Quantcast
MediaOne Logo

ഫാത്തിമ കെ.

Published: 25 July 2024 9:17 AM GMT

എന്‍ഡോസള്‍ഫാന്‍: പ്രഖ്യാപനങ്ങള്‍ എന്ന് യാഥാര്‍ഥ്യമാവും?

കഴിഞ്ഞ ജുലൈ 11ന് 1031 ദുരിത ബാധിതരെ കാസര്‍ഗേഡ് പാക്കേജില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു. ഇതോടെ നേരത്തെ തീരുമാനിച്ച സമര പരിപാടികളില്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

എന്‍ഡോസള്‍ഫാന്‍: പ്രഖ്യാപനങ്ങള്‍ എന്ന് യാഥാര്‍ഥ്യമാവും?
X

കാഞ്ഞങ്ങാട് സിവില്‍ സ്റ്റേഷനു മുന്നില്‍ ഒരു സമരപ്പന്തല്‍ ഉണ്ട്. വികസനം എന്ന് അധികാരികള്‍ പേരിട്ടു വിളിച്ച എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഇരകളാണ് അവിടെ ഉള്ളത്. എന്‍ഡോസള്‍ഫന്‍ രോഗബാധിതര്‍ അല്ല എന്ന് രേഖപ്പെടുത്തി, രോഗബാധിതരുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ട 1031 പേരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ 2024 ജനുവരി 30 മുതല്‍ അവര്‍ സമരം ചെയ്യുന്നത്.

2016 ജനുവരിയില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുട്ടികളും അമ്മമാരും നടത്തിയ സമരത്തിന്റെ ഫലമായി 2017 ഏപ്രിലില്‍ കാസര്‍കോട് ജില്ലയിലെ അഞ്ച് സ്ഥലങ്ങളായി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നിന്ന് 1905 രോഗബാധിതരെ കണ്ടെത്തിയിരുന്നു. പക്ഷേ, പിന്നീട് 1905 എന്നത് 207 ആയി ചുരുക്കിയാണ് ഡെപ്യൂട്ടി കളക്ടര്‍ പട്ടിക സമര്‍പ്പിച്ചത്.

സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രഖ്യാപനം നടന്നിട്ടുണ്ടെങ്കിലും എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ പ്രത്യാഘാതങ്ങള്‍ തുടരുകതന്നെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് രോഗികള്‍ മരണത്തിന് കീഴടങ്ങി.

ഇതിനെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലടക്കം വന്‍ പ്രതിഷേധങ്ങള്‍ നടത്തി. ഇതിന്റെ ഭാഗമായി 76 പേരെ കൂടി പട്ടികയില്‍ കൂട്ടിച്ചേര്‍ത്തു. അപ്പോഴും ഭൂരിഭാഗവും പട്ടികക്ക് പുറത്തു തന്നെയായിരുന്നു. 2019 ജനുവരി 30 മുതല്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ അമ്മമാര്‍ നടത്തിയ അനിശ്ചിതകാല പട്ടിണി സമരത്തെ തുടര്‍ന്ന് 1905 ല്‍ പെട്ട 18 വയസില്‍ താഴെയുള്ള കുട്ടികളെ പരിശോധനകളൊന്നും നടത്താതെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ തീരുമാനമായി. അതിന്റെ അടിസ്ഥാനത്തില്‍ 511 കുട്ടികളെ കൂടി ലിസ്റ്റില്‍പ്പെടുത്തി. അപ്പോഴും അര്‍ഹതയുണ്ടായിട്ടും പട്ടികയില്‍നിന്ന് 1031 പേര്ഡ പുറത്തായിരുന്നു. അവരുടെ കാര്യത്തില്‍ യാതൊരുവിധ നടപടിയും ഉണ്ടായില്ല.

ശക്തമായ സമരങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്ന സാഹചര്യത്തില്‍ എം.എല്‍.എമാരുടെ താല്‍പര്യാര്‍ഥം സമരസമിതി അംഗങ്ങള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്ന വാക്ക് നല്‍കുകയും ചെയ്തു. അതിനെ തുടര്‍ന്ന് നാലര മാസമായി നടന്നു വന്നുകൊണ്ടിരുന്ന സമരം താല്‍ക്കാലികമായി പിന്‍വലിക്കാന്‍ തീരുമാനമായി. പക്ഷേ, പിന്നീടാണ് അറിയുന്നത് ദുരിതബാധിത പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട 1031 പേരെ വീണ്ടും പരിശോധന നടത്തി രോഗബാധിതര്‍ ആണോ എന്ന് വീണ്ടും ഉറപ്പ് വരുത്തണമെന്ന്. ഈ തീരുമാനത്തെ സമരസമിതി ശക്തമായി എതിര്‍ക്കുകുകയും രോഗബാധിതരായി കണ്ടെത്തിയവര്‍ക്ക് വീണ്ടും പരിശോധനയുടെ ആവിശ്യമില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. വിഷയത്തില്‍ കളക്ട്രേറ്റിനു മുന്നിലും സെക്രട്ടറിയേറ്റിനു മുന്നിലും പ്രതിഷേധം സംഘടിപ്പിക്കാന്‍ സമരസമിതി തീരുമാനിച്ചു. ൨൦൨൪ ജുലൈ 11ന് 1031 ദുരിത ബാധിതരെ കാസര്‍ഗേഡ് പാക്കേജില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു. ഇതോടെ നേരത്തെ തീരുമാനിച്ച സമര പരിപാടികളില്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വന്നതുകൊണ്ട് മാത്രം കാര്യമില്ല. രോഗികള്‍ക്ക് ലഭിക്കേണ്ട ചികിത്സാ സഹായങ്ങള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവയോടൊക്കെ ഏതു രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുക എന്നത് അനുസരിച്ച് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നാണ് സമരസമിതിയുടെ നിലപാട്.

സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രഖ്യാപനം നടന്നിട്ടുണ്ടെങ്കിലും എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ പ്രത്യാഘാതങ്ങള്‍ തുടരുകതന്നെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് രോഗികള്‍ മരണത്തിന് കീഴടങ്ങി. ഇതിന്റെ പ്രധാനകാരണം വിദഗ്ദ ചികിത്സ ലഭിക്കുന്നില്ല എന്നതുകൊണ്ടുതന്നെയാണ്. മംഗലാപുരത്തേക്കോ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്കോ രോഗികളെ ചികിത്സക്കായി കൊണ്ടുപോകേണ്ട സാഹചര്യമാണ് ഇപ്പോഴും ഉള്ളത്. കാസര്‍ഗോഡ് ജില്ലയില്‍ രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ സൗകര്യം നിലവില്‍ ഇല്ല. ഒരുപാട് കുട്ടികള്‍ക്ക് കൃത്യമായ സമയത്ത് ചികിത്സ നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ്. സൗജന്യമായി ചികിത്സ നല്‍കിക്കൊണ്ടിരുന്ന ആശുപത്രികള്‍ അത് പിന്‍വലിച്ചത് മൂലം രോഗികളെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. ഇനിയും പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങി പോകുന്ന സാഹചര്യമാണ് വരാന്‍ പോകുന്നതെങ്കില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ആവര്‍ത്തനമായിരിക്കും കേരളം സാക്ഷ്യയാകേണ്ടിവരിക.


| കഴിഞ്ഞ ദിവസം മരിച്ച എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍



TAGS :