'ഇന്ത്യയിലെ വിദ്വേഷ കുറ്റകൃത്യങ്ങളും വിദ്വേഷ പ്രസംഗങ്ങളും’; എപിസിആറിന്റെ വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ പൂർണരൂപം വായിക്കാം
അഞ്ചുമാസത്തിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 144 സംഭവങ്ങളെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു
രാജ്യത്ത് മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതായി വസ്തുതാന്വേഷണ റിപ്പോർട്ട്. 2024 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 144 വിദ്വേഷ കുറ്റകൃത്യങ്ങൾ നടന്നുവെന്ന് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എപിസിആർ) നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. ‘ഇന്ത്യയിലെ വിദ്വേഷ കുറ്റകൃത്യങ്ങളും വിദ്വേഷ പ്രസംഗങ്ങളും’എന്ന തലക്കെട്ടിലാണ് പഠനം പുറത്തിറക്കിയത്. രാജ്യത്തെ അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി 2006 മുതൽ പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനയാണ് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്.
മതന്യൂനപക്ഷങ്ങൾക്കതിരായ വിദ്വേഷ പ്രസംഗങ്ങളെയും കുറ്റകൃത്യങ്ങളെയും കൃത്യമായി രേഖപ്പെടുത്തി ജനശ്രദ്ധയിൽ കൊണ്ടുവരാനുള്ള ശ്രമമാണ് എപിസിആറിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. 2024ലെ പൊതുതിരഞ്ഞെടുപ്പ് ഉൾപ്പെടുന്ന അഞ്ചുമാസക്കാലയളവിൽ രാജ്യത്ത് നടന്ന വിദ്വേഷ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ടിൽ ഉൾക്കൊള്ളുന്നത്. സംസ്ഥാനവും ഓരോ വിദ്വേഷ കുറ്റകൃത്യത്തിന്റെ സ്വഭാവവും വേർതിരിച്ചാണ് എപിസിആർ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. റിപ്പോർട്ടിന്റെ പൂർണരൂപം വായിക്കാം.
ആമുഖം
രാജ്യത്തെ മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ച് നടന്നുവരുന്ന വിദ്വേഷ പ്രസംഗങ്ങളെയും കുറ്റകൃത്യങ്ങളെയും കൃത്യമായി രേഖപ്പെടുത്തി ജനശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് ഈ റിപ്പോര്‍ട്ട്. 2024 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ നടന്ന ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇത്.
വിദ്വേഷ കുറ്റകൃത്യങ്ങളും, വര്‍ഗ്ഗീയ പ്രസംഗങ്ങളും മറ്റു കുറ്റകൃത്യങ്ങളെക്കാള്‍ ഏറെ പ്രത്യാഘാതമുണ്ടാക്കുന്നവയാണ്. ഇരയെ മാത്രമല്ല, അവരുടെ കുടുംബങ്ങളെയും സമൂഹത്തെയും രാജ്യത്തെയും ബാധിക്കുന്നതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍. അതുകൊണ്ടുതന്നെ ഇവയെ എതിരിടാനുള്ള പദ്ധതികള്‍ വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. അതിലേക്കുള്ള ആദ്യപടി, ഇൗ കുറ്റകൃത്യങ്ങളുടെ വ്യാപ്തി മനസ്സിലാക്കാനാനാവശ്യമായ വിധമുള്ള ഇവയുടെ ശരിയായ ഡോക്യുമെന്റേഷനാണ്.
വിദ്വേഷ കുറ്റകൃത്യങ്ങളും, വര്‍ഗ്ഗീയ പ്രസംഗങ്ങളും വ്യാപകമായി നടക്കുന്നുണ്ടെങ്കിലും ഇവയൊന്നും ശരിയായി രേഖപ്പെടുത്തുന്നതിനുള്ള വ്യവസ്ഥാപിതമായ സംവിധാനം ഇവിടെ നിലവിലില്ല. ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ 1989 ലെ നിയമപ്രകാരം രേഖപ്പെടുത്തപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വര്‍ഗ്ഗീയ അതിക്രമങ്ങള്‍ക്ക് സമാനമായ നിയമനിര്‍ദ്ദേശങ്ങളില്ല എന്നതും ഒരു പരിമിതിയാണ്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യം വച്ചുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള പഠന ഗവേഷണങ്ങളുടെയും ഡോക്യുമെന്റേഷനുകളിലെയും വിടവ് നികത്തുന്നതിനുള്ള പ്രയത്‌നത്തിന്റെ ഭാഗമാണ് ഈ റിപ്പോര്‍ട്ട്.
ഗവേഷണരീതി
വിദ്വേഷ കുറ്റകൃത്യങ്ങളെയും വിദ്വേഷ പ്രസംഗങ്ങളെയും കുറിച്ചുള്ള ഈ റിപ്പോര്‍ട്ട് കൃത്യതയും വിശ്വാസ്യതയും സമഗ്രതയും ഉറപ്പാക്കുന്നതിനായി വ്യവസ്ഥാപിതമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമായും മാധ്യമ റിപ്പോര്‍ട്ടുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ തുടങ്ങിയ ദ്വിതീയ സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് റിപ്പോര്‍ട്ട്. മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്ന് വിദ്വേഷ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയും സോഷ്യല്‍ മീഡിയ വിവരങ്ങളിലൂടെ വിദ്വേഷ പ്രസംഗത്തിന്റെയും വിദ്വേഷ കുറ്റകൃത്യങ്ങളുടെയും വ്യാപനവും പ്രചാരണവും എങ്ങനെയാണെന്ന ധാരണയും ലഭിക്കുകയുണ്ടായി. ഒന്നിലധികം സോഴ്‌സുകളില്‍ നിന്നുള്ള ഡാറ്റയുടെ ക്രോസ്-റഫറന്‍സിംഗും പരിശോധനയും ഉള്‍പ്പെടുന്നതാണ് ഈ റിപ്പോര്‍ട്ട്.
എന്താണ് വിദ്വേഷ പ്രസംഗങ്ങള്‍, എന്തൊക്കെയാണ് വിദ്വേഷ കുറ്റകൃത്യങ്ങള്‍
ഇന്ത്യയില്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ നിയമപരമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. ജനക്കൂട്ടമോ ഭൂരിപക്ഷ സമുദായങ്ങളോ പ്രത്യേക വ്യക്തികളെ ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ആവര്‍ത്തിച്ച് സംഭവിച്ച് വരുന്ന ഒരു പ്രതിഭാസമാണ്. ഏതെങ്കിലും പ്രത്യേക നിര്‍വചനം നല്‍കാതെ തന്നെ വിദ്വേഷ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഒരു വിശാലമായ ധാരണയിലാണ് രാജ്യത്തെ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങളുടെ വ്യാപനം ഞങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.
മുന്‍വിധികളില്‍ വേരൂന്നിയ ക്രിമിനല്‍ കുറ്റകൃത്യങ്ങളാണ് വിദ്വേഷ കുറ്റകൃത്യങ്ങള്‍. അതിനാല്‍, ഒരു കുറ്റകൃത്യം വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കാന്‍ രണ്ട് നിബന്ധനകള്‍ പാലിച്ചിരിക്കണം. ഒന്നാമതായി, കുറ്റകൃത്യത്തിന് മുമ്പോ ശേഷമോ അക്രമിയുടെ മുന്‍വിധിയോടെയുള്ള ഇരയുടെ സാമൂഹിക സ്വത്വത്തോടുള്ള വിദ്വേഷം, വെറുപ്പ്, പുച്ഛം, ശത്രുത, നീരസം അല്ലെങ്കില്‍ ഇഷ്ടമില്ലായ്മ എന്നിവയുടെ രൂപത്തിലുള്ള ശത്രുതാ പ്രകടനം. ഇരയുടെ സ്വത്വത്താല്‍ പ്രേരിതമായ കുറ്റകൃത്യം ഈ നിബന്ധനയെ പൂര്‍ത്തീകരിക്കുന്നതാണ്. രണ്ടാമതായി, വസ്തുവകകള്‍, വ്യക്തികള്‍ അല്ലെങ്കില്‍ സ്വത്ത് എന്നിവയുടെ നാശനഷ്ടം ഉള്‍പ്പെടുകയോ അതിലേക്ക് നയിക്കുകയോ ചെയ്യുന്നതായിരിക്കുകയെന്നതാണ്. മര്‍ദ്ദനം, ബഹിഷ്‌കരണം, പുറത്താക്കല്‍, കൊലപാതകം, തീവയ്പ്പ്, നശീകരണം അല്ലെങ്കില്‍ ഇവ ചെയ്യുമെന്ന ഭീഷണി തുടങ്ങിയവ ഇതിലുള്‍പ്പെടും. ഒരു കുറ്റകൃത്യം മേല്‍പ്പറഞ്ഞ രണ്ട് നിബന്ധനകളും പാലിക്കുകയാണെങ്കില്‍ അതിനെ വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കാം. അടിസ്ഥാനപരമായി, ഒരു കുറ്റകൃത്യം സാമൂഹിക സ്വത്വത്താല്‍ പ്രേരിതമാണെന്ന് ഇരയോ മറ്റാരെങ്കിലുമോ കരുതുന്നപക്ഷം അതൊരു വിദ്വേഷ കുറ്റകൃത്യമാണ്.
ഇന്ത്യന്‍ ശിക്ഷാ നിയമം (അതിന്റെ നിലവിലെ രൂപമായ ഭാരതീയ ന്യായ സംഹിതയും) വിവിധ സമുദായങ്ങളിലെ അംഗങ്ങള്‍ക്കിടയില്‍ 'അതൃപ്തി' അല്ലെങ്കില്‍ വെറുപ്പ് ഉളവാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ചില പ്രസംഗങ്ങളെ എല്ലായ്‌പ്പോഴും ക്രിമിനല്‍ കുറ്റമായി അംഗീകരിച്ചിട്ടുണ്ട്. വിശാലമായ അര്‍ത്ഥത്തില്‍, വിദ്വേഷ പ്രസംഗം എന്നത് പ്രത്യേക സാമൂഹിക സ്വത്വത്തോടുള്ള ശത്രുതയാല്‍ പ്രേരിതമായ വ്യക്തി(കള്‍) അല്ലെങ്കില്‍ കൂട്ടായ്മകളെ ലക്ഷ്യമിട്ടുള്ള ആക്ഷേപകരമായ സംഭാഷണമാണ്. മതം, വംശം, ഭാഷ അല്ലെങ്കില്‍ സാമ്പത്തികമോ സാമൂഹികമോ ആയ സ്വത്വത്തോടുള്ള വിവേചനപരവും അവഹേളനപരവുമായ ചിത്രങ്ങളുടെ പ്രദര്‍ശനം, ആംഗ്യങ്ങള്‍, ചിഹ്നങ്ങള്‍, സംസാരം എന്നിവ ഇതിലുള്‍പ്പെടും. ഇതില്‍ മാത്രം ഒതുങ്ങാതെ സംസാരം, എഴുത്ത്, പെരുമാറ്റം എന്നിവയുടെ രൂപത്തില്‍ ഇത് ഓഫ്ലൈനിലോ ഓണ്‍ലൈനിലോ പ്രചരിപ്പിക്കാന്‍ കഴിയും. വിദ്വേഷ പ്രസംഗം അക്രമാസക്തമായ പ്രവര്‍ത്തനമാണ് അത് അക്രമത്തിന് പ്രേരിപ്പിക്കുന്നു. അതിനാല്‍, ഇത് ദേശത്തിന്റെയും സമൂഹത്തിന്റെയും സമാധാനത്തെയും ഐക്യത്തെയും ഭീഷണിപ്പെടുത്തുന്നതാണ്. വിദ്വേഷ പ്രസംഗത്തിന് സാര്‍വത്രികമായോരു നിര്‍വചനമില്ലെങ്കിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ആശയമാണത്. ഏതൊരു സമൂഹത്തിനെതിരെ വെറുപ്പ് പരത്തുന്ന പ്രവര്‍ത്തനം ഉടനടി അക്രമത്തിന് കാരണമായാലും ഇല്ലെങ്കിലും വിദ്വേഷ പ്രസംഗമാണെന്ന് മനസ്സിലാക്കണം. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങളെയാണ് ഡോക്യുമെന്റേഷന്റെ ഭാഗമായി ശേഖരിച്ചിട്ടുള്ളത്. ദേശീയ, പ്രാദേശിക മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിദ്വേഷ പ്രസംഗങ്ങളെ വ്യക്തി, സംഘടനാ ബന്ധം, ആശയവിനിമയ രീതി, അതിന്റെ പ്രചരണം, ഉള്ളടക്കം എന്നിവയനുസരിച്ച് രേഖപ്പെടുത്തുകയും വിശകലനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ഐക്യരാഷ്ട്രസഭയുടെ റാബത്ത് പ്ലാന്‍ ഓഫ് ആക്ഷനില്‍ പറഞ്ഞിട്ടുള്ള ആറ് ഭാഗങ്ങളുള്ള ത്രെഷോള്‍ഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഓരോ വിദ്വേഷ പ്രസംഗങ്ങളും വിശകലനം ചെയ്തിട്ടുള്ളത്. എ.പി.സി.ആര്‍, ക്വില്‍ ഫൗണ്ടേഷന്‍ എന്നിവയുടെ യോജിച്ചുള്ള ശ്രമമാണീ റിപ്പോര്‍ട്ട്.
പരിമിതികള്‍
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് ഇതില്‍ പരിശോധിക്കപ്പെടുന്നത് എന്നതിനാല്‍, ഇത് പൂര്‍ണ്ണമാണെന്ന് അവകാശപ്പെടാനാവില്ല. ഞെട്ടിക്കുന്നതും ഭയാനകവുമായ അക്രമ സംഭവങ്ങളാണ് മാധ്യമങ്ങള്‍ പ്രധാനമായും കവര്‍ ചെയ്യുന്നത് എന്നതിനാല്‍ പല വിദ്വേഷ കുറ്റകൃത്യങ്ങളും വിദ്വേഷ പ്രസംഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ട്. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളെ പ്രത്യേകമായി അഭിസംബോധന ചെയ്യുന്നതിനുള്ള നിയമ ചട്ടക്കൂടിന്റെ അഭാവത്താല്‍ വിശ്വസനീയമായ ഔദ്യോഗിക ഡാറ്റകള്‍ ലഭ്യമല്ല എന്നതും ഒരു പരിമിതിയാണ്. ഇംഗ്ലീഷിതര പ്രാദേശിക വാര്‍ത്താ ഔട്ട്‌ലെറ്റുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും, ഇവിടെ കാണിച്ചിരിക്കുന്ന സംഖ്യകള്‍ പ്രശ്‌നവ്യാപ്തിയുടെ പ്രതിനിധാനം മാത്രമാണ്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളുടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ കണക്കാണ് ഈ റിപ്പോര്‍ട്ടിലെ ഡാറ്റ, രാജ്യത്ത് നടക്കുന്ന അത്തരം എല്ലാ അക്രമങ്ങളുടെയും പൂര്‍ണ്ണമായ കണക്കല്ല.
സുപ്രധാന കണ്ടെത്തലുകള്‍
- 2024 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളുടെ ഒരു സംക്ഷിപ്ത വിവരണമാണ് ഈ റിപ്പോര്‍ട്ട്. 642 ദശലക്ഷം വോട്ടര്‍മാരുമായി രാജ്യം അതിന്റെ 18-ാമത് പൊതുതെരഞ്ഞെടുപ്പ് നടത്തിയ കാലഘട്ടമാണിത്.
- 144 വിദ്വേഷ കുറ്റകൃത്യങ്ങള്‍ നടന്നതില്‍ ഒരാളെങ്കിലും മരിക്കാനിടയായ 12 സംഭവങ്ങള്‍ ഉള്‍പ്പെടുന്നു. 71 സംഭവങ്ങളില്‍ മതന്യൂനപക്ഷ അംഗങ്ങള്‍ക്കെതിരെ ശാരീരിക അക്രമം നടന്നു. മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള 75 വിദ്വേഷ പ്രസംഗങ്ങളും ഉണ്ടായി.
- തെരഞ്ഞെടുപ്പ് സമയത്ത് നടന്ന വിദ്വേഷ പ്രസംഗങ്ങള്‍: തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ 33 വിദ്വേഷ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു - ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിദ്വേഷ പ്രസംഗത്തിന്റെ വര്‍ധിച്ച ഉപയോഗത്തെ സൂചിപ്പിക്കുന്നു.
- തെരഞ്ഞെടുപ്പിന് ശേഷമുള്ള വിദ്വേഷ കുറ്റകൃത്യങ്ങള്‍: തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ജൂണ്‍ മാസത്തില്‍ 27 വിദ്വേഷ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ജൂണ്‍ 4 ന് തെരഞ്ഞെടുപ്പ് ഫലംപ്രഖ്യാപിച്ചു. ജൂണ്‍ 7 ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്ന് മുസ്ലിം പുരുഷന്മാരെ ഛത്തീസ്ഗഡില്‍ കാലികളെ കൊണ്ടുപോവുന്ന വഴിയില്‍ ഒരു കൂട്ടം ആളുകള്‍ ആക്രമിച്ച സംഭവമാണ് ഇതില്‍ ആദ്യത്തെ അക്രമസംഭവം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള മാസങ്ങളില്‍, ശരാശരി ഒരു വിദ്വേഷ കുറ്റകൃത്യം എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
- വിദ്വേഷ പ്രസംഗങ്ങള്‍ വിദ്വേഷ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന നേതാക്കള്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി. ഇത് വലിയ തോതിലുള്ള ധ്രുവീകരണത്തിന് കാരണമായിട്ടില്ലെന്ന് പല വിദഗ്ധരും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ചൂണ്ടിക്കാട്ടി ഉന്നയിച്ചെങ്കിലും, തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയുണ്ടായ വിദ്വേഷ കുറ്റകൃത്യങ്ങളുടെ വര്‍ധനവ് ഇത് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് കാണിക്കുന്നു. നിയമത്തിന്റെ യാതൊരു ശിക്ഷാനടപടികളും ഭയപ്പെടാതെ തന്നെ ന്യൂനപക്ഷങ്ങളെ തങ്ങള്‍ക്ക് അക്രമിക്കാനാകുമെന്ന് വലിയൊരു വിഭാഗം വിശ്വസിക്കുന്നു.
വിദ്വേഷ കുറ്റകൃത്യങ്ങളുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക് - 2024 ഏപ്രില്‍- 2024 സെപ്തംബര്‍
വിദ്വേഷ കുറ്റകൃത്യങ്ങളുടെ ഇനങ്ങള്‍
മത വിദ്വേഷത്തിന്റെ പേരില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ പലപ്പോഴും ഒന്നില്‍ കൂടുതല്‍ ഗണത്തില്‍ ഉള്‍പ്പെടുന്നതുകൊണ്ട് പട്ടികയിലെ വിവരങ്ങള്‍ എങ്ങനെയാണ് താഴെ ക്രമീകരിച്ചിരിക്കുന്നത് എന്നാണ് വിശദമാക്കുന്നത്.
വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണം വിവിധതരം അക്രമങ്ങള്‍ അനുസരിച്ച് താഴെക്കൊടുത്ത പട്ടികയില്‍ കാണിക്കുന്നു. എന്നാലും, ഒന്നിലധികം വിഭാഗങ്ങളില്‍ വരുന്ന നിരവധി സംഭവങ്ങളുണ്ട്. ഉദാഹരണത്തിന്, മെയ് 22 ന് ഗുജറാത്തിലെ ബനസ്‌കന്തയില്‍ മിശ്രി ഖാന്‍ ബലോച്ച് എന്ന മുസ്ലീമിനെ പശു സംരക്ഷകര്‍ കൊല ചെയ്യുകയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഡ്രൈവറെ ആക്രമിക്കുകയും ചെയ്തിരുന്നു. ഈ സംഭവം മരണമുണ്ടായ അക്രമത്തിലും ശാരീരിക ആക്രമണത്തിലും തരംതിരിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ, ജൂണ്‍ 16 ന് ഒരു ക്രിസ്ത്യന്‍ കോണ്‍വെന്റ് സ്‌കൂള്‍ നശിപ്പിക്കുകയും സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ''ജയ് ശ്രീ റാം'' എന്ന് ആക്രോശിക്കാന്‍ കൂട്ടം നിര്‍ബന്ധിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ സ്‌കൂളിന്റെ സ്വത്തിന് നേരെയുള്ള ആക്രമണവും സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഉപദ്രവവും ഉള്‍ക്കൊള്ളുന്നതാണ്.
അതുകൊണ്ട്, ഈ പട്ടിക 2024 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 144 സംഭവങ്ങളുടെ വിഭാഗം തിരിച്ചുള്ള വിവരങ്ങളല്ല, മറിച്ച് അക്രമ വിഭാഗങ്ങളുടെ എണ്ണമാണ് കാണിക്കുന്നത്. ചുരുക്കത്തില്‍, ഒരു സംഭവം തന്നെ ഒന്നില്‍ കൂടുതല്‍ അക്രമ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നതിനാല്‍ ആകെ 144 സംഭവങ്ങളില്‍ ഓരോ വിഭാഗത്തിലും എത്ര സംഭവങ്ങള്‍ ഉണ്ട് എന്ന് ഈ പട്ടികയില്‍ കൃത്യമായി പറയുന്നില്ല. ഓരോ അക്രമ പ്രവര്‍ത്തിയും എത്ര തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് മാത്രമാണ് പറയുന്നത്.
വ്യക്തികള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് പുറമേ, പൊതുസ്ഥലങ്ങളില്‍ മതന്യൂനപക്ഷങ്ങളുടെ സാന്നിധ്യത്തിനെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതെങ്ങനെയെന്നും ഈ കണക്കുകള്‍ കാണിക്കുന്നു. സ്വത്തിന് നേരെയുള്ള ആക്രമണങ്ങളും പൊതുസ്ഥല നിഷേധങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന നോര്‍മലൈസേഷനെ കാണിക്കുന്നതാണ്. മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ജീവനും സ്വത്തിനും നേരെയുള്ള ആക്രമണങ്ങള്‍ നടത്തുന്നതിന് മതിയായ ശിക്ഷയില്ല എന്നയവസ്ഥ ഇത്തരം അക്രമിസംഘങ്ങള്‍ക്ക്് പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് മതന്യൂനപക്ഷങ്ങളെ വിലക്കുവാനുള്ള ധൈര്യം നല്‍കുന്നു.
വിദ്വേഷ കുറ്റകൃത്യങ്ങളുടെ സ്വഭാവം
ദൃശ്യമായ മതചിഹ്നങ്ങളോ സ്വത്വമോ ആക്രമിക്കപ്പെടുന്ന സംഭവങ്ങളാണ് വിദ്വേഷ കുറ്റകൃത്യങ്ങളില്‍ കൂടുതലും, 95 സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ സംഭവങ്ങളില്‍ പലതും വ്യക്തികള്‍ക്കെതിരെ പൊതുസ്ഥലങ്ങളില്‍ നടന്നവയാണ്, അവരുടെ ദൃശ്യമായ മത സ്വത്വത്തിന്റെ അടയാളങ്ങളുടെ പേരില്‍ അവരെ ലക്ഷ്യമിടുകയും ശാരീരിക ആക്രമണം, ഭീഷണിപ്പെടുത്തല്‍ അല്ലെങ്കില്‍ പൊതുസ്ഥലത്തേക്ക് പ്രവേശന നിഷേധം എന്നിവയില്‍ കലാശിക്കുകയും ചെയ്തവയാണ് ഇവ. ഈ കേസുകളില്‍ ചിലത് ക്രിസ്ത്യന്‍ കോണ്‍വെന്റ് സ്‌കൂളുകള്‍ പോലുള്ള പള്ളികള്‍, മുസ്ലിം പള്ളികള്‍ അല്ലെങ്കില്‍ മറ്റ് മത സ്ഥാപനങ്ങള്‍ക്കെതിരെയും ലക്ഷ്യമിട്ടുള്ളതായിരുന്നു.
മറ്റൊരു പ്രധാന വിഭാഗം മാംസാഹാര വില്പനയുമായി ബന്ധപ്പെട്ട വിദ്വേഷ കുറ്റകൃത്യങ്ങളായിരുന്നു. ഇത്തരം 34 സംഭവങ്ങളില്‍ 12 എണ്ണം 2024 ജൂണ്‍ 15-21 നും ഇടയില്‍ നടന്നതാണ്. മുസ്ലീങ്ങള്‍ അവരുടെ മതപരമായ ആചാരങ്ങളുടെ ഭാഗമായി മൃഗങ്ങളെ ബലി കഴിക്കുന്ന ഈദുല്‍ അദ്ഹ ആഘോഷം നടത്തിയ ആഴ്ച കൂടിയായിരുന്നു ഇത്, . ഈ സംഭവങ്ങള്‍ അവരുടെ ആഘോഷത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു എന്ന് വ്യക്തമാണ്. മിക്ക സംഭവങ്ങളും കന്നുകാലികളെ മറ്റിടങ്ങളിലേക്ക്് കൊണ്ടുപോകുന്നതിനെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു, ജൂണ്‍ 21 ന് ഒഡീഷയില്‍ നടന്ന സംഭവത്തില്‍ ജനക്കൂട്ടം ഒരു മുസ്ലിം കുടുംബം ബീഫ് സൂക്ഷിക്കുന്നു എന്ന സംശയത്തിന്റെ പേരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട് നശിപ്പിക്കുകയാണുണ്ടായത്.
വിദ്വേഷ പ്രസംഗം
2024 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ, ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ലക്ഷ്യമിട്ടുള്ള 75 വിദ്വേഷ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 75 വിദ്വേഷ പ്രസംഗങ്ങളില്‍ പ്രധാനമന്ത്രി നടത്തിയ 12 എണ്ണം ഉള്‍പ്പെടെ 36 എണ്ണം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ നടത്തിയതാണ് എന്ന വസ്തുത മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങളും അക്രമത്തിനുള്ള പ്രേരണയും ഇന്ത്യയിലെ രാഷ്ട്രീയ പ്രസംഗങ്ങളുടെ സാധാരണ ഭാഗമായി മാറിയെന്ന് വെളിപ്പെടുത്തുന്നു. 75 വിദ്വേഷ പ്രസംഗങ്ങളില്‍ 60 എണ്ണം പൊതു റാലികളിലോ യോഗങ്ങളിലോ നടത്തിയതാണ് എന്നതും ഇതിനെ അടിവരയിടുന്നു. ഭരണകക്ഷിയിലെ അംഗങ്ങളാണ് വിദ്വേഷ പ്രസംഗങ്ങളില്‍ ഭൂരിഭാഗവും നടത്തിയത് - 75 ല്‍ 46 എണ്ണം.
വിദ്വേഷ പ്രസംഗങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ വശം, ഗവണ്‍മെന്റിന്റെയും അധികാരത്തിന്റെയും ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ആളുകളാണ് അവ നടത്തുന്നത് എന്നതാണ്. യുഎന്നിന്റെ റാബത്ത് പ്ലാന്‍ ഓഫ് ആക്ഷനില്‍ പറഞ്ഞിട്ടുള്ള ആറ് ഭാഗങ്ങളുള്ള ത്രെഷോള്‍ഡ് ടെസ്റ്റ് ഉപയോഗിച്ചാണ് ഈ പ്രസംഗങ്ങള്‍ വിശകലനം ചെയ്തിട്ടുള്ളത്. സംസാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അവകാശം ലംഘിക്കാതെ വിദ്വേഷ പ്രസംഗങ്ങളെ തിരിച്ചറിയാവുന്ന തരത്തിലാണ് ഈ പരിശോധന രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഒരു പ്രത്യേക ഐഡന്റിറ്റി ഗ്രൂപ്പിനെതിരെ വെറുപ്പും ശത്രുതയും പ്രോത്സാഹിപ്പിക്കുന്നത് എപ്പോഴാണെന്ന് തിരിച്ചറിയാന്‍ പ്രസംഗത്തിന്റെ ഉള്ളടക്കവും പശ്ചാത്തലവും ഈ പരിശോധനയില്‍ പരിഗണിക്കുന്നു.
സിവില്‍, പൊളിറ്റിക്കല്‍ അവകാശങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയുടെ (ICCPR) ആര്‍ട്ടിക്കിള്‍ 20, ഖണ്ഡിക 2-ല്‍ പറഞ്ഞിട്ടുള്ള 'ദേശീയമോ വംശീയമോ മതപരമോ ആയ വിദ്വേഷത്തിന്റെ പേരില്‍ വിവേചനമോ ശത്രുതയോ കാണിക്കുകയോ അക്രമത്തിന് പ്രേരിപ്പിക്കുന്നതോ ആയ പ്രവര്‍ത്തനം' എന്നതാണ് ഈ ടെസ്റ്റിന്റെ മാനദണ്ഡം.
ഈ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍, രേഖപ്പെടുത്തിയ 75 സംഭവങ്ങളില്‍ 28 എണ്ണം ത്രെഷോള്‍ഡ് ടെസ്റ്റിന്റെ എല്ലാ ഉപാധികളും നിറവേറ്റുന്നതും 45 സംഭവങ്ങള്‍ ചില ഉപാധികള്‍ നിറവേറ്റുന്നതുമാണ്.
വിദ്വേഷ പ്രസംഗകര്‍/ അക്രമത്തിന് പ്രേരിപ്പിക്കുന്നവർ ആരൊക്കെയാണെന്ന പട്ടിക
വിദ്വേഷ പ്രസംഗകരുടെ സംഘടനകളുടെ പട്ടിക
റിപ്പോർട്ടിന്റെ പൂർണരൂപം