Quantcast
MediaOne Logo

ബഷീര്‍ തൃപ്പനച്ചി

Published: 30 Oct 2023 10:57 AM GMT

ഗാന്ധിയെ കൊന്നത് മുസ്‌ലിം? സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം വിരുദ്ധ നുണബോംബിനെ നിര്‍വീര്യമാക്കിയ വിധം

ഹിന്ദു തീവ്രവാദിയായ നാഥുറാം ഗോഡ്‌സെയാണ് കൊലപാതകി എന്നറിഞ്ഞപ്പോള്‍ അന്നത്തെ ഇന്ത്യന്‍ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റന്‍ പ്രഭു ആദ്യമായി ഉച്ചരിച്ച വാചകം 'Thank God , He is not a muslim ' എന്നായിരുന്നു. നുണപ്രചാരണ സീരിസിലെ അവസാന എപ്പിസോഡ് മാത്രമാണ് കളമശ്ശേരി ബോംബ് സ്‌ഫോടത്തോടനുബന്ധിച്ച് പ്രചരിപ്പിക്കപ്പെട്ട മുസ്‌ലിം വിരുദ്ധ നുണബോംബുകളെന്ന് ലേഖകന്‍.

കളമശ്ശേരി ബോംബ് സ്‌ഫോടനം
X

1948 ജനുവരി മാസം. ഇന്ത്യ സ്വതന്ത്രമായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടില്ല. ഇന്ത്യ-പാക് വിഭജനത്തിന്റെ തുടര്‍ച്ചയായ മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ ഇന്ത്യയില്‍ പതിയെ അണയുന്നേ ഉണ്ടായിരുന്നുള്ളൂ. വിദ്വേശത്തിന്റെ ഒരു തരി കനല്‍ വീണാല്‍ ആളിക്കത്തുംവിധം മുസ്‌ലിം വെറുപ്പ് സമൂഹത്തിന്റെ അടിത്തട്ടില്‍ ചിലയിടത്ത് അപ്പോഴും അവശേഷിക്കുന്നുണ്ടായിരുന്നു. ഒരു മുസ്‌ലിം വിരുദ്ധ വ്യാജവാര്‍ത്ത പ്രചരിച്ചാല്‍ പോലും ചിലയിടത്തെങ്കിലും അതൊരു കലാപമായി മാറുമായിരുന്നു.

ഓള്‍ ഇന്ത്യ റേഡിയോവിലൂടെ ഗാന്ധിവധത്തെക്കുറിച്ച് പുറത്ത് വിട്ട ആദ്യ വാചകത്തില്‍ തന്നെ ഹിന്ദുവാണ് കൊലപാതകിയെന്ന് ഊന്നിപ്പറഞ്ഞു. മൗണ്ട് ബാറ്റന്‍ പ്രഭു തന്നെ ആ വാചകത്തില്‍ ഇടപെട്ടുവെന്നാണ് ചരിത്രം. ഗാന്ധി ഒരു ഹിന്ദുവിനാല്‍ കൊല്ലപ്പെട്ടു എന്നതായിരുന്നു ആ ക്യാപ്ഷന്‍. ലോകമാധ്യമങ്ങള്‍ക്ക് അയച്ച ഔദ്യോഗിക വാര്‍ത്തയിലും ഈ ഹെഡിംഗ് തന്നെ ഉപയോഗിച്ചു. ന്യൂയോര്‍ക് ടൈംസ് അന്ന് നല്‍കിയ വാര്‍ത്തയുടെ ക്യാപ്ഷന്‍ GANDHI IS KILLED BY A HINDU എന്നായിരുന്നു.

തല്‍പ്പരകക്ഷികള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ അതിലെ നെല്ലും പതിരും തുറന്നുകാണിക്കാനായി ജനങ്ങള്‍ക്ക് മുമ്പില്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് ലൈവായി വരാന്‍ ഇന്ത്യയിലന്ന് ടെലിവിഷന്‍ സംപ്രേഷണം ആരംഭിച്ചിട്ടില്ല. സംഭവം പ്രചരിച്ച് 24 മണിക്കൂറിന് ശേഷം മാത്രം പുറത്തിറങ്ങുന്ന പ്രിന്റഡ് മീഡിയകള്‍ പോലും ന്യൂനാല്‍ ന്യൂനപക്ഷം വിഭാഗം ജനങ്ങളിലേക്ക് മാത്രമേ അന്ന് എത്തുമായിരുന്നൂ. ആകെ ഉണ്ടായിരുന്ന ജനകീയ വാര്‍ത്താ സ്രോതസ് ഓള്‍ ഇന്ത്യ റേഡിയോ മാത്രമായിരുന്നു. അതുപോലും നല്ലൊരു ശതമാനം സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമായിരുന്നു. ഇങ്ങനെയുള്ള 1948 ലെ ആദ്യ മാസത്തിലാണ് സ്വതന്ത്ര ഇന്ത്യ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം അരങ്ങേറിയത്.


1948 ജനുവരി 30 വെള്ളിയാഴ്ച വൈകുന്നേര സമയം. ഡല്‍ഹി ബിര്‍ള ഹൗസിനു മുന്നിലെ മൈതാനത്ത് പ്രാര്‍ഥനക്കെത്തിയവരുടെയും അനുയായികളുടെയും മുന്നില്‍വെച്ച് മഹാത്മാഗാന്ധിയെ ഒരാള്‍ വെടിവെച്ചുകൊന്നു. അവിടെ കൂടിയ അനുയായികള്‍ ഗാന്ധി മരണപ്പെട്ടുവെന്നത് ഉള്‍ക്കൊള്ളാന്‍ അല്‍പം സമയമെടുത്തു. അതൊരു യാഥാര്‍ഥ്യമാണ് എന്ന് മനസ്സിലാക്കിയതോടെ വെടിവെച്ചവന്റെ മതവും രാഷ്ട്രീയവും ഏതാണെന്ന് ആലോചനയിലേക്കവരുടെ ചിന്തയുണരവെ 'കൊലപാതകി ഒരു മുസ്‌ലിമാണ്' ആ ജനക്കൂട്ടത്തിനിടയില്‍ തന്നെ സംസാരമുണ്ടായി. അടുത്ത മിനുറ്റില്‍ എന്തും നടക്കാം. ഗാന്ധി അനുയായികള്‍ സംയമനം പാലിച്ചാലും രാജ്യത്തുടനീളമുള്ള തല്‍പരകക്ഷികള്‍ മുസ്‌ലിം സമുദായത്തെ വേട്ടയാടാനിത് ഒരു സുവര്‍ണ്ണാവസരമായി ഉപയോഗിക്കും. പക്ഷേ, ദൈവം അവിടെ ഇടപെട്ടു. കൊലപാതകി ഉടന്‍ പിടികൂടപ്പെട്ടു. അയാള്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയും അതിന്റെ രാഷ്ട്രീയവും മതവും വെളിപ്പെടുത്തുകയും ചെയ്തു. ഹിന്ദു തീവ്രവാദിയായ നാഥുറാം ഗോഡ്‌സെയാണ് കൊലപാതകി എന്നറിഞ്ഞപ്പോള്‍ അന്നത്തെ ഇന്ത്യന്‍ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റന്‍ പ്രഭു ആദ്യമായി ഉച്ചരിച്ച വാചകം 'Thank God , He is not a muslim ' എന്നായിരുന്നു.

കൊലപാതകി ഹിന്ദു തീവ്രവാദിയായ ഗോഡ്‌സെ ആണെന്ന് കൃത്യമായി പ്രചരിക്കപ്പെട്ടില്ലെങ്കില്‍ രാജ്യത്തുടനീളം മുസ്‌ലിം സമുദായം വ്യാപകമായി വേട്ടയാടും എന്ന ബോധ്യവും തിരിച്ചറിവും വൈസ്രോയി മൗണ്ടന്‍ ബാറ്റന്‍ പ്രഭുവിനും ഇന്ത്യന്‍ ഭരണാധികാരികള്‍ക്കുമുണ്ടായിരുന്നു. ഡല്‍ഹി ബിര്‍ള ഹൗസിന് പുറത്തേക്ക് പോകുന്ന ആദ്യവാര്‍ത്തയിലെ തലക്കെട്ട് പോലും എന്താവണമെന്നതിനെ കുറിച്ചവര്‍ ഗൗരവം പൂണ്ടു. ഇത്തരമൊരു വാര്‍ത്തയുടെ ആദ്യഭാഗം മാത്രം കേള്‍ക്കുന്നവരും വായിക്കുന്നവരും ലക്ഷങ്ങളുണ്ടാകും. അതിനാല്‍ ആ ഒരൊറ്റ കേള്‍വിയിലും വായനയിലും തന്നെ പ്രതി മുസ്‌ലിമല്ലെന്ന സന്ദേശമുണ്ടാവണമെന്നവര്‍ ഉറപ്പിച്ചു. ഓള്‍ ഇന്ത്യ റേഡിയോവിലൂടെ ഗാന്ധിവധത്തെക്കുറിച്ച് പുറത്ത് വിട്ട ആദ്യ വാചകത്തില്‍ തന്നെ ഹിന്ദുവാണ് കൊലപാതകിയെന്ന് ഊന്നിപ്പറഞ്ഞു. മൗണ്ട് ബാറ്റന്‍ പ്രഭു തന്നെ ആ വാചകത്തില്‍ ഇടപെട്ടുവെന്നാണ് ചരിത്രം. ഗാന്ധി ഒരു ഹിന്ദുവിനാല്‍ കൊല്ലപ്പെട്ടു എന്നതായിരുന്നു ആ ക്യാപ്ഷന്‍. ലോകമാധ്യമങ്ങള്‍ക്ക് അയച്ച ഔദ്യോഗിക വാര്‍ത്തയിലും ഈ ഹെഡിംഗ് തന്നെ ഉപയോഗിച്ചു. ന്യൂയോര്‍ക് ടൈംസ് അന്ന് നല്‍കിയ വാര്‍ത്തയുടെ ക്യാപ്ഷന്‍ GANDHI IS KILLED BY A HINDU എന്നായിരുന്നു.


കാലം മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടു. വാര്‍ത്ത വിനിമയ മാധ്യമങ്ങള്‍ അതിദ്രുതം വികസിച്ചു. ആദ്യം ദൂരദര്‍ശനും പിന്നീട് സ്വകാര്യ ടിവി ചാനലുകളും വന്നു. 24 മണിക്കൂര്‍ ന്യൂസ് ചാനലുകള്‍ക്ക് പുറമെ സോഷ്യല്‍ മീഡിയയുടെയും എണ്ണമറ്റ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെയും ലോകത്താണ് നമ്മളിപ്പോഴുള്ളത്. വ്യാജ വാര്‍ത്ത നിമിഷങ്ങള്‍ കൊണ്ട് തടയാനും ഔദ്യോഗിക വിവരങ്ങള്‍ ഉടനടി അറിയിക്കാനുമുളള സംവിധാനങ്ങളാണിത്. പക്ഷേ, മീഡിയാലോകം ഇങ്ങനെ വികസിച്ചിട്ടും ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക കാലാവസ്ഥ 1948 നേക്കാള്‍ പിന്നോട്ടാണ് പോയത്. അന്നത്തെക്കാള്‍ മുസ് ലിം വിരുദ്ധമാണിപ്പോഴത്തെ സാമൂഹികാന്തരീക്ഷം. ഇവയെ ചെറുക്കേണ്ട മീഡിയകളും ഔദ്യോഗിക കേന്ദ്ര ഭരണകൂട തലവന്‍മാര്‍ പോലും വ്യാജവാര്‍ത്തകള്‍ക്കും പ്രചാരണങ്ങള്‍ക്കും മുന്നില്‍ നില്‍ക്കുന്നു. ദിനംപ്രതി പ്രചരിപ്പിക്കപ്പെടുന്ന മുസ്‌ലിം വിരുദ്ധ വാര്‍ത്തകള്‍ സ്വയം തന്നെ ഇത് വിളിച്ചു പറയുന്നുണ്ട്. ഈ നുണപ്രചാരണ സീരിസിലെ അവസാന എപ്പിസോഡ് മാത്രമാണ് കളമശ്ശേരി ബോംബ് സ്‌ഫോടത്തോടനുബന്ധിച്ച് പ്രചരിപ്പിക്കപ്പെട്ട മുസ്‌ലിം വിരുദ്ധ നുണബോംബുകള്‍. അതിനിയും ആവര്‍ത്തിക്കപ്പെടാം. അപ്പോഴും നമുക്കീ ചരിത്രവും ഭരണാധികാരികള്‍ അന്ന് പുലര്‍ത്തിയ ജാഗ്രതയും ഓര്‍ക്കാം.