Quantcast
MediaOne Logo

ഡോ. രാം പുനിയാനി

Published: 29 Jun 2022 11:25 AM GMT

ഗുജറാത്ത് വംശഹത്യ: മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടുമ്പോള്‍

ടീസ്റ്റ സെതല്‍വാദിനെയും ആര്‍.ബി ശ്രീകുമാറിനെയും പിടികൂടാന്‍ ഗുജറാത്ത് പൊലീസിന് അത്യുത്സാഹമായിരുന്നു

ഗുജറാത്ത് വംശഹത്യ: മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടുമ്പോള്‍
X
Listen to this Article

സകിയ ജഫ്രി V/s സ്റ്റേറ്റ് ഓഫ് ഗുജറാത്ത് കേസില്‍ കഴിഞ്ഞ ദിവസം സകിയ ജഫ്രിയുടെ ഹരജി സുപ്രീം കോടതി തള്ളി. 2002 ഫെബ്രുവരി 27 നു പുലര്‍ച്ചെ ഗോധ്രയിലെ ട്രെയിനിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ കൂട്ടക്കൊലയിലേക്ക് നയിച്ച ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സകിയ ജഫ്രി കോടതിയെ സമീപിച്ചത്. ടീസ്റ്റ സെതല്‍വാദ്, ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ (ആര്‍.ബി ശ്രീകുമാര്‍, സഞ്ജിവ് ഭട്ട് ) എന്നിവരുടെ ഭാഗത്ത് നിന്നും വൈകാരികത സൃഷ്ടിക്കാനുള്ള ശ്രമമുണ്ടായെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നും ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ സുപ്രീംകോടതി പറയുന്നു. ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ടീസ്റ്റക്കെതിരെ പ്രത്യേകമായും നിശിതമായ വിമര്‍ശനമാണ് ഉത്തരവില്‍ ഉള്ളത്. വംശഹത്യയുടെ ഇരകള്‍ക്ക് നീതി ലഭിക്കാനുള്ള നിയമ പോരാട്ടങ്ങളിലായിരുന്നു ടീസ്റ്റയും മറ്റു ചിലരും.

വിധിക്കു ശേഷം ഒരു അഭിമുഖത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ ഉദ്യോഗസ്ഥര്‍ക്കും ടീസ്റ്റ സെതല്‍വാദിനെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഇതിനു ശേഷം ടീസ്റ്റയെ തടവിലാക്കുകയും മുന്‍ ഗുജറാത്ത് ഡി.ഐ.ജി ആര്‍.ബി ശ്രീകുമാറിനെ അറസ്റ്റ് ചെയ്യുകയും നിലവില്‍ ജയിലുള്ള സഞ്ജീവ് ഭട്ടിനെതിരെ പുതിയ കുറ്റങ്ങള്‍ ചാര്‍ത്തുകയും ചെയ്തു.

സബര്‍മതി എക്‌സ്പ്രസിന്റെ എസ് 6 കോച്ചിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നാണ് നിരവധി പേരുടെ ജീവനെടുത്ത ഗുജറാത്ത് വംശഹത്യ ആസൂത്രണം ചെയ്യപ്പെട്ടത്. 58 കര്‍സേവകരാണ് തീപിടുത്തത്തില്‍ കൊല്ലപ്പെട്ടത്. പ്രദേശത്തെ മുസ്ലിംകള്‍ ഐ.എസ്.ഐയുടെയും അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായി ചേര്‍ന്നാണ് തീപിടുത്തം നടത്തിയതെന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. മുസ്ലിംകള്‍ പുറത്ത് നിന്ന് എളുപ്പം തീപിടിക്കുന്ന എന്തോ വസ്തു ട്രെയിനിന്റെ ബോഗിയിലേക്ക് എറിയുകയും അങ്ങനെ തീപിടുത്തം ഉണ്ടാവുകയും ആയിരുന്നുവെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഹാജി ഉമര്‍ജിയെ മുഖ്യ ആസൂത്രകനായും മറ്റു അറുപത് പേരെയും കേസില്‍ അറസ്റ്റ് ചെയ്തു. എളുപ്പം തീപിടിക്കാന്‍ സാധ്യതയുള്ള വസ്തു പുറത്ത് നിന്ന് കോച്ചിലേക്ക് ഒഴിക്കാന്‍ കഴിയില്ലെന്നായിരുന്നു ഗുജറാത്ത് ഫോറന്‍സിക് ലബോറട്ടറിയുടെ കണ്ടെത്തല്‍. ഗോധ്ര ട്രെയിന്‍ തീപിടിത്തത്തെ കുറിച്ച് അന്വേഷിച്ച ബാനര്‍ജി കമീഷന്‍ റിപ്പോര്‍ട്ട് വിദഗ്ധരുടെ അഭിപ്രായവും തേടിയതിന് ശേഷം ഗുജറാത്തില്‍ മുസ്ലിംകള്‍ക്കതിരെ നടന്ന വംശഹത്യയെ ന്യായീകരിക്കാന്‍ ഹിന്ദുത്വ ശക്തികള്‍ മുന്നോട്ടുവെച്ച ഗൂഢാലോചന സിദ്ധാന്തം തള്ളിക്കളയുകയുണ്ടായി.

കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ അകമ്പടിയോടെ അഹമ്മദാബാദിലേക്ക് കൊണ്ടുപോവുകയായിരുന്നു. മൃതദേഹങ്ങള്‍ അഹമ്മദാബാദിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനം ഉന്നത തലത്തില്‍ എടുത്ത തീരുമാനം ആയിരുന്നുവെന്ന് പൊലീസ് കോണ്‍സ്റ്റബിള്‍ പാണ്ഡെ നാനാവതി കമീഷന് മുന്‍പാകെ മൊഴി നല്‍കിയിട്ടുണ്ട്. വംശഹത്യയുടെ സമയത്ത് അക്രമകാരികളുടെ കയ്യില്‍ മുസ്ലിംകളുടെ വസതികളുടെയും കച്ചവട സ്ഥാപനങ്ങളുടെയും വിലാസങ്ങള്‍ ഉണ്ടായിരുന്നു. വംശഹത്യയുടെ മുന്നേ തന്നെ അതിനെ ഹിന്ദു രാഷ്ട്രത്തിന്റെ പരീക്ഷണ ശാലയായി പ്രചരിക്കപ്പെട്ടിരുന്നു.


ആദ്യദിനം തന്നെ സൈന്യത്തെ വിളിച്ചിരുന്നുവെങ്കിലും ലെഫ്റ്റനന്റ് ജനറല്‍ സമീറുദ്ദീന്‍ ഷാഹ് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണക്കായി കാത്തു നിന്നതിനാല്‍ അക്രമസ്ഥലത്തേക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല. അഹമ്മദാബാദ് എയര്‍ ഫീല്‍ഡില്‍ മാര്‍ച്ച് ഒന്നിന് രാവിലെ ഏഴുമണിക്ക് എത്തിയ മൂവായിരം ട്രൂപ്പുകള്‍ക്ക് ഗുജറാത്ത് ഭരണകൂടം ഗതാഗത സൗകര്യം ലഭ്യമാക്കിയത് ഒരു ദിവസത്തിന് ശേഷം മാത്രമാണ് - ഈ സമയം നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടു.

വംശഹത്യ അരങ്ങേറുമ്പോള്‍ പിന്നീട് മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന മായ കോഡ്‌നാനിയെ പോലുള്ളവര്‍ സജീവ പങ്കാളിത്തം വഹിച്ചിരുന്നു. വംശഹത്യ കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച മായ കോഡ്‌നാനി നിലവില്‍ ജാമ്യത്തിലാണ്. തങ്ങള്‍ക്ക് മൂന്ന് ദിവസമാണ് നല്‍കിയതെന്നും തനിക്ക് ഒരു ഏകദിനം കളിക്കുവാന്‍ ആണ് തന്നെ ഏല്‍പ്പിച്ചിരുന്നതെന്നും കൊലപാതകങ്ങള്‍ നടത്തുമ്പോള്‍ സ്വയം മഹാറാണാ പ്രതാപിനെ പോലെയാണ് തോന്നിയതെന്നും തെഹല്‍ക്കയ്ക്ക് വേണ്ടി ആശിഷ് ഖേതന്‍ നടത്തിയ ഒളികാമറ ഓപ്പറേഷനില്‍ ബാബു ബജ്റംഗി അഭിമാനത്തോടെ പറയുന്നു.

ആശിഷ് ഖേതന്‍ തന്റെ പുസ്തകത്തില്‍ (അണ്ടര്‍കവര്‍) നൂറോളം മുസ്ലിംകള്‍ കൊല്ലപ്പെട്ട നരോദ പാട്ടിയ കൂട്ടക്കൊലയുടെ മുഖ്യ സൂത്രധാരനായ ബാബു ബജ്രംഗിയുടെ റോള്‍ അനാവരണം ചെയ്യുന്നുണ്ട്. സംസ്ഥാന നേതൃത്വത്തിന് കലാപങ്ങള്‍ക്ക് മേല്‍ നിയന്ത്രമുണ്ടായിരുന്നുവെന്ന് ബാബു ബജ്രംഗി സമ്മതിക്കുന്നു. അക്രമണങ്ങള്‍ക്കിടയില്‍ 23 റിവോള്‍വറുകള്‍ ഉപയോഗിച്ചതിനെ അദ്ദേഹം അഭിമാനത്തോടെ ഓര്‍ക്കുന്നു. കലാപ സമയത്ത് പൊലീസ് തങ്ങളുടെ ഭാഗത്തായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പറഞ്ഞു. തങ്ങള്‍ക്ക് മുന്നില്‍ രണ്ട് ശത്രുക്കള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ബാബു ബജ്രംഗി തറപ്പിച്ച് പറയുന്നു - മുസ്ലിംകളും ക്രിസ്ത്യാനികളും.

നിരപരാധികളായ പൗരന്മാരെയും കുട്ടികളെയും മറ്റുള്ളവരെയും സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി നേരത്തെ ഗുജറാത്ത് സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. ബെസ്റ്റ് ബേക്കറി കേസിലെ വാദങ്ങള്‍ക്കിടെ കോടതി പറഞ്ഞു: ' ബെസ്റ്റ് ബേക്കറിയും നിരപരാധികളായ കുട്ടികളും വെന്തെരിയുമ്പോള്‍ ആധുനിക നീറോകള്‍ മറ്റു തെരക്കുകളിലായിരുന്നു. അതിക്രമകാരികളെ എങ്ങനെ രക്ഷിക്കാമെന്ന ആലോചനയിലായിരുന്നിരിക്കാം അവര്‍.' വംശഹത്യക്കിടയില്‍ ക്രൂരമായി പീഡിക്കപ്പെടുകയും നീതിക്കായി പോരാടിയ ബില്‍ക്കിസ് ബാനുവിന്റെ അവസ്ഥയും നാം മറക്കരുത്.

ഇതെല്ലം മുസ്ലിം സമൂഹത്തിന്റെ ചേരിവത്കരണത്തിന് ഇടയാക്കുകയും ജുഹാപുര മുസ്ലിംകള്‍ക്ക് ഒരു അഭയകേന്ദ്രമായി മാറുകയും ചെയ്തു. ഇതേ ജുഹാപുരയിലാണ് വളരെ കുറഞ്ഞ സൗകര്യങ്ങളുള്ള ഒരു അഭയാര്‍ഥി ക്യാമ്പില്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി മോദിയെ രാജധര്‍മത്തെക്കുറിച്ച് ഓര്‍മപ്പെടുത്തിയത്. തന്റെ പ്രത്യയശാസ്ത്രത്തോട് നീതി പുലര്‍ത്തിക്കൊണ്ട് താന്‍ അത് തന്നെയാണ് ചെയ്യുന്നതെന്ന് മോദി തിരിച്ചടിച്ചു.

ഗുജറാത്ത് വംശഹത്യ ഹിന്ദു രാഷ്ട്രമെന്ന പ്രചാരണം ആരംഭിക്കാന്‍ മോദിക്ക് ചെറുതല്ലാത്ത ഊര്‍ജം നല്‍കി. തങ്ങള്‍ ഇനി താഴ്ന്നു കൊടുക്കാന്‍ തയ്യാറല്ലെന്ന് വി.എച്.പിയിലെ അശോക് സിംഗാള്‍ അടക്കമുള്ള മോദിയുടെ സഹചാരികള്‍ അതിനുശേഷം ഊന്നിപ്പറഞ്ഞു. അദ്ദേഹത്തിന്റെ രാഷ്ട്രീയം പിന്തുടരുന്നവര്‍ ഗുജറാത്ത് വീണ്ടും ആവര്‍ത്തിക്കുമെന്ന ഭീഷണിപ്പെടുത്താന്‍ തുടങ്ങി.

ഈ അക്രമപരമ്പര വിവിധ മതസമൂഹങ്ങള്‍ക്കിടയിലെ സമവാക്യങ്ങളെ വളരെ മോശമായി ബാധിച്ചു. ഇതാദ്യമായാണ് വംശഹത്യയുടെ ഇരകളുടെ നീതിക്ക് വേണ്ടി പോരാടുന്നവര്‍ക്കെതിരെ ഇത്തരമൊരു പരാമര്‍ശം കോടതി നടത്തുന്നത്. ടീസ്റ്റ സെതല്‍വാദിനെയും ആര്‍.ബി ശ്രീകുമാറിനെയും പിടികൂടാന്‍ ഗുജറാത്ത് പൊലീസിന് അത്യുത്സാഹമായിരുന്നു. ഈ പൊലീസ് അതിക്രമത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുകയുണ്ടായി. പ്രതിഷേധങ്ങളും പ്രസ്താവനകളുമായി മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുണ്ട്. 'പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെ അറസ്റ്റ് തങ്ങളുടെ മനുഷ്യാകാശ ലംഘനങ്ങള്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ ഉള്ള നേര്‍ക്ക് നേരെയുള്ള പ്രതികാരമാണ്. ഇത് പൗരസമൂഹത്തിന് നല്‍കുന്ന സന്ദേശം അത്യധികം ഭീതിജനകവും രാജ്യത്തെ ഭിന്നസ്വരങ്ങളുടെ ഇടം ചുരുങ്ങുകയും ചെയ്യുകയാണ്' - ആംനസ്റ്റി ഇന്റര്‍നാഷ്ണല്‍ പ്രസ്താവനയില്‍ പറഞ്ഞു.' തങ്ങളുടെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇന്ത്യന്‍ അധികാരികള്‍ ഉടന്‍ തന്നെ ടീസ്റ്റ സെതല്‍വാദിനെ മോചിപ്പിക്കുകയും ഇന്ത്യന്‍ പൗരസമൂഹത്തിന് നേരെയും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെയും നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കുകയും വേണം' - പ്രസ്താവനയില്‍ പറയുന്നു.

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക റിപ്പോര്‍ട്ടര്‍ മേരി ലാവ്ലരും തന്റെ നിലപാട് വ്യക്തമാക്കുകയുണ്ടായി: ' ഗുജറാത്ത് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സംഘം ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അതീവ ഉത്കണ്ഠ രേഖപെടുത്തുന്നു. വിവേചനങ്ങള്‍ക്കും വെറുപ്പിനുമെതിരെയുമുള്ള ശക്തമായ ശബ്ദമാണ് ടീസ്റ്റയുടേത്. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പോരാടുക എന്നത് ഒരു കുറ്റകൃത്യമല്ല. അവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കാനും ഇന്ത്യന്‍ ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു.'


TAGS :