ഫാമിലി: വെള്ള പൂശിയ ശവക്കല്ലറകള്‍
സഭാധികാരങ്ങളുടെസ്വാധീനങ്ങള്‍ വിശുദ്ധം എന്ന് അതേ അധികാരം തന്നെ പഠിപ്പിക്കുന്ന കുടുംബ വ്യവസ്ഥക്കകത്ത് സൃഷ്ടിച്ചിട്ടുള്ള വിള്ളലുകളെയും സംഘര്‍ഷങ്ങളെയും അവ കാരണം ഉണ്ടായിവന്ന ആന്തരികമായ വിശ്വാസത്തകര്‍ച്ചയെയും ഒപ്പം ഇതെല്ലാം ചേര്‍ന്ന് കുടുംബം എന്ന സ്ഥാപനത്തില്‍ ഉണ്ടാക്കിയ കാപട്യങ്ങളെയും അനാവരണം ചെയ്യാനാണ് ഡോണ്‍ പാലത്തറയുടെ 'ഫാമിലി' എന്ന സിനിമ ശ്രമിക്കുന്നത്.
വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മേല്‍ ആധിപത്യം ചെലുത്തുന്ന സഭാധികാരത്തിന്റെയും (ecclesiastical authority) പൗരോഹിത്യത്തിന്റെയും സ്വാധീനങ്ങളും അതിന്റെ അധികാരബലതന്ത്രവും ലോക സിനിമയിലും സാഹിത്യത്തിലും ആവര്‍ത്തിച്ച് വിഷയമായിട്ടുണ്ട്. അധികാരത്തിന്റെ ആത്മീയ വഴികളിലൂടെയുള്ള ഗൂഢമായ സഞ്ചാരമായി ഉംബര്‍തോ എകോയുടെ നോവല്‍, The Name of the Rose നമുക്ക് വായിക്കാം. മതപരമായ പീഡകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കൊപ്പം അത്തരം ക്ലേശങ്ങള്‍ക്ക് മുന്നില്‍ ദൈവം പുലര്‍ത്തുന്നതായി സങ്കല്‍പിക്കപ്പെടുന്ന നിശ്ശബ്ദതയെയും പ്രശ്‌നവത്കരിക്കുന്ന എഴുത്തുകളും ചിത്രങ്ങളുമുണ്ട്. മതപ്രാമാണികത്വം സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണതകളുടെയും മതപരമായ ഡോഗ്മകളുടെയും പശ്ചാത്തലത്തില്‍, അസ്തിത്വ പ്രതിസന്ധികള്‍ നേരിടേണ്ടിയും കടുത്ത സന്ദേഹങ്ങളില്‍ ജീവിക്കേണ്ടിയും വരുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെയും അനുഭവങ്ങളിലേക്ക് സൂക്ഷ്മമായി സഞ്ചരിക്കാനുള്ള പരിശ്രമങ്ങള്‍.
'ആധികാരിക'മായ 'ധാര്‍മിക'നിര്‍ദ്ദേശങ്ങള്‍, 'ആത്മീയോ'പദേശങ്ങള്‍, സാമൂഹിക നിയന്ത്രണം, രാഷ്ട്രീയ സ്വാധീനം എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ പ്രകടമാകുന്ന പുരോഹിതാധികാരം ജീവിതത്തിന് മേല്‍ ചെലുത്തുന്ന കര്‍ക്കശവും അയവില്ലാത്തതുമായ നിയന്ത്രണങ്ങളുടെ മാരകമായ പ്രതിഫലനങ്ങളുടെ ആഖ്യാനം കൂടിയായിത്തീരുന്നു മേല്‍പ്പറഞ്ഞ ഇനത്തിലുള്ള സാഹിത്യവും സിനിമയും.
തീര്‍ത്തും മാറി നിന്നുകൊണ്ട്, നിര്‍മമമായി ഡോണിന്റെ കാമറ ആചാരങ്ങളെ നോക്കിക്കാണുമ്പോള്‍, യഥാര്‍ഥത്തില്‍ അതിലെല്ലാം ഉള്ളടങ്ങിയിരിക്കുന്ന പരിഹാസ്യതയും എടുത്തുകാട്ടപ്പെടുന്നു.
കുടുംബങ്ങളിലും സമൂഹത്തിലും തങ്ങള്‍ തന്നെ നിശ്ചയിച്ചിട്ടുള്ള ലിംഗപരമായ റോളുകളെയും പുരുഷാധിപത്യ ഘടനകളെയും ശാശ്വതമാക്കുന്നതില്‍ പൗരോഹിത്യത്തിന്റെ പങ്കാണ് ഇതിലൊക്കെയും അന്വേഷിക്കപ്പെടുന്നത്. ഇതിലൂടെ പരമ്പരാഗത ലിംഗ മാനദണ്ഡങ്ങളെ ശക്തിപ്പെടുത്തുകയും പുരുഷാധിപത്യം സ്ഥാപിച്ചുറപ്പിക്കുകയും പലപ്പോഴും സ്ത്രീകള്‍ക്കുള്ള സാമൂഹികാവസരങ്ങള്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ബിഷപ് വെര്‍ഗറാസ് എന്ന കഥാപാത്രത്തിലൂടെ ഇംഗ്മര്‍ ബെര്‍ഗ്മാന്‍, Fanny and Alexander എന്ന തന്റെ വിഖ്യാത ചലച്ചിത്രത്തില്‍ ചെയ്യുന്നതും അതു തന്നെ. അലക്‌സാണ്ടര്‍ എന്ന കൗമാരക്കാരനോടുള്ള ശിക്ഷണ നടപടികളിലൂടെയും -അലക്‌സാണ്ടറുടെ രണ്ടാനച്ഛനാണ് ബിഷപ്പ്- സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന മതപരമായ ആചാരങ്ങളിലൂടെയും വ്യക്തികളുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ സംഘടിത മതരൂപത്തിനുള്ള നിഷേധാത്മകമായ പങ്കും അധികാരത്തിനും സ്വാര്‍ത്ഥത്തിനും അടിച്ചമര്‍ത്തലിനും ഉള്ള അതിലെ സാധ്യതകളും അന്വേഷിക്കുകയാണ് ബെര്‍ഗ്മാന്‍.
സഭാധികാരങ്ങളുടെ ഇത്തരം സ്വാധീനങ്ങള്‍ വിശുദ്ധം എന്ന് അതേ അധികാരം തന്നെ പഠിപ്പിക്കുന്ന കുടുംബ വ്യവസ്ഥക്കകത്ത് സൃഷ്ടിച്ചിട്ടുള്ള വിള്ളലുകളെയും സംഘര്‍ഷങ്ങളെയും അവ കാരണം ഉണ്ടായിവന്ന ആന്തരികമായ വിശ്വാസത്തകര്‍ച്ചയെയും ഒപ്പം ഇതെല്ലാം ചേര്‍ന്ന് കുടുംബം എന്ന സ്ഥാപനത്തില്‍ ഉണ്ടാക്കിയ കാപട്യങ്ങളെയും അനാവരണം ചെയ്യാനാണ് ഡോണ്‍ പാലത്തറയുടെ 'ഫാമിലി' എന്ന സിനിമ ശ്രമിക്കുന്നത്.
** ** ***
തന്റെ ചലച്ചിത്ര ഭാഷയെയും ആവിഷ്‌കാര രീതികളെയും നിരന്തരം നവീകരിക്കുന്ന ചലച്ചിത്രകാരനാണ് ഡോണ്‍ പാലത്തറ. ക്രൈസ്തവ ജീവിതവുമായും സഭയുടെ സാമൂഹ്യവും വ്യക്തിപരവുമായ ഇടപെടലുകളുമായും ബന്ധപ്പെട്ട വിമര്‍ശനാത്മകമായ വിചാരങ്ങള്‍ ആദ്യ സിനിമയായ 'ശവം' മുതല്‍ക്ക് തന്നെ അദ്ദേഹം പങ്കുവെക്കുന്നു. വാഹനാപകടത്തില്‍ മരിച്ച ഒരു ചെറുപ്പക്കാരന്റെ മൃതദേഹം അയാളുടെ വീടിനകത്ത് കയറ്റുന്ന ദൃശ്യത്തില്‍ ആരംഭിക്കുന്ന ശവം എന്ന സിനിമ, വീട്ടില്‍ നിന്നത് സെമിത്തേരിയിലേക്കെടുക്കുന്നിടത്ത് അവസാനിക്കുന്നു. മരണം എന്നതോടൊപ്പം അതിന്റെ മറുപുറമായ ജീവിതത്തിന്റെയും - മരണത്തിന്റെ മറുപുറം മാത്രമാണ് ജീവിതം - അര്‍ഥവും അര്‍ഥരാഹിത്യവും, ഗഹനതയും ഉപരിപ്ലവതയും എന്നിങ്ങനെയുള്ള വിരുദ്ധതകളെ ഒരേസമയം പര്യവേഷണം ചെയ്യുകയാണ് ശവം. മരണാനന്തര ചടങ്ങുകളുടെ വിശദാംശങ്ങള്‍ നാമതില്‍ കാണുന്നുണ്ട്. അതേസമയം ഉള്ള് പൊള്ളയായതും പ്രകടനപരവുമായ കേവലാനുഷ്ഠാനങ്ങളായാണ് നാമവ അറിയുന്നത്. തീര്‍ത്തും മാറി നിന്നുകൊണ്ട്, നിര്‍മമമായി ഡോണിന്റെ കാമറ ആചാരങ്ങളെ നോക്കിക്കാണുമ്പോള്‍, യഥാര്‍ഥത്തില്‍ അതിലെല്ലാം ഉള്ളടങ്ങിയിരിക്കുന്ന പരിഹാസ്യതയും എടുത്തുകാട്ടപ്പെടുന്നു. അതിനിടയില്‍ത്തന്നെ മരണവീട് സന്ദര്‍ശിക്കുന്ന ബന്ധുക്കളെയും അയല്‍ക്കാരെയും സഹപാഠികളെയും പുരോഹിതരെയും മറ്റ് പരിചയക്കാരെയുമൊക്കെ ഇതേ നിര്‍വികാരതയോടെ, കറുപ്പും വെളുപ്പും ഫ്രെയിമുകളിലേക്ക് ഡോണ്‍ പകര്‍ത്തുന്നു. എത്ര പെട്ടെന്നാണ് ഒരാള്‍, അയാള്‍ ജീവിച്ചതും കര്‍മോത്സുക്യത്തോടെ ജീവിച്ചതുമായ ചുറ്റുപാടുകളില്‍ തീര്‍ത്തും അപ്രസക്തനായി മാറുന്നത്!
ഡോണ്‍ പാലത്തറയുടെ ഏറ്റവും മികച്ച സിനിമയായി, ഒരുപക്ഷേ പലര്‍ക്കുമെന്നത് പോലെ ഈ കുറിപ്പുകാരനും അനുഭവപ്പെട്ടത് '1956, മധ്യതിരുവിതാംകൂര്‍' തന്നെ. കുടുംബ ബന്ധങ്ങളുടെ സാമൂഹ്യ പരിണാമങ്ങളിലൂടെത്തന്നെയാണ് ഫാമിലി പോലെ മധ്യതിരുവിതാംകൂറും സഞ്ചരിക്കുന്നത്. അത് നിലകൊള്ളുന്നതും ക്രിസ്തീയ സമുദായ പരിസരങ്ങളില്‍ തന്നെ. എന്നാല്‍, സാമുദായിക, കുടുംബ പശ്ചാത്തലങ്ങളെ വിശദീകരിക്കാനും വിശകലനം ചെയ്യാനുമൊന്നും മുതിരുന്നില്ല. വിമര്‍ശിക്കുന്നുമില്ല. പലതരത്തിലുള്ള മനുഷ്യര്‍ പറയുന്ന പലതരം കഥകളാണ് മധ്യതിരുവിതാംകൂര്‍. പലതരം കഥകളിലെ പലതരം മനുഷ്യരുടെ പലതരം കുടുംബങ്ങള്‍.
1956 എന്നാല്‍ കേരള സംസ്ഥാനം നിലവില്‍ വന്ന വര്‍ഷമാണ്. ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങാന്‍ പോകുന്നേയുള്ളൂ. '60 ലാണ് ഭൂപരിഷ്‌കരണം നിയമമാകുന്നത്. ഇടുക്കിയിലെ ആദ്യകാല കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് 'കാട്ടുപോത്ത്' എന്ന് ആദ്യം നാമകരണം ചെയ്യപ്പെട്ടിരുന്ന '1956, മധ്യതിരുവിതാംകൂര്‍' എന്ന സിനിമയിലെ സംഭവങ്ങള്‍ അരങ്ങേറുന്നത്. മനുഷ്യവാസം തീരെയില്ലാത്ത ഹൈറേഞ്ചിലേക്ക് കോട്ടയത്ത് നിന്നും വന്ന കോര, ഓനന്‍ എന്നീ രണ്ട് സഹോദരന്മാരാണ് കഥയിലെ പ്രധാന പാത്രങ്ങള്‍. അവര്‍ ഒരു കൂട്ടം ആളുകളുമായി കാട്ടുപോത്തിനെ വേട്ടയാടാന്‍ പുറപ്പെട്ടു. അവരുടെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അവരുടെ ജീവിതവഴികള്‍ അദ്ഭുതകരവും ഇതിഹാസമാനങ്ങളുള്ളതുമായി നാം കേള്‍ക്കുന്നു. പോത്തുവേട്ടയില്‍ അവര്‍ക്കൊപ്പം ചേരുന്ന മറ്റ് മനുഷ്യരുടെ അനേകം വിചിത്രകഥകളും കോരയുടെയും ഓനന്റെയും ഇതിഹാസത്തോട് ചേരുന്നു.
വിവാഹമോചനം പോലും കൊടുംപാപമായി ഗണിക്കപ്പെടുന്ന ഘടനയാണ് ക്രിസ്തീയ സമുദായത്തിന്റേത്. 'സൃഷ്ടിയുടെ ആരംഭത്തില്‍ ആണും പെണ്ണുമായി ദൈവം അവരെ സൃഷ്ടിച്ചു. അതിനാല്‍ മനുഷ്യന്‍ അപ്പനെയും അമ്മയെയും വിട്ട് ഇണയോട് പറ്റിച്ചേരും. ഇരുവരും ഒരു ദേഹമായിത്തീരും; പിന്നെയവര്‍ രണ്ടല്ല, ഒരു ദേഹമത്രേ. ആകയാല്‍ ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുത്' എന്ന് മര്‍ക്കോസിന്റെ സുവിശേഷം പറയുന്നു.
'സന്തോഷത്തിന്റെ ഒന്നാം രഹസ്യ'വും ഫാമിലിയും ബഹുവര്‍ണച്ചട്ടങ്ങളിലാണ് നാം കാണുന്നത്. ഡോണിന്റെ കുറേക്കൂടി നിഗൂഢതയുള്ള മുന്‍ ചിത്രങ്ങളെല്ലാം മോണോക്രോം ഫ്രെയിമുകളാണ്. വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്ന, എന്റര്‍ടെയിന്‍മെന്റ് മേഖലയിലെ മാധ്യമ റിപ്പോര്‍ട്ടറായ മരിയയും സ്ഥിരവരുമാനം ഇല്ലാത്ത ചെറുകിട നടനായ ജിതിനും നടത്തുന്ന എണ്‍പത്തഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ളൊരു കാര്‍ യാത്രയുടെ ഒരൊറ്റ ഷോട്ട് ചിത്രീകരണം എന്ന നിലയില്‍ മലയാള സിനിമയിലെ വ്യത്യസ്തമായ പരീക്ഷണമാണ് സന്തോഷത്തിന്റെ ഒന്നാം രഹസ്യം. ഇടക്കൊന്നു രണ്ടു വട്ടം കാറിന് പുറത്തിറങ്ങുന്നതൊഴിച്ചാല്‍ മറ്റ് രംഗങ്ങളോ ഇടയില്‍ അല്‍പസമയം ഒപ്പം കാറില്‍ കയറുന്ന സ്ത്രീയൊഴിച്ചാല്‍ മറ്റ് കഥാപാത്രങ്ങളോ ഇല്ല. ഗര്‍ഭപരിശോധനക്കായി ക്ലിനിക്കില്‍ പോവുകയാണവര്‍. മരിയ ഗര്‍ഭിണിയാണെന്ന ചിന്തയില്‍ ഇരുവരും വലിയ സമ്മര്‍ദ്ദത്തിലാണ്. അങ്ങനെ അവര്‍ പരസ്പരം തര്‍ക്കിക്കുകയും പങ്കാളിയുടെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കുകയും അശ്രദ്ധമായി തങ്ങളെക്കുറിച്ചും തങ്ങളുടെ ബന്ധത്തെക്കുറിച്ചും ഇതര ബന്ധങ്ങളെക്കുറിച്ചും 'സത്യസന്ധ' വര്‍ത്തമാനങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നു.
'വിശ്വാസ'വും ജീവിതവും തമ്മിലുള്ള വൈരുധ്യം ഇതിലും പ്രകടമാണ്. കന്യാമറിയത്തോടുള്ള ജപമാല പ്രാര്‍ഥനയിലാണ് തുടക്കം. ഓരോ ദിവസത്തെയും പ്രാര്‍ഥന, സന്തോഷത്തിന്റെ ഓരോ രഹസ്യം തേടലാണ്. മറിയത്തിന്റെ ഗര്‍ഭത്തില്‍ അവതരിച്ച തിരുപ്പിറവിയുടെ സന്തോഷമാണ് ഒന്നാം പ്രാര്‍ഥനയിലെ സന്തോഷത്തിന്റെ രഹസ്യമെങ്കില്‍, സിനിമയിലെ മേരിക്ക് (മരിയ) ഗര്‍ഭധാരണത്തെക്കുറിച്ച തന്റെ സംശയം പോലും ഉണ്ടാക്കുന്നത് സന്താപവും ഭീതിയും ഉത്കണ്ഠയുമാണ്. ഈ സംശയത്തിലാണ് അവര്‍ പരസ്പരം കുറ്റങ്ങള്‍ ചുമത്തുന്നതും വഴക്കടിക്കുന്നതും. വിശ്വാസത്തില്‍ അവര്‍ തേടുന്ന സന്തോഷത്തിന് വിപരീതമാണ് അവര്‍ കാംക്ഷിക്കുന്ന സന്തോഷം.
** ** ***
പ്രത്യക്ഷത്തില്‍ നന്മമരവും പൊതുജനോപകാരിയും സകലരുടെയും അഭ്യുദയകാംക്ഷിയുമായ, മധ്യകേരളത്തിലെ ഒരു ഗ്രാമീണ കത്തോലിക്കന്‍ കുടുംബാംഗമായ സോണിയുടെ (വിനയ് ഫോര്‍ട്ട്) പ്രത്യക്ഷ വ്യക്തിത്വത്തിന്റെ പിന്നിലുള്ള ചില യാഥാര്‍ഥ്യങ്ങളിലേക്ക് സൂചനകള്‍ തരികയാണ് 'ഫാമിലി' സിനിമ. അയാളുടെ നിഗൂഢതകള്‍ക്ക് അവിചാരിതമായും ഭാഗികമായും സാക്ഷ്യം വഹിക്കേണ്ടി വന്ന ചിലരുടെ അസ്വാസ്ഥ്യങ്ങള്‍ക്ക് യാതൊരു വിലയുമുണ്ടായില്ലെന്ന് മാത്രമല്ല, 'നന്മയുള്ള കുഞ്ഞാടുക'ളെ അവരുടെ രഹസ്യങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കുമൊപ്പം അതീവ ശ്രദ്ധയോടെയും സജീവമായും സംരക്ഷിച്ചു നിര്‍ത്തുന്ന മതാധികാര വ്യവസ്ഥിതി ആ അസ്വസ്ഥരെ നിശ്ശബ്ദരാക്കുകയോ അവരുടെ മേല്‍ കുറ്റം ചുമത്തുകയോ ചെയ്യുന്നു. കേന്ദ്രീകൃതമായ എക്ലെസിയാസ്റ്റിക്കല്‍ അതോറിറ്റി, കുടുംബം എന്ന സ്ഥാപനത്തെ അത്രമേല്‍ ഇടുങ്ങിയതും അടഞ്ഞതുമായ ഒരു ക്ലോസെറ്റ് ആക്കി മാറ്റിയിരിക്കുകയാണ്. ക്രൈസ്തവ സമുദായഘടനയില്‍ സഭാധികാരത്തിന്റെ അടിത്തറയാണ് 'വിശുദ്ധ കുടുംബ'വും അതിന്മേലുള്ള നിയന്ത്രണവും. പീഡിതര്‍ക്ക് പോലും ഒരിക്കലും രക്ഷപ്പെടാനാവാത്ത ഒരു കെണിയായും പുരുഷപക്ഷ മതാധികാര വ്യവസ്ഥിതി കുടുംബത്തെ മാറ്റിയിരിക്കുന്നു. അമര്‍ഷം കടിച്ചു പിടിച്ചു ജീവിക്കുന്നവനായാണ് സോണിയുടെ അനിയന്‍ നോബിയെ (മാത്യു തോമസ്) നാം കാണുന്നത്. വീട് വിട്ടുപോകുന്ന നീതുവാകട്ടെ (നില്‍ജ കെ. ബേബി) പോയത് പോലെ തിരിച്ചുവരികയും ചെയ്തു. ഇരകളായിത്തീരുന്ന സുബിനും (ഹൃദേഷ്) നീതുവുമെല്ലാം ഈ എലിക്കെണിക്കകത്ത് ബന്ധിതരാണ്. കാര്യങ്ങള്‍ അല്‍പസ്വല്‍പം മനസ്സിലാക്കി, അത് ഉറപ്പുവരുത്താന്‍ മുതിരുന്ന റാണി (ദിവ്യപ്രഭ) ആദ്യം ജ്യേഷ്ഠത്തി ജയയാലും (അഭിജ ശിവകല) ശേഷം തികച്ചും ആധികാരികമായി സിസ്റ്ററാന്റിയാലും (കെ.കെ ഇന്ദിര) നിശ്ശബ്ദയാക്കപ്പെടുന്നുമുണ്ട്.
വിവാഹമോചനം പോലും കൊടുംപാപമായി ഗണിക്കപ്പെടുന്ന ഘടനയാണ് ക്രിസ്തീയ സമുദായത്തിന്റേത്. 'സൃഷ്ടിയുടെ ആരംഭത്തില്‍ ആണും പെണ്ണുമായി ദൈവം അവരെ സൃഷ്ടിച്ചു. അതിനാല്‍ മനുഷ്യന്‍ അപ്പനെയും അമ്മയെയും വിട്ട് ഇണയോട് പറ്റിച്ചേരും. ഇരുവരും ഒരു ദേഹമായിത്തീരും; പിന്നെയവര്‍ രണ്ടല്ല, ഒരു ദേഹമത്രേ. ആകയാല്‍ ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുത്' എന്ന് മര്‍ക്കോസിന്റെ സുവിശേഷം പറയുന്നു. എന്നാല്‍ ക്രിസ്തു ഇത് പറയുന്നത് ഒരു നിയമപ്രമാണമായാണെന്ന് തോന്നുന്നില്ല. പ്രണയത്തെയും രതിയെയും കുറിച്ച ഏറ്റവും സര്‍ഗാത്മകമായ കാഴ്ചപ്പാടാണിതെന്നാണ് ഈ കുറിപ്പുകാരന്റെ പക്ഷം. നിനക്ക് ഏറ്റവും കടപ്പാടുള്ളത് അമ്മയോടാണെന്ന് പഠിപ്പിക്കുന്ന നബിവചനം കടപ്പാടിന്റെ കാര്യമാണ് പറയുന്നത്. അതിലപ്പുറം ഇണയോട് പറ്റിച്ചേരാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന പ്രണയത്തെ പുണ്യമുള്ള ആത്മീയാനുഭൂതിയായാണ് പ്രവാചകനും പരിഗണിച്ചത്.
സാമൂഹിക ഭദ്രതയുമായി ബന്ധപ്പെട്ട മൂല്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള ചട്ടക്കൂടാണ് വിവാഹം എന്ന് ഇതെഴുതുന്നയാള്‍ കരുതുന്നു. അതിലെ അംഗങ്ങള്‍ തമ്മില്‍ വലുപ്പച്ചെറുപ്പങ്ങളില്ല. എല്ലാവരുടെയും അഭിലാഷങ്ങളും അഭിനിവേശങ്ങളും അതില്‍ ഒരുപോലെ പരിഗണിക്കപ്പെടുന്നു. എന്നാല്‍ മൂല്യങ്ങള്‍ അവഗണിക്കപ്പെടുകയും ചട്ടക്കൂടുകള്‍ പവിത്രീകരിക്കപ്പെടുകയും ചെയ്തതോടെ കുടുംബം ഏറ്റവും കടുത്ത ഒരധികാരഘടനയായി മാറി. മേല്‍ക്കോയ്മയുടെ തത്വങ്ങളാണ് പിന്നെയതില്‍ പ്രയോഗിക്കപ്പെട്ടത്. ഇപ്രകാരം വാഴ്ത്തപ്പെട്ട, പൊള്ളയായ ചട്ടക്കൂടുകളായിരുന്നു പുരോഹിതാധികാരത്തിനും പ്രിയങ്കരമായിത്തീര്‍ന്നത്.
ഡോണിന്റെ സിനിമയില്‍ ദൈവവും മതവും പുരോഹിതനും നിരന്തരം കുടുംബത്തില്‍ ഇടപെട്ടു കൊണ്ടിരിക്കുന്നുണ്ട്. എന്നല്ല, സംഭവങ്ങളെല്ലാം ഇഴ ചേര്‍ക്കുന്നത് തന്നെ പൗരോഹിത്യത്തിന്റെയും പള്ളിയുടെയും ഫ്രെയിമിനകത്താണ്. വിവാഹ, മരണ കൂദാശകള്‍, ദിവ്യബലിയുടെയും അനുതാപത്തിന്റെയും ശുശ്രൂഷകള്‍, പ്രാര്‍ഥനകള്‍, ഈസ്റ്റര്‍, കുരുത്തോലപ്പെരുന്നാള്‍, വീട്ടുചടങ്ങുകള്‍ തുടങ്ങിയ ആചാരങ്ങളുടെ വിശദമായ കാഴ്ചകള്‍ക്ക് പുറമെ, ധ്യാനകേന്ദ്രം, പള്ളിക്കൗണ്‍സലിങ്, സണ്‍ഡേ സ്‌കൂള്‍, പള്ളി വക ശ്രമദാനങ്ങള്‍ തുടങ്ങിയവയും ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒപ്പം വികാരിയച്ചന്റെയും കന്യാസ്ത്രീകളുടെയും സാന്നിധ്യവും.
** ** ***
എപ്പോഴും വൃത്തിയിലും വെടിപ്പിലും നടക്കുന്നയാളാണ് സോണി. ഒപ്പം നാട്ടിലെ എല്ലാ സേവന പ്രവര്‍ത്തനങ്ങളിലും അയാളുണ്ടാകും. കുഴിയില്‍ വീണ പശുവിനെ പൊക്കിയെടുക്കുന്നതിലും മരണ വീട്ടിലേക്ക് റോഡ് വെട്ടിക്കൊടുക്കുന്നതിലും മുന്‍പന്തിയില്‍ അയാളുണ്ടാകും. പള്ളിക്കും പ്രിയപ്പെട്ടവനായ അയാള്‍ വികാരിയച്ചനോടൊപ്പം മത ചടങ്ങുകളിലും പ്രാര്‍ഥനകളിലും സംബന്ധിക്കും. കുട്ടികള്‍ക്ക് ട്യൂഷനെടുക്കുകയും കവിതയും പാട്ടും പഠിപ്പിക്കുകയും ചെയ്യും.
ബന്ധുക്കളായ കുട്ടികളെത്തന്നെയാണ് അയാള്‍ ചൂഷണത്തിനിരയാക്കുന്നത്. റോയിപ്പാപ്പന്റെ മകന്‍ സുബിനെ സിനിമക്ക് പോകാനാണ് അയാള്‍ വീട്ടില്‍ നിന്ന് കൊണ്ടുപോകുന്നത്. പിന്നെ നാം കാണുന്നത് അവന്റെ ചുണ്ടിനും കഴുത്തിനും ചെറിയ മുറിപ്പാടുകളുള്ളതായാണ്. എന്നിട്ടും അതേ കുട്ടിക്ക് തന്നെ സദാചാരം ഉപദേശിക്കുന്നതില്‍ അയാള്‍ക്ക് യാതൊരുളുപ്പും തോന്നുന്നില്ല.
അതേസമയം വേദിയില്‍ മാര്‍ഗം കളിക്കുന്ന പെണ്‍കുട്ടികളെ നോക്കുമ്പോഴും മഴ നനഞ്ഞു നില്‍ക്കുന്ന കുട്ടികള്‍ക്കൊപ്പം നില്‍ക്കുമ്പോഴും അയാളുടെ കണ്ണുകളിലെ വികൃതാസക്തി നമ്മള്‍ കാണുന്നു. നിസ്സഹായയായ പെണ്ണൊരുത്തിയെ പറഞ്ഞു പറ്റിച്ചിട്ട് ഒട്ടും കുറ്റബോധം കൂടാതെ മറ്റൊരുത്തിയെ പെണ്ണ് കാണാന്‍ പോകുന്നു. എന്നിട്ടും വഞ്ചിതയായ അതേ പെണ്ണിനോട് വൈകാരികമായി സംസാരിക്കാനും അവള്‍ക്ക് തന്നെ സംഭവിച്ചതിന് പുറമെ സോണി അനുഭവിക്കുന്ന 'മനഃക്ലേശ'ത്തിന് കൂടി ഉത്തരവാദി അവള്‍ തന്നെയാണെന്ന് അവളെക്കൊണ്ട് തന്നെ പറയിക്കാനും അയാള്‍ക്ക് സാധിക്കുന്നു. ബന്ധുക്കളായ കുട്ടികളെത്തന്നെയാണ് അയാള്‍ ചൂഷണത്തിനിരയാക്കുന്നത്. റോയിപ്പാപ്പന്റെ മകന്‍ സുബിനെ സിനിമക്ക് പോകാനാണ് അയാള്‍ വീട്ടില്‍ നിന്ന് കൊണ്ടുപോകുന്നത്. പിന്നെ നാം കാണുന്നത് അവന്റെ ചുണ്ടിനും കഴുത്തിനും ചെറിയ മുറിപ്പാടുകളുള്ളതായാണ്. എന്നിട്ടും അതേ കുട്ടിക്ക് തന്നെ സദാചാരം ഉപദേശിക്കുന്നതില്‍ അയാള്‍ക്ക് യാതൊരുളുപ്പും തോന്നുന്നില്ല. മറ്റൊരു ബന്ധുവിന്റെ മകള്‍ക്ക് ട്യൂഷനെടുക്കാന്‍ പോയപ്പോള്‍, വീട്ടില്‍ എല്ലാവരുമുണ്ടായിരിക്കെ ചൂഷണം ചെയ്യുന്നതിന്റെ സൂചനകള്‍. അയാളുടെ കുമ്പസാരത്തില്‍ പക്ഷേ ഇതൊന്നും കടന്നുവരുന്നില്ലെന്ന് മാത്രമല്ല, തീരുമാനിച്ചു വെച്ച അതിക്രമത്തിന് സമയമായോന്ന് അന്നേരമയാള്‍ വാച്ചില്‍ നോക്കിക്കൊണ്ടിരിക്കുന്നുമുണ്ട്.
ട്യൂഷനെടുക്കുന്നതിനിടയില്‍ അയാള്‍ എഴുന്നേല്‍ക്കുമ്പോള്‍ വാതില്‍ തുറന്നിട്ടിട്ടുണ്ട്. അയാളെ മറയ്ക്കുന്ന ചുവരിനിപ്പുറത്ത് പെണ്‍കുട്ടിയുടെ അച്ഛന്‍ ടി.വി കണ്ടുകൊണ്ടിരിക്കുന്നു. ടി.വി സീരിയല്‍ കാണുന്നതു കൊണ്ടാണ് പുതുതലമുറ നശിച്ചു പോകുന്നതെന്ന സിസ്റ്ററാന്റിയുടെ വിലാപം (ഉപദേശം) സാര്‍ഥകമാകുന്നത് അവര്‍ തന്നെ കരുതാത്ത രീതിയിലാണെന്ന് തോന്നുന്നു. ഇതേ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ മരണവീട്ടില്‍ കണ്ടിരിക്കെ, അയാള്‍ ബൈക്കെടുത്ത് അവളുടെ വീട്ടില്‍ വരികയും ബെല്ലടിക്കുകയും ചെയ്യുന്നു. അന്നേരം വീട്ടില്‍ ഒറ്റക്കുള്ള കുട്ടി വാതില്‍ തുറക്കുന്നില്ല. പക്ഷേ, കഠിനാധ്വാനിയും നല്ലവനും സല്‍സ്വഭാവിയും ഉപദേശിയും സര്‍വ്വോപരി ഗുരുനാഥനുമായ അയാള്‍ക്കെതിരെ അവള്‍ക്ക് പരാതിപ്പെടാന്‍ പറ്റുമായിരുന്നില്ല. അഥവാ, പരാതിപ്പെട്ടാലും; 'മുള്ള് ഇലയില്‍ വീണാലും ഇല മുള്ളില്‍ വീണാലും' എന്ന മഹാസത്യവാക്യം നാം സിനിമയില്‍ത്തന്നെ കേള്‍ക്കുന്നുമുണ്ടല്ലോ. താന്‍ നേരിട്ട് കണ്ട സത്യം പറയുന്നതില്‍ നിന്ന് റാണിയെ തടയുകയാണ് ജയ. സിസ്റ്ററാന്റിയാകട്ടെ, അതില്‍ അവളോട് നീരസം പ്രകടിപ്പിക്കുന്നു. സോണിയെ വാഴ്ത്തിപ്പാടുകയാണ് അന്നേരം രണ്ടുപേരും. 'വെള്ള പൂശിയ ശവക്കല്ലറകള്‍' എന്ന് പൗരോഹിത്യത്തെ ആക്ഷേപിച്ചത് യേശുക്രിസ്തു തന്നെയാണല്ലോ. സോണിയുടെ വൃത്തിയുള്ള വേഷവും ഇതിലേക്ക് സൂചന തരുന്നത് തന്നെ.
ഇത് മധ്യതിരുവിതാംകൂറിലെയോ കത്തോലിക്കാ കുടുംബത്തിലെയോ മാത്രം കഥയുമല്ല. കാപട്യം ഒളിഞ്ഞു നില്‍ക്കുന്ന ഇടനാഴികള്‍ കണ്ടിട്ടും പരിചയിച്ചിട്ടുമില്ലാത്ത ആളുകള്‍ നമുക്കിടയില്‍ വളരെക്കുറവായിരിക്കും. സിനിമയില്‍ ഒളിഞ്ഞിരിക്കുന്ന പുലിയെ കാണുന്നതും തിരിച്ചറിയുന്നതും കുട്ടികളാണെന്നത് ശ്രദ്ധേയമാണ്.
അപ്പോള്‍ ഇത് ഒരു ഫാമിലിയുടെ മാത്രം കഥയല്ല. ആ ഇടവക മുഴുവന്‍ ഒരു ഫാമിലി പോലെയാണ് സിനിമയില്‍ വരുന്നത്. ആധിപത്യ ഘടനകളില്‍ ഏറ്റവും ഗൂഢവും ശക്തവും എന്ന നിലക്ക് ഇക്കാലത്തെ കുടുംബവ്യവസ്ഥയെ നാം കാണുമ്പോള്‍, സിനിമയിലെ ഫാമിലി മൊത്തം അധികാര വ്യവസ്ഥയുടെ രൂപകവും ആയിത്തീരുന്നു. ഒഡിഷയിലും മണിപ്പൂരിലുമൊക്കെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍പ്പോലും സംഘി രാഷ്ട്രീയത്തിന് കുട പിടിക്കുന്ന ചില ഇവാഞ്ജലിക്കല്‍ സംഘികളെ ഓര്‍മ വരും ജയയുടെയും സിസ്റ്ററാന്റിയുടെയും ഉപദേശങ്ങള്‍ കേള്‍ക്കുമ്പോള്‍.
അതോടൊപ്പം ഇത് മധ്യതിരുവിതാംകൂറിലെയോ കത്തോലിക്കാ കുടുംബത്തിലെയോ മാത്രം കഥയുമല്ല. കാപട്യം ഒളിഞ്ഞു നില്‍ക്കുന്ന ഇടനാഴികള്‍ കണ്ടിട്ടും പരിചയിച്ചിട്ടുമില്ലാത്ത ആളുകള്‍ നമുക്കിടയില്‍ വളരെക്കുറവായിരിക്കും. സിനിമയില്‍ ഒളിഞ്ഞിരിക്കുന്ന പുലിയെ കാണുന്നതും തിരിച്ചറിയുന്നതും കുട്ടികളാണെന്നത് ശ്രദ്ധേയമാണ്.
ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് നിര്‍മമതയോടെ വെളിച്ചം വീശുക മാത്രമാണ് ഡോണ്‍ പാലത്തറ ചെയ്യുന്നത്. പ്രമേയത്തിലെ നിഗൂഢത അനുഭവിപ്പിക്കുന്നതാണ് പ്രകൃതിയുടെ ലോങ്‌ഷോട്ടുകള്‍. ഇക്കാര്യത്തില്‍ ഛായാഗ്രാഹകന്‍ ജലീല്‍ ബാദുഷയുടെ മിടുക്കും പ്രസ്താവ്യമാണ്. ചിത്രത്തിന്റെ കാസ്റ്റിങ് മികവുറ്റതാണ്. അഭിനേതാക്കളെല്ലാം തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്.