷര്‍: ബോഡ്‌ലി ഹെഡ്, 2016 കാണുക - Against Elections: The Case for Democracy - David Van Reybrouck).

ഹിന്ദുത്വ ഫാഷിസത്തിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ചുനിന്നു പോരാടുന്ന, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇസ്‌ലാമോഫോബിയയുടെ സാമ്പ്രദായിക യുക്തികള്‍ ധാരാളം തെളിഞ്ഞുകണ്ടു. കേരളത്തിലെ മുസ്ലിംകള്‍ പള്ളിയില്‍ നിര്‍ബന്ധമായും പോകുന്ന വെള്ളിയാഴ്ച (ഏപ്രില്‍ 26) തന്നെ വോട്ടെടുപ്പ് വച്ചത് ജനാധിപത്യപരമല്ലെന്ന് ഉറക്കെപ്പറയാന്‍ മുഖ്യധാരാ പ്രതിപക്ഷ കക്ഷികള്‍ പോലും തയ്യാറായില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ ഉള്‍ക്കൊള്ളല്‍ സ്വഭാവമാര്‍ജിക്കേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന ആവശ്യമായി കോണ്‍ഗ്രസ്സിനോ ഇടതുപക്ഷത്തിനോ തോന്നിയില്ല. ന്യൂനപക്ഷങ്ങളെ പുറന്തള്ളുന്ന ഇത്തരം നീക്കങ്ങളെ ശക്തമായി ചോദ്യം ചെയ്യാനും തയ്യാറായില്ല.


രാഷ്ട്രീയത്തെയും തെരഞ്ഞെടുപ്പിനെയും മാര്‍ക്കറ്റിങ് ടൂളുകള്‍ ഉപയോഗിച്ച് സ്വാധീനിക്കാനുള്ള ശ്രമം ആദ്യമായി രാജീവ് ഗാന്ധിയുടെ കാലത്താണ് നടത്തുന്നത്. 1984ലെ പൊതുതെരഞ്ഞെടുപ്പിലാണ് ഇത് വ്യാപകമായി ഉപയോഗപ്പെടുത്തിയതെന്ന്് ഓക്‌സ്ഫഡ് സര്‍വകലാശാല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അമോഘ് ധര്‍ ശര്‍മ പറയുന്നു. പരസ്യക്കമ്പനികളും അക്കാലത്ത് ഏറെ വികസിച്ചുവന്ന ടെലിവിഷന്‍ എന്ന നവമാധ്യമം അടക്കം ഇതില്‍ പങ്കുവഹിച്ചു. തുടര്‍ന്നങ്ങോട്ട് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് എന്നാല്‍ ജനങ്ങളുടെ ഇച്ഛയുടെ പ്രകടനമെന്നതിതിനൊപ്പം മാര്‍ക്കറ്റിങ് ടൂളുകള്‍ ഉപയോഗിച്ചുകൊണ്ട് നിര്‍മിക്കപ്പെടുന്ന ജനകീയ സമ്മതി കൂടിയായി മാറി.

2014ലെ തെരഞ്ഞെടുപ്പില്‍ 'സിറ്റിസന്‍ ഫോര്‍ അക്കൗണ്ടബിള്‍ ഗവേണന്‍സ്' എന്ന എന്‍.ജി.ഒ സ്ഥാപനം ബി.ജെ.പിക്കുവേണ്ടി എങ്ങനെ പ്രവര്‍ത്തിച്ചുവെന്നും മോദിയുടെ ഇമേജിനെ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുന്നതില്‍ പങ്കുവഹിച്ചുവെന്നും അതില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ വഹിച്ച പങ്കെന്താണെന്നും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട് (റഫറന്‍സ്: അമോഘ് ധര്‍ ശര്‍മ. 2023. പൊളിറ്റിക്കല്‍ മൊബിലൈസേഷന്‍ ഇന്‍ ദ ഇറ ഓഫ് 'പോസ്റ്റ്-ട്രൂത്ത് പൊളിറ്റിക്‌സ്': ഡിസ്ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ദ ഹിന്ദു റൈറ്റ് ഇന്‍ ഇന്ത്യ (1980-2010). 'ദ റൈസ് ഓഫ് ദി റാഡിക്കല്‍ റൈറ്റ് ഇന്‍ ദ ഗ്ലോബല്‍ സൗത്ത്' എന്ന എഡിറ്റഡ് വോള്യത്തില്‍ എഴുതിയ ലേഖനം. പബ്ലിഷര്‍: റൌട്‌ലഡ്ജ്).


ഇലക്ടറല്‍ മാതൃക ശരിയാണെന്നോ തെറ്റാണെന്നോ ജനാധിപത്യവിരുദ്ധമാണോ എന്നൊന്നുമല്ല പറഞ്ഞുവരുന്നത്. മറിച്ച് ന്യൂനപക്ഷവിരുദ്ധ - വംശീയവ്യവസ്ഥ എന്ന നിലയില്‍ ഇസ്ലാമോഫോബിയയെക്കുറിച്ചു സംസാരിക്കാന്‍ ജനാധിപത്യത്തിന്റെ ഇലക്ടറല്‍ മാതൃകക്ക് ചില സാധ്യതകളും ഒപ്പം പരിമിതികളുമുണ്ടെന്ന പ്രായോഗിക പ്രശ്നത്തെക്കുറിച്ചാണ്. ജാവീദ് ആലം എഴുതിയ 'ഹൂ വാന്‍ഡ്‌സ് ഡെമോക്രസി' (2004, പബ്ലിഷര്‍: ഒറിയന്റ് ബ്ലാക്‌സ്വാന്‍) എന്ന ഗവേഷണ പുസ്തകം ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍, വിശിഷ്യാ ഇലക്ടറല്‍ പ്രക്രിയയില്‍ ഏറ്റവും സജീവമായി പങ്കെടുക്കുന്ന വിഭാഗമായി മുസ്‌ലിം ന്യൂനപക്ഷങ്ങളെ എണ്ണുന്നുണ്ട്. എന്നാല്‍, ഇതേ മുസ്ലിംകള്‍ക്ക് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഒരിക്കല്‍ പോലും ലഭിച്ചില്ല എന്നതും വസ്തുതയാണ്. ഈ വൈരുധ്യത്തെയും അതിന്റെ സാധ്യതകളെയും പരിമിതികളെയും ആഴത്തില്‍ പരിശോധിക്കാനും ജനാധിപത്യത്തിന്റെ ചില മാതൃകകളില്‍ എങ്ങനെയാണ് ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നതെന്നും ആലോചിക്കേണ്ടതുണ്ട്.

സംസ്ഥാനത്തെ വിവിധ മതവിഭാഗങ്ങളുടെ ജനസംഖ്യ അനുപാതവും ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ലഭിച്ച സീറ്റുകളുടെ എണ്ണവും പരിശോധിച്ചാല്‍ സവര്‍ണ വിഭാഗങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതായി മനസ്സിലാക്കാം. ആദിവാസി, ദലിത്, പിന്നാക്ക, സ്ത്രീ പ്രാതിനിധ്യത്തിലും ഈ കുറവുണ്ട്. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഇതുതന്നെയാണ് സ്ഥിതി. ഈ പ്രവണത എല്ലാ മുന്നണികള്‍ക്കും ബാധകമാണ്. എന്നാല്‍, മുസ്‌ലിംകളുടെ കാര്യത്തില്‍ 2019 ലെ തെരഞ്ഞെടുപ്പിലും 2024 ലെ തെരഞ്ഞെടുപ്പിലും എല്ലാ മുന്നണികളും ജനസംഖ്യാനുപാതത്തേക്കാള്‍ കുറവ് സീറ്റുകളേ നല്‍കിയിട്ടുള്ളൂ. താരതമ്യേന യു.ഡി.എഫിനെക്കാള്‍ മെച്ചമാണ് എല്‍.ഡി.എഫിന്റെ സ്ഥിതിയെന്നതും എടുത്തുപറയേണ്ടതുണ്ട്. ശക്തമായ ജനസ്വാധീനമുള്ള മുസ്‌ലിം ലീഗ് തങ്ങളുടെ മുന്നണിയിലായിരിക്കെ യു.ഡി.എഫ് 2019ലും 2024ലും മൂന്ന് സീറ്റുകള്‍ മാത്രമേ മുസ് ലിംകള്‍ക്ക് നല്‍കിയിട്ടുള്ളൂ. അതില്‍ രണ്ടെണ്ണം ലീഗിന്റേതാണ്. അതായത് ലീഗിനു പുറത്ത് അവര്‍ ആകെ നല്‍കിയിരിക്കുന്നത് ഒരു സീറ്റ് മാത്രമാണ്. ജനസംഖ്യാനുപാതികമായി അഞ്ചു സീറ്റിന് മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അര്‍ഹതയുണ്ട്. 2019ലും 2024ലും ഇതുതന്നെയാണ് സ്ഥിതി. എന്‍.ഡി.എ വിശകലനം ചെയ്യേണ്ട കാര്യം പോലുമില്ലല്ലോ.

വര്‍ഗീയത എന്ന ഫ്രെയിമും ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനവും

മുസ്‌ലിം ഉള്ളടക്കമുള്ള ഒരു രാഷ്ട്രീയ സംഘടനയില്‍ വര്‍ഗീയത ആരോപിച്ചാണ് ഈ മാസത്തെ ഇലക്ഷന്‍ ചര്‍ച്ച തുടങ്ങിയത് (ഏപ്രില്‍ ഒന്ന്). അതായത്, കോണ്‍ഗ്രസും സി.പി.എമ്മും എസ്.ഡി.പി.ഐക്കെതിരെ വര്‍ഗീയത, മതതീവ്രവാദം തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചു. അതിനു ശേഷമുള്ള ആഴ്ചകളില്‍ ഈ ചര്‍ച്ച പുതിയ വഴികളിലേക്ക് കടന്നു. വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഷാഫി പറമ്പിലിനെ വര്‍ഗീയവാദിയായി ചിത്രീകരിച്ചുകൊണ്ടുള്ള ഇടതുപക്ഷ പ്രചാരണം ഏപ്രില്‍ 28 ആവുമ്പോഴേക്കും ശക്തമായി. മുസ്‌ലിം സൂചനയുള്ള പ്രസ്ഥാനം മുതല്‍ അറബി നാമമുള്ള വ്യക്തി വരെ ഏറ്റുവാങ്ങിയ ഇസ്‌ലാമോഫോബിയയുടെ ഒരു ലഘു ചരിത്രമാണ് ഈ മാസം ലഭിക്കുന്നത്. ഇലക്ടറല്‍ ജനാധിപത്യ വ്യവസ്ഥയിലെ ഇസ്‌ലാമോഫോബിയയുടെ അനുഭവം തെളിഞ്ഞുവന്ന ഘട്ടമായിരുന്നു ഇത്.

എസ്.ഡി.പി.ഐ പിന്തുണ: സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നില്ലെന്നും തങ്ങള്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്നും ഏപ്രില്‍ ഒന്നിന് എസ്.ഡി.പി.ഐ നേതൃത്വം പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു. ജാതി സെന്‍സസ്, സംഘ്പരിവാറിനെതിരെ ദേശീയ ബദല്‍ തുടങ്ങിയവയാണ് പിന്തുണ നല്‍കാനുള്ള കാരണമായി പറഞ്ഞത്. കേരളത്തിലെ 14 മണ്ഡലങ്ങളില്‍ പതിനായിരത്തിലധികം വോട്ടുള്ള പാര്‍ട്ടിയാണ് എസ്.ഡി.പി.ഐ. രണ്ടു മണ്ഡലങ്ങളില്‍ അമ്പതിനായിരത്തിനടുത്തും വോട്ടുണ്ട്.

ആരുടെയും വോട്ട് വേണ്ടെന്നു പറയില്ലെന്നായിരുന്നു എസ്.ഡി.പി.ഐയുടെ വാഗ്ദാനത്തോടുള്ള യു.ഡി.എഫിന്റെ ആദ്യ പ്രതികരണം. വര്‍ഗീയ പാര്‍ട്ടിയെന്നോ വര്‍ഗീയതയില്ലാത്ത പാര്‍ട്ടിയെന്നോ ആരെക്കുറിച്ചും അഭിപ്രായമില്ലന്ന് കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍ പറഞ്ഞു. ആദ്യ ദിവസം വി.ഡി സതീശന്‍ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി (മനോരമ ഓണ്‍ലൈന്‍, ഏപ്രില്‍ ഒന്ന്).

മാധ്യമ ബഹിഷ്‌കരണവും ഷാനി പ്രഭാകറും: തൊട്ടടുത്ത ദിവസം - ഏപ്രില്‍ രണ്ടിനു - മനോരമ ചാനലിലെ ഷാനി പ്രഭാകര്‍ നയിച്ച 'കൗണ്ടര്‍ പോയിന്റി്'ല്‍ ഈ വിഷയം ചര്‍ച്ച ചെയ്തു. 'എസ്.ഡി.പി.ഐ പിന്തുണ തള്ളുമോ കൊള്ളുമോ' എന്നായിരുന്നു ശീര്‍ഷകം. പരസ്യപ്രഖ്യാപനം നടത്തിയതു മുതല്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് ഇതുവരെ വ്യക്തമായൊരു മറുപടിയും നല്‍കിയിട്ടില്ലെന്ന വിശദീകരണത്തോടെയായിരുന്നു തുടക്കം. 'തെരഞ്ഞെടുപ്പില്‍ ആരുടെയെങ്കിലും വോട്ട് വേണ്ടെന്നു പറയുമോ?', 'ഞങ്ങള്‍ ചോദിച്ചിട്ടല്ലല്ലോ പിന്തുണ പ്രഖ്യാപിച്ചത്' തുടങ്ങിയ ന്യായങ്ങളില്‍ കോണ്‍ഗ്രസ് ഉരുണ്ടു മറിയുന്നുവെന്നും രാജ്യദ്രോഹികളുടെ വോട്ട് വാങ്ങുന്നുവെന്ന് ബി.ജെ.പി ആരോപിച്ചപ്പോള്‍, വര്‍ഗീയ കൂട്ടുകെട്ടിന് ജനം മറുപടി നല്‍കുമെന്ന് പറഞ്ഞൊഴിയുകയായിരുന്നുവെന്നും ഷാനി ആമുഖമായി പറഞ്ഞുവച്ചു (മനോരമ ഓണ്‍ലൈന്‍, ഏപ്രില്‍ 2).


കൗണ്ടര്‍ പോയന്റ് ചര്‍ച്ചയുടെ പാനല്‍ ശ്രദ്ധേയമായിരുന്നു. ആര്‍.എസ്.എസ്-ബി.ജെ.പി പ്രതിനിധി ചര്‍ച്ചക്കെത്തിയിരുന്നു. ന്യൂനപക്ഷ വിരുദ്ധ-ഹിന്ദുത്വ നിലപാടുള്ള ശിവസേന അടക്കമുള്ള കക്ഷിയുമായി ഇന്‍ഡ്യാ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും പ്രതിനിധികളുണ്ടായിരുന്നു. പക്ഷെ, സ്വന്തം നിലപാട് വിശദീകരിക്കാന്‍ എസ്.ഡി.പി.ഐ പ്രതിനിധിയെ മാത്രം ക്ഷണിച്ചില്ല. 'വര്‍ഗീയത' എന്ന ഫ്രെയിം ഉപയോഗിച്ചു ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തെയും ജനാധിപത്യ അവകാശങ്ങളെയും നിഷേധിക്കുന്ന മാധ്യമ ഇസ്‌ലാമോഫോബിയയുടെ തികവുറ്റ മാതൃകയായി മനോരമ ചാനലിലെ ഷാനി പ്രഭാകറിന്റെ കൗണ്ടര്‍ പോയന്റ് ചര്‍ച്ച മാറി. സമാനമായ ചര്‍ച്ച ന്യൂസ് 18 ലും മാതൃഭൂമിയിലും നടന്നപ്പോള്‍ അവിടെ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ എസ്.ഡി.പി.ഐക്ക് അവസരം നല്‍കിയിരുന്നു.

കോണ്‍ഗ്രസും ശിവസേനയും വര്‍ഗീയതയും: എസ്.ഡി.പി.ഐ പിന്തുണയെക്കുറിച്ചുള്ള ചര്‍ച്ച പല രീതിയില്‍ വികസിക്കുന്നതാണ് പിന്നീടു കണ്ടത്. വി.ഡി സതീശന്‍ എസ്.ഡി.പി.ഐയെ വര്‍ഗീയകക്ഷി എന്നു വിശേഷിപ്പിച്ചു (4 ഏപ്രില്‍, സുപ്രഭാതം). ഭൂരിപക്ഷ - ന്യൂനപക്ഷ വര്‍ഗീയതയെ ഒരു പോലെ എതിര്‍ക്കുമെന്നാണ് സതീശന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. കോണ്‍ഗ്രസ് നയിക്കുന്ന ഇന്‍ഡ്യാ മുന്നണിയില്‍ ഹിന്ദുത്വ പാര്‍ട്ടിയായ ശിവസേനയുണ്ടല്ലോ എന്ന മറുചോദ്യമുയര്‍ത്താന്‍ സതീശന്റെ വിശദീകരണം കേട്ടുകൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകരും തയ്യാറായില്ല.

സി.പി.എമ്മും ഐ.എന്‍.എല്ലും അമിത് ഷായും: നിരോധിക്കപ്പെട്ട പി.എഫ്.ഐയുടെ രാഷ്ട്രീയമുഖമാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന എസ്.ഡി.പി.ഐയെന്നും യു.ഡി.എഫിന്റെ വര്‍ഗീയ പ്രീണനമാണിതെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആര്‍.എസ്.എസ്സ് ആക്രമണങ്ങള്‍ വര്‍ധിക്കാനേ ഇത് ഇടവരുത്തൂവെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ കുറ്റപ്പെടുത്തി (ഏപ്രില്‍ 1, 2024, മാധ്യമം).

ഒരിക്കല്‍ വി.എസ് അച്യുതാനന്ദന്‍ മുസ്ലിം വര്‍ഗീയ കക്ഷിയെന്ന് ആക്ഷേപിച്ച ഐ.എന്‍.എല്‍ ഇപ്പോള്‍ ഇടതു മുന്നണിയിലാണ്. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍, യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോഴായിരുന്നു അച്യുതാനന്ദന്റെ പ്രയോഗം. 'മുസ്ലിം വര്‍ഗീയപാര്‍ട്ടി'യായി സി.പി.എം നിരന്തരം ചിത്രീകരിച്ച പി.ഡി.പിയുടെ, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ പിന്തുണ ഇടതുപക്ഷത്തിനാണ്. ഇതിനെതിരേ അമിത് ഷാ രംഗത്തുവന്നിരുന്നു (ഏപ്രില്‍ 25, 2024, ജന്മഭൂമി ദിനപത്രം).

ഒരു തമിഴ് അനുഭവം: എസ്.ഡി.പി.ഐയുമായി ബന്ധപ്പെട്ട സി.പി.എമ്മിന്റെ നിലപാടില്‍ രസകരമായ ഒരു തിരുത്തുണ്ട്. സി.പി.എം തമിഴ്നാട് ഘടകം എസ്.ഡി.പി.ഐയെ കാണുന്നത് ഒരു 'മോഡറേറ്റ്' കക്ഷിയായിട്ടാണ്. സി.പി.എം തമിഴ്നാടിന്റെ മുഖപത്രമായ തീക്കതിരിന്റെ ചീഫ് എഡിറ്ററും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സി. രാമലിംഗത്തിന്റെ നിലപാടാണിത്. ദിണ്ഡിഗല്‍ ലോക്സഭ മണ്ഡലത്തില്‍ ഡി.എം.കെ നേതൃത്വം നല്‍കുന്ന ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥി സി.പി.എമ്മാണ്. എ.ഐ.എ.ഡി.എം.കെ മുന്നണിയിലെ കക്ഷികളിലൊന്നായ എസ്.ഡി.പി.ഐയുടേതാണ് അവിടത്തെ മുഖ്യ എതിര്‍ സ്ഥാനാര്‍ഥി. എസ്.ഡി.പി.ഐക്കെതിരേ കേരളത്തില്‍ നടക്കുന്ന കാമ്പയിനെക്കുറിച്ചു മക്തൂബ് മീഡിയയുടെ അസ്ലഹ് കയ്യലകത്ത് (5 ഏപ്രില്‍, എഫ്.ബി) ചോദിച്ചപ്പോള്‍ സി. രാമലിംഗം പറഞ്ഞത് അവരെ എക്സ്ട്രീമിസ്റ്റ് എന്ന് വിളിക്കുന്നത് നിങ്ങളുടെ കേരളത്തിലാണെന്നാണ്. അദ്ദേഹം പറയുന്നു: ''ഒരു മോഡറേറ്റ് രാഷ്ട്രീയ പാര്‍ട്ടിയാണ് അത്. മുസ്‌ലിം വിഷയങ്ങളില്‍, പൗരത്വവിഷയങ്ങളില്‍ കൃത്യമായ നിലപാട് എടുത്ത അവര്‍, എന്നാല്‍ അത്തരം നിലപാടുകളില്‍ ഉറപ്പില്ലാത്ത എ.ഐ.എ.ഡി.എം.കെയുടെ ഭാഗമായതിനാലാണ് ഞങ്ങളുടെ പ്രധാന വിയോജിപ്പ്. ഞങ്ങള്‍ പ്രധാനമായും ഇവിടെ എതിര്‍ക്കുന്നത് എ.ഐ.എ.ഡി.എം.കെയെയും ബി.ജെ.പി.യെയും ആണ്.''


സംഘ്പരിവാര്‍ ആഖ്യാനം: ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച യോഗത്തില്‍ പ്രസംഗിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇതിനെയൊക്കെ കടത്തിവെട്ടിക്കൊണ്ട് എല്ലാ മുസ്‌ലിം സംഘടനകളെയും ഭീകരവാദികളാക്കി ചിത്രീകരിച്ചുകൊണ്ട് പ്രസംഗിച്ചു. കേരളത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഭീകരസംഘടനകളെ പിന്തുണയ്ക്കുകയാണെന്നായിരുന്നു ആരോപണം. പാര്‍ട്ടികളുടെ പേരുകളും അദ്ദേഹം എടുത്തുപറഞ്ഞു. പി.ഡി.പി, എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്നു. എസ്.ഡി.പി.ഐ, യു.ഡി.എഫിനെ പിന്തുണയ്ക്കുന്നു. ഭാരതത്തെ ഇസ്ലാമിക സ്റ്റേറ്റാക്കി മാറ്റാന്‍ ശ്രമിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ കോണ്‍ഗ്രസ്സിനാണ്. പി.എഫ്.ഐയെ കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റുകളും പിന്തുണയ്ക്കുന്നു (ഏപ്രില്‍ 25, 2024, ജന്മഭൂമി ദിനപത്രം). അമിത് ഷായുടെ പരാമര്‍ശം മാറ്റി നിര്‍ത്തിയാല്‍ എസ്.ഡി.പിഐ പിന്തുണ പ്രഖ്യാപിച്ചപ്പോഴുണ്ടായത്ര തീവ്രപ്രതികരണം വെല്‍ഫെയര്‍ പാര്‍ട്ടിയും പി.ഡി.പിയും നിലപാടെടുത്തപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസ്, സി.പി.എം കക്ഷികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്.

മുസ്ലിം ഇതര ന്യൂനപക്ഷ രാഷ്ട്രീയം സ്വീകാര്യമാണ്: എന്നാല്‍, ക്രിസ്ത്യന്‍ ന്യൂനപക്ഷ താല്‍പര്യങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്ന കേരള കോണ്‍ഗ്രസ് കക്ഷികളുടെ പിന്തുണ എല്‍.ഡി.എഫിനും സി.പി.എമ്മിനും സ്വീകാര്യമാണ്. മുസ്ലിം സംഘാടനത്തോടുമാത്രമാണ് അവര്‍ക്ക് വിയോജിപ്പുള്ളത്. മുസ്‌ലിം ഉള്ളടക്കം പ്രധാനമാവുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ 'മതം', 'വര്‍ഗീയത' എന്നിവയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചു നിലപാടെടുക്കുന്ന രീതി കോണ്‍ഗ്രസും ഇടതുകക്ഷികളും ഒരുപോലെ പിന്തുടരുന്ന ഇസ്‌ലാമോഫോബിക് മാതൃകയാണ്. മാത്രമോ, ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍.ഡി.എഫിന്റെ സഖ്യകക്ഷിയായ ജെ.ഡി.എസ് കര്‍ണാടകയില്‍ എന്‍.ഡി.എക്കൊപ്പമാണ്. ബംഗളൂരുവില്‍ എന്‍.ഡി.എ പതിച്ച പോസ്റ്ററില്‍ ജെ.ഡി.എസ് നേതാവും കേരളത്തിലെ മന്ത്രിയുമായ കൃഷ്ണന്‍കുട്ടിയുടെയും മുന്‍ മന്ത്രി മാത്യു ടി. തോമസിന്റെയും ചിത്രങ്ങളുണ്ട്. (മാര്‍ച്ച് 30, 2024, ഏഷ്യാനെറ്റ് ന്യൂസ്).


കൈരളി ടിവിയിലെ 'വര്‍ഗീയവാദി': 'വര്‍ഗീയത' പരാമര്‍ശത്തിന്റെ മറ്റൊരു ഉപയോഗം നോക്കുക. മാര്‍ച്ച് 27നു കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഒരു പത്രസമ്മേളനം നടത്തിയിരുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരേ ചോദ്യം ഉന്നയിച്ച കൈരളി ടി.വിയിലെ ജേണലിസ്റ്റ് സിജു കണ്ണനെതിരേ ഉണ്ണിത്താന്‍ ആഞ്ഞടിച്ചു. 'വര്‍ഗീയവാദി', 'വിഭാഗീയവാദി' (സെപറേറ്റിസ്റ്റ്) തുടങ്ങിയ വാക്കുകളാണ് സിജുവിനെിരേ ഉപയോഗിച്ചത്. ഉണ്ണിത്താന്റെ കോപത്തിനിരയായ മാധ്യമപ്രവര്‍ത്തകന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം മുസ്ലിം പശ്ചാത്തലത്തില്‍നിന്നുള്ളതല്ല. അറിഞ്ഞിടത്തോളം ചോദ്യകര്‍ത്താവും അങ്ങനെയല്ല. എന്നിട്ടും ഉണ്ണിത്താന്‍ പ്രകോപിതനായതിനു കാരണം ഒരു 'മുസ്ലിംപ്രശ്ന'മെന്ന് വ്യാപകമായി വിശേഷിപ്പിക്കപ്പെടുന്ന സി.എ.എയെക്കുറിച്ചുള്ള ചോദ്യമാണ്. ഇസ്ലാമോഫോബിക് പ്രതികരണത്തിന് ഒരു മുസ്ലിമിന്റെ സാന്നിധ്യം പോലും ആവശ്യമില്ലെന്നാണ് ഇത് തെളിയിക്കുന്നത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഇവ്വിഷയകമായി യു.ഡി.എഫ് ജില്ലാ നേതൃത്വത്തിനു പരാതി നല്‍കിയിട്ടുണ്ട് (ദ ഒബ്സര്‍വര്‍ പോസ്റ്റ്, 7 ഏപ്രില്‍ 2024)

തളങ്കരയിലെ മുസ്ലിംകള്‍: മുസ്‌ലിം ഭൂരിപക്ഷ പ്രദേശവും മുസ്‌ലിം ലീഗിന്റെ ശക്തി കേന്ദ്രവുമായ തളങ്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രചാരണത്തിന് പോകുന്നതിനു മുമ്പു നെറ്റിയിലെ കുറി മായ്ച്ച് കളയണമെന്നും കൈയിലെ ചരടുകള്‍ പൊട്ടിച്ചു മാറ്റണമെന്നും മുണ്ട് ഇടത്തോട്ട് ഉടുക്കണമെന്നും പറയുന്ന ഒരു സാങ്കല്‍പിക ചിത്രീകരണ വീഡിയോ എല്‍.ഡി.എഫ് പുറത്തിറക്കി (17 ഏപ്രില്‍ 2024, മീഡിയാവണ്‍). എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി ബാലകൃഷ്ണന്റെയും സി.പി.എം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയുടെയും ഔദ്യോഗിക സാമൂഹിക മാധ്യമ പേജിലാണ് വീഡിയോ വന്നത്. വിവാദമായതോടെ വീഡിയോ നീക്കം ചെയ്തുവെന്നാണ് മനസ്സിലാവുന്നത്.


ഇത്രയും വലിയൊരു വര്‍ഗീയ പാര്‍ട്ടിയെ (സി.പി.എമ്മിനെ ഉദ്ദേശിച്ച്) കാസര്‍കോട്ടെ ജനങ്ങള്‍ കണ്ടിട്ടില്ലന്നും തളങ്കരയെ പോലുള്ള ഒരു സ്ഥലം വര്‍ഗീയവാദികളുടെ ഭൂമിയായി ചിത്രീകരിച്ച സി.പി.എമ്മിന് ന്യൂനപക്ഷങ്ങള്‍ മറുപടി നല്‍കുമെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി ഉണ്ണിത്താന്‍ പറഞ്ഞു. തന്റെ പ്രസ്താവനയിലൂടെ സി.പി.എമ്മില്‍ വര്‍ഗീയത ആരോപിക്കുകയാണ് ഉണ്ണിത്താന്‍ ചെയ്തത്. എന്നാല്‍, മുസ്‌ലിം പ്രദേശങ്ങളും മുസ്‌ലിം രാഷ്ട്രീയ സംഘാടനവുമൊക്കെ ഈ തര്‍ക്കത്തിനിടയിലും നിരന്തരം വംശീയ പ്രചാരണങ്ങള്‍ക്കു വിധേയമാകുന്നു.

പദ്മജ വേണുഗോപാലിന്റെ ജനം ടിവി അഭിമുഖം: കഴിഞ്ഞ മാസം നടന്ന മറ്റൊരു സംഭവം ഇതുമായി ചേര്‍ന്നുപോകുന്നതാണ്. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേക്കേറിയ പദ്മജ വേണുഗോപാലിന്റെ ഒരു അഭിമുഖം ജനം ടി.വി പ്രക്ഷേപണം ചെയ്തിരുന്നു. (മാര്‍ച്ച് 8, 2024, ജനം ടി.വി). ചന്ദനക്കുറി തൊടാന്‍ പോലും ഭയമായിരുന്നുവെന്നും, പലപ്പോഴും മായ്ച്ചു കളയേണ്ടി വന്നിട്ടുണ്ടെന്നും അന്നവര്‍ പരാതി പറഞ്ഞു. ചന്ദനക്കുറി തൊട്ടാല്‍ പാര്‍ട്ടിയിലുള്ളവര്‍ പോലും മുഖത്തേക്ക് തുറിച്ച് നോക്കുമായിരുന്നുവെന്നും ഇത് തുടച്ചു കളയേണ്ട അവസ്ഥ വന്നിട്ടുണ്ടെന്നും ബി.ജെ.പിയിലെത്തിയതോടെ തന്റെ വിശ്വാസങ്ങളെ മുറുകെ പിടിച്ച് മറ്റു വിഭാഗക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നുമാണ് തുടര്‍ന്നു പറഞ്ഞത്.

ഹിന്ദുവിഭാഗത്തിന് തങ്ങളുടെ വിശ്വാസപരമായ സ്വത്വം പ്രദര്‍ശിപ്പിക്കുന്നതിന് മുസ്ലിംകളും അവരുടെ വിശ്വാസവും തടസ്സം നില്‍ക്കുന്നുവെന്നാണ് ആരോപണം. എല്‍.ഡി.എഫ് പ്രചാരണ വീഡിയോയില്‍ വ്യത്യസ്തതകളെ മാനിക്കാത്തതിന്റെ പേരില്‍ കുറ്റവാളികളാക്കപ്പെടുന്നത് തളങ്കരയിലെ മുസ്ലിംകളാണ്. അത് കൗശലപൂര്‍വം ഉപയോഗിപ്പെടുത്തുന്നവരായി യു.ഡി.എഫിനെ ചിത്രീകരിച്ചിരിക്കുന്നു. പദ്മജയുടെ അഭിമുഖത്തില്‍ കോണ്‍ഗ്രസ് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കു നല്‍കുന്ന 'അമിത പരിഗണന' തന്റെ ഹിന്ദു സ്വത്വം അടിച്ചമര്‍ത്തുന്നതിന് കാരണമായതായി പറയുന്നു.

ഷാഫി പറമ്പിലിന്റെ ദുഃഖം: ഏപ്രില്‍ അവസാന ദിവസങ്ങളില്‍ പുറത്തുവന്ന ഒരു പോസ്റ്ററും അതുസംബന്ധിച്ച ആഖ്യാനങ്ങളും വര്‍ഗീയതാ ആരോപണങ്ങളുടെ രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു. വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ പേരിലാണ് വ്യാജ പോസ്റ്റര്‍ വന്നത്. ഷാഫി 'അഞ്ച് നേരം നിസ്‌കരിക്കുന്ന ദീനിയായ' ചെറുപ്പക്കാരനാണെന്നും മറുഭാഗത്ത് 'കാഫിറായ' സ്ത്രീയാണെന്നും പോസ്റ്ററില്‍ പറയുന്നു. ഈ പോസ്റ്റര്‍ യു.ഡി.എഫിന്റേതല്ലെന്നും ഇടതുമുന്നണി മനഃപൂര്‍വം കെട്ടിച്ചമച്ചതാണെന്നുമാണ് ഷാഫിയുടെ വാദം.

ഷാഫിക്കെതിരെ വടക്കേ മലബാറിന്റെ 'സാമുദായിക സൗഹാര്‍ദ'ത്തിനു മുറിവേല്‍പ്പിച്ചുവെന്ന ആക്ഷേപം ഉന്നയിച്ചത് ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സമിതി അംഗം (2018-2022) കൂടിയായ പി.കെ അജീഷ് കൈതക്കല്‍ ആയിരുന്നു (ഫേസ്ബുക് പോസ്റ്റ്, 27 ഏപ്രില്‍ 2023). 'ഏതൊരു മനുഷ്യനെയും തോല്‍പിക്കാന്‍ മതചിഹ്നങ്ങല്‍ മതിയെന്ന' തരത്തിലുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ പോസ്റ്റ് ഷെയര്‍ ചെയ്തു ദീപ നിഷാന്ത് അടക്കമുള്ള ഇടതു സഹയാത്രികരും രംഗത്ത് വന്നിരുന്നു (27 ഏപ്രില്‍ 2024).


വര്‍ഗ്ഗീയ വാദിയായി ചിത്രീകരിക്കുന്നത് സുഖകരമായ അനുഭവമല്ലെന്നും എതിരാളിയെ കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ട് തനിക്കു വേണ്ടെന്നും തെരഞ്ഞടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ഷാഫി വികാരാധീനനായി പറഞ്ഞു. ഷാഫി മുഖ്യധാര കോണ്‍ഗ്രസ് പാര്‍ട്ടി യുക്തികളുടെ ഭാഗമായി രാഷ്ട്രീയം പറയുകയും പ്രയോഗിക്കുകയും ചെയ്യുന്ന നേതാവാണ്. വിയോജിപ്പുള്ള മുസ്‌ലിം സംഘാടന സംരംഭങ്ങളെ വര്‍ഗീയതയായി കാണുന്ന മുഖ്യധാര കോണ്‍ഗ്രസിന്റെ അതേ നിലപാടാണ് പല വിഷയങ്ങളിലും ഷാഫിക്കുമുള്ളത്. പക്ഷേ, ഇത്തവണ വര്‍ഗീയവാദി എന്ന ആരോപണത്തിന് ഷാഫിയും വിധേയനായി.

'വര്‍ഗീയത' എന്ന ആരോപണം മുസ്‌ലിം ന്യൂനപക്ഷാവകാശങ്ങള്‍ക്കു നേരെ ഏതു രീതിയിലും ഉപയോഗിക്കാവുന്ന ഒരു രാഷ്ട്രീയ ആയുധം മാത്രമാണെന്നാണ് കഴിഞ്ഞ മാസം കേരളത്തില്‍ നടന്ന സംഭവങ്ങളിലൂടെ കടന്നുപോയതിലൂടെ നമുക്ക് മനസ്സിലായത്. മുസ്ലിം സംഘടനകളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനും നിയന്ത്രിക്കാനും ഇരു മുന്നണികളും എന്തിന് ബി.ജെ.പി പോലും ഇതുപയോഗിക്കുന്നു. മറ്റൊരു സംസ്ഥാനത്ത് ഫാഷിസ്റ്റ് ഘടകകക്ഷിയും ഇവിടെ ഫാഷിസ്റ്റ് വിരുദ്ധ ചേരിയില്‍ അംഗമായിരിക്കുകയും ചെയ്യുന്ന പാര്‍ട്ടികള്‍ക്കെതിരേ പോലും 'വര്‍ഗീയത' ആരോപണം ഉയരുന്നില്ലെന്ന് നാം കണ്ടു. ക്രൈസ്തവ ന്യൂനപക്ഷ താല്‍പര്യങ്ങള്‍ പുലര്‍ത്തുന്ന പാര്‍ട്ടികള്‍ക്കെതിരേയും ഈ ആരോപണം ഉയരുന്നില്ല. 'സഹിഷ്ണുതയില്ലാത്ത മുസ്ലിംക'ളും 'മതന്യൂനപക്ഷപ്രീണന'വും ഇസ്ലാമോഫോബിയയുടെ രണ്ട് വിജയകരമായ മാതൃകകളാണ്. രണ്ടിനും സംഘ്പരിവാര്‍-മതേതര ഇസ്ലാമോഫോബിയയില്‍ ഒരുപോലെ വേരുകളുണ്ട്. ഇലക്ടറല്‍ ജനാധിപത്യത്തിന്റെ ചില ഘട്ടങ്ങളില്‍ എങ്ങനെയാണ് ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നതെന്നതിന്റെ കേരളീയ പരിസരമാണിത്.

ഇസ്ലാമോഫോബിയയുടെ അര്‍ഥം

ഇലക്ടറല്‍ ജനാധിപത്യത്തിന്റെ ചില മാതൃകകളില്‍ ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നുവെന്ന വസ്തുത സംഘ്പരിവാര്‍ വിരുദ്ധ മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തന്നെ പ്രായോഗിക/സൈദ്ധാന്തിക പരിമിതികളോടെയാണെങ്കിലും സ്വയം തിരിച്ചറിയുന്നുണ്ട്. ഏപ്രില്‍ 29 ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പിലിനു അനുകൂലമായി നടത്തിയ പത്ര സമ്മേളനത്തിനു റിപ്പോര്‍ട്ടര്‍ ചാനല്‍ (യൂട്യൂബ്, 29 ഏപ്രില്‍ 2024) തലക്കെട്ട് 'ഇസ്‌ലാമോഫോബിയ കേരളത്തില്‍ പടര്‍ത്തുന്ന നമ്പര്‍ വണ്‍ പാര്‍ട്ടി സി.പി.എം ആണ്' എന്നായിരുന്നു. ''ഇസ്‌ലാമോഫോബിയ എന്താണെന്നു നിങ്ങള്‍ക്കും അറിയാമല്ലോ'' എന്നായിരുന്നു പത്രലേഖകരോട് രാഹുല്‍ നല്‍കിയ മറുപടി.


ഇസ്ലാമോഫോബിയക്കെതിരേയുള്ള സൈദ്ധാന്തിക, പ്രായോഗിക പ്രതികരണങ്ങള്‍ക്ക് പല ഘട്ടങ്ങളുണ്ട്. ഇസ്ലാമോഫോബിയ ഒരു വ്യാജ ആരോപണമാണെന്നാണ് ആദ്യം ഉയരുന്ന വാദം. അടുത്തതായി മുസ്ലിംകള്‍ക്കെതിരേ വിവേചനമുണ്ടെന്ന കാര്യം അംഗീകരിക്കപ്പെടുന്നു. അതിനെ ഇസ്ലാമോഫോബിയ എന്നാണോ അതോ മറ്റേതെങ്കിലും പദമുപയോഗിച്ചാണോ വിശേഷിപ്പിക്കേണ്ടതെന്നാണ് പിന്നെ ഉയരുന്ന ചോദ്യം. ഇസ്‌ലാമോഫോബിയ (മറ്റൊരു പദം ഉപയോഗിക്കുകയാണെങ്കില്‍ അങ്ങനെ) ഒരു യാഥാര്‍ഥ്യമാണെന്ന് അംഗീകരിക്കപ്പെട്ടുകഴിഞ്ഞാല്‍ അതിന്റെ അര്‍ഥത്തെ നിര്‍ണയിക്കാനുള്ള പോരാട്ടമാണ് അടുത്തത്. ഈ മൂന്ന് ഘട്ടങ്ങളിലും ഏറ്റവും നീണ്ടുനില്‍ക്കുന്നതും നിര്‍ണായകവുമായ ഘട്ടവും ഇതാണ്. കേരളത്തിന്റെ പൊതുസമൂഹം ഇതില്‍ മൂന്നാമത്തെ ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്നു വേണം മനസ്സിലാക്കാന്‍.

ഏപ്രില്‍ പകുതിയോടെ കേരള രാഷ്ട്രീയ രംഗത്ത് ഒരു വിവാദം പൊട്ടിപ്പുറപ്പെട്ടു. പൗരത്വഭേദഗതി വിഷയത്തില്‍ വേണ്ടത്ര ഗൗരവമായ ഇടപെടല്‍ നടത്താന്‍ കോണ്‍ഗ്രസ്സും രാഹുല്‍ ഗാന്ധിയും തയ്യാറായില്ലെന്ന ഒരു ആക്ഷേപം തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ പിണറായി വിജയന്‍ ഉന്നയിച്ചു. കേരളത്തെ മോദി സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ രാഹുല്‍ കൂടെ നില്‍ക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ രാഹുലും രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തിനാണ് തന്നെ വിമര്‍ശിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

മുഹമ്മദ് റിയാസ് നിര്‍മിച്ച ഇസ്ലാമോഫോബിയയുടെ അര്‍ഥം: മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ ന്യായീകരിച്ചുകൊണ്ട് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തുവന്നു. നിലപാട് ഇല്ലാത്തതു കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നതെന്നും മതനിരപേക്ഷ നിലപാട് എടുക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകുന്നില്ലെന്നും അത് ബോധ്യപ്പെടുത്തുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. (മെട്രോ ജേണല്‍, ഏപ്രില്‍ 19, 2024)

റിയാസ് അവിടെയും നിര്‍ത്തിയില്ല. രാഹുല്‍ ഇസ്ലാമോഫോബിയക്ക് കൂട്ടുനില്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു: ''രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ സ്പോണ്‍സേര്‍ഡ് പ്രോഗ്രാം പോലെ ബി.ജെ.പി ഗവണ്‍മെന്റ് ഇസ്ലാമോഫോബിയ നടപ്പാക്കുന്നു. മുസ്‌ലിം സമം തീവ്രവാദം എന്നാണ് പ്രചാരണം. ഒരു പ്രത്യേക മതവിഭാഗത്തെ തീവ്രവാദ വിഭാഗമാണ് എന്ന് പ്രചരിപ്പിക്കാനാണ് ബി.ജെ.പി ഗവണ്‍മെന്റ് ശ്രമിച്ചത്. വെള്ള തൊപ്പി വെച്ചവരും താടി നീട്ടിയവരും പച്ചക്കൊടിയും എല്ലാം തീവ്രവാദമാണ് എന്ന ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുകയാണ്. വയനാട്ടില്‍ മുസ്‌ലിം ലീഗിന്റെ വോട്ട് മതി പച്ചക്കൊടി വേണ്ട എന്നാണ്. ഇത് എന്ത് നിലപാടാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണം. ഇങ്ങനെയൊരു നിലപാട് രാഹുല്‍ ഗാന്ധി സ്വീകരിക്കുമ്പോള്‍ അതിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്കും ഈ നാട്ടിലെ ജനങ്ങള്‍ക്കും അവകാശമുണ്ട്. ഞങ്ങള്‍ വിമര്‍ശിക്കുക തന്നെ ചെയ്യും. മതനിരപേക്ഷത രാഹുല്‍ ഗാന്ധിയെ പറഞ്ഞു മനസ്സിലാക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത്. അത് ചെയ്യാതെയുള്ള കോമാളിത്തരങ്ങളാണ് ഇപ്പോള്‍ നമ്മള്‍ കാണുന്നത്. ഇങ്ങനെയാണെങ്കില്‍ നാളെ യു.ഡി.എഫിന്റെ പ്രകടനത്തില്‍ നീണ്ട താടി വച്ച് വരുന്നവരോട് നിങ്ങള്‍ പോയി താടി വടിച്ചിട്ട് വന്ന് പ്രകടനത്തില്‍ പങ്കെടുത്താല്‍ മതിയെന്ന് പറയില്ലേ. വെള്ളത്തൊപ്പി ധരിച്ചു വരുന്നവരോട് തൊപ്പി മാറ്റിവരാനും പറയില്ലേ'' (21 ഏപ്രില്‍, 2024, 24 ന്യൂസ്).

വി.ഡി സതീശന്‍ നിര്‍മിച്ച ഇസ്ലാമോഫോബിയയുടെ അര്‍ഥം: മന്ത്രി റിയാസിനെതിരേ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ തിരിച്ചടിച്ചു. കേരളത്തില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തിയതില്‍ സി.പി.എമ്മിന്റെ പങ്ക് തന്നെക്കൊണ്ട് പറയിപ്പിക്കരുതെന്നായിരുന്നു മലപ്പുറത്ത് പ്രസ് ക്ലബ്ബില്‍ വച്ചുള്ള അദ്ദേഹത്തിന്റെ മറുപടി: ''മുസ്ലിം വോട്ട് കിട്ടുന്നതിന് വേണ്ടിയുള്ള ശ്രമമാണ് പിണറായി വിജയന്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തിയത് ആരാണ്? പഴയതൊന്നും ആരും മറക്കരുത്. 1987-ല്‍ ഏകസിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത് ആരാണ്? സി.എ.എ സമരത്തിന് എതിരായ എത്ര കേസുകളാണ് പിണറായി സര്‍ക്കാര്‍ പിന്‍വലിച്ചത്? തമിഴ്‌നാട് സര്‍ക്കാര്‍ മന്ത്രിസഭാ യോഗം ചേര്‍ന്നാണ് സി.എ.എ പ്രക്ഷോഭങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചത്. കേരളത്തില്‍ കേസുകള്‍ പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറാകാത്തത് ബി.ജെ.പിയെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണോ? ഇ. അഹമ്മദ് കേന്ദ്ര മന്ത്രിയായപ്പോള്‍ മതേതര ഭാരതത്തിന്റെ ചങ്കിലേറ്റ കുത്തെന്നാണ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത്. വേങ്ങര തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി ജയിച്ചപ്പോള്‍ മലപ്പുറത്തിന്റേത് വര്‍ഗീയ മനസ്സെന്നാണ് പിണറായി മന്ത്രിസഭയിലെ അംഗമായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ആ പ്രസ്താവന തിരുത്താന്‍ ഇതുവരെ തയാറായോ? മലപ്പുറത്തിന് വര്‍ഗീയ മനസാണെന്നു തന്നെയാണോ സി.പി.എമ്മിന്റേയും അഭിപ്രായം. നിങ്ങളുടെ പാരമ്പര്യമൊന്നും ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. പൗരത്വ നിയമത്തിനെതിരെ കേസു കൊടുത്തതും മുസ്ലിം ലീഗാണ്. സി.പി.എമ്മിന് ഇതില്‍ എന്ത് കാര്യമാണുള്ളത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബി.ജെ.പിയെ പോലെ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് സി.പി.എമ്മും ശ്രമിക്കുന്നത്.... കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. ഇരുവരുടെയും പ്രസ്താവനകള്‍ ഒരേ കേന്ദ്രത്തില്‍ നിന്നും തയാറാക്കിയതാണോയെന്നു പോലും സംശയിച്ചു പോകും. രണ്ടു പേരുടെയും ലക്ഷ്യം രാഹുല്‍ ഗാന്ധിയാണ്... കോണ്‍ഗ്രസ് പ്ലക്കാര്‍ഡ് പിടിക്കണോ കൊടി പിടിക്കണോ എന്നത് സി.പി.എമ്മിന്റെയോ ബി.ജെ.പിയുടെയോ ഓഫീസില്‍ തീരുമാനിക്കപ്പെടേണ്ടതല്ല'' (21 ഏപ്രില്‍, 2024, മാധ്യമം). രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ബി.ജെ.പിയേക്കാള്‍ അലോസരമുണ്ടാക്കുന്നത് സി.പി.എമ്മിനാണെന്നും സതീശന്‍ പറഞ്ഞു.

രണ്ടു വിഭാഗവും പരസ്പരം ഇസ്ലാമോഫോബിയ ആരോപിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇസ്ലാമോഫോബിയ ഒരു യാഥാര്‍ഥ്യമാണെന്നതില്‍ ഇന്നവര്‍ക്ക് സംശയമില്ല. പക്ഷേ, അതിന്റെ അര്‍ഥത്തെക്കുറിച്ച് തീര്‍ച്ചയില്ല. അതേകുറിച്ചുള്ള തങ്ങളുടെ ധാരണകളാണ് അവര്‍ പറഞ്ഞുവയ്ക്കുന്നത്. ഒരു സംസ്ഥാനമെന്ന നിലയില്‍ ബി.ജെ.പി കേരളത്തെ ആക്രമിക്കുന്നതിനു പിന്നില്‍ ശക്തമായ ഇസ്ലാമോഫോബിയാ പ്രവണതകളുണ്ട്. മുസ്ലിംകള്‍ക്ക് അനര്‍ഹമായ സൗജന്യങ്ങള്‍ ചെയ്യുന്നവരാണ് കമ്യൂണിസ്റ്റുകളെന്നാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ പ്രചാരണം. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തെ ആക്രമിക്കുന്നത്. അര്‍ഹതയില്ലാത്തവ പിടിച്ചെടുക്കുന്ന വിഭാഗമായി മുസ്ലിംകളും ചിത്രീകരിക്കപ്പെടുന്നു. ഇസ്ലാമോഫോബിയ ആരോപണങ്ങളുടെ ശക്തമായ മാതൃകയാണിത്.

കോണ്‍ഗ്രസിന്റെ സംശയങ്ങള്‍: വയനാട്ടിലെ തെരഞ്ഞെടുപ്പു റാലിയില്‍നിന്ന് പച്ചക്കൊടി ഒഴിവാക്കിയതിനെ സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള തങ്ങളുടെ അവകാശവുമായാണ് വി.ഡി സതീശന്‍ ബന്ധപ്പെടുത്തുന്നത്. മുസ്ലിംലീഗിന്റെ പാര്‍ട്ടി സൂചനകള്‍ റാലിയില്‍നിന്ന് ഒഴിവാക്കുന്നതിലൂടെ വടക്കേ ഇന്ത്യയില്‍ ഉണ്ടാവാനിടയുള്ള ആരോപണങ്ങളെ ചെറുക്കുകയാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. കഴിഞ്ഞ തവണയുണ്ടായ അനുഭവത്തെ മുന്‍നിര്‍ത്തിയായിരിക്കണം ഇത്തരമൊരു തീരുമാനമെടുത്തത് (ഇത്തവണ മറ്റു പാര്‍ട്ടി കൊടികളും ഒഴിവാക്കിയിരുന്നു). ഇസ്ലാമോഫോബിക് ആരോപണങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന ഈ രീതി ഇസ്ലാമോഫോബിയയുടെ മറ്റൊരു പ്രകാശനമാണെന്നു പറയാതിരിക്കാനാവില്ല. കാരണം, ഹിന്ദു ചിഹ്നങ്ങളെടുത്തണിഞ്ഞും രാമക്ഷേത്ര നിര്‍മാണത്തിന്റെ വിശ്വാസ പൈതൃകം അവകാശപ്പെട്ടും രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ്സുകാരുടെ ശ്രമങ്ങള്‍ക്കിടയിലാണ് ഇതും സംഭവിക്കുന്നത് (ദി വയര്‍, 16 ജനുവരി 2024).

റെഡ്‌ബോയ്‌സും പച്ച പതാകയും: പതാക മറച്ചുപിടിച്ചതിനെ വിമര്‍ശിക്കുന്ന മന്ത്രി റിയാസിന്റെ പാര്‍ട്ടി നിലപാട് പരിശോധിക്കാം. റെഡ് ബോയ്സ് യു.എ.ഇയെന്ന ഒരു ഇടത് അനുകൂല ഫേസ്ബുക്ക് പേജില്‍ ഷാഫി പറമ്പിലിനെതിരേ ഒരു പോസ്റ്റുണ്ട്. 'ഇയാള്‍ മത്സരിക്കുന്നത് വകടരയിലാണോ അതോ പാകിസ്താനിലോ?' എന്ന കുറിപ്പോടെ ഷാഫിയുടെ ഒരു തെരഞ്ഞെടുപ്പ് റാലി ചിത്രമാണ് നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ ഷാഫിക്ക് ചുറ്റും പച്ചപ്പതാകകള്‍ വീശുന്നതും കാണാം. 2024 മാര്‍ച്ച് 11ന് പോസ്റ്റ് ചെ്യ്ത ഇതിന് 854 ലൈക്കും 676 കമന്റും 176 ഷെയറും ലഭിച്ചിട്ടുണ്ട്. തൃശൂര്‍ ലോക്സഭാ സ്ഥാനാര്‍ഥി അഡ്വ. സുനില്‍കുമാറാണ് പ്രഫൈല്‍ ചിത്രത്തിലുള്ളത്. കവര്‍ ഫോട്ടോയില്‍ പിണറായി വിജയനുമാണ്.


എം.കെ മുനീറിന്റെ പ്രതികരണം: ഏപ്രില്‍ 5ന് മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ 'വടകരയില്‍ ഷാഫിയെ സ്വീകരിക്കാന്‍ ലീഗിന്റെ പതാക പിടിച്ചപ്പോള്‍ വടകര പാകിസ്താനില്‍ ആണോയെന്ന് ചോദിച്ചവര്‍ വയനാട്ടില്‍ ലീഗിന്റെ പതാക കാണാത്തതില്‍ വേവലാതിപ്പെടുന്നു' വെന്ന് മുന്‍ മന്ത്രിയും ലീഗ് നേതാവുമായ എം.കെ മുനീര്‍ പരിഹസിച്ചിരുന്നു. ഇടതുപക്ഷത്തിന്റെയും സംഘ്പരിവാറിന്റെയും ചോദ്യങ്ങളൊന്നാണെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത് (ഏപ്രില്‍ 5, 2024, മീഡിയ വണ്‍).

അമിത് ഷായുടെ പഴയ പ്രതികരണം: 2019ലെ പൊതുതെരഞ്ഞെടുപ്പുകാലത്ത് ലീഗിന്റെ പച്ചക്കൊടിക്കെതിരേ ബി.ജെ.പി നേതാവ് അമിത് ഷായും രംഗത്തെത്തിയിരുന്നു. രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ പരിപാടി കണ്ടാല്‍ ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന് നിങ്ങള്‍ക്ക് മനസ്സിലാവില്ലെന്നായിരുന്നു അമിത് ഷായുടെ പരിഹാസം. നാഗ്പൂരില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് അമിത് ഷാ വയനാടിനെ പാകിസ്താനോട് ഉപമിച്ചത്. രാഹുലിന്റെ റാലിയിലെ പച്ചക്കൊടിയാണ് അമിത് ഷായെ പ്രകോപിപ്പിച്ചത്. (ന്യൂസ് മിനിറ്റ്, ഏപ്രില്‍ 10, 2019). ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചെങ്കിലും പരാതി തള്ളി (ഇന്ത്യന്‍ എക്സ്പ്രസ്, മെയ്, 4, 2019)


ഇക്കൊല്ലം തുടര്‍റാലികളില്‍നിന്ന് പച്ചപ്പതാക ഒഴിവാക്കിയപ്പോള്‍ അത് ലീഗിനെ വിമര്‍ശിക്കാനുള്ള അവസരമായി എടുക്കുകയാണ് സി.പി.എം ചെയ്തത്. ആ സമയത്ത് ഇസ്ലാമോഫോബിയയുടെ സങ്കീര്‍ണതകളൊന്നും അവര്‍ പരിഗണിച്ചതേയില്ല. 'തൊപ്പിയൂരിയ ലീഗ് ഇന്ന് കൊടിമടക്കുന്നു' എന്ന പേരില്‍ ഏപ്രില്‍ 8, 2019ന് ഒരു പരിഹാസക്കുറിപ്പും ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു.


പേരാമ്പ്ര കോളജിലെ പച്ച പതാക: പതാകപ്രശ്നം വടകര മണ്ഡലത്തില്‍ പഴക്കമുള്ള വിഷയമാണ്. 2019 ആഗസ്റ്റില്‍ കോഴിക്കോട് പേരാമ്പ്ര സില്‍വര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ പാകിസ്താന്‍ പതാക വീശിയെന്ന് ആരോപിച്ച് ഏഴ് പേരെ കോളജില്‍നിന്ന് പുറത്താക്കിയിരുന്നു. ഹിന്ദുത്വര്‍ ആരോപണം ഉയര്‍ത്തിയ സാഹചര്യത്തിലായിരുന്നു കോളജ് അധികൃതരുടെ നടപടി. തൊട്ടുപിന്നാലെ 30 പേര്‍ക്കെതിരേ പേരാമ്പ്ര പൊലിസ് കേസെടുത്തു. (വണ്‍ ഇന്ത്യ മലയാളം, ആഗസ്റ്റ് 31, 2019) ജന്മനാടിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ഭാഗമായ കോളജില്‍ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന്റെ ഭാഗമായാണ് പതാകവീശല്‍ നടന്നത്. യഥാര്‍ഥത്തില്‍ എം.എസ്.എഫ് അവരുടെത്തന്നെ കൂറ്റന്‍ സംഘടനാപതാകയാണ് വീശിയത്. പാകിസ്താന്‍ പതാകയും എം.എസ്.എഫ് പതാകയും തമ്മില്‍ നിറംകൊണ്ടും ഘടനകൊണ്ടും ചില സമാനതകളുണ്ട്. പതാകകള്‍ തമ്മിലുള്ള സാമ്യം മുതലെടുത്ത് കുട്ടികള്‍ പാക്പതാക വീശിയെന്ന് ആരോപിക്കുകയായിരുന്നു. ഈ സംഭവം നടക്കുമ്പോഴും പിണറായി വിജയനായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി.


പുറം ലക്ഷണങ്ങളും ഘടനാപരമായ തിരിച്ചറിവുകളും: ലീഗിനെയും ഇതര മുസ്‌ലിം സംഘടനകളെയും വ്യക്തികളെയും പാകിസ്താനോട് കൂറു പുലര്‍ത്തുന്നവരായി ചിത്രീകരിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് ഇസ്‌ലാമോഫോബിയയുടെ മാതൃകയാണ്. ഇവിടെ പച്ചപ്പതാകയുടെ ദൃശ്യതയെ കോണ്‍ഗ്രസ് മറയ്ക്കുന്നതും പതാകയുടെ പേരില്‍ ഇടതു സര്‍ക്കാര്‍ കേസെടുക്കുന്നതുമെല്ലാം ഇസ്‌ലാമോഫോബിയയുടെ സങ്കീര്‍ണ രൂപങ്ങളായി മാറുന്നു.

അതിലേറെ പ്രധാനപ്പെട്ട പ്രശ്‌നം ഇസ്‌ലാമോഫോബിയയുടെ അര്‍ഥ നിര്‍മാണമാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി വക്താക്കള്‍ സംഘ്പരിവാറിലാണ് ഇസ്ലാമോഫോബിയയുടെ ഉറവിടം കണ്ടെത്തുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ സി.പി.എമ്മിനെ വിമര്‍ശിക്കുന്നത് തന്നെ അവര്‍ സംഘ്പരിവാര്‍ ഇസ്ലാമോഫോബിയയുടെ നടത്തിപ്പുകാരാണെന്നു പറഞ്ഞു കൊണ്ടാണ് (29 ഏപ്രില്‍ 2024, റിപ്പോര്‍ട്ടര്‍ ചാനല്‍). രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ഇസ്ലാമോഫോബിയ ഉപകരണമാക്കുന്നുവെന്നാണ് കക്ഷി രാഷ്ട്രീയ പ്രവര്‍ത്തകരുടെ പ്രധാന രീതി. അത്തരം പ്രായോഗിക സാധ്യതകള്‍ കൂടി ഉള്‍പ്പെട്ടതാണ് ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ടം. എന്നാല്‍, പ്രസ്തുത വിമര്‍ശന രീതിയുടെ മറുവശം അതു ഇസ്ലാമോഫോബിയയെ ചില പുറം ലക്ഷണങ്ങളിലേക്കു പ്രതിഷ്ഠിക്കുന്നുവെന്നതാണ്. രാഷ്ട്രീയ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി ഇസ്ലാമോഫോബിയ മാറിയതെങ്ങയിനെയെന്നുള്ള ഘടനാപരമായ തിരിച്ചറിവാണ് പ്രധാനം.

(റിസര്‍ച്ച് ഇന്‍പുറ്റ്‌സ്: കെ.കെ നൗഫല്‍, ആതിക്ക് ഹനീഫ്, റെന്‍സന്‍ വി.എം)

(തുടരും)

TAGS :