സിഖ് കൂട്ടക്കൊലക്കാലത്തെ അനുഭവങ്ങള്‍
തന്റെ സവിശേഷ ജീവിതസൗകര്യങ്ങള്‍ ഉപേക്ഷിച്ച് ഈ അനീതികള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം അവളുടെ ഉള്ളില്‍ വളര്‍ന്നു. സുധ ഭരദ്വാജ് അവരുടെ കഥ പറയുന്നു. ( അല്‍പാ ഷായുടെ ' The Incarceration: BK-16 and the search for Democracy in India' എന്ന പുസ്തകത്തില്‍ നിന്നും - ഭാഗം 09)
തൊഴിലാളികള്‍ക്ക് യൂണിയനില്‍ വലിയ അഭിമാനമായിരുന്നു, സുധ പറഞ്ഞു. ''മുംബൈയിലെ ജുഹു ബീച്ചിലേക്ക് ടൂറിസ്റ്റുകളെ കൊണ്ടുപോകുന്നതുപോലെയായിരുന്നു ദല്ലി രാജ്ഹാരയിലേക്കുള്ള സന്ദര്‍ശകരെ തൊഴിലാളികള്‍ യൂണിയന്‍ ഓഫീസിലേക്ക് നയിച്ചത്. അവര്‍ക്ക് മരത്തോപ്പുകളും രക്തസാക്ഷി സ്മാരകവും ഷഹീദ് ആശുപത്രിയും യൂണിയന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളും കാട്ടിക്കൊടുക്കും.
പുറത്തുനിന്നുള്ള മധ്യവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരെ ദല്ലി രാജ്ഹാരയിലേക്ക് ഹ്രസ്വ സന്ദര്‍ശനങ്ങള്‍ നടത്താന്‍ അവര്‍ ക്ഷണിച്ചു - ഇന്ത്യയിലും വിദേശത്തും നിന്ന് പലരും ആ രീതിയില്‍ അവിടെ എത്തിപ്പെട്ടു. പക്ഷേ, അവിടെ വന്നുചേരാന്‍ ആഗ്രഹിക്കുന്നവര്‍, അവര്‍ പറയുന്നതുപോലെ, 'ഡിക്ലാസ്' ചെയ്യേണ്ടതുണ്ടായിരുന്നു. അതായത്, യൂണിയന്‍ കാന്റീനില്‍ നിന്ന് ചോറും പരിപ്പും കഴിച്ച്, സ്ഥിരമായ ശമ്പളം പ്രതീക്ഷിക്കാതെ, തൊഴിലാളികളെപ്പോലെ ജീവിക്കണം. എന്‍.ജി.ഒകളില്‍ നിന്ന് ഭിന്നമായി പ്രദേശവാസികള്‍ ആഗ്രഹിച്ചാല്‍ മാത്രം ജോലി ചെയ്യുന്ന ഒരു സംഘടനയാണ് യൂണിയന്‍ എന്ന് സുധ തിരിച്ചറിഞ്ഞു. യൂണിയനെ സാമ്പത്തികമായും ധാര്‍മികമായും മറ്റെല്ലാ വിധത്തിലും പിന്തുണക്കുന്നത് തൊഴിലാളികളാണ്.
''അതുകൊണ്ടുതന്നെ നിങ്ങള്‍ എപ്പോഴും ഉത്തരംപറയാന്‍ ബാധ്യതപ്പെട്ടവരാണെന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ടാകണം,'' സുധ ഊന്നിപ്പറഞ്ഞു. ''തെറ്റ് ചെയ്താല്‍ താഴെ വീഴും. നിങ്ങള്‍ തിരഞ്ഞെടുത്തതുകൊണ്ടല്ല കാര്യങ്ങള്‍ നടക്കുന്നത്, മറിച്ച് അത് ചെയ്യണമെന്ന് എല്ലാവരും കൂട്ടായി തീരുമാനിക്കുന്നതിനാലാണ്.''
ആദിവാസി സ്വാതന്ത്ര്യ സമര സേനാനി വീര്‍ നാരായണ്‍ സിംഗിന്റെ രക്തസാക്ഷി ദിനാചരണത്തിന് എത്തിയ ആയിരങ്ങള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതില്‍ തൊഴിലാളികളുടെ ഒരുമയും ശക്തിയും സുധ കണ്ടു. നിലത്തു കുഴിച്ച അഗ്നികുണ്ഡങ്ങള്‍ക്ക് മുകളില്‍ വലിയ പാത്രങ്ങള്‍, അതിലെ തിളച്ച വെള്ളത്തിലേക്ക് അകത്തേക്കും പുറത്തേക്കുമായി സഞ്ചരിക്കുന്ന കിലോക്കണക്കിന് ധാന്യങ്ങള്‍ അടങ്ങിയ വലിയ നെയ്ത്തു കൊട്ടകള്‍, നൊടിയിടയില്‍ മുഴുവന്‍പേര്‍ക്കുമുള്ള ഭക്ഷണം തയ്യാറാക്കപ്പെട്ടു.
''പാചകത്തിലെ ആ മിടുക്കും സഹകരണവും കണ്ടപ്പോള്‍ത്തന്നെ കൂട്ടായ്മയെക്കുറിച്ചുള്ള ബോധം ലഭിച്ചു. കാര്യങ്ങള്‍ മാറ്റാന്‍ ശരിക്കും തീരുമാനിച്ച ഒരു വലിയ ജനക്കൂട്ടമായിരുന്നു അത്,' സുധ പറഞ്ഞു. വരാനിരിക്കുന്ന ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ കാര്യങ്ങള്‍ നാടകീയമായി മാറാന്‍പോകുകയാണെന്ന് സുധയ്ക്ക് വ്യക്തമായിരുന്നു.
ലോകം തകരുന്നത് പോലെ സുധയ്ക്ക് തോന്നി. ചുറ്റും അനീതികള്‍ വെളിവായി. പ്രൊഫസറുടെ മകനുമായുള്ള സുധയുടെ വിവാഹം നടന്നില്ല. പില്‍ക്കാലത്ത് അവര്‍ വിവാഹമോചനം നേടുകയും ചെയ്തു. തന്റെ സവിശേഷ ജീവിതസൗകര്യങ്ങള്‍ ഉപേക്ഷിച്ച് ഈ അനീതികള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം അവളുടെ ഉള്ളില്‍ വളര്‍ന്നു.
1984-ല്‍, തൊട്ടടുത്തുള്ള ഭോപ്പാലില്‍, ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തം സംഭവിക്കുകയുണ്ടായി. അമേരിക്കന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ ഉടമസ്ഥതയിലുള്ള കീടനാശിനി പ്ലാന്റിലെ സ്‌ഫോടനത്തെത്തുടര്‍ന്ന് ഉഗ്ര വിഷവാതകങ്ങള്‍ ജനസാന്ദ്രതയുള്ള നഗരത്തിലൂടെ ഒഴുകി. 3000-ത്തിലധികം ആളുകള്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു, വരും ആഴ്ചകളിലും മാസങ്ങളിലുമായി കുറഞ്ഞത് ആറിരട്ടിയിലധികം ആളുകള്‍ മരണപ്പെട്ടു. കൂടാതെ ലക്ഷക്കണക്കിന് ആളുകള്‍ കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ എന്നിവയാല്‍ വലഞ്ഞു. ഗര്‍ഭം അലസലുകളും ചാപിള്ളകളുടെ ജനനവും നിത്യസംഭവങ്ങളായി. വരും തലമുറകളുടെ ജീവിതം നരകതുല്യമാക്കുന്നവിധത്തിലുള്ളതായിരുന്നു ഈ അപകടം.
ആവശ്യത്തിന് ജീവനക്കാരില്ലാത്ത പ്ലാന്റിലെ, നിലവാരമില്ലാത്ത സൂരക്ഷാ നടപടിക്രമങ്ങളാണ് ഈ ദുരന്തത്തിന് പിന്നിലെ സുപ്രധാന കാരണമെന്നും, ഇന്ത്യാ ഗവണ്‍മെന്റ് സ്വന്തം രാജ്യത്തെ പാവപ്പെട്ട പൗരന്മാരെക്കാള്‍ അമേരിക്കന്‍ കമ്പനിയെയാണ് സംരക്ഷിച്ചതെന്നും ആക്ടിവിസ്റ്റുകള്‍ പറഞ്ഞു.
അതേവര്‍ഷം, 1984-ല്‍ സിഖുകാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. ആ വര്‍ഷം നവംബര്‍ 1-ന് തന്റെ ജന്മദിനത്തില്‍, രാത്രിയില്‍ ഡല്‍ഹിയിലേക്ക് ട്രെയിന്‍ കയറാന്‍, സുധ കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുകയായിരുന്നു: അപ്പോള്‍ പഞ്ചാബില്‍ നിന്നും സിഖുകാര്‍ കൂട്ടത്തോടെ വരികയാണെന്നും അവര്‍ നമ്മെ കൊല്ലാനാണ് വരുന്നതെന്നും ഉള്ള കിംവദന്തികള്‍ ചുറ്റിലും കേള്‍ക്കാമായിരുന്നു. അവള്‍ കാണ്‍പൂരിലെ ഗേള്‍സ് ഹോസ്റ്റലേക്ക് തിരിച്ചുപോയി. എന്നാല്‍, പിന്നീട് ജെ.എന്‍.യു കാമ്പസിലെ അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് നേര്‍വിപരീതമായ സംഗതികളാണെന്ന് അവള്‍ മനസ്സിലാക്കിയത്. ആയിരക്കണക്കിന് സിഖുകാര്‍ ക്രൂരമായി കൊല്ലപ്പെട്ടു; പലരെയും ജീവനോടെ കത്തിച്ചു; അവരുടെ വീടുകള്‍ തകര്‍ത്തു; സ്ത്രീകള്‍ ബലാത്സംഗത്തിനിരകളായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
സിഖ് അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ തന്റെ അമ്മ മുന്‍നിരയില്‍ നിന്ന് ഇടപെട്ടുവെന്ന് സുധ പറഞ്ഞു. വീടുകളില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്ന സിഖുകാര്‍ക്കായി അഭയാര്‍ഥി ക്യാമ്പുകള്‍ ഒരുക്കാനും ഭക്ഷണവും വസ്ത്രങ്ങളും സംഘടിപ്പിക്കാനുമായി പ്രൊഫസര്‍മാരുടെയും വിദ്യാര്‍ഥികളുടെയും മീറ്റിംഗുകള്‍ ഞങ്ങളുടെ വീട്ടിലായിരുന്നു ചേര്‍ന്നിരുന്നത്.
ഡല്‍ഹിയില്‍ മാത്രം മൂവായിരത്തിലധികം സിഖുകാര്‍ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവരുടെ സിഖ് അംഗരക്ഷകര്‍ കൊലപ്പെടുത്തിയതിന് പ്രതികാരമായി സിഖുകാര്‍ക്കെതിരായ ഒരു ക്രൂരമായ സംഘടിത കലാപമായിരുന്നു നടന്നത്. ഭരണകൂടം അതിന് ഒത്താശ നല്‍കിയെന്ന് സുധ മനസ്സിലാക്കി. അതേ വര്‍ഷം ശ്രീമതി ഗാന്ധി ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന് ഉത്തരവിട്ടിരുന്നു. അതിന്റെ ഭാഗമായി സിഖുകാര്‍ പവിത്രമായി കരുതിപ്പോരുന്ന അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിലേക്ക് ഇന്ത്യന്‍ സൈന്യത്തെ അയക്കുകയുണ്ടായി. ഖാലിസ്ഥാനുവേണ്ടി പോരാടുന്ന ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തിലുള്ള സിഖ് തീവ്രവാദികളെ തുരത്തുകയായിരുന്നു ലക്ഷ്യം. തന്നെ എതിര്‍ക്കുന്ന ഒരു പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ഭിന്ദ്രന്‍വാലയുടെ ജനപ്രീതിയെ ശ്രീമതി ഗാന്ധി ആദ്യം പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അവര്‍ അയാളെയും അനുയായികളെയും തകര്‍ത്തു. സുവര്‍ണക്ഷേത്ര സമുച്ചയത്തില്‍ വെച്ച് ഭിന്ദ്രന്‍വാലയും മറ്റ് തീവ്രവാദികളും നൂറുകണക്കിന് സാധാരണക്കാരും സൈനിക ഇടപെടലില്‍ വധിക്കപ്പെട്ടു. ഈ നടപടിയില്‍ ക്രുധിതരായ ശ്രീമതി ഗാന്ധിയുടെ അംഗരക്ഷകര്‍ 1984 ഒക്ടോബര്‍ 31-ന് പ്രതികാരം ചെയ്തു. അവരുടെ കൊലപാതകത്തിന് ശേഷം, ഇന്ത്യയില്‍, പ്രത്യേകിച്ച് ഡല്‍ഹിയില്‍ സിഖുകാര്‍ക്കെതിരെ വ്യാപകമായ ആക്രമണങ്ങള്‍ നടന്നു.
| പാര്‍ലമെന്റ് പ്രസംഗത്തില്‍ അല്‍പ ഷായുടെ The Incarceration എന്ന പുസ്തകം ഉയര്‍ത്തിക്കാട്ടി ആര്‍.ജെ.ഡി അംഗം പ്രൊഫ. മനോജ് കുമാര്‍ ഝാ ഭീമ കൊറേഗാവ് വിഷയം ഉന്നയിക്കുന്നു.
ലോകം തകരുന്നത് പോലെ സുധയ്ക്ക് തോന്നി. ചുറ്റും അനീതികള്‍ വെളിവായി. പ്രൊഫസറുടെ മകനുമായുള്ള സുധയുടെ വിവാഹം നടന്നില്ല. പില്‍ക്കാലത്ത് അവര്‍ വിവാഹമോചനം നേടുകയും ചെയ്തു. തന്റെ സവിശേഷ ജീവിതസൗകര്യങ്ങള്‍ ഉപേക്ഷിച്ച് ഈ അനീതികള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം അവളുടെ ഉള്ളില്‍ വളര്‍ന്നു.
ദല്ലി രാജ്ഹാരയില്‍ അര്‍ഥവത്തായ മാറ്റം കൊണ്ടുവരാനുള്ള നിശ്ചയദാര്‍ഢ്യം പ്രവര്‍ത്തകരില്‍ നിലനിന്നിരുന്നു. മറ്റിടങ്ങളിലെ തൊഴിലാളികളുടെ നിസ്സഹായാവസ്ഥ, ഏഷ്യന്‍ ഗെയിംസിലെ തൊഴിലാളികള്‍, ഡല്‍ഹി ടെക്സ്റ്റൈല്‍ മില്ലുകളിലെ തൊഴിലാളികളുടെ സമരത്തെ അടിച്ചമര്‍ത്തല്‍ എന്നിവയില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഇത്.
''ദല്ലി രാജ്ഹാരയിലെ തൊഴിലാളികളില്‍ തങ്ങളുടെ യൂണിയനോടുള്ള അഭിമാനം എന്നെ അമ്പരപ്പിച്ചു, അവര്‍ പലതിനും വേണ്ടി പോരാടി, മനോഹരമായ ഒന്ന് സൃഷ്ടിച്ചു. അതിന്റെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിച്ചു,'' സുധ പറഞ്ഞു.
വാസ്തവത്തില്‍, ഡല്‍ഹി ലേബര്‍ ക്യാമ്പുകളില്‍ ജോലി ചെയ്തിരുന്ന, സുധയുടെ പല സുഹൃത്തുക്കളും ദല്ലി രാജ്ഹാരയിലെ നിയോഗിയുടെ യൂണിയനില്‍ തങ്ങള്‍ ചേരണ്ടതുണ്ടോ എന്ന് ചര്‍ച്ച ചെയ്യുകയായിരുന്നു. ''നിയോഗി ഞങ്ങളുടെ മുന്നില്‍ എത്തിപ്പെട്ടത് സംബന്ധിച്ച ഒരു വിമര്‍ശനവും ഉണ്ടായിരുന്നു,'' സുധ പറഞ്ഞു, ഒരു ജനാധിപത്യ യൂണിയന്‍ സംസ്‌കാരത്തിന്റെ ആശയത്തെ അത് ചോദ്യം ചെയ്തിരുന്നു. ''അദ്ദേഹം ഏക നേതാവെന്ന നിലയില്‍ യൂണിയന്‍ നടത്തുന്നു, മറ്റുള്ളവര്‍ക്ക് ഇടം കൊടുക്കുന്നില്ല, കരാര്‍ തൊഴിലാളികള്‍ സ്ഥിരം തൊഴിലാളികളാകുന്നതില്‍ അദ്ദേഹത്തിന് യഥാര്‍ഥത്തില്‍ താല്‍പ്പര്യമില്ല, കാരണം കരാര്‍ തൊഴിലാളികളെ ഒരു ലോബി എന്ന നിലയില്‍ അദ്ദേഹം കാണുന്നു'' എന്നിവയായിരുന്നു പ്രധാന വിമര്‍ശങ്ങള്‍.
സുധയുടെ സുഹൃത്തുക്കളിലൊരാളായ അനൂപ് സിംഗ് മറുവാദം ഉന്നയിച്ചു, ''നാം നമ്മുടെ ജീവിതത്തിലെ ഒരു വര്‍ഷം പോലും ഇത്തരമൊരു ലക്ഷ്യത്തിനായി നീക്കിവയ്ക്കാന്‍ തയ്യാറാകാത്ത ഒരു കൂട്ടം വിദ്യാര്‍ഥികളാണ്. മറ്റെല്ലാം മറക്കുക. 1977 മുതല്‍ ഇത്രയും വര്‍ഷമായി നിലനില്‍ക്കുന്ന ഒരു സംഘടനയുണ്ടെങ്കില്‍, ഈ വിമര്‍ശനങ്ങള്‍ ശരിയാണെങ്കില്‍ കൂടിയും, അവരില്‍ നിന്ന് നാം പഠിക്കേണ്ടതുണ്ട്. നമ്മള്‍ കണ്ടെത്തുന്നതിനെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെങ്കില്‍, അത് മികച്ചതായിരിക്കും. നാമെല്ലാവരും ഇപ്പോള്‍ സ്വയം ചോദിക്കേണ്ട യഥാര്‍ഥ ചോദ്യം നിയോഗിക്കും അദ്ദേഹത്തിന്റെ യൂണിയനും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്നല്ല, മറിച്ച് നമ്മുടെ ജീവിതത്തിലെ അടുത്ത മൂന്ന് വര്‍ഷം അത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കാന്‍ കഴിയുമോ എന്നതാണ്.
''അനൂപിനെക്കൂടാതെ ഒരാള്‍ക്ക് പോലും അവര്‍ അത് ചെയ്യാന്‍ തയ്യാറാണെന്ന് സത്യസന്ധമായി പറയാന്‍ കഴിഞ്ഞില്ല'' സുധ ഓര്‍മിച്ചു. അവരെല്ലാം മറ്റു പലതും ആഗ്രഹിച്ചിരുന്നു - ഒരു ജോലി നേടുക, വിവാഹം കഴിക്കുക, ഒരു വീട് സംഘടിപ്പിക്കുക, അല്ലെങ്കില്‍ ഒരു സ്ഥാപനം നടത്തുന്നതില്‍ വലിയ പങ്കുവഹിക്കുക; അങ്ങിനെ പലതും. സുഹൃത്തുക്കളുമായുള്ള ഈ സംവാദങ്ങളില്‍ നിന്ന്, ''എന്റെ ജീവിതം ആ യന്ത്രത്തിലെ വളരെ ചെറിയൊരു ഭാഗം മാത്രമായി ചെലവഴിക്കപ്പെടുന്നത് എനിക്ക് പ്രശ്‌നമല്ല. അങ്ങനെ ചെയ്യുന്നത് എന്നെ സന്തോഷിപ്പിക്കും'' എന്ന ബോധം സുധയില്‍ വളര്‍ന്നുവരികയുണ്ടായി.
വിവര്‍ത്തനം: കെ. സഹദേവന്‍