Quantcast
MediaOne Logo

ഉദ്യോഗ പ്രാതിനിധ്യം, മദ്റസ, സലഫി/സൂഫി ഇസ്‌ലാം - ഇസ്‌ലാമോഫോബിയ: 2024 ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്

ഇസ്‌ലാമോഫോബിയ നിര്‍മിച്ച നിരീക്ഷണസംവിധാനങ്ങളുടെ ആത്യന്തികമായ ലക്ഷ്യം മുസ്ലിംകളുടെ രാഷ്ട്രീയനിയന്ത്രണം വിവിധ രീതിയില്‍ ഉറപ്പുവരുത്തുകയെന്നുള്ളതും മുസ്‌ലിംകളുടെ സാമുദായികമായ ജീവിതത്തെ രാഷ്ട്രീയമായി നിയന്ത്രിക്കുകയെന്നുള്ളതുമാണ്. മാറുന്ന രാഷ്ട്രീയസാഹചര്യങ്ങള്‍ക്കനുസരിച്ച് നിയന്ത്രിക്കാനുള്ള വഴികള്‍ ഇത് തുറന്നുതരുന്നു. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 08)

ഉദ്യോഗ പ്രാതിനിധ്യം, മദ്റസ, സലഫി/സൂഫി ഇസ്‌ലാം -  ഇസ്‌ലാമോഫോബിയ: 2024 ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്
X

തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചയുടനെ മുസ്‌ലിം പ്രീണനമെന്ന പ്രചാരണം ശക്തമായി. എന്നാൽ സംവരണം ഉണ്ടായിട്ടും മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന കേരള സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ ബാക്‌വേര്‍ഡ് ക്ലാസസ് (കെ.എസ്.സി.ബി.സി) പുറത്തുവിട്ട റിപ്പോര്‍ട്ട് ഇസ്‌ലാമോഫോബിക് കേന്ദ്രങ്ങളെ വിശിഷ്യാ സംഘപരിവാർ ഹിന്ദുത്വ പ്രചാരകരെ പ്രതിസന്ധിയിലാക്കി. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങൾ കൈവരിക്കുന്ന രൂപപരിണാമങ്ങൾ ഏറെ ശ്രദ്ധേയമാണ്. ഈ രീതിയിൽ കഴിഞ്ഞ ജൂലൈ മാസം നടന്ന മറ്റു ചില ഇടപെടലുകളുടെ പ്രത്യേകത പഠിക്കുന്നതു ഇസ്‌ലാമോഫോബിയയുടെ പ്രതിസന്ധി പരിഹാരശൈലിയെ പരിചയപ്പെടാനുതകുന്നു.

സര്‍ക്കാര്‍ സര്‍വീസിലെ മുസ്ലിം പ്രാതിനിധ്യം:

ജൂലൈ ഒന്നാം തിയ്യതി സര്‍ക്കാര്‍ സര്‍വീസിലെ ഉദ്യോഗസ്ഥപ്രാതിനിധ്യത്തെക്കുറിച്ച് സര്‍ക്കാര്‍ തന്നെ തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ട് മീഡിയാവണ്‍ പ്രസിദ്ധീകരിച്ചു. (ജൂലൈ 1, 2024). സംവരണം ഉണ്ടായിട്ടും മുസ്ലിംകള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നായിരുന്നു കേരള സ്റ്റേറ്റ് കമീഷന്‍ ഫോര്‍ ബാക്വേര്‍ഡ് ക്ലാസ്സസ് (കെ.എസ്.സി.ബി.സി) പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിച്ചത്. മുസ്ലിംകള്‍ക്കുപുറമെ ലത്തീന്‍ ക്രിസ്ത്യന്‍, പട്ടിക ജാതി, പട്ടിക വര്‍ഗം അടക്കമുള്ളവരുടെ പിന്നാക്കാവസ്ഥയും കണക്കുകളില്‍ വ്യക്തമാണ്. ദേവസ്വം - പിന്നാക്ക വിഭാഗ വകുപ്പ് മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരം കേരളത്തിലെ വകുപ്പുകളിലെയും ജീവനക്കാരുടെ ജാതി, മതം ഉപജാതി തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ecdesk.kscbc.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന തുടങ്ങുകയും ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശം (സര്‍ക്കുലര്‍ നമ്പര്‍ 5/23571/2017) നല്‍കുകയും ചെയ്തിരുന്നു. നിയമസഭയില്‍ പി. ഉബൈദുല്ല എം.എല്‍.എയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ശേഖരിച്ച കണക്കുകള്‍ സര്‍ക്കാര്‍ നല്‍കിയത്. കേരളത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സാമുദായിക പ്രാതിനിധ്യത്തെക്കുറിച്ച കണക്ക് ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെടുന്നത്.

2024 ജൂണ്‍ 19 വരെയുള്ള കണക്കു പ്രകാരം സംസ്ഥാനത്ത് 5,45,423 സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരാണുള്ളത്. നായര്‍, മേനോന്‍, കുറുപ്പ് അടക്കമുള്ള മുന്നാക്ക ഹിന്ദുവിഭാഗത്തില്‍ നിന്ന് 1,08,012 പേരും ബ്രാഹ്മണര്‍ വിഭാഗത്തില്‍ നിന്ന് 7,112 പേരുമാണുള്ളത്. ആകെ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണത്തിന്റെ 21.01 ശതമാനം വരും ഇത്. ശാസ്ത്ര സാഹിത്യപരിഷത്തിന്റ പഠനങ്ങള്‍ പ്രകാരം ജനസംഖ്യയില്‍ 12.5 ശതമാനമാണ് നായര്‍ സമുദായം. ഇതനുസരിച്ച് നായര്‍ വിഭാഗത്തിന് മാത്രം സര്‍ക്കാര്‍ സര്‍വീസില്‍ ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട വിഹിതത്തേക്കാള്‍ 36.86 ശതമാനം കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. മുന്നാക്ക ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് 73,713 പേര്‍ ജോലി ചെയ്യുന്നു. ആകെ ജീവനക്കാരുടെ 13.51 ശതമാനം. മുന്നാക്ക ഹിന്ദു, മുന്നാക്ക ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഒരുമിച്ചു പരിഗണിച്ചാല്‍ അത് സര്‍ക്കാര്‍ ജീവനക്കാരുടെ ആകെ എണ്ണത്തിന്റെ 34.52 ശതമാനം വരും.

ലത്തീന്‍ വിഭാഗത്തില്‍ നിന്ന് 22,542 പേരാണ് ജോലി ചെയ്യുന്നത്. 4.13 ശതമാനം മാത്രമാണ് അവരുടെ പ്രാതിനിധ്യം. പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് മതം മാറിയ 2,399 പേരും നാടാര്‍ കൃസ്ത്യന്‍ വിഭാഗത്തിലെ 929 പേരും ജോലി ചെയ്യുന്നുണ്ട്. നാല് വിഭാഗത്തിലുമായി ആകെ ക്രിസ്ത്യന്‍ വിഭാഗത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ 99,583 പേര്‍. ഇത് ആകെ ജീവനക്കാരുടെ 18.25 ശതമാനമാണ്. 2011 ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ക്രിസ്തുമത വിശ്വാസികള്‍ 18.38 ശതമാനമാണ്.

ഏറെക്കുറെ ജനസംഖ്യക്ക് അനുസൃതമായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം ലഭിച്ചിട്ടുള്ള ഏക വിഭാഗം ഈഴവരാണ്. ഈഴവ വിഭാഗത്തില്‍നിന്ന് 1,15,075 പേരാണ് സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നത്. ആകെ ജീവനക്കാരുടെ 21.09 ശതമാനം. പരിഷത്ത് കണക്കുകള്‍ പ്രകാരം 22.2 ശതമാനമാണ് ഈഴവ ജനസംഖ്യ. കുറവ് 1.11 ശതമാനം മാത്രം. സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതലുള്ളതും ഈഴവരാണ് 1.15 ലക്ഷം.

പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള 51,783 പേരാണ് സര്‍ക്കാര്‍ സര്‍വീസിലുള്ളത്. പത്ത് ശതമാനത്തില്‍ താഴെയാണ് (9.49 %) സര്‍ക്കാര്‍ മേഖലയില്‍ അവരുടെ സാന്നിധ്യം. സര്‍ക്കാര്‍ സര്‍വീസിലെ പട്ടിക വര്‍ഗ വിഭാഗത്തിന്റെ സാന്നിധ്യവും കുറവാണ്. 10,513 പേര്‍ (1.92 ശതമാനം). ജനസംഖ്യയില്‍ പട്ടിക ജാതി വിഭാഗം 9.10 ശതമാനവും പട്ടിക വര്‍ഗ വിഭാഗം 1.45 ശതമാനവും വരും.

സര്‍ക്കാര്‍ ജോലിയില്‍ ഏറ്റവും കുറവ് പ്രാതിനിധ്യമുള്ളത് മുസ്‌ലിംകള്‍ക്കാണ്. ഈ വിഭാഗത്തില്‍ ആകെ 73,774 പേര്‍ മാത്രം. അഥവാ, ആകെ ജീവനക്കാരുടെ 13.52 ശതമാനം. കേരളത്തിലെ ജനസംഖ്യയില്‍ 26.9 മുതല്‍ 28.15 ശതമാനം മുസ്ലിംകളാണെന്നാണ് കണക്ക്. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ മുസ്ലിം സമുദായത്തിന് ലഭിക്കേണ്ട തസ്തികകളില്‍ ശരാശരി 102 ശതമാനത്തിന്റെ കുറവ്. കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ലഭിക്കാത്ത പ്രധാന വിഭാഗം മുസ്ലിംകളാണെന്നാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്.

പി. ഉബൈദുല്ല:

ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍ ആശങ്കാജനകമാണെന്ന് പി. ഉബൈദുല്ല എം.എല്‍.എ ചന്ദ്രിക ദിനപത്രത്തില്‍ (ജൂലൈ 4 2024, പേജ് 4) എഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെട്ടു. ആ ലേഖനത്തില്‍ അദ്ദേഹം മുന്നോട്ടുവച്ച പ്രധാന കാര്യങ്ങള്‍ ഇതാണ്: പി.എസ്.സിയുടെ റോട്ടേഷന്‍ ചാര്‍ട്ട് തയ്യാറാകുന്ന ഇപ്പോഴത്തെ രീതിയില്‍ സംവരണ സമുദായ ഉദ്യോഗാര്‍ഥികള്‍ക്ക് സംവരണ ടേണുകളില്‍ മാത്രം നിയമനം നല്‍കുന്നതിനാല്‍ അവരുടെ മെറിറ്റ് അവസരം നഷ്ടപ്പെടുകയും തത്ഫലമായി പ്രാതിനിധ്യം കുറയുകയും ചെയ്യുന്നു. ഈ നിയമന രീതി മാറ്റണം എന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ഓരോ സമയത്തും വരുന്ന ഒഴുവുകള്‍ ഓരോ യൂണിറ്റ് ആയി കണക്കാക്കണമെന്നും 50:50 അനുപാതത്തില്‍ നിയമനം നടത്തണമെന്നും കേരള ഹൈക്കോടതി വിധിച്ചിരുന്നു. അതിനെ തുടര്‍ന്ന് 2012ല്‍ താന്‍ നിയമസഭയില്‍ ഇതുസംബന്ധിച്ച ഒരു ചോദ്യം ഉന്നയിച്ചു. വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യം പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് അതിനുള്ള മറുപടിയില്‍ സര്‍ക്കാര്‍ അറിയിച്ചു. 2017ല്‍ ecdesk എന്ന വെബ് പോര്‍ട്ടല്‍ തുടങ്ങി. സംവരണ തത്വത്തില്‍ മായം ചേര്‍ക്കുന്നത് തടയാനും നിയമത്തിലുള്ള പഴുതുകള്‍ അടക്കാനും സര്‍ക്കാര്‍ തയ്യാറാവണം. ഭിന്നശേഷി സംവരണം കൊണ്ടും സംവരണ ടേണിലെ അപാകത കൊണ്ടും മുസ്ലിംകള്‍ക്കുണ്ടാകുന്ന സംവരണ നഷ്ടം നികത്താന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.

സത്താര്‍ പന്തല്ലൂര്‍:

ഈ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചു സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ നേതാവ് സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ ജൂലൈ 2ന് എഴുതിയത് ഇങ്ങനെ: ജനസംഖ്യാനുപാതിക പ്രാതിനിധ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവര്‍ക്കാണ് സര്‍ക്കാര്‍ സര്‍വീസില്‍ വലിയ കുറവുള്ളത്. 2011ലെ സെന്‍സസ് പ്രകാരം സംസ്ഥാന ജനസംഖ്യയുടെ 26.56 ശതമാനമാണ് മുസ്‌ലിംകള്‍. ഇപ്പോള്‍ പുറത്തുവന്ന കണക്ക് പ്രകാരം 13.51 ശതമാനം മാത്രമാണ് സര്‍ക്കാര്‍, അനുബന്ധ സര്‍വിസിലെ മുസ് ലിം പ്രാതിനിധ്യം. പല സമുദായങ്ങളും ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതല്‍ പ്രാതിനിധ്യം നേടിയപ്പോള്‍ മുസ്‌ലിംകള്‍ ഇപ്പോഴും പാതിവഴിയേ എത്തിയിട്ടുള്ളൂവെന്നാണ് നിയമസഭയില്‍ വെച്ച കണക്കുകള്‍ പറയുന്നത്. കള്ളക്കണക്കുമായി കേരളത്തില്‍ വിദ്വേഷ പ്രചാരണം നടത്തി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നവരെ തിരിച്ചറിയാന്‍ ഇനിയെങ്കിലും മലയാളിക്ക് കഴിയണം. (എഫ്.ബി, ജൂലൈ 2, 2024).

വി.ആര്‍ ജോഷി -കണക്കിലെ കളി:

സര്‍ക്കാര്‍ ജീവനക്കാരുടെ സാമുദായിക പ്രാതിനിധ്യ കണക്ക് മണ്ണുവാരിയിട്ട കഞ്ഞിക്കു തുല്യമാണെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുന്‍ ഡയറക്ടറും സംവരണവിദഗ്ധനും ആക്ടിവിസ്റ്റുമായ വി.ആര്‍ ജോഷി അഭിപ്രായപ്പെട്ടു: കുറച്ചുനാളായി കേരളത്തിന്റെ പൊതുസമൂഹത്തില്‍ സമുദായപ്രീണനം, മതവിദ്വേഷം, ഇസ്‌ലാംവിരോധം തുടങ്ങിയവ സജീവമാണ്. തെരഞ്ഞെടുപ്പിനു ശേഷം അത് കൂടുതല്‍ ശക്തമായി. ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും നടത്തി വിദ്വേഷവും വെറുപ്പും സൃഷ്ടിക്കുന്നവരും സംവരണം, മെറിറ്റ് ഇല്ലാതാക്കുമെന്നും അത് അവസാനിപ്പിക്കണമെന്നും സംവരണം കാരണം തങ്ങള്‍ക്കൊന്നും കിട്ടിയില്ലെന്നും വിലപിക്കുന്നവരും മനസ്സിലാക്കുന്നതിനാണ് ഈ വസ്തുതകള്‍ സമര്‍പ്പിക്കുന്നത്.

ജനങ്ങളുടെ സാമുദായിക ജനസംഖ്യാ കണക്ക് ലഭ്യമല്ല. അതിനു വേണ്ടി ജാതി/സമുദായം തിരിച്ചുള്ള സെന്‍സസ് വേണമെന്ന ആവശ്യം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രധാന കക്ഷികളാരും ഉന്നയിക്കുന്നില്ല. സര്‍ക്കാരും ഉരുണ്ടുകളിക്കുന്നു. സത്യം പുറത്തുവന്നാല്‍ അത് പലര്‍ക്കും, വിശേഷിച്ച് അധികാരം കുത്തകയാക്കിയ വിഭാഗങ്ങള്‍ക്ക് ബുദ്ധിമുട്ടാകും എന്നതുകൊണ്ടാകാം ഈയൊരു നിലപാട് തുടരുന്നത്. 1931-ലെ സെന്‍സസ് വിവരങ്ങളും തുടര്‍ന്ന് നാട്ടില്‍ ലഭ്യമായിട്ടുള്ള വിശ്വസനീയമായ ഡാറ്റകളുടെയും അടിസ്ഥാനത്തിലാണ് ഇവിടെ ജനസംഖ്യാകണക്കുകള്‍ ഉദ്ധരിക്കുന്നത്. തര്‍ക്കമുള്ളവര്‍ ജാതി സെന്‍സസ് നടപ്പാക്കി സത്യം പുറത്തുവരാന്‍ പരിശ്രമിക്കുക.

2011-ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ മുസ്‌ലിം, ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങള്‍ യഥാക്രമം 27, 18, 55 ശതമാനം വീതമാണ്. തര്‍ക്ക സാധ്യത കൂടുതലായി വരാനിടയുള്ളത് നായര്‍-ഈഴവ സമുദായങ്ങളുടെ കണക്കാണ്. കേരളത്തിലെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിളക്കിത്തല നായര്‍, വെളുത്തേടത്ത് നായര്‍, ചക്കാല നായര്‍, ആന്തൂര്‍ നായര്‍ തുടങ്ങി വിവിധ പിള്ള സമുദായങ്ങള്‍ ഉള്‍പ്പെടെയുള്ളവയെല്ലാം നായര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് കൂടിയ ജനസംഖ്യ ഉണ്ടെന്ന അവകാശവാദം ഉന്നയിക്കുന്നത്. ഈഴവസമുദായം ജനസംഖ്യയുടെ മൂന്നിലൊന്നുണ്ട്. മുപ്പത് ശതമാനം ഉണ്ട് എന്നൊക്കെ പെരുപ്പിച്ചു കാണിക്കുകയും ചെയ്യുന്നു എന്നാണ് വിലയിരുത്തുന്നത്.

നിയമസഭയില്‍ ലഭ്യമാക്കിയ കണക്ക് തയ്യാറാക്കിയത് സംസ്ഥാന പിന്നാക്ക വിഭാഗ കമീഷന്റെ നേതൃത്വത്തിലാണ്. സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിനാണ് ചുമതല നല്‍കിയത് - CDESK (Care Dulhere of Employees in Service Kerala) എന്ന വെബ് പോര്‍ട്ടല്‍ 2017-ല്‍ തയ്യാറാക്കി ശേഖരിച്ച വിവരങ്ങളാണ് ലഭ്യമായിട്ടുള്ളത്. 5,45,423 ഉദ്യോഗസ്ഥരുടെ വിവരങ്ങളുണ്ട്. ഇതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമേ പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങി കേരളത്തിലെ എല്ലാ സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളുടെയും വിവരങ്ങളുണ്ട്. സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുടെ എണ്ണം 2019ലെ ശമ്പള കമീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 2019-2020ല്‍ 5,15,639 ആണ്. സ്റ്റേറ്റ് പബ്ലിക് എന്റര്‍പ്രൈസസ് ബോര്‍ഡിന്റെ 2021 -22 റിപ്പോര്‍ട്ട് പ്രകാരം ആകെ 14.6 ലക്ഷം ജീവനക്കാരുണ്ടെന്നാണ് കാണുന്നത്. എല്ലാ ആധുനിക സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ച് ആറു വര്‍ഷം നീണ്ട വിവരസമാഹരണത്തിലൂടെ ശേഖരിച്ചത് 316 സ്ഥാപനങ്ങളില്‍ നിന്നായി ഏകദേശം അഞ്ചര ലക്ഷം ജീവനക്കാരുടെ കണക്കുകള്‍!

അതില്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാരുടെ എണ്ണം തിരിച്ചറിയാനാവില്ല. ഓരോ വകുപ്പിലെയും ജീവനക്കാരുടെ സമുദായം തിരിച്ചുള്ള കണക്കും ലഭ്യമല്ല. വളരെ കഷ്ടപ്പെട്ട് സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരുടെ എണ്ണം സമാഹരിച്ചപ്പോള്‍ കിട്ടിയത് 4,50,340 പേരുടേതു മാത്രം. ജി.എസ്.ടി പോലെ വളരെ പ്രധാനപ്പെട്ട വകുപ്പിലെ വിവരങ്ങള്‍ ലഭ്യമല്ല. ആറായിരത്തിനു മേല്‍ ജീവനക്കാരുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 179 പേര്‍ എന്നാണ് കണക്ക്. (സവര്‍ണ വിഭാഗങ്ങളെ ഒഴിവാക്കിയതാകാം). കെ.എ സ്.ആര്‍.ടി.സിയുടെ കണക്കുണ്ടെങ്കിലും കെ.എസ്.ഇ.ബിയിലേത് ഇല്ല.

സര്‍ക്കാര്‍ വകുപ്പുകളും കോര്‍പ്പറേഷനുകളും ബോര്‍ഡുകളും കമ്പനികളും കമീഷനുകളും സഹകരണ സ്ഥാപനങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളുമെല്ലാം ഇടകലര്‍ന്ന് ഒരുവിധത്തിലും വേര്‍തിരിച്ചെടുക്കാനാകാത്ത വിധമാണ് ഈ റിപ്പോര്‍ട്ട് സഭയില്‍ ലഭ്യമാക്കിയത്. സമുദായം തിരിച്ചപട്ടിക, ഏതു സര്‍ക്കാര്‍ വകുപ്പിലേതോ കമ്പനിയിലേതോ കോര്‍പ്പറേഷനിലേതോ ആണെന്ന് തിരിച്ചറിയാനാവില്ല. വിശന്നുവലഞ്ഞ പാവപ്പെട്ടവന്റെ പാത്രത്തിലേക്ക് കഞ്ഞിക്കൊപ്പം മണ്ണുകൂടി വാരിയിട്ട അവസ്ഥ. (കഞ്ഞി കൊടുക്കാന്‍ താല്‍പര്യമില്ലായിരുന്നു. നിര്‍ബന്ധിതമായപ്പോള്‍ കുടിക്കാതിരിക്കത്തക്കരൂപത്തില്‍ നല്‍കി. (കേരളകൗമുദി, ജൂലൈ 5, 2024)

ജാതിസെന്‍സസ് ആവശ്യത്തെ മറച്ചുപിടിക്കുന്നു:

പ്രത്യേകിച്ച് സമ്മര്‍ദ്ദമൊന്നുമില്ലാതെ പുറത്തുവിട്ട അവ്യക്തമായ കണക്കുകള്‍ ജാതി സെന്‍സസ് നടത്തണമെന്ന സംവരണ സമുദായങ്ങളുടെ ആവശ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതും ദലിത്-ആദിവാസികളുടെ പ്രാതിനിധ്യക്കുറവിനെ മറച്ചു പിടിക്കുന്നതുമാണെന്നാണ് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കെ. സന്തോഷ് കുമാര്‍ പറയുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇപ്പോഴത്തെ വെളിപ്പെടുത്തലിന്റെ കാരണം ഇതാണ്: ജാതി സെന്‍സസിന്റെ കാര്യത്തില്‍ ഇടത് വലത് നേതൃത്വത്തിന് താല്‍പര്യമില്ല. ഇടതുപക്ഷമാവട്ടെ ജാതി സെന്‍സസ് നടത്തേണ്ടത് കേന്ദ്രമാണെന്ന് നുണപറയുന്നു. കണക്കുകളില്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, എയ്ഡഡ് മേഖല തുടങ്ങിയ ഇടങ്ങളിലെ മൊത്തം സാമുദായിക പ്രാതിനിധ്യം പറയുന്നില്ല. സാമുദായിക പ്രാതിനിധ്യ കണക്കില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യവും ഈഴവര്‍ക്ക് ഏറെക്കുറെ പ്രാതിനിധ്യവും ലഭിച്ചിട്ടുണ്ട് എന്ന് വരുത്തിത്തീര്‍ത്താല്‍ ഈ സമുദായങ്ങളില്‍നിന്ന് ഇപ്പോള്‍ ശക്തമായികൊണ്ടിരിക്കുന്ന ജാതി സെന്‍സസ് എന്ന രാഷ്ട്രീയ ആവശ്യത്തെ ദുര്‍ബലപ്പെടുത്താനോ ഇല്ലായ്മ ചെയ്യാനോ കഴിയും. ഇങ്ങനെ സാമുദായിക പ്രാതിനിധ്യ കണക്കിലൂടെ ജാതി സെന്‍സസിനെ കേവലം സംവരണപ്രശ്‌നമായി ചുരുക്കി അട്ടിമറിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. സര്‍ക്കാര്‍ നിയമനങ്ങളില്‍ വലിയൊരു ശതമാനം കരാര്‍ നിയമനങ്ങളാണ്. ആ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. കാരണം, സംവരണ-സംഘടിത സമുദായക്കാരാണ് ഇതില്‍ മുന്നില്‍. വലിയ രീതിയില്‍ പ്രാതിനിധ്യക്കുറവ് അനുഭവിക്കുന്ന മുസ്‌ലിം സമുദായത്തില്‍നിന്ന് ജാതി സെന്‍സസ് എന്നൊരു ആവശ്യം ശക്തമായി ഉയര്‍ന്നു വരികയും അത് പ്രക്ഷോഭമായി വികസിക്കുകയും ചെയ്താല്‍ നിലവില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന ഇസ്‌ലാമോഫോബിക് അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ അതിനെ രാഷ്ട്രീയമായി നേരിടാന്‍ സര്‍ക്കാരിന് കഴിയുമെന്നതാണ് മറ്റൊന്ന്. (ഇത് സമുദായ പ്രാതിനിധ്യ കണക്കല്ല; ജാതി സെന്‍സസ് അട്ടിമറി ശ്രമമാണ്- കെ. സന്തോഷ് കുമാര്‍, സമയം മലയാളം, ജൂലൈ 9, 2024)

ആര്‍.വി ബാബുവിന്റെ ഹിന്ദു:

ഹിന്ദു ഐക്യവേദിയുടെ സമ്മേളനത്തോടനുബന്ധിച്ച് ആര്‍.വി ബാബു ന്യൂനപക്ഷപ്രീണനം സാമൂഹ്യനീതിയുടെ ലംഘനമെന്ന പേരില്‍ ഒരു ലേഖനം ജന്മഭൂമിയില്‍ എഴുതിയിരുന്നു. ഐക്യവേദിയുടെ തിരുവനന്തപുരം സമ്മേളനത്തോടനുബന്ധിച്ചായിരുന്നു ജന്മഭൂമി ആ ലേഖനം പ്രസിദ്ധീകരിച്ചത്. മുസ് ലിംകള്‍ക്ക് നല്‍കുന്ന സംവരണം നിര്‍ത്തലാക്കണമെന്ന ആവശ്യമുയര്‍ത്തിക്കൊണ്ട് എഴുതിയ കുറിപ്പ് മുസ് ലിം പിന്നാക്കാവസ്ഥ അസത്യമാണെന്ന വാദം മുന്നോട്ടുവച്ചു. ഏറ്റവും മോശം വീടുകളില്‍ താമസിക്കുന്ന ഹിന്ദുക്കളുടെ എണ്ണം 27.4 ശതമാനമാണെന്നും മുസ്‌ലിംകളുടേത് 16.4 ശതമാനമേയുള്ളൂവെന്നും അവകാശപ്പെടുന്നു. കേരളത്തിലെ ജാതിമത വിഭാഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക അവസ്ഥയെ കുറിച്ച് സി.ഡി.എസ് നടത്തിയ റിലീജ്യസ് ഡിനോമിനേഷന്‍സ് ഓഫ് കേരള എന്ന പഠനമാണ് അദ്ദേഹം ഉദ്ധരിച്ചത്.

സംവരണവുമായി ബന്ധപ്പെടുത്തിയെഴുതിയ ആര്‍.വി ബാബുവിന്റെ ലേഖനത്തിന്റെ വാദങ്ങളില്‍ രണ്ട് പ്രധാന പ്രശ്നങ്ങളാണ് ഉള്ളത്. ഒന്നാമതായി മുസ്‌ലിം പിന്നാക്കാവസ്ഥ എന്നത് അസത്യമാണെന്നു തെളിയിക്കാന്‍ അദ്ദേഹം ഹിന്ദുക്കളെ ഒരൊറ്റ ഗ്രൂപ്പായി പരിഗണിച്ചിരിക്കുന്നു. സവര്‍ണരെയും പിന്നാക്കക്കാരെയും ദലിത് ആദിവാസി വിഭാഗങ്ങളെയും ഒരൊറ്റ ഗ്രൂപ്പായി മാറ്റിയാണ് ഹിന്ദുവിന്റെ പിന്നാക്കാവസ്ഥ അദ്ദേഹം കണ്ടെത്തുന്നത്. അധികാരത്തിലും സമ്പത്തിലും വിഭവങ്ങളിലും മുന്നിലുള്ള സവര്‍ണര്‍ക്ക് സുരക്ഷിതമായും രഹസ്യമായും വിമര്‍ശനാതീതരായും ഒളിച്ചിരിക്കാവുന്ന ഒരു പുറംതോടാണ് ഈ സാങ്കല്‍പ്പിക ഹിന്ദുസ്വത്വം. മതസ്വത്വം ഹിന്ദുവായിരിക്കുമ്പോഴും ഇന്ത്യയിലെ ഓരോ വിഭാഗവും സമുദായങ്ങളായാണ് സ്വജീവിതം അനുഭവിച്ചുതീര്‍ക്കുന്നത്.

രണ്ടാമതായി സര്‍ക്കാര്‍ സര്‍വീസിലെയും ജനാധിപത്യ-ഭരണഘടനാ സ്ഥാപനങ്ങളിലെയും അവസരസമത്വം അടിസ്ഥാനപരമായി പ്രാതിനിധ്യപ്രശ്നമാണെന്നതാണ്. അതിനെ സമ്പത്തിന്റെയും പിന്നാക്കാവസ്ഥയുടെയും മാത്രം പ്രശ്നമായി ചുരുക്കാനാവില്ല. മുസ്ലിംകളുടെ കുറഞ്ഞ തൊഴില്‍ പ്രാതിനിധ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നശേഷമുള്ള ലേഖനമായിട്ടുപോലും അത്തരം അടിസ്ഥാനവിവരങ്ങള്‍ അദ്ദേഹം പരിഗണിച്ചിട്ടുപോലുമില്ല. ഒപ്പം ഈ ലേഖനം മുസ്ലിംകളുടെ മുന്നാക്കാവസ്ഥയ്ക്കു തെളിവായി ചൂണ്ടിക്കാട്ടുന്നത് വാഹനങ്ങളും മറ്റു ഉപഭോക്തൃവസ്തുക്കളും കൈവശപ്പെടുത്തുന്നതാണ്. ഈ കണക്കുകളുടെ വിശ്വസ്യത മാറ്റിനിര്‍ത്തിക്കൊണ്ടുതന്നെ ഒരു കാര്യം പ്രത്യേകിച്ച് എടുത്തുപറയേണ്ടിയിരിക്കുന്നു- ഇത്തരം വസ്തുക്കള്‍ കൈവശമുണ്ടാവുകയെന്നത് ആഗോളവത്കരണത്തിന്റെ കാലത്ത് മുന്നാക്കാവസ്ഥയുടെ തെളിവായി ചൂണ്ടിക്കാട്ടാനാവില്ലെന്നതാണ്.

മദ്രസക്കെതിരേ നുണപ്രചാരണം

മദ്‌റസക്കെതിരേ നടക്കുന്ന നുണപ്രചാരണങ്ങള്‍ കേരളീയ സമൂഹത്തെ സംബന്ധിച്ചിടത്തോളം പുതിയതല്ല. ജൂണ്‍ മാസ റിപോര്‍ട്ടില്‍ ഇതേ കുറിച്ച് വിശദമായ ഒരു കുറിപ്പും ഈ കോളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവ്വിഷയകമായി പുറത്തുവന്ന നിരവധി ലേഖനങ്ങളുടെ സൂചികയും നല്കിയിരുന്നു. ഇതേ സംഭവത്തെക്കുറിച്ച് സംഘപരിവാര്‍ സഹയാത്രികരായ എബിസി മലയാളം ന്യൂസ് ഒരു ചര്‍ച്ച സംഘടിപ്പിച്ചു. വടയാല്‍ സുനിലും എ പി അഹമ്മദുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. (മദ്രസകളുടെ പേരില്‍ വ്യാജ പ്രചാരണം? എബിസി മലയാളം ചാനല്‍, എബിസി ടോക്‌സ്, മെയ് 18, 2024).

ലവ് ജിഹാദ് വംശീയ പ്രചരണത്തിന്റെ പേരിലും ഹിന്ദുത്വ ആഖ്യാനങ്ങളുടെ ഭാഗമായും വടയാർ സുനിൽ എന്ന പേര് കടന്നുവരുന്നത് ( കെ എം ശഹീദ്, ലവ് ജിഹാദ്: മനോരമക്കെതിരെ കേസില്ലേ പൊലീസെ, ഡൂള് ന്യൂസ്, 8 ജനുവരി 2012) . മുന്‍ യുവകലാസമിതി നേതാവും എഴുത്തുകാരനുമാണു എ പി അഹ്‌മദ്. ഈയടുത്ത കാലത്തായി സംഘപരിവാര്‍ ചാനലുകളിലും ഓണ്‍ലൈന്‍ ചാനലുകളിലും ഹിന്ദുത്വസംഘടനകളുടെ വേദികളിലും അദ്ദേഹം സജീവമാണ്. ഒരേ സമയം മുസ് ലിംസമൂഹത്തിന്റെ അഭ്യുദയകാംക്ഷിയും അതേസമയം വിമര്‍ശകനുമായി പ്രത്യക്ഷപ്പെടുന്ന അദ്ദേഹം വ്യത്യസ്തമായ വിവരണ തന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ചില സമയങ്ങളില് തെറ്റായ മുസ് ലിംവിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരേ നിലപാടെടുക്കുന്നുവെന്ന പേരില്‍ തുടര്‍ ഇസ് ലാമോഫോബിയാ പ്രചാരണങ്ങള്‍ക്കുള്ള അവകാശം നേടിയെടുക്കുന്ന ശൈലിയും പ്രയോഗിക്കുന്നു.

മദ്രസയില്‍ അധ്യാപകര്‍ക്ക് പ്രതിമാസം 25,000 രൂപ ശമ്പളം ലഭിക്കുന്നുണ്ടെന്നും പിന്നീട് പെന്‍ഷനാവുന്ന സമയത്ത് തരക്കേടില്ലാത്ത പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും അതിനുവേണ്ടി 500 കോടിയോളം രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നുമൊക്കെയുള്ള പ്രചാരണമാണ് നടന്നത്. ഈ ആരോപണമാണ് ചാനല്‍ ചര്‍ച്ചക്കെടുത്തത്. തങ്ങള്‍ക്ക് ഒരു കാര്യത്തിലും മുന്‍വിധിയില്ലെന്നും എന്തും ചര്‍ച്ചക്കെടുക്കുമെന്നും അതിന്റെ ഫലം എന്തായാലും പറയുമെന്നും അഭിമാനപൂര്‍വം പറഞ്ഞാണ് വടയാര്‍ സുനില്‍ ചര്‍ച്ചക്ക് തുടക്കമിടുന്നത്.

ഇത്തരമൊരു ആരോപണം ചര്‍ച്ചക്കെടുത്ത് അതിന്റെ നിജസ്ഥിതി ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചതിന് ചാനലിനെ അഭിനന്ദിച്ചശേഷം എ.പി അഹ്മദും ചര്‍ച്ചയിലേക്ക് കടക്കുന്നു. മദ്രസകള്‍ക്കെതിരേ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും എ.പി അഹമ്മദ് തള്ളുകമാത്രമല്ല, കള്ളമാണെന്ന് അടച്ചുപറയുകയും ചെയ്തു. ഡാറ്റ ശരിയാണെങ്കിലും അതോടൊപ്പം ചെറിയ കള്ളം ചേര്‍ത്താണ് പ്രചാരണം നടത്തുന്നതെന്ന് സൂചിപ്പിച്ച എ.പി അഹമ്മദിന് പക്ഷേ, ആരാണ് പ്രചാരണത്തിനു പിന്നിലെന്ന് അറിയില്ലെന്നാണ് പറഞ്ഞത്.

മദ്രസ അധ്യാപകരുടെ ദുരിതത്തെക്കുറിച്ച് വിശദീകരിച്ച ശേഷം അദ്ദേഹം ചര്‍ച്ച മദ്രസകളെക്കുറിച്ചുള്ള തന്റെ അഭിപ്രായത്തിലേക്ക് കടക്കുന്നു. അദ്ദേഹം പറഞ്ഞ പ്രധാന കാര്യങ്ങള്‍ ഇതാണ്: ഹജ്ജ് സബ്സിഡി പോലെ എന്തെങ്കിലും അവിഹിതമായ ആനുകൂല്യങ്ങള്‍ മദ്രസകള്‍ക്കു നല്‍കുന്നുണ്ടെങ്കില്‍ ഉടന്‍ അവസാനിപ്പിക്കണം. മദ്രസ വിദ്യാഭ്യാസത്തില്‍ സര്‍ക്കാര്‍ ഇടപെടണം. മദ്രസയുടെ സിലബസില്‍ മാറ്റം വരുത്തി അത് കുട്ടികളുടെ പ്രായത്തിനു ചേര്‍ന്നതാക്കണം. മദ്രസയില്‍ സൈക്കോളജി അറിയാവുന്നവരെ നിയമിക്കണം. മദ്രസയില്‍ സെക്കുലര്‍ വിദ്യാഭ്യാസമായിരിക്കണം നല്‍കേണ്ടത്. ഭരണഘടനയും പഠിപ്പിക്കണം. ഇന്ത്യയെപ്പോല ഒരു ബഹുദേശീയ രാജ്യത്തില്‍ മുസ്ലിംകള്‍ക്ക് മറ്റുള്ളവരോടൊപ്പം ജീവിക്കാനാവശ്യമായ വിദ്യാഭ്യാസം നല്‍കണം. പത്തുമണിക്കു ശേഷം മദ്രസ കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അതു മറ്റെന്തെങ്കിലും കാര്യത്തിന് വേണ്ടി ഉപയോഗിക്കണം. മദ്രസകളെ പരിഷ്‌കരിക്കണം. മദ്രസ അധ്യാപകര്‍ക്കും പൊതുവെ മുസ്‌ലിംകള്‍ക്കും വിമര്‍ശനം ആവശ്യമുണ്ട്. പക്ഷേ, ഇതല്ല അതിന്റെ മാര്‍ഗം.

മുസ്‌ലിം സംഘടനകള്‍ വസ്തുനിഷ്ഠമായ കണക്കുവച്ച് ഇതൊന്നും തെളിയിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വടയാര്‍ സുനില്‍ വാദിച്ചു. ഇതുപോലൊരു വിഷയം ചര്‍ച്ചക്കെടുക്കാനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി: മുസ്ലിംവിരുദ്ധര്‍ തെറ്റിദ്ധരിക്കുന്നത് എ.ബി.സി മുസ്‌ലിം വിരുദ്ധസൈറ്റാണെന്നാണ് - അത് ശരിയല്ല. ചാനല്‍ തീവ്രവാദത്തിനെതിരാണ്, മതമൗലികവാദത്തിനെതിരാണ്. എന്നാല്‍, മൗലികാവകാശങ്ങള്‍ക്കൊപ്പമാണ്. മുസ് ലിംസമുദായത്തെ ടാര്‍ജറ്റ് ചെയ്യുന്നതിന് എതിരാണ്. തെറ്റായ മുദ്രവാക്യം വച്ച് യുദ്ധം ചെയ്താല്‍ അതില്‍ വിജയിക്കാനാവില്ല, പരാജയപ്പെടും. പൊതുഖജനാവില്‍നിന്ന് പണം അടിച്ചുമാറ്റി മദ്രസ വിദ്യാഭ്യാസം നല്‍കുന്നവരാണ് മുസ്‌ലിംകളെന്ന പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അത് തുറന്നുപറയാനുള്ള ഉത്തരാവദിത്തവും ചാനലിനുണ്ട്. അതും നാം വിശ്വസിക്കുന്ന ദേശീയതയുടെ ഭാഗമാണ്. വസ്തുതകളല്ലാത്ത ഒന്നും പറഞ്ഞിട്ടില്ല. മുസ്‌ലിംസമുദുമായത്തില്‍പെട്ടവര്‍ക്ക് ചാനലിനോട് അഭിപ്രായവ്യത്യാസമുണ്ട്. അത് സത്യം പറഞ്ഞതുകൊണ്ടാണ്. അതില്‍ ഖേദമില്ല. മുസ്‌ലിംകളടക്കമുള്ള സംഘടിത ന്യൂനപക്ഷം ഒരുപാട് കാര്യങ്ങള്‍ അനര്‍ഹമായി നേടിയെടുക്കുന്നുണ്ടെന്ന് സത്യമാണ്. അതാണ് പറയേണ്ടത്. അത് എ.കെ ആന്റണി പറഞ്ഞിട്ടുണ്ട്. ചെന്നിത്തല പറഞ്ഞിട്ടുണ്ട്. വെള്ളാപ്പിള്ളി പറഞ്ഞിട്ടുണ്ട്. ആ വാദം ചാനലിനുമുണ്ട്. പക്ഷേ, അതിന്റെ പേരില്‍ ഒരുസമൂഹത്തെ വിക്റ്റിമൈസ് ചെയ്യാന്‍ എ.ബി.സിയുണ്ടാവില്ല. കൂട്ടുനില്‍ക്കുകയുമില്ല. വസ്തുതകളേ പറയാവൂ.

മദ്രസ അധ്യാപകര്‍ക്കെതിരേ നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ക്കെതിരേ ശക്തമായ നിലപാടെടുക്കുന്നുവെന്ന് പറയുന്ന ചാനല്‍ അത് എടുത്തുകാട്ടുന്നത് തങ്ങളുടെ നിഷ്പക്ഷത തെളിയിക്കുന്നതിന്റെ ഭാഗമായാണ്. ആ വീഡിയോയുടെ ബഹുഭൂരിപക്ഷം സമയവും ചെലവഴിക്കുന്നതും ഇതേ കാര്യത്തിനാണ്. മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ലൈസന്‍സ് നേടുകയാണ് ഇതിലൂടെ. സംഘടിതന്യൂനപക്ഷങ്ങള്‍ നേടിയെടുക്കുന്ന അവിഹിതമായ ആനുകൂല്യമെന്ന പ്രമേയത്തില്‍ ഇരുവര്‍ക്കും യോജിപ്പാണ്. ചുരുക്കത്തില്‍ തുടര്‍ന്നുള്ള ഇസ്‌ലാമോഫോബിക് വിദ്വേഷപ്രചാരണത്തിനുള്ള ലൈസന്‍സ് നേടുകയാണ് ഈ 'സത്യസന്ധ'മായ റിപ്പോര്‍ട്ടിങ്ങിലൂടെ.

സമീപകരണയുക്തിയും കാരണക്കാരനായ മുസ്ലിമും:

ജൂലൈ 10ാം തിയ്യതി കോഴിക്കോട് വച്ച് ഹിന്ദു ഐക്യവേദി നടത്തിയ സംവരണ സംരക്ഷണ സെമിനാറില്‍ പങ്കെടുത്ത എ.പി അഹമ്മദിനെ സി.പി.ഐയുടെ സംഘടനയായ ഇപ്റ്റയില്‍നിന്ന് പുറത്താക്കിയ വാര്‍ത്ത ജൂലൈ 16ാം തിയ്യതിയിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പട്ടാമ്പിയില്‍ നടന്ന ഹിന്ദു ഐക്യവേദിയുടെ മറ്റൊരു സെമിനാറില്‍ പങ്കെടുത്തതിന് യുവകലാസാഹിതിയില്‍ നിന്ന് നേരത്തെ അദ്ദേഹത്തെ പുറത്താക്കിയിരുന്നു.

ചാനലുകളിലും പത്രങ്ങളിലും ന്യൂനപക്ഷവര്‍ഗീയതയെ എതിര്‍ത്തതിനാണ് തന്നെ പുറത്താക്കിയതെന്നാണ് എ.പി അഹമ്മദ് തനിക്കെതിരേയുള്ള നടപടിയെക്കുറിച്ച് പ്രതികരിച്ചത്. ജന്മഭൂമി പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. (ഹിന്ദു ഐക്യവേദി സെമിനാറില്‍ പങ്കെടുത്തു; എ.പി അഹമ്മദിനെ പുറത്താക്കി സി.പി.ഐ സംഘടന, ജന്മഭൂമി, ജൂലൈ 15,16, 2026). മുസ്‌ലിംസംഘടനയുടെ വേദിയില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ എന്തുകൊണ്ട് നടപടിയില്ലെന്നും അദ്ദേഹം ചോദിച്ചു.

എ.പി വിഭാഗത്തിന്റെ പത്രം (സിറാജ് ദിനപത്രം ആയിരിക്കാം) നല്‍കിയ വാര്‍ത്തയെത്തുടര്‍ന്നാണ് നടപടിയെന്നും ഇതേ വാര്‍ത്ത ആരോപിച്ചിരുന്നു. അതേദിവസം ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു 'അഹമ്മദിന് എന്തിന് വിലക്ക്? ' എന്ന പേരില്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. മുസ്‌ലിംപത്രത്തിലെ വാര്‍ത്തയെത്തുടര്‍ന്നാണെന്ന ആരോപണം ആര്‍.വി ബാബു മുസ്‌ലിംസംഘടനയുടെ പ്രതിഷേധമെന്നാക്കി പരിഷ്‌കരിച്ചു. ഇതേ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടുപയോഗിച്ചായിരുന്നു ഈ വാര്‍ത്ത അദ്ദേഹം പോസ്റ്റ് ചെയ്തത്. ''ഹിന്ദു ഐക്യവേദി കോഴിക്കോട് സംഘടിപ്പിച്ച സംവരണ സംരക്ഷണ സദസ്സില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് സി.പി.ഐ അനുകൂല സംഘടനയായ ഇപ്റ്റയില്‍ നിന്ന് ശ്രീ അഹമ്മദ് പുറത്താക്കപ്പെട്ടു. മുസ്ലിം സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണത്രെ അഹമ്മദ് പുറത്താക്കപ്പെട്ടത്. ന്യൂനപക്ഷ വര്‍ഗീയതയും തീവ്രവാദവും കേരളത്തില്‍ ചര്‍ച്ച ചെയ്യാന്‍ ഏറെക്കാലമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഭയമാണ്. മുന്‍പ് ശ്രീ എ.കെ ആന്റണിക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്ന സാഹചര്യം ഇത്തരുണത്തില്‍ സ്മരണീയമാണ്. ഇസ്ലാമിക തീവ്രവാദത്തെ കുറിച്ചുള്ള അച്യുതാനന്ദന്റെ പ്രസ്താവന അക്കാലത്ത് ചര്‍ച്ചയാക്കാനേ മാധ്യമങ്ങള്‍ തയ്യാറായില്ല. ഹിന്ദുരാഷ്ട്രവാദത്തെ എതിര്‍ക്കുന്ന ഗൗരവത്തോടെ മുസ്ലിം രാഷ്ട്രവാദവും എതിര്‍ക്കപ്പെടണമെന്ന മുന്‍മന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ നടത്തിയ പ്രസംഗവും ഏറെ ചര്‍ച്ചക്ക് വിധേയമായില്ല. എഴുത്തുകാരും സാഹിത്യകാരന്‍മാരും രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ തടവറകളില്‍ നിന്ന് പുറത്തുവരണം. രാഷ്ട്രീയപാര്‍ട്ടികളുടെ തിട്ടൂരമനുസരിച്ച് അഭിപ്രായം പറയേണ്ടവരല്ല സര്‍ഗ്ഗാത്മക സൃഷ്ടി നടത്തുന്നവര്‍. സത്യം വിളിച്ച് പറയാന്‍ അവര്‍ക്കാവണം. അങ്ങനെ സത്യം പറയുന്നവര്‍ക്ക് വിലങ്ങോ വിഷമോ കരുതി വയ്ക്കുന്നവരോട് കലഹിക്കാന്‍ എഴുത്തുകാരനാവണം. ശ്രീ അഹമ്മദ് അതിനുള്ള ധൈര്യം കാണിച്ചിരിക്കുന്നു. അദ്ദേഹത്തിന് അഭിവാദ്യങ്ങള്‍. (ആര്‍.വി ബാബു, എഫ്.ബി, ജൂലൈ 15, 2024)

ഫാഷിസ്റ്റ് സംഘടനയുടെ നോര്‍മലൈസേഷന്‍:

അഹമ്മദിന്റെ പുറത്താക്കല്‍ ഒരു പ്രമേയമായി ചര്‍ച്ച ചെയ്തത് എ.ബി.സി മലയാളം ചാനലാണ്. ആര്‍.എസ്.എസ് പോലുള്ള സംഘടനകളെ ഫാഷിസ്റ്റ് സംഘടനയെന്ന് വിളിക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. ആരുമായും സംവാദം വേണം. അതില്‍നിന്ന് ആര്‍.എസ്.എസ്സിനെ മാറ്റിനിര്‍ത്തരുതെന്നുമാണ് അദ്ദേഹം പറയാന്‍ ശ്രമിച്ചത്. ഹിന്ദുത്വസംഘടനയെ മറ്റേതൊരു സംഘടനയുമായും സമീകരിക്കുന്ന യുക്തി വ്യാപകമാണ്. അതിന്റെ ഭാഗമായിരുന്നു ഇതും: പല സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്നു. ഒടുവിലാണ് യുവകലാസാഹിതിയിലെത്തുന്നത്. പല സംഘടനകളുടെ പരിപാടികളിലും പോകുമായിരുന്നു. തപസ്യയുടെ പരിപാടിയിലും പങ്കെടുത്തിരുന്നു. അപ്പോള്‍ ഒരു ചോദ്യം ഉയര്‍ന്നു. സംഘ്പരിവാറിന്റെ പരിപാടികളില്‍ സംവാദത്തിനായിപ്പോലും പോകാന്‍പാടില്ലെന്ന്. വിയോജിപ്പുണ്ടെങ്കില്‍ അവരോടല്ലേ സംവദിക്കേണ്ടതെന്നായിരുന്നു എന്റെ നിലപാട്.

തപസ്യയുടെ ആലുവ പാലസില്‍വച്ചു നടന്ന സമ്മേളനത്തോടനുബന്ധിച്ച പരിപാടിയിലും പങ്കെടുത്തിരുന്നു. സേവാ ഭാരതിയുടെ ഹിന്ദു ഐക്യവേദിയുടെയും പരിപാടിയിലും പങ്കെടുത്തു. പട്ടാമ്പിയില്‍ ശശികല ടീച്ചര്‍ പങ്കെടുത്ത 'താലിബാനിസം കേരളത്തില്‍' എന്ന പേരില്‍ ഒരു സെമിനാര്‍ നടന്നു. അതില്‍ പങ്കെടുത്തിരുന്നു. ആ പരിപാടയില്‍ പങ്കെടുത്തതിന്റെ ഫോട്ടോ ആരോ സ്റ്റേറ്റ് കമ്മിറ്റിക്ക് അയച്ചുകൊടുത്തു. അതിന്റെ പേരില്‍ വിശദീകരണം ചോദിക്കുക പോലും ചെയ്യാതെ പുറത്താക്കി. സംഘടനയുടെ പ്രഖ്യാപിത നയങ്ങള്‍ക്കു വിരുദ്ധമായി ഹിന്ദു ഐക്യവേദിയുടെ പരിപാടിയില്‍ പങ്കെടുത്തുവെന്നാണ് പറയുന്നത്. അതാണ് ആദ്യ പുറത്താക്കല്‍. രണ്ടാമത്തേത് ഇപ്റ്റയില്‍നിന്നുള്ള പുറത്താക്കലാണ്. (എ.പി അഹമ്മദിനെ എന്തിന് പുറത്താക്കി? എ.ബി.സി മലയാളം, ജൂണ്‍ 16, 2024)

ഏത് രാഷ്ട്രീയവിശ്വാസവും ഇന്ത്യയിലെ ഏത് പൗരന്റെയും ജനാധിപത്യഅവകാശമാണ്. അവരെ സഹോദരന്മാരായി കണ്ടുകൊണ്ട് അവര്‍ക്കൊപ്പം ഇരിക്കാന്‍ കഴിയണം. അങ്ങനെയല്ലാതെ ജനാധിപത്യം പറയാനാവില്ല. സംഘ്പരിവാറിനെ നാം ഹിന്ദുത്വം, ഹിന്ദുരാഷ്ട്രവാദികള്‍ എന്നൊക്കെ വിളിക്കുന്നു. ഭരണഘടനയെ അട്ടിമറിക്കുന്നവര്‍, ഫാസിസ്റ്റ് എന്നും ആക്ഷേപിക്കുന്നു. അത് ശരിയല്ല. ആയുധം കൊണ്ട് തീര്‍ത്തുകളയാമെന്ന് കരുതുന്നതും ബഹിഷ്‌കരിക്കുന്നതും ശരിയല്ല. ആര്‍.എസ്.എസ്സുകാരുമായി സംസാരിക്കാന്‍ പാടില്ലെന്നു പറഞ്ഞതിനോടും വിയോജിപ്പുണ്ട്.

യുവമോര്‍ച്ചയുടെ സംവാദത്തിലാണ് ആദ്യം ഇ.എം.എസ്സിന്റെ പ്രസംഗം കേള്‍ക്കുന്നത്. യുവമോര്‍ച്ചയുടെ സംവാദത്തിന് ഇ.എം.എസ്സിന് പോകാം. മാത്രമല്ല, ആര്‍.എസ്.എസുകാരുടെ പ്രതിപക്ഷബഹുമാനംകണ്ട് അന്ന് അത്ഭുതപ്പെട്ടു.

മുഹറം, സലഫി ഇസ്‍ലാം, സൂഫി ഇസ്‍ലാം:

ഈ മാസത്തില്‍ മുഹറം ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ ഒരു നിയമപ്രശ്നം ഉടലെടുത്തു. അതേകുറിച്ചും എ.ബി.സി ചാനലില്‍ എ.പി അഹമ്മദും വടയാര്‍ സുനിലും ചര്‍ച്ച ചെയ്തിരുന്നു: മുഹറം ആഘോഷത്തിന്റെ ഭാഗമായി ഒരു തര്‍ക്കം നടന്നു. തമിഴ്നാട് ഏര്‍വടിയില്‍ നിന്നാണ്. അവര്‍ ആഘോഷപൂര്‍വം മുഹറം ആഘോഷിക്കാന്‍ തീരുമാനിച്ചു. തൗഹീദ് ജമാഅത്ത് എന്ന വിഭാഗം പരാതി നല്‍കി. ജില്ലാ ഭരണകൂടം ആഘോഷങ്ങള്‍ തടഞ്ഞു. ഇതിനെതിരേ ഏര്‍വാടി ദര്‍ഗക്കാര്‍ മദ്രാസ് ഹോക്കടതിയെ സമീപിച്ചു. കോടതി ജില്ലാ ഭരണകൂടത്തിന്റെ നടപടി തള്ളി. ഇസ്‌ലാമിന്റെ ബഹുസ്വരതയെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ വിധി പ്രധാനപ്പെട്ട ഒന്നാണ്. ആഘോഷങ്ങള്‍ ഇഷ്ടമല്ലാത്തവര്‍ വീടടച്ച് അകത്തിരിക്കട്ടെയെന്നാണ് കോടതി പറഞ്ഞത്. സൗദി അറേബ്യ ഫോളോ ചെയ്യുന്ന ഇസ്‌ലാമാണ് ശരിയായ ഇസ്‌ലാം, അത് മാത്രമേ ഫോളോ ചെയ്യാവൂ എന്നാണ് അവര്‍ പറയുന്നത്. അത് താലിബാനിസമാണ്. മുസ്ലിംകള്‍ക്കിടില്‍ ഇത്തരമൊരു തര്‍ക്കം നടക്കുന്നത് എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതെന്നതും പ്രധാന ചോദ്യമാണ്. കണ്‍വെന്‍ഷനല്‍ ഇസ്ലാമും പ്യൂരിറ്റന്‍ ഇസ്ലാമും തമ്മിലുള്ള തര്‍ക്കമാണ് ഇതിന്റെ കാതല്‍. മുജാഹിദ് വിഭാഗത്തിലെ ചിലരാണ് ഇതിനു പിന്നില്‍. എല്ലാവരും ഒരുപോലെയല്ല, പക്ഷേ, ചിലര്‍ അങ്ങനെയാണ്. ഓണത്തിന് ചോറുണ്ടാല്‍ നരകത്തിലെത്തുമെന്നാണ് ചിലര്‍ പറയുന്നത്. പട്ട് പാടിയിട്ട് ഭൂമിയിലാരെങ്കിലും നന്നായിട്ടുണ്ടോയെന്ന് മറ്റൊരാള്‍. ഇതൊന്നും ഭൂരിപക്ഷം മുസ്ലിംകളും അംഗീകരിക്കുന്നില്ല. മുജാഹിദ് വിഭാഗത്തിലെ മിക്കവാറും പേര്‍ അംഗീകരിക്കുന്നില്ല. അവര്‍ പോലും സാഹിത്യവും സംഗീതവും വേണമെന്നു പറയുന്നവരാണ്. ഈ കോടതിവിധിയുടെ കോപ്പികള്‍ കേരളത്തിലെ പള്ളികളില്‍ വിതരണം ചെയ്യണം.

ഗള്‍ഫില്‍ ഉപജീവനത്തിനു പോകുന്നവര്‍ക്ക് അവിടത്തെ റിയാലും കൊണ്ടുപോരാം. മന്തിയും കൂടെ കൂട്ടാം. എന്തിനാണ് അവിടത്തെ ശരീരം മൂടുന്ന വസ്ത്രം കൊണ്ടുവരണം. അതവര്‍ ഭൂപ്രകൃതിയുടെ സവിശേഷതകൊണ്ട് ഇടുന്നതാണ്. സലഫി വിശ്വാസം അവിടെനിന്ന് എന്തിന് കൊണ്ടുവരണം. കേരളത്തിലെ ഇസ്ലാമിന്റെ പാരമ്പര്യം സൂഫി ഇസ്ലാമിന്റെതാണ്. അത് വലുതാണ്. പള്ളി മുറ്റത്ത് ഓണത്തല്ല് നടത്തിയ പാരമ്പര്യമാണ് നമ്മുടേത്. 18ാം നൂറ്റാണ്ടിലെ കേരളം രണ്ട് നൂറ്റാണ്ടുകഴിഞ്ഞപ്പോള്‍ മാറിപ്പോയി. വിദ്യാഭ്യാസവും വിജ്ഞാനവും ഉണ്ടായപ്പോള്‍ വലിയ മതിലുകളാണ് കാണുന്നത്. അതുകൊണ്ടാണ് കോടതി വിധി ഇത് തടയാന്‍ ശ്രമിച്ചവരെ യാഥാസ്ഥിതികരെന്ന് വിളിക്കുന്നത്. ഇവര്‍ ഹൈടെക് യാഥാസ്ഥിതികന്മാരാണ്. സൂഫികളെ പിന്തുണച്ചാല്‍ വര്‍ഗീയ വെറുപ്പുണ്ടാവില്ല. (വടയാര്‍ സുനില്‍, എ.പി അഹമ്മദ്, മുസ്ലിമുകള്‍ എല്ലാം ഇതറിയണം, എ.ബി.സി മലയാളം, ജൂലൈ 18, 2024)

സലഫി ഇസ്‌ലാം, സൂഫി ഇസ്‌ലാം

ആരാണ് നല്ല മുസ്ലിം, ആരാണ് മോശം മുസ്ലിം, ആരാണ് മിതവാദി മുസ്ലിം, ആരാണ് തീവ്രവാദ മുസ്ലിം തുടങ്ങിയ നിര്‍ണയങ്ങളെ രൂപപ്പെടുന്ന നിരീക്ഷണവ്യവസ്ഥയാണ് ഇസ്‌ലാമോഫോബിയ (വിശദ വായനക്ക്: Mahmood Mamdani. 2005. Good Muslim, Bad Muslim: America, the Cold War, and the Roots of Terror. Three Rivers Press). ഇതിനൊരു വംശീയസ്വഭാവവുമുണ്ട്. തീര്‍ച്ചയായും മുസ്‌ലിംകളുടെ പെരുമാറ്റത്തെ എങ്ങനെ മനസ്സിലാക്കണമെന്നത് ഈ നിരീക്ഷണവ്യവസ്ഥയുടെ താല്‍പര്യങ്ങളുമായും ബന്ധപ്പെട്ടിരിന്നു, മാത്രമല്ല, അത് നിരന്തരം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

2001 സെപ്തംബര്‍ 11ന് അമേരിക്കയിലെ ഇരട്ടഗോപുരങ്ങള്‍ അക്രമിക്കപ്പെട്ടതിനുശേഷമാണ് സലഫികള്‍ ചീത്ത മുസ്‌ലിംകളുടെ പ്രതീകമാകുന്നത്. അതോടെ സലഫി ഇസ്‌ലാമിനു പുറത്തുള്ള മറ്റുവിഭാഗങ്ങള്‍ മൃദുഇസ്‌ലാമിന്റെയും നല്ല ഇസ്ലാമിന്റെയും ഭാഗമായി. എന്നാല്‍, 1980കളില്‍ സോവിയറ്റ് റഷ്യയുടെ അഫ്ഗാന്‍ അധിനിവേശത്തിനെതിരേ ലോകത്തുള്ള ചില സലഫി വിഭാഗങ്ങള്‍ അമേരിക്കയുടെ സഹായത്തോടുകൂടി പോരാടുന്ന സമയത്ത് ഇവര്‍ നല്ല മുസ്ലിംകളുടെ പട്ടികയിലായിരുന്നു. നല്ല മുസ് ലിംകളെക്കുറിച്ചുള്ള ധാരണ നിരീക്ഷണവ്യവസ്ഥയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറുന്നതിനുള്ള ഉദാഹരണമാണ് ഇത്. സൂഫികള്‍ ഇന്ന് സാമ്രാജ്യത്വ/സവര്‍ണ്ണ ഫാസിസ്റ്റ് നിര്‍ണ്ണയന പ്രകാരം നല്ല മുസ്ലിംകളാണ്. എന്നാല്‍, ആലി മുസ്ല്യാര്‍ അടക്കമുള്ള മലബാര്‍ വിപ്ലവകാരികള്‍ സൂഫികള്‍ കൂടിയായിരുന്നുവെന്നതാണ് വസ്തുത. സൂഫിസത്തിന്റെ സായുധ ചരിത്രത്തെ മറച്ചുപിടിച്ചാണ് പുതിയ പരിഷ്‌കരണ (നിരീക്ഷണ) വ്യവസ്ഥയില്‍ അതിനൊരു നല്ല മുസ്ലിം എന്ന പദവി ലഭിക്കുന്നത് (വിശദ വായനക്ക്: Matthew B. Lynch. 2018. Between Cynicism and Sincerity in the Study of Sufism and Politics. English Language Notes; 56 (1): 237-240).

ഇസ്ലാമോഫോബിയ നിര്‍മിച്ച നിരീക്ഷണസംവിധാനങ്ങളുടെ ആത്യന്തികമായ ലക്ഷ്യം മുസ്ലിംകളുടെ രാഷ്ട്രീയനിയന്ത്രണം വിവിധ രീതിയില്‍ ഉറപ്പുവരുത്തുകയെന്നുള്ളതും മുസ്‌ലിംകളുടെ സാമുദായികമായ ജീവിതത്തെ രാഷ്ട്രീയമായി നിയന്ത്രിക്കുകയെന്നുള്ളതുമാണ്. മാറുന്ന രാഷ്ട്രീയസാഹചര്യങ്ങള്‍ക്കനുസരിച്ച് നിയന്ത്രിക്കാനുള്ള വഴികള്‍ ഇത് തുറന്നുതരുന്നു.

(റിസര്‍ച്ച് കലക്റ്റീവ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റെന്‍സന്‍ വി.എം, മുഹമ്മദ് മുസ്തഫ, നിഹാല്‍ എ.)


TAGS :