ടീസ്റ്റ സെതല്‍വാദ്, ആര്‍.ബി ശ്രീകുമാര്‍, സഞ്ജീവ് ഭട്ട്: ജീവിതം കൊണ്ട് പോരാടിയവര്‍
'ഗോധ്രയ്ക്ക് എതിരെ പ്രതികരിക്കാന്‍ ഗുജറാത്തിലെ ഹിന്ദുക്കളെ പൊലിസ് അനുവദിക്കണം' എന്ന അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ പ്രസ്താവന സജ്ജീവ് ഭട്ട് ഗുജറാത്ത് കലാപം അന്വേഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കും പിന്നീട് കോടതിയിലും മൊഴി നല്‍കി. ഗുജറാത്ത് സര്‍ക്കാറിന്റെ കൂടി മൗനാനുവാദത്തോടെ ആയിരുന്നു കലാപം നടന്നതെന്ന് സമര്‍ഥിക്കുന്ന സഞ്ജീവിന്റെ മൊഴി ദൂര വ്യാപകമായ പ്രത്യാഘാതം ഉണ്ടാകുന്ന ഒന്നാണെന്ന് സര്‍ക്കാറിന് ഉറച്ച ബോധ്യമുണ്ടായിരുന്നു. | ഗുജറാത്ത് ഫാക്ട്‌സ് - ഭാഗം 04
2002 ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ സംസ്ഥാന സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ട് സുപ്രീംകോടതി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മറ്റുള്ളവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ എഴുതി തുടങ്ങിയ ഗുജറാത്ത് കലാപത്തിന്റെ നാള്‍ വഴികള്‍ പരമ്പര അവസാനിക്കുകയാണ്. ടീസ്റ്റ സെതല്‍വാദ്, സജ്ജീവ് ഭട്ട്, ആര്‍.ബി ശ്രീകുമാര്‍ എന്നിവരുടെ ഇടപെടലുകളും, ഭരണകൂടത്താല്‍ അവര്‍ നേരിട്ട നിരന്തര വേട്ടയാടലുകളും, അറസ്റ്റുമാണ് ഈ അധ്യായത്തില്‍ വിശകലനം ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് അധ്യായങ്ങള്‍ എഴുതി തീര്‍ത്തപ്പോള്‍ ഉണ്ടായിരുന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യമല്ല ഇപ്പോഴുള്ളത്. കലാപത്തില്‍ ഭീകരമായി പീഡിപ്പിക്കപ്പെടുകയും മൂന്ന് വയസ്സ് മാത്രം പ്രായമുള്ള തന്റെ കുഞ്ഞിനെ കണ്‍മുന്നില്‍ വച്ചു കൊലപ്പെടുത്തുന്നത് നോക്കി നില്‍ക്കേണ്ടി വരികയും, അടുത്ത ബന്ധുക്കള്‍ പോലും ഹിന്ദുത്വ തീവ്രവാദികളാല്‍ അക്രമിക്കപ്പെട്ട് കൊലചെയ്യപ്പെടുന്നതിന് സാക്ഷിയാകേണ്ടി വരികയും ചെയ്ത അന്നത്തെ 19 കാരി ബില്‍ക്കിസ് ബാനു, നിരന്തര നിയമ പോരാട്ടത്തിലൂടെ നേടിയെടുത്ത നീതി ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനത്തില്‍ ഫാസിസ്റ്റ് ഭരണകൂടം തിരിച്ചെടുത്തിരിക്കുന്നു.
ബി.ജെ.പി എങ്ങനെയാണ് ഒരു കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് എന്നത് പ്രത്യേകം പഠന വിഷയമാക്കേണ്ടതാണ്. അതിനവര്‍ക്കുള്ള വിപുലമായ കഴിവിന്റെ പ്രകടനമായിരുന്നു 2002 ലെ ഗുജറാത്ത് കലാപം. ബി.ജെ.പി നടത്തുന്ന കലാപങ്ങളുടെ ആസൂത്രണം അഥവാ മുഖ്യ സൂത്രധാരന്‍ ആരാണെന്നുള്ള കാര്യം ലോകം മൊത്തം മനസ്സിലാക്കിയാലും അവരെ നിയമം വഴി ശിക്ഷിക്കാനുള്ള ഒരു തെളിവും അവര്‍ അവശേഷിപ്പിക്കില്ല. ഇത് പ്ലാന്‍ ചെയ്യുന്നതും ഉത്തരവുകളും നിര്‍ദേശങ്ങളും നല്‍കുന്നതും രണ്ടാമത്തെ കൂട്ടരായിരിക്കും. ഒരു കലാപത്തിനാവശ്യമായ സര്‍വ്വ സന്നാഹങ്ങളും, ആയുധങ്ങള്‍ ഉള്‍പ്പെടെ എത്തിച്ചു നല്‍കുന്ന മൂന്നാം കൂട്ടരും അതിനും താഴെ നില്‍ക്കുന്ന ഏറ്റവും സാധാരണക്കാരായ ജനങ്ങളുമാണ് കലാപത്തില്‍ നേരിട്ട് പങ്കെടുക്കുന്ന ആളുകള്‍. അതുകൊണ്ട് തന്നെ പൊലീസിന്റെയോ മറ്റ് നിയമ സംവിധാനങ്ങളുടെയോ പിടിയിലാകുന്നതും ശിക്ഷിക്കപ്പെടുന്നതും ഈ രണ്ട് കൂട്ടര്‍ മാത്രമായിരിക്കും. ഗുജറാത്ത് കലാപത്തില്‍ മാത്രം ശിക്ഷിക്കപ്പെട്ട ആളുകളുടെ കണക്കെടുത്താല്‍ ബി.ജെ.പിയുടെ ഈ തന്ത്രം വളരെ കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കും. വിരലില്‍ എണ്ണാവുന്ന നേതാക്കളെ ഒഴിച്ചു നിര്‍ത്തിയാല്‍ ശിക്ഷിക്കപ്പെട്ട മറ്റെല്ലാവരും ഏറ്റവും താഴെതട്ടിലുള്ള അധസ്ഥിതരായ ജനങ്ങള്‍ ആയിരുന്നു.
സംഘ്പരിവാര്‍ എങ്ങനെയാണ് തങ്ങള്‍ക്കെതിരെ നില്‍ക്കുന്ന ആളുകളെ നേരിടുന്നത് എന്നതും, എല്ലാ കാലത്തേക്കുമായി ഇല്ലാതാക്കുന്നത് എന്നുള്ളതുമാണ് പരിശോധിക്കേണ്ട മറ്റൊരു കാര്യം. വളരെ കൃത്യമായി നിയമത്തിലൂടെ മാത്രമേ സംഘപരിവാര്‍ തങ്ങള്‍ക്കെതിരെ നില്‍ക്കുന്ന ഓരോ വ്യക്തിയെയും കീഴ്‌പ്പെടുത്തുകയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുകയുള്ളൂ. അതിന് എത്ര വര്‍ഷം കാത്തിരിക്കേണ്ടി വന്നാലും അവരത് ചെയ്യും. ഈ കാലയാളവിലെല്ലാം ആ വ്യക്തിയുടെ ഇന്നലകളിലേക്ക് പരിവാരം അന്വേഷണം നടത്തും, എന്തെങ്കിലും കിട്ടിയാല്‍ കൃത്രിമ തെളിവുകളും, സാക്ഷികളും ഉണ്ടാക്കിയെടുത്ത് നിയമത്തിന്റെ വഴിയിലൂടെ തുറങ്കിലടയ്ക്കും. അതിന് ആവശ്യമെങ്കില്‍ ജഡ്ജിമാരെ പോലും ഭീഷണിപ്പെടുത്തും, കോടതികളെ പോലും വിലയ്‌ക്കെടുത്തും. അവര്‍ക്ക് വേണ്ടി പുറത്തു നിന്ന് ശബ്ദമുയര്‍ത്തുന്ന ആളുകള്‍ക്ക് പരമാവധി എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ഫാസിസ്റ്റുകള്‍ നേരത്തെ തന്നെ കണക്കാക്കുന്നുണ്ട്. യു.എ.പി.എ, കൊലപാതകം തുടങ്ങി അത്ര എളുപ്പത്തില്‍ ജാമ്യം കിട്ടാത്ത വകുപ്പുകള്‍ വഴി എതിരാളികളെ കീഴ്‌പ്പെടുത്തുന്നത് അത് കൊണ്ടാകാം. മാത്രവുമല്ല, നിരപരാധികളായ മനുഷ്യര്‍ക്ക് വേണ്ടി ഇന്ത്യയില്‍ നിന്നുയരുന്ന രോഷ പ്രകടനങ്ങളും, പ്രതിഷേധങ്ങളും ഒരു ഘട്ടം കഴിയുമ്പോള്‍ ഇല്ലാതാകുമെന്നും, പിന്നീടവര്‍ കുടുംബത്തിന്റെ മാത്രം നഷ്ടവും പോരാട്ടവും ആകുമെന്ന ബോധ്യവും സംഘപരിവാറിന് കൃത്യമായിട്ടുണ്ട്. ടീസ്ത സെതല്‍വാദിനേയും, ആര്‍.ബി ശ്രീകുമാറിനേയും അതിനുമെത്രയോ മുന്‍പ് സഞ്ജീവ് ഭട്ടിനേയും ഒക്കെ ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കൊപ്പം നിന്നു എന്ന ഒറ്റക്കാരണത്താല്‍ ആക്രമിച്ചു ജയിലില്‍ അടക്കുന്നത് അത് കൊണ്ടാണ്.
ഭരണഘടനാസംരക്ഷകയായ ടീസ്റ്റ സെതല്‍വാദ്
എന്റെ പേരിന് പിന്നില്‍ സെതല്‍വാദ് എന്നുള്ളത് കൊണ്ട് നിങ്ങള്‍ എന്നെ അറിയുന്നു, നിങ്ങള്‍ എന്നെ കേള്‍ക്കുന്നു, ഞാന്‍ ഇപ്പോഴും ജീവനോടെ ഇരിക്കുന്നു എന്ന് ടീസ്റ്റ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയപരമായി ഒരുപാട് അര്‍ഥങ്ങളുള്ള ഒരു സ്റ്റേറ്റ്‌മെന്റാണ് ടീസ്തയുടെ ഈ വാക്കുകള്‍. കാലങ്ങളായി ഒരു ഫാസിറ്റ് ഭരണകൂടം ഇന്ത്യയില്‍ ചെയ്തുകൊണ്ടിരിക്കുന്ന നെറികെട്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിനും, വംശീയതയ്ക്കും, മതവെറിക്കുമെതിരെ നിരന്തരം പോരാടിയ ടീസ്റ്റ ഇന്ന് ജീവിച്ചിരുന്നത് പോലും അവള്‍ ടീസ്റ്റ സെതല്‍വാദ് എന്ന ഹിന്ദു മതത്തില്‍ ജനിച്ച ഒരു സ്ത്രീ ആയത് കൊണ്ടാണെന്ന് അവര്‍ക്ക് സ്വയം തോന്നിയാല്‍ അതില്‍ തെറ്റ് പറയാന്‍ യാതൊന്നും തന്നെയില്ല. കാരണം, സംഘപരിവാറിനെ അത്രത്തോളം ആഴത്തില്‍ പഠിച്ച നിരീക്ഷിച്ച ചുരുക്കം ചില മനുഷ്യരില്‍ ഒരാളാണ് ടീസ്റ്റ.
ഗുജറാത്ത് കലാപത്തില്‍ എല്ലാം നഷ്ട്ടപ്പെട്ട മനുഷ്യര്‍ക്ക് മുന്നില്‍ ദൈവത്തെ പോലെ അവതരിച്ച ഒരുവളാണ് ടീസ്ത. ഭരണകൂടത്തിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് കൊണ്ട് കലാപത്തില്‍ ദുരിതമനുഭവിച്ച, അതിജീവിച്ച ജനങ്ങള്‍ക്കൊപ്പം നിന്ന് ടീസ്ത നയിച്ച നിയമ പോരാട്ടം മാറി മാറി വന്ന എല്ലാ ബി.ജെ.പി സര്‍ക്കാരുകളേയും പ്രതിസന്ധിയില്‍ ആക്കുകയും, ടീസ്റ്റയെ ബി.ജെ.പിയുടെ മുഖ്യ ശത്രുക്കളില്‍ ഒരാള്‍ ആക്കുകയും ചെയ്തിട്ടുണ്ട്.
മുംബൈ ആസ്ഥാനമായിട്ടാണ് ടീസ്റ്റ പ്രവര്‍ത്തിച്ചിരുന്നത് എങ്കിലും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അവര്‍ക്ക് വേരോട്ടമുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തക, മനുഷ്യാവകാശ പ്രവര്‍ത്തക, സാമൂഹിക പ്രവര്‍ത്തക തുടങ്ങി അവരുടെ കര്‍മ്മ മണ്ഡലം എല്ലാ കാലത്തും വിപുലമായിരുന്നു. 2002 ഫെബ്രുവരി 27 ന് രാവിലെ ഒമ്പത് മണിയോടെ തന്നെ സബര്‍മതി എക്‌സ്പ്രസിലെ തീപ്പിടിത്ത വാര്‍ത്ത
അറിയുന്നുണ്ട്. വൈകിട്ടോടെ സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെടുകയും, അക്രമി സംഘം അവരുടെ വംശവെറി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു തുടങ്ങി. ഭരണ സംവിധാനങ്ങള്‍ നിശ്ചലമായി കലാപത്തെ നോക്കി നില്‍ക്കുന്ന അവസ്ഥ ടീസ്തയെ ഭയപ്പെടുത്തി. ഒരു പാര്‍ലമെന്ററി സമിതി അടിയന്തിരമായി ഗുജറാത്തിലേക്ക് പോവുകയും എന്തെങ്കിലും ചെയ്യുകയും ചെയ്താല്‍ കലാപത്തെ അടക്കി നിര്‍ത്താം എന്ന തോന്നലില്‍ ടീസ്ത ശബ്ന ആസ്മി, രാജ് ബബര്‍, അമര്‍ സിങ് എന്നീ പാര്‍ലമെന്റ് അംഗങ്ങളേയും, സി.പി.ഐ.എം നേതാവ് സീതാറാം യെച്ചൂരിയേയും ബന്ധപ്പെട്ടു. ആരും പോകാന്‍ തയ്യാറായില്ല. 'ഫാസിസമാണ് എങ്ങനെ പോകാന്‍?' എനായിരുന്നുവത്രെ യെച്ചൂരി തിരിച്ചു ചോദിച്ചത്. ഒടുവില്‍ നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ അവര്‍ പോകാന്‍ സമ്മതിക്കുകയും ടീസ്തയും കൂടെ ചെല്ലുകയും ചെയ്യുന്നതോടെയാണ് ടീസ്ത സെതല്‍വാദ് ഗുജറാത്ത് കലാപത്തിലെ ഇരകളുടെ ദൈവമാകുന്നത്.
അഹമ്മദാബാദിലെത്തിയ സംഘത്തെ മോദി നേരിട്ട് ഫോണില്‍ വിളിച്ചു തിരികെ പോകാന്‍ പറഞ്ഞു. കമ്മീഷണറെ കാണാന്‍ ശ്രമിച്ച സംഘത്തിന് അതിന് സാധിച്ചില്ല, കലാപം പേടിച്ചു സംഘം ജനങ്ങള്‍ക്കിടയിലേക്ക് പോകാന്‍ മടിച്ചു. ഒടുവില്‍ ഇരകളെ പിറ്റേന്ന് രാവിലെ ഇവരുടെ താമസസ്ഥലത്തെത്തിക്കാന്‍ ടീസ്ത തീരുമാനിച്ചുവെങ്കിലും, സംഘം രാവിലെ 8 മണിയുടെ ഫ്‌ളൈറ്റില്‍ ഡല്‍ഹിക്ക് തിരികെ പോയി. ഈ സംഭവം ടീസ്തയില്‍ ഉണ്ടാക്കിയ നിരാശയും തിരിച്ചറിവും അവര്‍ പിനീട് എഴുതിയിട്ടുണ്ട്. ഇതോടെ ഗുജറാത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ആരംഭിച്ച ടീസ്തയെ പല സ്ഥലത്തും അക്രമിസംഘം തടഞ്ഞു. നെറ്റിയിലെ വലിയ പൊട്ട് പലപ്പോഴും അവര്‍ക്ക് രക്ഷ നല്‍കിയതായി അവര്‍ പിന്നീട് രേഖപ്പെടുത്തി.
രാഷ്ടപതിക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ച ടീസ്ത ക്യാമ്പില്‍ കയറരുതെന്ന് കളക്ടര്‍ നിദേശിച്ചു. രാത്രിക്ക് രാത്രി രാഷ്ട്രപതി സന്ദര്‍ശിക്കുന്ന ക്യാമ്പുകള്‍ മാറ്റി. പക്ഷെ, വേഷം മാറി ടീസ്ത ക്യാമ്പില്‍ കയറി അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുകയായിരുന്ന രാഷ്ട്രപതിക്ക് ക്മ്യൂണലിസം കോംപാക്റ്റിന്റെ തമിഴ് പതിപ്പ് നല്‍കി. തുടര്‍ന്ന് രൂപീകരിക്കപ്പെട്ട സിറ്റിസണ്‍ ട്രിബ്യൂണലിനൊപ്പം ടീസ്ത തെളിവെടുപ്പിന് പോയി, ഇടയില്‍ ഒരു ദിവസമിവരെ ആക്രമിക്കാനുള്ള ശ്രമം നടന്നു. അപ്പോഴും ടീസ്ത ഒറ്റയ്ക്ക് തന്റെ യുദ്ദം തുടര്‍ന്ന് കൊണ്ടേയിരുന്നു.
മാര്‍ച്ച് എട്ടിന് ഗുജറാത്തില്‍ പട്ടാളം എത്തുന്നത് വരെ ടീസ്തയുടെ യാത്രകള്‍ അപകടത്തിലൂടെ ആയിരുന്നു. ഇതിനിടയില്‍ ഒരു സ്ത്രീ വന്ന് വാര്‍ത്തകള്‍ ശേഖരിക്കുകയും പത്രങ്ങള്‍ക്ക് കൈമാറുകയും ചെയ്യുന്നുണ്ടെന്ന പ്രചാരണം ഉണ്ടായി. എന്നാല്‍, മാര്‍ച്ച് 21 ന് മനുഷ്യാവകാശ കമീഷന്‍ സംഘം ടീസ്തയെ അവരുടെ കൂടെ പോകാന്‍ ക്ഷണിക്കുകയും, ടീസ്ത ഉണ്ടെങ്കില്‍ അക്രമിക്കപ്പെട്ട സ്ത്രീകള്‍ മനസ്സ് തുറക്കുമെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തതോടെ കാര്യങ്ങള്‍ കുറെ കൂടി എളുപ്പമായി. തുടര്‍ച്ചയായ 18 ദിവസം നീണ്ട ഗുജറാത്ത് കലാപ ഭൂമിയിലെ യാത്രയ്ക്ക് ശേഷം തിരികെയെത്തിയ ടീസ്ത ദേശീയ മനുഷ്യാവകാശ കമീഷനും, സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും കത്തയച്ചു. കമ്യൂണലിസം കോംപാക്റ്റിലൂടെ ആര്‍ട്ട് ഓഫ് കില്ലിങ് എന്ന പേരില്‍ നിരന്തരം ലേഖനങ്ങള്‍ എഴുതി തുടങ്ങി. കലാപത്തിന്റെ ഭീകരത തുറന്ന് കാട്ടുന്ന ഫോട്ടോകള്‍ പരസ്യപ്പെടുത്തി.
ദിവസങ്ങള്‍ക്കുള്ളില്‍ ടീസ്ത വീണ്ടും ഗുജറാത്തിലേക്ക് തിരിച്ചു. റിലീഫ് ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ ഗുജറാത്തില്‍ തുടരുന്നത് നേരില്‍ കണ്ടു. ക്യാമ്പില്‍ നിന്ന് 43 പേരെയും കൊണ്ട് ഡല്‍ഹിയില്‍ ചെന്ന് വി.പി സിങ് അടക്കമുള്ള മൂന്ന് മുന്‍ പ്രധാനമന്ത്രിമാരേയും രാഷ്ട്രപതി കെ.ആര്‍ നാരായണനെയും നേരില്‍ കണ്ടു. രാഷ്ട്രപതി ഇരകളോട് സംസാരിച്ചു. അവരെ കേട്ടു. ഗുജറാത്ത് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. മെയ് അഞ്ചിന് ഗുജറാത്ത് സന്ദര്‍ശിക്കാമെന്ന തീരുമാനം മെയ് മൂന്നിന് കാരണമൊന്നും പറയാതെ കെ.ആര്‍ നാരായണന്‍ റദ്ദാക്കിയതോടെ ചരിത്രത്തില്‍ രേഖപ്പെടുത്തുമായിരുന്ന ഒരു സംഭവം ഇല്ലാതായി. ജൂണില്‍ എ.പി.ജെ അബ്ദുള്‍ കലാം രാഷ്ടപതി ആവുകയും ആഗസ്റ്റില്‍ അദ്ദേഹം ഗുജറാത്ത് സന്ദര്‍ശിക്കുകയും ചെയ്തു. രാഷ്ടപതിക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ച ടീസ്ത ക്യാമ്പില്‍ കയറരുതെന്ന് കളക്ടര്‍ നിദേശിച്ചു. രാത്രിക്ക് രാത്രി രാഷ്ട്രപതി സന്ദര്‍ശിക്കുന്ന ക്യാമ്പുകള്‍ മാറ്റി. പക്ഷെ, വേഷം മാറി ടീസ്ത ക്യാമ്പില്‍ കയറി അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുകയായിരുന്ന രാഷ്ട്രപതിക്ക് ക്മ്യൂണലിസം കോംപാക്റ്റിന്റെ തമിഴ് പതിപ്പ് നല്‍കി. തുടര്‍ന്ന് രൂപീകരിക്കപ്പെട്ട സിറ്റിസണ്‍ ട്രിബ്യൂണലിനൊപ്പം ടീസ്ത തെളിവെടുപ്പിന് പോയി, ഇടയില്‍ ഒരു ദിവസമിവരെ ആക്രമിക്കാനുള്ള ശ്രമം നടന്നു. അപ്പോഴും ടീസ്ത ഒറ്റയ്ക്ക് തന്റെ യുദ്ദം തുടര്‍ന്ന് കൊണ്ടേയിരുന്നു.
2003 മെയില്‍ സഹീറ ഷെയ്ഖ് ടീസ്തയെ ബന്ധപ്പെട്ടതോടെയാണ് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ടീസ്തയുടെ പോരാട്ടത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നത്. ടീസ്തയെ സഹീറ ബന്ധപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് അവള്‍ കോടതിയില്‍ മൊഴി മാറ്റുന്നതും, ബെസ്റ്റ് ബേക്കറി കേസിലെ 21 പ്രതികളേയും കോടതി വെറുതെ വിടുന്നതും. എന്നാല്‍, മൊഴി മാറ്റിയത് സംഘ്പരിവാര്‍ ഭീഷണി ഭയന്നിട്ടാണെന്നും സഹായിക്കണമെന്നുംകൂടെ നില്‍ക്കണമെന്നും സത്യം പറയാമെന്നും സഹീറ ടീസ്തയെ ബോധ്യപ്പെടുത്തി. ടീസ്ത ഒരു ഘട്ടം വരെ ഇത് വിശ്വസിച്ചു കൂടെ നിന്നു എങ്കിലും സഹീറയ്ക്ക് പുറമെ അവള്‍ കൂടുതല്‍ കരുത്തരായ സാക്ഷികളെ കണ്ടെത്തി കേസ് മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രമം നടത്തിയിരുന്നു. പ്രതീക്ഷിച്ചത് പോലെ സഹീറ വീണ്ടും മൊഴി മാറ്റി. ടീസ്തയെക്കെതിരെ പത്ര സമ്മേളനം വിളിച്ചു അവര്‍ ഭീഷണിപ്പെടുത്തിയിട്ടാണ് ഭരണകൂടത്തിനെതിരെ കേസ് കൊടുത്തതെന്ന് പറഞ്ഞു. പക്ഷെ, ടീസ്ത സഹീറയേക്കാള്‍ മികച്ച ദൃക്സാക്ഷികളെ കൊണ്ട് ആ വാദത്തെ മറ്റൊരു പത്രസമ്മേളനം നടത്തി പൊളിച്ചു. കോടതിയില്‍ കേസ് എത്തിയപ്പോള്‍ രണ്ട് തവണ മൊഴി മാറ്റി കോടതിയെ കബളിപ്പിച്ചതിനും, പ്രതികളെ രക്ഷിച്ചതിനും സഹീറ ശിക്ഷിക്കപ്പെട്ടു. ഒപ്പം ബെസ്റ്റ് ബേക്കറി കേസിലെ മറ്റ് പ്രതികളും.
ടീസ്റ്റയുടെ ഇടപെടലിലൂടെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാനുള്ള ചരിത്ര വിധി 2004 ഏപ്രില്‍ 12 ന് സുപ്രീംകോടതി പുറപ്പെടുവിച്ചു. ഒപ്പം ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രണ്ടായിരത്തോളം കേസുകളില്‍ പുനരന്വേഷണവും, കേസുകള്‍ സി.ബി.ഐക്ക് വിടാനുള്ള ഉത്തരവും കോടതി നല്‍കി. അപ്പോഴും ടീസ്റ്റ ഇരകള്‍ക്കൊപ്പം രാവും പകലും നീതിക്ക് വേണ്ടിയുള്ള പോരാട്ടം നടത്തികൊണ്ടേയിരുന്നു. ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ വച്ചു ക്രൂരമായി കൊല ചെയ്യപ്പെട്ട ഇഹ്‌സാന്‍ ജാഫ്രിയുടെ നീതിക്ക് വേണ്ടി ഭാര്യ സാക്കിയ ജാഫ്രി നടത്തുന്ന നിയമ പോരാട്ടത്തിന് സഹായകമാകുന്ന തരത്തില്‍ ടീസ്റ്റ 2000 പേജുള്ള തെളിവുകളുമായി എത്തുന്നത് അങ്ങനെയാണ്. ഇതുമായി ടീസ്റ്റ ഹൈക്കോടതിയില്‍ പോവുകയും ഗുല്‍ബര്‍ഗ് കേസില്‍ സാക്കിയയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിനോട് നിര്‍ദേശിക്കാന്‍ കോടതിയില്‍ അപേക്ഷിക്കുകയും ചെയ്യുന്നതാണ് പോരാട്ടത്തിന്റെ മറ്റൊരു ഘട്ടം.
2007 ല്‍ ഗുജറാത്ത് ഹൈക്കോടതി ആ കേസ് തള്ളി കൊണ്ട് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയും സാക്കിയയും ടീസ്റ്റയും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തതോടെ ഗുജറാത്ത് സര്‍ക്കാര്‍ പ്രതിസന്ധിയിലായി. അതിനിടയില്‍ 'ഓപ്പറേഷന്‍ കളങ്ക്' എന്ന പേരില്‍ തെഹല്‍ക്ക ഗുല്‍ബര്‍ഗ് കൂട്ടക്കൊല അടക്കം ഗുജറാത്ത് കലാപം ആസൂത്രിതമായിരുന്നു എന്ന് ബി.ജെ.പി നേതാക്കള്‍ തന്നെ പറയുന്ന ആ വീഡിയോ പുറത്തുവിട്ടു. കേസില്‍ ഈ വീഡിയോ കൂടി തെളിവായി ടീസ്ത സുപ്രീംകോടതിക്ക് മുന്നില്‍ എത്തിച്ചു. കോടതിയുടെ നിഷ്‌ക്രിയത്വം മനസ്സിലാക്കിയിട്ടെന്നോളം ദേശീയ മനുഷ്യാവകാശ കമീഷന്‍ കേസില്‍ നേരിട്ട് ഇടപെട്ടു. ആ വീഡിയോയുടെ ആധികാരികത ഉറപ്പാക്കാന്‍ സി.ബി.ഐയോട് നിര്‍ദേശിച്ചു. അത് ഒറിജിനല്‍ തന്നെ എന്ന് സി.ബി.ഐ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കി. അതോടെ ജാഫ്രി കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുകളുണ്ടായി തുടങ്ങി.
സാക്കിയയും ടീസ്റ്റയും വീണ്ടും സുപ്രീംകോടതിയിലെത്തി. 2009 ഏപ്രിലില്‍ ഗുജറാത്ത് കലാപത്തിലെ മറ്റ് 9 കേസുകള്‍ അന്വേഷിക്കുന്ന ആര്‍.കെ രാഘവനെ ഈ കേസും അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി കൊണ്ടുള്ള ഉത്തരവ് നേടിയെടുത്തു. 2010 മാര്‍ച്ച് 21 ന് ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്ന സംഘം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ നീണ്ട 11 മണിക്കൂര്‍ ഒരു ക്രിമിനല്‍ കേസില്‍ ചോദ്യം ചെയ്തു. അങ്ങനെ മോദി ക്രിമിനല്‍ കേസില്‍ ചോദ്യം ചെയ്യപ്പെട്ട രാജ്യത്തെ ആദ്യത്തെ മുഖ്യമന്ത്രിയായി. ഇതിന് പുറമെ ഗുജറാത്ത് കലാപം ലോക വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതോടെ മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് ബ്രിട്ടനും അമേരിക്കയും വിസ നല്‍കുന്നത് വിലക്കി, യാത്ര ബാന്‍ ഏര്‍പ്പെടുത്തി.
2010 മെയില്‍ പ്രത്യേക അന്വേഷണ സംഘം സാക്കിയയുടെ പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അത് കോടതി പരിഗണിക്കുന്നതിന് മുന്‍പ് തന്നെ ചില പത്രങ്ങളില്‍ മോദിക്ക് അന്വേഷണ സംഘത്തിന്റെ ക്ലീന്‍ ചിറ്റ് എന്ന വാര്‍ത്തയും പുറത്ത് വന്നു. അത് തന്നെ സംഭവിച്ചു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ സാക്കിയയും ടീസ്റ്റയും ഉന്നയിക്കുന്ന വാദം തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്നാണ് ഉണ്ടായിരുന്നത്. സുപ്രീംകോടതി തന്നെ നിയോഗിച്ച അമിക്കസ് ക്യൂറി ആവട്ടെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട് നല്‍കിയതും. ഒരേ കോടതി നിയോഗിച്ച രണ്ട് പേര്‍ രണ്ട് വ്യത്യസ്ത റിപ്പോര്‍ട്ട് നല്‍കിയത് ഏത് സ്വീകരിക്കുമെന്ന കാര്യത്തില്‍ കോടതിയില്‍ തന്നെ പ്രതിസന്ധിയുണ്ടാകുന്നതിന് കാരണമായി.
2011 സെപ്റ്റംബര്‍ 12 ന് സുപ്രീംകോടതി കേസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കണമെന്ന നിര്‍ദേശം വീണ്ടും മുന്നോട്ട് വച്ചു. ഇത് പ്രകാരം 2012 ഫെബ്രുവരിയില്‍ കേസ് അന്വേഷണം അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് അന്വേഷണ സംഘവും കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍, പരാതിക്കാര്‍ക്ക് അതിന്റെ പകര്‍പ്പ് നല്‍കുന്നത് ഒരു വര്‍ഷം വൈകിപ്പിച്ചു. ഒരു വര്‍ഷത്തിന് ശേഷം കിട്ടിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ പകര്‍പ്പും കൊണ്ട് സാക്കിയയും ടീസ്തയും അഹമ്മദാബാദ് മജിസ്ട്രേറ്റ് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ ഹര്‍ജി നല്‍കുന്നത് അപ്പോഴാണ്. മജിസ്ട്രേറ്റ് കോടതി പക്ഷെ ഹര്‍ജി തള്ളുകയും അന്വേഷണ സംഘത്തിനൊപ്പം നിന്ന് മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു.
ഹര്‍ജിയുമായി സാക്കിയ വീണ്ടും ഹൈക്കോടതിയില്‍ പോയെങ്കിലും 2017 ഒക്ടോബര്‍ 5 ന് ഗുജറാത്ത് ഹൈക്കോടതിയും സാക്കിയയുടെ ഹര്‍ജി തള്ളി, മോദിക്കും കൂട്ടര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കി. ജാഫ്രിയ്ക്ക് കിട്ടേണ്ട നീതി വിദൂരമാണെന്ന് ഒരിക്കല്‍ കൂടി നീതിപീഠം വിളിച്ചു പറയുന്നത് ടീസ്റ്റയും സാക്കിയയും നോക്കി നിന്നു.
എല്ലാ തരത്തിലും ഭരണകൂടം ആസൂത്രണം ചെയ്ത കലാപത്തില്‍ നിന്നും നിയമപരമായും അതിലേറെ വിദഗ്ധമായും എല്ലാവരും രക്ഷപ്പെട്ടു. ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയില്‍ നാനാവതി-ഷാ കമ്മിഷന് മുമ്പാകെ ഗുജറാത്തിലെ അഡീഷണല്‍ ഡി.ജി.പിയായിരുന്ന ഐ.പി.എസ്. ഉദ്യോഗസ്ഥരായ ശ്രീകുമാറും, സഞ്ജീവ് ഭട്ടും, ടീസ്റ്റയും നല്‍കിയ സത്യവാങ്മൂലങ്ങള്‍ കളവാണെന്നാണ് കോടതി പറഞ്ഞത്. ഇവര്‍ക്കെതിരെ ഭരണകൂടത്തിനെതിരെ വ്യാജരേഖകള്‍ ഉണ്ടാക്കിയതിന് നടപടി എടുക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടതിന് തൊട്ട് പിന്നാലെ തന്നെ ടീസ്തയും ശ്രീകുമാറും, സഞ്ജീവ് ഭട്ടും അറസ്റ്റിലാവുകയും ചെയ്തു.
അപ്പോഴും സാക്കിയയിലും ടീസ്തയിലും നീതി പീഠത്തിലുള്ള പ്രതീക്ഷകള്‍ അവസാനിച്ചിരുന്നില്ല. 2018 ല്‍ സാക്കിയ ജാഫ്രി ടീസ്റ്റ
യുടെ കൂടി സഹായതോടെ ഹര്‍ജിയുമായി ഒരിക്കല്‍ കൂടി സുപ്രീംകോടതിയുടെ മുന്നില്‍ ചെന്നു നില്‍ക്കുന്നത് അങ്ങനെയാണ്. സാക്കിയ ജഫ്രിക്ക് വേണ്ടി കോടതിയില്‍ ഹാജരായ കപില്‍ സിബല്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്.എ.ടി) അവര്‍ക്ക് മുന്നിലെത്തിയ തെളിവുകളൊന്നും പരിശോധിച്ചില്ലെന്ന് ശക്തമായി വാദിച്ചിട്ടും സാക്കിയ ജഫ്രി നല്‍കിയ അപ്പീല്‍ ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കറും, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും, സി.ടി രവികുമാറും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ചും തള്ളി. ഒരിക്കല്‍ കൂടി ഗുജറാത്ത് കലാപത്തിലെ ഭരണകൂടത്തിന്റെ പങ്കിനെ കുറിച്ചുള്ള ആരോപണം തഴയപ്പെട്ടു. ഭരണകൂടം നിയമം വഴിതന്നെ സുരക്ഷിതസ്ഥാനത്തു നിലയുറപ്പിച്ചു.
രാജ്യത്തെ ന്യൂനപക്ഷ-മുസ്‌ലിം സമുദായങ്ങള്‍ക്കെതിരെ ഗുജറാത്തില്‍ നടന്ന വലിയ അക്രമങ്ങള്‍ക്ക് പിന്നില്‍ ഉന്നത തലത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്നതിന് അന്വേഷണ സംഘം ശേഖരിച്ച തെളിവുകള്‍ സംശയം ജനിപ്പിക്കുന്നില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അതോടെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മറ്റ് 63 പേര്‍ക്കും സുപ്രീംകോടതിയില്‍ നിന്ന് കൂടി ക്ലീന്‍ ചിറ്റ് ലഭിച്ചു. എല്ലാ തരത്തിലും ഭരണകൂടം ആസൂത്രണം ചെയ്ത കലാപത്തില്‍ നിന്നും നിയമപരമായും അതിലേറെ വിദഗ്ധമായും എല്ലാവരും രക്ഷപ്പെട്ടു. ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയില്‍ നാനാവതി-ഷാ കമ്മിഷന് മുമ്പാകെ ഗുജറാത്തിലെ അഡീഷണല്‍ ഡി.ജി.പിയായിരുന്ന ഐ.പി.എസ്. ഉദ്യോഗസ്ഥരായ ശ്രീകുമാറും, സഞ്ജീവ് ഭട്ടും, ടീസ്തയും നല്‍കിയ സത്യവാങ്മൂലങ്ങള്‍ കളവാണെന്നാണ് കോടതി പറഞ്ഞത്. ഇവര്‍ക്കെതിരെ ഭരണകൂടത്തിനെതിരെ വ്യാജരേഖകള്‍ ഉണ്ടാക്കിയതിന് നടപടി എടുക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടതിന് തൊട്ട് പിന്നാലെ തന്നെ ടീസ്തയും ശ്രീകുമാറും, സഞ്ജീവ് ഭട്ടും അറസ്റ്റിലാവുകയും ചെയ്തു. കുറ്റവാളികള്‍ വളരെ എളുപ്പത്തില്‍ രക്ഷപ്പെട്ടപ്പോഴും നീതി തേടുന്ന ജനം തെരുവിലാണ്. ഭരണകൂടം അവരെ വീണ്ടും വീണ്ടും വേട്ടയാടുകയാണ്. ജാമ്യ ഹര്‍ജി പരിഗണിക്കാതെ പുറം ലോകം കാണിക്കാതെ എല്ലാ തരത്തിലും ഇരുട്ടിലടയ്ക്കുകയാണ്. എന്തിന്? ഹിന്ദുത്വ തീവ്രവാദികളുടെ വംശവെറിക്കിരയായി പീഡിപ്പിക്കപ്പെട്ട, കൊലചെയ്യപ്പെട്ട, പാവങ്ങള്‍ക്കൊപ്പം നിലകൊണ്ടത്. അവരുടെ നീതിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന്!
ആര്‍.ബി ശ്രീകുമാര്‍ സര്‍ക്കാരിന്റെ ശത്രു ആകുന്നതെങ്ങനെ?
ഗുജറാത്ത് കലാപത്തിന് തൊട്ട് പിന്നാലെ, കൃത്യമായി പറഞ്ഞാല്‍ 2002 ഏപ്രില്‍ 8 നാണ് ഇന്റലിജന്‍സ് വിഭാഗം മേധാവിയായി ഗുജറാത്തില്‍ ആര്‍.ബി ശ്രീകുമാര്‍ നിയമിതനാകുന്നത്. ഇന്റലിജന്‍സ് വിഭാഗം മേധാവിയെന്നാല്‍ മുഖ്യമന്ത്രിയുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളുകളില്‍ ഒരാള്‍ ആണെന്നാണ് സാധാരണ പറയപ്പെടുന്നത്. എന്നാല്‍, ശ്രീകുമാര്‍ ഇതില്‍ നിന്ന് വേറിട്ട് നില്‍ക്കുകയും ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സംശയങ്ങള്‍ തുറന്ന് പറയുകയും ചെയ്തു. സമാന്തരമായി മറ്റൊരന്വേഷണം നടത്തുകയും മോദി അദ്ദേഹത്തിനോട് ചെയ്യാന്‍ പറഞ്ഞ നിയമപരമല്ലാത്ത കാര്യങ്ങളെ തുറന്നെതിര്‍ക്കുകയും ചെയ്തതു. ഇതോടുകൂടിയാണ് ആര്‍.ബി ശ്രീകുമാര്‍ സര്‍ക്കാരിന്റെ ശത്രു ആകുന്നത്. ഇത് പ്രകാരം 2002 സെപ്റ്റംബര്‍ 17 ആയപ്പോഴേക്കും തന്നെ അദ്ദേഹം അപ്രസക്തമായ മറ്റൊരു വിഭാഗത്തിലേക്ക് സ്ഥലം മാറ്റപ്പെടുകയും ചെയ്തു.
2002 ലെ ഗുജറാത്ത് കലാപത്തിന് മാസങ്ങള്‍ക്ക് ശേഷം മോദി ഗുജറാത്തില്‍ ഗൗരവ് യാത്രയെന്ന പേരില്‍ ഒരു പ്രചരണ ജാഥ നടത്തുകയുണ്ടായി. മുസ്‌ലിംകളെ പരസ്യമായി അപമാനിക്കുകയും വര്‍ഗീയത ഇളക്കിവിടുന്ന രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അത്രയും. ഇന്റലിജന്‍സ് വിഭാഗം മേധാവി എന്ന നിലയില്‍ ശ്രീകുമാര്‍ ഇത് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യുമെന്നായപ്പോള്‍ അന്നത്തെ ഡി.ജി.പി. ചക്രവര്‍ത്തി, ശ്രീകുമാറിനെ നേരിട്ട് വിളിപ്പിക്കുകയും അത് റിപ്പോര്‍ട്ട് ചെയ്യരുതെന്നാവശ്യപ്പെടുകയും ചെയ്തു. അതിന് സാധിക്കില്ലെന്ന് ശ്രീകുമാര്‍ നിലപാട് സ്വീകരിച്ചതോടെ ഡി.ജി.പി രേഖാമൂലം അദ്ദേഹത്തിന്റെ നിര്‍ദ്ദേശം എഴുതി നല്‍കി. എന്നാല്‍, ആ ഉത്തരവ് നിയമവിരുദ്ധമാണെന്നും വര്‍ഗീയത പരത്തുന്ന പ്രസംഗങ്ങള്‍ അക്ഷരംപ്രതി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് പൊലിസ് മാനുവലിലുള്ളതെന്നും ശ്രീകുമാര്‍ വാദിച്ചു. ഇതിനിടയില്‍ തന്നെയാണ് 2002 ആഗസ്റ്റ് മാസത്തില്‍ ഗുജറാത്തിലെ അന്നത്തെ സംസ്ഥാന ആഭ്യന്തര സെക്രട്ടറി ജി.സി മുര്‍മു, അണ്ടര്‍ സെക്രട്ടറി ദിനേഷ് കപാഡിയ, ഗവണ്‍മെന്റ് പ്ലീഡര്‍ അരവിന്ദ പാണ്ഡ്യ എന്നിവര്‍ ശ്രീകുമാറിനെ അഹമ്മദാബാദിലെ ഒരു പ്രൈവറ്റ് ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തുകയും സര്‍ക്കാരിനെതിരെ നിലപാട് എടുക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. സര്‍ക്കാരിനെതിരെ മൊഴി കൊടുത്താല്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാകും എന്നവര്‍ ശ്രീകുമാറിനെ താക്കീത് ചെയ്തെങ്കിലും അതിനും അദ്ദേഹം വഴങ്ങിയില്ല.
സത്യം പറയാതിരിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടെടുത്ത ശ്രീകുമാര്‍ സെപ്റ്റംബര്‍ മാസത്തില്‍ മോദിയുടെ പ്രസംഗത്തിലെ വര്‍ഗീയത ചൂണ്ടിക്കാട്ടികൊണ്ടുള്ള റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനും അതിന്റെ ഒരു പകര്‍പ്പ് ദേശീയ മനുഷ്യാവകാശ കമീഷനും ആഭ്യന്തര മന്ത്രാലയത്തിനും അയച്ചു. അന്ന് തന്നെ ദേശീയ ന്യൂനപക്ഷ കമീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം വേണമെന്ന് ആവശ്യപ്പെട്ടതോടെ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായി. ശ്രീകുമാര്‍ റിപ്പോര്‍ട്ട് നല്‍കിയ സ്ഥിതിക്ക് സംസ്ഥാന സര്‍ക്കാറിന് പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം അയക്കാതിരിക്കാനും ആവുമായിരുന്നില്ല. വാസ്തവത്തില്‍ അന്ന് മുതലാണ് ശ്രീകുമാര്‍ പ്രത്യക്ഷത്തില്‍ തന്നെ സര്‍ക്കാറിന്റെ ശത്രു ആകുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു എങ്കില്‍ അന്നേ ദിവസം രാത്രി ഏകദേശം ഒന്നര മണിയോടെ തന്നെ തീര്‍ത്തും നാടകീയമെന്ന് പറയത്തക്ക രീതിയില്‍ ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ ശ്രീകുമാറിന്റെ വീട്ടിലെത്തുകയും ബൈ ഹാന്‍ഡ് അദ്ദേഹത്തിനുള്ള സ്ഥലംമാറ്റ ഉത്തരവ് നല്‍കുകയും ചെയ്തു എന്ന് ശ്രീകുമാര്‍ തന്നെ പിന്നീട് പറഞ്ഞിട്ടുള്ള കാര്യമാണ്.
കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി നല്‍കിയ ഒരു ഹര്‍ജി ദിവസങ്ങള്‍ക്ക് മുന്‍പ് സുപ്രീംകോടതി തള്ളിയിരുന്നു. ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയില്‍ നാനാവതി-ഷാ കമ്മിഷന് മുമ്പാകെ ഗുജറാത്തിലെ അഡീഷണല്‍ ഡി.ജി.പിയായിരുന്ന മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ആര്‍.ബി ശ്രീകുമാര്‍ നല്‍കിയ സത്യവാങ്മൂലങ്ങള്‍ കളവാളെന്നാണ് കോടതി പറഞ്ഞത്. ഇദ്ദേഹത്തിനും വ്യാജരേഖകള്‍ ഉണ്ടാക്കിയ മറ്റുള്ളവര്‍ക്കുമെതിരെ നടപടി എടുക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടതിന് തൊട്ട് പിന്നാലെ തന്നെ, ബി.ജെ.പി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞത് ചില പോലിസ് ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നുമാണ്. മിനിറ്റുകള്‍ക്ക് ഉള്ളില്‍ തന്നെ ശ്രീകുമാറിനെതിരെ ഗുജറാത്ത് പൊലീസ് കേസ് എടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതുമാണ് പിന്നീട് സംഭവിച്ചത്.
ഗുജറാത്ത് കലാപത്തിന് തൊട്ട് പിന്നാലെ ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ രാഷ്ട്രീയമായി വന്‍ ലാഭം നേടാനാകും എന്നായിരുന്നു മോദിയും കൂട്ടരും കരുതിയിരുന്നത്. എന്നാല്‍, ഈ സമയത്താണ് ആര്‍.ബി ശ്രീകുമാര്‍ ഗുജറാത്തില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തരുത് എന്നും അവിടത്തെ ക്രമസമാധനനില തൃപ്തികരമല്ലെന്നും തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമായിട്ടില്ലെന്നും റിപ്പോര്‍ട്ട് കൊടുക്കുന്നത്. ശ്രീകുമാറിന്റെ ഈ റിപ്പോര്‍ട്ടും ബി.ജെ.പിയെ നന്നായി ചൊടിപ്പിക്കുന്ന നടപടി ആയിരുന്നു. ഇതിനിടയില്‍ നടന്ന മറ്റ് ചില സംഭവങ്ങളും ശ്രീകുമാര്‍ ബി.ജെ.പിയുടെ ശത്രു ലിസ്റ്റില്‍ ഇടം പിടിക്കാന്‍ കാരണമായിട്ടുണ്ട്. ഇതില്‍ ഒന്ന് കൊല്ലപ്പെട്ട ബി.ജെ.പി നേതാവ് ഹരണ്‍ പാണ്ഡ്യയുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ പറഞ്ഞ സംഭവമായിരുന്നു. മൂന്ന് മാസത്തെ കോളുകള്‍ ചോര്‍ത്തി നല്‍കാന്‍ നിര്‍ദേശിച്ചത് സാക്ഷാല്‍ നരേന്ദ്രമോദി തന്നെ ആയിരുന്നു എന്നാണ് ശ്രീകുമാര്‍ പിന്നീട് വെളിപ്പെടുത്തിയത്. എന്നാല്‍, പറ്റില്ലെന്ന് ശ്രീകുമാര്‍ പറഞ്ഞതോടെ അപ്പോള്‍ അവിടെയുണ്ടായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി മിശ്രയും ചീഫ് സെക്രട്ടറി സുബ്ബറാവുവും സി.എം പറഞ്ഞാല്‍ അത് ചെയ്യേണ്ടേ എന്ന് ശ്രീകുമാറിനോട് ചോതിച്ചു എന്നും, അപ്പോള്‍ മോദി അത് വിട്ടുകള എന്ന് പറഞ്ഞതായും പിന്നീട് ശ്രീകുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതിന് മുമ്പ് ശങ്കര്‍ സിങ് വഗേലയുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്താന്‍ പറഞ്ഞപ്പോഴും ശ്രീകുമാര്‍ അത് നിരസിച്ചിരുന്നു എന്നും ദേശവിരുദ്ധരുടെ കോളുകള്‍ മാത്രമേ ചോര്‍ത്താന്‍ നിയമമുള്ളൂ എന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇവയെല്ലാം ബി.ജെ.പിയുടെ മുഖ്യ ശത്രുക്കളില്‍ ഒരാളായി ശ്രീകുമാര്‍ മാറാന്‍ കാരണമായി എന്ന് വേണം കരുതാന്‍. ഇതിനൊക്കെ ശേഷമാണ് പ്രതികാര നടപടി എന്നോളം ഐ.എസ്.ആര്‍.ഒ. കേസില്‍ ശ്രീകുമാര്‍ കൂടി പ്രതിയാണെന്ന തരത്തിലുള്ള ഒരു കേസ് അദ്ദേഹത്തിനെതിരെ വരുന്നത്. അതില്‍ പക്ഷെ അദ്ദേഹത്തെ കുടുക്കാനുള്ള തെളിവുകള്‍ കിട്ടിയില്ലെന്നത് സര്‍ക്കാരിനെ കുഴച്ചു. ആ കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം ശ്രീകുമാറിന്റെ സുരക്ഷയ്ക്കായി അനുവദിച്ചിരുന്ന സായുധരായ രണ്ട് പൊലിസുകാരുടെ സേവനവും അവസാനിപ്പിച്ചു.
കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി നല്‍കിയ ഒരു ഹര്‍ജി ദിവസങ്ങള്‍ക്ക് മുന്‍പ് സുപ്രീംകോടതി തള്ളിയിരുന്നു. ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയില്‍ നാനാവതി-ഷാ കമ്മിഷന് മുമ്പാകെ ഗുജറാത്തിലെ അഡീഷണല്‍ ഡി.ജി.പിയായിരുന്ന മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ആര്‍.ബി ശ്രീകുമാര്‍ നല്‍കിയ സത്യവാങ്മൂലങ്ങള്‍ കളവാളെന്നാണ് കോടതി പറഞ്ഞത്. ഇദ്ദേഹത്തിനും വ്യാജരേഖകള്‍ ഉണ്ടാക്കിയ മറ്റുള്ളവര്‍ക്കുമെതിരെ നടപടി എടുക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടതിന് തൊട്ട് പിന്നാലെ തന്നെ, ബി.ജെ.പി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞത് ചില പോലിസ് ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നുമാണ്. മിനിറ്റുകള്‍ക്ക് ഉള്ളില്‍ തന്നെ ശ്രീകുമാറിനെതിരെ ഗുജറാത്ത് പൊലീസ് കേസ് എടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതുമാണ് പിന്നീട് സംഭവിച്ചത്. അദ്ദേഹം ഇപ്പോഴും ജയിലില്‍ തുടരുന്നു. കാരണം, അയാള്‍ ധീരമായ നിലപാടുകള്‍ എടുത്തത് ഇന്ത്യയിലെ ഫാസിസത്തിന് എതിരെ ആയിരുന്നു. വര്‍ഗ്ഗീയതയ്ക്കും ഹിന്ദുത്വയ്ക്കും എതിരെയായിരുന്നു. തങ്ങള്‍ക്കെതിരെ സംസാരിക്കുന്ന, എഴുതുന്ന, പ്രവര്‍ത്തിക്കുന്ന ആളുകളെ കാലമെത്ര കഴിഞ്ഞാലും പ്രതിരോധത്തിലാക്കുക എന്ന ഫാസിസ്റ്റ് തന്ത്രം തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളില്‍ ഒരാള്‍ മാത്രമാണ് ശ്രീകുമാര്‍.
മോദിക്കെതിരെ പരസ്യമായി പ്രതികരിച്ച സഞ്ജീവ് ഭട്ട്
ഗ്രോധ്രാ സംഭവത്തിന് ശേഷം അന്ന് രാത്രിയോടെ തന്നെ, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി സംസ്ഥാനത്തെ ഡി.ജ.പിയേയും മറ്റ് പ്രധാന പൊലീസുകാരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഏട്ട് പേര്‍ ചേര്‍ന്നുള്ള ഒരു അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു എന്നാണ് പിന്നീട് വന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഈ യോഗത്തില്‍ അന്ന് പങ്കെടുത്തിരുന്ന പൊലീസുകാരില്‍ ഒരാള്‍ ഇന്ന് ജയിലില്‍ കിടക്കുന്ന സജ്ജീവ് ഭട്ട് എന്ന മുന്‍ പോലീസ് മേധാവി ആയിരുന്നു. അന്ന് അദ്ദേഹം ഗുജറാത്ത് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ ആയിരുന്നു. അന്ന് നടന്ന യോഗത്തില്‍ വച്ച് മുഖ്യമന്ത്രി നരേന്ദ്രമോദി ഒരു പ്രസ്താവന നടത്തി. 'ഗോധ്രയ്ക്ക് എതിരെ പ്രതികരിക്കാന്‍ ഗുജറാത്തിലെ ഹിന്ദുക്കളെ പൊലിസ് അനുവദിക്കണം' എന്നായിരുന്നു ആ പ്രസ്താവന എന്ന് സജ്ജീവ് ഭട്ട് ഗുജറാത്ത് കലാപം അന്വേഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കും പിന്നീട് കോടതിയിലും മൊഴി നല്‍കിയത് വലിയ വാര്‍ത്ത ആയിരുന്നു. ഗുജറാത്ത് സര്‍ക്കാറിന്റെ കൂടി മൗനാനുവാദത്തോടെ ആയിരുന്നു കലാപം നടന്നതെന്ന് സമര്‍ഥിക്കുന്ന സഞ്ജീവിന്റെ മൊഴി ദൂര വ്യാപകമായ പ്രത്യാഘാതം ഉണ്ടാകുന്ന ഒന്നാണെന്ന് സര്‍ക്കാറിന് ഉറച്ച ബോധ്യമുണ്ടായിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിലെ മല്‍ഹോത്രയെന്ന ഉദ്യോഗസ്ഥന്‍ മുന്‍പാകെ സഞ്ജീവ് ഭട്ട് വെളിപ്പെടുത്തിയ വസ്തുതകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. കലാപത്തിന്റെ സമയത്ത് ഗുല്‍ബര്‍ഗ് സൊസൈറ്റിക്ക് മുന്നില്‍ നടന്നു കൊണ്ടിരുന്ന ഓരോ സംഭവവും കൃത്യ സമയത്ത് തന്നെ ഇന്റലിജന്‍സ് വിഭാഗം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നു എന്നും, ഡിജിപിയേയും കമ്മീഷണറേയും വിവരമറിയിച്ചിട്ട് നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ പോലും ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങളുടെ ഗൗരവം ധരിപ്പിച്ചിരുന്നതായി സഞ്ജീവ് വെളിപ്പെടുത്തി. ഭരണകൂടം കൂടി അറിഞ്ഞു കൊണ്ടുള്ള ആസൂത്രിതമായ കലാപമാണ് ഗുജറാത്തില്‍ അരങ്ങേറിയത് എന്നുറപ്പിക്കാന്‍ സഞ്ജീവ് ഭട്ടിന്റെ മൊഴിയും ഫോണ്‍ രേഖകളും, ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നിന്ന് അഞ്ച് മണിക്കൂര്‍ നിരന്തരമായി ജാഫ്രി വിളിച്ച കോള്‍ ഡീറ്റൈല്‍സും ധാരാളമായിരുന്നു. എന്നിട്ടും ഈ തെളിവുകള്‍ എല്ലാം കെട്ടിച്ചമച്ചതാണെന്നാണ് കോടതി വിലയിരുത്തിയത്. മാത്രമല്ല, ഭരണകൂടത്തിനെതിരെ സാക്ഷി പറഞ്ഞ മുഴുവന്‍ ആളുകളെയും കോടതി വിമര്‍ശിക്കുകയും ചെയ്തു. വ്യാജരേഖ ഉണ്ടാക്കിയ കേസില്‍ ഓരോരുത്തരായി അറസ്റ്റ് ചെയ്യപ്പെടുന്നത് ഈ സാഹചര്യത്തിലാണ്.
2002 ഫെബ്രുവരി 27 ന് രാത്രി നടന്ന യോഗത്തില്‍ സഞ്ജീവ് ഭട്ട് പങ്കെടുത്തിരുന്നില്ല എന്ന് സമര്‍ഥിക്കാന്‍ സര്‍ക്കാര്‍ നിരന്തരം ശ്രമം നടത്തിയിരുന്നു. സഞ്ജീവിന്റെ മൊഴിയുടെ വിശ്വാസ്വത ഇല്ലാതാക്കുക, ഇത് വ്യാജ മൊഴിയാണെന്ന് വരുത്തി തീര്‍ക്കുക തുടങ്ങിയവ ആയിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം. സര്‍ക്കാരിന്റെ ആ ഉദ്ദേശം കൃത്യമായി നടപ്പിലായി എന്നതിന്റെ തെളിവാണ് മോദിക്കും മറ്റുള്ളവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള ഓരോ കാലത്തേയും വ്യത്യസ്ത കോടതികള്‍ പുറപ്പെടുവച്ച വിധികള്‍.
ജാഫ്രി കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വന്ന ുഖ്യമന്ത്രി നരേന്ദ്രമോദിയോട് 2002 ഫെബ്രുവരി 27 ന് നടന്ന യോഗത്തില്‍ പങ്കെടുന്ന ആളുകളുടെ പേര് ചോദിച്ചപ്പോള്‍ അദ്ദേഹം സഞ്ജീവിന്റെ പേര് പറഞ്ഞിരുന്നില്ല. മാത്രമല്ല ഇന്റലിജന്‍സ് വിഭാഗം മേധാവി അന്നത്തെ യോഗത്തില്‍ ഉണ്ടായിരുന്നില്ല എന്ന് എടുത്ത് പറയുകയും ചെയ്തിരുന്നു.
എന്നാല്‍, അന്ന് യോഗത്തില്‍ പങ്കെടുത്തിരുന്ന എട്ട് പേരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതില്‍ രണ്ടുപേര്‍ ഒന്നും പറയാന്‍ തയ്യാറായിരുന്നില്ല. നാലുപേര്‍ മോദി അങ്ങനെ പറഞ്ഞിട്ടേ ഇല്ലെന്നായിരുന്നു മൊഴി നല്‍കിയത്. മറ്റൊരാള്‍ താന്‍ ആ യോഗത്തില്‍ ഉണ്ടായിരുന്നില്ലെന്ന് മൊഴി നല്‍കി. പക്ഷെ, സഞ്ജീവ് ഭട്ട്, മുഖ്യമന്ത്രി നരേന്ദ്രമോദിക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയോ, സുപ്രീംകോടതി ആവശ്യപ്പെട്ടാലോ കാര്യങ്ങള്‍ തുറന്ന് പറയാന്‍ തയ്യാറാണെന്ന് മൊഴി നല്‍കി. ഒരു കേസ് പോലും റെജിസ്റ്റര്‍ ചെയ്യാതെ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന തെളിവെടുപ്പിലും അന്വേഷണത്തിലും ആധികാരികത ഇല്ലെന്നായിരുന്നു സഞ്ജീവ് വിശ്വസിച്ചിരുന്നത്. അത് കൊണ്ട് തന്നെയാണ് കേസ് രജിസ്റ്റര്‍ ചെയ്താല്‍ മൊഴി നല്‍കാമെന്നദ്ദേഹം പറഞ്ഞത്. 2011 ഏപ്രില്‍ 23 ന് സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ എല്ലാ കാര്യവും മൊഴിയായി പറഞ്ഞു. സഞ്ജീവ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി ചക്രവര്‍ത്തി അതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചു എങ്കിലും സഞ്ജീവിനെ അന്ന് ആ യോഗത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി കൊണ്ടുവിട്ട ഡ്രൈവര്‍ തരാചന്ത് യാദവ്, അദ്ദേഹം യോഗം നടന്ന സ്ഥലത്തേക്ക് പോയിരുന്നു എന്ന് പരസ്യമായി മാധ്യമങ്ങളോടും മറ്റും പറഞ്ഞു.
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവം മുന്‍ നിര്‍ത്തി 2012 ല്‍ തന്നെ സഞ്ജീവിനും മറ്റ് 6 പോലീസുകാര്‍ക്കും എതിരെ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു. പ്രഭുദാസ് വൈഷ്ണവി എന്നൊരാളെ കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ചു കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. ഈ കേസില്‍ ആണ് 2018 ല്‍ സഞ്ജീവ് ഭട്ട് അറസ്റ്റ് ചെയ്യപ്പെടുന്നതും, 2019 ല്‍ ജാം നഗര്‍ സെഷന്‍സ് കോടതി സഞ്ജീവിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നതും.
ഇതിനൊക്കെ ഇടയില്‍ തന്നെ സഞ്ജീവിനെ അപ്രസക്തമായ മറ്റ് പോസ്റ്റുകളിലേക്ക് സ്ഥലം മാറ്റി കൊണ്ടുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. സഞ്ജീവിന്റെ സുരക്ഷ പിന്‍വലിക്കുന്ന നടപടിയും ഇതിനിടയില്‍ നടന്നു. എന്നാല്‍, തെഹല്‍ക്ക സഞ്ജീവിന്റെ മൊഴി പരസ്യപ്പെടുത്തിയതോടെ സ്റ്റേറ്റ് ഇന്റലിജന്‍സിന്റെ പ്രത്യേക റിപ്പോര്‍ട്ട് പ്രകാരം സഞ്ജീവിന്റെ സുരക്ഷയ്ക്ക് അഞ്ച് പൊലീസുകാരെ നിയമിച്ചു. അത് പക്ഷെ സഞ്ജീവ് സുപ്രീംകോടതിയില്‍ മൊഴി നല്‍കുന്നത് വരെ മാത്രമേ നിലനിന്നുള്ളൂ.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ക്ക് ശേഷം നിരന്തരം ഭരണകൂടത്തിന്റെ വേട്ടയാടലുകള്‍ക്ക് വിധേയനായ സഞ്ജീവിനെ 2015 ല്‍ ആണ് സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുന്നത്. ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവിനെ പദവിയില്‍ നിന്ന് നീക്കാനുള്ള കാരണമായി കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത് അദ്ദേഹം സര്‍ക്കാരിന്റെ അനുമതിയില്ലാതെ ലീവെടുത്തു എന്നതായിരുന്നു. എന്നാല്‍, ഏകദേശം മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവം മുന്‍ നിര്‍ത്തി 2012 ല്‍ തന്നെ സഞ്ജീവിനും മറ്റ് 6 പോലീസുകാര്‍ക്കും എതിരെ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു. പ്രഭുദാസ് വൈഷ്ണവി എന്നൊരാളെ കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ചു കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. ഈ കേസില്‍ ആണ് 2018 ല്‍ സഞ്ജീവ് ഭട്ട് അറസ്റ്റ് ചെയ്യപ്പെടുന്നതും, 2019 ല്‍ ജാം നഗര്‍ സെഷന്‍സ് കോടതി സഞ്ജീവിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നതും. നിലവില്‍ ഈ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സഞ്ജീവ് ഭട്ടിനെ നരേന്ദ്ര മോദിക്കും കൂട്ടര്‍ക്കും ഗുജറാത്ത് കലാപത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന് ശേഷം 2022 ജൂലൈ 13 ന് ട്രാന്‍സ്ഫര്‍ വാറന്റ് മുഖേന ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ആര്‍.ബി ശ്രീകുമാര്‍, ടീസറ്റ സെതല്‍വാദ് തുടങ്ങിയവര്‍ അറസ്റ്റ് ചെയ്യപ്പെട്ട അതേ സമയത്ത് തന്നെയാണ് സഞ്ജീവ് ഭട്ടിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി അഹമ്മദാബാദിലേക്ക് മാറ്റുന്നത്.
ബി.ജെ.പി വളരെ ശക്തമായി പക സൂക്ഷിക്കുകയും വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആ പക നടപ്പാക്കുകയും ചെയ്യുന്നയാളുകളാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഗുജറാത്ത് കലാപത്തില്‍ ഇരകള്‍ക്കൊപ്പം നിന്ന ആളുകള്‍ ഇന്ന് നേരിടുന്ന ഭരണകൂട ഭീകരത. നേരിട്ട് ആക്രമിക്കുക എന്നതല്ല, നിയമത്തിലൂടെ കെട്ടിചമച്ചതും, കൃത്രിമമായി നിര്‍മിച്ചതുമായ തെളിവുകളിലൂടെ കീഴ്പ്പെടുത്തി തടവിലടയ്ക്കുക എന്നതാണ് ഫാസിസ്റ്റുകളുടെ രീതി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന നടപടികളാണ് കോടതികളില്‍നിന്നുതന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതാണ് ടീസ്റ്റ സെതല്‍വാദിന്റെയും ആര്‍.ബി ശ്രീകുമാറിന്റെയും സഞ്ജീവ് ഭട്ടിന്റെയും തടങ്കലുകള്‍ നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇഹ്‌സാന്‍ ജാഫ്രിക്കും ഒടുവില്‍ ബില്‍ക്കീസ് ബാനുവിനും നിഷേധിക്കപ്പെട്ട നീതിയും മറിച്ചൊന്നുമല്ല.
(അവസാനിച്ചു)