Quantcast
MediaOne Logo

ഷബീർ പാലോട്

Published: 18 March 2024 12:19 PM GMT

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ഹിന്ദുത്വ; തിരശ്ശീലയില്‍ പടരുന്ന മുസ്‌ലിം വെറുപ്പ്

സംഘ്പരിവാര്‍ ആലകളില്‍ മെനഞ്ഞെടുക്കുന്ന എല്ലാ സാംസ്‌കാരിക ഉല്‍പന്നങ്ങളും ആത്യന്തികമായി പരത്തുന്നത് ഇസ്‌ലാം ഭീതിയും വെറുപ്പുമാണ്. സിനിമയെന്ന 20-ാം നൂറ്റാണ്ടിന്റെ കലയെ ആയുധവത്കരിക്കുകയാണ് ഇപ്പോള്‍ ഹിന്ദുത്വര്‍ ഇന്ത്യയില്‍ ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയിലെ ഹിന്ദുത്വ അജണ്ടകളെ വിശകലനം ചെയ്യുന്നു.

ഹിന്ദുത്വ - ആര്‍.എസ്.എസ് പ്രോപ്പഗണ്ട സിനിമകള്‍
X

ഇന്ത്യ എന്ന രാഷ്ട്രശരീരത്തിലാകമാനം അരിച്ചിറങ്ങുന്ന വെറുപ്പിന്റെ അണുക്കള്‍ സകലസീമകളും ലംഘിച്ച് തിമിര്‍ത്താടുന്ന സന്ദര്‍ഭമാണിത്. പത്തു വര്‍ഷംകൊണ്ട് രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം തന്നെ ഹിന്ദുത്വ ഫാഷിസം വരുതിയിലാക്കിക്കഴിഞ്ഞു. ഇന്ത്യന്‍ റിപ്പബ്ലിക്കിലെ സുപ്രധാന ഭരണഘടനാ പദവികളില്‍ ഒന്നാംതരം ക്രിമിനലുകള്‍ അധികാരമുറപ്പിച്ചിരിക്കുകയാണ്. ഒരുപടികൂടി കടന്ന് കലാസാംസ്‌കാരിക മേഖലകളിലും ഫാഷിസം വെറുപ്പ് പടര്‍ത്തുകയാണ്. ഇതില്‍ ഏറ്റവും പ്രധാനം സിനിമാ മേഖലയിലെ വെറുപ്പുത്പാദനമാണ്.

സിനിമയെന്ന ജനപ്രിയ കലയെ വരുതിയിലാക്കാനുള്ള ശ്രമം ഹിന്ദുത്വര്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. നല്ല പ്രതിഭാശേഷി വേണ്ട കലയാണ് സിനിമയെന്നതിനാലും കലാകാരന്മാര്‍ പൊതുവേ മനുഷ്യസനേഹികളായിരുന്നതിനാലും ഹിന്ദുത്വ പ്രയത്‌നങ്ങള്‍ അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അധികാരലബ്ധിയും അന്തമില്ലാത്ത പണത്തിന്റെ ഒഴുക്കുംവഴി ഒരുപരിധിവരെ പ്രതിഭാ ദാരിദ്ര്യത്തെ മറികടക്കാന്‍ അവര്‍ക്കായിട്ടുണ്ട്. നാസി ജര്‍മനിയെ ഓര്‍മിപ്പിക്കുന്നവിധം പ്രൊപ്പഗണ്ട സിനിമകളാണ് ഇപ്പോള്‍ ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ വ്യാപകമായി ഉത്പാദിപ്പിക്കുന്നത്. ഇത്തരം സിനിമകളെല്ലാം ലക്ഷ്യംവക്കുന്നത് മുസ്‌ലിം വെറുപ്പിന്റെ മൊത്തക്കച്ചവടമാണ്. ബയോപിക്കുകളായും ചരിത്ര ദുര്‍വ്യാഖ്യാനങ്ങളായും അശാസ്ത്രീയ ജല്‍പനങ്ങളായും രാജ്യത്തെ തിരശ്ശീലകളില്‍ മുസ്‌ലിം വിദ്വേഷം പടര്‍ന്നൊഴുകുകയാണ്.

കഴിയുന്നത്ര സാങ്കേതിക മികവില്‍ നിര്‍മിച്ചിട്ടുള്ള 'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍' മാര്‍ച്ച 22-ാം തീയതി തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലറില്‍ ബ്രിട്ടീഷ് വിരോധിയും ധീര പോരാളിയും ആയാണ് സവര്‍ക്കറെ അവതരിപ്പിച്ചിരിക്കുന്നത്. പതിവുപോലെ ഗാന്ധിജിയാണ് മറുവശത്ത്. ഹിംസയാണ് വിജയത്തിന്റെ ഒരേയൊരു വഴിയെന്ന് സിനിമ പറയുന്നു. ഗാന്ധിയും കൂട്ടരും രാജ്യസ്വാതന്ത്ര്യം വൈകിപ്പിച്ചെന്നും കോണ്‍ഗ്രസുകാര്‍ കാലാപാനിയില്‍ പോകാതെ ലോക്കല്‍ ജയിലുകളില്‍ സുഖവാസം നടത്തിയെന്നും സിനിമ പറയുന്നു.

വിദ്വേഷപ്പുരകളായി സിനിമാശാലകള്‍

നിരവധി അടരുകളായി പ്രവത്തിക്കുന്ന ഹിന്ദുത്വ ഫാഷിസം അതിന്റെ ആഴത്തിലും പരപ്പിലും ആക്രമണ ശേഷിയിലും മറ്റൊരു വിദ്വേഷ പ്രത്യയശാസ്ത്രങ്ങളുമായും സമാനതകളില്ലാത്തതാണ്. ഇന്ത്യ എന്ന അതിശക്തമായ ജനായത്ത രാഷ്ട്രത്തെ ആക്രമിച്ച് കീഴടക്കാന്‍ ഹിന്ദുത്വര്‍ക്ക് കൃത്യമായ പദ്ധതികളുണ്ട്. ചരിത്രത്തിന്റെ അപനിര്‍മാണവും വ്യാജ ആഖ്യാനവും മുതല്‍ എതിര്‍ക്കുന്നവര്‍ക്ക് പരിഹാസപ്പേരുകള്‍ നല്‍കുന്നതുവരെ ഇതില്‍പ്പെടും. ഇതില്‍ ഒന്നാമത്തേതിനാണ് ഇവര്‍ സിനിമകളെ ഉപയോഗിക്കുന്നത്. തങ്ങളുടെ വ്യാജ ചരിത്രത്തേയും നുണയാഖ്യാനങ്ങളേയും സിനിമകളായി അവതരിപ്പിക്കുകയാണ് ഹിന്ദുത്വര്‍ ഇപ്പോള്‍ ചെയ്യുന്നത്. ഇലക്ഷന്‍ അടുത്തതോടെ അതിന്റെ തീവ്രത ഏറിയിട്ടുണ്ടെന്ന് മാത്രം.

സവര്‍ക്കര്‍ ചരിത്രപുരുഷനാകുമ്പോള്‍

2024ലെ സുപ്രധാന ഫാഷിസ്റ്റ് പ്രൊപ്പഗണ്ട സിനിമയാണ് 'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍'. സീ സ്റ്റുഡിയോ പോലെ ബോളിവുഡിലെ പ്രധാനപ്പെട്ട നിര്‍മാണശാലയാണ് സവര്‍ക്കര്‍ ബയോപിക് നിര്‍മിച്ചിരിക്കുന്നത്. ഗാന്ധി ഘാതക പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട, ബ്രിട്ടീഷുകാരോട് നിരന്തരം മാപ്പപേക്ഷ നടത്തിയ, മുസ്‌ലിം വെറുപ്പ് സിരകളിലും തലച്ചോറിലും ആവാഹിച്ച സവര്‍ക്കറുടെ തിരശ്ശീലയിലേക്കുള്ള മടങ്ങിവരവ് ഉജ്ജ്വല പോരാളിയുടെ വേഷത്തിലാണ്. രണ്‍ദീപ് ഹൂഡ എന്ന രണ്ടാംനിര നായകരിലൊരാളെ ഈ വേഷം അവതരിപ്പിക്കാന്‍ അവര്‍ക്ക് ലഭിക്കുകയും ചെയ്തു. കഴിയുന്നത്ര സാങ്കേതിക മികവില്‍ നിര്‍മിച്ചിട്ടുള്ള 'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍' മാര്‍ച്ച 22-ാം തീയതി തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലറില്‍ ബ്രിട്ടീഷ് വിരോധിയും ധീര പോരാളിയും ആയാണ് സവര്‍ക്കറെ അവതരിപ്പിച്ചിരിക്കുന്നത്. പതിവുപോലെ ഗാന്ധിജിയാണ് മറുവശത്ത്. ഹിംസയാണ് വിജയത്തിന്റെ ഒരേയൊരു വഴിയെന്ന് സിനിമ പറയുന്നു. ഗാന്ധിയും കൂട്ടരും രാജ്യസ്വാതന്ത്ര്യം വൈകിപ്പിച്ചെന്നും കോണ്‍ഗ്രസുകാര്‍ കാലാപാനിയില്‍ പോകാതെ ലോക്കല്‍ ജയിലുകളില്‍ സുഖവാസം നടത്തിയെന്നും സിനിമ പറയുന്നു. സവര്‍ക്കറുടെ മാപ്പപേക്ഷകള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നത് മാത്രമാണ് ഇനി അറിയാന്‍ ബാക്കിയുള്ളത് എന്നതാണ് ഇതിലെ രസകരമായ വസ്തുത.

വാജ്‌പേയ് മുതല്‍ റസാക്കര്‍ വരെ

2024ല്‍ പുറത്തിറങ്ങിയ മറ്റൊരു പ്രോപ്പഗണ്ടാ സിനിമയാണ്? 'മേം അടല്‍ ഹൂ'. അടല്‍ ബിഹാരി വാജ്‌പേയിയുടെ ബയോപിക് ആണ് സിനിമ. പങ്കജ് ത്രിപാഠിയാണ് വാജ്‌പേയി ആയി തിരശ്ശീലയിലെത്തിയത്. ഇതിനുമുമ്പ് മോദിയുടെ ബയോപിക് 'പി.എം നരേന്ദ്ര മോദി' എന്ന പേരില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഗുജറാത്ത് കലാപത്തില്‍ വേദനിച്ച് കരയുന്ന മോദിയെയാണ് അന്ന് സിനിമയില്‍ കണ്ടത്. നിഷ്‌കളങ്ക വേഷത്തില്‍ എത്തുന്ന ബയോപിക്കുകള്‍ കൂടാതെ വിദ്വേഷം വമിപ്പിക്കുന്ന 'റസാക്കര്‍' പോലുള്ള സിനിമകളും 2024 ല്‍ തിയറ്ററുകളിലെത്തി. തെലുഗു, ഹിന്ദി ഭാഷകളില്‍ തീയറ്ററുകളില്‍ എത്തിയ റസാക്കര്‍ വിഭജനകാലത്തെ ഹൈദരാബാദിന്റെ കഥയാണ് പറയുന്നത്. മുസ്‌ലിം വിദ്വേഷം ആഴത്തില്‍ പരത്താനുള്ള നഗ്‌നമായ ശ്രമമാണ് റസാക്കര്‍. ഹൈദരാബാദ് നൈസാമിന്റെ സൈന്യമായ റസാക്കര്‍മാര്‍ നടത്തിയ 'ഹിന്ദു വംശഹത്യ'യാണ് സിനിമയുടെ പ്രമേയം. ഇസ്‌ലാം - ഹിന്ദു മതങ്ങളിലെ ടെര്‍മിനോളജികള്‍ പരസ്പരം എതിരായി സിനിമയില്‍ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. യാഥാര്‍ഥ്യവും നുണകളും കൂടിക്കുഴഞ്ഞ സിനിമ ആളുകളില്‍ പരസ്പര വിദ്വേഷം പരത്തുക എന്ന ഉദ്ദേശത്തില്‍മാത്രം നിര്‍മിച്ചിട്ടുള്ളതാണ്.

വന്നത് ട്രെയിലര്‍ മാത്രം

നിലവില്‍ ഇറങ്ങിക്കഴിഞ്ഞതും വരാനിരിക്കുന്നതും പ്രൊപ്പഗണ്ട സിനിമാ മഞ്ഞുമലയുടെ അറ്റം മാത്രമാണ്. കഴിഞ്ഞ ദിവസം പ്രമുഖ ആക്ടിവിസ്റ്റ് റാണ അയ്യൂബ് ഒരു സിനിമ പോസ്റ്റര്‍ പങ്കുവച്ചിരുന്നു. അതില്‍ ഉണ്ടായിരുന്നത് 'ജെ.എന്‍.യു: ജഹാങ്കീര്‍ നാഷനല്‍ യൂണിവേഴ്‌സിറ്റി' എന്ന സിനിമയുടെ പോസ്റ്ററായിരുന്നു. വാട്‌സാപ്പ് യൂനിവേഴ്‌സിറ്റി കഥകള്‍ സിനിമയാകുന്നു എന്നാണ് റാണ പോസ്റ്റര്‍ പങ്കുവച്ച് എക്‌സില്‍ കുറിച്ചത്. 'വിദ്യാഭ്യാസത്തിന്റെ അടഞ്ഞ ചുവരുകള്‍ക്കുള്ളില്‍ രാജ്യത്തെ തകര്‍ക്കാനുള്ള ഗൂഡാലോചന നടക്കുന്നു' എന്നതാണ് സിനിമയുടെ ടാഗ്‌ലൈന്‍. ഹിന്ദുത്വ ഭീകരര്‍ പറഞ്ഞുപരത്തിയ വ്യാജങ്ങള്‍ സിനിമകളായി വെള്ളിത്തിരയിലെത്തുന്നു എന്നത് ഒരേസമയം കൗതുകവും ഭീതിയും ഉണ്ടാക്കുന്നതാണ്.

'ദ കേരള സ്‌റ്റോറി' നിര്‍മാതാവായ വിപുല്‍ അമൃതലാല്‍ ഷായുടെ മറ്റൊരു പ്രൊപ്പഗണ്ട സിനിമയായ 'ബസ്തര്‍, ദ നക്‌സല്‍ സ്‌റ്റോറി' ഇപ്പോള്‍ തിയറ്ററുകളിലാണ്. 'കേരള സ്‌റ്റോറി'യിലെ നായിക അദ ശര്‍മ തന്നെയാണ് ഇവിടേയും പ്രധാനകഥാപാത്രമാകുന്നത്. ആഴ്ച്ചകള്‍ക്കുമുമ്പ് പുറത്തിറങ്ങിയ 'ആര്‍ട്ടിക്കിള്‍ 370' എന്ന സിനിമ 100 കോടി കലക്ട് ചെയ്തിരുന്നു. യാമി ഗൗതം, പ്രിയ മണി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രമാകുന്ന സിനിമ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമയാണ്. സിനിമയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതും ശ്രദ്ധേയമാണ്. 'ദ കാശ്മീര്‍ ഫയല്‍സ്' ല്‍ തുടങ്ങി കേരള സ്‌റ്റോറിയിലൂടെയും '72 ഹൂറിയാനി'ലൂടെയും വികസിച്ച ഹിന്ദുത്വ പ്രൊപ്പഗണ്ട സിനിമകളുടെ ഒഴുക്ക് തുടരുമെന്നാണ് ഹിന്ദുത്വ വാച്ച് പോലുള്ള ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'ആക്‌സിഡന്റല്‍ ഓര്‍ കോണ്‍സ്പിറസി: ഗോധ്ര: ', 'ടിപ്പു', 'ആഖിര്‍ പാലായന്‍ കബ്തക്' തുടങ്ങിയ സിനിമകള്‍ വരാനിരിക്കുകയാണ്. ആര്‍.എസ്.എസ് നേതാക്കളായ ഡോ. ഹെഡ്‌ഗേവാര്‍, ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരുടെ ബയോപിക്കുകള്‍ നിര്‍മാണത്തിലാണ്.

മാസ്റ്റര്‍ പ്രോജക്ട്

ഹിന്ദുത്വവാദികളുടെ മാസ്റ്റര്‍ പ്രോജക്ടുകളിലൊന്ന് ആര്‍.എസ്.എസിന്റെ ചരിത്രം പറയുന്ന 'ഭഗവധ്വജ്' എന്ന സിനിമയാണ്. തെലുഗ് സിനിമയിലെ മുന്‍നിരക്കാര്‍ ഒന്നിക്കുന്ന സിനിമയാകും ഇതെന്നാണ് വിവരം. ബാഹുബലിയുടേയും ആര്‍.ആര്‍.ആറിന്റേയും എഴുത്തുകാരനും സംവിധായകന്‍ രാജമൗലിയുടെ അച്ഛനുമായ വിജയേന്ദ്ര പ്രസാദ് തിരക്കഥയൊരുക്കുന്ന സിനിമ മുഖ്യധാരയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ആര്‍.എസ്.എസ്. 2022ല്‍ വിജയേന്ദ്ര പ്രസാദിനെ ബി.ജെ.പി രാജ്യസഭയില്‍ എത്തിച്ചിരുന്നു. തെലുഗു സിനിമയിലൂടെ സൗത്തിലേക്ക് പാലം പണിയലും ഹിന്ദുത്വ വാദികളുടെ ലക്ഷ്യമാണ്. പ്രൊപ്പഗണ്ടാ സിനിമകളില്‍ ചിലത് സാമ്പത്തിക വിജയം നേടിയതും സിനിമാ നിര്‍മാതാക്കള്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. കാറ്റുള്ളപ്പോള്‍ തൂറ്റുകയും കുറച്ച് പണം അടിച്ചെടുക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തില്‍ പ്രൊപ്പഗണ്ട സിനിമകളുടെ പെരുമഴയാണ് രാജ്യത്ത് ഒരുങ്ങുന്നതെന്നത് ഇന്നത്ര രഹസ്യമല്ല.

ഹിന്ദുത്വയ്ക്കുവേണ്ടി സിനിമകളും ഷോകളും ചുട്ടെടുക്കുന്നതിന് നിയോഗിക്കപ്പെട്ട പ്രധാനികളിലൊരാള്‍ മലയാളിയാണെന്നത് വിരോധാഭാസമാണ്. പ്രിയദര്‍ശനാണ് ഈ ശകുനിപ്പുരയിലെ മുഖ്യപരികര്‍മി. തന്റെ സിനിമകള്‍ക്ക് അന്യായമായി ദേശീയ പുരസ്‌കാരങ്ങള്‍ തരപ്പെടുത്തി പണിതുടങ്ങിയ പ്രിയദര്‍ശന്‍ ഇന്ന് ഹുന്ദുത്വ സിനിമാ പദ്ധതിയിലെ പ്രധാന കണ്ണിയാണ്. രാമജന്മഭൂമി പ്രക്ഷോഭങ്ങളുടെ നിണംചാലിട്ടൊഴുകിയ നാള്‍വഴികളെ ആര്‍.എസ്.എസ് ഡോകുമെന്ററിയാക്കുമ്പോള്‍ പ്രിയദര്‍ശനാണ് അതിെന്റെ സംവിധായകന്‍. അഞ്ച് എപ്പിസോഡുകള്‍ ഉള്ള ഈ പ്രോജക്ട് നിലവില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. ദേശീയ സിനിമാ പുരസ്‌കാരങ്ങളുടെ ജൂറി ചെയര്‍മാനായും ഇടയ്ക്ക് പ്രിയദര്‍ശന്‍ പണിയെടുത്തിരുന്നു. ആറ് ദേശീയ പുരസ്‌കാരം നേടിയ സംവിധായകര്‍ ചേര്‍ന്ന് ആര്‍.എസ്.എസിനെപ്പറ്റി ഒരുക്കുന്ന 'വണ്‍നേഷന്‍' എന്ന വെബ്‌സീരീസിലും പ്രിയദര്‍ശന്‍ അംഗമാണ്. വിവേക് അഗനിഹോത്രിയാണ് ഈ സീരീസില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സംവിധായകന്‍.

ഹിന്ദി സിനിമയെ ഏറ്റെടുക്കാനുള്ള ശ്രമം

മറ്റ് ജനപ്രിയ കലകളെ എന്നപോലെ ഹിന്ദി സിനിമയേയും ഏറ്റെടുക്കാനുള്ള ഹിന്ദുത്വവാദികളുടെ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ജെ.എന്‍.യു സിനിമാ പഠന വിഭാഗം മുന്‍ പ്രഫസര്‍ ഇറ ഭാസ്‌കര്‍ ഇതേക്കുറിച്ച് പറയുന്നത്. സിനിമ കൂടാതെ സംഗീതം, സാഹിത്യം തുടങ്ങിയ മേഖലകളിലും ഈ ശ്രമം നടക്കുന്നുണ്ടെന്നും ഇറ ചൂണ്ടിക്കാട്ടുന്നു. പ്രൊപ്പഗണ്ട സിനിമാ ട്രെന്‍ഡ് പുതിയതല്ലെന്നും 2014ന് ശേഷം ഇത് വര്‍ധിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. 'കാലാകാലങ്ങളായി തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം സിനിമകള്‍ ഇറങ്ങാറുണ്ട്. ഇപ്പോഴത് ഏകപക്ഷീയവും വന്‍തോതിലും ആയിട്ടുണ്ടെന്ന് മാത്രം'-ഇറ ഭാസ്‌കര്‍ പറഞ്ഞു.

ഒളിച്ചുകടത്തുന്ന ഇസ്‌ലാമോഫോബിയ

നാമിതുവരെ പറഞ്ഞത് പ്രത്യക്ഷത്തില്‍തന്നെ പ്രൊപ്പഗണ്ട എന്ന് വിധിയെഴുതാവുന്ന സിനിമകളെക്കുറിച്ചാണ്. എന്നാല്‍, ബോളിവുഡിന്റെ മുഖ്യധാരയില്‍ കാലാകാലങ്ങളില്‍ ഉണ്ടായിരുന്ന ഇസ്‌ലാമോഫോബിക് സിനിമകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന 2014ന് ശേഷം ഉണ്ടായിട്ടുണ്ട്. വമ്പന്‍ പ്രൊഡക്ഷനുകളുടെ പിന്തുണയില്‍ വന്‍ താരനിരയോടെയാണ് ഇത്തരം സിനിമകള്‍ എത്തുന്നത്. പ്രത്യക്ഷത്തില്‍ ഇസ്‌ലാം വിരുദ്ധത തോന്നിക്കാത്ത ഈ സിനിമകളുടെ മുഖ്യ പ്രമേയം തീവ്രവാദമോ മുഗള്‍ ഭരണമോ ആയിരിക്കും. വെബ് സീരീസീകളും ഈ ദുരാചാരത്തില്‍നിന്ന് മുക്തമല്ല. 2024ല്‍ പുറത്തിറങ്ങിയ രോഹിത് ഷെട്ടി സീരീസായ 'ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ്' ഇങ്ങിനെയുള്ള ഉത്പന്നങ്ങളില്‍ അവസാനത്തേതാണ്. സൈന്യത്തിന്റേയും രഹസ്യാന്വേഷണ ഏജന്‍സികളുടേയും വീരകഥകള്‍ എന്നും ദേശീയത ഊട്ടിയുറപ്പിക്കാനുള്ള വഴികളിലൊന്നാണ്. യാതൊരു തെളിവും ഇല്ലാത്ത ഇത്തരം കഥകളാണിന്ന് സിനിമകളായി പ്രേക്ഷകന് മുന്നിലെത്തുന്നത്. കണ്ട് കയ്യടിച്ചില്ലെങ്കില്‍ രാജ്യദ്രോഹിവരെയാകാവുന്നതിനാല്‍ വിമര്‍ശനംതന്നെ അസാധ്യമാകുന്ന അവസ്ഥയും ഉണ്ട്.

ആയുധങ്ങളാകുന്ന പുരസ്‌കാരങ്ങള്‍

ഹിന്ദുത്വ വാദികള്‍ സിനിമാ മേഖലയെ നിന്ത്രിക്കാനും കലാകാരന്മാരെ പ്രലോഭിപ്പിക്കാനും ഉപയോഗിക്കുന്ന പ്രധാന ടൂളുകളില്‍ ഒന്നാണ് പുരസ്‌കാരങ്ങള്‍. ദേശീയ, സംസ്ഥാന സിനിമാ അവാര്‍ഡുകളും പദ്മ പുരസ്‌കാരങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. മോദി അധികാരത്തില്‍ വന്നശേഷമുള്ള സിനിമാ പുരസ്‌കാരങ്ങളുടെ നിലവാരം എടുത്തുനോക്കിയാല്‍ ഈ പ്രലോഭന രാഷ്ട്രീയം മനസിലാകും. 2015ല്‍ ബാഹുബലിയാണ് രാജ്യത്തെ മികച്ച സിനിമയായത്. തുടര്‍ന്നിങ്ങോട്ട് ഹിന്ദുത്വ വാദികളുടെ താല്‍പര്യങ്ങള്‍ ഏറിയും കുറഞ്ഞും ദേശീയപുരസ്‌കാരത്തെ സ്വാധീനിച്ചുകൊണ്ടിരുന്നു. പില്‍ക്കാലത്ത് ഹിന്ദുത്വയുടെ സാംസ്‌കാരിക നായകന്മാരായ വിപുല്‍ അമൃതലാല്‍ ഷാ, പ്രിയദര്‍ശന്‍, കങ്കണ രണാവത്, വിവേക് അഗിനിഹോത്രി, അക്ഷയ്കുമാര്‍, അനുപം ഖേര്‍ തുടങ്ങിയവരൊക്കെ ഉയര്‍ന്നുവരുന്നത് ദേശീയപുരസ്‌കാര മാഫിയയുടെ ഭാഗമായാണ്. പുഷ്പയെന്ന ഭേദപ്പെട്ട കൊമേഴ്‌സ്യല്‍ സിനിമയിലൂടെ അല്ലുഅര്‍ജുന്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടുന്നതൊക്കെ നാം കണ്ടതും ഇക്കാലത്താണ്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹവും കശ്മീര്‍ ഫയല്‍സുമൊക്കെ പുരസ്‌കാര പട്ടികയില്‍ ഇടംപിടിച്ചു. ഇക്കാലയളവിലുടനീളം പദ്മ പുരസ്‌കാരങ്ങളുടെ ദാസ്യവത്കരണവും മോദി സര്‍ക്കാര്‍ നടപ്പാക്കി. തങ്ങള്‍ക്ക് വിടുപണിചെയ്യുന്ന, തങ്ങളുടെ വിചിത്രമായ ശാസ്ത്രവാദങ്ങളുടെ പ്രചാരകരായ ആളുകള്‍ക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതികള്‍ വാരിക്കോരി നല്‍കുന്നുണ്ടായിരുന്നു.

പടരുന്ന ഇസ്‌ലാമോഫോബിയ

സംഘ്പരിവാര്‍ ആലകളില്‍ മെനഞ്ഞെടുക്കുന്ന എല്ലാ സാംസ്‌കാരിക ഉല്‍പന്നങ്ങളും ആത്യന്തികമായി പരത്തുന്നത് ഇസ്‌ലാം ഭീതിയും വെറുപ്പുമാണ്. സിനിമയെന്ന 20-ാം നൂറ്റാണ്ടിന്റെ കലയെ ആയുധവത്കരിക്കുകയാണ് ഇപ്പോള്‍ ഹിന്ദുത്വര്‍ ഇന്ത്യയില്‍ ചെയ്യുന്നത്. ജര്‍മനിയിലെ നാസിസത്തെ മുഴത്തിന് മുഴവും ചാണിന് ചാണും അനുകരിച്ച് മുന്നേറുള്ള ഇന്ത്യന്‍ ഫാഷിസം പലപ്പോഴും വിസ്മയം ഉണര്‍ത്തുന്ന കാഴ്ച്ചയാണ്. അതിലും വിസ്മയം ഉണ്ടാക്കുന്നത് അന്നത്തെപ്പോലെ ഇന്നും ഫാഷിസത്തിന്റെ വഴികളെക്കുറിച്ചുള്ള പൊതുബോധത്തിന്റെ അജ്ഞതയാണ്. ഏത്കാലത്തും കലയും കലാകാരന്മാരും ഒരുപരിധിവരെ വെറുപ്പുകളില്‍നിന്ന് മുക്തരായിരുന്നു. കലാകാരനാകാനുള്ള പ്രാഥമിക യോഗ്യതപോലും സാര്‍വലൗകികമായ മാനവികതയായിരുന്നു. പ്രലോഭനങ്ങളും പണക്കൊഴുപ്പുംകൊണ്ട് ഇന്ത്യന്‍ ഫാഷിസം ഒരുവിഭാഗം കലാകാരന്മാരെ തങ്ങളുടെ ആലയത്തില്‍ എത്തിച്ചിരിക്കുന്നു. കാര്യമായ ചെറുത്തുനില്‍പ്പ് ഇതിനെതിരേ ഉണ്ടായില്ലെങ്കില്‍ തിരശ്ശീലയിലെ അജൈവ ദൃശ്യങ്ങളും വാക്കുകളും തെരുവില്‍ തീപടര്‍ത്തുന്നതിന് കാരണമാകുന്ന കാലം വിദൂരമല്ല.

സ്വതന്ത്ര വീര്‍ സവര്‍ക്കര്‍, മേം അടല്‍ ഹൂ, പി.എം നരേന്ദ്ര മോദി, റസാക്കര്‍, ജെ.എന്‍.യു: ജഹാങ്കീര്‍ നാഷനല്‍ യൂനിവേഴ്‌സിറ്റി, ദ കേരള സ്‌റ്റോറി, ബസ്തര്‍: ദ നക്‌സല്‍ സ്‌റ്റോറി, കേരള സ്‌റ്റോറി, യാമി ഗൗതം, പ്രിയ മണി, ജെ.എന്‍.യു: ജഹാങ്കീര്‍ നാഷനല്‍ യൂണിവേഴ്‌സിറ്റി, ആര്‍ട്ടിക്കിള്‍ 370, ദ കാശ്മീര്‍ ഫയല്‍സ്, ആക്‌സിഡന്റല്‍ ഓര്‍ കോണ്‍സ്പിറസി:ഗോധ്ര, ടിപ്പു, ആഖിര്‍ പാലായന്‍ കബ്തക്, വണ്‍നേഷന്‍, പ്രിയദര്‍ശന്‍, ഭഗവധ്വജ്, ബാഹുബലി, ആര്‍.ആര്‍.ആര്‍, രാജമൗലി, വിജയേന്ദ്ര പ്രസാദ്, രാമജന്മഭൂമി, ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ്, വിപുല്‍ അമൃതലാല്‍ ഷാ, പ്രിയദര്‍ശന്‍, കങ്കണ രണാവത്, വിവേക് അഗിനിഹോത്രി, അക്ഷയ്കുമാര്‍, അനുപം ഖേര്‍

Razakar, Swatantra Veer Savarkar, Main Atal Hoon, PM Narendra Modi, Jahangir National University - JNU, Article 370, Bastar The Naxal Story, kerala story, The Kashmir Files, 72 Hoorain, Accident or Conspiracy: Godhra, Aakhir Palaayan Kab Tak, One Nation RSS Web Series, The Kashmir Files’ director Vivek Agnihotri and five other national award-winning directors. Additionally, these directors include Priydarshan, Dr. Chandra Prakash Dwivedi, John Mathew Mathan, Maju Bohra, and Sanjay Puran Singh Chauhan.

TAGS :