Quantcast
MediaOne Logo

യു. ഷൈജു

Published: 1 Oct 2024 6:13 AM GMT

അന്തര്‍ധാരയല്ല, തുറന്ന ധാരണയാണ്

അടവ് നയമെന്നും പ്രായോഗിക രാഷ്ട്രീയമെന്നും പറഞ്ഞ് അണികള്‍ക്ക് നല്‍കിയ ക്യാപ്‌സൂള്‍ കുറിപ്പടികള്‍ക്കും താങ്ങാനാവാത്ത ധാരണകളുടെ തെളിവുകളാണ് പുറത്തേക്ക് ഒഴുകുന്നത്. കേവലം മൃദുവായ ധാരണകളല്ല അക്ഷരാര്‍ഥത്തില്‍ ഉണ്ടാക്കിയ ധാരണകള്‍.

അന്തര്‍ധാരയല്ല, തുറന്ന ധാരണയാണ്
X

രാഷ്ട്രീയ വിവാദങ്ങളിലെ പ്രധാന പ്രയോഗമാണ് അന്തര്‍ധാര എന്നത്. ശ്രീനിവാസന്റെ സന്ദേശം സിനിമയിലെ മികച്ച സന്ദേശം അതിലെ ചില രാഷ്ട്രീയ പ്രയോഗങ്ങളാണ്. ആ സിനിമയിലെ വാക്കുകള്‍ പലപ്പോഴും കേരള രാഷ്ട്രീയത്തിലെ സത്യങ്ങളുടെ ചില വിളിച്ചു പറച്ചിലുകളാണ്. അതിലെ ഏറ്റവും ഹിറ്റ് വാക്ക് ഏതെന്നു ചോദിച്ചാല്‍ ആ അന്തര്‍ധാര പ്രയോഗം എന്ന് ഏത് രാഷ്ട്രീയ - അരാഷ്ട്രീയ പ്രേക്ഷകനും പറയും. ഈ പ്രയോഗം മുന്‍പും രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് ഇടത് രാഷ്ട്രീയത്തില്‍ പ്രയോഗിക്കുമെങ്കിലും വാക്ക് വാക്കായി മാറിയത് സന്ദേശം സിനിമയിലൂടെയാണ്. ഒരു രാഷ്ട്രീയ ഹാസ്യമായി യാഥാര്‍ഥ്യം വിളിച്ചു പറഞ്ഞ ആ പദം ഇന്ന് ഒരു സത്യമായി ജ്വലിച്ചു നില്‍ക്കുകയാണ്. പരസ്പരമുള്ള ധാരണകളെ അന്തര്‍ധാര സാഹിത്യ ഭാഷ എന്ന് വിളിച്ചു മാറ്റുമെങ്കിലും ധാരണ എന്ന പച്ച മലയാളമാണ് പ്രയോഗിക്കേണ്ടത് എന്ന് സമീപകാല രാഷ്ട്രീയ സംഭവങ്ങള്‍ കാണുമ്പോള്‍ മനസിലാകും.

മൃദു ഹിന്ദുത്വം എന്ന് പറഞ്ഞു അത് കോണ്‍ഗ്രസിന്റെ മേല്‍ വച്ചുകെട്ടി സംഘ് വിരുദ്ധ രാഷ്ട്രീയത്തിന്റെ മിശിഹാമാരായവരാണ് ഇപ്പോള്‍ പുറത്താകുന്ന ധാരണകള്‍ക്കുള്ളില്‍ തെളിഞ്ഞു നില്‍ക്കുന്നത്. അടവ് നയമെന്നും പ്രായോഗിക രാഷ്ട്രീയമെന്നും പറഞ്ഞ് അണികള്‍ക്ക് നല്‍കിയ ക്യാപ്‌സൂള്‍ കുറിപ്പടികള്‍ക്കും താങ്ങാനാവാത്ത ധാരണകളുടെ തെളിവുകളാണ് പുറത്തേക്ക് ഒഴുകുന്നത്. കേവലം മൃദുവായ ധാരണകളല്ല അക്ഷരാര്‍ഥത്തില്‍ ഉണ്ടാക്കിയ ധാരണകള്‍.

2016ല്‍ പിണറായി മന്ത്രിസഭ ചെങ്കോല്‍ ഏന്തിയ ആദ്യനാളിലെ പ്രധാന വിവാദം ഓര്‍ത്ത് നോക്കൂ. ടി.പി സെന്‍കുമാര്‍ (യഥാര്‍ഥ ആര്‍എസ്എസ് എന്ന് ആരും തിരിച്ചറിയാതെ പോയ കാലമെന്നു അദ്ദേഹം തന്നെ പറഞ്ഞ ആ കാലത്ത്) നെ മാറ്റി സംസ്ഥാന പൊലീസിന്റെ തലപ്പത്തേക്ക് ലോക്‌നാഥ് ബെഹറയെ കൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ കണ്ട ഭാവം നടിച്ചില്ല. മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രികൂടി ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന കെപിസിസി അധ്യക്ഷന്റെ അന്നത്തെ പ്രസ്താവന ശ്രദ്ധേയമായിരുന്നു. ദേശീയ അന്വേഷണ വിഭാഗം (എന്‍ഐഎ)യുടെ തലപ്പത്തിരുന്നു ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കുറ്റവിമുക്തനാക്കാന്‍ മുന്നില്‍ നിന്നയാളാണ് ലോക്‌നാഥ് ബെഹറയെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന. മാത്രവുമല്ല, പിണറായി-മോദി ബന്ധത്തിലെ പാലം എന്നും പറഞ്ഞാണ് മുല്ലപ്പള്ളി ആ പ്രസ്താവന നടത്തിയത്. പക്ഷെ, ഇടത് സര്‍ക്കാരിന്റെ സംഘ് വിരുദ്ധ രാഷ്ട്രീയം വിട്ട പൊലീസിനെ വച്ചുള്ള ആദ്യ സര്‍ക്കാര്‍ ധാരണയെന്നു വിശേഷിപ്പിച്ചാല്‍ തെറ്റ് പറയാനാകില്ല. അതുറപ്പിക്കാന്‍ വേറെയും കാരണങ്ങളുണ്ട്. മുഖ്യമന്ത്രി ആയ ശേഷം ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ ദര്‍ശിച്ച ശേഷമായിരുന്നു യോഗ്യത മറികടന്ന ബെഹറയുടെ നിയമനം.

ഭരണം മുന്നോട്ട് നീങ്ങുമ്പോള്‍ സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, എക്സാലോജിക് കേസ്, ലൈഫ് പദ്ധതിയിലെ സമ്പത്തിക ഇടപാടുകള്‍ ഇങ്ങനെ കേന്ദ്രം കയറെടുത്തു നിന്ന എത്രയെത്ര രംഗംങ്ങള്‍. എല്ലാമെന്തായി, ശിവശങ്കരന്‍ എന്ന ഉദ്യോഗസ്ഥ പ്രമുഖനില്‍ തട്ടി മുഖ്യമന്ത്രിയുടെ സവിധത്തിലേക്ക് നീങ്ങേണ്ട കേന്ദ്ര സമ്പത്തിക കുറ്റ്വാന്വഷണ എജന്‍സികള്‍ ക്ലിഫ് ഹൗസ് വാതില്‍ കടന്നില്ല. ധാരണകളുടെ പ്രതിഫലനം എന്ന് അന്നും ആരോപണം ശക്തമായിരുന്നു. കൊടകര കുഴല്‍പണ കേസ് എങ്ങനെ കുഴല്‍ പോലെ ശൂന്യമായി പോയി എന്ന് അന്വേഷിച്ചാലും ധാരണയെന്ന ബോധ്യത്തിലേക്ക് വീഴാം.

തൃശൂരിലെ കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേട് എന്ന കുപ്രസിദ്ധ സംഭവങ്ങള്‍ എടുത്താലോ. സാംസ്‌കാരിക നഗരത്തിന്റെയോ ജില്ലയുടെ പല ഭാഗങ്ങളിലെയോ ഗതാഗതം നിലക്കുന്ന സമര നാടകങ്ങള്‍ നടക്കുമ്പോഴും അണിയറയില്‍ ധാരണ രൂപപ്പെടുന്നു എന്ന് പറഞ്ഞാല്‍ ആര് കുറ്റം പറയും. തൃശൂരില്‍ നിന്ന് കൊച്ചി ഇഡി കേന്ദ്രത്തിലേക്ക് സിപിഐ എം ജില്ലാ സെക്രട്ടറിയടക്കം മാര്‍ച്ച് ചെയ്ത് പകലന്തിയോളം ചോദ്യമുനക്കു മുന്നില്‍ നിന്ന് വിയര്‍ത്തെന്ന് ചാനല്‍ ബ്രേക്കുകളില്‍ മിന്നി മറഞ്ഞപ്പോള്‍ മലയാളി വെറുതെ ശങ്കിച്ചു. എന്നാല്‍, സംഭവിച്ചതോ ലോക്‌സഭ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ എല്ലാം മുന്‍കാല പ്രാബാല്യത്തോടെ നിര്‍ത്തി വച്ചു. ഇപ്പോഴും കൊച്ചി ഇഡി കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ വിശ്രമിക്കുകയാണ്.

ഈ വിശ്രമത്തിന് കാരണം എന്താണെന്ന് തിരിച്ചറിയുമ്പോള്‍ ഇപ്പോള്‍ ചെന്നെത്തിനില്‍ക്കുന്നത് പൂരം കലക്കിയ സംഭവത്തിലാണ്. കലക്കിയ ആള്‍ തന്നെ കലങ്ങിയില്ല എന്ന് ജഗതി ശ്രീകുമാര്‍ പറയുന്ന സിനിമ ഡയലോഗ് പോലെ, കലക്കി എന്ന ആരോപണം നേരിടുന്ന ആള്‍ തന്നെ തന്നെ കുറ്റവിമുക്തനാക്കുന്ന, മുട്ടുകാലില്‍ വച്ച് തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് ആസ്ഥാനത്തേക്ക് പറന്നിറങ്ങുന്നു. എന്റെ കയ്യില്‍ കിട്ടിയില്ലെന്നു പറഞ്ഞ് ആഭ്യന്തര (മുഖ്യ) മന്ത്രി മാധ്യമങ്ങളുടെ മേല്‍ മെക്കിട്ടു കയറുന്നു. ഒടുവില്‍ അന്വേഷണം മറ്റൊരു അന്വേഷണം പ്രഖ്യാപിച്ചു തടി ഊരുന്നു. അപ്പോഴും നല്ലത് പോലെ കലക്കി ഒരെണ്ണം എടുക്കട്ടെയെന്നു ജഗതി ആവര്‍ത്തിക്കും പോലെ ആ ADGP അവിടെ തന്നെ തൊപ്പിയും നക്ഷത്രങ്ങളും തൂക്കി ഇരിപ്പുണ്ട്. മാറ്റ് മാറ്റ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞ് സിപിഐയും കൂട്ടരും എകെജി സെന്ററിന്റെ വാതിലില്‍ മുട്ടിക്കൊണ്ടേയിരിക്കുന്നു.

അന്വേഷണം അങ്ങനെ കൊടുമ്പിരികൊള്ളുകയാണ്. ഒടുവില്‍ ആര്‍എസ്എസ് നേതാക്കളെ പൊലീസ് ഏമാന്‍ കണ്ട സംഭവവും സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കുന്നത്രെ. കേള്‍ക്കുമ്പോള്‍ കൊള്ളാമെന്നു തോന്നും. പ്രതി എഡിജിപി ആയാല്‍ പിന്നേ സിഐക്ക് അന്വേഷണം നടത്താന്‍ പറ്റില്ലല്ലോ. അപ്പോള്‍ പിന്നെ അതും ഡിജിപി അന്വേഷിക്കട്ടെ. പക്ഷെ, കേസില്ലാതെയാണ് അന്വേഷണം. എന്ന് പറഞ്ഞാല്‍ പാര്‍ട്ടി കോടതി പോലെ ഒരു അന്വേഷണം. സിപിഐയുടെയും ജനത്തിന്റെയും പാര്‍ട്ടി അണികളുടെയും കണ്ണില്‍ പൊടിയിടാം. എഡിജിപി അപ്പോഴും നക്ഷത്രങ്ങളും തൂക്കി അവിടെ തന്നെ ഇരിപ്പുണ്ട്. സംസ്ഥാന പൊലീസ് മേധാവി വെറുമൊരു അന്വേഷണ കമീഷനായി ചായ വാങ്ങി കൊടുത്ത് മൊഴിയെടുപ്പെന്ന സാദാ പൊലീസ് മുറയുമായി ആസ്ഥാനത്ത് അങ്ങനെ തുടരും. മറുവശത്ത് ധാരണകള്‍ അതിന്റെ മുറക്ക് തുടരും. കലങ്ങേണ്ടത് എല്ലാം കലങ്ങും, കലക്കേണ്ടത് കലക്കും എന്ന് ചൊല്ലി നല്ല കലക്കന്‍ രാഷ്ട്രീയവുമായി പൊലീസ് ഏമാന്‍മാരും രാഷ്ട്രീയ മുതലാളി മാരും സസുഖം മുന്നോട്ട്.


TAGS :