താരാകാശത്തെ വെള്ളിനക്ഷത്രമായ വിവര വിനിമയം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടെന്ന ഉഗ്രസ്‌ഫോടന കടലാസ്‌കെട്ടുകളെടുത്ത് പുറത്തിട്ടത് കേവല അപേക്ഷ ലഭിച്ചപ്പോള്‍ സംഭവിച്ചതല്ല. ഇപ്പോഴത്തെ വിവരാവകാശ കമീഷണര്‍ പദവിയിലിരിക്കുന്ന ഡോ. എ.എ ഹക്കീം നഹ എന്ന കമീഷണറുടെ ഇച്ഛാശക്തിയിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് റിലീസായത്.
വിവരാവകാശ നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്ന നാള്‍ മുതല്‍ അതിന്റെ പ്രയോജനം എത് സാധാരണക്കാനും പ്രയോജനപ്പെടുത്തുകയാണ്. അറിയാനും അതറിഞ്ഞ് ഇടപെടാനുമുള്ള പൗരാവകാശ നിയമം ജനാധിപത്യസമൂഹത്തിന്റെ വിവരായുധമായി മാറിക്കഴിഞ്ഞു. ഈ ആയുധം ജനങ്ങളുടെ കൈകളിലേക്ക് വരണമെങ്കില്‍ അപ്പോഴും ഉദ്യോഗസ്ഥരുടെ കനിവും കാരുണ്യവും ഉണ്ടാവണമെന്നതാണ് നേര്. നിയമത്തിന്റെ പഴുതുകളില്‍ തൂങ്ങിയാടി സാധാരണക്കാരന്റെ അവകാശത്തെ ഫയലുകള്‍ക്കുള്ളില്‍ തളച്ചിട്ട് നടത്തുന്ന പൗരാവകാശ നിഷേധം ഈക്കാര്യത്തിലും തുടരുന്നുണ്ട് എന്നതാണ് വസ്തുത. നിയമം കാത്ത് ജനങ്ങളുടെ അറിവവകാശത്തെ ഹനിക്കുന്നവരുടെ ചെവിക്ക് നുള്ളാനുള്ള സ്ഥാപനമായാണ് വിവരാവകാശ കമീഷനുകള്‍ സംസ്ഥാനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍, ഈ ഉന്നത വിവരാവകാശനീതികേന്ദ്രത്തിലേക്ക് എത്തുന്നതിനുള്ള കടമ്പകളോര്‍ത്തും, ഇനി എത്തിയാല്‍ തന്നെയുണ്ടാകുന്ന പ്രതീക്ഷകളില്‍ അത്ര തിളക്കം കിട്ടാതെ വരികയും ചെയ്യുമെന്ന പലപതിവ് അനുഭവങ്ങളാലും ആരും തലസ്ഥാനത്തേക്ക് ഒരു കത്ത്‌പോലും ഒരുപക്ഷേ അയക്കാന്‍ താല്‍പര്യം കാണിക്കാറില്ല. ഇങ്ങനെ കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോഴാണ് ഈ വിവരക്കമ്മീഷന് ചിലതൊക്കെ പറ്റുമെന്ന് ഇപ്പോള്‍ ജനത്തിന് ബോധ്യപ്പെടുന്നത്.
ജസ്റ്റിസ് ഹേമയും സംഘവും അന്വേഷിച്ചറിഞ്ഞ് എഴുതിക്കൂട്ടി വച്ച മലയാള സിനിമാലോകത്തിന്റെ വിശേഷം എന്തെന്ന് മാലോകരങ്ങനെ വിശാലമായി ചര്‍ച്ചചെയ്യുന്നതെന്തുകൊണ്ടാണെന്ന് അറിയണമല്ലോ. സംസ്ഥാനത്തെ വിവരാവകാശ കമീഷന്‍ പറഞ്ഞതുകൊണ്ട് എല്ലാവരും എല്ലാം അറിഞ്ഞുവെന്ന് ഒറ്റവെടി വെക്കാന്‍ വരട്ടെ. പൂഴ്ത്തിവച്ച് വിശ്രമിച്ചിരുന്ന ഈ ഉഗ്രസ്‌ഫോടന കടലാസ്‌കെട്ടുകളെടുത്ത് പുറത്തിട്ടത് കേവല അപേക്ഷ ലഭിച്ചപ്പോള്‍ ഉണ്ടായ ഒന്നല്ല. ഇപ്പോഴത്തെ വിവരാവകാശ കമീഷണര്‍ പദവിയിലിരിക്കുന്ന ഡോ. എ.എ ഹക്കീം എന്ന കമീഷണറുടെ ഇച്ഛാശക്തിയിലാണ് സംഗതി റിലീസായത്. ചിത്രീകരണം പൂര്‍ത്തിയാക്കി എല്ലാം കഴിഞ്ഞ് അടുക്കിവച്ച ഫയല്‍ കിട്ടാന്‍ വര്‍ഷങ്ങള്‍ കടന്ന് പോയപ്പോള്‍ വിവരാവകാശം തന്നെ വഴിയെന്ന് കണ്ട് അവിടേക്കെത്തിയപ്പോള്‍ സംഗതി നേരത്തെ പറഞ്ഞ പഴുതുകളിലുടക്കി നിന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അതായത് 2020 ജനുവരി 11നാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ വിവരാവകാശ പ്രകാരം റിപ്പോര്‍ട്ടിനായി അപേക്ഷ നല്‍കിയത്. പകര്‍പ്പ് നല്‍കാനാകില്ലെന്ന് ജനുവരി 22ന് മറുപടി ലഭിച്ചു. തുടര്‍ന്ന് ഫെബ്രുവരി മൂന്നിന് ആദ്യ അപ്പീലും ഫെബ്രുവരി 14ന് രണ്ടാം അപ്പീലും നല്‍കി. ജൂണ്‍ ആറിന് ഹിയറിങ് നടത്തിയ ശേഷം റിപ്പോര്‍ട്ട് വിവരാവകാശ പ്രകാരം നല്‍കേണ്ടതില്ലെന്ന് ഉത്തരവും നല്‍കി. ഈ ഉത്തരവ് കണ്ട അബ്ദുള്‍ ഹക്കീം 2020ലെ ഉത്തരവ് തള്ളി, റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു. സുപ്രീകോടതി നിര്‍ദേശങ്ങളടക്കം പരിശോധിച്ചായിരുന്നു ആ പുനരുത്തരവ് പുറത്തുവിട്ട് സര്‍ക്കാരിനോട് കാര്യം പറഞ്ഞത്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരുകാര്യം ജനങ്ങള്‍ക്കായി നടപ്പാക്കിയ ഒരു നിയമം അവര്‍ക്ക് വേണ്ടി എങ്ങനെ നടപ്പാക്കാമെന്നാണ് കമീഷന്‍ ഈ ഉത്തരവിലൂടെ കാട്ടിത്തന്നത്. വിവരാവകാശ നിയമ പരിധിയില്‍വരുന്ന വിവരങ്ങള്‍ ഏതൊക്കെയെന്നും എത്രകാലം അവ മാറ്റിവെക്കാമെന്നും സംബന്ധിച്ച സുപ്രീംകോടതിയുടേയും ഹൈക്കോടതിയുടേയും വിധിന്യായങ്ങളും പരാമര്‍ശിച്ചായിരുന്നു ഈ ചരിത്രവിധിയെഴുത്ത്.
ചുമ്മാതെടുത്ത ഒരു ഉത്തരെവെഴുത്തല്ലായിരുന്നു ഇത്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്ന് കാണിച്ച് കഴിഞ്ഞവര്‍ഷം കമീഷന് മുന്നിലെത്തിയ അപ്പീലുകള്‍ക്കുമേല്‍ ജനങ്ങളുടെ അവകാശമെന്ന ബോധ്യത്തില്‍ എ.എ ഹക്കീം ഇടപെട്ടു. റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സാംസ്‌കാരിക വകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും വ്യക്തിഗത വിവരങ്ങള്‍ എന്ന തുറുപ്പ്ചീട്ട് കാട്ടി കമീഷന്റെ ആവശ്യത്തെ തള്ളി. എന്നാല്‍, മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് എത്തിക്കണമെന്ന അടുത്ത ആവശ്യം സാസ്‌കാരിക വകുപ്പിനുമുന്നില്‍ വച്ചു. സര്‍ക്കാര്‍ പതിവ് കാരണം പറഞ്ഞ് റിപ്പോര്‍ട്ട് വച്ച അലമാര തുറക്കാന്‍ സന്നദ്ധമായില്ല. നിയമം ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന ബോധ്യം ജനാധിപത്യഭരണകൂടത്തെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വത്തിലേക്ക് കമീഷണര്‍ എ.എ ഹക്കീം കടന്നു. കമീഷനുള്ള സിവില്‍ കോടതി അധികാരമെടുത്ത് പ്രയോഗിച്ചു റിപ്പോര്‍ട്ട് വച്ചുപൂട്ടിയ അലമാര തുറന്ന്, സംഗതി പിടിച്ചെടുക്കുകയായിരുന്നു. ഒരിക്കല്‍ നിഷേധിക്കപ്പെട്ട വിവരം വിവരാവകാശ നിയമപ്രകാരം എക്കാലവും നിലനില്‍ക്കില്ലെന്നും സമയവും കാലവും അനുസരിച്ച് ചില വിവരങ്ങള്‍ നല്‍കേണ്ടി വരുമെന്നും സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയായിരുന്നു അസ്ത്രം തൊടുത്തത്, ചെന്ന് പതിച്ചതാകട്ടെ അഭ്രപാളികള്‍ കടന്ന താരാകാശത്തായിരുന്നു.
വിവരം തേടിയലയുന്ന പൊതുജനത്തെ വട്ടംചുറ്റിക്കുമ്പോള്‍ ജനത്തെതേടി, അവരുടെ ആവലാതികള്‍ കേള്‍ക്കാന്‍ ഓഫീസ് വിട്ട് പുറത്തിറങ്ങി. ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകളിലെ മുറികളിലേക്ക് പരാതിക്കാരെ ക്ഷണിച്ചിരുത്തി. വീഴ്ചവരുത്തുന്ന ഉദ്യേഗസ്ഥരെ വിളിച്ചു വരുത്തി കാര്യങ്ങള്‍ നേരിട്ട് കേട്ട് ബോധ്യപ്പെട്ടും ബോധ്യപ്പെടുത്തിയും വിവരാവകാശ നിയമത്തെ ജനത്തിന് പ്രാപ്യമാക്കി. വിവരാവകാശ കമീഷണറായിട്ട് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ ഇടപെടലുകളുടെ ജൈത്രയാത്രയിലാണ് എ.എ ഹക്കീം. കേരള ശാസ്ത്രസാങ്കേതിക, സര്‍വകലാശാല (KUSAT) യില്‍ ഉദ്യോഗ നിയമനത്തിന് സംവരണ റൊട്ടേഷന്‍ ചാര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ എ.എ ഹക്കീം മഷിയൊഴുക്കേണ്ടി വന്നു. കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിയമന ഇന്റര്‍വ്യൂവിന്റെ സ്‌കോര്‍ ഷീറ്റ് പ്രസിദ്ധീകരിക്കുന്ന പതിവുണ്ടാക്കി. പി.എസ്.സി ചോദ്യങ്ങള്‍ ഉണ്ടാക്കുന്നവരുടെയും ഉത്തരക്കടലാസുകള്‍ നോക്കുന്നവരുടെയും യോഗ്യത സൈറ്റില്‍ ലഭ്യമാക്കിച്ചു. നിര്‍മിതി കേന്ദ്രം, കുടുംബശ്രീ, കേരള ബാങ്ക്, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു.
വിവരാവകാശ കമീഷന്റെ ഉത്തരവ് നടപ്പാക്കാതിരുന്ന എഞ്ചിനീയറെ ആറ്റിങ്ങലില്‍ നിന്ന് വയനാട്ടിലേക്ക് സ്ഥലം മാറ്റി. ഓഫീസുകളില്‍ ഫയല്‍ കാണാതായാല്‍ പുനഃസൃഷ്ടിച്ച് സൂക്ഷിക്കണം, അതിലെ വിവരം പുറത്തുവിടണം, ഓഡിറ്റിന് വിധേയമാക്കണം, അപേക്ഷകരെ ഒന്നാം അപ്പീല്‍ അധികാരി ഹിയറിംഗിന് വിളിക്കരുത്, എത്ര ഓഫീസുണ്ടായാലും ഒരു വകുപ്പിലേക്ക് ഒറ്റ അപേക്ഷ മതിയാകും തുടങ്ങി ജനത്തിന്റെ ആവശ്യം മനസിലാക്കി ഉത്തരവുകള്‍ കുറിച്ചു. സര്‍വീസ് ബുക്ക് ഒളിപ്പിച്ച് വച്ച വിരമിച്ച ഉദ്യേഗസ്ഥര്‍ക്ക് ശിക്ഷ വിധിച്ചും ഓഫീസ് മേധാവി പിന്‍ഗാമിക്ക് നല്‍കുന്ന കുറിപ്പ് വിവരാവകാശ രേഖാ പരിധിയില്‍പ്പെടുത്തി.
കേരളബാങ്കെന്ന സംസഥാന സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക സ്ഥാപനത്തെ വിവരാവകാശത്തിന്റെ പരിധിയിലേക്ക് കയറ്റിവച്ചതും മായ്ക്കാനാകാത്ത ഉത്തരവായിരുന്നു. കേരളബാങ്കിന്റെ 14 ജില്ലാ ശാഖകളെയും അവക്കു കീഴിലെ മുഴുവന്‍ ശാഖകളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിലാക്കി. റവന്യൂ വകുപ്പിലെ സര്‍വേ പരീക്ഷ പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്താന്‍ നിര്‍ദേശം നല്‍കിയപ്പോള്‍ നൂറുകണക്കിന് ഉദ്യോദാര്‍ഥികള്‍ക്കാണ് ആശ്വാസമായത്. കുടുംബശ്രീയെന്ന സ്ഥാപനം വിവരാവകശത്തിന് കീഴിലായതോടെ മിഷന്റെ മുഴുവന്‍ ഓഫീസുകളിലും യുണിറ്റുകളിലും വിവരാവകാശ ഓഫിസര്‍മാരെത്തി. വിവരം നല്‍കാന്‍ വൈകിയതിന് വിവിധ ഉദ്യോഗസ്ഥര്‍ക്ക് പതിനായിരക്കണക്കിന് രൂപ പിഴ വിധിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ പലരും ജാഗ്രത പുലര്‍ത്തി തുടങ്ങി. ജനത്തിന് നല്‍കേണ്ടുന്ന വിവരം യഥാസമയം അവര്‍ക്ക് നല്‍കിയില്ലേല്‍ വിവരമറിയുമെന്ന സന്ദേശം പകര്‍ന്നാണ് ഡോ. എ.എ ഹക്കീം മുന്നോട്ട് പോകുന്നത്.
ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ജനിച്ച്, മികച്ച രീതിയില്‍ പഠനം നടത്തി എത്തിയ മേഖലകളിലെല്ലാം തന്റേതായ കയ്യൊപ്പ് ചാര്‍ത്താനായി. വിവിധ ജില്ലകളില്‍ ഇന്‍ഫര്‍മേഷന്‍ ഒഫീസറായും മേഖലാ മേധാവിയായും പ്രവര്‍ത്തിച്ചു. കേരള മീഡിയ അക്കാഡമി സെക്രട്ടറി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ സ്‌പെഷല്‍ ഓഫീസര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച ഹക്കീം നഹ കായംകുളം എം.എസ്.എം കോളജ്, കോഴിക്കോട് മര്‍കസ് ആര്‍ട്‌സ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. മന്ത്രിയായിരുന്ന പാലൊളി മുഹമ്മദുകുട്ടിയുടെ പബ്ലിസിറ്റി ചുമതല നോക്കിയിരുന്നു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായി വിരമിച്ച ഹക്കീം, മൂന്ന് തവണ സര്‍ക്കാരിന്റെ ഗുഡ്‌സര്‍വീസ് എന്‍ട്രി നേടി. കോഴിക്കോട് മര്‍കസ് നോളഡ്ജ് സിറ്റി ഡയറക്ടറായിരിക്കേയാണ് വിവരാവകാശ കമീഷണറായി നിയമിതനാകുന്നത്.