ഹിജാബ് നിരോധനവും നിയമ രാഷ്ട്രീയവും: ഒരു ചരിത്ര- രാഷ്ട്രീയ സമീപനം
ഹിജാബ് വിലക്ക് - രാഷ്ട്രീയ വർത്തമാനങ്ങൾ - ചർച്ച
ഹിജാബ് നിരോധിച്ച കർണാടക ഹൈക്കോടതി വിധി വ്യാപകമായ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരിക്കുന്നു. എന്താണ് യഥാർഥ മതാചാരം എന്ന നിയമ പ്രശ്നമാണ് ഹൈക്കോടതി വിധിയിൽ ചർച്ച ചെയ്യുന്നത്. വിധിയുടെ വിവിധ വശങ്ങളെക്കുറിച്ച് നിയമ പണ്ഡിതർ ധാരാളം എഴുതിക്കൊണ്ടിരിക്കുന്നു. എന്നാൽ, മുസ്‌ലിം സ്ത്രീകളെയും മതന്യൂനപക്ഷങ്ങളെയും മുൻനിറുത്തിയുള്ള സമീപകാല കോടതി വിധികളെയും അതിന്റെ ആന്ദോളനങ്ങളെയും ഒരു നിയമ പ്രമാണമെന്നതിലുപരി സവിശേഷമായ സാമൂഹിക- രാഷ്ട്രീയ പ്രശ്നമായി വായിക്കാനും വിലയിരുത്താനുമുള്ള ശ്രമമാണിവിടെ നടത്തുന്നത്.
2014 ൽ ഹിന്ദുത്വവാദികൾ അധികാരത്തിലേറിയതോടെ മുസ്‌ലിം ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പ്രത്യേകാവശാകങ്ങൾ റദ്ദ് ചെയ്യണമെന്ന ആവശ്യം ഏറെ ശക്തമായിരിക്കുന്നു. റിപബ്ലിക്കൻ മോഡലിലുള്ള പൗരത്വത്തിന്റെ ഭാഗമായി വ്യത്യസ്ത സമുദായങ്ങൾ അനുഭവിക്കുന്ന സവിശേഷ പ്രശ്നങ്ങളെ പരിഗണിച്ചാണ് ഇന്ത്യയിൽ നിയമ നിർമാണങ്ങളും കോടതി വിധികളും നടത്തേണ്ടതെന്ന പ്രബല ഭരണഘടനാ സമീപനത്തിന്റെ പിന്നോട്ടടി ഇതോടെ ശക്തി പ്രാപിച്ചു. അതിനാൽ തന്നെ തീവ്രദേശീയ യുക്തിയാണ് സമീപകാല കോടതി വിധികളിൽ മുഴച്ചു നിൽക്കുന്നതെന്ന വിമർശനം വ്യാപകമായിരിക്കുന്നു. മതന്യൂനപക്ഷങ്ങളുടെ സാംസ്കാരിക വ്യത്യാസത്തെ ഇല്ലായ്മ ചെയ്യുന്ന സാംസ്കാരിക ദേശീയവാദത്തിന്റെ വ്യാപനമാണിവിടെ സംഭവിക്കുന്നത്.
സാമൂഹിക- രാഷ്ട്രീയ വീക്ഷണകോണിൽ നിയമ പ്രശ്നങ്ങളെ വിലയിരുത്തുന്ന രീതിശാസ്ത്രത്തിന്റെ ഭാഗമായി, ചില ആലോചനകൾ ഈ ഘട്ടത്തിൽ സംഗതമാവുമെന്നു കരുതുന്നു. കോടതി വിധികളെയും നിയമ നിർമാണത്തെയും വിശാലമായ സാമൂഹിക - രാഷ്ട്രീയ സന്ദർഭത്തിലേക്ക് ചേർത്തു വെച്ചു വായിക്കേണ്ടതുണ്ടെന്ന സമീപനത്തിനു പ്രസക്തിയുണ്ട്.
കൊളോണിയൽ കാലഘട്ടത്തിൽ നിയമ- നിർമാണത്തിന്റെ (law- making) മേഖലകൾ ഭരണകൂടത്തിന്റെ തലത്തിൽ ആദ്യം വികസിക്കുകയും പിന്നീടത് കോടതി നിയമങ്ങളുടെ (court law ) അടിസ്ഥാനമായി മാറുകയായിരുന്നു. കോടതി വിധികൾക്ക് സാമൂഹിക- രാഷ്ട്രീയ മാറ്റങ്ങളുടെ ഭാഗമായി ഓരോ ചരിത്രഘട്ടത്തിലും വിവിധ രൂപാന്തരീകരണങ്ങൾ സംഭവിക്കുന്നുണ്ട്. കോടതി വിധികളുടെ പശ്ചാത്തലമായി ഭരണമനോഭാവത്തിന്റെ രാഷ്ട്രീയം ഇന്ത്യയിൽ വികസിക്കുന്നതിന്റെ ചരിത്ര സാഹചര്യമാണിത്.
വിവിധ തരത്തിലുള്ള ലിബറൽ ഭരണ പരിഷ്കാരങ്ങൾ കൊളോണിയൽ അധികാരം സാമൂഹിക ജീവിതത്തിൽ നടപ്പിലാക്കുന്നതിനോടു ഇന്ത്യയിലെ ദേശീയ വരേണ്യർക്ക് തത്വത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല. കൊളോണിയൽ പരമാധികാരത്തിന്റെ (sovereignty) ഉടമസ്ഥതയക്കുറിച്ചാണ് ദേശീയ വരേണ്യരും കോളനി അധികാരവും തമ്മിൽ നിലനിന്നിരുന്ന തർക്കം. ദേശീയ പ്രസ്ഥാനം തന്നെ ഇത്തരമൊരു സംഘർഷത്തിന്റെ വൈരുധ്യങ്ങൾ പ്രകടമാക്കിയിരുന്നു. കൊളോണിയൽ കാലഘട്ടത്തിലെ നിയമ പ്രശ്നങ്ങൾ ഇന്ത്യയിലെ പിൽക്കാല ജനാധിപത്യ സംഘർഷങ്ങളുടെ മുന്നൊരുക്കമായി വായിക്കാൻ ഈ നിഗമനം സഹായിക്കുന്നു.
ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയുടെ പരമാധികാരം മാറുന്നതോടു കൂടി പുതിയ വൈരുധ്യങ്ങൾ രാജ്യത്തെ നിയമ മേഖലകളിൽ വികസിച്ചു. എന്നിരുന്നാലും കൊളോണിയൽ നിയമ ചരിത്രത്തിന്റെ ഭൂതങ്ങൾ അധിനിവേശാനന്തര ഇന്ത്യയിൽ നിരന്തരം തിരിച്ചുവന്നു കൊണ്ടേയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് മുപ്പതു വർഷങ്ങൾക്കു ശേഷം 1977-ലെ അടിയന്തിരാവസ്ഥയാണ് കോടതിക്ക് ഇന്ത്യയിലെ നാഗരിക മധ്യവർഗത്തിന്റെ ഇടയിൽ നിയമ രാഷ്ട്രീയത്തിനു പുതിയ ചില സാധ്യതകൾ തുറന്നു നൽകിയത്.
ഇക്കാലയളവിനു ശേഷമാണ് കോടതി വിധികൾ ഇന്ത്യൻ പൗരസമൂഹത്തിന്റെ നാഗരിക യുക്തിയുമായി ശക്തിയോടെ കണ്ണി ചേരുകയും ജനാധിപത്യത്തേക്കാൾ ആധുനികതയുടെ വ്യവഹാര മണ്ഡലമായി പൂർണ്ണമായും മാറുന്നത്. പൊതുതാൽപര്യ ഹരജികളിലൂടെ (litigations) നിയമ രാഷ്ട്രീയത്തെ വികസിപ്പിക്കുന്ന ഇടപെടലുകൾ കൂടുന്നതും ഇക്കാലത്താണ്. അടിയന്തിരാവസ്ഥക്കു ശേഷമുള്ള കാലമാണ് അധിനിവേശാനന്തര ഇന്ത്യയിൽ നിയമ രാഷ്ട്രീയത്തിന്റെ പുതിയ ഘട്ടം വികസിക്കുന്നത്.
ഇക്കാലയളവിൽ, ഇന്ത്യയിലെ താഴെ തട്ടിലെ ജനസമൂഹങ്ങൾ, പൗരത്വത്തിന്റെയും പ്രജാവൽക്കരണത്തിന്റെയും അതിർവരമ്പുകളിൽ ജീവിക്കുന്നവരായിരുന്നു. കൂടുതൽ ജനാധിപത്യവും കുറച്ചു ആധുനികതയും ആവശ്യപ്പെട്ടായിരുന്നു അക്കാലത്ത് അവർ പ്രക്ഷോഭങ്ങൾ സംഘടിച്ചത്. മാധ്യമങ്ങളെയും കോടതികളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും പലതരം ഒത്തുതീർപ്പിലൂടെ ആകർഷിച്ചെടുക്കാൻ ഈ ജനസമൂഹങ്ങൾക്ക് കഴിഞ്ഞിരുന്നു. ഇത്തരമൊരു വൈരുധ്യം പുതിയ ഇന്ത്യയിലെ കോടതി വിധികളുടെ പൊതു സാമൂഹിക- രാഷ്ട്രീയ സന്ദർഭമായിരുന്നു.
കർണാടകയിലെ ഹിജാബ് വിലക്കിന്റെ സാഹചര്യത്തിൽ, പൊതുസംവാദങ്ങൾ പരിശോധിച്ചാൽ, ആധുനികതയുടെയുടെയും യൂനിഫോമിറ്റിയുടെയും പ്രശ്നമായല്ല, മറിച്ച് ജനാധിപത്യത്തിന്റെ വ്യത്യാസത്തിന്റെയും പ്രശ്നമായാണ് മുസ്‌ലിം മതന്യൂനപക്ഷങ്ങളും ഹിജാബ് ധരിക്കുന്ന സ്ത്രീജനങ്ങളും കാണുന്നത്. എന്നാൽ ഹിന്ദുത്വവാദികളാവട്ടെ, നിയമത്തിനു മുന്നിലുള തുല്യത പോലുള്ള പരികൽപനകളെ ഉപയോഗിച്ചാണ് ദേശീയ മാധ്യമങ്ങളിലൂടെ ഹിജാബ് നിരോധനത്തിനനുകൂലമായി പ്രചാരവേല നടത്തുന്നത്.
കഴിഞ്ഞ ദശകത്തിൽ ഹിന്ദുത്വ ശക്തികൾ ഒരു ദേശീയ- ഭരണകൂട അധികാര കേന്ദ്രമായപ്പോൾ പൗര സമൂഹത്തിന്റെ പരിമിതമായ രാഷ്ട്രീയ വിമതത്വത്തെ പോലും ഇല്ലാതാക്കിയെന്ന നിരീക്ഷണം ഇന്ന് സാർവത്രികമാണ്. കോടതി വിധികളിൽ പൗരസമൂഹത്തിന്റെ പുരോഗമന യുക്തികൾ പിന്നോട്ടടിക്കുന്ന കാഴ്ചയാണുള്ളത്. പല സുപ്രീംകോടതി വിധികളും ഹൈക്കോടതി വിധികളും തന്നെ ഹിന്ദുത്വ ദേശീയ വാദത്തിനും പഴയ പൗരസമൂഹത്തിന്റെ ആധുനികതാ യുക്തിക്കും ഇടയിൽ പെട്ട് ആടിയുലയുകയാണ്. മാത്രമല്ല, പൗരസമൂഹത്തിന്റെ ആധുനികതാ ആകാംക്ഷകളെ ഏറ്റെടുക്കാൻ ഹിന്ദുത്വർ ശ്രമം നടത്തുന്നു. ഹിജാബ് വിലക്കിനെ യൂനിഫോമിറ്റിയുടെയും സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും പ്രശ്നമായി അവതരിപ്പിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഹിജാബിനു വേണ്ടി പ്രക്ഷോഭം സംഘടിപ്പിക്കുന്ന മുസ്‌ലിം മതന്യൂനപക്ഷങ്ങളും ജനാധിപത്യവാദികളും മതസ്വാതന്ത്ര്യത്തെയും ഭരണഘടനാവാദത്തെയും ദുരുപയോഗം ചെയ്യുന്നുവെന്നു ഹിന്ദുത്വവാദികൾ ആക്ഷേപം ഉന്നയിക്കുകയും ചെയ്യുന്നു.
ചരിത്രപരമായി തന്നെ, വിവിധ പാർശ്വവൽകൃത സമുദായങ്ങളുടെ പ്രക്ഷോഭങ്ങൾ തുല്യ പൗരത്വത്തിന്റെ ലിബറൽ ഭാഷയല്ല സംസാരിച്ചിരുന്നത് എന്നതിനാൽ തന്നെ കോടതി വിധികളിൽ പുറന്തളളപ്പെട്ടു പോകുന്ന പ്രവണത ആയിരത്തി തൊളളായിരത്തി എൺപതുകൾ മുതലേ ദൃശ്യമായിരുന്നു. പൗരസമൂഹത്തിന്റെ നിയമയുക്തിയിലേക്ക് കണ്ണി ചേർന്നിട്ടു പോലും പുറന്തളളപ്പെട്ട നിരവധി ചെറു സമുദായങ്ങളുടെ കഥ പറയുന്ന എത്രയോ പഠനങ്ങൾ ഇന്ന് നമ്മുടെ മുന്നിലുണ്ട്. ഇന്ത്യൻ ഭരണഘടന നൽകുന്ന പ്രത്യേക അവകാശങ്ങൾ വിശാലമാക്കുന്ന ഡിഫറൻഷേറ്റഡ് സിറ്റിസൻഷിപ് (differentiated citizenship) എന്ന പ്രശ്ന മണ്ഡലത്തിലാണ് ഈ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. നിയമബഹുസ്വരത (legal pluralism) ഒരു ഉദാരതയല്ല, മറിച്ച് വിവിധ പാർശ്വവൽകൃതരുടെ സങ്കീർണമായ ജീവിത പോരാട്ടത്തിന്റെ ഭാഗമായിരുന്നു.
കഴിഞ്ഞ ദശകങ്ങളിൽ വിവിധ ന്യൂനപക്ഷ സമുദായങ്ങളുടെ പ്രത്യേക പദവികളെയും അത്ര അനുഭാവ പൂർണ്ണമല്ല കോടതിയും വരേണ്യ പൗരസമൂഹവും കണ്ടത്. 1985-ലെ ശാബാനു കേസിൽ ന്യൂനപക്ഷങ്ങളുടെ പ്രത്യേകാവകാശങ്ങളും സ്ത്രീ അവകാശങ്ങളും തമ്മിൽ സംഘർഷം രൂപപ്പെട്ടപ്പോൾ സുപ്രീം കോടതിയിൽ വൈ എസ് ചന്ദ്രചൂഡ് നടത്തിയ വിധി സഹേലി അടക്കമുള്ള സ്ത്രീ അവകാശ ഗ്രൂപ്പുകൾ സ്വാഗതം ചെയ്തിരുന്നു. എന്നാൽ മുസ്‌ലിം വുമൺ ( പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺ ഡിവോഴ്സ്) ആക്ട് 1986 - ൽ രാജീവ് ഗാന്ധി സർക്കാർ നടപ്പിലാക്കിയത് കോടതി വിധിയെ പ്രതിസന്ധിയിലാക്കുന്ന മുസ്‌ലിം ന്യൂനപക്ഷ അവകാശ പോരാട്ടത്തിന്റെ ഭാഗമായിരുന്നു.
വിശാലാർഥത്തിൽ, കോടതി വിധികളും നിയമ നിർമാണവും തമ്മിൽ കൊളോണിയൽ കാലഘട്ടം മുതലേയുള്ള സംഘർഷത്തിന്റെ വ്യത്യസ്തമായ ഒരു തുടർച്ചയാണിത്. ഭരണഘടന ഉറപ്പു നൽകുന്ന പ്രത്യേക പദവിയെ സംഘർഷഭരിതമാക്കുന്ന അനേകം ചർച്ചകൾ ഇക്കാലത്ത് വികസിച്ചു വരുന്നുണ്ട്. അവകാശങ്ങൾ ലഭിക്കാൻ നിയമത്തിലൂടെ ശ്രമിക്കുമ്പോഴും നിയമ സ്വഭാവത്തിലുള്ള അവകാശത്തിന്റെ പരിധികളെക്കുറിച്ചുള്ള സംവാദവും ഒരു പോലെ വികസിപ്പിക്കാൻ സ്ത്രീകളടക്കമുള്ള വിവിധ പാർശ്വവൽകൃത വിഭാഗങ്ങൾ ശ്രമിക്കുന്നതിന്റെ കാരണവുമിതാണ്. ഒരു സാമൂഹിക വിഭാഗം ഒരു അവകാശത്തിനായി പോരാടുകയും എന്നാൽ ചോദിച്ച അവകാശം ലഭിക്കുന്നതോടെ അതിന്റെ പ്രശ്നങ്ങൾ കൂടി ചർച്ച ചെയ്യാവൻ അവർ നിർബന്ധിതരാവുന്നുവെന്ന വൈരുധ്യം ഇന്ത്യയിലെ നിയമ - രാഷ്ട്രീയത്തിൽ ഏറെ തെളിഞ്ഞു നിൽക്കുന്നുവെന്നു രാഹുൽ റാവു Out of Time: The Queer Politics of Postcoloniality (2020) എന്ന പഠനത്തിൽ നിരീക്ഷിക്കുന്നുണ്ട്. ശാബാനു കേസിൽ ന്യൂനപക്ഷാവകാശങ്ങളും സ്ത്രീയവകാശങ്ങളും തമ്മിൽ നടന്ന സംഘർഷത്തിന്റെ പ്രശ്നം പൊതുവായ ഒരു നിയമ രാഷ്ട്രീയ സംഘർഷത്തിന്റെ ഭാഗമായി വിലയിരുത്തേണ്ടതുണ്ട്.
ഹിന്ദുത്വ ദേശീയവാദം ജനഹിതത്തിന്റെ രൂപം കൈവരിച്ച ഇക്കാലത്ത് പക്ഷെ, പൗരസമൂഹത്തിന്റെ ആധുനികതാ യുക്തിക്ക് പുതിയ സന്ദർഭം കൈവന്നിരിക്കുന്നു. വികസനം, തുല്യത തുടങ്ങിയ ലിബറൽ ഭാഷ ഹിന്ദുത്വവാദികൾ മറ്റൊരു രീതിയിൽ സ്വീകരിക്കുന്നു. കോടതികൾ ചട്ടപ്പടിയെന്നോണം സ്വന്തം നിയമ ചരിത്രത്തിന്റെ ഭാഗമായി സ്വീകരിച്ചുറപ്പിച്ച കാര്യങ്ങൾ വിവിധ നിയമ വ്യാഖ്യാന ശാസ്ത്രങ്ങൾ ഉപയോഗിച്ചു ചെയ്യുന്നു.
ഹിജാബിനെ യൂനിഫോമിറ്റിയുടെ പ്രശ്നമായി അവതരിപ്പിക്കുന്ന ഹിന്ദുത്വ വ്യാഖ്യാനതന്ത്രം പൊതുവായ നിയമ- രാഷ്ട്രീയ ആഖ്യാനത്തിന്റെ ഭാഗമാണ്. എന്നാൽ, സാമൂഹിക സംഘാടനത്തിന്റെ തലത്തിൽ മുസ്‌ലിം അപരത്വത്തെ ഒരു വിദ്വേഷ വ്യവസ്ഥയാക്കി ഹിന്ദുത്വവാദികൾ മാറ്റിയിരിക്കുന്നുവെന്നതാണ് ഇതിന്റെ മറ്റൊരു ഫലം. ഇന്ന്, ഒരേ സമയം യുക്തി ഉപയോഗിച്ച് പൗരസമൂഹത്തെയും അയുക്തിയും വൈകാരികതയും നിറച്ച് ജനകീയ പ്രക്ഷോഭങ്ങളെയും വലതുപക്ഷ പോപുലിസത്തിന്റെ യുക്തിയിലേക്ക് പരിവർത്തിക്കുന്നതിൽ ഹിന്ദുത്വം വിജയിച്ചിരിക്കുന്നുവെന്നാണ് വസ്തുത. ഈ പ്രശ്ന പരിസരത്തെ സന്ദർഭവൽകരിച്ചാണ് പുതിയ കോടതി വിധികളെ വിലയിരുത്തേണ്ടത്.
തെരുവിൽ ഹിജാബ് ധരിച്ച മുസ്‌ലിം സ്തീകളെ ശാരീരികമായി ഭീഷണിപ്പെടുത്തുന്ന ഹിന്ദുത്വവാദികൾ പക്ഷെ പൗര സമൂഹത്തിൽ യൂനിഫോമിറ്റിയുടെ ചർച്ചയാക്കി ഹിജാബ് വിലക്കിനെ സാധൂകരിക്കാനാണ് ശ്രമിക്കുന്നത്. ഹിജാബ് വിലക്കിയ കർണാടക ഹൈക്കോടതി വിധിയുടെ ചരിത്ര- രാഷ്ട്രീയ സന്ദർഭമാണിത്.