Quantcast
MediaOne Logo

അരവിന്ദ്

Published: 13 Jun 2024 4:42 PM GMT

വലത്തോട്ട് തിരിയുന്ന ജര്‍മന്‍ രാഷ്ട്രീയം

മറ്റു പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ജര്‍മനിയെ വ്യത്യസ്തമാക്കുന്നത് കാലങ്ങളായി രാഷ്ട്രീയ മണ്ഡലം എത്രത്തോളം ശൂന്യമാണ് എന്നതാണ്. 1920-കള്‍ മുതല്‍, ജര്‍മന്‍ ജനതക്ക് മുഖ്യധാരാ സമവായ രാഷ്ട്രീയത്തിന് പുറമെ സുസ്ഥിരമായ ബദലുകള്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടില്ല. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജര്‍മനിയില്‍ നിന്നും തീവ്രവലതുപക്ഷ കക്ഷിയായ എ.എഫ്.ഡിയു നേടിയ വന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ജര്‍മന്‍ രാഷ്ട്രീയത്തിന്റെ ചരിത്രവും വര്‍ത്തമാനവും വിശകലനം ചെയ്യുന്നു.

യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷന്‍ - AfD
X

ജൂണ്‍ 9 നു നടന്ന യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ ജര്‍മനിയില്‍ നിന്നും ആകെയുള്ള 96 സീറ്റില്‍ 15ഉം, ആകെ രേഖപ്പെടുത്തിയ വോട്ടുളുടെ 15.89 ശതമാനവും നേടി തീവ്രവലതുപക്ഷ പാര്‍ട്ടിയായ AfD(Alternate for Germany) വലിയ വിജയം കൈവരിച്ച് രണ്ടാമത്തെ വലിയ കക്ഷിയായി മാറി. മുന്‍കാലത്തെ അപേക്ഷിച്ച് ഏകദേശം 4 ശതമാനം വോട്ടിന്റെ വര്‍ധനയാണ് AfD നേടിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും യൂറോപ്യന്‍ യൂണിയനിലെ തെക്കന്‍ രാജ്യങ്ങളെ കരകയറ്റാന്‍ മുന്നിട്ടിറങ്ങിയ ജര്‍മനിയുടെ പ്രവര്‍ത്തനങ്ങളെ എതിര്‍ത്ത് കൊണ്ടാണ് AfD 2013ല്‍ രൂപീകൃതമാകുന്നത്. നിലവിലെ ജര്‍മന്‍ ഫെഡറല്‍ പാര്‍ലമെന്റില്‍ (Bundestag) ആകെയുള്ള 736 സീറ്റുകളില്‍ 78 എണ്ണമാണ് AfD-ക്കുള്ളത്. 2013നു ശേഷം AfD വളരെയധികം തീവ്രവത്കരിക്കപ്പെട്ടതായി യാക്കബ് ഗുള്ളിനെ പോലെയുള്ള ഗവേഷകര്‍ നിരീക്ഷിക്കുന്നുണ്ട്.

മധ്യ-വലതുപക്ഷ പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (CDU) 1949നും 1990നും ഇടയില്‍ നടന്ന ഒന്നൊഴികെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്ന കക്ഷിയായി മാറി. 'പരീക്ഷണങ്ങള്‍ വേണ്ട' എന്ന പ്രചാരണ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് യാഥാസ്തികനും പശ്ചിമ ജര്‍മനിയുടെ ആദ്യ ചാന്‍സലറുമായ കോന്രാഡ് അഡനൗര്‍, 1957-ലെ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കരസ്ഥമാക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പോലുള്ള പ്രധാനധാരയില്‍പ്പെടാത്ത പാര്‍ട്ടികളെ ഈ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

യുദ്ധാനന്തര ജര്‍മന്‍ ജനാധിപത്യത്തിന്റെ ദീര്‍ഘകാല ചരിത്രം പരിശോധിക്കാതെ നിലവിലെ ജര്‍മന്‍ രാഷ്ട്രീയ ഭൂമികയിലെ തീവ്രവലതുപക്ഷത്തിന്റെ വളര്‍ച്ചയെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയുകയില്ല. ഇന്ന് ജര്‍മന്‍ രാഷ്ട്രീയത്തില്‍ കാണുന്ന വലതുവ്യതിയാനം വേരെടുത്തതു യുദ്ധാനന്തര പശ്ചിമ ജര്‍മനിയിലാണെന്നു പറയാം. 1945 നും 1949നും ഇടയില്‍ സഖ്യകക്ഷികള്‍ അധിനിവേശം നടത്തിയിരുന്ന കാലയളവില്‍, സഖ്യകക്ഷി നേതാക്കള്‍ രാഷ്ട്രീയത്തില്‍ കൃത്രിമ പരിധികള്‍ നിശ്ചയിച്ചു. അവര്‍ മിതവാദി (centrist) പാര്‍ട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയും അതേസമയം തീവ്ര രാഷ്ട്രീയ വിഭാഗങ്ങളെ നിരോധിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഏറ്റവും പഴക്കമുള്ള ജര്‍മന്‍ രാഷ്ടീയ സംഘടനയായ SPD (Social Democratic Party of Germany) അപ്പോഴേക്കും ഒരു മിതവാദി പാര്‍ട്ടിയായി മാറിയിരുന്നു. 1959 ല്‍ അവരുടെ മാനിഫെസ്‌റ്റോയില്‍ നിന്നും മാര്‍ക്‌സിസം പൂര്‍ണമായി ഒഴിവാക്കുകയും ശീതസമര ഉദാരവത്കരണത്തിലേക്ക് നീങ്ങുകയും ചെയ്തു. അടിസ്ഥാന ജീവിത നിലവാരം ഉറപ്പാക്കാനായി സാമ്പത്തിക-സാങ്കേതിക വിദഗ്ധര്‍, സാമൂഹ്യ-വിപണി സാമ്പത്തിക ക്രമം (social market economy) എന്ന നിയന്ത്രിത മുതലാളിത്ത വ്യവസ്ഥ (regulated capitalist system) രൂപകല്‍പന ചെയ്യുകയും അതിന്റെ സംരക്ഷണത്തിന് മുന്നിട്ടിറങ്ങുകയും ചെയ്തു.


പാര്‍ട്ടികളുടെയും രാഷ്ട്രീയപ്രവര്‍ത്തകരുടെയും ഇടയില്‍ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, അവ 1920 കളിലെ പോലെ കലുഷിതമായിരുന്നില്ല. പശ്ചിമ ജര്‍മന്‍ നേതാക്കളും അവരുടെ സഖ്യ പങ്കാളികളും പ്രവര്‍ത്തനത്തേക്കാള്‍ രൂപത്തില്‍ (form over function) ജനാധിപത്യത്തെ വിലമതിക്കുകയും, രാഷ്ട്രീയ തിരഞ്ഞെടുക്കലിനുപരി രാഷ്ട്രീയ സ്ഥിരതയും (political stability over political choice) ആഗ്രഹിച്ചു. പശ്ചിമ ജര്‍മന്‍ രാഷ്ട്രീയം ദശകങ്ങളോളം ഏകശിലാത്മകമായി ഈ ദിശയില്‍ നീങ്ങി. 1961നും 1983നും ഇടയില്‍, ഫെഡറല്‍ പാര്‍ലമെന്റില്‍ സീറ്റുകള്‍ നേടിയത് വെറും മൂന്ന് പാര്‍ട്ടികളാണ് (CDU/CSU, SPD, FDP). ഭരണതുടര്‍ച്ചക്ക് വോട്ടര്‍മാര്‍ മുന്‍തൂക്കം കൊടുത്തിരുന്നതായി കാണാം. മധ്യ-വലതുപക്ഷ പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (CDU) 1949നും 1990നും ഇടയില്‍ നടന്ന ഒന്നൊഴികെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്ന കക്ഷിയായി മാറി. 'പരീക്ഷണങ്ങള്‍ വേണ്ട' എന്ന പ്രചാരണ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് യാഥാസ്തികനും പശ്ചിമ ജര്‍മനിയുടെ ആദ്യ ചാന്‍സലറുമായ കോന്രാഡ് അഡനൗര്‍, 1957-ലെ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കരസ്ഥമാക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പോലുള്ള പ്രധാനധാരയില്‍പ്പെടാത്ത പാര്‍ട്ടികളെ ഈ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.


1982-ല്‍ ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (FDP) പിന്തുണ നഷ്ടമായതിനെ തുടര്‍ന്ന്, അവിശ്വാസ പ്രമേയത്തിലൂടെ ഹെല്‍മട്ട് ഷ്മിറ്റ് സര്‍ക്കാര്‍ താഴെ പോയി, യാഥാസ്ഥികനായ ഹെല്‍മട്ട് കോള്‍ ചാന്‍സലറായി അധികാരമേറ്റെങ്കിലും തന്റെ സമകാലികരായ താച്ചറും (ബ്രിട്ടന്‍) റീഗനും (അമേരിക്ക) അനുവര്‍ത്തിച്ചു പോന്ന തീവ്രമായ ചെലവ് ചുരുക്കല്‍-നവലിബറല്‍ പരിഷ്‌കാരങ്ങളിലേക്ക് കടന്നില്ല. പശ്ചിമ ജര്‍മനിയുടെ പൊതുസമ്മതിയിലൂന്നിയ നയരൂപീകരണം, രാഷ്ട്രീയ-നയ സ്ഥിരത ഉറപ്പുവരുത്തിയെങ്കിലും രാഷ്ട്രീയ സാധ്യതകളെ പരിമിതപ്പെടുത്തി - അതായതു രാഷ്ട്രീയ സംവാദങ്ങളെ ചുരുക്കി സ്ഥിരതക്ക് പ്രാധാന്യം കല്‍പിച്ചു. ലോകമഹായുദ്ധത്തിന് ശേഷം ദശകങ്ങളോളം ഹോളോകാസ്റ്റും മറ്റു നാസി കുറ്റകൃത്യങ്ങളെയും പറ്റി വലിയ മൗനം പാലിക്കുകയാണുണ്ടായത്. ഇതേകുറിച്ച് പ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞനും ഹോളോകാസ്റ്റ് സര്‍വൈവറുമായ റാല്‍ഫ് ഡാറന്‍ഡോര്‍ഫ് നിരീക്ഷിച്ചത്, പശ്ചിമ ജര്‍മന്‍ സമൂഹത്തെ ബാധിച്ച 'കൊലപാതകത്തിന്റെ സിന്‍ഡ്രം' എന്നാണ്. അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ പീഡനങ്ങള്‍ നേരിടുന്നുതന്നെ തുടര്‍ന്നു: ഒരു നാസി കാലഘട്ട നിയമത്തിനുമേല്‍ ഏകദേശം അരലക്ഷം പോന്ന ക്വിയര്‍ മനുഷ്യന്മാരാണ് രാജ്യത്തിന്റെ ആദ്യ ഇരുപതുവര്‍ഷങ്ങളില്‍ വേട്ടയാടപ്പെട്ടത്, അബോര്‍ഷനെ സംബന്ധിച്ച ഒരു നാസി നിയമം കഴിഞ്ഞ വര്‍ഷം മാത്രമാണ് എടുത്ത് കളഞ്ഞെതെന്നു ഓര്‍ക്കുക.

അമേരിക്കന്‍ സംരക്ഷണത്താല്‍ തങ്ങളുടെ ഫാഷിസ്റ്റ് ഭൂതകാലത്തിന്റെ പ്രേതങ്ങളെ അതിജീവിച്ചുവെന്ന ആത്മവിശ്വാസവും, ഒരു ആധുനിക ക്ഷേമ രാഷ്ട്രത്തിന് ഉദാരമായ പിന്തുണയുമായി, പശ്ചിമ ജര്‍മനിയുടെ യുദ്ധാനന്തര സമവായം പതിറ്റാണ്ടുകളായി ഉറച്ചുനിന്നു. 'ശൂന്യമായ രാഷ്ട്രീയ മണ്ഡലത്തിന് പകരം സ്വസ്ഥമായ നിലനില്‍പ്പ്' എന്നതായിരുന്നു രാഷ്ട്രീയക്കാരും യുദ്ധാനന്തര അധിനിവേശ ശക്തികളും തമ്മില്‍ രൂപപ്പെട്ട കരാര്‍. എന്നാല്‍, ശീതയുദ്ധത്തിന്റെ അവസാനത്തോടൊപ്പം ആ കരാര്‍ വ്യര്‍ഥമായി.

ജര്‍മന്‍ പുനരേകീകരണത്തോടുള്ള നിരാശ, കിഴക്കന്‍ ജര്‍മനിയില്‍ ഉള്‍പ്പെട്ടിരുന്ന ഫെഡറല്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധ വോട്ടുകളായി മാറി AfD യുടെ വളര്‍ച്ചക്ക് ഗുണം ചെയ്യുന്നതായി കണക്കാക്കുന്നവരുമുണ്ട്. TikTok പോലുള്ള നവമാധ്യമങ്ങളിലെ AfD യുടെ വലിയ സാന്നിധ്യം, യുവാക്കള്‍ക്കിടയില്‍ അവരുടെ സ്വാധീനം ഉയരുന്നതിനു കാരണമായതായി ചില മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

1989 നവംബര്‍ 9-ന് ബെര്‍ലിന്‍ മതില്‍ തകര്‍ച്ചക്ക് ശേഷം കോളിന്റെ സര്‍ക്കാര്‍ വേഗത്തില്‍ തന്നെ കിഴക്കന്‍ ജര്‍മനിയെ പശ്ചിമ ജര്‍മനിയിലേക്ക് ഉള്‍പ്പെടുത്താനള്ള നീക്കങ്ങള്‍ ആരംഭിച്ചു. എന്നാല്‍, കിഴക്കന്‍ ജര്‍മനി കടുത്ത തൊഴിലില്ലായ്മയിലേക്ക് നീങ്ങുകയും, രാജ്യപുനര്‍നിര്‍മാണത്തിനു ആവശ്യമായ ഭീമമായ സംഖ്യ പശ്ചിമ ജര്‍മന്‍കാരെ അലോസരപ്പെടുത്തുകയും ചെയ്തതോടുകൂടി പുനരേകീകരണത്തിന്റെ ആവേശം കെട്ടടങ്ങി തുടങ്ങി. 2000 ന്റെ തുടക്കത്തില്‍ കടുത്ത സാമ്പത്തിക സമ്മര്‍ദത്തിന് വഴങ്ങി ഗെര്‍ഹാര്‍ഡ് ഷ്രോഡറിന്റെ നേതൃത്വത്തിലുള്ള മധ്യ-ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന നവലിബറല്‍ സാമ്പത്തിക പരിഷ്‌കാര പാക്കേജ് രാജ്യത്തിന്റെ സാമൂഹ്യ സുരക്ഷാ സംവിധാനത്തില്‍ വലിയ വിള്ളല്‍ സൃഷ്ടിച്ചു. യുദ്ധാനന്തര വിലപേശലിന്റെ സാമ്പത്തിക വശം തകരാന്‍ തുടങ്ങിയപ്പോഴും, ജര്‍മന്‍ രാഷ്ട്രീയ മണ്ഡലം വൈവിധ്യവത്കരിക്കപ്പെട്ടില്ല. ഇത് ജര്‍മനിയില്‍ മാത്രമായി ഒതുങ്ങി നിന്ന ഒരു പ്രതിഭാസം അല്ല, 1980-കള്‍ മുതല്‍ വലിയ, വ്യാവസായിക രാജ്യങ്ങളില്‍ നടപ്പാക്കിയ വിപണിയുക്തിയിലൂന്നിയ നവലിബറല്‍ നിയമനിര്‍മാണങ്ങള്‍ പലപ്പോഴും രാഷ്ട്രീയമണ്ഡലം പൊള്ളയാക്കുന്നതിനു കാരണമായിട്ടുണ്ട്. പതിറ്റാണ്ടുകളായി, ലോകമെമ്പാടുമുള്ള ചിന്തകര്‍ അത്തരം നയങ്ങളുടെ രാഷ്ട്രീയ അസ്ഥിരതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. എന്നിട്ടും സര്‍ക്കാരിലും നിലനില്‍ക്കുന്ന വ്യവസ്ഥിതിയിലുമുള്ള വിശ്വാസം തകര്‍ത്തുകൊണ്ട്, അവര്‍ AfD പോലുള്ള പാര്‍ട്ടികള്‍ക്ക് ഇടങ്ങള്‍ സൃഷ്ടിക്കുന്നു.


പക്ഷെ, പല ജര്‍മന്‍ രാഷ്ട്രീയ നിരീക്ഷകരും AfD യുടെ ഉയര്‍ച്ചയ്ക്ക് കാരണമായി കണക്കാക്കുന്നത് 2015 ലെ സിറിയന്‍ അഭയാര്‍ഥി പ്രശ്‌നവും, ഏകദേശം എട്ടു ലക്ഷത്തോളം വരുന്ന അഭയാര്‍ഥികള്‍ക്കു സഹായം നല്‍കാനുള്ള ആംഗല മെര്‍ക്കല്‍ സര്‍ക്കാരിന്റെ തീരുമാനവുമാണ്. ഇത് പരദേശിസ്പര്‍ധയാല്‍ മുഖരിതമായ പോപ്പുലിസ്റ്റ് തിരിച്ചടിക്ക് കാരണമായി എന്നവര്‍ അനുമാനിക്കുന്നു. ജര്‍മന്‍ പുനരേകീകരണത്തോടുള്ള നിരാശ, കിഴക്കന്‍ ജര്‍മനിയില്‍ ഉള്‍പ്പെട്ടിരുന്ന ഫെഡറല്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധ വോട്ടുകളായി മാറി AfD യുടെ വളര്‍ച്ചക്ക് ഗുണം ചെയ്യുന്നതായി കണക്കാക്കുന്നവരുമുണ്ട്. TikTok പോലുള്ള നവമാധ്യമങ്ങളിലെ AfD യുടെ വലിയ സാന്നിധ്യം, യുവാക്കള്‍ക്കിടയില്‍ അവരുടെ സ്വാധീനം ഉയരുന്നതിനു കാരണമായതായി ചില മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, മറ്റു ചിലര്‍ മെര്‍ക്കലിന്റെ നീണ്ട 16 വര്‍ഷ ഭരണകാലത്തെ ജര്‍മന്‍ രാഷ്ട്രീയത്തിന്റെ സ്വഭാവം വിശകലനവിധേയമാക്കുന്നുണ്ട്. രാഷ്ട്രീയക്കാരി എന്നതിലുപരി ഒരു മുതിര്‍ന്ന 'സിവില്‍ സെര്‍വന്റ്' എന്ന നിലയില്‍ സ്ഥിരതയുടെ പ്രതീകമായി മെര്‍ക്കലിനെ കണ്ടുപോന്നു.


തന്റെ പശ്ചിമ ജര്‍മന്‍ മുന്‍ഗാമികളെപ്പോലെ, മിതത്വവും പൊതുസമ്മതിയും അവരുടെ കാവല്‍വചനങ്ങളായി മാറി, മറ്റു പാര്‍ട്ടികളെ തന്റെ നയങ്ങള്‍ക്കൊപ്പം നിര്‍ത്തുന്നതിനായി പരമാവധി ശ്രമിച്ചു. മെര്‍ക്കലിന്റെ രാഷ്ട്രീയ സ്ഥൈര്യത്തിനായുള്ള പ്രവര്‍ത്തനങ്ങളാണ് AfD ക്ക് ഒരു 'ഓപ്പണിങ്' നല്‍കിയതെന്ന് വാദിക്കുന്നവരുണ്ട്. മെര്‍ക്കല്‍ കൂടുതല്‍ മധ്യവര്‍ത്തിയാവുകയും, അവരുടെ പാര്‍ട്ടിയായ CDU മധ്യ-വലതുപക്ഷ പാര്‍ട്ടി എന്ന നിലയില്‍ നിന്നും കൂടുതല്‍ ഇടത്തോട്ട് നീങ്ങുകയും, മുന്‍കാലങ്ങളെക്കാള്‍ പ്രവര്‍ത്തനപരമായി മുഖ്യധാരാ പാര്‍ട്ടികളെല്ലാം ഏറെക്കുറെ ഒരുപോലെയെന്ന് തോന്നിപ്പിക്കുകയും ചെയ്തതോടുകൂടി സ്‌പെക്ട്രത്തിന്റെ വലതുവശത്തുണ്ടായ ശൂന്യത AfD മുതലെടുക്കുകയും ചെയ്യുകയാണുണ്ടായതെന്ന് ഇവര്‍ നിരീക്ഷിക്കുന്നു. മറ്റു പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ജര്‍മനിയെ വ്യത്യസ്തമാക്കുന്നത് കാലങ്ങളായി രാഷ്ട്രീയ മണ്ഡലം എത്രത്തോളം ശൂന്യമാണ് എന്നതാണ്. 1920-കള്‍ മുതല്‍, ജര്‍മന്‍ ജനതക്ക് മുഖ്യധാരാ സമവായ രാഷ്ട്രീയത്തിന് പുറമെ സുസ്ഥിരമായ ബദലുകള്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടില്ല. മുഖ്യ രാഷ്ട്രീയ കക്ഷികളെല്ലാം ഒരേ നാണയത്തിന്റെ മറുപുറങ്ങളായി മാറുമ്പോള്‍, ജര്‍മന്‍ രാഷ്ട്രീയത്തിലെ ഒരേയൊരു യഥാര്‍ഥ 'ബദലിലേക്ക്' ജര്‍മന്‍ ജനത നിലംപതിക്കുന്നത് തുടരാം-ആ ബദല്‍ എത്ര ഭയാനകമാണെങ്കിലും.


TAGS :