പ്രതിരോധങ്ങളുടെ ആവിഷ്‌കാരം കൂടിയാണ് ഡോക്യുമെന്ററികള്‍
വാസ്തവികതയുടെ സര്‍ഗാത്മക ആവിഷ്‌കാരമാണ് ഡോക്യുമെന്ററി. കാവ്യഭംഗിക്കപ്പുറം മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും നേരെയുള്ള തുറന്നുപറച്ചിലുകള്‍ കൂടിയാണിത്. ഇന്ത്യയില്‍ ഓരോ ദിവസവും ഡോക്യുമെന്ററി നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ മേഖലയില്‍ മികവ് തെളിയിച്ച പ്രതിഭകളുടെ വാക്കുകളിലൂടെ ഈ ചര്‍ച്ചയെ വായിച്ചെടുക്കാം.
ഡോക്യുമെന്ററി ഫിലിംമേക്കിങ്ങിലെ കാവ്യഭംഗിയും രാഷ്ട്രീയവും എന്ന വിഷയത്തെ അധികരിച്ച് മീഡിയവണ്‍ അക്കാദമി ഫിലിം ഫെസ്റ്റിവലില്‍ നടന്ന സെമിനാര്‍. ഇന്ത്യയിലെ ഡോക്യുമെന്ററി ശാഖയുടെ തുടക്കവും അതിന്റെ വളര്‍ച്ചയും ചര്‍ച്ച ചെയ്ത സെമിനാറില്‍ എസ്.എ അജിംസ് മോഡറേറ്ററായി. ഡോക്യുമെന്ററി സംവിധായകരായ ആര്‍.പി. അമുദന്‍, ദീപു, ഹാഷിര്‍, ശ്രീമിത്, മുസ്തഫ ദേശമംഗലം, സോഫിയ ബിന്ദ്, സന്ദീപ് രവീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സെഷനില്‍ കെ.ഇ.എന്‍ സമാപനം നിര്‍വഹിച്ചു.
എസ്.എ അജിംസ്: ഇന്ത്യന്‍ ഡോക്യുമെന്ററിയെ എങ്ങനെ നിര്‍വചിക്കാം?
ആര്‍.പി അമുദന്‍: അനായാസമായി നിര്‍വചിക്കാന്‍ സാധിക്കുന്ന ഒന്നല്ല ഡോക്യുമെന്ററി. എന്നാല്‍, അടിസ്ഥാനപരമായി വാസ്തവികതയുടെ സര്‍ഗാത്മക ആവിഷ്‌കാരമായി ഇതിനെ കണക്കാക്കാം. അതൊരിക്കലും ലളിതമായ റെക്കോര്‍ഡിങ്ങുകള്‍ മാത്രമല്ല, ഒരു കലാസൃഷ്ടികൂടിയാണ്. എന്നാല്‍, അത് സത്യത്തെ കബളിപ്പിക്കുന്നതുമാവരുത്. സിനിമയുടെ തുടക്കകാലം തൊട്ട് ജനങ്ങളില്‍ ഇന്ത്യയെക്കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1970 കളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അവകാശ ലംഘനങ്ങള്‍ക്ക് നേരെ വ്യത്യസ്തമായ ഡോക്യുമെന്ററികള്‍ നിര്‍മിക്കപ്പെട്ടു. ആനന്ദ് പടവര്‍ധന്റെ വേവ്‌സ് ഓഫ് റെവല്യൂഷനും, പ്രിസിനേഴ്‌സ് ഓഫ് കണ്‍സെന്‍സും ഇന്ത്യന്‍ രാഷ്ട്രീയ ഡോക്യുമെന്ററി ചരിത്രത്തില്‍ വലിയ പരിവര്‍ത്തനങ്ങളുണ്ടാക്കി. തുടര്‍ന്ന് 30 വര്‍ഷകാലയളവില്‍ നിരവധി ആക്ടിവിസ്റ്റ് ഡോക്യുമെന്ററി ഫിലിം മേക്കേഴ്‌സും വളര്‍ന്നുവന്നു.
കെ.പി.ശശി, വസുധ ജോഷി, ശരത്ചന്ദ്രന്‍, പി. ബാബുരാജ് തുടങ്ങി നിരവധിപേര്‍ ഞങ്ങളെപ്പോലുള്ളവര്‍ക്കും പ്രചോദനമായി. ആഗോളവത്കരണത്തിനുശേഷം സര്‍ഗാത്മക ഡോക്യുമെന്ററികളുടേയും പേഴ്‌സണല്‍ ഡോക്യുമെന്ററികളുടേയും വളര്‍ച്ച കൂടുതലായി. കാലക്രമമനുസരിച്ച്, ആദ്യം പ്രോപഗന്‍ഡ ഡോക്യുമെന്ററിയും പിന്നീട് ആക്ടിവിസ്റ്റ് ഡോക്യുമെന്ററിയും അതിനുശേഷം പേഴ്‌സണല്‍ ഡോക്യുമെന്ററിയിലേക്കും പരിവര്‍ത്തനമുണ്ടായി. മൊബൈല്‍ ഫോണ്‍ ഫിലിംമേക്കിങ് തുടങ്ങിയതോടെ സോഷ്യല്‍ മീഡിയയിലൂടെ സിനിമാപ്രസരണം എളുപ്പമായി. ഇന്ത്യന്‍ ഡോക്യുമെന്ററി ചരിത്രം ഇത്തരത്തില്‍ നാല് വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയി. ഡോക്യുമെന്ററി ഫിലിംമേക്കേഴ്സിന് ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ വലിയ പങ്കുണ്ട്.
ഒരു കലാരൂപം എന്ന നിലയില്‍ ഇന്ത്യന്‍ ഡോക്യുമെന്ററിയില്‍ കലാസൃഷ്ടി കുറഞ്ഞുപോയി എന്നു തോന്നുന്നുണ്ടോ?
മുസ്തഫ ദേശമംഗലം: ആഗോളവത്കരണത്തിന്റെ സമയത്താണ് ഡോക്യുമെന്ററി അതിന്റെ പുതിയ ധാരയിലേക്ക് വരുന്നത്. ഡോക്യുമെന്ററി അതിന്റെ ശില്‍പചാരുതയ്ക്ക് അപ്പുറത്ത്, ചൂഷണത്തിന് വിധേയമാകുന്നവരുടെ കൂടെനില്‍ക്കുന്നവയാണ്. ഡോക്യുമെന്ററി ദൈനംദിനം നവീകരിക്കപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. ഡോക്യുമെന്ററിക് ഒരിക്കലും കാല്‍പനികസൃഷ്ടി ആവാന്‍ സാധിക്കില്ല.
ഡോക്യൂമെന്ററി ഫിലിം മേക്കിങ്ങിന്റെ ന്യൂതന സാധ്യതകള്‍ എന്തെല്ലാമാണ്?
ശ്രീമിത്: ഡിജിറ്റലൈസേഷന് ശേഷം എല്ലാവരും ഡോക്യുമെന്ററി ഫിലിം മേക്കേഴ്‌സ് ആണ്. പണ്ടൊക്കെ സാങ്കേതികമായി എല്ലാത്തിനെക്കുറിച്ചുമുള്ള ധാരണ വേണമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് കുറച്ചുക്കൂടി എളുപ്പമായി. പക്ഷേ, ഡോക്യുമെന്ററി മേക്കിങ്ങില്‍ ക്യാമറവെക്കുമ്പോള്‍ എത്രത്തോളം വിവേകത്തോടെ കൈകാര്യം ചെയ്യാമെന്നുള്ളതും പ്രാധാന്യമുള്ള വിഷയമാണ്.
മട്ടാഞ്ചേരിയെകുറിച്ചുള്ള ഡോക്യുമെന്ററി ചെയ്തതിനുശേഷം അന്നുണ്ടായ സാഹചര്യങ്ങള്‍ ഇപ്പോഴത്തെ സോഷ്യല്‍മീഡിയ കാലത്തുനിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
ഹാഷിര്‍: സിനിമയോടുള്ള പ്രേക്ഷകരുടെ വിമര്‍ശനം കാലങ്ങളായിട്ടുള്ളതാണ്. മലപ്പുറത്തുനിന്നും മട്ടാഞ്ചേരി പോയി ഒരു സിനിമ ചെയ്യാനുള്ള കാരണം, അബ്ദുല്‍ നാസര്‍ മദനിയുടെ രണ്ടാമത്തെ അറസ്റ്റാണ്. അതുകൊണ്ട് രാഷ്ട്രീയം പറയാനുള്ള ഒരു വേദി കൂടിയാണ് ഡോക്യുമെന്ററി. ഡോക്യുമെന്ററിക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ ഒരു അംഗീകാരവും കിട്ടാത്ത വിഭാഗമാണ്. പക്ഷേ കെ.പി ശശിയെപോലെയുള്ള വ്യക്തികളില്‍ നിന്നും ദാര്‍ശനികമായ തലങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അത് ആളുകളുമായുള്ള അടുത്ത സമീപനത്തില്‍ നിന്നും ലഭിക്കുന്നതാണ്.
ഇരയാക്കപ്പെട്ടവരുടെ ജീവിതങ്ങള്‍ മാത്രം ഇന്ത്യന്‍ ഡോക്യുമെന്ററിയില്‍ വരുന്നത് എന്തുകൊണ്ടാണ്? ആഘോഷങ്ങള്‍ക്ക് പ്രാധാന്യം ഇല്ലാത്തത് എന്തുകൊണ്ട്?
സന്ദീപ് രവീന്ദ്രന്‍: എട്ട് വര്‍ഷത്തോളം സമയമെടുത്ത് തയാറാക്കിയ വളരെ മനോഹരമായ ഡോക്യുമെന്ററി ആണ് സിനിമ ട്രാവലേഴ്‌സ്. അത്തരത്തില്‍ ഒരുപാട് സെലിബ്രേറ്റഡ് ഡോക്യുമെന്ററികള്‍ നമുക്ക് കാണാന്‍ സാധിക്കും. പക്ഷേ, ഇങ്ങനെ വിക്ടിം കാറ്റഗറിയില്‍ മാര്‍ജിനലൈസ് ചെയ്യുമ്പോള്‍ പലപ്പോഴും സബ്‌ജെക്ടിന്റെ അതേ അവസ്ഥയിലേക്ക് തന്നെ മാറിപ്പോവുകയാണ് ഫിലിമിങും.
ഒ.ടി.ടി. സെര്‍വര്‍ കോസ്റ്റ് വളരെ കൂടുതല്‍ ആണ്. ഫിലിം സൊസൈറ്റി നെറ്റുവര്‍ക്കുകള്‍ 120 ഓളം കേരളത്തില്‍ തന്നെ പ്രാബല്യത്തില്‍ ഉണ്ട്. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ കേരളത്തില്‍ മാത്രം ഒരു റീജിയണ്‍ ലൊക്കേറ്റ് ചെയ്തിട്ടുണ്ട്. ഒ.ടി.ടി അല്ലാതെ വേറെ പല സമാന്തര നെറ്റുവര്‍ക്കുകള്‍ ഉണ്ട്. ചെറിയ ഒരുപാട് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ഉണ്ട്. പക്ഷേ, അതെല്ലാം പേരിനുമാത്രമായി ചുരുങ്ങി. വലിയ പ്ലാറ്റ്‌ഫോമുകലായ നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ തുടങ്ങിയവയെല്ലാം കച്ചവടം മാത്രമാണ് ലക്ഷ്യമാക്കുന്നത്. നല്ല സിനിമകളൊന്നും അതില്‍ നമുക്ക് കാണാന്‍ സാധിക്കില്ല. ഇതിന് സമാന്തര നെറ്റുവര്‍ക്കുകള്‍ എങ്ങനെ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നുള്ളതാണ് ഒരു മാര്‍ഗം.
ദീപു: ഒ.ടി.ടി.യുടെ വരവ് ഡോക്യുമെന്ററിയുടെ സ്വഭാവത്തെ ഗുണകരമായി സ്വാധീനിക്കില്ല. കാരണം, ഒ.ടി.ടി ബിസിനസ് കേന്ദ്രീകൃതമാണ്. വെബ് ഒരിക്കലും ഒരു വിശാലമനസ്‌കതയുള്ള മീഡിയം അല്ല.
സോഫിയ ബിന്ദ്: ന്യൂസ് പേഴ്‌സണായതുകൊണ്ട് പലപ്പോഴും വിക്ടിം എന്നുള്ള വാക്ക് കടന്നുവരും. പ്രത്യേകിച്ച് കേരളത്തിന്റെ പരിസരത്തില്‍ ഡോക്യുമെന്ററി ചെയ്യുമ്പോള്‍ രണ്ടുവാക്കുകള്‍ ആണ് പ്രധാനമായും വരുന്നത്. എക്‌സ്‌പ്ലോയിറ്റേഷനും, വിക്ടിമൈസേഷനും. ഡോക്യുമെന്ററി മേക്കിങ്ങില്‍ ഷോര്‍ട്ട്ഫിലിമും ഡോക്യുമെന്ററിയും തമ്മിലുള്ള അടുപ്പം എവിടെ നില്‍ക്കുന്നുവെന്നത് നമ്മള്‍ മനസ്സിലാക്കണം. ബി.ബി.സി ഡോക്യുമെന്ററിയില്‍ വികാരധീനമായ കാഴ്ചകള്‍ കുറവായിരുന്നു. എന്നാല്‍, കേരളത്തിന്റെ പരിസരത്തുള്ള ഡോക്യുമെന്ററികള്‍ക്ക് വൈകാരിക മുഹൂര്‍ത്തങ്ങള്‍ അനിവാര്യമാണ്. ഏതു വിഷയമായാലും അവതരണരീതി അനുസരിച്ചിരിക്കും ഡോക്യുമെന്ററിക്ക് ലഭിക്കുന്ന സ്വീകാര്യത.
കെ.ഇ.എന്‍: ഡോക്യുഫിലിമുകള്‍ക്ക് വലിയ ഊര്‍ജം ഉത്പാദിപ്പിക്കാന്‍ സാധിക്കും. ആനന്ദ് പട്‌വര്‍ധന്‍ കോഴിക്കോട് സര്‍വകലാശാലയില്‍ വന്ന സമയത്ത്, അദ്ദേഹം ഒരുപാട് സ്റ്റിക്കറുകളുമായാണ് വന്നത്. അതില്‍ ഒരു സ്റ്റിക്കര്‍ 'പ്രേം സെ കഹോ ഹം ഇന്‍സാന്‍ ഹെ' എന്നതായിരുന്നു. എന്നാല്‍ 'ഘര്‍ സേ കഹോ ഹം ഹിന്ദു ഹെ' എന്നത് അലര്‍ച്ചയായിട്ട് നില്‍ക്കുന്ന ഒരു കാലഘട്ടത്തിലാണ് അതിനെ പ്രതിരോധിക്കാനുള്ളൊരു മാര്‍ഗമായിട്ട് അദ്ദേഹം ഇത്തരത്തിലൊരുരീതി കൈക്കൊണ്ടത്. പ്രത്യക്ഷത്തില്‍ നിസാരമായി തോന്നുന്ന സകലകാര്യങ്ങളും പ്രസക്തമാണ്. എന്നാല്‍, ഏറ്റവും കുറ്റകരമായ കാര്യം പ്രതിരോധിക്കപ്പെടാതെ പോകുന്നതാണ്.
തയ്യാറാക്കിയത്: ഹഫീസ പി.കെ