Quantcast
MediaOne Logo

സിയാന അലി

Published: 12 Dec 2023 1:49 PM GMT

ഫിലിം സൊസൈറ്റികള്‍ ഉള്‍ക്കാഴ്ചയുള്ള പ്രേക്ഷകരെ ഉണ്ടാക്കി, ആ പ്രേക്ഷകരില്‍ നിന്ന് പുതിയ ചലച്ചിത്ര സംസ്‌കാരം ഉണ്ടായി

വര്‍ഷങ്ങളായി ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നതിന്റെ ഗുണം, അതിന്റെ വ്യത്യാസം മലയാളത്തില്‍ പുതിയ ഫിലിം മേക്കേഴ്‌സിന്റെ സിനിമകളില്‍ കാണാനുണ്ട്.

ഫിലിം സൊസൈറ്റികള്‍ ഉള്‍ക്കാഴ്ചയുള്ള പ്രേക്ഷകരെ ഉണ്ടാക്കി, ആ പ്രേക്ഷകരില്‍ നിന്ന് പുതിയ ചലച്ചിത്ര സംസ്‌കാരം ഉണ്ടായി
X

ഇരുപത്തെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഫിലിം സൊസൈറ്റി മൂവ്‌മെന്റുകളുടെ ഭാവി ചര്‍ച്ച ചെയ്യപ്പെടുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത ടി.വി ചന്ദ്രന്‍, കെ.എം കമല്‍, ഉണ്ണി കൃഷ്ണന്‍ ആവള, അമിതാവ് ഘോഷ്, വിഘ്നേഷ് പി. ശശിധരന്‍ എന്നിവര്‍ സംസാരിച്ചതിന്റെ സംക്ഷിപ്ത രൂപം.

ടി.വി ചന്ദ്രന്‍

ഐ.എഫ്.എഫ്.കെ പോലൊരു അത്ഭുത ഫെസ്റ്റിവല്‍ ലോകത്ത് നടക്കുന്നത് വളരെ strange ആയ ഒരു അവസ്ഥയാണ്. കാരണം, നമ്മുടെ രാജ്യം അത്രയും മനോഹരമായ ഒരു അവസ്ഥയിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍! - ഫ്രീഡം ഓഫ് എക്‌സ്പ്രഷന്‍ ഒക്കെ ഉയരത്തില്‍ അങ്ങനെ നില്‍ക്കുകയാണ്.! ആര്‍ക്കും എന്തും express ചെയാം എന്നൊക്കെ പറയുന്ന ഒരു കാലത്ത് - അതായത് എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാല്‍ ഉടനെ അകത്തേക്കു പോകുന്ന കാലത്ത് ഒരു നല്ല സിനിമ എടുത്താല്‍ ജയില്‍വാസം ഉറപ്പിക്കുന്ന ഒരു കാലത്ത് നമ്മുടെ എന്‍.എഫ്.ഡി.സി പോലുള്ള സ്ഥാപനങ്ങള്‍ എല്ലാം പൂട്ടിപോകുന്നു. പി.കെ നായരെ പോലുള്ള മഹാന്‍മാര്‍ ഒരു ജീവിതം മുഴുവന്‍ ചിലവഴിച്ചു ഉണ്ടാക്കിയ സ്ഥാപനം മൊത്തം തകര്‍ന്നു. സിനിമ തന്നെ ഒരു ഉല്‍പന്നം മാത്രമാണ്. സിനിമയുടെ cultural part മുഴുവന്‍ എടുത്ത് കളയുന്നു.

ഏത് ഫാസിസ്റ്റ് ഗവണ്മെന്റും ആദ്യം പിടിക്കാന്‍ പോകുന്നത് ചരിത്രവും സംസ്‌കാരവുമാണ്. ചരിത്രത്തെ മാറ്റി പണിയുന്നു. സംസ്‌കാരം ഇല്ലാതാകുന്നു. അങ്ങനെ എല്ലാ തരത്തിലും മുങ്ങിത്താഴുന്ന ഒരു ലോകത്ത് നമ്മള്‍ ഇതുപോലൊരു ഫെസ്റ്റിവല്‍ നടത്താനും കെനിയയില്‍ നിന്ന് സിനിമ ചെയ്ത ഒരു സ്ത്രീയെ വിളിച്ചു അംഗീകരിക്കാനും ഫിലിം മേക്കേഴ്‌സിനെ കൊണ്ടുവരാനും സാധിക്കുകയും നല്ല സിനിമകള്‍ തിരഞ്ഞുപിടിച്ചു പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. വര്‍ഷങ്ങളായി ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നതിന്റെ ഗുണം, അതിന്റെ വ്യത്യാസം മലയാളത്തില്‍ പുതിയ ഫിലിം മേക്കേഴ്‌സിന്റെ സിനിമകളില്‍ കാണാനുണ്ട്. അതാണ് ഈ ഫെസ്റ്റിവലിന്റെ ഏറ്റവും വലിയ ഗുണമായി മാറുന്നത്. ഫിലിം സൊസൈറ്റി മൂവ്‌മെന്റിന്റെ ultimate ആയിട്ടുള്ള achievement ആണ് ഈ ഫെസ്റ്റിവല്‍. ഈ ഒരു ഫലം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ഭൂപടം എടുത്താല്‍ തൊണ്ണൂറ്റിയൊമ്പത് ശതമാനവും കാവി നിറത്തിലാണ് കാണുന്നത്. ഈ കാവി നിറത്തിന്റെ ഇടയില്‍ ചെറിയ തുരുത്ത് പോലെ നമ്മള്‍ ജീവിക്കുയാണ്. ആ തുരുത്തില്‍ ഇരുന്നുകൊണ്ട് നമ്മള്‍ ഫെസ്റ്റിവല്‍ നടത്തുകയാണ്. ആ ഫെസ്റ്റിവലില്‍ നമ്മള്‍ ചെറുപ്പക്കാരെ കൊണ്ട് സിനിമയെടുത്ത് ചര്‍ച്ച ചെയ്യുകയാണ്. ഇതൊക്കെ മറ്റൊരു ഭാഗത്ത് നിന്നു നോക്കിക്കഴിഞ്ഞാല്‍ അസാധ്യമാണ്.

കെ.എം കമല്‍

ഇരുപത് അല്ലെങ്കില്‍ ഇരുപത്തഞ്ച് വര്‍ഷം മുമ്പ്, കോതമംഗലം ഫിലിം സൊസൈറ്റിയാണ് എന്നെ ലോക സിനിമ കാണാന്‍ പ്രേരിപ്പിച്ചത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ അറിവ് ലഭിച്ചത് അവിടെ നിന്നാണ്. ഫിലിം സൊസൈറ്റികള്‍ അന്ന് നിരന്തരമായി മാസങ്ങളില്‍ രണ്ടോ മൂന്നോ സിനിമകള്‍, അതും 35 mm പ്രിന്റ് അല്ലെങ്കില്‍ 60 mm പ്രിന്റ് കൊണ്ടുവന്ന് ആ നാട്ടിലുള്ള ആളുകളെ കാണിക്കുമായിരുന്നു. ആ സിനിമകളില്‍ റഷ്യയില്‍ നിന്നും യൂറോപ്പില്‍ നിന്നും ലാറ്റിന്‍ അമേരിക്കയില്‍ നിന്നും ആഫ്രിക്കയില്‍നിന്നുമൊക്കെ വരുന്ന കൂടുതല്‍ diplomatic റിലേഷന്‍ഷിപ്പിന്റെ ഭാഗമായിട്ട് വരുന്ന ഫിലിം പ്രിന്റുകള്‍ ആയിരിക്കും. അതെല്ലാം ഈ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചായിരുന്നു പോയിക്കൊണ്ടിരുന്നത്.

ഫിലിം സൊസൈറ്റി എന്താണ് കേരളത്തിന് നല്‍കിയത് എന്ന് ചോദിച്ചാല്‍, ഒരു sensibility ഉള്ള പ്രേക്ഷകനെ അത് ഉണ്ടാക്കി. പിന്നീട് ആ പ്രേക്ഷകനില്‍ നിന്ന് ഒരു പുതിയ ചലച്ചിത്ര സംസ്‌കാരം തന്നെ ഉണ്ടായി. 97 ല്‍ ഉള്ള ഐ.എഫ്.എഫ്.കെയുടെ ചരിത്രം നോക്കി കഴിഞ്ഞാല്‍ അതിന്റെ മസ്തിഷ്‌കം തന്നെ കേരളത്തിലെ ഫിലിം സൊസൈറ്റികളാണ്. അന്ന് മുഖ്യധാര സിനിമകളിലെ ആളുകള്‍ക്ക് പുച്ഛമായിരുന്നു ഐ.എഫ്.എഫ്.കെയോട്. ഇതൊന്നും അല്ലല്ലോ സിനിമ. തിയേറ്ററില്‍ നടക്കുന്നതല്ലേ സിനിമ, അല്ലെങ്കില്‍ കാശുണ്ടാകുന്ന സിനിമയല്ലേ യഥാര്‍ത്ഥ സിനിമ. കുറച്ചു ബുദ്ധി ജീവികളെ ഉണ്ടാക്കാമെന്നല്ലാതെ വേറെന്ത് പ്രയോജനം എന്നൊക്കെ പറഞ്ഞു പുച്ഛം ഏറ്റു വാങ്ങിയിട്ടുള്ള ചരിത്രം കൂടി ഐ.എഫ്.എഫ്.കെക്ക് ഉണ്ട്. പിന്നീട് അത് മാറി. ആദ്യത്തെ എഡിഷനില്‍ 2000 ആളുകളാണ് പങ്കെടുത്തത് എങ്കില്‍ ഇന്ന് 2023 ല്‍ 15000 ആളുകള്‍ പങ്കെടുക്കുന്ന വലിയൊരു സിനിമയുടെ ഉത്സവമായി ഐ.എഫ്.എഫ്.കെ യെ മാറ്റിയത് ഫിലിം സൊസൈറ്റികളാണ്.

അമിതാവ് ഘോഷ്

നല്ല സിനിമയെ കുറിച്ചുള്ള ഒരു സങ്കല്‍പത്തെ, അതിന്റെയൊരു അഗ്‌നി അണയാതെ, അതിനെ ജ്വലിപ്പിച്ചു നിര്‍ത്തുക എന്നതാണ് ഫിലിം സൊസൈറ്റികള്‍ ചെയുന്നത്. ഫിലിം സൊസൈറ്റികള്‍ക്ക് ചെയ്യാവുന്ന ദൗത്യത്തിന് പരിമിതികളുണ്ട്. വലിയ അടിവേരുള്ളതോ പാരമ്പര്യമുള്ളതോ അല്ല കേരളത്തിലെ ഫിലിം സൊസൈറ്റികള്‍. സിനിമയോടുള്ള സ്‌നേഹം കൊണ്ട് മാത്രം ചിലയാളുകള്‍ നടത്തിക്കൊണ്ട് പോവുന്നതാണത്. കേരളത്തിലെ ചലച്ചിത്ര നിരൂപകരെല്ലാം തന്നെ ഫിലിം സൊസൈറ്റികളുടെ പ്രോഡക്ടുകളാണ്.

ചെറുപ്പക്കാര്‍ ഫിലിം സൊസൈറ്റികളില്‍ എത്തുന്നില്ല എന്നുള്ള പ്രശ്‌നമുണ്ട്. അതിനു വേണ്ടിയാണ് ഇത്തവണ വിദ്യാഭ്യാസ വകുപ്പിന്റെ എസ്.എസ്.എ പരിപാടിയുടെ ഭാഗമായി കേരളത്തിലെ സ്‌കൂളുകളില്‍ സിനിമ കാണിക്കുകയും ഒരു ദിവസത്തെ ഫെസ്റ്റിവലും ഡിസ്‌കഷനും നടത്തുകയും ചെയ്തത്. അതിന്റെ ഭാഗമായി ഫിലിം വര്‍ക്‌ഷോപ്പ് നടത്തി. ഈ പരിപാടികള്‍ സംഘടിപ്പിച്ചത് ഫിലിം സൊസൈറ്റികളാണ്. നല്ല സിനിമകള്‍ക്ക് എവിടെ നിന്നുള്ള ആക്രമണങ്ങള്‍ വരുമ്പോഴും അതിനെ പ്രതിരോധിക്കാന്‍ നില്‍ക്കുന്ന ഗ്രുപ്പ് ആണ് ഫിലിം സൊസൈറ്റികള്‍.

ഉണ്ണി കൃഷ്ണന്‍ ആവള

പണമുണ്ടാക്കുന്ന സിനിമയാണ് സിനിമയെന്ന് വിശ്വസിച്ച ഒരു നാട്ടില്‍ സിനിമ, എങ്ങനെയാണ് രാഷ്ട്രീയപരമായ ഒരു ആയുധം കൂടിയാണ് എന്ന് നാട്ടിന്‍ പുറത്തുപോലും കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഫിലിം സൊസൈറ്റികളുടെ ആദ്യത്തെ ധര്‍മം. ചരിത്രത്തിലെ ഗംഭീര്യം അവതരിപ്പിച്ചുകൊണ്ട് നമുക്ക് എല്ലാ കാലത്തും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. ഇന്നത്തെ വര്‍ത്തമാന അവസ്ഥയില്‍ എഫ്.എഫ്.എസ്.ഐ എവിടെ നില്‍ക്കുന്നു എന്നുകൂടി നോക്കേണ്ടതുണ്ട്. ഏറ്റവും പുതിയ കാലത്തെ സിനിമക്കാര്‍ അനുഭവിക്കുന്ന കുറേ പ്രയാസങ്ങളുണ്ട്. കാരണം, രാഷ്ട്രീയപരമായി സിനിമയെ കാണുന്ന മനുഷ്യരൊക്കെ സിനിമ എങ്ങനെയാണ് വിറ്റുപോവേണ്ടത് എന്ന് ആലോചിക്കുന്നു. വിറ്റുപോവാന്‍ സിനിമയില്‍ എന്താണ് എന്ന് ആലോചിക്കുന്നു. പുറത്തുനിന്നു സിനിമ ചെയ്യുമ്പോള്‍ എഫ്.എഫ്.എസ്.ഐ പോലെയുള്ള കരുത്തുറ്റ ഒരു സംഘടനയ്ക്ക് ഒരുപാട് താങ്ങ് നല്‍കാന്‍ കഴിയും. കാരണം, ഇനി കേരളം കാണണമെന്ന് വിചാരിക്കുന്ന ഒരു സിനിമയെ നൂറിടത്തുകാണിക്കുവാന്‍ ഇപ്പഴും എഫ്.എഫ്.എസ്.ഐക്ക് കഴിയും. ലോക സിനിമകള്‍ നമ്മുടെ നാട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്നു. എന്നാല്‍, എന്തുകൊണ്ടാണ് ഇന്ത്യയില്‍ നിന്നുണ്ടാകുന്ന കച്ചവടത്തിന് അപ്പുറത്തേക്ക് ചിന്തിക്കുന്ന രാഷ്ട്രീയപരമായ സിനിമകളെ ഇപ്പോഴും കാണിക്കാന്‍ ബുദ്ധിമുട്ടുന്നത്. അതിന്റെ ഒരു വലിയ പ്രതിസന്ധിയെ കൂടി മറികടക്കേണ്ടതുണ്ട്. ഇത്രയും പാരമ്പര്യവും കരുത്തുമുള്ള ഒരു സംഘടനയ്ക്ക് പുതിയ ആളുടെ ഒരു സിനിമ നൂറ് സ്‌ക്രീനുകളില്‍ കാണിക്കാന്‍ യാതൊരുവിധ പ്രയാസവുമില്ല. തുടര്‍ന്ന് പോവേണ്ട രാഷ്ട്രീയ ദിശയും ബോധവും കൂടെ എഫ്.എഫ്.എസ്.ഐ ഇനിയും കാണിക്കണം.

വിഘ്നേഷ് പി. ശശിധരന്‍

ഇപ്പോള്‍ ഫിലിം സൊസൈറ്റികളില്‍ യൂത്തിന്റെ പങ്കാളിത്തം വളരെ കുറവാണ്. ചെറുപ്പക്കാര്‍ വളരെയധികം കുറവാണ്. മറ്റു പല മാധ്യമങ്ങളും ഒ.ടി.ടി, ടെലിഗ്രാം പോലുള്ളവ കിട്ടുന്നതുകൊണ്ടാവാം പുതിയ ആളുകള്‍ ഫിലിം സൊസൈറ്റികളില്‍ ഇല്ലാത്തത്. സിനിമ കാണുക എന്നത് മാത്രമല്ല ഫിലിം സൊസൈറ്റി കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു സോഷ്യല്‍ gathering ന് കൂടിയുള്ള ഇടമാണത്.

തയ്യാറാക്കിയത്: സിയാന


TAGS :