Quantcast
MediaOne Logo

ഇര്‍ഫാന്‍ എം.

Published: 2 Oct 2024 11:26 AM GMT

ഫൈനല്‍ സൊലൂഷന്‍: ഇനിയും ഉത്തരം കിട്ടാത്ത ഒരു ഇന്ത്യന്‍ ചോദ്യം

ഡോകുമെന്ററി പലഘട്ടങ്ങളിലും നിരോധിക്കപ്പെട്ടു. സംവിധായകന്‍ തന്നെ സിനമയുടെ പൈറൈറ്റ്‌സ് കോപ്പികള്‍ പുറത്തിറക്കി നിരോധനത്തെ മറികടക്കുകയായിരുന്നു. ജനങ്ങള്‍ ഏതുവിധേനയും യാഥാര്‍ഥ്യം മനസ്സിലാക്കണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചു.

ഫൈനല്‍ സൊലൂഷന്‍: ഇനിയും ഉത്തരം കിട്ടാത്ത ഒരു ഇന്ത്യന്‍ ചോദ്യം
X

ഇന്ത്യയെ ഇന്നും വേട്ടയാടുന്ന ഏറ്റവും വലിയ പ്രശ്‌നത്തിന്റെ അന്തിമ പരിഹാരം തേടി, ഗുജറാത്ത് കലാപത്തിന്റെ ഇരകളിലൂടെയും സംഭവവികാസങ്ങളിലൂടെയുമുള്ള രാകേഷ് ശര്‍മ എന്ന സംവിധായകന്റെ യാത്രയാണ് 'final solution'. 2004 ല്‍ പുറത്തിറങ്ങിയ ഈ ഡോക്യൂമെന്ററി 20 വര്‍ഷം പിന്നിട്ടിട്ടും അതേ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യേണ്ടിവരുന്നു എന്നത് ഒരേസമയം ഇന്ത്യയുടെ ദുരവസ്ഥയും ഡോക്യുമെന്ററിയുടെ കാലാതീതത്വവും തെളിയിക്കുന്നു.

2002 ഫെബ്രുവരി 27ന് അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന ഹിന്ദു-തീര്‍ഥാടകരില്‍ 59 പേര്‍, ഗുജറാത്തിലെ ഗോധ്ര റെയില്‍വേ സ്റ്റേഷന് സമീപം സബര്‍മതി എക്സ്പ്രസിനുള്ളില്‍ തീ പിടിത്തത്തില്‍ കൊല്ലപ്പെടുന്നു. തുടര്‍ന്ന് ഭീകരമായ നരനായാട്ടും നരോദ പാട്യ ഉള്‍പ്പെടെയുള്ള കൂട്ടക്കൊലകള്‍ക്കും വ്യാപകമായ മുസ്‌ലിം വംശഹത്യക്കുമാണ് ഗുജറാത്ത് സാക്ഷ്യം വഹിച്ചത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്തിയായിരുന്ന നരേന്ദ്ര മോദി, ഹിന്ദു ഭൂരിപക്ഷ വോട്ട് ലക്ഷ്യം വെച്ചുകൊണ്ട് തന്റെ ഗൗരവ് യാത്രയിലൂടെ ആ വിദ്വേഷത്തെ വീണ്ടും ആളിപടര്‍ത്തി. തുര്‍ന്നുണ്ടായ കലാപത്തിലുടനീളം 2000 ല്‍ പരം ആളുകള്‍ കൊല്ലപ്പെട്ടു എന്നാണ് അനൗദ്യോഗിക കണക്കുകള്‍.

കുടുംബത്തിലെ മുഴുവനാളുകളും കത്തിയമരുന്നതും പിഞ്ചോമനകളെ പീഡിപ്പിക്കപ്പെടുന്നതും, തലമുറകള്‍ ഇല്ലാതാകുന്നതും കണ്മുന്നില്‍ കാണേണ്ടി വന്ന പലരുടെയും ഭീകരാനുഭവങ്ങളുടെ മറയില്ലാത്ത കണ്ണാടിയാണ് Final Solution. കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ട് ക്യാമ്പുകളിലും കോളനികളിലും കഴിയുന്ന സുല്‍ത്താനയെ പോലുള്ളവര്‍ ഇനി ആ ഗ്രാമങ്ങളിലേക്ക് പോകാനാവില്ല എന്ന് ഭീതിയോടെ സംസാരിക്കുന്നു.


| 'ഫൈനല്‍ സൊലൂഷന്‍' ഡോകുമെന്ററിയില്‍ നിന്ന്.

ഗോധ്ര സംഭവവും തുടര്‍ന്നു നടത്തിയ കൂട്ടക്കൊലകളും, 2002 സെപ്തംബര്‍ 24 ന് ഗാന്ധിനഗറിലെ അക്ഷര്‍ധാം ക്ഷേത്ര സമുച്ചയത്തില്‍ പാകിസ്താന്‍ ഭീകരര്‍ നടത്തിയ ആക്രമണവുമെല്ലാം കൂട്ടിക്കെട്ടി ബിജെപിയും മോദിയും മുസ്‌ലിം വിദ്വേഷം വളര്‍ത്തിയതും, അതിനെ തെരഞ്ഞെടുപ്പ് ആയുധമാക്കിയതും അതിന്റെ പേരില്‍ അധികാരം പിടിച്ചെടുക്കുന്നതുമെല്ലാം പകല്‍ പോലെ ഡോക്യുമെന്ററിയില്‍ വ്യക്തമാക്കുന്നു.

2005-ല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ്-പ്രത്യേക ജൂറി അവാര്‍ഡ് (നോണ്‍-ഫീച്ചര്‍ ഫിലിം) ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ തേടിവന്നെങ്കിലും ഗവണ്മെന്റില്‍ നിന്നും പലതരത്തിലുള്ള പ്രതിബന്ധങ്ങള്‍ Final Solution ന് നേരിടേണ്ടി വന്നിട്ടുണ്ട്. ഗവണ്മെന്റ് പല ഘട്ടങ്ങളിലും ഡോക്യുമെന്ററി ബാന്‍ ചെയ്തു. എന്നാല്‍, ഡയറക്ടര്‍ രാകേഷ് ശര്‍മ തന്നെ pirated കോപ്പികള്‍ പുറത്തിറക്കി അതിനെ നേരിടുകയായിരുന്നു. സാധാരണ ജനങ്ങള്‍ ഏതുവിധേനയും യാഥാര്‍ഥ്യം മനസ്സിലാക്കണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചു.

''മുസ്‌ലിം - ഹിന്ദു വിദ്വേഷത്തിനുള്ള അന്തിമ പരിഹാരം എന്താണ്''എന്ന് കലാപത്തിന്റെ ഇരകളില്‍ പലരോടും രാകേഷ് ശര്‍മ ചോദിക്കുന്നുണ്ട്. അവരുടെ ഉത്തരം വളരെ നിരാശാജനകമാണ്. എന്നാല്‍, ഈ documentary തന്നെ അതിനൊരു പരിഹാരമായി രാകേഷ് അവതരിപ്പിക്കുന്നു. ചരിത്രത്തിലേക്കും യഥാര്‍ഥ്യത്തിലേക്കും പ്രതിരോധത്തിന്റെ കണ്ണാടിയാകുന്ന ദൃശ്യകല തന്നെയാണ് അന്തിമ പരിഹാരം/ ഫൈനല്‍ സൊല്യൂഷന്‍. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഓരോ ഇന്ത്യന്‍ പൗരനും കണ്ടിരിക്കേണ്ട ഒരു ഡോക്യൂമെന്ററിയാണ് ഫൈനല്‍ സൊലൂഷന്‍.

Those who cannot remember the past are condemned to repeat it.' George Santayana



TAGS :