Quantcast
MediaOne Logo

സോഫിയ ബിന്ദ്

Published: 17 Oct 2022 11:03 AM GMT

നരബലി വാര്‍ത്ത കേട്ട് കേരളം മുന്‍പും ഞെട്ടിയിട്ടുണ്ട്

കേരളത്തില്‍ മുന്‍പും നരബലികള്‍ നടന്നിട്ടുണ്ട്. സമ്പത്തിനും ഐശ്വര്യത്തിനും ദൈവാനുഗ്രഹത്തിനുമൊക്കെ ആയിട്ടായിരുന്നു നരബലികളേറെയും. ഇതു കൂടാതെയും കാരണങ്ങളുണ്ടായിരുന്നു. കുട്ടികളുണ്ടാകാന്‍ വേണ്ടി നരബലി നടന്നിട്ടുണ്. എന്തിനേറെ പറയണം, ആനയുടെ അസുഖം മാറ്റാന്‍പോലും കേരളത്തില്‍ നരബലി നടന്നിട്ടുണ്ട്.

നരബലി വാര്‍ത്ത കേട്ട് കേരളം മുന്‍പും ഞെട്ടിയിട്ടുണ്ട്
X

കേരളത്തില്‍ വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും കണക്കെടുപ്പുകള്‍ നടക്കുകയാണിപ്പോള്‍. പത്തനംതിട്ട ഇലന്തൂരിലെ നരബലിയെന്നും ആഭിചാര കൊലയെന്നുമൊക്കെ വിശേഷിപ്പിക്കുന്ന ദാരുണകൃത്യത്തിനെ തുടര്‍ന്നാണിത്. കേരളത്തിലാണ് ഇത് നടന്നത് എന്നത് അവിശ്വസനീയമാണെന്ന് ആരും കരുതേണ്ട. ഇവിടെ ഇതിന് മുന്‍പും നരബലികള്‍ നടന്നിട്ടുണ്ട്. സമ്പത്തിനും ഐശ്വര്യത്തിനും ദൈവാനുഗ്രഹത്തിനുമൊക്കെ ആയിട്ടായിരുന്നു നരബലികളേറെയും. ഇതു കൂടാതെയും കാരണങ്ങളുണ്ടായിരുന്നു. കുട്ടികളുണ്ടാകാന്‍ വേണ്ടി നരബലി നടന്നിട്ടുണ്. എന്തിനേറെ പറയണം, ആനയുടെ അസുഖം മാറ്റാന്‍പോലും കേരളത്തില്‍ നരബലി നടന്നിട്ടുണ്ട്.

കേരളത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നരബലി തിരുവനന്തപുരം കാട്ടാക്കടയിലാണ്. 1955 ഏപ്രിലില്‍ ആയിരുന്നു അത്. 15 കാരനെയാണ് അന്ന് ബലി നല്‍കിയത്. കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു. പ്രതികളായ മന്ത്രവാദിയെയും കൂട്ടാളികളെയും നാടുകടത്താനായിരുന്നു അന്ന് സെഷന്‍സ് കോടതിയുടെ വിധി. പിന്നീട് നടന്ന നരബലി ആനയുടെ അസുഖം മാറാനായിരുന്നു.

കോടിക്കണക്കിന് രൂപയുടെ നിധി കിട്ടുമെന്നും നരബലിയാണ് അതിനുള്ള എളുപ്പവഴിയെന്നും. സോഫിയയെ തന്നെ ബലികൊടുക്കാന്‍ കുടുംബം തീരുമാനിക്കുന്നു. മന്ത്രവാദിയുടെ നിര്‍ദേശാനുസരണം സോഫിയയെ പാതി നഗ്നയാക്കി കട്ടിലില്‍കിടത്തി വരിഞ്ഞു കെട്ടി പൂജ നടത്തി. മോഹനന്റെ അനുജന്‍ ഉണ്ണി മൂര്‍ച്ചയുള്ള ശൂലം കൊണ്ട് സോഫിയയെ കുത്തി കൊന്നു. വീടിന്റെ നടുമുറിയില്‍ കുഴിച്ചിടുകയും ചെയ്തു.

1956 ല്‍ ഗുരുവായൂരില്‍ രാധ എന്ന ആനയുടെ അസുഖം മാറ്റാന്‍ ആനപ്രേമിയായ കൃഷ്ണന്‍ചെട്ടിയാണ് ക്രൂരമായ നരഹത്യ ചെയ്തത്. സ്വന്തം സുഹൃത്തിനെ തന്നെയാണ് അതിന് തെരഞ്ഞെടുത്തതും. അമ്പലത്തിന്റെ കിഴക്കെ നടയില്‍ കിടന്നുറങ്ങുകയായിരുന്ന കാശി എന്ന സുഹൃത്തിനെ വെട്ടികൊലപ്പെടുത്തി. പിടിയിലായ കൃഷ്ണന്‍ചെട്ടിയെ കോഴിക്കോട്ടെ തെക്കെ മലബാര്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷിച്ചു.


കേരളത്തില്‍ ആദ്യമായി നരബലിയ്ക്ക് വധശിക്ഷ ലഭിച്ചത് കൊല്ലത്തെ ആറുവയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ്. 1973 മെയ് 29 നായിരുന്നു അതിദാരുണമായി കൊല നടന്നത്. ദേവപ്രീതിക്കായി വിഗ്രഹത്തിന്റെ മുന്നിലിട്ട് ദേവദാസന്‍ എന്ന ആറുവയസുകാരനെ കഴുത്തറുത്തു കൊന്നു. നാട്ടുകാരനായ അഴകേശന്‍ എന്ന പ്രതിക്ക് കൊല്ലം സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു.

പിന്നീട് ഇടുക്കി ജില്ലയിലാണ് നരബലികളേറെയും നടന്നത്. ഇടുക്കി അടിമാലിയിലാണ് ആദ്യത്തേത്. ഇരയായത് സോഫിയ എന്ന 17 വയസുകാരി പെണ്‍കുട്ടി. 1981 ഡിസംബറില്‍ ആയിരുന്നു സംഭവം.

സാമ്പത്തികാഭിവൃദ്ധിക്കു വേണ്ടിയായിരുന്നു നരബലി നടത്തിയത്. കോടിക്കണക്കിന് രൂപയുടെ നിധികിട്ടുമെന്ന് വിശ്വസിച്ചായിരുന്നു ബലി. അടിമാലി പനംകുട്ടിയില്‍ തച്ചിലേത്ത് വര്‍ഗീസിന്റെ മൂന്നാമത്തെ മകളായിരുന്നു സോഫിയ. പ്രദേശത്തുള്ള മോഹനന്‍ എന്നയാളുമായി കുട്ടി പ്രണയത്തിലാകുന്നു. ഈറ്റ വെട്ടലും കുട്ടനെയ്തുമൊക്കെയായിരുന്നു മോഹനന് ജോലി. ഈറ്റവെട്ടു ജോലിക്കിടെയാണ് ഇയാളെ സോഫിയ കാണുന്നതും പ്രണയത്തിലാകുന്നതും. ആദ്യ ഭാര്യയെ ഉപേക്ഷിച്ചിരുന്ന മോഹനന്‍ പനംകുട്ടിയില്‍ സോഫിയയുമായി ജീവിതം ആരംഭിച്ചു. കാലടി മാണിക്കമംഗലം ഭാസ്‌കരന്‍ എന്ന മന്ത്രവാദിയാണ് മോഹനന്റെ അച്ഛനും അമ്മയും സഹോദരനുമടങ്ങുന്ന കുടുംബത്തിന് സാമ്പത്തിക നേട്ടത്തിനുള്ള വഴി പറഞ്ഞു കൊടുത്തത്. കോടിക്കണക്കിന് രൂപയുടെ നിധി കിട്ടുമെന്നും നരബലിയാണ് അതിനുള്ള എളുപ്പവഴിയെന്നും. സോഫിയയെ തന്നെ ബലികൊടുക്കാന്‍ കുടുംബം തീരുമാനിക്കുന്നു. മന്ത്രവാദിയുടെ നിര്‍ദേശാനുസരണം സോഫിയയെ പാതി നഗ്നയാക്കി കട്ടിലില്‍കിടത്തി വരിഞ്ഞു കെട്ടി പൂജ നടത്തി. മോഹനന്റെ അനുജന്‍ ഉണ്ണി മൂര്‍ച്ചയുള്ള ശൂലം കൊണ്ട് സോഫിയയെ കുത്തി കൊന്നു. വീടിന്റെ നടുമുറിയില്‍ കുഴിച്ചിടുകയും ചെയ്തു. ഇങ്ങനെയായിരുന്നു ആ നരബലി. മോഹനനും സഹോദരന്മാരും, മാതാപിതാക്കളും, മന്ത്രവാദിയുമെല്ലാം അറസ്റ്റിലായി. ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തു.

രണ്ടുവര്‍ഷത്തിനുശേഷം ഇടുക്കിയില്‍ വീണ്ടും നരബലി നടന്നു. അതും നിധിക്കുവേണ്ടി തന്നെ. 1983 ജൂണ്‍ 29ന്. അന്ന് മുണ്ടിയെരുമ ഗവ. ഹൈസ്‌കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ഥിയെ പിതാവും സഹോദരിയും അയല്‍വാസികളും ചേര്‍ന്ന് ബലി നല്‍കി.

ഇടുക്കിയില്‍വീണ്ടും മന്ത്രവാദത്തിന്റെ പേരില്‍ കൊലനടന്നത് 1995 ലാണ്, രാമക്കല്‍മേട്ടില്‍. പിതാവും രണ്ടാനമ്മയും ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ക്രൂരമായ കൊലയ്ക്ക് കൂട്ടുനിന്നു. മന്ത്രവാദിയടക്കം ആറുപേര്‍ക്ക് ഈ കേസില്‍ജീവപര്യന്തം ശിക്ഷ ലഭിച്ചു.

ഇടുക്കിയില്‍മാത്രമായി കേരളത്തിലെ നരബലി ഒതുങ്ങുന്നില്ല. 1983 ല്‍വയനാട്ടിലും കേസ് റിപ്പോര്‍ട്ട് ചെയ്തു. എരുമാട് പ്രൈമറി സ്‌കൂള്‍ അധ്യാപകനായ കേളപ്പനെ ബലി ചെയ്യാന്‍ ശമിച്ചെന്നായിരുന്നു കേസ്. ആറന്മുള സ്വദേശിയായ ലക്ഷ്മി, മകന്‍ രാമചന്ദ്രന്‍ എന്നിവരായിരുന്നു പ്രതികള്‍.

കുട്ടികളുണ്ടാവാന്‍ വേണ്ടിയും കേരളത്തില്‍ ബലി നടന്നിട്ടുണ്ട്. കായകുളത്തായിരുന്നു അത്. 1996 ഡിസംബറില്‍. അര്‍ധരാത്രിയില്‍ നടന്ന കൃത്യത്തിന് ആറുവയസുകാരിയായിരുന്നു ഇര. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടാക്കി രക്തം ഊറ്റിയെടുത്ത് പൂജനടത്തിയ ശേഷം മൃതദേഹം കുളത്തിലെറിഞ്ഞു. വിക്രമന്‍, തുളസി ദമ്പതികളായിരുന്നു ഈ ക്രൂരകൃത്യത്തിനു പിന്നില്‍. കുട്ടികളില്ലാതിരുന്ന ഇവര്‍ സ്‌കൂള്‍വിട്ടു വരികയായിരുന്ന അജിത എന്ന ആറുവയസുകാരിയെ സ്വന്തം വീട്ടിലെത്തിച്ചു. അര്‍ധരാത്രി മന്ത്രവാദിയുടെ സഹായത്തോടെയായിരുന്നു കൊല ചെയ്തത്. കുളത്തില്‍ കണ്ടെത്തിയ കുട്ടിയുടെ മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മന്ത്രവാദിയടക്കം അറസ്റ്റിലായത്.

പിന്നെയും നരബലി തുടര്‍ന്നു. 2004 ല്‍മാതാപിതാക്കളോടൊപ്പം പട്ടാമ്പി റെയില്‍ വെസ്റ്റേഷനില്‍ കിടന്നുറങ്ങിയ നാലുവയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭാരതപ്പുഴയോട് ചേര്‍ന്ന കുളത്തിലാണ് കൈകാലുകള്‍ അറുത്തുമാറ്റിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുള്ള റെയില്‍വെ ലൈനില്‍ പൂജനടത്തിയതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.

മന്ത്രവാദം ചോദ്യം ചെയ്തതിന്റെ പേരിലും കേരളത്തില്‍ കൊല നടന്നിട്ടുണ്ട്. തിരുവനന്തപുരം പൂവാറില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടത് അങ്ങനെയാണ്. 2012 ഒക്ടോബറില്‍ ക്രിസ്തുദാസ്, ആന്റണി എന്നിവര്‍ക്കാണ് ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ തുനിഞ്ഞതിന് ജീവന്നഷ്ടപ്പെട്ടത്. ക്രിസ്തുദാസിന്റെ ബന്ധുവായ സ്ത്രീ മന്ത്രവാദം കൊണ്ട് സഹികെട്ട് ജീവനൊടുക്കിയിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് ഇരുവരും കൊല്ലപ്പെട്ടത്. മന്ത്രവാദം നടത്തിയ മേരി എന്ന സ്ത്രീ ഉള്‍പ്പെടെ പ്രതികളായി.

2018 ലും 2021 ലും സ്വകാര്യബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും തള്ളിപോവുകയായിരുന്നു. മഹാരാഷ്ട്രയിലാണ് നിലവില്‍ അന്ധവിശ്വാസത്തിനെതിരെ നിയമനിര്‍മാണം നടത്തിയിട്ടുള്ളത്. കേരളത്തിലും നിയമം ഉണ്ടായാല്‍ മാത്രമേ ഇലന്തൂര്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളൂ.

2014 ലും മന്ത്രവാദകൊല അരങ്ങേറി. കരുനാഗപ്പള്ളിയിലും പൊന്നാനിയിലുമായിരുന്നു അത്. കരുനാഗപ്പള്ളിയില്‍ തഴവ സ്വദേശി ഹസീന മന്ത്രവാദത്തിനിടെ ചവിട്ടേറ്റു മരിക്കുകയായിരുന്നു. മന്ത്രവാദിയായ സിറാജുദ്ദീന്‍ അറസ്റ്റിലായി.

പൊന്നാനിയില്‍ കാഞ്ഞിരമുക്കില്‍ ഗര്‍ഭിണി മന്ത്രവാദത്തിനിടെ കൊലപ്പെട്ടു. 2014 ആഗസ്റ്റ് 9 നായിരുന്നു സംഭവം നടന്നത്. അഞ്ചുമാസം ഗര്‍ഭിണിയായ കാഞ്ഞിരമുക്ക് നിസാറിന്റെ ഭാര്യ ഫര്‍സാനയാണ് മന്ത്രവാദത്തിനിടെ മരണപ്പെട്ടത്.

കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു നരബലി നടന്നത് 2021 ഫെബ്രുവരിയില്‍ പാലക്കാട് പുതുപ്പള്ളി തെരുവില്‍നടന്ന കൊലപാതകമായിരുന്നു. ആറുവയസുകാരനെ സ്വന്തം മാതാവ് തന്നെ കൊലപ്പെടുത്തിയതായിരുന്നു കേസ്. മകന്‍ ആമിലിനെ വീട്ടിലെ കുളിമുറിയില്‍ കാല്‍ കെട്ടിതൂക്കിയതിനുശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു പ്രതിയായ ഷാഹിദ.

ഈ പറഞ്ഞ കൊലകളെല്ലാം നടന്നത് അന്ധവിശ്വാസത്തിന്റെ പേരിലുള്ള ദുരാചാരങ്ങള്‍ നടപ്പാക്കിയതിലൂടെയാണ്. കുട്ടികളും സ്ത്രീകളുമാണ് ഏറെ കൊല്ലപ്പെട്ടതും. കേരളത്തില്‍ ഇതിനെതിരെ നിയമനിര്‍മാണം നടത്താന്‍ ഇനിയും വൈകിക്കൂട. 2018 ലും 2021 ലും സ്വകാര്യബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും തള്ളിപോവുകയായിരുന്നു. മഹാരാഷ്ട്രയിലാണ് നിലവില്‍ അന്ധവിശ്വാസത്തിനെതിരെ നിയമനിര്‍മാണം നടത്തിയിട്ടുള്ളത്. കേരളത്തിലും നിയമം ഉണ്ടായാല്‍ മാത്രമേ ഇലന്തൂര്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളൂ.

TAGS :