Quantcast
MediaOne Logo

ഹാദി റുഷ്ദ, അസ്മിയ, സ്ത്രീ വിദ്യാഭ്യാസം, മതം, മതേതരത്വം; ഇസ്‌ലാമോഫോബിയ - 2024 ജൂണ്‍ മാസം സംഭവിച്ചത്

ഹാദി റുഷ്ദയുടെയും അസ്മിയയുടെയും ആത്മഹത്യാ വാര്‍ത്തകളോടുള്ള പൊതു-മാധ്യമ പ്രതികരണങ്ങളിലെ വൈരുധ്യങ്ങളെ വിശകലനം ചെയ്യുന്നു. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 05)

ഹാദി റുഷ്ദ - അസ്മിയ ആത്മഹത്യ
X

ലിംഗരാഷ്ട്രീയത്തിന്റെ മേഖലയിലെ ഹിംസയെക്കുറിച്ചുള്ള വിവരണങ്ങള്‍ ഇന്നത്തെ കേരളീയ ഇസ്ലാമോഫോബിയയുടെ പ്രത്യേകതയാണ്. പ്രണയം, സ്വതന്ത്രചിന്ത, ശരീരത്തിന്റെ സ്വയം നിര്‍ണ്ണയവകാശം, വസ്ത്രത്തിന്റെ തിരഞ്ഞെടുപ്പ്, വിദ്യാഭ്യാസവകാശം തുടങ്ങിയ കാര്യങ്ങളില്‍ മുസ്‌ലിം കുടുംബങ്ങളും പ്രദേശങ്ങളും നാട്ടുകാരും മാത്രമല്ല, ഇസ്‌ലാമിക പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും മുസ്‌ലിം സ്ത്രീശരീരത്തെ ഹിംസയിലൂടെ നിയന്ത്രിക്കുന്നുവെന്നാണ് പ്രചാരണം.

മുസ്‌ലിം സ്ത്രീകളുടെ മതേതര അവകാശ ലംഘനത്തിന്റെ കാര്യത്തില്‍ മതേതര ഭരണകൂടമടക്കം കാണിക്കുന്ന ഹിംസയും അവകാശനിഷേധവും വലിയ പൊതുവാകാംക്ഷകള്‍ ക്ഷണിച്ചുവരുത്താറില്ല. സ്ത്രീശരീര നിയന്ത്രണത്തിനെതിരായ നിലപാടൊരു അവകാശപ്പ്രശ്‌നമെന്ന രീതിയില്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ ആഖ്യാനത്തിലെ തരംതിരിവ് സൃഷ്ടിക്കുന്ന ഇസ്‌ലാമിനെക്കുറിച്ചുള്ള പ്രത്യേക ശ്രദ്ധയെ, ഇസ്‌ലാമോഫോബിയയുടെ മാതൃകയായി, പ്രശ്‌നവത്കരിക്കേണ്ടതുണ്ട്.

കുടുംബങ്ങളും പ്രദേശങ്ങളും നാട്ടുകാരും സമുദായങ്ങളും മതേതര രാഷ്ട്രീയപ്പാര്‍ട്ടിക്കാരും ഭരണകൂടസ്ഥാപനങ്ങളും മറ്റു മത-ജാതി-പ്രദേശ സന്ദര്‍ഭങ്ങളില്‍ സ്ത്രീ ശരീരത്തെ നിയന്ത്രിക്കുന്നുവെങ്കിലും അവയൊക്കെ വേര്‍തിരിച്ചു കാണാറാണ് പതിവ്. എന്നാല്‍, മുസ്‌ലിംകള്‍ പ്രതികളാവുന്ന സന്ദര്‍ഭങ്ങളില്‍ സ്ത്രീശരീര നിയന്ത്രണത്തിന്റെ മുഖ്യയുത്തരവാദിത്വം ഇസ്ലാമികപ്രസ്ഥാനങ്ങളുടെയും മുസ്‌ലിം സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണെന്ന ആഖ്യാനമാതൃക വികസിക്കുകയും ചെയ്യുന്നു. എന്നാല്‍, മുസ്‌ലിം സ്ത്രീകളുടെ മതേതര അവകാശ ലംഘനത്തിന്റെ കാര്യത്തില്‍ മതേതര ഭരണകൂടമടക്കം കാണിക്കുന്ന ഹിംസയും അവകാശനിഷേധവും വലിയ പൊതുവാകാംക്ഷകള്‍ ക്ഷണിച്ചുവരുത്താറില്ല. സ്ത്രീശരീര നിയന്ത്രണത്തിനെതിരായ നിലപാടൊരു അവകാശപ്പ്രശ്‌നമെന്ന രീതിയില്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ ആഖ്യാനത്തിലെ തരംതിരിവ് സൃഷ്ടിക്കുന്ന ഇസ്‌ലാമിനെക്കുറിച്ചുള്ള പ്രത്യേക ശ്രദ്ധയെ, ഇസ്‌ലാമോഫോബിയയുടെ മാതൃകയായി, പ്രശ്‌നവത്കരിക്കേണ്ടതുണ്ട്.

പ്ലസ് വണ്‍ സീറ്റ് നിഷേധവും ഹാദി റുഷ്ദയും

മലബാറില്‍ പ്രത്യേകിച്ച്, മലപ്പുറം ജില്ലയില്‍ ആവശ്യത്തിന് പ്ലസ് വണ്‍ സീറ്റുകളില്ലെന്ന പരാതി ചര്‍ച്ചയായതിനിടയിലാണ് പരപ്പനങ്ങാടിയില്‍ പ്ലസ് വണ്‍ പ്രവേശനം കാത്തിരുന്ന വിദ്യാര്‍ഥിനി ഹാദി റുഷ്ദ ജൂണ്‍ രണ്ടാം വാരത്തില്‍ ആത്മഹത്യ ചെയ്തത്. മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള രണ്ട് അലോട്ട്മെന്റിലും സീറ്റ് ലഭിക്കാത്തതില്‍ മകള്‍ സങ്കടത്തിലായിരുന്നുവെന്ന് മാതാപിതാക്കളും ബന്ധുക്കളും മൊഴി നല്‍കി. (12 ജൂണ്‍, 2024, മാതൃഭൂമി). പരപ്പനങ്ങാടി എസ്.എം.എന്‍.എച്ച്.എസ്.എസില്‍ നിന്നാണ് ഹാദി റുഷ്ദ 85 ശതമാനത്തിലധികം മാര്‍ക്കോടെ പത്താംതരം വിജയിച്ചത്.

ഭരണകൂട ഭാഷ്യം: വ്യക്തിപരം

പ്ലസ് വണില്‍ സീറ്റ് ലഭിക്കാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞതെങ്കിലും ഭരണകൂടഭാഷ്യം വ്യത്യസ്തമായിരുന്നു. റുഷ്ദയുടെ ആത്മഹത്യ സീറ്റ് ലഭിക്കാത്തത് കൊണ്ടല്ല; മറിച്ച്, മാനസികപ്രശ്‌നങ്ങള്‍ മൂലമാണന്നാണ് പരപ്പനങ്ങാടി പൊലീസ് പറയുന്നത്. കുട്ടിക്ക് പത്താം ക്ലാസ് പരീക്ഷയില്‍ 5 എ പ്ലസ് ലഭിച്ചിട്ടുണ്ട്. എന്തോ മാനസിക പ്രശ്‌നമുള്ളതായി മനസ്സിലാക്കുന്നു. അതിന് ചികിത്സ തേടിയിട്ടുണ്ട്. ആത്മഹത്യയിലേക്കു നയിക്കാനുണ്ടായ കാരണം സീറ്റ് കിട്ടാത്തതല്ല, സെക്കന്‍ഡ് അലോട്ട്‌മെന്റേ ആയിട്ടുള്ളൂ. മൂന്നും നാലും ആലോട്ട്‌മെന്റുകള്‍ ബാക്കിയുണ്ട്. ഡിപ്രഷനുള്ള കുട്ടിയാണ്. ചികിത്സ നടന്നുകൊണ്ടിരിക്കുന്നു. കാതില്‍ സര്‍ജറി കഴിഞ്ഞിട്ടുണ്ട് എന്നൊക്കെയാണ് പൊലീസ് പറയുന്ന വാദം (വോക്ക് മലയാളം, ജൂണ്‍ 13, 2024).


റുഷ്ദയുടെ ആത്മഹത്യയുടെ കാരണം എന്താണെന്നതു സംബന്ധിച്ച് പൊലീസില്‍ നിന്നു വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞത്. പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്തതല്ല കാരണമെന്നതില്‍ അദ്ദേഹവും ഉറച്ചുനിന്നു: ''മലപ്പുറം പരപ്പനങ്ങാടിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവം തികച്ചും ദൗര്‍ഭാഗ്യകരമാണ്. ആത്മഹത്യയുടെ കാരണം എന്താണെന്നതു സംബന്ധിച്ച് പൊലീസില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ട്. പ്രാഥമിക വിവരം അനുസരിച്ച് കുട്ടിക്ക് സീറ്റ് ലഭിക്കാതിരിക്കുന്ന പ്രശ്‌നം ഇല്ല എന്നാണ് മനസ്സിലാക്കുന്നത്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. രണ്ടാം ഘട്ട അലോട്ട്‌മെന്റ് ഇന്നു മുതല്‍ ആരംഭിക്കുകയാണ്. കമ്മ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനവും ഇന്നു മുതലാണ് ആരംഭിക്കുന്നത്. മിക്കവാറും എല്ലാവര്‍ക്കും മൂന്നാമത്തെ അലോട്ട്‌മെന്റോടുകൂടി സീറ്റുകള്‍ ലഭിക്കും. ഇതിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റുകളും ഉണ്ടാകും. ജൂണ്‍ 24 ന് മാത്രമാണ് ക്ലാസ്സുകള്‍ ആരംഭിക്കുക. അതിന് മുന്നോടിയായി തന്നെ എല്ലാ കുട്ടികള്‍ക്കും വിവിധ കോഴ്‌സുകളില്‍ പ്രവേശനം ഉറപ്പാകുന്നതാണ്. ഇതൊന്നും കാത്തുനില്‍ക്കാതെ കുട്ടി വിടപറഞ്ഞത് ഏറെ വേദനാജനകമാണ്. രക്ഷിതാക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച അനാവശ്യ ചര്‍ച്ചയിലൂടെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മാനസിക സമ്മര്‍ദം ഉണ്ടാക്കരുത്'' (ഏഷ്യാനെറ്റ്, ജൂണ്‍ 12, 2024).

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ സംബന്ധിച്ച പ്രചാരണങ്ങളെക്കുറിച്ച് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ജംഷീല്‍ അബൂബക്കര്‍ വിശദമായി എഴുതിയിരുന്നു. കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം: ''ഈ വിദ്യാര്‍ഥിനി ഒരു മാനസിക രോഗിയാണ് എന്ന രീതിയില്‍ പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍, കുടുംബത്തോട് സംസാരിച്ചപ്പോള്‍ അങ്ങനെ വലിയ പ്രശ്നമുള്ളതായി പറയുന്നില്ല. നന്നായി പഠിക്കുന്ന കുട്ടിയാണ്. നല്ല ആര്‍ട്ടിസ്റ്റാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ കുട്ടി മുന്നേ രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചു എന്ന പ്രചരണവും ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍, കുടുംബത്തോട് സംസാരിച്ചപ്പോള്‍ അതും പച്ചകള്ളമാണ് എന്നാണ് പറഞ്ഞത്. വീട്ടില്‍ അവളുടെ റൂമിന്റെ കുറ്റികളും മറ്റും ആത്മഹത്യ സാധ്യതയുള്ളതുകൊണ്ട് മാറ്റിയിട്ടുണ്ട് എന്നാണ് മറ്റൊരു പ്രചാരണം. എന്നാല്‍, കുടുംബം പറയുന്നു, അങ്ങനെ ഒന്ന് കളവാണ് എന്ന്. മറ്റൊരു പ്രചാരണം അവള്‍ക്ക് സീറ്റ് കിട്ടിയെന്നാണ്. എന്നാല്‍, അതും തെറ്റായ പ്രചരണമാണ്. രണ്ടാം അലോട്ട്മെന്റില്‍ അവള്‍ക്ക് സീറ്റ് കിട്ടിയിട്ടില്ല. അവള്‍ ആത്മഹത്യക്ക് മുമ്പായി അലോട്ട്മെന്റ് റിസള്‍ട്ട് പരിശോധിച്ചതായി പറയുന്നുമുണ്ട്.'' (ജംഷീല്‍ അബൂബക്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്, മീഡിയവണ്‍, ജൂണ്‍ 12, 2024ല്‍ ഉദ്ധരിച്ചത്)


പ്രതിഷേധം: സാമുദായികം

ഹാദി റുഷ്ദയുടെ ആത്മഹത്യാവിവരം പുറത്തുവന്നശേഷം പൊതുവെ മുസ്‌ലിം സാമൂഹികസ്വഭാവമുള്ള വിദ്യാര്‍ഥി സംഘടനകളുടെ ഭാഗത്തുനിന്നാണ് പ്രതികരണമുണ്ടായത്. ഫ്രറ്റേണിറ്റി, എം.എസ്.എഫ്, കെ.എസ്.യു തുടങ്ങിയ സംഘടനകള്‍ ശക്തമായ സമരം അഴിച്ചുവിട്ടു. ജൂണ്‍ 14ന് ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ് ആചരിച്ചു. എസ്.എഫ്.ഐ പോലുള്ള ഇടതുസംഘടനകള്‍ പ്ലസ് വണ്‍ പ്രതിസന്ധിയില്‍ മന്ത്രിയെ വിശ്വാസത്തിലെടുക്കുന്ന സമീപനമാണ് ആദ്യം സ്വീകരിച്ചതെങ്കിലും പതുക്കെ അവരും സമരരംഗത്തെത്താന്‍ നിര്‍ബന്ധിതരായി.

ഹാദി റുഷ്ദയുടെ ആത്മഹത്യയോട് നിസ്സംഗത പുലര്‍ത്തിയ വലിയൊരു വിഭാഗം വിദ്യാര്‍ഥി സമൂഹവും മാധ്യമ-പൊതുസമൂഹവും ഇവിടെയുണ്ടെന്ന് അക്കാലത്തെ മാധ്യമവാര്‍ത്തകള്‍ പരിശോധിക്കുന്നവര്‍ക്ക് വ്യക്തമാകും. സമാനമായ സംഭവങ്ങളോട് പൊതുസമൂഹവും ഭരണകൂടവും എടുക്കുന്ന സമീപനങ്ങള്‍ പരിശോധിക്കുമ്പോഴാണ് ഈ വിഷയത്തിലെ ഇസ്ലാമോഫോബിക് രീതിശാസ്ത്രം പുറത്തുവരുന്നത്.

ഒരു താരതമ്യത്തിന് വേണ്ടി അല്‍ അമാന്‍ എജ്യുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലെ അറബി കോളജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയെക്കുറിച്ചുള്ള പൊതുചര്‍ച്ച പരിശോധിക്കുകയാണ് താഴെ.

അസ്മിയയുടെ ആത്മഹത്യ

2023 മെയ് മാസം 13നാണ് അല്‍ അമാന്‍ എജൂക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലെ അറബി കോളജിലെ അസ്മിയ എന്ന വിദ്യാര്‍ഥിനിയെ കോളജ് ലൈബ്രറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 'മതപാഠശാലയിലെ ആത്മഹത്യ' വിവാദമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ 13 അംഗ സംഘത്തെ നിയോഗിച്ചു. അസ്മിയ ഗുരുതരമായ മാനസികപ്രശ്‌നം അനുഭവിച്ചിരുന്നുവെന്നാണ് സ്ഥാപനം നല്‍കിയ വിശദീകരണം. മുന്‍വര്‍ഷത്തില്‍നിന്ന് വ്യത്യസ്തമായ പെരുമാറ്റരീതിയാണ് പെണ്‍കുട്ടിയില്‍ കണ്ടുവന്നതെന്നും വിഷാദവും ഒറ്റക്കിരിക്കലും അടക്കമുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിരുന്നതായും പറയുന്നു (ഇഫ്‌സാഹ്സ്സുന്ന ഡോട്ട് ഇന്‍, മെയ് 16, 2023). പൊതുചര്‍ച്ചകളില്‍ പ്രാഥമികയായും ഈ ആത്മഹത്യ വ്യക്തിപരമായൊരു പ്രശ്‌നമായല്ല, മറിച്ച് ഒരു മത/സാമുദായിക വിഷയമായാണ് പ്രതിപാദിക്കപ്പെട്ടത്.

വിവിധ കാരണങ്ങള്‍

ഹാദി റുഷ്ദയുടെ മരണത്തെ വ്യക്തിപരമാക്കി മാറ്റിയ ഭരണകൂട ഭാഷ്യത്തിനപ്പുറം വലിയ ചര്‍ച്ചകള്‍ പൊതു മതേതരപക്ഷത്തു നിന്നോ സംഘ്പരിവാര്‍ പക്ഷത്തുനിന്നോ വികസിച്ചിട്ടില്ല. എന്നാല്‍, അസ്മിയയെന്ന വിദ്യാര്‍ഥിനിക്ക് വിശദമായ കൗണ്‍സിലിങ് അടക്കം നല്‍കുന്നതില്‍ സ്ഥാപനത്തിന് വീഴ്ച വന്നുവെന്നാണ് ഉയര്‍ന്നുവന്ന ഒരു വാദം. കൂടാതെ, മറ്റാരോപണങ്ങളുമുണ്ട്: മതപാഠശാലയിലെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ആത്മഹത്യ ചെയ്തതില്‍ ദുരൂഹതയുണ്ട്. സ്ഥാപന അധികൃതര്‍ കുട്ടിയെ വഴക്കുപറഞ്ഞിരുന്നു. ആത്മഹത്യ ചെയ്യില്ലെന്ന് ചില ബന്ധുക്കള്‍ ഉറപ്പിച്ചുപറഞ്ഞു (ഏഷ്യാനെറ്റ്, മെയ് 14, 2024). പ്രണയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു. കോളജ് ഭാരവാഹികളാണ് അതിനു പിന്നില്‍. ഉസ്താദിനെതിരേയുള്ള ആരോപണങ്ങളെ വഴിതിരിച്ചുവിടുകയാണ് ഇതിന്റെ ലക്ഷ്യം (ബ്രേവ് ഇന്ത്യ, മെയ് 15, 2023). സ്ഥാപനത്തിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ടായി. മരിച്ച പെണ്‍കുട്ടി വളരെ ആക്റ്റീവായിരുന്നു. ഒരു അധ്യാപിക മോശമായി പെരുമാറി. സ്ഥാപനത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് ഉമ്മയെ അറിയിച്ചു. പരാതി പറഞ്ഞിട്ടും പ്രിന്‍സിപ്പല്‍ കാര്യമായെടുത്തില്ല. സ്ഥാപനത്തിനെതിരേ നേരത്തേ പരാതിയുണ്ടായിരുന്നില്ലെങ്കിലും അസ്മിയയുടെ മരണത്തെക്കുറിച്ചുള്ള വിശദീകരണത്തില്‍ പൊരുത്തക്കേടുണ്ട്. കടുത്ത മതചിട്ടയുള്ള സ്ഥാപനത്തില്‍ പെണ്‍കുട്ടികള്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമാകുന്നത് സ്വാഭാവികമാണ്. ഇത്തരം നിയന്ത്രണങ്ങള്‍ക്ക് അസ്മിയ വിധേയമായിരുന്നോയെന്ന് വ്യക്തമല്ല (കെ. കണ്ണന്‍, ട്രൂകോപ്പി, മെയ് 17, 2024 ഉദ്ധരിച്ചത്)


മത സൂചന: വിവിധ രൂപങ്ങള്‍

അസ്മിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ പൊതുരീതി പ്രശ്നത്തെ മതസൂചനകളോടെ അവതരിപ്പിക്കുകയെന്നതായിരുന്നു. സംഭവം നടന്നത് ഒരു മതപാഠശാലയിലാണെന്ന് ഊന്നിപ്പറഞ്ഞ വിമര്‍ശകരില്‍ നല്ലൊരു വിഭാഗം അത് മതപാഠശാലകള്‍ക്ക് സഹജമാണെന്ന അഭിപ്രായക്കാരാണ്: അസ്മിയ ആത്മഹത്യ ചെയ്യില്ല എന്നുതന്നെയാണ് ഉമ്മയും ബന്ധുക്കളും ഉറപ്പിച്ചു പറയുന്നത്. ലൈബ്രറിയിലെ ഫാനില്‍ തൂങ്ങിമരിച്ചു എന്നു പറയുന്നത് അവര്‍ വിശ്വസിക്കുന്നില്ല. അസ്മിയയെപ്പോലെ ഒരു കുട്ടിക്ക് ഒറ്റയ്ക്ക് ഫാനില്‍ കുരുക്കിട്ട് മരിക്കാന്‍ കഴിയില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. സ്ഥാപനത്തെക്കുറിച്ച് ഇതുവരെ പരാതികളൊന്നുമില്ല എന്ന് അധികൃതര്‍ പറയുന്നുണ്ട്. എന്നാല്‍, ഇത്തരം സ്ഥാപനങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മൂടിവക്കപ്പെടുകയോ ഒത്തുതീര്‍പ്പിലെത്തിക്കുകയോ ചെയ്യുകയാണ് പതിവ്. അസ്മിയയുടെ മരണത്തെ തുടര്‍ന്ന്, നിരവധിപേരാണ് മതപഠനശാലകളിലെ സമാനമായ പീഡനങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നത്. പുറത്തുവരുന്നില്ല എന്നതുകൊണ്ടുമാത്രം ഇത്തരം സംഭവങ്ങളുണ്ടാകുന്നില്ല എന്നര്‍ഥമില്ല. അതുകൊണ്ടുതന്നെ, ഈ സ്ഥാപനത്തില്‍ മുമ്പ് ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ച് കൃത്യമായ അന്വേഷണം നടക്കേണ്ടതുണ്ട് (കെ. കണ്ണന്‍, ട്രൂകോപ്പി, മെയ് 17, 2024). അസ്മിയയുടെ അനുഭവത്തെ ഒരു പരമ്പരയിലെ കണ്ണി മാത്രമായാണ് അദ്ദേഹം കാണുന്നത്.

വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്ന മതം

പത്രപ്രവര്‍ത്തകനായ കെ. കണ്ണന്‍ എഴുതി: ഉറക്കെ സംസാരിക്കുകയും ആക്റ്റീവായി കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന പ്രകൃതമാണ് അസ്മിയക്ക് എന്ന് ബന്ധുക്കള്‍ പറയുന്നുണ്ട്. കര്‍ശനമായ മതചിട്ടകളുള്ള ഒരു മതപാഠശാലയില്‍ ഇത്തരം പെണ്‍കുട്ടികള്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമാകുന്നത് സ്വഭാവികമാണ് അത്തരം നിയന്ത്രണങ്ങള്‍ക്ക് അസ്മിയ വിധേയയായിരുന്നുവോ എന്ന കാര്യം പുറത്തുവരണം (കെ. കണ്ണന്‍, ട്രൂകോപ്പി, മെയ് 17, 2024 ഉദ്ധരിച്ചത്)

മദ്രസകളില്‍ രാജ്യവിരുദ്ധപ്രവര്‍ത്തനം

സംസ്ഥാനത്തെ മദ്രസകളില്‍ നടക്കുന്നത് ദുരൂഹമാണെന്നും മദ്രസകള്‍ക്കുള്ളില്‍ നടക്കുന്നത് സാധാരണ പുറത്തറിയാറില്ലെന്ന ഭീതിയും ചില ചാനലുകള്‍ പങ്കുവച്ചു (മലയാളി വാര്‍ത്ത, മെയ് 16, 2023).

മതപഠനത്തിന്റെ പ്രശ്‌നം

യൂടൂബറായ സുനിത ദേവദാസ് പറഞ്ഞതിതാണ്: പെണ്‍കുട്ടികള്‍ക്കൊരു സുരക്ഷിതമായ ദീനി പഠനകേന്ദ്രം എന്നവകാശപ്പെടുന്ന തിരുവനന്തപുരം ബാലരാമപുരത്തെ അല്‍ അമാന്‍ എന്ന മതപഠനകേന്ദ്രത്തിന് അവളുടെ ജീവന്‍ രക്ഷിക്കാനായില്ല. അതിനു കഴിയാത്ത സ്ഥാപനത്തിനും നടത്തിപ്പുകാര്‍ക്കും അധ്യാപകര്‍ക്കുമെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം. അന്വേഷണം നടക്കണം. ശിക്ഷിക്കപ്പെടണം. അതുണ്ടായില്ലെങ്കില്‍ അസ്മിയ മരിക്കുന്നതിനു മുമ്പ് ഏറ്റുവാങ്ങേണ്ടിവന്ന ശാരീരിക, മാനസിക പീഡനങ്ങള്‍ കണ്ടെത്താനാവില്ല... എന്തിനാണ് മനുഷ്യരേ നിങ്ങള്‍ മക്കളെ ഇങ്ങനെയുള്ള പീഡനകേന്ദ്രങ്ങളില്‍കൊണ്ടുപോയി തള്ളുന്നത്. നരാധമന്മാര്‍ക്ക് മക്കളെ കൊല്ലാന്‍ കൊടുക്കുന്നത് എന്തിനാണ്. എന്തിനാണ് മതപഠനകേന്ദ്രങ്ങള്‍? (സുനിത ദേവദാസ്, മെയ് 16, 2023).

മുസ്‌ലിം സംഘടനാ ബന്ധം

ബാലരാപുരത്തെ മദ്രസ പോപുലര്‍ ഫ്രണ്ടിന്റെതാണെന്നും ഇപ്പോഴും അവിടത്തെ ഉസ്താദിനെയും അധ്യാപകരെയും അറസ്റ്റ് ചെയ്യാത്തതിനു പിന്നില്‍ അവുരുടെ സര്‍ക്കാരിലുള്ള സ്വാധീനമാണെന്നും തത്വമയി ന്യൂസ് (മെയ് 21, 2023) അവകാശപ്പെട്ടു. ധാരാളം മാനസിക പീഡനങ്ങള്‍ മദ്രസ എന്ന ദുരൂഹ കെട്ടിടത്തില്‍ നേരിടേണ്ടിവന്നു. മദ്രസയില്‍ എന്താണ് നടക്കുന്നത്, എന്ത് കോഴ്സാണ് പഠിപ്പിക്കുന്നത് എന്നൊന്നും അയല്‍വാസികള്‍ക്കുപോലും അറിയില്ല. ജനപ്രതിനിധികളെപ്പോലും ഉള്ളിലേക്ക് കടത്തിയില്ല. ഇതൊക്കെ ദുരൂഹത വര്‍ധിപ്പിക്കുന്ന കാര്യമാണ്. അന്വേഷണസംഘവും ഇതിനെ ദുരൂഹമരണമെന്നാണ് കാണുന്നത്.... അന്വേഷണസംഘത്തിന് സമ്മര്‍ദമുണ്ട്. ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നു. കേസ് അത്യന്തം ദുരൂഹമാണ്. ആത്മഹത്യയാണെങ്കിലും പ്രേരണാക്കുറ്റം ഉണ്ട്. സ്ഥാപനാധികാരികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മതമൗലികശക്തികള്‍ സ്ഥാപനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. ബി.ജെ.പി, എ.ബി.വി.പി പ്രതിഷേധങ്ങള്‍ക്കെതിരേ പോപുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തിരിച്ച് പ്രതിഷേധിച്ചു. വിഷയത്തെ വര്‍ഗീയമാക്കി മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നു. (തത്വമയി ന്യൂസ്, മെയ് 21, 2023)

സെക്കുലര്‍ അഭാവം

ഹൈന്ദവരുടേതോ ക്രൈസ്തവരുടെയോ ഇസ്‌ലാംമതവിഭാഗങ്ങളുടേതോ ആയിക്കൊള്ളട്ടേ മതപഠനകേന്ദ്രങ്ങളിലാണോ നമ്മുടെ കുരുന്നുകള്‍ പഠിക്കേണ്ടതെന്ന സെക്കുലര്‍ ചോദ്യമുയര്‍ത്തുന്നു നവകേരള ന്യൂസ്. മതം പഠിക്കണം, തങ്ങള്‍ വിശ്വസിക്കുന്ന മതത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ മനസ്സിലാക്കാന്‍ സംസ്‌കാരത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ പഠിക്കണം. പിന്നീട് കുട്ടികള്‍ പഠിക്കേണ്ടത് വിദ്യാലയങ്ങളിലാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം വിദ്യാസമ്പന്നമായ ഒരു വലിയ സമൂഹമാണ് നമ്മുടേതെന്ന് മലയാളികള്‍ ഊറ്റംകൊള്ളുമ്പോഴും ഒരു വിഭാഗം ആളുകള്‍ (അതില്‍ വിവിധ മതക്കാരുണ്ട്) ഇത്തരത്തിലുള്ള മതപഠന കേന്ദ്രത്തിലേക്ക് പഠിക്കാന്‍ പോകുന്നു. മതപഠനകേന്ദ്രങ്ങളില്‍ തങ്ങള്‍ക്കു നേരിടേണ്ടിവന്ന ക്രൂരതകളെക്കുറിച്ച് കഷ്ടപ്പാടുകളെക്കുറിച്ച് പലരും പലപ്പോഴും പറഞ്ഞിട്ടുണ്ട് (മതം കൊന്ന പെണ്ണ്, അസ്മിയാ മാപ്പ്, നവകേരള ന്യൂസ്, മെയ് 18, 2023).

മതവും മനഃശാസ്ത്രവും

വര്‍ത്തമാനം പറഞ്ഞും ചിരിച്ചും കളിച്ചും ജീവിക്കാനാഗ്രഹിച്ച ഒരു കൗമാരക്കാരിക്കു വര്‍ത്തമാനവും ചിരിയും വിലക്കുന്ന ഒരു സ്ഥാപനത്തില്‍ തുടരുന്നതിനെക്കാള്‍ മരണമാണ് നല്ലതെന്നു തോന്നിയ നിമിഷമായിരിക്കാം അവള്‍ ജീവനൊടുക്കിയതെന്നാണ് മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ എഴുതിയത്. സ്ഥാപനത്തിലെ അന്തരീക്ഷം അങ്ങനെയാണെന്ന് വീട്ടുകാര്‍ക്ക് അറിയാമായിരുന്നിരിക്കില്ല. സുരക്ഷിതപഠനത്തിനു ക്ഷണിക്കുന്ന പരസ്യത്തിന്റെ സ്വാധീനമുണ്ടുതാനും. എന്നാല്‍, ആത്മഹത്യയ്ക്കു മുമ്പത്തെ ദിവസം ഒറ്റയ്ക്കു മുറിയില്‍ അടച്ചിട്ടതും വര്‍ത്തമാനം പറഞ്ഞതിനു രൂക്ഷമായി വഴക്കുപറഞ്ഞതും മറ്റും ആത്മഹത്യയിലേക്ക് എത്തിച്ച കാരണങ്ങളില്‍പ്പെടാം എന്നു മനഃശാസ്ത്ര വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു (ജൂണ്‍ 4, സമകാലിക മലയാളം, പി.എസ് റംഷാദ്).


മതത്തിന്റെ പേരില്‍ നടക്കുന്ന 'വിദ്യാഭ്യാസഭാസം'

മതത്തിന്റെ പേരില്‍ നടക്കുന്ന ഈ വിദ്യാഭ്യാസ ആഭാസത്തരം അവസാനിപ്പിച്ചേ കഴിയൂ എന്നാണ് ചര്‍ച്ചയില്‍ ഇടപെട്ട് കേസരി എഴുതിയത്: ഉത്തര്‍പ്രദേശിലും അസമിലും മധ്യപ്രദേശിലും ഒക്കെ തന്നെ മദ്രസാ വിദ്യാഭ്യാസത്തിന് പുതിയ മാനദണ്ഡങ്ങള്‍ വന്നു കഴിഞ്ഞു. മതപഠനത്തിനൊപ്പം ആധുനിക വിദ്യാഭ്യാസവും നല്‍കുന്ന രീതിയിലേക്ക് മദ്രസ മാറിത്തുടങ്ങിയിരിക്കുന്നു. പക്ഷേ, 100 ശതമാനം സാക്ഷരതയുള്ള കേരളത്തില്‍ മദ്രസ വിദ്യാഭ്യാസം എന്നും തീവ്രവാദികളുടെ ഇന്‍ക്യൂബേറ്റര്‍ അഥവാ വിരിയിക്കല്‍ കേന്ദ്രമായി അവശേഷിക്കുന്നു. എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും പ്രസ്താവന ഇറക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും മരുമകന്‍ മന്ത്രിയും സാംസ്‌കാരിക നായകരും ഇന്നുവരെ ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. അസ്മിയക്കുവേണ്ടി എവിടെയും മെഴുകുതിരി കത്തിച്ചില്ല, പ്രാര്‍ഥന യോഗങ്ങള്‍ നടന്നില്ല, സാംസ്‌കാരിക നായകര്‍ പ്രതികരിച്ചില്ല. ആകെ പ്രതിഷേധസമരം നടത്തിയത് എ.ബി.വി.പിയും ബി.ജെ.പി.യും അനുബന്ധസംഘടനകളും മാത്രം (കേസരി, മെയ് 26, 2023).

മദ്രസകള്‍ സ്വവര്‍ഗസംഭോഗ കേന്ദ്രങ്ങള്‍

അസ്മിയയുടെ ആത്മഹത്യയുടെ സന്ദര്‍ഭത്തില്‍ ഒരാള്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് പങ്കുവച്ചാണ് നേരത്തേ സൂചിപ്പിച്ച വീഡിയോയില്‍ സുനിതാ ദേവദാസും തന്റെ വാദം മുന്നോട്ടുവയ്ക്കുന്നത്. അവര്‍ ഉദ്ധരിച്ച ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ മദ്രസകളെ ദുര്‍ഗുണപരിഹാര പാഠശാലയെന്നാണ് വിശേഷിപ്പിക്കുന്നത്. മദ്രസകള്‍ സ്വവര്‍ഗസംഭോഗ കേന്ദ്രമാണെന്നാണ് മുഹമ്മദ് ഖാന്‍ മറ്റൊരു ചാനലില്‍ (ചാനല്‍ 13.8, മെയ് 21, 2023) ആക്ഷേപിക്കുന്നത്. നിരവധി അനുഭവപരമായ തെളിവുകളും അദ്ദേഹം നല്‍കുന്നുണ്ട്. മതംകൊന്ന പെണ്ണ് എന്ന പേരില്‍ വീഡിയോ ചെയ്ത നവകേരള ന്യൂസും സമാനമായ ഒരു അനുഭവം (ഷിഫാന സലിമിന്റെ) കൂട്ടിച്ചേര്‍ത്തിട്ടുണ്ട് (മതംകൊന്ന് പെണ്ണ്, അസ്മിയ മാപ്പ്, നവകേരള ന്യൂസ്, മെയ് 18, 2023).

മതം മാത്രമല്ല, ഇസ്‌ലാമോഫോബിയയും

അതേസമയം ഇത്തരം വിമര്‍ശനങ്ങള്‍ ഉള്ളടത്തോടൊപ്പം ഇസ്ലാമോഫോബിയ പടര്‍ത്താന്‍ കാരണമാകുന്നുവെന്ന പ്രശ്‌നവും പങ്കുവയ്ക്കുന്നവരുമുണ്ട്. 'വളരെ സീരിയസായി നമ്മള്‍ സമീപിക്കേണ്ട ഒരു വിഷയം അസ്മിയ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ ഇസ്ലാമിക മതപഠന കേന്ദ്രങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ധാരാളം സ്ത്രീകളുടെ കുറിപ്പുകള്‍ നമുക്ക് മുന്നിലേക്ക് വരുന്നുണ്ട് എന്നതാണ്. അവരെല്ലാം മുറിവേറ്റ മനുഷ്യരാണ്. ജീവിതകാലം മുഴുവന്‍ ട്രോമകളിലൂടെ സഞ്ചരിക്കുന്ന മനുഷ്യര്‍. അവരുടെ അനുഭവങ്ങളൊരിക്കലും റദ്ദ് ചെയ്യാന്‍ കഴിയില്ല. മതപഠനകേന്ദ്രങ്ങളുടെ നടത്തിപ്പില്‍ സമൂഹത്തിന്റെ ജാഗ്രത ആവശ്യപ്പെട്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്: മതപഠനകേന്ദ്രങ്ങളില്‍ നിന്നുള്ള പീഡനവാര്‍ത്തകള്‍ പരിപൂര്‍ണ്ണമായും അവസാനിക്കണം. മതപഠനങ്ങള്‍ നല്ല രീതിയില്‍ നടക്കണം. അതിന് മതസാമുദായിക സംഘടനകളുടേയും പൊതുസമൂഹത്തിന്റേയും ജാഗ്രത അനിവാര്യമാണ്. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ഒതുക്കിത്തീര്‍ക്കാതെ കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനുമുള്ള ജാഗ്രത നമ്മള്‍ കാണിക്കണം' (ശ്രീജ നെയ്യാറ്റിന്‍കര, മെയ് 17, 2023, എഫ്.ബി കുറിപ്പ്, ഡൂള്‍ ന്യൂസ് ഉദ്ധരിച്ചത്).

പ്രതിഷേധം: മതേതരം, സംഘ്പരിവാര്‍

ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം സ്ഥാപനത്തിനെതിരേ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പൊലിസ് സമഗ്രാന്വേഷണം നടത്തണമെന്നും ഇത്തരത്തില്‍ കുട്ടികള്‍ താസമിച്ചുപഠിക്കുന്ന സ്ഥാപനങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുകൂടി അവര്‍ ആവശ്യപ്പെട്ടു (മലബാര്‍ ജേണല്‍, മെയ് 16, 2023). ഇത്തരം സ്ഥാപനങ്ങളെ നിരീക്ഷണവിധേയമാക്കണമെന്ന ആഹ്വാനം പല കോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു.


വിദ്യാര്‍ഥിനിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ബാലരാമപുരത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ബി.ജെ.പിയുടെ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച്, എ.ബി.വി.പിയുടെ കോളജിലേക്കുള്ള മാര്‍ച്ച്, പ്രതിഷേധ പ്രകടനം, ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ മാര്‍ച്ച് എന്നിങ്ങനെ പ്രതിഷേധം ശക്തമായിരുന്നു. പൊലിസിന്റെ ഇടപെടല്‍ സംഘര്‍ഷവുമുണ്ടാക്കി.

വസ്തുത: എ.പി.സി.ആര്‍ റിപ്പോര്‍ട്ട്

സംഭവത്തെക്കുറിച്ച് അന്വേഷിച്ച എ.പി.സി.ആര്‍ (അസോസിയഷന്‍ ഫോര്‍ ദി പ്രോട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്) സംഘം പുറത്തുവിട്ട വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ സ്ഥാപനത്തിനെതിരായി ചില കോണുകളില്‍നിന്ന് ആരോപിക്കപ്പെടുന്നതുപോലെ, ബോധപൂര്‍വമായ പീഡനങ്ങള്‍ അവിടെ നടക്കുന്നതായോ ആത്മഹത്യാപ്രേരണ ഉണ്ടായതായോ വിദ്യാര്‍ഥികളുടെയോ രക്ഷിതാക്കളുടെയോ അനുഭവങ്ങളില്‍ നിന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പറയുന്നു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ അവശ്യം വേണ്ട രേഖകള്‍ സൂക്ഷിക്കുന്നതിലും മതിയായ ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കുന്നതിലും യോഗ്യതയുള്ള അധ്യാപകരെ ലഭ്യമാക്കുന്നതിലും സ്ഥാപനത്തിന് വീഴ്ചയുണ്ടായിട്ടുണ്ടെന്നും കണ്ടെത്തുകയുണ്ടായി. മതസ്ഥാപനങ്ങളെക്കുറിച്ച്‌വിശേഷിച്ചും മുസ്‌ലിം മതപാഠശാലകളായ മദ്രസകളെ ലക്ഷ്യംവച്ച് നിരോധനത്തിന്റെയും വിദ്വേഷത്തിന്റെയും പ്രചരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലത്ത് കേരളത്തിലെ ഒരു മുസ്‌ലിം മതസ്ഥാപനത്തെ കുറിച്ച് ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ വസ്തുതയാണോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. (എ.പി.സി.ആര്‍ റിപ്പോര്‍ട്ട്, മെയ് 27, 2023, മീഡിയവണ്‍ ഷെല്‍ഫ്).


നിയമപരമായ തെളിവ്

ഒടുവില്‍ മെയ് 31ന് അസ്മിയയുടെ വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. അസ്മിയ നേരത്തേതന്നെ പീഡനത്തിനിരയായിട്ടുണ്ടെന്നായിരുന്നു പുതിയ കണ്ടെത്തല്‍. പ്രതിക്ക് അറബിക്കോളജുമായി ബന്ധമില്ലെന്നു മാത്രമല്ല, കുറ്റകൃത്യം നടന്നത് പെണ്‍കുട്ടി സ്ഥാപനത്തില്‍ പഠിക്കാനെത്തിയതിനും മുമ്പായിരുന്നുവത്രെ. താമസിയാതെ പ്രതിയെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു. വിവാദം കെട്ടടങ്ങുകയും ചെയ്തു (മെയ് 31, 2023, മാതൃഭൂമി).

ഇസ്‌ലാമോഫോബിയ, ആത്മഹത്യ, വിദ്യാഭ്യാസ അവകാശം

നാഷ്ണഷല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ സ്വയം ജീവിതം അവസാനിപ്പിക്കുന്ന 100 പേരില്‍ ഏതാണ്ട് 34 പേരും 15 വയസിനും 29 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്. രാജ്യത്ത് ഓരോ 42 മിനിറ്റിലും ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുന്നു എന്നാണ് 2020ലെ എന്‍.സി.ആര്‍.ബി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. അതായത്, പ്രതിദിനം 34ല്‍ അധികം വിദ്യാര്‍ഥികള്‍ വിവിധ കാരണങ്ങളാല്‍ ജീവനൊടുക്കുന്നു. (എ.പി.സി.ആര്‍ റിപ്പോര്‍ട്ട്, മെയ് 27, 2023, മീഡിയവണ്‍ ഷെല്‍ഫ്).

2023 ഡിസംബറില്‍ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ (എന്‍.സി.ആര്‍.ബി) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പരീക്ഷയില്‍ തോറ്റതിനെത്തുടര്‍ന്നുള്ള മനോവിഷമത്തില്‍ കഴിഞ്ഞവര്‍ഷം രാജ്യത്ത് ആത്മഹത്യ ചെയ്തത് 2095 വിദ്യാര്‍ഥികളാണ്. പരീക്ഷയില്‍ തോറ്റതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞവര്‍ഷം കേരളത്തില്‍ ജീവനൊടുക്കിയത് 46 വിദ്യാര്‍ഥികളാണ്. ഇതില്‍ 29 പേര്‍ ആണ്‍കുട്ടികളും ഏഴുപേര്‍ പെണ്‍കുട്ടികളുമാണ് (പി.പി കബീര്‍, മാധ്യമം, 13 ഡിസംബര്‍ 2023).


| 2023-24 കാലത്ത് മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത 16 വിദ്യാര്‍ഥി ആത്മഹത്യകളുടെ പട്ടിക

2023-24 കാലത്ത് കേരളത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത 16 വിദ്യാര്‍ഥിയാത്മഹത്യകളുടെ കണക്കുകള്‍ പട്ടികയായി നല്‍കിയിരിക്കുന്നു. ഇതില്‍ ചില ആത്മഹത്യകള്‍ മാത്രമാണ് പൊതുചര്‍ച്ചയിലേക്ക് വന്നത്. അതില്‍ത്തന്നെ ഒന്നില്‍ മാത്രമാണ് മതപരമായ സൂചന കടന്നുവന്നത് - അസ്മിയയുടെ. ആത്മഹത്യയുടെ ഭാഗമായി വിദ്യാര്‍ഥി പഠിച്ച സ്ഥാപനം പ്രതിസന്ധിയിലായത് ഒന്നോ രണ്ടോ തവണ മാത്രം. അതില്‍ത്തന്നെ മതപരമായ സൂചന ഒന്നില്‍ മാത്രമേയുള്ളൂ.

മറ്റൊന്ന്, കാരണങ്ങള്‍ കണ്ടെത്തുന്ന രീതിയാണ്. അസ്മിയയുടെ ആത്മഹത്യയില്‍ നിയമപരമായ തെളിവുകള്‍ ലഭിക്കും മുമ്പേ സ്ഥാപനം പ്രതിസ്ഥാനത്തുവന്നു. സ്ഥാപനത്തിലെ പ്രിന്‍സിപ്പാളെയും അധ്യാപകരെയും കൊലക്കുറ്റത്തിന് ശിക്ഷിണക്കണമെന്നു പറഞ്ഞവരുമുണ്ട്. സ്ഥാപനത്തിനു പിന്നാലെ സമുദായവും മതവും മുസ്‌ലിം രാഷ്ട്രീയ സംഘാടനവും പ്രതിസ്ഥാനത്തെത്തി. അതിനു ശേഷമാണ് തെളിവ് കണ്ടെത്തുന്നതും വസ്തുതകള്‍ പുറത്തുവരുന്നതും. സ്ഥാപനത്തിനെതിരേ നിലപാടെടുത്തതുകൊണ്ടാവണം അസ്മിയയുടെ കുടുംബത്തിന് മാധ്യമങ്ങള്‍ ദൃശ്യത അനുവദിച്ചിരുന്നു.

ഇരട്ട മാനദണ്ഡം

അസ്മിയ സംഭവത്തില്‍നിന്ന് വ്യത്യസ്തമായി നാം ആദ്യം ചര്‍ച്ച ചെയ്ത ഹാദി റുഷ്ദയുടെ ആത്മഹത്യ തികച്ചും വ്യത്യസ്തമായ പ്രതികരണമാണ് പൊതുസമൂഹത്തില്‍ ഉണ്ടാക്കിയത്. മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസവും അവകാശവും എല്ലാക്കാലത്തും മതേതര നിരീക്ഷണത്തിനു വിധേയമാണ്. ഇസ്ലാമിക മതമൗലികവാദികളും മതയാഥാസ്ഥിതികരും മുസ്‌ലിം സ്ത്രീശരീരത്തെ ഹിംസയിലൂടെ നിയന്ത്രിക്കുന്നുവെന്നും വിദ്യാഭ്യാസാവകാശം അടക്കമുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നുമാണ് പൊതുവെ പ്രചരിപ്പിക്കപ്പെടാറുള്ളത്. മുസ്‌ലിം സ്ത്രീയുടെ വിദ്യാഭ്യാസം നിഷേധിക്കുന്ന മതമൗലികവാദികളെന്ന പ്രചാരണം എന്നും മതേതര/സംഘ്പരിവാര്‍ പ്രൊപ്പഗാന്‍ഡയുടെ ഇന്ധനമാണ്. പാക് താലിബാന്‍ വിദ്യാഭ്യാസം 'നിഷേധിച്ച' മലാല യൂസഫ് സായി കേരളത്തില്‍പ്പോലും പ്രശസ്തയായിരുന്നല്ലോ.

എന്നാല്‍, ഇവിടെ ഹാദി റുഷ്ദ ആത്മഹത്യ ചെയ്തത് പൊതുവിദ്യാഭ്യാസത്തില്‍നിന്ന് ഒഴിച്ചുനിര്‍ത്തപ്പെട്ടതുകൊണ്ടാണ്. അസ്മിയയുടെ ആത്മഹത്യയില്‍നിന്ന് വ്യത്യസ്തമായി ഹാദി റുഷ്ദിയയുടെ ആത്മഹത്യ കാര്യമായ പ്രതികരണമുണ്ടാക്കിയില്ല. ഹാദി റുഷ്ദക്ക് മാനസികപ്രശ്നമാണെന്ന് തെളിയിക്കാന്‍ ഭരണകൂടമടക്കമുള്ളവര്‍ ശ്രമിച്ചു. ഏതാനും വിദ്യാര്‍ഥി സംഘടനകള്‍ മാത്രമാണ് പ്രശ്നത്തെ ഗൗരവത്തില്‍ എടുത്തത്. ആയിരക്കണക്കിന് പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളുടെ പൊതുവിദ്യാഭ്യാസത്തിന് തടസ്സം നില്‍ക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിനെതിരേ ഒരു വിമര്‍ശനവുമുയര്‍ന്നില്ല. അതിനെ, മതേതര വിദ്യാഭ്യാസ നിഷേധമായോ സര്‍ക്കാരിന്റെയോ അതിന് നേതൃത്വം നല്‍കുന്ന ഇടത് മതേതര രാഷ്ട്രീയത്തിന്റെയോ നിലപാടായോ ചര്‍ച്ച ചെയ്തില്ല. 'വര്‍ഗീയത' പോലുള്ള മതേതരവിരുദ്ധ പദാവലികളാലാണ് പ്രതിഷേധങ്ങള്‍ പോലും വിശേഷിപ്പിക്കപ്പെട്ടത്. സാമൂഹിക/രാഷ്ട്രീയ വിമര്‍ശനത്തിലെ ഇരട്ട മാനദണ്ഡത്തിലൂടെ, ഇസ്‌ലാമിനെ ആരോപണ സ്ഥലമാക്കുന്ന രീതിയിലൂടെയാണ് ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നത്.

(റിസര്‍ച്ച് ഇന്‍പുറ്റ്സ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റെന്‍സന്‍ വി.എം)

TAGS :