Quantcast
MediaOne Logo

മാപ്പിളയെന്ന 'കലാപവസ്തു'

ഏറനാടന്‍, വള്ളുവനാടന്‍ മാപ്പിളമാരെയും അവരുടെ സ്വഭാവത്തെയും മറ്റുള്ള മാപ്പിളമാരില്‍ നിന്നും ഹിച്ച്കോക്ക് തരംതിരിക്കുന്നത് അടിമജാതിയില്‍ നിന്ന്/അവര്‍ണ്ണരില്‍ നിന്ന് ഇസ്‌ലാമിലേക്ക് വന്നവര്‍, സവര്‍ണരില്‍നിന്ന് ഇസ്‌ലാമിലേക്ക് വന്നവര്‍ എന്നതിന്റെ അടിസ്ഥാനത്തിലാണ്. വടക്കുള്ളവരെ അപേക്ഷിച്ച് ഏറനാടന്‍-വള്ളുവനാടന്‍ മാപ്പിളമാരുടെ അഥവാ, തെക്കെ മലബാറിലെ മാപ്പിളമാരുടെ അക്രമാസക്തിക്ക് അടിസ്ഥാന കാരണമായി ഹിച്ച്‌കോക്ക് നിര്‍ദേശിക്കുന്നത് അവരുടെ വംശ ഗുണമാണ്. 'ലിബറല്‍ ഗാന്ധിയും' 'ഫനാറ്റിക് മാപ്പിളയും': ഭാഗം - 06

മാപ്പിളയെന്ന കലാപവസ്തു
X
Listen to this Article

കൊളോണിയല്‍ ഭരണകൂടത്തിന്റെ അപര നിര്‍മാണ വൈദഗ്ധ്യത്തിന് മകുടം ചാര്‍ത്തുന്ന വിധത്തിലാണ് 1921 മലബാര്‍ സമരകാലത്ത് സൗത്ത് മലബാര്‍ പൊലീസ് സൂപ്രണ്ടായിരുന്ന ആര്‍.എച്ച് ഹിച്ച്‌കോക്ക് മാപ്പിളമാരുടെ സ്വഭാവചിത്രീകരണം നടത്തിയത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായിരുന്നു അദ്ദേഹത്തിന്റെ ചരിത്രപഠനം. വടക്കെ മലബാറിലെ മാപ്പിളമാരെ അപേക്ഷിച്ച് തെക്കേ മലബാറിലെ മാപ്പിളമാര്‍ എന്തുകൊണ്ടാണ് ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപാസക്തരായത് എന്ന പ്രശ്‌നത്തിനുത്തരം കണ്ടെത്തുകയെന്നതായിരുന്നു ഹിച്ച് കോക്കിന്റെ പഠനങ്ങളുടെ പ്രധാന ഉദ്ദേശം.64 മാപ്പിളമാരെകുറിച്ച് ബ്രിട്ടീഷുദ്യോഗസ്ഥര്‍ മുന്‍കാലങ്ങളില്‍ നടത്തിയിട്ടുള്ള പഠനങ്ങളെയും നിഗമനങ്ങളെയും ആശ്രയിച്ചു കൊണ്ടാണ് ഹിച്ച്‌കോക്ക് തന്റെ ദൗത്യം പൂര്‍ത്തിയാക്കിയത്. എങ്കിലും അദ്ദേഹം ചെന്നെത്തുന്ന ചില നിഗമനങ്ങള്‍ മറ്റുള്ളവരില്‍ നിന്നും മൗലികമായി വേറിട്ടു നില്‍ക്കുന്നത്് ശ്രദ്ധേയമാണ്. ഒന്നാമതായി, ഏറനാടന്‍, വള്ളുവനാടന്‍ മാപ്പിളമാരെയും അവരുടെ സ്വഭാവത്തെയും മറ്റുള്ള മാപ്പിളമാരില്‍ നിന്നും ഹിച്ച് കോക്ക് തരംതിരിക്കുന്നത് അടിമജാതിയില്‍ നിന്ന്/അവര്‍ണ്ണരില്‍ നിന്ന് ഇസ്‌ലാമിലേക്ക് വന്നവര്‍, സവര്‍ണരില്‍നിന്ന് ഇസ്‌ലാമിലേക്ക് വന്നവര്‍ എന്നതിന്റെ അടിസ്ഥാനത്തിലാണ്. വടക്കുള്ളവരെ അപേക്ഷിച്ച് ഏറനാടന്‍-വള്ളുവനാടന്‍ മാപ്പിളമാരുടെ അഥവാ, തെക്കെ മലബാറിലെ മാപ്പിളമാരുടെ അക്രമാസക്തിക്ക് അടിസ്ഥാന കാരണമായി ഹിച്ച്‌കോക്ക് നിര്‍ദേശിക്കുന്നത് അവരുടെ വംശ ഗുണമാണ്.


ഉണ്ണിമൂസ്സയെയും അത്തന്‍ ഗുരുക്കളെയും അടിച്ചൊതുക്കിയതിന് ശേഷം നിലവില്‍ വന്ന സമാധാന കാലഘട്ടത്തെകുറിച്ചുള്ള ഹിച്ച്‌കോക്കിന്റെ വിവരണത്തില്‍ ഈ ചെറുമ വംശഗുണം എന്ന പരാമര്‍ശം കടന്നുവരുന്നുണ്ട്. 'കൊള്ളക്കാരായ നേതാക്കള്‍ മരിച്ചു; ഏത് കുഴപ്പങ്ങളെയും അടിച്ചൊതുക്കാന്‍ ക്യാപ്റ്റന്‍ വാട്ട്‌സന്റെ പൊലീസുണ്ടായിരുന്നു. ഏറനാട്ടിലെ ഹിന്ദുക്കള്‍ക്ക് അതുമൂലം അവരുടെ നഷ്ടപ്പെട്ട അന്തസ്സ് തിരിച്ചുകിട്ടി. എന്നാല്‍, നിര്‍ഭാഗ്യവാന്മാരായ മാപ്പിളമാര്‍ കഷ്ടത്തിലായി. ഹിന്ദുജന വിഭാഗങ്ങളിലെ കൊള്ളരുതാത്തവരെക്കൊണ്ട് അവര്‍ക്കുണ്ടായ എണ്ണത്തിലുള്ള വര്‍ധനയും ഭൂസ്വത്തില്ലാത്തതിനാല്‍ മറ്റുള്ളവരുടെ ഭൂസ്വത്ത് കവര്‍ന്നെടുക്കുന്നതുമെല്ലാം ബലം പ്രയോഗിച്ച് നിര്‍ത്തലാക്കിയതോടെ അവരുടെ ഉപജീവനമാര്‍ഗം വിഷമകരമായിത്തീര്‍ന്നിട്ടുണ്ടായിരിക്കണം. എന്നിരുന്നാലും എല്ലാം സഹിച്ചുകൊണ്ട് അരിഷ്ഠിച്ച് ജീവിക്കുന്ന സ്വഭാവത്തിന് അവന്‍ ഭാഗികമായി അവന്റെ രക്തത്തിലോടുന്ന ചെറുമന്റെ വംശഗുണത്തോടു കടപ്പെട്ടിരിക്കുന്നു65 വെന്ന ഹിച്ച്‌കോക്കിന്റെ വിവരണത്തില്‍ വംശഗുണത്തിന് ഊന്നല്‍ നല്‍കിയിരിക്കുന്നു. ചെറുമരെ കുറിച്ചുള്ള ലോഗന്റെ വിവരണത്തില്‍ ഈ വംശഗുണം കടന്നുവരുന്നില്ല എന്നത് ശ്രദ്ധേയമാണ്. നായന്മാരുടെ വാഴ്ചയിലേക്ക് വഴുതിവീഴുന്നതിന് മുമ്പ് ഇവിടത്തെ ആദിമനിവാസികള്‍ ഈ വര്‍ഗമായിരുന്നുവെന്നനുമാനിക്കുന്നതില്‍ തെറ്റില്ല. ചെറുമര്‍ എന്നത് 'ചെറു' എന്ന വാക്കിന്റെ തല്‍ ഭാവമാണ്. രൂപത്തിലും ഇക്കൂട്ടര്‍ ചെറുതാണ്. ശരീരപ്രകൃതിയും വളര്‍ച്ചയും മറ്റെന്തിനെക്കാള്‍ ആശ്രയിച്ചിരിക്കുന്നത് കഴിക്കുന്ന ആഹാരത്തെയാണല്ലോ. നിരവധി നൂറ്റാണ്ടുകളായി ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട ഭക്ഷണം മാത്രം യജമാനവര്‍ഗം എറിഞ്ഞു കൊടുക്കുന്നത് വാങ്ങികഴിച്ച് ജീവിക്കുന്ന ഈ അടിയാള (അടിമ) സമുദായം ശരീരപ്രകൃതംകൊണ്ട് കൊച്ചു മനുഷ്യരായി മാറിയതില്‍ അസാംഗത്യമില്ല. ചരിത്രപരമായ വസ്തുതകളെ സംബന്ധിച്ച് ഹൈന്ദവചിന്താരീതി ഉപരിപ്ലവമാണെന്ന് ഇവിടെചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ട്. ശരീരപ്രകൃതിമൂലം ചെറിയവരായതുകൊണ്ട് മാത്രമാണ് 'ചെറുമര്‍' അങ്ങനെ വിളിക്കപ്പെടാന്‍ ഇടയായത് എന്ന് മനസ്സാക്ഷിയുള്ള ഏത് ഹൈന്ദവനും സമ്മതിക്കും66 എന്നാണ് ലോഗന്‍ നിരീക്ഷിക്കുന്നത്. മാപ്പിളമാരെകുറിച്ചുള്ള ബുക്കാനന്റെ വിവരണങ്ങളും ചെറുമരക്തത്തിന്റെ വംശഗുണത്തെക്കുറിച്ച് പ്രത്യേക പരാമശങ്ങളൊന്നും സന്നിഹിതമില്ല.

1881 ഫെബ്രുവരി മുതല്‍ 1882 ജൂണ്‍വരെയുള്ള കാലയളവില്‍ മലബാര്‍ ജില്ലാകലക്ടറായിരുന്ന വില്യം ലോഗന്‍ (William Logan) നടത്തിയ വസ്തുതാന്വേഷണ പഠനങ്ങളില്‍ ബുക്കാനന്റെയും ടി.എല്‍ സ്‌ട്രേഞ്ചിന്റെയും മാപ്പിളമാരെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ പരാമര്‍ശ വിഷയമാണെങ്കിലും അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ വ്യത്യസ്തമാണ്. ബ്രിട്ടീഷധികാരികള്‍, ജന്മിയുടെ യഥാര്‍ഥ പദവിയെ പറ്റി തെറ്റിദ്ധരിക്കുകയും റോമന്‍ കീഴ്‌വഴക്കത്തിന്റെ ചുവടുപിടിച്ച്, ജന്മിയെന്നാല്‍ മണ്ണിന്റെ ഉടമയാണെന്ന് തെറ്റായി പരിഗണിച്ചു ആനിലക്കുള്ള അധികാരാവകാശങ്ങള്‍ അയാളില്‍ നിക്ഷിപ്തമാക്കുകയും ചെയ്തതാണ് മലബാറിലെ ജന്മിക്കുടിയാന്‍ താല്‍പര്യസംഘട്ടനങ്ങളുടെ അടിസ്ഥാന കാരണമെന്നാണ് ലോഗന്റെ നിഗമനം. 1836ല്‍ നടന്ന ആദ്യത്തെ മാപ്പിളലഹളയുടെ പാശ്ചാത്തലമായി ലോഗന്‍ വിവരിക്കുന്നത്, 1832നടുത്ത് ഉല്‍പന്നങ്ങളുടെ വിലയിലുണ്ടായ വര്‍ധനവുകാരണം ഇതിന് മുമ്പില്ലാത്ത വിധം കൃഷിയില്‍നിന്നുള്ള ലാഭത്തിന്റെ തോതു വര്‍ധിക്കുകയും അതനുസരിച്ച് ഉയര്‍ന്ന ലാഭം പങ്കുവയ്ക്കുന്നതിനെക്കുറിച്ച് ജന്മിയും കൃഷിക്കാരനും തമ്മിലുള്ള ഉരസലുകള്‍ വര്‍ധിക്കുകയും ചെയ്തതാണ്. ജന്മിയാവട്ടെ മണ്ണിന്റെ പരമാധികാരം തനിക്കാണെന്ന റോമന്‍ സങ്കല്‍പം കോടതികള്‍ ശരിവച്ചത് കാരണം വഴങ്ങിക്കൊടുക്കാന്‍ വിസമ്മതിച്ച കൃഷിക്കാരെ കൂട്ടത്തോടെ ഒഴിപ്പിക്കാനും തുടങ്ങി. ഇതിന് ശേഷമാണ് അസംതൃപ്തരായ കൃഷിക്കാരില്‍ അസ്വസ്ഥതകള്‍ ഉടലെടുത്തത് എന്നാണ് ലോഗന്‍ നിരീക്ഷിക്കുന്നത്.67 അതായത് ടിപ്പുസുല്‍ത്താനില്‍ നിന്നും ബ്രിട്ടീഷുകാര്‍ മലബാര്‍ പിടിച്ചെടുത്തതിന് ശേഷം (1792) 1800ല്‍ അത്തന്‍ ഗുരുക്കള്‍, ചെമ്പന്‍ പോക്കര്‍, ഉണ്ണിമൂസ്സ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചെറുത്തുനില്‍പ്പുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ താരതമ്യേന ശാന്തമായിരുന്ന മലബാറില്‍ 1836 മുതല്‍ക്ക് കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിന്റെ മൂലകാരണമായി ലോഗന്‍ കണ്ടെത്തുന്നത്, 'ബ്രിട്ടീഷ് കോടതികളുടെ അനുവാദത്തോടെ കുടിയാന്മാരെ ഒഴിപ്പിക്കാനും റവന്യൂ പിരിപ്പിക്കാനും തങ്ങള്‍ക്ക് സിദ്ധമായ അധികാരങ്ങള്‍ ജന്മിമാര്‍ കണ്ടമാനം ദുരുപയോഗം ചെയ്തതിനെ ചെറുക്കാനുള്ള ശ്രമമാണ് മാപ്പിള അതിക്രമങ്ങള്‍ക്ക് പിന്നിലെ പ്രധാന പ്രേരകശക്തിയെന്ന വസ്തുതയാണ്. ഇതിനുപോല്‍ബലകമായി, 1851 ആഗസ്റ്റ് 22ന് നടന്ന ആദ്യത്തെ കുളത്തൂര്‍ മാപ്പിളലഹളയെസംബന്ധിച്ച് മി. കൊള്ളറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗം ലോഗന്‍ ഉദ്ധരിക്കുന്നു. 'ഒരു ജന്മി സാമാന്യം നല്ല നിലയില്‍ കഴിഞ്ഞുകൂടുന്ന ഒരു കുടിയാനെതിരായി കോടതി വിധിയുടെ ബലത്തില്‍ ന്യായമോ അന്യായമോ ആയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഒഴിപ്പിക്കല്‍ നടപടി കൈക്കൊള്ളുമ്പോള്‍ ആ കുടിയാന്‍ ധരിക്കുന്നത് അത്തരമൊരു ജന്മിയെ കൊല്ലേണ്ടത് തന്റെ മതപരമായ വിശ്വാസങ്ങളുടെ നീതീകരണമാണ്, മറിച്ച് നിഷേധമല്ല എന്നത്രേ. ജന്മിയെ കൊലചെയ്യുന്നതിനോടൊപ്പം സ്വയം പൊരുതിമരിക്കുന്നതിനെയും കുടിയാന്‍ ന്യായീകരിക്കുന്നത് ഇതേ മാനദണ്ഡംവെച്ചാണ്.'68 ബ്രിട്ടീഷ് ഭരണനയങ്ങളുടെ വൈകല്യങ്ങളുടെ ഫലമായി സംജാതമായ സാമ്പത്തികവും രാഷ്ട്രീയവുമായ തിക്താനുഭവങ്ങളുടെ സമ്മര്‍ദമാണ് മാപ്പിളമാരില്‍ മതാവേശം ആളിക്കത്തിച്ചത് എന്നാണ് ലോഗന്റെ വാദം. മാപ്പിളമാരുടെ വര്‍ഗപാശ്ചാത്തലത്തെ നിര്‍ണ്ണായക ഘടകമായി പരിഗണിക്കുന്നുവെന്നതാണ് ലോഗന്റെ നിരീക്ഷണങ്ങളുടെ പ്രധാന സവിശേഷത. അതേസമയം ഹിച്ച്‌കോക്കിന്റെ വിശകലനത്തില്‍ വംശഘടകങ്ങള്‍ക്കാണ് മുന്‍ഗണനല്‍കുന്നത്. മാപ്പിളമാരുടെ ദാരിദ്ര്യവും ദയനീയാവസ്ഥയും യാഥാഥ്യമാണെങ്കിലും മതഭ്രാന്തിന്റെ അടിസ്ഥാനകാരണം ഈയവസ്ഥയല്ലെന്നും മറിച്ച് മതഭ്രാന്തിന് ന്യായീകരണം കണ്ടെത്താന്‍ വേണ്ടിമാത്രം (രക്തസാക്ഷിത്വം വരിച്ച് സ്വര്‍ഗം പുല്‍കുക എന്ന ഉദ്ദേശം) ഈ ദുരിതാവസ്ഥയെ മറയാക്കുകയാണെന്നുമുള്ള സര്‍ ഹെന്‍ട്രിവിന്റര്‍ ബോതമി (Sir Henry Winter Botham) ന്റെ അഭിപ്രായത്തോട് ഹിച്ച്‌കോക്ക് യോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്.


1836 ന് ശേഷമുണ്ടായ ഏറ്റവും വലിയ കലാപം എന്ന് വിശേഷിപ്പിക്കപ്പെടുന്ന 1896ലെ കലാപത്തില്‍ പങ്കെടുത്ത ഒരു മാപ്പിളയുടെ പ്രസ്താവത്തെ പുരസ്‌കരിച്ച് സര്‍ ഹെന്‍ട്രി വിന്റര്‍ ബോതമിന്റെ നിഗമനങ്ങളെ ഹിച്ച്‌കോക്ക് മുഖവിലക്കെടുക്കുന്നുവെന്ന് അനുമാനിക്കാവുന്നതാണ്, ജന്മികുടിയാന്‍ ബന്ധങ്ങളിലെ തകരാറുകള്‍ പരിഹരിക്കാനുള്ള നിയമനിര്‍മാണങ്ങള്‍കൊണ്ട് മാപ്പിളമാരുടെ മതഭ്രാന്ത് പരിഹരിക്കാനാവില്ല എന്നാണ് വിന്റര്‍ ബോതം ചെന്നെത്തുന്ന അന്തിമ നിഗമനം.69

വില്യംലോഗന്റെ മലബാര്‍ മാന്വലില്‍ വിവരിക്കുന്ന അവസാനത്തെ മാപ്പിള ഉയിര്‍ത്തെഴുന്നേല്‍പ് 1885 ആഗസ്റ്റ് 11ന് നടന്ന കൃഷ്ണ പിഷാരടി എന്ന ജന്മിയുടെ നേര്‍ക്ക് നടന്ന ആക്രമണമാണ്. അതിനെകുറിച്ചുള്ള ലോഗന്റെ വിവരണവും നിഗമനങ്ങളും ഇപ്രകാരം സംഗ്രഹിച്ചിരിക്കുന്നു. '1880 സപ്തംബര്‍ 9ലെ അതിക്രമങ്ങളോടനുബന്ധിച്ച് പരാമര്‍ശിക്കപ്പെട്ട കൃഷ്ണപിഷാരടിയുടെ വീട്ടില്‍ ഉണ്ണിമമ്മദ് എന്ന് പേരായ ഒരു മാപ്പിള നെല്ലുവാങ്ങാനെന്നപേരില്‍ 1885- ആഗസ്റ്റ് 11ന് കാലത്ത് ചെന്നുകയറി. പിഷാരടി ആ സമയത്ത് കുളിക്കാന്‍ എണ്ണ തേച്ചു നില്‍പായിരുന്നു. വേലക്കാരുടെ കണ്ണുവെട്ടിച്ച് അകത്ത് കയറിയ മാപ്പിള, കൈയില്‍ ഒളിപ്പിച്ചു വച്ചിരുന്ന കൊടുവാള്‍ പുറത്തെടുത്ത് പിഷാരടിയുടെ നേര്‍ക്ക് ആഞ്ഞുവെട്ടി. പിഷാരടി തല്‍ക്ഷണം മരിച്ചുവീണു. അക്രമിയെ ഉടന്‍ വേലക്കാര്‍ പിടിച്ചുകെട്ടി. തുടര്‍ന്നു നടന്ന വിചാരണയില്‍ ഉണ്ണി മമ്മതിനെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. രക്തസാക്ഷിത്വം വരിക്കുകയാണ് തന്റെ സാഹസികകൃത്യങ്ങളുടെ ഉദ്ദേശമെന്ന് വിചാരണ വേളയില്‍ പലതവണ അയാള്‍ പറഞ്ഞിരുന്നുവെങ്കിലും ശത്രുവിനോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിക്കാന്‍ സൗകര്യം ലഭിച്ചില്ല. സത്യം മറ്റൊന്നായിരുന്നു. വധിക്കപ്പെട്ട പിഷാരടി അയര്‍ലണ്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ഭൂമി വിഴുങ്ങി' യായിരുന്നു, തങ്ങളുടെ ഭൂമി പിഷാരടി വിഴുങ്ങുമെന്ന് മനസ്സിലാക്കിയ കൃഷിക്കാരായ മാപ്പിളമാര്‍ ഉണ്ണിമമ്മതിനെ ഒരുപകരണമാക്കി മാറ്റുകയാണുണ്ടായത്. ഇതേ രീതിയിലുള്ള അക്രമാസക്തമായ മതാവേശചെയ്തികള്‍ പൊട്ടി വളരുന്നത് അതിന് പറ്റിയ വളക്കൂറുള്ള മണ്ണിലാണ്. ജനങ്ങള്‍ ദരിദ്രരും അസംതൃപ്തരുമാവുമ്പോള്‍ അക്രമപരമായ മറ്റു കൃത്യങ്ങളെ പോലെ മതപ്രക്ഷോഭങ്ങളും അക്രമാസക്തമായി മാറുന്നു. ഭൂവുടമ സമ്പ്രദായത്തിന് കീഴില്‍ കൃഷി ഉപജീവനമാക്കി മണ്ണില്‍ പണിചെയ്യുന്ന കര്‍ഷകര്‍ അനുഭവിക്കുന്ന ഗുരുതരമായ അരക്ഷിതത്വബോധമാണ് അവരുടെ ദുസ്ഥിതിക്കും അസംതൃപ്തിക്കും അടിയിലുള്ള പ്രധാന വസ്തുത. അവരുടെ അവശതകള്‍ പരിഹരിക്കണമെങ്കില്‍, കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് അവര്‍ ഏത് ഉപവിഭാഗകത്തില്‍ പെട്ടവരായിക്കൊള്ളട്ടെ, സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഉതകുന്ന നിയമനടപടികള്‍ വേണം. സുസ്ഥിരമായ കുടികിടപ്പും സുനിശ്ചിതമായ വരുമാനവും ഉത്സാഹശീലരും അധ്വാനശാലികളുമായ കൃഷിക്കാര്‍ക്ക് - ഇക്കാര്യത്തില്‍ മാപ്പിളമാരെ കവച്ചുവെക്കുന്ന മറ്റു ജനവിഭാഗങ്ങള്‍ ഇല്ലെന്ന് പറയാം- ഒരു ഔദാര്യമെന്ന നിലക്കല്ല, മറിച്ച്, ഒരവകാശമായി ലഭ്യമാക്കുമെന്ന ഉറപ്പുണ്ടാക്കാന്‍ കഴിഞ്ഞാല്‍, മതഭ്രാന്തും തജ്ജന്യമായ അക്രമപ്രവര്‍ത്തനങ്ങളും താനെ കെട്ടടങ്ങിക്കൊള്ളും.70 മലബാര്‍ സ്‌പെഷല്‍ കമ്മീഷണര്‍ മി. സ്‌ട്രേഞ്ച് അനുവര്‍ത്തിച്ച അടിച്ചമര്‍ത്തല്‍ നയം (മര്‍ദനനയം) തീര്‍ത്തും പരാജയപ്പെട്ടുവെന്നും ലോഗന്‍ ഇതിനനുബന്ധമായി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.


ലോഗന്റെ തൊട്ടുമുമ്പ് മലബാര്‍ കലക്ടറായിരുന്ന മാക് ഗ്രിഗോറും (Macgregor) മലബാറിലെ ലഹളകളുടെ അടിസ്ഥാന സ്വഭാവം കാര്‍ഷിക പ്രശ്‌നമാണെന്നും ഭൂവുടമ വര്‍ഗത്തിന്റെ ഭീകരതക്കെതിരെയുള്ള ഒരു ഉപകരണം മാത്രമായിരുന്നു മതഭ്രാന്ത് എന്നാണഭിപ്രായപ്പെട്ടത്.71 മാപ്പിള മതഭ്രാന്തിനെ സംബന്ധിച്ച ടി.എല്‍ സ്‌ട്രേഞ്ചിന്റെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ കാലത്തും തുടര്‍ന്നു ബ്രിട്ടീഷുദ്രോഗസ്ഥര്‍ തന്നെ വസ്തുനിഷ്ഠമായി വരച്ചുകാട്ടിയിട്ടുണ്ടെങ്കിലും ബ്രിട്ടീഷ് ഭരണകൂടം മതഭ്രാന്ത് എന്നത് മാപ്പിളമാരുടെ മതത്തിന്റെ ഗുണമാണ് എന്ന നിഗമനത്തിനാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മുന്‍ഗണന നല്‍കിയത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാപ്പിളമാരുടെ മതാവേശത്തെ വംശ/ജാതി ഗുണവുമായി സംയോജിപ്പിക്കപ്പെട്ടു. ഹിച്ച് കോക്കിന്റെ ചരിത്ര വിശകലനത്തില്‍ അവര്‍ണ്ണ മാപ്പിളയും സവര്‍ണ്ണ മാപ്പിളയും എന്ന വര്‍ഗ്ഗീകരണം കടന്നുവരുന്നത് ഒട്ടും യാദൃശ്ചികമല്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഡെന്‍സില്‍ ഇബ്ബെസ്റ്റണ്‍ സ്ഥിരപ്രതിഷ്ഠമാക്കിയ ബ്രാഹ്മണ സിദ്ധാന്ത മാനദണ്ഡങ്ങള്‍ ഇരുപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കിടയില്‍ സ്ഥിര പ്രതിഷ്ഠമായിത്തീര്‍ന്നിതിന്റെ പ്രത്യക്ഷദൃഷ്ടാന്തമാണ് ഹിച്ച്‌കോക്കിന്റെ മാപ്പിള വിശകലനത്തില്‍ തെളിഞ്ഞുകാണുന്നത്. ചെറുമരെ കുറിച്ചുള്ള ലോഗന്റെ വിശകലനത്തില്‍ ഹൈന്ദവ പാരമ്പര്യവിജ്ഞാനത്തെയും ബ്രിട്ടീഷ് ആന്ത്രോപോമെട്രിയെയും ഒരേ പോലെ നിരാകരിക്കുന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, സ്‌ട്രേഞ്ചിന്റെ വാദങ്ങളെയും യുക്തിയുക്തം തള്ളിക്കളയുന്ന ഒരു സമീപനം ലോഗന്‍ സ്വീകരിക്കുന്നുണ്ട്. മാപ്പിളമാരുടെ ഭൂമിക്ക് വേണ്ടിയുള്ള അത്യാര്‍ത്തിയാണ് മതപരിവേഷമിട്ട അക്രമങ്ങള്‍ക്ക് കാരണമെന്ന സ്‌ട്രേഞ്ചി (Strange) ന്റെ വാദത്തെ 'ഭൂമിവിഴുങ്ങികളായ സവര്‍ണ്ണ ഭൂപ്രഭുക്കളെ' ഉദാഹരിച്ചുകൊണ്ട് ഭൂമിക്ക് വേണ്ടിയുള്ള ആര്‍ത്തിയെന്നത് മാപ്പിളമാരുടെ മാത്രം സവിശേഷസ്വഭാവമാണെന്ന സ്‌ട്രേഞ്ചിന്റെ വാദത്തെ ലോഗന്‍ ദുര്‍ബ്ബലമാക്കുന്നുവെന്നുള്ളതും പ്രസ്താവ്യമാണ്.൭൨



മലപ്പുറം വള്ളുവമ്പ്രത്തുണ്ടായിരുന്ന ഹിച്ച്‌കോക്ക് സ്മാരകം

'ഭൂമി വിഴുങ്ങികളായ' ഭൂപ്രഭുക്കള്‍ക്കും ഒറ്റുകാര്‍ക്കുമെതിരെ നടന്ന ആക്രമണങ്ങളും ബ്രിട്ടീഷ് വിരുദ്ധത്തിന്റെ അന്ത്യഘട്ടത്തില്‍ ചിലയിടങ്ങളില്‍ നടന്ന 'നിര്‍ബന്ധിത മതപരിവര്‍ത്തന'ങ്ങളും (അത് തന്നെ വിവാദപരമാണ്) ആണ് മാപ്പിളമാര്‍ക്കെതിരെയുള്ള 'കുറ്റപത്ര'ത്തിലെ പ്രധാന ആരോപണങ്ങള്‍.

64:R.H.HitchCock,Peasant Revolt In Malabar-1921(reprint,2019),P3,'In order to understand why Mappillas and then only the Mappillas of Eranad shoul again and again be led or driven into disturbing public peace,it is necessary to trace the origin of the Mappillas of Eranad differ from the mappillas in North Malabar and from those in south,for all are sprung from the same source '.

65: HitchCock,ibid,P10,'with his nunumbers largely increased from dregs of the Hindu population and by his own improvident nature in the matter of families ,coupled with the fact that he possessed no property and that his practise of taking the property of others was forcibly stopped ,to find a livelihood must have been most difficult,indeed only possible in a district so favoured as Malabar,and even then only through his own hardy and thrifty habits for which he may have been partly indebted to cheruman strain in his blood'

66 : വില്യം ലോഗന്‍ മലബാര്‍ മാന്വല്‍ 1887 (മാതൃഭൂമി, വിവര്‍ത്തനം, ടി വി കൃഷ്ണന്‍) P 151

67: ലോഗന്‍, അതേ പുസ്തകം, പുറം 636 Conrad wood states that even prof Dale agrees with Logan's observation.'As professor Dale himself has pointed out ,the violence of moplah under British rule represents'a response to a new economic and political context created by the British ,p5'(The Moplah rebellion and its Genesis,Conrad wood,pp 61)

68: ലോഗന്‍, അതേ പുസ്തകം, പുറം 638

69: HitchCock,'It must not be misunderstood as suggesting that the landlord-tenant difficulty in Malabar is not still a burning question.I confine myself to reluctantly expressing my opinion that outbreaks like this the last spring from a fanaticism which land lord-tenant legislation cannot cure.....so long as pauper mappillas abound within the outbreak zone some pretext or the other outbreak will always be forthcoming when wanted'(cited winterbotham)

70: ലോഗന്‍, ibid,p 638

71:S.F Dale,Islamic society on the south asian frontier-1498-1922,P169'MacGregor,the previous collector wrote:As to the essential nature of Malabar outrages i am perfectly satisfied that they are agrarian.Fanaticism is merely the instrument through which the terrorism of the landed class is aimed at.

72: ലോഗന്‍, ibid, 644

TAGS :