Quantcast
MediaOne Logo

നജ്‌ല സലാം സജല്‍

Published: 26 Nov 2023 1:13 PM GMT

കയറ്റുമതിക്ക് ബാധകമല്ലാത്ത 'ഹലാല്‍' നിരോധനത്തിലെ ടാഗും ഹാഷ്ടാഗും

പൊതുജനാരോഗ്യം മുന്‍നിര്‍ത്തി, ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഹലാല്‍ ഉല്‍പന്നങ്ങളുടെ നിരോധനത്തിന് കാരണമായി യോഗി യു.പി സര്‍ക്കാര്‍ പറയുന്നത്. എങ്കില്‍ നിരോധനം കയറ്റുമതി ഉല്‍പന്നങ്ങള്‍ക്കും സ്വാഭാവികമായി ബാധകമാകേണ്ടതല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. എന്താണ് ഹലാല്‍ എന്നും ഹലാല്‍ ഉല്‍പന്നങ്ങളുടെ നിരോധനത്തിന്റെ വസ്തുതകളെന്തെന്നും പരിശോധിക്കുന്നു.

എന്താണ് ഹലാല്‍?
X

ഹലാല്‍ ടാഗ് പതിച്ച ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവിറക്കിയത് കഴിഞ്ഞ ദിവസമാണ്. ഹലാല്‍ എന്ന വാക്കു വളരെയധികം തെറ്റിദ്ധരിക്കപ്പെടുകയും ദുര്‍വ്യാഖ്യാനിക്കപ്പെടുകയും ചെയ്ത ഒന്നാണ്. മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം ഹലാല്‍ ഭക്ഷണം അവരുടെ മതാചാരത്തിന്റെയും സ്വത്വത്തിന്റെയും ഭാഗമാണ്. അതേസമയം, മറ്റു മതവിശ്വാസികളും ഹലാല്‍ ഭക്ഷണം താല്‍പര്യപ്പെടുന്നു എന്നു കാണാം. ശക്തമായി പാലിക്കപ്പെടുന്ന സുരക്ഷാ മാനദണ്ഡങ്ങളും ശുചിത്വവുമാണ് അതിന്റെ കാരണം. ഇതെല്ലാം വസ്തുതയാണെന്നിരിക്കെ എന്തുകൊണ്ടായിരിക്കാം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിറച്ച ഒരു പരാതിയിന്മേല്‍ ഇത്ര തിടുക്കപ്പെട്ട് ഒരു ഹലാല്‍ നിരോധനം യോഗിയുടെ യു.പി സര്‍ക്കാര്‍ കൊണ്ട് വന്നത്? ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക എന്ന സ്വാഭാവികമായ ഉദ്ദേശം മാത്രമാണോ ഈ തിടുക്കപ്പെട്ടുള്ള നിരോധനത്തിന് പിന്നില്‍ എന്ന് വസ്തുതകളിലൂടെ തന്നെ പരിശോധിക്കാം.

ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍ ഉള്‍പ്പെട്ട നാല് സംഘടനകള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് ഹലാല്‍ സര്‍ട്ടിഫൈഡ് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. മതവികാരം ചൂഷണം ചെയ്ത് വ്യാജരേഖ ചമച്ചാണ് ഈ സംഘടനകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. ഹലാല്‍ സര്‍ട്ടിഫിക്കേഷന്റെ ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്കകളും ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയുമാണ് നിരോധനത്തിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചത്. പ്രസ്തുത നിരോധന നിയമത്തിന്റെ ഉദ്ദേശശുദ്ധിയെ പ്രഥമദൃഷ്ടിടിയില്‍ തന്നെ സംശയിക്കപ്പെടുന്നതിനു പ്രധാനപ്പെട്ട കാരണം കയറ്റുമതി ഉല്‍പന്നങ്ങളെ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു എന്നത് തന്നെയാണ്. സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത് പോലെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് നിരോധനമെങ്കില്‍, അത് കയറ്റുമതി ഉല്‍പന്നങ്ങള്‍ക്കും സ്വാഭാവികമായി ബാധകമാകേണ്ടതാണ്.

മതാചാരങ്ങളുമായി ബന്ധപ്പെട്ട അതീവ സെന്‍സിറ്റീവായ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള വര്‍ഗീയ അക്രമങ്ങളുടെയും ധ്രുവീകരണത്തിന്റെയും ഉദാഹരണങ്ങള്‍ ധാരാളമുണ്ട്. ഹലാല്‍ വിഷയത്തില്‍ രാജ്യത്തെ തീവ്രവലതു പക്ഷത്തിന്റെ എതിര്‍പ്പ് പൊടുന്നനെ അന്തരീക്ഷത്തില്‍ നിന്നും പൊട്ടിമുളച്ച ഒന്നല്ല.

ഏറ്റവും കൂടുതല്‍ മാംസ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പല രാജ്യങ്ങളും, പ്രത്യേകിച്ച് മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങള്‍ക്ക് ഇറക്കുമതി ചെയ്യുന്ന മാംസത്തിന് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ആഭ്യന്തരമായി നിരോധിക്കുന്നതിലൂടെ, വിലയേറിയ കയറ്റുമതി അവസരങ്ങളും വരുമാനവും സര്‍ക്കാരിന് നഷ്ടപ്പെടും. കൂടാതെ, ഹലാല്‍ സര്‍ട്ടിഫിക്കേഷനെ ആശ്രയിക്കുന്ന നിരവധി ബിസിനസുകള്‍ക്കും വ്യവസായങ്ങള്‍ക്കും സാമ്പത്തിക നഷ്ടമുണ്ടാകാം. ഇത് സമ്പദ് വ്യവസ്ഥയെ കൂടുതല്‍ മോശമായ രീതിയില്‍ ബാധിക്കുമെന്നതില്‍ സംശയമില്ല.

ഇത്രയേറെ പ്രത്യാഘാതങ്ങള്‍ സഹിച്ചും ഒരു സര്‍ക്കാര്‍ ഈ നിരോധന നിയമം നടപ്പാക്കുന്നതിന് പിന്നിലെ ഉദ്ദേശം മനസ്സിലാകണമെങ്കില്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്ന വസ്തുത നാം മനസ്സിലാക്കേണ്ടതുണ്ട്. മതാചാരങ്ങളുമായി ബന്ധപ്പെട്ട അതീവ സെന്‍സിറ്റീവായ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള വര്‍ഗീയ അക്രമങ്ങളുടെയും ധ്രുവീകരണത്തിന്റെയും ഉദാഹരണങ്ങള്‍ നമുക്ക് മുന്‍പില്‍ വേറെയുമുണ്ട്. അഥവാ, ഹലാല്‍ വിഷയത്തില്‍ രാജ്യത്തെ തീവ്രവലതു പക്ഷത്തിന്റെ എതിര്‍പ്പ് പൊടുന്നനെ അന്തരീക്ഷത്തില്‍ നിന്നും പൊട്ടിമുളച്ച ഒന്നല്ല എന്നര്‍ഥം.


കോവിഡ് മഹാമാരി രാജ്യത്തെ ഒന്നാകെയുലച്ച, കുടിയേറ്റ പ്രതിസന്ധി അതിന്റെ പാരമ്യത്തിലെത്തിയ 2020 മെയ് മാസത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടാകെ പടര്‍ന്നുപിടിച്ച ഒരു ഹാഷ്ടാഗ് ഉണ്ടായിരുന്നു - #BoycottHalalProducts എന്നതായിരുന്നു ആ ക്യാമ്പയിന്റെ ആവശ്യം. 2021 ഒക്ടോബറില്‍ ശ്രീരാമ സേനയും ഹിന്ദു ജനജാഗ്രതി സമിതിയും ഹലാല്‍ എന്നാല്‍ സാമ്പത്തിക ജിഹാദ് ആണെന്ന ആരോപണം ഉയര്‍ത്തുകയും ഹലാല്‍ സര്‍ട്ടിഫിക്കേഷനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. തുടര്‍ന്ന് കേരളത്തിലും ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഹോട്ടലുകള്‍ക്ക് മുന്‍പിലെ ഹലാല്‍ ബോര്‍ഡുകള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അതോടൊപ്പം മുസ്‌ലിംകള്‍ ഭക്ഷ്യവസ്തുക്കള്‍ ഹലാലാക്കാന്‍ അതിലേക്ക് തുപ്പുന്നു എന്ന തെറ്റായ പ്രചാരണവും നടന്നു. ഇത്തരത്തില്‍ വളരെ സംഘടിത സ്വഭാവമുള്ള വ്യാജപ്രചാരണങ്ങളും ആക്രമണങ്ങളും ഒരു സമുദായത്തിനെതിരെ നിരന്തരം ഉയര്‍ന്നു വന്നുകൊണ്ടേയിരിക്കുന്ന സാഹചര്യത്തിലാണ് യോഗി സര്‍ക്കാരിന്റെ 'ഗുണനിലവാരം' എന്ന കപടവാദത്തെ നോക്കി കാണേണ്ടത്.

ബി.ജെ.പിയുടെ ഒരു യുവജന സംഘടനാനേതാവ് നല്‍കിയ പരാതിയിന്മേല്‍ യാതൊരു പരിശോധനയോ അന്വേഷണമോ ഇല്ലാതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് യോഗി പോലീസ്. ഹലാല്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതിന് ഈടാക്കുന്ന ഫീസ് മുസ്‌ലിം സംഘടനകള്‍ തീവ്രവാദ സംഘടനകള്‍ക്ക് ധനസഹായം നല്‍കാന്‍ ഉപയോഗിക്കുന്നുവെന്നതായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. ഒരു സമുദായത്തെ ഒന്നാകെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഇത്തരം അടിസ്ഥാനരഹിതമായ ആരോപണത്തെ യാതൊരു പരിശോധനയും കൂടാതെ മുഖവിലക്ക് എടുക്കുകയും ഉടനടി ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ണമായി നിരോധിക്കുകയുമാണ് യോഗി സര്‍ക്കാര്‍ ചെയ്തത്. ഇത്തരം നിരോധനങ്ങളും നിയന്ത്രണങ്ങളും സമുദായങ്ങളെ മതാടിസ്ഥാനത്തില്‍ കൂടുതല്‍ വിഭജിക്കാനും സാമ്പത്തിക വികസനം, സാമൂഹിക ക്ഷേമം തുടങ്ങിയ അടിയന്തിര പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുമുള്ള സര്‍ക്കാരിന്റെ തന്ത്രമാണെന്നാണ് നിരോധനത്തിനെ വിമര്‍ശിക്കുന്നവര്‍ ഉന്നയിക്കുന്ന വാദം.

ഹലാല്‍ ഉല്‍പന്നങ്ങള്‍ നിരോധിക്കുന്നതിലൂടെ, ഫലത്തില്‍ മുസ്‌ലിം ഉപഭോക്താക്കള്‍ക്ക് ലഭ്യമായ തിരഞ്ഞെടുപ്പുകള്‍ സര്‍ക്കാര്‍ ഫലപ്രദമായി പരിമിതപ്പെടുത്തുകയും അവരുടെ സമുദായത്തെ പാര്‍ശ്വവത്കരിക്കുകയും ചെയ്യുന്നു എന്നതാണ് നിരോധനത്തിന് എതിരെ സംസാരിക്കുന്നവര്‍ ഉയര്‍ത്തുന്ന ശക്തമായ വാദം.

ഹലാല്‍ സര്‍ട്ടിഫൈഡ് ഉല്‍പന്നങ്ങളുടെ നിരോധനം ഉത്തര്‍പ്രദേശിലെ മുസ്‌ലിം സമൂഹത്തില്‍ കാര്യമായ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പ്രസ്തുത നിയമം സ്വന്തം മതം ആചരിക്കാനുള്ള മുസ്‌ലിം സമുദായത്തിന്റെ അടിസ്ഥാന അവകാശത്തെ ലംഘിക്കുന്നുവെന്നും, അവരുടെ വിശ്വാസം അനുശാസിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ ലഭ്യത പരിമിതപ്പെടുത്തുന്നുവെന്നും വാദങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ മാംസ ഉല്‍പന്നങ്ങള്‍ക്ക് മാത്രമല്ല, പാല്‍ ഉല്‍പന്നങ്ങള്‍, എണ്ണകള്‍, പാനീയങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ക്കും നല്‍കി വരുന്നതാണ്. ഈ ഉല്‍പന്നങ്ങള്‍ നിരോധിക്കുന്നതിലൂടെ, ഫലത്തില്‍ മുസ്‌ലിം ഉപഭോക്താക്കള്‍ക്ക് ലഭ്യമായ തിരഞ്ഞെടുപ്പുകള്‍ സര്‍ക്കാര്‍ ഫലപ്രദമായി പരിമിതപ്പെടുത്തുകയും അവരുടെ സമുദായത്തെ പാര്‍ശ്വവത്കരിക്കുകയും ചെയ്യുന്നു എന്നതാണ് നിരോധനത്തിന് എതിരെ സംസാരിക്കുന്നവര്‍ ഉയര്‍ത്തുന്ന ശക്തമായ വാദം.


ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍, പ്രത്യേകിച്ച് മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം എന്നിവയുടെ ലംഘനമാണ് നിരോധനമെന്ന് പ്രത്യക്ഷത്തില്‍ തന്നെ മനസിലാകുന്നതാണ്. മതനിരപേക്ഷവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇന്‍ക്ലൂസിവ് സമൂഹത്തിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് നിരോധനമെന്നതില്‍ തര്‍ക്കമില്ല.

ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ലോകമെമ്പാടും അംഗീകരിക്കപ്പെടുകയും നടത്തി വരികയും ചെയ്യുന്ന ഒന്നാണ്. അമുസ്‌ലിം ഭൂരിപക്ഷ ജനസംഖ്യയുള്ള രാജ്യങ്ങള്‍ ഉള്‍പ്പെടെ പല രാജ്യങ്ങളും അവരുടെ മുസ്‌ലിം പൗരന്മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുമായി വ്യാപാരം സുഗമമാക്കുന്നതിനും ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കി വരുന്നു. ഹലാല്‍ സര്‍ട്ടിഫൈഡ് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിലൂടെ, ഇന്ത്യ ആഗോള ഹലാല്‍ വിപണിയില്‍ നിന്ന് സ്വയം ഒറ്റപ്പെടുകയും, ഒരു മതേതര രാജ്യമെന്ന നിലയിലും, ഇന്‍ക്ലൂസിവ് മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ഒരു സമൂഹമെന്ന നിലയിലും സ്വയം ദുര്‍ബലപ്പെടുകയുമാണ് ചെയ്യുന്നത്.

ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കാന്‍ അധികാരം ഏകപക്ഷീയമായി ഉപയോഗിക്കുന്ന അപകടകരമായ ഒരു കീഴ്‌വഴക്കത്തിനാണ് ഈ തീരുമാനത്തിലൂടെ യു.പി സര്‍ക്കാര്‍ തുടക്കം വെക്കുന്നത്. ഹലാല്‍ സര്‍ട്ടിഫിക്കേഷന്റെയും ഭക്ഷ്യ സുരക്ഷയുടെയും ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ സാധുതയുള്ളതാണെങ്കിലും, ഇന്ത്യന്‍ ജനസംഖ്യയുടെ വൈവിധ്യത്തെ മാനിക്കുകയും മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഒരു പരിഹാരമാണ് ഈ വിഷയത്തില്‍ സര്‍ക്കാറുകള്‍ സ്വീകരിക്കേണ്ടത്. എല്ലാ സമുദായങ്ങളുടെയും അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് സഹകരണപരവും സമഗ്രവുമായ സമീപനം ആവശ്യമാണ്. നിരോധനം ഉയര്‍ത്തിയ ന്യായമായ ആശങ്കകളെ അഭിസംബോധന ചെയ്യാനും സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്.

എന്താണ് ഹലാല്‍?

ഹലാല്‍ എന്നാല്‍ അനുവദനീയമായത് എന്നാണ് അര്‍ഥം. ഹലാല്‍ എന്ന വാക്കിന് ഇസ്‌ലാമിക വിശ്വാസത്തില്‍ വളരെ ആഴത്തിലുള്ള പ്രാധാന്യമുണ്ട്, ഭക്ഷണവും ഉപഭോഗവസ്തുക്കളും എന്നതിനേക്കാള്‍ വളരെ വിശാലമായ മേഖലയെ അത് ഉള്‍ക്കൊള്ളുന്നു. ഭക്ഷണം, വിവാഹം, സമ്പാദ്യം, ദൈനംദിന പെരുമാറ്റം എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ഇസ്‌ലാം നിശ്ചയിച്ചിരിക്കുന്ന പരിധികള്‍ വിവരിക്കാന്‍ ഹലാല്‍ എന്ന പദം ഉപയോഗിക്കുന്നു.

ഹലാല്‍ ഭക്ഷണം എന്നാല്‍, അനുവദനീയമായ ഭക്ഷണം എന്നാണ് അര്‍ഥമാക്കുന്നത്. 'അനുവദനീയം' എന്നത് ഇസ്‌ലാം മതവിശ്വാസികള്‍ക്ക് മാത്രമാണ്. കൃത്യമായി പറഞ്ഞാല്‍, ഇസ്‌ലാം മതവിശ്വാസികളില്‍ ഉള്‍പ്പെടാത്ത ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഹലാല്‍ എന്നതില്‍ വിശ്വാസപരമായ ഒന്നും തന്നെയില്ല, അയാള്‍ക്ക് അത് ഉപേക്ഷിക്കുകയോ സ്വീകരിക്കുകയോ ചെയ്യാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്.

ഇസ്‌ലാമിക വിശ്വാസമനുസരിച്ച് മുസ്‌ലിംകള്‍ക്ക് കഴിക്കാന്‍ അനുവദനീയമായ ഏതൊരു ഭക്ഷണവും ഹലാല്‍ ആണ്. പന്നിയിറച്ചി, രക്തം, കശാപ്പിന് മുമ്പ് ചത്ത മൃഗങ്ങളുടെ മാംസം എന്നിവ ഹലാല്‍ അല്ലാത്ത ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. അറവ് ചെയ്യുന്ന മൃഗത്തോട് കാണിക്കേണ്ട മാനുഷികമായ ചില പരിഗണനകളെയും, അറവു ചെയ്യുന്ന സമയത് പാലിക്കേണ്ട ശുചിത്വത്തെയുമൊക്കെ മുന്‍നിര്‍ത്തി ഇസ്‌ലാം മതം മുന്നോട്ടു വെക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് കശാപ്പു ചെയ്യപ്പെടുന്ന മാംസത്തെയാണ് ഹലാല്‍ മാംസമായി കണക്കാക്കപ്പെടുന്നത്. ഒരു മാംസാഹാരത്തെ ഹലാലായി കണക്കാക്കണമെങ്കില്‍, അറവ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന മൃഗത്തെ വിശ്വാസിയായ ഒരു വ്യക്തി അറുക്കണം. കശാപ്പ് സമയത്ത് മൃഗം ജീവനോടെയും ആരോഗ്യത്തോടെയും ഇരിക്കണം. ദൈവനാമം ജപിക്കണം. മൃഗത്തിന്റെ തൊണ്ട മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് മുറിച്ച് കാര്‍ട്ടോയ്ഡ് ധമനി, ജുഗുലാര്‍ ഞരമ്പ്, വിന്‍ഡ് പൈപ്പ് എന്നിവ ഒരേ സമയം മുറിച്ചെടുക്കണം. എന്നിങ്ങനെയാണ് ഹലാല്‍ മാംസവുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍.

TAGS :