ഗാന്ധി: സാധാരണക്കാരുടെ 'മഹാത്മാവും' ബൂര്‍ഷ്വാസിയുടെ ഉപകരണവും
സാധാരണ ജനങ്ങള്‍ ഗാന്ധിയില്‍ ഒരു വിമോചകനെ ദര്‍ശിക്കുകയുണ്ടായി. അക്രമരഹിതമായ ഖിലാഫത്ത്-നിസ്സഹകരണ സമരമാര്‍ഗത്തില്‍ ഉറച്ചുനിന്നാല്‍ ഒരു വര്‍ഷം കൊണ്ട് സ്വരാജ് നേടിയെടുക്കാമെന്ന ഗാന്ധിയുടെ വാക്കുകളില്‍ അവര്‍ എല്ലാ പ്രതീക്ഷയുമര്‍പ്പിച്ചു. ബ്രിട്ടീഷ് ഭരണത്തിനും ഇന്ത്യന്‍ ജനതക്കുമിടയില്‍ മൂര്‍ചിച്ഛുകൊണ്ടിരുന്ന വൈരുധ്യങ്ങള്‍ക്കിടയിലും ദേശീയ ഭരണവര്‍ഗങ്ങള്‍ക്കും കര്‍ഷക ജനസാമാന്യത്തിനുമിടയിലെ വര്‍ഗവൈരുധ്യങ്ങള്‍ക്കിടയിലും ഹിന്ദു-മുസ്‌ലിം മതവിഭാഗങ്ങള്‍ക്കിടയിലെ വൈരുധ്യങ്ങള്‍ക്കിടയിലും ഒരു മധ്യവര്‍ത്തി സ്ഥാപനം പോലെ ഇടപെടാനും എല്ലാ വൈരുധ്യങ്ങളെയും ബ്രിട്ടീഷ് ഭരണത്തിനെതിരായി തിരിച്ചുവിടാനുമുള്ള ഗാന്ധിയുടെ രാഷ്ട്രീയ അടവുകളും പ്രവര്‍ത്തനങ്ങളുമാണതിന് കാരണം. എന്നാല്‍, ഈ മധ്യവര്‍ത്തിത്വം ദുര്‍ബ്ബലമായപ്പോഴെല്ലാം ജനങ്ങള്‍ അക്രമാസക്തരാവുകയും ബ്രിട്ടീഷ് ഭരണത്തിന്നും ദേശീയ ഭരണവര്‍ഗങ്ങള്‍ക്കുമെതിരെ ആഞ്ഞടിക്കുകയും ചെയ്തു. അങ്ങിനെ ആഞ്ഞടിച്ചപ്പോഴെല്ലാം ഗാന്ധിയെന്ന 'മഹാത്മാവും' അവര്‍ക്കൊപ്പമുണ്ടെന്നവര്‍ കരുതി. ചൗരീചൗരയില്‍ മഹാത്മാഗാന്ധിക്ക് ജയ് വിളിച്ച് പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചവരുടെ വര്‍ഗവൈരം തന്നെയാണ് മലബാറില്‍ 'തക്ബീര്‍' വിളിച്ച് ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയുണ്ടകളെ നേരിട്ടവരുടെ നെഞ്ചിനുള്ളിലുമുണ്ടായിരുന്നത്. പക്ഷെ, ഗാന്ധിക്കത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. | 'ലിബറല്‍ ഗാന്ധിയും' 'ഫനാറ്റിക് മാപ്പിളയും': അവസാന ഭാഗം (11).
ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനവും അതിന്റെ സര്‍വസൈന്യാധിപനായിരുന്ന ഗാന്ധിയും സാധാരണക്കാരായ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരില്‍ ബ്രിട്ടീഷ് വിരുദ്ധതയുടെയും സ്വാതന്ത്ര്യവാഞ്ഛയുടെയും പ്രചോദനകേന്ദ്രമായി മാറിയെന്നത് അവിതര്‍ക്കിതമാണ്. ബൂര്‍ഷ്വാ-ഭൂപ്രഭുവര്‍ഗത്തിന് ബഹുജനങ്ങളെ കോണ്‍ഗ്രസ് കൊടിക്കീഴില്‍ അണിനിരത്താന്‍ കെല്‍പ്പുള്ള ജാലവിദ്യക്കാരനായിരുന്നു ഗാന്ധി. സാധാരണക്കാര്‍ക്ക് ഗാന്ധി അവധൂതനും വിമോചകനുമായിരുന്നു. അനിര്‍വചനീയമായതരത്തിലുള്ള 'ഗാന്ധി ഭക്തി' അവരെ ആസകലം ഗ്രസിച്ചിരുന്നു. 'ബുദ്ധന്‍, യേശു, മുഹമ്മദ് എന്നീ മഹാത്മാക്കളായ പ്രവാചകന്മാരുടെ ആദര്‍ശങ്ങളും ധാര്‍മികമൂല്യങ്ങളും എപ്രകാരത്തിലാണോ ലക്ഷോപലക്ഷം മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അവരുടെ ജീവിതകാലത്ത് മാത്രമല്ല, നൂറ്റാണ്ടുകള്‍ക്ക് ശേഷവും അനുപൂരകമായി വര്‍ത്തിച്ചത് അപ്രകാരം ഗാന്ധിയുടെ ആദര്‍ശങ്ങളും ധാര്‍മിക മൂല്യങ്ങളും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ അഭിലാഷങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും അനുഗുണമായിത്തീര്‍ന്നു'വെന്ന് അല്‍പം അതിശയോക്തി കലര്‍ത്തിയ ഇ.എം.എസിന്റെ വിവരണം തീര്‍ത്തും അസ്ഥാനത്താണെന്ന് പറഞ്ഞുകൂടാ.൧൧൯
മൊയാരത്ത് പറയുന്നു; സമഷ്ഠിയായി പറയാമെന്ന് വെച്ചാല്‍ ഖിലാഫത്ത്കാര്‍ ആദ്യമേ പ്രതീക്ഷിച്ചത് വേറെ വിധത്തിലായിരുന്നുവെന്ന് 1931 ല്‍ ബല്ലാരി ജയിലില്‍ വെച്ച് വാരിയന്‍കുന്നന്റെ അടുത്ത അനുയായികളില്‍ നിന്ന് കൂടി എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏറനാട്ടിലെ ഖിലാഫത്ത് നേതാക്കള്‍ അക്രമരാഹിത്യത്തില്‍ വിശ്വസിച്ചിരുന്നില്ല. കോണ്‍ഗ്രസ്സിന്റെ അക്രമരാഹിത്യവും ഒരു താല്‍ക്കാലിക രാഷ്ട്രീയ നയമാണ് എന്ന് കരുതി ഖിലാഫത്ത്കാര്‍ ഗത്യന്തരമില്ലാത്ത ഘട്ടത്തില്‍ സമരം പ്രഖ്യാപിക്കുമ്പോള്‍ വിചാരിച്ചത് രണ്ട് താലൂക്കുകള്‍ തങ്ങള്‍ പിടിച്ചുകഴിഞ്ഞാല്‍ തീര്‍ച്ചയായും രാജ്യ സ്വാതന്ത്ര്യം പരമസായൂജ്യമായി കരുതുന്ന കേരള സംസ്ഥാന കോണ്‍ഗ്രസ്സ് കമ്മിറ്റി കൂടി അതിനെ തുടര്‍ന്ന് സമരപ്രഖ്യാപനം ചെയ്യുമെന്നായിരുന്നു.
ഉത്തരേന്ത്യന്‍ ഗ്രാമീണര്‍ക്കിടയില്‍ ഗാന്ധിയൊരു രാഷ്ട്രീയനേതാവ് മാത്രമായിരുന്നില്ല; അഥവാ രാഷ്ട്രീയ നേതാവ് എന്ന നിലക്കല്ല ഗ്രാമീണ കര്‍ഷകര്‍ ഗാന്ധിദര്‍ശനത്തിന് വേണ്ടി തിക്കും തിരക്കും കൂട്ടി കോണ്‍ഗ്രസ് പരിപാടികളില്‍ സന്നിഹിതരായത്. നിരക്ഷരകുക്ഷികളായ കര്‍ഷക ജനസാമാന്യത്തിന് ഗാന്ധി അത്ഭുത ശേഷിയുള്ള ദൈവാവതാരമായിരുന്നു. ബീഹാറിലെ ഒരു ഗ്രാമത്തില്‍ ഖിലാഫത്ത്-സമരപ്രചരണ യാത്രക്കിടയില്‍ ഒരിടത്ത് വണ്ടിനിന്നുപോയപ്പോള്‍ നൂറ്റിനാല് വയസ്സ് പ്രായമായ ഒരു വയോധിക ഗാന്ധി ദര്‍ശനം തേടിയ കഥ ഡി.ജി ടെണ്ടുല്‍ക്കര്‍ വിവരിച്ചിട്ടുണ്ട്. 'എന്റെ കാഴ്ച മങ്ങിയിരിക്കുന്നു. ഞാന്‍ നിരവധി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. എന്റെ സ്വന്തം വീട്ടില്‍ തന്നെ ഞാന്‍ രണ്ടു ക്ഷേത്രങ്ങള്‍ ഉണ്ടാക്കി. രാമനെയും കൃഷ്ണനെയും പോലെ മഹാത്മാഗാന്ധിയും ഒരു അവതാരമാണ് എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. ആ അവതാരത്തെ കാണുന്നത് വരെ മരണം എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടില്ല' എന്നദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു.120 എവിടെ നിന്നാണ് അവരിത് കേട്ടത്? ആരാണിത്തരത്തിലുള്ള ഗാന്ധിക്കഥകള്‍ അടിച്ചിറക്കിയിരുന്നത്? ഇത്തരം ചോദ്യങ്ങള്‍ ദേശീയതയെക്കുറിച്ചുള്ള പത്രമാധ്യമ വിചാരങ്ങളില്‍ അക്കാലത്ത് തന്നെ ഇടംപിടിച്ചിരുന്നു. സാധാരണക്കാരായ ബഹുജനങ്ങളെ ഗാന്ധി ഭക്തരാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ അതാത് പ്രദേശങ്ങളിലെ ജന്മി-ബൂര്‍ഷ്വാ ശക്തികള്‍ക്ക് പ്രത്യേക താല്‍പര്യമുണ്ടായിരുന്നുവെന്ന് പില്‍ക്കാലത്ത് നടന്ന പഠനങ്ങളില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 'ഗാന്ധിയെ ദര്‍ശിക്കുകയും അദ്ദേഹത്തില്‍ ഭക്തരാവുകയും ചെയ്യുകയെന്ന ചുമതലയാണ് സാധാരണക്കാര്‍ക്ക് നല്‍കിയിരുന്നത്. ഇപ്രകാരം സ്വരൂപിക്കപ്പെടുന്ന ജനകീയ വികാരത്തെ സംഘടിതശക്തിയാക്കുകയെന്നത് നഗരങ്ങളിലെ ബുദ്ധിജീവികളുടെയും മുഴുവന്‍ സമയ പാര്‍ട്ടിപ്രവര്‍ത്തകരുടെയും ചുമതലയായിരുന്നു. ഈ കര്‍ഷക ഗാന്ധിഭക്തരും അവരുടെ മഹാത്മാവും തമ്മിലുള്ള ബന്ധത്തിനിടയില്‍പോലും സാമ്പത്തിക ശേഷിയുള്ളവരുടെയും സാമൂഹ്യമായ അധികാരത്തില്‍ മേല്‍ക്കൈയുള്ളവരുമായ ഒരു വിഭാഗത്തിന്റെ രാഷ്ട്രീയമായ മധ്യവര്‍ത്തിത്വം പ്രവര്‍ത്തിച്ചിരുന്നു.' 121 ഗാന്ധിയെ അവതാരപുരുഷനാക്കുന്നതിലും അമാനുഷികശേഷിയുള്ള അത്ഭുതമനുഷ്യനായി അവതരിപ്പിക്കുന്നതിലും ഈ വിഭാഗത്തിന് നിക്ഷിപ്തതാല്‍പര്യങ്ങളുണ്ടായിരിക്കാമെന്നത് സുനിശ്ചിതമാണ്. നിഷ്‌കളങ്കരും നിരക്ഷരകുക്ഷികളും ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ അകപ്പെട്ടു ജീവിക്കുന്നവരുമായിരുന്ന ജനഹൃദയങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ മതപരമായ അന്ധവിശ്വാസങ്ങളെ ഉദ്ദീപിപ്പിക്കുവാന്‍ മതധാര്‍മികതയുടെ പരിവേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഗാന്ധിയുടെ പ്രചരണരീതികളും പ്രചോദനമായിട്ടുണ്ടാവാം. പക്ഷെ, അതിനേക്കാളെല്ലാമുപരിയായി സാധാരണ ജനങ്ങള്‍ ഗാന്ധിയില്‍ ഒരു വിമോചകനെ ദര്‍ശിക്കുകയുണ്ടായി. അക്രമരഹിതമായ ഖിലാഫത്ത്-നിസ്സഹകരണ സമരമാര്‍ഗത്തില്‍ ഉറച്ചുനിന്നാല്‍ ഒരു വര്‍ഷം കൊണ്ട് സ്വരാജ് നേടിയെടുക്കാമെന്ന ഗാന്ധിയുടെ വാക്കുകളില്‍ അവര്‍ എല്ലാ പ്രതീക്ഷയുമര്‍പ്പിച്ചു. ബ്രിട്ടീഷ് ഭരണത്തിനും ഇന്ത്യന്‍ ജനതക്കുമിടയില്‍ മൂര്‍ചിച്ഛുകൊണ്ടിരുന്ന വൈരുധ്യങ്ങള്‍ക്കിടയിലും ദേശീയ ഭരണവര്‍ഗങ്ങള്‍ക്കും കര്‍ഷക ജനസാമാന്യത്തിനുമിടയിലെ വര്‍ഗവൈരുധ്യങ്ങള്‍ക്കിടയിലും ഹിന്ദു-മുസ്‌ലിം മതവിഭാഗങ്ങള്‍ക്കിടയിലെ വൈരുധ്യങ്ങള്‍ക്കിടയിലും ഒരു മധ്യവര്‍ത്തി സ്ഥാപനം പോലെ ഇടപെടാനും എല്ലാ വൈരുധ്യങ്ങളെയും ബ്രിട്ടീഷ് ഭരണത്തിനെതിരായി തിരിച്ചുവിടാനുമുള്ള ഗാന്ധിയുടെ രാഷ്ട്രീയ അടവുകളും പ്രവര്‍ത്തനങ്ങളുമാണതിന് കാരണം. എന്നാല്‍, ഈ മധ്യവര്‍ത്തിത്വം ദുര്‍ബ്ബലമായപ്പോഴെല്ലാം ജനങ്ങള്‍ അക്രമാസക്തരാവുകയും ബ്രിട്ടീഷ് ഭരണത്തിന്നും ദേശീയ ഭരണവര്‍ഗങ്ങള്‍ക്കുമെതിരെ ആഞ്ഞടിക്കുകയും ചെയ്തു. അങ്ങിനെ ആഞ്ഞടിച്ചപ്പോഴെല്ലാം ഗാന്ധിയെന്ന 'മഹാത്മാവും' അവര്‍ക്കൊപ്പമുണ്ടെന്നവര്‍ കരുതി. ചൗരീചൗരയില്‍ മഹാത്മാഗാന്ധിക്ക് ജയ് വിളിച്ച് പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചവരുടെ വര്‍ഗവൈരം തന്നെയാണ് മലബാറില്‍ 'തക്ബീര്‍' വിളിച്ച് ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയുണ്ടകളെ നേരിട്ടവരുടെ നെഞ്ചിനുള്ളിലുമുണ്ടായിരുന്നത്. പക്ഷെ, ഗാന്ധിക്കത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
1931 ല്‍ ബല്ലാരി ജയിലില്‍ വെച്ച് വാരിയംകുന്നന്റെ അടുത്ത അനുയായികളെ കണ്ടുമുട്ടിയ അനുഭവം മൊയാരത്ത് ശങ്കരന്‍ വിവരിക്കുന്നത് കേട്ടാല്‍, സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സൈനികശക്തിയോടേറ്റുമുട്ടുമ്പോള്‍ മലബാറിലെ മാപ്പിളപോരാളികളുടെ ഉള്ളിലെന്തായിരുന്നുവെന്ന് മനസ്സിലാക്കാനാവും. മൊയാരത്ത് പറയുന്നു; സമഷ്ഠിയായി പറയാമെന്ന് വെച്ചാല്‍ ഖിലാഫത്ത്കാര്‍ ആദ്യമേ പ്രതീക്ഷിച്ചത് വേറെ വിധത്തിലായിരുന്നുവെന്ന് 1931 ല്‍ ബല്ലാരി ജയിലില്‍ വെച്ച് വാരിയന്‍കുന്നന്റെ അടുത്ത അനുയായികളില്‍ നിന്ന് കൂടി എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏറനാട്ടിലെ ഖിലാഫത്ത് നേതാക്കള്‍ അക്രമരാഹിത്യത്തില്‍ വിശ്വസിച്ചിരുന്നില്ല. കോണ്‍ഗ്രസ്സിന്റെ അക്രമരാഹിത്യവും ഒരു താല്‍ക്കാലിക രാഷ്ട്രീയ നയമാണ് എന്ന് കരുതി ഖിലാഫത്ത്കാര്‍ ഗത്യന്തരമില്ലാത്ത ഘട്ടത്തില്‍ സമരം പ്രഖ്യാപിക്കുമ്പോള്‍ വിചാരിച്ചത് രണ്ട് താലൂക്കുകള്‍ തങ്ങള്‍ പിടിച്ചുകഴിഞ്ഞാല്‍ തീര്‍ച്ചയായും രാജ്യ സ്വാതന്ത്ര്യം പരമസായൂജ്യമായി കരുതുന്ന കേരള സംസ്ഥാന കോണ്‍ഗ്രസ്സ് കമ്മിറ്റി കൂടി അതിനെ തുടര്‍ന്ന് സമരപ്രഖ്യാപനം ചെയ്യുമെന്നായിരുന്നു. കേരളം മുഴുവന്‍ ഒരുമിച്ച് സമരത്തിനിറങ്ങിയാല്‍ ഗവണ്‍മെന്റ് സന്ധിക്കു വഴങ്ങുന്നതായിരിക്കും എന്നാണ് അവര്‍ യുക്തിപൂര്‍വം ധരിച്ചത്. അങ്ങിനെ ഇന്ത്യ മുഴുവനും മലയാളത്തിന്റെ മാതൃക പിടിച്ച് യുദ്ധത്തിനിറങ്ങുന്നതായാല്‍ വിദേശാധിപത്യത്തെ, സ്വാതന്ത്ര്യപ്രഖ്യാപനത്തിന് എത്രയും പക്വമായ ആ ഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നും മഹാത്മാജിയുടെ പ്രതിജ്ഞാനുസരണം 1921 ഡിസംബര്‍ ഒന്നാം തിയ്യതിക്ക് മുമ്പായി പുറത്താക്കാന്‍ കഴിയുമെന്നും അല്ലെങ്കില്‍ മുന്‍കൂട്ടി മലബാര്‍ കലക്ടര്‍ ചെയ്തതുപോലെ ഇന്ത്യയില്‍ പല ദിക്കിലും ലഹളയുണ്ടാക്കി പട്ടാളത്തെ അയച്ച് ഇന്ത്യയിലാകെയുള്ള കോണ്‍ഗ്രസ്സിനെയും സഹകരണത്യാഗത്തെയും അമര്‍ത്തുമെന്നും ഗാന്ധിജിയും കോണ്‍ഗ്രസ്സും അക്രമരാഹിത്യത്തെ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തേക്കാള്‍ വിലമതിക്കില്ലെന്നും ആയിരുന്നു അവരുടെയും മറ്റു പലരുടെയും വിശ്വാസം.' 122
'ഇന്ത്യ മുതല്‍ സുഡാന്‍ വരെയുള്ള പ്രദേശങ്ങളില്‍ ബ്രിട്ടീഷ് ആധിപത്യത്തെ ചെറുത്തുനിന്നവരെയെല്ലാം ബ്രിട്ടീഷ് പണ്ഡിതരും സാമ്രാജ്യത്വ ഭരണാധികാരികളും കലാപ പ്രതിരോധ വിദഗ്ധരും 'ഫനാറ്റിക്' അഥവാ മതഭ്രാന്തരായിട്ടാണ് കണ്ടിരുന്നത്. അവരുടെ പോരാട്ടവീര്യത്തെയും പ്രാദേശികമായി അവര്‍ പ്രദര്‍ശിപ്പിച്ച ഐകമത്യത്തെയും അംഗീകരിക്കുമ്പോഴും പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്നാണ് ഈ ബ്രിട്ടീഷ് ഭരണാധികാരികള്‍ വാദിച്ചിരുന്നത്. മറ്റു സന്ദര്‍ഭങ്ങളില്‍ കോളനിയാധികാരത്തെ തുരത്താനുള്ള അവരുടെ ചെറുത്ത്‌നില്‍പ്പുകളല്ല, സാര്‍വ്വജനീനമായ അവകാശങ്ങളോടുള്ള നിരുപാധികമായ പ്രതിജ്ഞാബദ്ധതയെ, അഥവാ, ഏതെങ്കിലും തരത്തിലുള്ള തട്ടുവ്യവസ്ഥക്കോ തരംതിരിവുകള്‍ക്കോ അതീതമായ മനുഷ്യപ്രകൃതത്തിലുള്ള ദൃഢവിശ്വാസത്തെയാണ് മതഭ്രാന്തായി കരുതിയിരുന്നത്.
പക്ഷെ, മലബാറിലെ കര്‍ഷക ലഹള ആദ്യാവസാനം ബ്രിട്ടീഷ് ഭരണാധികാരത്തിന്റെ നേരെയുള്ള ഒരു വമ്പിച്ച സമരമായിരുന്നു. ഒരു നാളും അത് ഹിന്ദുക്കളും മുഹമ്മദീയരും തമ്മില്‍ നടന്ന ഒരു ചേരിപിരിഞ്ഞ കലഹമായിരുന്നില്ല. പക്ഷേ, ആ നിറം കൊടുത്ത് സകല പത്രങ്ങളും അതിനെ അവഹേളിക്കുകയും വമ്പിച്ച ഹിന്ദു മുസ്‌ലിം ലഹളയെന്ന് ദുഷ്‌പേര് അതിന്റെ പേരില്‍ പ്രചരിപ്പിക്കുകയും ആ വഴിക്ക് അതിനോട് ദേശീയ പ്രസ്ഥാനത്തിനുണ്ടായിരുന്ന അനുഭാവം നഷ്ടപ്പെടുത്തുകയും ചെയ്യാന്‍ കഴിഞ്ഞ ബ്രിട്ടീഷ് സാമ്രാജ്യാധികാരികളുടെ ദുസ്സാമര്‍ഥ്യത്തെ ഗാന്ധിജി കൂടി ചുഴിഞ്ഞുനോക്കിയില്ല എന്നുള്ളതാണ് മലയാളത്തിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍മാരായ ഞങ്ങള്‍ക്ക് ഏറ്റവും പരിതാപകരമായത്123 എന്ന മൊയാരത്തിന്റെ പ്രസ്താവം, 'മാപ്പിള പേടിക്കാരായ' മാധവന്‍ നായരുടെയും കേശവമേനോന്റെയും മുന്‍വിധികളില്‍ നിന്ന് തീര്‍ച്ചയായും വേറിട്ടുനില്‍ക്കുന്നുണ്ട്. പക്ഷെ, ഗാന്ധിയെത്ര തന്നെ ചൂഴ്ന്നു നോക്കിയിരുന്നെങ്കില്‍പോലും മൊയാരത്തിനെപോലെയുള്ള ദേശാഭിമാനികള്‍ സങ്കല്‍പ്പിക്കുന്നപോലെ മലബാറിലെ കര്‍ഷക യുദ്ധത്തിന്റെ രാഷ്ട്രീയ സ്വഭാവം അംഗീകരിക്കാനോ അതിനെ ധാര്‍മികമായി പിന്തുണക്കാനോ തയ്യാറാവുമായിരുന്നില്ല. ഗാന്ധിക്കെന്നല്ല, വംശീയതയില്‍ വേരൂന്നി നിന്ന കൊളോണിയല്‍ വര്‍ഗീകരണങ്ങളുടെ കണ്ണടയിലൂടെ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും മാപ്പിള കര്‍ഷകരുടെ വര്‍ഗവൈരത്തെ 'മതഭ്രാന്തായി' മാത്രമേ വീക്ഷിക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ. 'ഇന്ത്യ മുതല്‍ സുഡാന്‍ വരെയുള്ള പ്രദേശങ്ങളില്‍ ബ്രിട്ടീഷ് ആധിപത്യത്തെ ചെറുത്തുനിന്നവരെയെല്ലാം ബ്രിട്ടീഷ് പണ്ഡിതരും സാമ്രാജ്യത്വ ഭരണാധികാരികളും കലാപ പ്രതിരോധ വിദഗ്ധരും 'ഫനാറ്റിക്' അഥവാ മതഭ്രാന്തരായിട്ടാണ് കണ്ടിരുന്നത്. അവരുടെ പോരാട്ടവീര്യത്തെയും പ്രാദേശികമായി അവര്‍ പ്രദര്‍ശിപ്പിച്ച ഐകമത്യത്തെയും അംഗീകരിക്കുമ്പോഴും പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്നാണ് ഈ ബ്രിട്ടീഷ് ഭരണാധികാരികള്‍ വാദിച്ചിരുന്നത്. മറ്റു സന്ദര്‍ഭങ്ങളില്‍ കോളനിയാധികാരത്തെ തുരത്താനുള്ള അവരുടെ ചെറുത്ത്‌നില്‍പ്പുകളല്ല, സാര്‍വ്വജനീനമായ അവകാശങ്ങളോടുള്ള നിരുപാധികമായ പ്രതിജ്ഞാബദ്ധതയെ, അഥവാ, ഏതെങ്കിലും തരത്തിലുള്ള തട്ടുവ്യവസ്ഥക്കോ തരംതിരിവുകള്‍ക്കോ അതീതമായ മനുഷ്യപ്രകൃതത്തിലുള്ള ദൃഢവിശ്വാസത്തെയാണ് മതഭ്രാന്തായി കരുതിയിരുന്നത്്'124 നമുക്കിവിടെ ഹിന്ദുവും മുസ്‌ലിമുമില്ല. ഉള്ളത് മനുഷ്യരാണ്. അവര്‍ വിയര്‍പ്പൊഴുക്കി അധ്വാനിക്കുന്നതിന്റെ ഫലം അവര്‍ക്കും അവരുടെ കുടുംബത്തിന്നും ലഭിക്കണം125 എന്ന് പ്രഖ്യാപിച്ചുകൊണ്ട് ബ്രിട്ടീഷ് ഭരണത്തിനെതിരെയും ബ്രിട്ടീഷ് ഭരണത്തിന്റെ ഒറ്റുകാര്‍ക്കെതിരെയും യുദ്ധത്തിനിറങ്ങിയ മാപ്പിള വിപ്ലവകാരികള്‍ കൊളോണിയല്‍/അര്‍ധ കൊളോണിയല്‍ ചരിത്രരചനകളില്‍ 'മതഭ്രാന്തരെന്ന്' മുദ്രയടിക്കപ്പെട്ടതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. എന്നാല്‍, ഇതേ വാദഗതിയുപയോഗിച്ചുകൊണ്ട് ദേശീയപ്രസ്ഥാനവും ഗാന്ധിയും മാപ്പിളമാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതെന്തുകൊണ്ട് എന്ന് ചിന്തിക്കുന്നതിപ്പോഴും പ്രസക്തമാണ്. മുസ്‌ലിംകള്‍ക്കിടയില്‍ മതവിദ്വേഷം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളെയും മാപ്പിള വിപ്ലവകാരികള്‍ എതിരിടുകയാണുണ്ടായത്. കലാപകാലത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം പോയിട്ട്, മതപരിവര്‍ത്തനത്തിന് സന്നദ്ധത പ്രകടിപ്പിച്ചവരെപോലും തല്‍ക്കാലത്തേക്ക് വിലക്കുകയാണുണ്ടായത്.126
സത്യാഗ്രഹസമരം ഒരു മതപ്രസ്ഥാനമാണ് എന്ന് തുറന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് ഗാന്ധി. ആത്മശുദ്ധീകരണത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും പ്രക്രിയായിട്ടാണ് അദ്ദേഹം സത്യാഗ്രഹസമരത്തെ വിശേഷിപ്പിച്ചത്. 127 ആജീവനാന്തം മതസൗഹാര്‍ദത്തില്‍ അടിയുറച്ചു നിന്നുകൊണ്ടാണ് ഗാന്ധിജി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയതെന്നതും അവിതര്‍ക്കിതമാണ്. പക്ഷെ, സത്യാഗ്രഹത്തെയും അഹിംസാമാര്‍ഗത്തെയുംകുറിച്ചുള്ള ഗാന്ധിയുടെ ദര്‍ശനങ്ങളും വിഭാവനകളും എന്തു തന്നെയായിരുന്നാലും ബ്രിട്ടീഷ് കൊളോണിയലിസത്തില്‍ നിന്നും ഇന്ത്യന്‍ ജനതയുടെ മോചനത്തിന് ഗാന്ധിയന്‍ സമരരീതിയല്ലാതെ മറ്റു ബദലുകളൊന്നുമില്ല എന്ന 'വ്യാജബോധം' അടിച്ചേല്‍പ്പിക്കുകയെന്ന പ്രതിലോമകരമായ ദൗത്യമാണ് അത് ഫലത്തില്‍ നിര്‍വഹിച്ചത്. വളരുന്ന ഇന്ത്യന്‍ മുതലാളിവര്‍ഗത്തിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ താല്‍പര്യങ്ങള്‍ക്ക് അനുഗുണമായിരുന്നു ഈ ഗാന്ധിമാര്‍ഗം എന്നതും നിസ്തര്‍ക്കമാണ്. ഗാന്ധിയുടെ മതഭക്തിയും ധര്‍മ്മാദര്‍ശങ്ങളും വര്‍ണ-വര്‍ഗ വ്യവസ്ഥയെ പരിഷ്‌കരിക്കാനാണുദ്യമിച്ചത്. മാപ്പിള വിപ്ലവകാരികള്‍ അതിന്നെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു.
ആനക്കയത്തെ ബ്രിട്ടീഷ് ഏജന്റായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ (റിട്ടയേര്‍ഡ്)ഖാന്‍ ബഹദൂര്‍ ചേക്കുട്ടിയുടെ കുന്തത്തില്‍ കോര്‍ത്ത തല ചൂണ്ടിക്കാണിച്ചുകൊണ്ട് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നടത്തിയ പ്രഖ്യാപനം ഇത് വ്യക്തമാക്കുന്നു. 'ബ്രിട്ടീഷുകാരോട് കളിക്കണ്ട, ജന്മിമാരോട് കളിക്കണ്ട എന്നും മറ്റും പറഞ്ഞ് ഇവന്‍ ഭീഷണിമുഴക്കുകയായിരുന്നു. ജനങ്ങളുടെ സ്വാതന്ത്ര്യത്തിനെതിരായി പ്രവര്‍ത്തിക്കുമെന്ന് ശപഥം ചെയ്ത ആളാണിവന്‍. ഞാന്‍ ചെയ്തത് തെറ്റാണെങ്കില്‍ നിങ്ങള്‍ എന്നെ ഇവിടെയിട്ട് കൊല്ലണം. (അല്ലാഹു അക്ബര്‍ എന്ന് ജനങ്ങള്‍ ആര്‍ത്തുവിളിച്ചു. നിങ്ങള്‍ ചെയ്തത് ശരിയാണ്, ശരിയാണ്.) ഞാന്‍ ഇന്നലെ ഒരു വിവരമറിഞ്ഞു. ഇത് ഹിന്ദുക്കളും മുസല്‍മാന്‍മാരും തമ്മിലുള്ള ഒരു യുദ്ധമാണെന്ന് പുറം രാജ്യങ്ങളില്‍ പറഞ്ഞു പരത്തുന്നുണ്ടത്രെ. ആനക്കയം ചേക്കുട്ടിയെപോലുള്ളവരും പടച്ചവന്റെ സൃഷ്ടികളെ നാലു ജാതിയാക്കി തിരിച്ച് ദൈവം ചെയ്തതാണെന്ന് കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂരിപക്ഷം മനുഷ്യരെയും അടിമകളാക്കിയ ജന്മിമാരും ചേര്‍ന്നാണ് ഇങ്ങിനെ പറഞ്ഞു പരത്തുന്നത്.' 128 ( എ.കെ കോഡൂര്‍, പേജ്-254) ഈ പ്രസ്താവത്തില്‍ നിന്നും മാപ്പിള വിപ്ലവകാരികളുടെ മതബോധത്തെയും വര്‍ഗബോധത്തെയും കൃത്യമായി നിര്‍ധരിക്കാവുന്നതാണ്. ഫനാറ്റിക് അഥവാ മതഭ്രാന്തന്‍ എന്ന വാക്കിന്റെ പദോല്‍പത്തിയിലുള്‍ചേര്‍ന്നിട്ടുള്ള വര്‍ഗ്ഗാഗഭിമുഖ്യത്തെയും അത് വേണ്ടവണ്ണം വ്യക്തമാക്കിത്തരുന്നുണ്ട്.
(അവസാനിച്ചു)
സി.കെ അബ്ദുല്‍ അസീസ്
119 EMS: Mahathma and islam: Introducton P. XI
The Buddha, Jesus and Mohammed were great Prophets precisely because the ideas and moral values to which they clung to conformed to the requirement and desires of millions of human beings not only in their life time but for centuries. Gandhi ji,too were great because the ideals and moral values to which he clung to the end of his life conformed to the requirement and desires of the millions of Indian people. His teaching were for the nation as a whole a call for revolt. Particularly were they a call for revolt to the mass of rural poor, the lowliest of the lowly in the villages, the 'daridra narayanas ' as he called them. '
120. Shahid Amin: Gandhi as Mahathma:
Gornakpur district, Eastern U P
1921-22
Eited From D.G. Tendulkar's Mahathma: vol. II(bombay 1952)
121. Shahid Amin: Gandhi as Mahathma.1995
122. മൊയാരത്ത്-ആത്മകഥ-P. 118.
123. മൊയാരത്ത് -അതേ പുസ്തകം P. 119
124. Alberto Toscano : fanaticism -Uses of an idea. 2017, P8,'Ninteen century British Pundits, imperial administrators, counter insurgency experts characterised the rebels they encountered from India to Sudan as 'fanatics ', grudgingly recognizing their partisan valour and local solidarities while arguing for their elimination. At other times, it was not resistance to dispossession but the unconditional affirmation of universal rights, or a universal human nature beyond any hierarchy or distinction, which was deemed 'fanatical '.
125. M.K. Gandhi, Source Material for a History of the freedom movement in India. Voll. III, Part 1(Bombay Secret Abstreat) p. 107
cited by subhash Chandra Khushwaha, ibid p.47
The Letter which Gandhi released for
The Press From Madras on 24 march 1919, ....
' Satyagraha as I I have endeaboured to explain at several meetings is essentially a religious movement. It is a process of purification and penouce. it seeks to secure of reform or redress of .........self-sufferings.
126. എ.കെ. കോഡൂര്‍: ആംഗ്ലോ മാപ്പിളയുദ്ധം. 1921, P 254.
(1946 സെപ്തംബര്‍ 16ന് ദേശാഭിമാനി പ്രസിദ്ധീകരിച്ച സര്‍ദാര്‍ ചന്ദ്രോത്തിന്റെ ലേഖനത്തില്‍ നിന്നുദ്ധരിച്ചത്(Grace books 1999)
127. എ.കെ. കോഡൂര്‍: അതേ പുസ്തകം. അധ്യായം-മതംമാറ്റം വേണ്ട-P 23.
128 ( എ.കെ കോഡൂര്‍, p-254)