Quantcast
MediaOne Logo

ഷെഫി ഷാജഹാന്‍

Published: 3 Dec 2022 7:36 AM GMT

ഹിഗ്വിറ്റ: ക്രോസ്ബാറിന് മുന്നിലെ സര്‍ക്കസുകാരന്‍

തങ്ങളുടെ ബോക്സിലേക്കെത്തുന്ന പന്തുകള്‍ തടയുക എന്നതിനപ്പുറം ഗോള്‍കീപ്പര്‍ക്ക് മറ്റൊരു ചുമതലയുമില്ലെന്ന് വിശ്വസിച്ചിരുന്ന കാലത്ത് ആ കൊളംബിയന്‍ ഗോള്‍കീപ്പര്‍ സ്വന്തം പേരില്‍ കുറിച്ചത് 43 ഗോളുകള്‍

ഹിഗ്വിറ്റ: ക്രോസ്ബാറിന് മുന്നിലെ സര്‍ക്കസുകാരന്‍
X

ഹോസെ റെനെ ഹിഗ്വിറ്റ

ലോകം ആ പേര് മറക്കുന്നതെങ്ങനെ? എല്‍ലോക്കോ എന്നായിരുന്നു അയാളെ കൊളംബിയക്കാര്‍ വിളിച്ചിരുന്നത്. ഭ്രാന്തന്‍ എന്നായിരുന്നു ആ വാക്കിന്‍റെ അര്‍ഥം, ഗോള്‍ പോസ്റ്റ് അവശേഷിപ്പിക്കുന്ന വിരസമായ എകാന്തത അയാളിലെ ഗോള്‍കീപ്പറെ ഭ്രാന്തനാക്കിയിരുന്നു. ഒറ്റപ്പെടലിന്‍റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് ഫോര്‍വേഡുകളേക്കാള്‍ വേഗത്തില്‍ അയാള്‍ പന്തിനു പിറകെ പാഞ്ഞു. പെനാല്‍റ്റി ബോക്സിലെ ഗോള്‍കീപ്പര്‍മാരുടെ ലക്ഷ്മണരേഖകളും കുമ്മായവരകളുമൊന്നും ഹിഗ്വിറ്റയെന്ന കൊളംബിയന്‍ ഗോളിക്ക് അതിര്‍ത്തി നിശ്ചയിച്ചില്ല, അയാള്‍ മൈതാനമധ്യത്ത് സ്വതന്ത്രനായി വിഹരിച്ചു.

നീട്ടിവളര്‍ത്തിയ അലസമായി പാറിപ്പറക്കുന്ന മുടിയുമായി പെനാല്‍റ്റി ബോക്സ് വിട്ട് പന്തും തട്ടി മൈതാനമധ്യത്ത് വരെയെത്തി കാണികളെ ആനന്ദിപ്പിച്ചുകൊണ്ടിരുന്നയാള്‍ പെട്ടെന്നൊരു ദിവസം വില്ലനായി മാറുകയാണ്.

ലോകത്ത് ഒരു ഗോള്‍കീപ്പറും അന്നുവരെ അങ്ങനൊയൊരു സാഹസത്തിന് മുതിര്‍ന്നിട്ടില്ല, അല്ലെങ്കില്‍ അയാള്‍ക്ക് മാത്രമേ അത് കഴിയുമായിരുന്നുള്ളൂ എന്ന് വേണം കരുതാന്‍, കാരണം, ക്രോസ്ബാറിന് കീഴില്‍ ഇങ്ങോട്ട് വരുന്ന പന്തുകള്‍ മാത്രം കളിച്ച് 90 മിനുട്ടില്‍ വിസില്‍ മുഴങ്ങുമ്പോള്‍ ക്ലീന്‍ഷീറ്റുമായി മടങ്ങാന്‍ മാത്രം ആഗ്രഹിക്കുന്ന ഗോള്‍കീപ്പര്‍ ആയിരുന്നില്ല ഹിഗ്വിറ്റ...

അയാളുടെ അമിതമായ കോണ്‍ഫിഡന്‍സ് തന്നെയായിരുന്നു ഹിഗ്വിറ്റക്ക് വിനയായത്. ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കാമറൂണിനെതിരായ മത്സരത്തിലെ എക്സ്ട്രാ ടൈമിലായിരുന്നു ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ആ പിഴവ് ഹിഗ്വിറ്റക്ക് സംഭവിച്ചത്.

കോര്‍ണര്‍ ഫ്‌ളാഗിന് മുന്‍പില്‍ റോജര്‍ മില്ലയെന്ന കാമറൂണ്‍ ഫോര്‍വേഡ് ആഷോഷനൃത്തമാടുമ്പോള്‍ ഹിഗ്വിറ്റ ഒരു ലോകകപ്പ് തന്നെ തുലച്ച സങ്കടഭാരത്തില്‍ തലകുനിച്ച് നില്‍ക്കുകയായിരുന്നു.

കാമറൂണിന്‍റെ പകുതിയില്‍ നിന്നെത്തിയ പന്ത് ബോക്സ് വിട്ടിറങ്ങി മൈതാനമധ്യത്തെത്തി തട്ടിയ ഹിഗ്വിറ്റ അത് ഡിഫന്‍ഡറിലേക്ക് മറിച്ചുകൊടുത്തു, അവിടെ വരെ കാര്യങ്ങള്‍ ശാന്തമായിരുന്നു, പക്ഷേ തിരിച്ച് ആ പന്ത് വീണ്ടും റിസീവ് ചെയ്ത ഹിഗ്വിറ്റ റോജര്‍ മില്ലയെന്ന 38കാരനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്തു. തൻ്റെ പോസ്റ്റിലേക്ക് വന്ന പന്തിനെ തട്ടിയകറ്റേണ്ട കാര്യമേ ഹിഗ്വിറ്റക്കുണ്ടായിരുന്നുള്ളൂ, എന്നാല്‍ അവിടെ ഷോര്‍ട് പാസ് കളിക്കാന്‍ ശ്രമിച്ച ഹിഗ്വിറ്റ മിന്നല്‍ വേഗത്തിലെത്തിയ റോജര്‍ മില്ലയെ ഡ്രിബിള്‍ ചെയ്യാന്‍ ശ്രമിച്ച നിമിഷത്തില്‍ കൊളംബിയ തോറ്റു.


ഹിഗ്വിറ്റയെ ബീറ്റ് ചെയ്ത് റോജര്‍ മില്ല പന്ത് വലയിലേക്ക് അനായാസം തട്ടിയിട്ടു. സബ് ആയിറങ്ങിയ 38കാരന്‍റെ ആ ലോകകപ്പിലെ നാലാം ഗോള്‍. ഓരോ ഗോളിന് ശേഷവും കോര്‍ണര്‍ ഫ്ലാഗിന് കീഴില്‍ വന്നുള്ള മില്ലയുടെ സെലിബ്രേഷന്‍ അന്നത്തെ ലോകകപ്പിന്‍റെ തന്നെ കാഴ്ചയായിരുന്നു

അന്ന് ഒരു ഗോള്‍ കൊളംബിയ തിരിച്ച് സ്കോര്‍ ചെയ്യുന്നുണ്ടെങ്കിലും എക്സ്ട്രാ ടൈമിലെ റോജര്‍ മില്ലയുടെ രണ്ട് ഗോളില്‍ കളി കാമറൂണ്‍ വിജയിച്ചു. അധികസമയത്തിന്‍റെ അവസാനം റഫറി ഫൈനല്‍ വിസില്‍ മുഴക്കുമ്പോള്‍ തലകുനിച്ച് ഗ്രൌണ്ടിന് പുറത്തേക്ക് നടക്കുന്ന ഹിഗ്വിറ്റയെ നമുക്കവിടെ കാണാം.

1962ല്‍ ഒരേയൊരു തവണ മാത്രം ലോകകപ്പ് കളിച്ച കൊളംബിയയെ സംബന്ധിച്ച ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടക്കാന്‍ ലഭിച്ച സുവര്‍ണാവസരമായിരുന്നു അവിടെ നഷ്ടപ്പെട്ടത്. പിന്നീട് 94ലും 98ലും അവര്‍ ലോകകപ്പിനെത്തിയെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. 94ലെ ലോകകപ്പില്‍ സെല്‍ഫ് ഗോള്‍ അടിച്ചു എന്ന കാരണം പറഞ്ഞാണ് കൊളംബിയന്‍ ഡിഫന്‍ഡര്‍ എസ്കോബാറിനെ സ്വന്തം രാജ്യത്തെ മാഫിയ തന്നെ വെടിവെച്ചുകൊന്നതെന്നോര്‍ക്കണം...

പക്ഷേ 90ലെ പിഴവിന്‍റെ പേരില്‍ ഹിഗ്വിറ്റയെ ആരാധകരോ സ്വന്തം ടീമോ രാജ്യമോ തള്ളിപ്പറഞ്ഞില്ല. തോല്‍വിയോടെ കൊളംബിയ ലോകകപ്പില്‍ നിന്ന് പുറത്തായി. കളിക്കളത്തിൽ നിന്ന് പുറത്തേയ്ക്ക് ടീമിനൊപ്പം തലകുനിച്ചു നടന്ന ഹിഗ്വിറ്റയെ പക്ഷേ കാണികൾ ഹര്‍ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്, കാരണം ആ പിഴവിന്‍റെ മാത്രം പേരില്‍ അറിയപ്പെടേണ്ടിയിരുന്ന ആളല്ല ഹിഗ്വിറ്റയെന്ന ഗോളി. 68 അന്താരാഷ്ട്ര മത്സരങ്ങളിൽ കൊളംബിയൻ ഗോൾമുഖം കാത്ത ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാള്‍. , രസംകൊല്ലിയായിപ്പോകേണ്ടിയിരുന്ന ഒട്ടനവധി നിമിഷങ്ങളെ തന്‍റെ സ്വതസിദ്ധമായ സ്കില്ലുകള്‍ ആനന്ദിപ്പിച്ച മനുഷ്യന്‍.

നീട്ടിവളര്‍ത്തിയ അലസമായി പാറിപ്പറക്കുന്ന മുടിയുമായി പെനാല്‍റ്റി ബോക്സ് വിട്ട് പന്തും തട്ടി മൈതാനമധ്യത്ത് വരെയെത്തി കാണികളെ ആനന്ദിപ്പിച്ചുകൊണ്ടിരുന്നയാള്‍ പെട്ടെന്നൊരു ദിവസം വില്ലനായി മാറുകയാണ്.

വര്‍ഷം 1995, സെപ്റ്റംബര്‍ ആറ്, അന്നിതുവരെ കായിക ലോകം കണ്ടിട്ടില്ലാത്ത ഒരു അസാമാന്യ പ്രകടനത്തിനാണ് ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. വര്‍ഷങ്ങളുടെ അധ്വാനമുണ്ടായിരുന്നു അതിന് പിന്നില്‍, പരീക്ഷിച്ച് പരീക്ഷിച്ച്, തേച്ചുമിനുക്കി, രാകിമൂര്‍ച്ച കൂട്ടിയ ഒരായുധം അന്ന് ഹിഗ്വിറ്റ പുറത്തെടുത്തു. സ്കോര്‍പ്പിയോണ്‍ കിക്ക്

ലോകത്ത് ഒരു ഗോള്‍കീപ്പറും അന്നുവരെ അങ്ങനൊയൊരു സാഹസത്തിന് മുതിര്‍ന്നിട്ടില്ല, അല്ലെങ്കില്‍ അയാള്‍ക്ക് മാത്രമേ അത് കഴിയുമായിരുന്നുള്ളൂ എന്ന് വേണം കരുതാന്‍, കാരണം, ക്രോസ്ബാറിന് കീഴില്‍ ഇങ്ങോട്ട് വരുന്ന പന്തുകള്‍ മാത്രം കളിച്ച് 90 മിനുട്ടില്‍ വിസില്‍ മുഴങ്ങുമ്പോള്‍ ക്ലീന്‍ഷീറ്റുമായി മടങ്ങാന്‍ മാത്രം ആഗ്രഹിക്കുന്ന ഗോള്‍കീപ്പര്‍ ആയിരുന്നില്ല ഹിഗ്വിറ്റ...

ഇംഗ്ലണ്ടും കൊളംബിയയും തമ്മിലുള്ള ഒരു സൌഹൃദമത്സരത്തിലായിരുന്നു അയാളുടെ എണ്ണംപറഞ്ഞ സ്കില്ലുകളിലൊന്ന് ലോകം കാണുന്നത്. ബോക്സിന് പുറത്തുനിന്ന് ഇംഗ്ലണ്ട് താരം ജാമി റെഡ്നാപ്പിന്‍റെ ബൂട്ടിൽ നിന്നും കൊളംബിയന്‍ ഗോള്‍പോസ്റ്റിനെ ലക്ഷ്യമാക്കി ഒരു ഹൈബോള്‍ വരുന്നു. ഒരു ഗോള്‍കീപ്പര്‍ക്ക് ഉയര്‍ന്നുചാടിത്തന്നെ പിടിക്കാന്‍ ബുദ്ധിമുട്ടുള്ള ആ ഷോട്ട് ഹിഗ്വിറ്റ കൈകൊണ്ട് കുത്തിയകറ്റാന്‍ ശ്രമിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. പന്തിന്‍റെ മൂവ്മെന്‍റ് കൃത്യമായി ജഡ്ജ് ചെയ്ത ഹിഗ്വിറ്റ തൻ്റെ പൊസിഷനിൽ നിലയുറപ്പിച്ച് ഒരു അഭ്യാസിയെപ്പോലെ നിന്ന നിൽപ്പിൽ മുന്‍പിലേക്ക് ചാടി, പിന്‍കാലുകൊണ്ട് പന്തിനെ കുത്തി ബോക്സിന് പുറത്തെത്തിച്ചു.


ഒരേ സമയം അത്ഭുതത്തോടെയും ആരാധനയോടെയും ലോകം നോക്കിക്കണ്ട ഹിഗ്വിറ്റയുടെ ആ പ്രകടനത്തെ റിമാര്‍ക്കബിള്‍ പീസ് ഓഫ് ഗോള്‍കീപ്പിങ് എന്നാണ് അന്ന‍്‍ കമന്‍റേറ്റേഴ്സ് വിശേഷിപ്പിച്ചത്. ലോകം നെടുവീർപ്പടക്കി ആ നിമിഷത്തെ നോക്കിക്കണ്ടു.

ഹിഗ്വിറ്റയെന്ന് കേള്‍ക്കുമ്പോള്‍ 90ലെ തങ്ങളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ നഷ്ടം കൊളംബിയക്കാര്‍ക്ക് ഓര്‍മകളിലേക്ക് വരുമെങ്കിലും അയാളിലെ ഗോള്‍കീപ്പറുടെ അസാമാന്യ പ്രകടനങ്ങള്‍ മറ്റെല്ലാം മറക്കാന്‍ അവരെ പ്രേരിപ്പിച്ചു. അതുകൊണ്ടു കൂടിയാകും എസ്കോബാറിനുണ്ടായ വിധി ഹിഗ്വിറ്റക്ക് അവര്‍ നല്‍കാതിരുന്നത്. പെനൽറ്റി കിക്ക് കാത്തു നിൽക്കുന്ന ഗോളിയുടെ ഏകാന്തത തന്നെ ഒരു ശിക്ഷയാണെന്ന് അവര്‍ വിചാരിച്ചിട്ടുണ്ടാകും, പക്ഷേ അത്തരം ഒറ്റപ്പെടലിനെയെല്ലാം ഹിഗ്വിറ്റ എക്കാലവും ഓടിത്തോല്‍പ്പിച്ചിരുന്നു.