Quantcast
MediaOne Logo

ഹേമ കമ്മിറ്റി, ആഷിഖ് അബു, റിമ കല്ലിങ്കല്‍, മട്ടാഞ്ചേരി മാഫിയ - ഇസ്‌ലാമോഫോബിയ: സെപ്റ്റംബര്‍ മാസം സംഭവിച്ചത്

മുസ്‌ലിംകളോ മുസ്‌ലിംസൂചനകള്‍ വഹിക്കുന്നവരോ മുസ്‌ലിമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നവരോ അവരുടെ പങ്കാളികളോ സുഹൃത്തുക്കളോ പോലും ഇരയാക്കപ്പെടുന്നു. ഇസ്‌ലാമോഫോബിയയുടെ രീതിശാസ്ത്രം ഇതാണ്. ആഷിക് അബുവിനെതിരേ നടക്കുന്ന കാമ്പയിന്റെ പൊതുസ്വഭാവവും ഇതുതന്നെ - 2024 സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 01.

ഹേമ കമ്മിറ്റി, ആഷിഖ് അബു, റിമ കല്ലിങ്കല്‍, മട്ടാഞ്ചേരി മാഫിയ - ഇസ്‌ലാമോഫോബിയ: സെപ്റ്റംബര്‍  മാസം സംഭവിച്ചത്
X

മലയാള സിനിമാ വ്യവസായത്തിലെ ലൈംഗിക ചൂഷണവും സത്രീവിരുദ്ധ സമീപനങ്ങളും അന്വേഷിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപോര്‍ട്ട് കേരളത്തിലെ സിനിമാ-രാഷ്ട്രീയമേഖലയില്‍ വലിയ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടാണ് പുറത്തുവന്നത്. റിപോര്‍ട്ടിനെത്തുടര്‍ന്ന് സിനിമാരംഗത്തെ ഏതാനും പ്രമുഖ നടന്മാര്‍ക്കെതിരേയും സാങ്കേതികവിദഗ്ധര്‍ക്കെതിരേയും വെളിപ്പെടുത്തലുകളുമായി നിരവധി സ്ത്രീകള്‍ രംഗത്തുവന്നു. റിപോര്‍ട്ട് കൈയില്‍ കിട്ടിയിട്ടും ദീര്‍ഘകാലം അത് മൂടിവച്ചതും വിമര്‍ശനവിധേയമായി.

പുറമേ കാണുന്നത് പോലെ സുന്ദരമല്ല മലയാള സിനിമയിലെ താരങ്ങളും നക്ഷത്രങ്ങളുമെന്ന ആമുഖത്തോടെയാണ് റിപോര്‍ട്ട് തുടങ്ങുന്നത്. നിര്‍മാതാക്കളുടെയും സംവിധായകരുടെയും അടക്കം ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്ന രീതിയില്‍ അധികാരക്രമം ചലച്ചിത്ര മേഖലയിലുണ്ടെന്ന മൊഴികളും കമ്മിറ്റിക്ക് ലഭിച്ചു. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ട്. അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള ലൈംഗിക അതിക്രമം എന്നതിനൊപ്പം ലഹരി ഉപയോഗം വ്യാപകമാണ്. മലയാള സിനിമയില്‍ ആണ്‍മേല്‍ക്കോയ്മ നിലനില്‍ക്കുന്നു. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം. വഴങ്ങാത്തവര്‍ക്ക് അവസരങ്ങളില്ല. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുന്നു. ചൂഷണം ചെയ്യുന്നവരില്‍ പ്രമുഖ നടന്മാരുമുണ്ട്. സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘങ്ങളാണ്. സിനിമയിലെ സ്ത്രീയെ ഒരു ലൈംഗികവസ്തുവായി മാത്രമാണ് പലരും കാണുന്നത്. 'നോ' പറഞ്ഞാല്‍ ഓക്കെ ആയ സീനുകള്‍ വരെ വലതവണ റീട്ടേക്ക് എടുപ്പിക്കും. ആലിംഗന സീനുകളും ചുംബന സീനുകളുമൊക്കെ നിരവധി തവണ റീടേക്ക് എടുത്ത് പ്രതികാരം ചെയ്യും. പരാതി പറഞ്ഞാല്‍ കുടുംബത്തെ വരെ ഭീഷണിപ്പെടുത്തും. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ അസഭ്യവര്‍ഷം നടത്തി മാനസികമായി തകര്‍ക്കും. ഇതിനായി വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നു. (ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണരൂപം, കാസ്റ്റിംഗ് കൗച്ച്, ലൈംഗിക ചൂഷണം, നിയന്ത്രിക്കുന്ന മാഫിയ, ദി ക്യൂ, ആഗസ്റ്റ് 20, 2024).

റിപോര്‍ട്ട് പുറത്തുവന്നതിനുശേഷം നടന്മാരെ പ്രതിക്കൂട്ടിലാക്കി നിരവധി ചര്‍ച്ചകള്‍ നടന്നു. അതില്‍നിന്നൊക്കെ വ്യത്യസ്തമായ മറ്റൊരു ചര്‍ച്ച കൂടി സമാന്തരമായി നടന്നു. ദമ്പതിമാരായ സംവിധായകന്‍ ആഷിക് അബുവിനെയും നടി റീമ കല്ലിങ്കലിനെയും പ്രതിക്കൂട്ടിലാക്കിയായിരുന്നു ചര്‍ച്ച നടന്നത്. റീമയും ആഷിക്കും സിനിമയില്‍ ലഹരി പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ചര്‍ച്ചയുടെ മര്‍മം. ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ചര്‍ച്ചക്ക് മുന്‍കൈയെടുത്തത്.

ആഷിക്കിനും റിമയ്ക്കുമെതിരേ ഗായിക:

റിപോര്‍ട്ട് പുറത്തുവന്ന് തൊട്ടുപിന്നാലെ റിമ കല്ലിങ്കലിനും ആഷിഖ് അബുവിനുമെതിരേ തമിഴ് ഗായിക സുചിത്ര രംഗത്തുവന്നു. ഇവര്‍ക്കെതിരെ ലഹരി ഉപയോഗ ആരോപണമാണ് സുചിത്ര മുഖ്യമായും ഉന്നയിച്ചത്. എസ്.എസ് മ്യൂസിക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര ഇക്കാര്യങ്ങള്‍ പറഞ്ഞത്. റിമ കല്ലിങ്കല്‍ തന്റെ വീട്ടില്‍ വച്ച് നിരന്തരം ലഹരി വിരുന്നുകള്‍ നടത്തുന്നു. സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ ഈ വിരുന്നുകളില്‍ ലഹരി ഉപയോഗിക്കുന്നു.

റിമ കല്ലിങ്കലിന്റെ കരിയര്‍ തകര്‍ന്നിട്ടുണ്ടെങ്കില്‍ അതിന് പ്രധാന കാരണം അവര്‍ നടത്തിയ പാര്‍ട്ടികളാണ്. സുഹൃത്തുക്കളായ ഗായികമാരില്‍ നിന്നുമാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നാണ് സുചിത്ര പറയുന്നത്. (വെബ്ദുനിയ മലയാളം, സെപ്തംബര്‍ 2, 2024). റിമയുടെ വീട്ടില്‍ നടന്ന പാര്‍ട്ടികളില്‍ പെണ്‍കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നു. പാര്‍ട്ടിയില്‍ ചോക്ലേറ്റ് പോലും കഴിക്കാന്‍ പേടിയാണ്. (കൊച്ചിയില്‍ റെയ്ഡ് നടന്നത് റിമയ്ക്കും ആഷിക് അബുവിനും എതിരേ; ആരോപണവുമായി സുചിത്ര, കലാകൗമുദി, സെപ്തംബര്‍ 2, 2024)

വാര്‍ത്ത പുറത്തുവന്നതോടെ യുവമോര്‍ച്ച നല്‍കിയ പരാതി പരിഗണിച്ച് ഇരുവര്‍ക്കുമെതിരേ കൊച്ചി പൊലിസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. (ലഹരിപാര്‍ട്ടി ആരോപണം: റിമ കല്ലിങ്കലിനും ആഷിഖ് അബുവിനുമെതിരെ പ്രാഥമിക അന്വേഷണം, സെപ്തംബര്‍ 4, 2024, മനോരമ ഓണ്‍ലൈന്‍).

വംശീയാരോപണങ്ങളുടെ പെരുമഴ:

വെറും ലഹരി ആരോപണത്തില്‍ ഒതുങ്ങിനില്‍ക്കുകയായിരുന്നില്ല ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചെയ്തത്. അവര്‍ തങ്ങളുടെ ആരോപണങ്ങള്‍ വികസിപ്പിക്കാവുന്നിടത്തോളം വികസിപ്പിച്ചു. ബന്ധപ്പെടുത്താവുന്നതായി തോന്നിയ എന്തിനെയും ബന്ധപ്പെടുത്തി. സിനിമാ മേഖലയെ കൈപ്പിടിയിലാക്കാന്‍ ഡബ്ലിയുസിസി രൂപീകരിച്ചതും അമ്മ സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചതും ആഷിക് അബുവും റിമയും ഉള്‍പ്പെടുന്ന മട്ടാഞ്ചേരി മാഫിയയാണെന്നാണ് ഉയര്‍ന്നുവന്ന ആരോപണം. അത്തരത്തില്‍ ചിലത് താഴെ നല്‍കുന്നു:

സെറ്റിലെ ലഹരിപാര്‍ട്ടിയും മാധ്യമപ്രവര്‍ത്തകരും:

വീട്ടില്‍ വരുന്ന വിരുന്നുകാര്‍ക്ക് റിമയും ആഷിക്കും ലഹരി നല്‍കുന്നുണ്ടെന്നാണ് ഉന്നയിക്കപ്പെട്ട പ്രധാന ആരോപണം: ആഷിക്കിന്റെയും റിമയുടെയും താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് ഡബ്ലിയുസിസി പ്രവര്‍ത്തിക്കുന്നത്. ഹേമ കമ്മിറ്റി റിപോര്‍ട്ടിലെ പ്രധാന ഭാഗം ലഹരിയുടെ ഉപയോഗമാണ്. എന്നാല്‍, മാധ്യമങ്ങള്‍ ആ പ്രശ്നം ചര്‍ച്ച ചെയ്യാതെ വിടുകയാണ് ചെയ്തത്. പകരം പ്രേക്ഷകരെ ലൈംഗികാരോപണ വാര്‍ത്തകളില്‍ കുരുക്കിയിട്ടു. (വീട്ടില്‍ വരുന്നവര്‍ക്ക് ചോക്ലേറ്റില്‍ മയക്കുമരുന്ന് കലക്കി കൊടുക്കുന്നു; റീമ പെട്ടു, ഇറ്റ്സ് മി കൈസ്, സെപ്തംബര്‍ 3, 2024). ആഷിക്കും റിമയും ചെയ്തുകൊണ്ടിരിക്കുന്നത് ഒരു അജണ്ടയുടെ ഭാഗമാണ്. ഹേമ കമ്മിറ്റി റിപോര്‍ട്ടിന്റെ പേരില്‍ നടക്കുന്നത് ഇരട്ടത്താപ്പാണ്. കാതലായ ലഹരിപ്രശ്നം ചര്‍ച്ച ചെയ്യാതെ ലൈംഗകാരോപണങ്ങളില്‍ ഫോക്കസ് ചെയ്യുന്നതുകൊണ്ടാണ് അതിനെ ഇരട്ടത്താപ്പെന്നു വിളിച്ചത് (മട്ടാഞ്ചേരി മാഫിയയുടേത് ചെറിയ കളിയല്ല, ആ നടിയെ ഒതുക്കിയതു പിന്നില്‍?, മാപ്രകള്‍ പേടിക്കുന്നതാരെ?! എബിസി മലയാളം, സെപ്തംബര്‍ 4, 2024).

ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിമ കല്ലിങ്കലിനെയാണ് ഉന്നംവച്ചത്. (മട്ടാഞ്ചേരി മാഫിയ തലൈവി ഇവള്‍, മീഡിയ മലയാളം, എംഎം ടോക്സ്, സെപ്തംബര്‍ 9, 2024) പാര്‍ട്ടിയില്‍ ലഹരി ഉപയോഗം മാത്രമല്ല, ലൈംഗിക ചൂഷണം നടന്നതായും ആരോപിച്ചു. തമിഴ് ഗായികയുടെ ആരോപണങ്ങളുടെ ചുവടുപിടിച്ചായിരുന്നു അവരുടെ വാര്‍ത്ത (റിമ കല്ലിങ്കല്‍ അല്ല, ഗഞ്ച റിമ! എബിസി മലയാളം, എബിസി ചാറ്റ്, സെപ്തംബര്‍ 2, 2024).

ലഹരി പാര്‍ട്ടിയുടെ തലവനായി ചിലര്‍ ആഷിക്ക് അബുവിനെയാണ് ചിത്രീകരിച്ചത്. സിനിമാ സെറ്റുകളില്‍ പൊലിസും എക്സൈസും കയറിവരില്ലെന്ന ധൈര്യമാണ് ഇത്തരം പാര്‍ട്ടികള്‍ നടത്താനുള്ള അവസരമൊരുക്കുന്നത്. ബംഗാളി നടി രഞ്ജിത്തിനെതിരേ ഉയര്‍ത്തിയ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും ഗായിക ചിത്രയുടെ വെളിപ്പെടുത്തലുകള്‍ക്ക് യാതൊരു ശ്രദ്ധയും ലഭിച്ചില്ലെന്നും ആരോപിച്ചു (മട്ടാഞ്ചേരി തലവന്‍ അബു പെട്ടു!, മീഡിയ മലയാളം, ആര്‍ ശ്യാം ബാബു-ധനുഷ് ദേവന്‍ ചര്‍ച്ച, സെപ്തംബര്‍ 2 2024).

ആഷിക്കിനെതിരേ വന്ന ഈ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരുന്നതിനു പിന്നില്‍ മുഖ്യധാരാ മാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകരാണെന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിശദീകരിച്ചത്. കാരണം, മാധ്യമപ്രവര്‍ത്തകരും ഇത്തരം പാര്‍ട്ടികളുടെ ഭാഗമാണ്. (ആഷിക്കിന്റെ ലഹരി വിരുന്നില്‍ മാധ്യമ പ്രവര്‍ത്തകരോ- ട്രു ടിവി, സെപ്തംബര്‍ 7, 2024). ഗായിക കാര്യങ്ങള്‍ തുറന്നു പറഞ്ഞിട്ടും ഒന്നും സംഭവിക്കാതിരുന്നത് അതുകൊണ്ടാണ്. നടി റിമയുടെ കരിയര്‍ നഷ്ടപ്പെട്ടത് ലഹരിയുടെ ഭാഗമാണ്. ഇതു സംബന്ധിച്ച ചില വാര്‍ത്തകള്‍ മുഖ്യധാരയില്‍ വന്നിരുന്നെങ്കിലും പതുക്കെ അതൊക്കെ പിന്‍വലിക്കപ്പെട്ടു. അതിനു പിന്നില്‍ മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിപരമായ താല്‍പര്യമാണെന്നും ആരോപിക്കപ്പെട്ടു (റിമ കല്ലിങ്കലില്‍ മയങ്ങിയ മാപ്രകള്‍ ആരൊക്കെ?, എബിസി മലയാളം ന്യൂസ്, റിമയുടെ സ്വന്തം മാപ്രകള്‍! വടയാര്‍ സുനില്‍, ടി.ജി മോഹന്‍ദാസ് എബിസി ടാക്ക്, സെപ്തംബര്‍ 3, 2024)

മട്ടാഞ്ചേരി മാഫിയയുടെ ലക്ഷ്യം 'അമ്മ':

സിനിമാരംഗത്തെ നിയന്ത്രിക്കുന്ന മട്ടാഞ്ചേരി മാഫിയയെന്ന ഒരു സംഘമുണ്ടെന്ന ആരോപണം നേരത്തെ മുതല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ആഷിക് അബുവിനെയാണ് അതിന്റെ തലവനായി അവതരിപ്പിച്ചത്. മട്ടാഞ്ചേരിക്കാരും മുസ്ലിംനാമധാരികളുമായ സിനിമക്കാരെന്നാണ് മട്ടാഞ്ചേരി മാഫിയയുടെ വിവക്ഷ. ഇത് പുതിയ ആരോപണമായിരുന്നില്ല. പഴയ ആരോപണങ്ങള്‍ പൊടിതട്ടിയെടുത്തതാണ്. ഇതു സംബന്ധിച്ച ചില വിശകലനങ്ങള്‍ മുന്‍ റിപോര്‍ട്ടുകളില്‍ വിശകലനം ചെയ്തിട്ടുണ്ട്. (മട്ടാഞ്ചേരി തലവന്‍ അബു പെട്ടു! മീഡിയ മലയാളം, സെപ്തംബര്‍ 2 2024).

മറ്റു ചിലര്‍ റിമയെ തലൈവിയാക്കി. മട്ടാഞ്ചേരിയില്‍ മൂന്ന് സംഘങ്ങളുണ്ടെന്നും സിനിമാ ഷൂട്ടിന് ടൂറിസം വകുപ്പില്‍നിന്ന് അനുമതി ലഭിച്ചാല്‍ മാത്രം പോര ലഹരി സംഘങ്ങള്‍ക്കും മട്ടാഞ്ചേരി മാഫിയക്കും പണം നല്‍കണമെന്നും ഇവര്‍ ആരോപിക്കുന്നു. അങ്ങനെ ചില അനുഭവങ്ങള്‍ തനിക്കറിയാമെന്നും ഇവരില്‍ ചിലര്‍ പറഞ്ഞു. അതൊരു കീഴ്വഴക്കമായി മാറിയത്രെ (മട്ടാഞ്ചേരി മാഫിയ തലൈവി ഇവള്‍!, മീഡിയ മലയാളം, എംഎം ടോക്സ്, അഡ്വ. ശ്രീജിത് പെരുമന, പാര്‍ത്ഥന്‍, സെപ്തംബര്‍ 9, 2024).

ഡബ്ലുസിസിക്കു പിന്നില്‍ മട്ടാഞ്ചേരി മാഫിയയാണെന്നാണ് മറ്റൊരു ആരോപണം. ഡബ്യുസിസിയുടെ സ്ഥാപിത ലക്ഷ്യം നടന്‍ ദിലീപിനെ തകര്‍ക്കലാണ്. ഇവര്‍ക്ക് ഇടതുപക്ഷ അനുകൂലികളുമായി ബന്ധമുണ്ട്. മട്ടാഞ്ചേരി മാഫിയയില്‍ പെട്ടവര്‍ക്കെതിരേ പീഡന പരാതി ഉയര്‍ന്നിട്ടും ഡബ്ലുസിസി അനങ്ങിയില്ല. അലന്‍സിയര്‍ക്കെതിരേയുള്ള പരാതി ഉദാഹരണം (റിമ കല്ലിങ്കല്‍ അല്ല, ഗഞ്ച റിമ!, എബിസി മലയാളം ന്യൂസ്, എബിസി ടോക്, സെപ്തംബര്‍ 9, 2024).

ഡബ്ലുസിസിക്കും മട്ടാഞ്ചേരി മാഫിയക്കും ഇവരുടെ അഭിപ്രായത്തില്‍ ഒരേ ലക്ഷ്യമാണ്. അമ്മയെ തകര്‍ത്ത് മുന്‍നിര നടന്മാരെ ഫീല്‍ഡില്‍നിന്ന് പുറത്താക്കല്‍ (മട്ടാഞ്ചേരി തലവന്‍ അബു പെട്ടു! മീഡിയ മലയാളം, സെപ്തംബര്‍ 2 2024). ദിലീപ് മാത്രമല്ല, മോഹന്‍ലാലും ലക്ഷ്യമാണെന്ന് പറയുന്നവരുമുണ്ട്. പവര്‍ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത് ആഷിക് അബുവായതുകൊണ്ടാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കാതിരുന്നതത്രെ (ടാര്‍ഗറ്റ് ദിലീപും മോഹന്‍ലാലും! എബിസി മലയാളം, എബിസി ടോക്ക്, സെപ്തംബര്‍ 3, 2024).

മാധ്യമപ്രവര്‍ത്തകനായ രാമചന്ദ്രന്റെ അഭിപ്രായത്തില്‍ ഹേമ കമ്മിറ്റി മനുഷ്യാവകാശപ്രശ്നങ്ങളാണ് റിപോര്‍ട്ട് ചെയ്യത്. പക്ഷേ, അതൊന്നും പൊതുജനശ്രദ്ധയിത്തിയില്ല. ചില പ്രത്യേക ഗ്രൂപ്പുകളുടെ കൈപ്പിടിയിലേക്ക് സിനിമാരംഗത്തെ കൊണ്ടുവരുന്നതിനുവേണ്ടിയാണ് പല വിവാദങ്ങളും ഉണ്ടാക്കിയത്. ദിലീപിനെ വെട്ടിനിരത്താനുള്ള ശ്രമം അതിന്റെ ഭാഗമാണ് (അമ്മ പിടിക്കാന്‍ മട്ടാഞ്ചേരി മാഫിയ, എബിസി മലയാളം ന്യൂസ്, വടയാര്‍ സുനില്‍-രാമചന്ദ്രന്‍ ചര്‍ച്ച, എബിസി ആഗസ്റ്റ് 29, 2024). മറ്റൊരു വിഭാഗം മട്ടാഞ്ചേരി മാഫിയയുടെ ലക്ഷ്യം മോഹന്‍ലാലെന്നും പറഞ്ഞു (മോഹന്‍ലാലിനെ കക്ഷ്യംവച്ച് മട്ടാഞ്ചേരി മാഫിയ-ആഷിക് അബുവിന്റെ നീക്കം നല്ലതല്ല, മീഡിയാ മലയാളം- ആഗസ്റ്റ് 30, 2024).

ആഷിക്ക് അബുവിന്റെ പ്രതികരണം:

ലഹരി പാര്‍ട്ടി നടത്തുന്നുവെന്ന ആരോപണം ആഷിക് അബു നിഷേധിച്ചു. 24ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്: 'ഇതിനു മുമ്പും ഇത്തരത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാതെ മറ്റു പലര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ള ആളാണ് സുചിത്ര. സിനിമാ സെറ്റുകളില്‍ സിനിമയല്ലാതെ മറ്റൊന്നും നടക്കുന്നില്ല. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ പരിശോധിക്കട്ടെ. ആരാണ് ഈ കുറ്റകൃത്യം ചെയ്യുന്നതെന്ന കൃത്യമായ വിവരങ്ങള്‍ പുറത്തുവരട്ടെ. ഉറപ്പായും അത് വേണം. 'ഇനി ആര്‍ക്കെങ്കിലും ഇത്തരം സംശയങ്ങളുണ്ടെങ്കില്‍, അത് നമ്മുടെ സെറ്റുകളില്‍ എന്നല്ല, എല്ലാ സെറ്റുകളും പരിശോധിക്കട്ടെ. ആരാണ് ഈ കുറ്റകൃത്യം ചെയ്യുന്നതെന്ന കൃത്യമായ വിവരങ്ങള്‍ പുറത്തുവരട്ടെ. ഉറപ്പായും അത് വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. പിണറായി വിജയന്‍, മമ്മൂട്ടിയും മോഹന്‍ലാലുമായി ചേര്‍ന്ന് ഫഹദ് ഫാസിലിന്റെ കരിയര്‍ തകര്‍ക്കാനാണ് ഹേമ കമ്മിറ്റി രൂപീകരിച്ചതെന്ന് പറയുന്നു. ഇതിലൊക്കെ എന്തെങ്കിലും കാര്യമുണ്ടോ എന്ന് തീര്‍ച്ചയായും അന്വേഷിക്കണം. പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇതോടൊപ്പം മറ്റൊരു പ്രധാനപ്പെട്ട വിശദീകരണംകൂടി അദ്ദേഹം നല്‍കി: മുസ്‌ലിം നാമധാരികള്‍ക്കെതിരെ സംഘ്പരിവാര്‍ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണമാണിത്. അവര്‍ക്ക് ഇതിലൊരു പരാതിയുണ്ടെങ്കില്‍ അത് കൊടുക്കാതെ മാധ്യമങ്ങളില്‍ ഇരുന്ന് ഓരോരോ പേരുകളിട്ട് ആഘോഷിക്കുകയാണ്' ('മുസ്‌ലിം നാമധാരികള്‍ക്കെതിരെ സംഘ്പരിവാര്‍ വര്‍ഷങ്ങളായി നടത്തുന്ന ആക്രമണം'; ലഹരി പാര്‍ട്ടി ആരോപണത്തില്‍ അന്വേഷണം നടക്കട്ടെയെന്ന് ആഷിഖ് അബു, മീഡിയവണ്‍, സെപ്തംബര്‍ 4, 2024).

ലഹരി ആരോപണത്തോടോപ്പം മട്ടാഞ്ചേരി മാഫിയ എന്ന ലേബല്‍ തനിക്കെതിരെയടക്കം ചാര്‍ത്തിയത് സംഘ്പരിവാരാണ്. സിഎഎ വിരുദ്ധ സമരത്തിന് അനുകൂല നിലപാടെടുത്തതിനാലാണ് തനിക്കും റിമയ്ക്കുമെതിരായ ആക്രമണം രൂക്ഷമായതെന്നും ആഷിഖ് പറഞ്ഞു ('തന്റെ സെറ്റില്‍ ലഹരി പ്രോത്സാഹിപ്പിച്ചിട്ടില്ല'; ആരോപണങ്ങള്‍ നിഷേധിച്ച് ആഷിഖ് അബു, മനോരമ ന്യൂസ്, സെപ്തംബര്‍ 6, 2024).

സിനിമയിലെ മുസ്‌ലിംകള്‍:

തനിക്കെതിരേയുണ്ടായ ആരോപണത്തിനു കാരണം തന്റെ പേരിലുള്ള മുസ്‌ലിംസൂചനയാണെന്ന വെളിപ്പെടുത്തല്‍ കൂടുതല്‍ ആരോപണങ്ങളിലേക്കാണ് നയിച്ചത്. മുസ്ലിംകള്‍ സിനിമാരംഗം കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നതായി ഒരു വിഭാഗം മാധ്യമങ്ങള്‍ ആരോപിച്ചു: 'മട്ടാഞ്ചേരി മാഫിയ നടന്മാരെ പുറത്താക്കാന്‍ ശ്രമിക്കുന്നു. ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് പ്രത്യേക ആളുകളോട് താല്‍പര്യമുണ്ട്. സിനിമയിലെ കഥകളിലൂടെയാണ് ഇവര്‍ ആദ്യം വന്നത്. പിന്നെ ഡയലോഗുകളില്‍ പ്രത്യക്ഷപ്പെട്ടു. കഥാപാത്രങ്ങളായി വന്നു. അതൊക്കെ കഴിഞ്ഞാണ് പ്രൊഡക്ഷനിലേക്ക് കയറിക്കൂടിയത്. പല സിനിമകളും പ്രൊഡ്യൂസ് ചെയ്യുന്നത് ഇവരാണ്. ബിനാമികളാണ് വരുന്നത്. ഫണ്ട് വരുന്നത് വേറെ മേഖലയില്‍നിന്നും. ചില വിഭാഗങ്ങളെ താറടിക്കാനുള്ള ശ്രമം ചില സിനിമകളില്‍ കാണാം. ചില വിശ്വാസങ്ങളെയും ആചാരങ്ങളെയും പരിഹസിക്കുന്നു.' (മോഹന്‍ലാലിനെ കക്ഷ്യംവച്ച് മട്ടാഞ്ചേരി മാഫിയ-ആഷിക് അബുവിന്റെ നീക്കം നല്ലതല്ല, മീഡിയാ മലയാളം-ആഗസ്റ്റ് 30, 2024). പരാതി ഉയരുമ്പോള്‍ മുസ്‌ലിംകാര്‍ഡ് ഇറക്കിക്കളിക്കുന്നതായും ആക്ഷേപം വന്നു: ആഷിക് മതത്തെ മറയാക്കുകയാണ്. ഇടതുപക്ഷം ഹൃദയപക്ഷമെന്ന് പറഞ്ഞ് ആപത്ത് വരുമ്പോള്‍ ഇസ്ലാമിനുള്ളില്‍ ഒളിക്കുകയാണ് (ആഷിക്കിന്റെ ലഹരി വിരുന്നില്‍ മാധ്യമ പ്രവര്‍ത്തകരോ? ട്രു ടിവി, സെപ്തംബര്‍ 7, 2024).

ഒരു ചാനല്‍ അദ്ദേഹത്തെ മൗലവിയെന്ന് വിശേഷിപ്പിച്ചു. ആഷിക് അബു ആഷിക് മൗലവിയായി എന്നായിരുന്നു അവരുടെ തമ്പ്‌നെയിലില്‍ പരിഹസിച്ചത്. കഞ്ചാവിനെ മഹത്വവത്കരിക്കുന്ന ആഷിക് തന്റെ സിനിമയില്‍ അയ്യപ്പന്‍ കുയ്യപ്പന്‍ ആനക്കള്ളന്‍ എന്ന് പാട്ട് തിരികെക്കയറ്റിയെന്ന് കുറ്റപ്പെടുത്തി. മുഹമ്മദ് എന്ന പരാമര്‍ശംകൊണ്ട് കൈവെട്ടിയവരാണെന്ന് പ്രേക്ഷകരെ ഓര്‍മിപ്പിച്ചു (ആഷിഖ് അബു ഒടുവില്‍ മുസ്ലിമായി! വടയാര്‍ സുനില്‍-ജി സിനുജി ചര്‍ച്ച, എബിസി മലയാളം ന്യൂസ്, എബിസി ടോക്ക്, സെപ്തംബര്‍ 5, 2024)

രാജ്യവിരുദ്ധസംഘം:

താമസിയാതെ ആഷിക് അബുവിനെതിരേയുള്ള ആരോപണങ്ങളുടെ ദിശമാറി. ആഷിക് അബുവിനു പിന്നില്‍ രാജ്യവിരുദ്ധരാണെന്ന് ആക്ഷേപിക്കപ്പെട്ടു:

'മതം ഏത് ആരോപണത്തില്‍നിന്നും രക്ഷപ്പെടാനുള്ള ഉപാധിയാണ്. മുസ്ലിമാണെങ്കില്‍ പറയണ്ട. ലോകം മുഴുവന്‍ ഇരവാദമുന്നയിക്കുന്നവരാണ് മുസ്‌ലിംകള്‍. ഇവിടെ ആഷിക് അബുവാണ് ഈ പരിപാടി ചെയ്യുന്നത്. തനിക്കെതിരേ ആരോപണമുണ്ടാവുമ്പോള്‍ മുസ്‌ലിമായതുകൊണ്ട് ആരോപണങ്ങളുന്നയിക്കുന്നുവെന്നാണ് പറയുന്നത്. അതിവിടെ നടക്കില്ല. ആഷിക് അബു സാധാരണ മുസ്ലിമല്ല-ഇസ്‌ലാമിസ്റ്റാണ്. തീവ്രവാദികള്‍ നടത്തുന്ന പരിപാടിതന്നെയാണ് അയാളും ഉപോഗിക്കുന്നത്. മയക്കുമരുന്നിനെയാണ് ഇദ്ദേഹം പ്രമോട്ട് ചെയ്യുന്നത്. അയാള്‍ ഇതിന് അനുകൂലമായ സിനിമകളെടുത്തിട്ടുണ്ട്. അയാളും ഭാര്യയും പരസ്യമായി പുകവലിക്കുന്ന ഫോട്ടോകള്‍ പുറത്തുവിടുന്നത് അതിനുവേണ്ടിയാണ്. ആഷിക്കിന്റ ഇടുക്കി ഗോള്‍ഡിന്റെ തിരക്കഥാകൃത്ത് പറയുന്നത് താന്‍ എഴുതിക്കൊടുത്ത കഥയല്ല ഇടുക്കി ഗോള്‍ഡിലുള്ളതെന്നാണ്. കഥാകൃത്ത് മയക്കുമരുന്നിന് എതിരാണ്. ആ സിനിമയില്‍ ആഷിക് കൈകടത്തല്‍ നടത്തിയിട്ടുണ്ട്. ഒരു ഭാഗത്ത് സിനിമയില്‍ ഫ്രീസെക്സിനെ പ്രമോട്ട് ചെയ്യും-എന്നാല്‍ അയാള്‍ നിര്‍മാതാവായി ഇരിക്കുന്ന സ്ഥലത്ത് അത് വിലക്കും. മായാനദിയില്‍ സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്നും അയാള്‍ നിര്‍മിക്കുന്ന ഹലാല്‍ ലൗ സ്റ്റോറിയില്‍ തിരിച്ചും. അവര്‍ തങ്ങളുടെ ആശയങ്ങള്‍ സേ്രപ ചെയ്യുകയാണ്. ഇസ്‌ലാമിസ്റ്റാണെന്നതിന് തെളിവാണ് ഇതൊക്കെ.'

'അഫ്ഗാനിസ്ഥാനാണ് മയക്കുമരുന്നിന്റെയും ഇസ്‌ലാമിസ്റ്റുകളുടെയും കേന്ദ്രം. ഇസ്‌ലാമിസ്റ്റുകള്‍ ഭരിക്കുന്ന രാജ്യമാണ്. അവിടത്തെ പാട്ടിന്റെയും കലയുടെയും കാര്യം അറിയാമല്ലോ. അഫ്ഗാന്റെ വരുമാനം വരുന്നത് രാസലഹരിയില്‍നിന്നാണ്. അവരിത് മറ്റു രാജ്യങ്ങളിലുടനീളം വിതരണം ചെയ്യുന്നു. അഫാഗാനിസ്ഥാനും ഇസ്ലാമിസ്റ്റുകളും നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന കാര്യമാണ് ആഷികും നടപ്പാക്കുന്നത്. ലഹരിയടെ പ്രമോട്ടറുമാണ് ഇയാള്‍. ഇയാള്‍ കമ്മ്യൂണിസ്റ്റാണെന്നു പറയുന്നു. കമ്മ്യൂണിസ്റ്റുകാരനെങ്ങനെയാണ് ജാതിയും മതവും പറയുന്നത്? കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പുറകിലിരുന്ന് ഇസ്ലാമികവത്കരണം നടപ്പാക്കുകയാണ്. തീവ്രവാദികളുടെയും മയക്കുമരുന്നു ലോബിയുടെയും ഫണ്ട് വെളിപ്പിച്ചുകൊടുക്കുന്നതാണ് ഇയാളുടെ പണി. ഒരു രാജ്യത്തിന്റെ സംസ്‌കാരം നശിപ്പിക്കണമെങ്കില്‍ യുവാക്കളെ നശിപ്പിക്കണം. താലിബാനൊക്കെ അതാണ് ചെയ്യുന്നത്. റിമയും ആഷിക്കും ചെയ്യുന്നതും അതാണ്. റിമയും പാര്‍വതിയും ഇംഗ്ലീഷേ പറയുകയുള്ളൂ. സംസ്‌കാരത്തെ തകര്‍ക്കുന്നതിന്റെ ഭാഗമാണ് ഇത്. നല്ല രീതിയില്‍ പോകുന്ന വ്യവസായത്തെ തകര്‍ത്ത് ഇസ് ലാമിസ്റ്റുകള്‍ക്കു മണ്ണൊരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെയൊക്കെ ഉദ്ദേശ്യം ഇതാണ്. നല്ല മുസ്‌ലിങ്ങളുണ്ട്. ഇയാള്‍ പക്ഷേ, ഇസ്ലാമിസ്റ്റാണ്. ഇയാള്‍ക്കു പിന്നില്‍ രാജ്യത്തെ നശിപ്പിക്കുന്ന ഗ്രൂപ്പാണ്. രാജ്യത്തിനു പുറത്തുള്ളവരാണ്.'(ആഷിഖ് അബുവിന്റെ പിന്നില്‍ രാജ്യവിരുദ്ധര്‍, മുസ്ലിംകാര്‍ഡിറക്കി അബുവിന്റെ നെട്ടോട്ടം, പ്രശാന്ത് പ്ലാന്തോട്ടം-ധനുഷ് ദേവന്‍ ബിഎസ് ചര്‍ച്ച, എബിസി മലയാളം ന്യൂസ്, സെപ്തംബര്‍ 5, 2024)

ഇസ്ലാമോഫോബിക് ആഖ്യാനങ്ങള്‍:

മുസ്‌ലിം സൂചനയുള്ള വ്യക്തികളെയും മുസ്‌ലിംസമൂഹത്തെ മൊത്തത്തിലും, കുറ്റകൃത്യങ്ങളുടെയും ആഗോള ഗുഢാലോചനയുടെയും ഭാഗമായി അവതരിപ്പിക്കുന്നത് പൊതുശൈലിയാണ്. ലോകത്തെ ആക്രമിച്ചു കീഴടക്കുന്ന പൊതുശത്രുവായും ചിത്രീകരിക്കപ്പെടുന്നു. ഓരോ പ്രവര്‍ത്തിയെയും നിഗൂഢതയോടെ അവതരിപ്പിക്കുന്നു. അന്താരാഷ്ട്ര സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്ലിംകളുടെ ഇടപെടലുകളെ വ്യാഖ്യാനിക്കുന്ന ശൈലിയുമുണ്ട്. മുസ്ലിംവിരുദ്ധ വംശീയത പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്. ഇത്തരം ആഖ്യാനങ്ങള്‍ക്കു വിധേയമാകുന്നവര്‍ വിശ്വാസികളാവണമെന്ന് നിര്‍ബന്ധമൊന്നുമില്ല. മുസ്ലിംകളോ മുസ്ലിംസൂചനകള്‍ വഹിക്കുന്നവരോ മുസ്‌ലിമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നവരോ അവരുടെ പങ്കാളികളോ സുഹൃത്തുക്കളോ പോലും ഇരയാക്കപ്പെടുന്നു.

ഇസ്‌ലാമോഫോബിയയുടെ രീതിശാസ്ത്രം ഇതാണ്. ആഷിക് അബുവിനെതിരേ നടക്കുന്ന കാമ്പയിന്റെ പൊതുസ്വഭാവവും ഇതുതന്നെ.

2015 മെയില്‍ വി.കെ ജോബിഷ്, ആഷിക് അബുമായി നടത്തിയ ഒരു അഭിമുഖം ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. ആഷിക്കിന്റെ ജീവിതം, സിനിമാ സങ്കല്‍പ്പം, കുടുംബപശ്ചാത്തലം, രാഷ്ട്രീയം... തുടങ്ങി അദ്ദേഹത്തിന്റെ അനുഭവങ്ങളെ സമഗ്രമായി മനസ്സിലാക്കാനുള്ള ശ്രമം. താനൊരു വിശ്വാസിയല്ലെന്നും വിശ്വാസജീവിതം തനിക്കൊരിക്കലും ഉണ്ടായിട്ടില്ലെന്നുമൊക്കെ പറയുന്ന അഭിമുഖത്തില്‍ ലഹരി പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തെക്കുറിച്ചും ഏതാനും ചോദ്യങ്ങളുണ്ടായിരുന്നു- നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരേ വന്ന ലഹരിമരുന്നു വിവാദത്തോടു ബന്ധപ്പെടുത്തി ആഷിക്കിനെയും റിമയെയും ഫഹദ് ഫാസിലിനെയും കുറിച്ച് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതും ലഹരി വിവാദത്തിന്റെ കേന്ദ്രമായി ആഷിക്കിനെയും ഫഹദിനെയും ചിത്രീകരിച്ചതും അഭിമുഖകാരന്‍ ചര്‍ച്ചക്കെടുത്തു. നടന്‍ ശീനിവാസന്‍ പുതിയ സിനിമക്കാരെ കുറിച്ച് കഞ്ചാവടിക്കാരാണെന്നു പറഞ്ഞ അഭിപ്രായം തന്നെ അത്്ഭുതപ്പെടുത്തിയെന്നും ലഹരി ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയമായ കാരണങ്ങളുണ്ടോ എന്നറിയില്ലെന്നുമായിരുന്നു ആഷിക്കിന്റെ മറുപടി. തനിനിറം ജയചന്ദ്രനോട് ചോദിച്ചാല്‍ ചിലപ്പോള്‍ അറിയാമെന്നും പറഞ്ഞു. പണ്ട് സിനിമാക്കാര്‍ക്കെതിരേ ഗുഢാലോചന നടത്തിയാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നതെന്നും ഇപ്പോള്‍ ഫോണ്‍കോളില്‍നിന്നുപോലും സ്പെക്കുലേഷന്‍ വാര്‍ത്തകളുണ്ടാക്കുന്നുവെന്നും സൂചിപ്പിച്ചു. ആരോപണങ്ങള്‍ തന്റെ മുസ്ലിംസ്വത്വത്തിന്റെ ഭാഗമായിരിക്കുമെന്ന ഒരു സൂചനയും നല്‍കിയില്ല. (ജനപ്രിയത മൗനത്തിന്റെ ന്യായവാദമല്ല, ആഷിക് അബു/ വി.കെ ജോബിഷ്, 2015 മേയ് 10, പുസ്തകം 46, ലക്കം 51, പേജ് 8). എന്നാല്‍, 2024ല്‍ സമാനമായ ആരോപണങ്ങളോട് ആഷിക് പ്രതികരിച്ചത് വ്യത്യസ്തമായിട്ടാണ്. മുസ്ലിംകളോടുള്ള സംഘ്പരിവാര്‍ വംശീയ വിവേചന ചിന്തയുടെ ഭാഗമാണ് ഇതെന്നായിരുന്നു നല്‍കിയ വിശദീകരണം. താനും റിമയും പൗരത്വസമരത്തില്‍ സഹകരിച്ചതും കാരണമായി ചൂണ്ടിക്കാട്ടി.

(റിസര്‍ച്ച് കലക്റ്റീവ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റിദ ഫാത്തിമ, റെന്‍സന്‍ വി.എം, മുഹമ്മദ് മുസ്തഫ, നിഹാല്‍ എ, അസീം ഷാന്‍, സഈദ് റഹ്മാന്‍, ബാസില്‍ ഇസ്ലാം, കമാല്‍ വേങ്ങര, അബ്ദുല്‍ ബാസിത്)



TAGS :