Quantcast
MediaOne Logo

ബ്രിട്ടനിലെ സംഭവങ്ങളും കേരളത്തിലെ വംശീയതയും - ഇസ്‌ലാമോഫോബിയ: ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത്

ബ്രിട്ടനിലെ കുടിയേറ്റ മുസ്‌ലിംകള്‍ മതംതലയ്ക്കുപിടിച്ചവരാണെന്നും ഇതര മതങ്ങളെയും ചിന്തകളെയും തകര്‍ക്കാര്‍ ശ്രമിക്കുന്നവരാണെന്നുമാണ് ആഗസ്റ്റ് ആദ്യ വാരത്തില്‍ കേരളത്തിലെ ഹിന്ദുത്വസ്വഭാവത്തിലുള്ള വീഡിയോകള്‍ പുറത്തുവിടുന്ന ഒരു ഓണ്‍ലൈന്‍ ചാനല്‍ ചര്‍ച്ചയില്‍ഉയര്‍ന്നുവന്നത്. (2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 01)

ബ്രിട്ടനിലെ സംഭവങ്ങളും കേരളത്തിലെ വംശീയതയും - ഇസ്‌ലാമോഫോബിയ: ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത്
X

2024 ജൂലൈ 26ന് ബ്രിട്ടനിലെ സൗത്ത് പോര്‍ട്ടില്‍ യൂറോപ്യന്‍ വംശജരായ മൂന്ന് പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെട്ടു. ബിബി കിങ്, എല്‍സി സ്റ്റാന്‍കോം, ആലിസ് അഗ്വെയര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. യോഗാ സ്റ്റുഡിയോയില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഇവര്‍ക്കു നേരെ ആക്രമണം നടന്നത്. എട്ടു കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അലി അല്‍ ശകാത്തി എന്ന അഭയാര്‍ഥിയാണ് കൊലപാതകത്തിനു പിന്നിലെന്നാണ് ആദ്യം വാര്‍ത്ത പരന്നത്. ഇതിനെ തുടര്‍ന്ന് ടൗണില്‍ വലിയ പ്രതിഷേധം അരങ്ങേറി. മുസ്‌ലിംകുടിയേറ്റക്കാരെ ലക്ഷ്യമിട്ടായിരുന്നു മിക്കവാറും അക്രമങ്ങള്‍ നടന്നത്. സൗത്ത്പോര്‍ട്ടിലെ മസ്ജിദും താമസസ്ഥലങ്ങളും അക്രമിക്കപ്പെട്ടു. കൂടാതെ പൊലീസ്‌കാറുകള്‍ കത്തിച്ചു, പൊലീസ്നായ്ക്കളെയും ആക്രമിച്ചു. പതിനെട്ട് തികയാത്തതുകൊണ്ട് അക്രമിയുടെ പേര് വിവരങ്ങള്‍ പൊലിസ് പുറത്തുവിട്ടിരുന്നില്ല. അക്രമം ശക്തമായതോടെ പേര് വെളിപ്പെടുത്താന്‍ കോടതി നിര്‍ദേശം നല്‍കി. ആഫ്രിക്കന്‍ വംശജനായ ഇംഗ്ലണ്ടില്‍ ജനിച്ചുവളര്‍ന്ന ലങ്കാഷെയറില്‍ ജീവിക്കുന്ന ക്രൈസ്തവനായ ആക്സില്‍ രുദാകുബാന എന്ന കൗമാരക്കാരനായിരുന്നു കൊലപാതകി. ഓട്ടിസം ബാധിതനുമായിരുന്നു. പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടും അക്രമങ്ങള്‍ പിന്നെയും നീണ്ടുപോയി. (വിശദവിവരങ്ങള്‍ക്ക്: അപ്രിയസത്യങ്ങള്‍, യുട്യൂബ് ചാനല്‍, ബിനോജ് നായര്‍; 3 ആഗസ്റ്റ് 2024)

ആഗസ്റ്റ് രണ്ടാംവാരം വരെ എമിഗ്രേഷന്‍ കേന്ദ്രങ്ങളിലും കുടിയേറ്റക്കാര്‍ക്ക് നിയമസഹായം നല്‍കുന്ന നിയമ സ്ഥാപനങ്ങളിലും ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന ഭീതി നിലനിന്നിരുന്നു. പശ്ചിമേഷ്യന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കെതിരെയാണ് കൂടുതലും ഭീഷണിയുണ്ടായത്. അഭയാര്‍ഥികള്‍ കൂട്ടമായി താമസിക്കുന്ന ഹോട്ടലുകള്‍ ആക്രമിക്കപ്പെട്ടു. റോതെര്‍ഹാമില്‍ ഇരുന്നൂറിലധികം അഭയാര്‍ഥികള്‍ താമസിക്കുന്ന ഹോട്ടല്‍ കത്തിക്കാന്‍ ശ്രമിച്ചു. ഇരുപതോളം പള്ളികള്‍ ആക്രമിക്കപ്പെട്ടു. റോതെര്‍ഹാമിനെക്കൂടാതെ റ്റാംവര്‍ത്, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ഉത്തര അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം മുസ്‌ലിം-കുടിയേറ്റ വിരുദ്ധ കലാപം വ്യാപിച്ചു. (ഇംഗ്ലണ്ടിലെ വംശീയാക്രമണങ്ങള്‍; ഇസ്ലാമോഫോബിയ പ്രവര്‍ത്തിക്കുന്ന വിധം, ഡോ. സൈഫുദ്ദീന്‍ കുഞ്ഞ്, ഇസ്‌ലാം ഓണ്‍ലൈവ്, ആഗസ്റ്റ് 10, 2024)


ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് എന്ന അക്രമിക്കൂട്ടമായിരുന്നു ആക്രമണത്തിനു പിന്നിലെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈനില്‍ വിദ്വേഷം പ്രചരിപ്പിച്ചും ഇസ്‌ലാമിനും മസ്‌ലിംകള്‍ക്കുമെതിരേ നുണപ്രചാരണം നടത്തിയും ഭീതിവിതയ്ക്കുന്ന തീവ്രദേശീയവാദികളുടെ സംഘമാണ് ഇത് (വിശദവിവരങ്ങള്‍ക്ക്: അപ്രിയസത്യങ്ങള്‍, യുട്യൂബ് ചാനല്‍, ബിനോജ് നായര്‍; 3 ആഗസ്റ്റ് 2024).

ബ്രിട്ടനിലെ സംഭവവികാസങ്ങള്‍ ഇസ്‌ലാമോഫോബിയയുടെ ഭാഗമാണെന്നാണ് ഡൂള്‍ ന്യൂസിന്റെ കാഴ്ചപ്പാട്. ആഗസ്റ്റ് 5ാം തിയ്യതി പുറത്തുവിട്ട ഒരു ലഘു വീഡിയോയില്‍ അവര്‍ മുന്നോട്ടുവച്ചത് ഇതേ കാഴ്ചപ്പാടായിരുന്നു: ''ഇസ്‌ലാമോഫോബിയ ബ്രിട്ടന്‍ പോലൊരു നഗരത്തെ അശാന്തവത്കരിക്കുന്നതാണ് ഈ അടുത്തായി വാര്‍ത്തകളില്‍ നിറയുന്നത്. ഒരു ബാറില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ മുസ്‌ലിം വംശജന്‍ ആണെന്ന് തീരുമാനിക്കുകയും ഒരു വിഭാഗത്തിന് നേരെ തന്നെ ആക്രമണം അഴിച്ച് വിടുകയും ചെയ്യുകയാണിവിടെ. എന്നാല്‍, ആക്രമണം നടത്തിയത് ഒരു ബ്രിട്ടീഷ് വംശജനാണെന്ന് പൊലീസ് കണ്ടെത്തിയതിന് ശേഷവും തീവ്ര വലതുപക്ഷ പ്രക്ഷോഭകര്‍ ആക്രമണം തുടരുകയാണ്. (ഡൂള്‍ ന്യൂസ്, ആഗസ്റ്റ് 5, 2024)

ബ്രിട്ടനിലെ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന റോയല്‍ യുണൈറ്റഡ് സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് (റുസി) വലതുപക്ഷ ഹിംസാത്മകശക്തികളെയും ഇസ്‌ലാമിസ്റ്റ് ആരോപിതരെയും കൈകാര്യം ചെയ്യുന്നതില്‍ യുകെ ഭരണകൂടത്തിനും രാഷ്ട്രീയസമൂഹത്തിനും ഇരട്ടത്താപ്പുണ്ടെന്ന പക്ഷക്കാരാണ്. വലതുപക്ഷ അക്രമികളെ ഗുണ്ടകളെന്ന് വിശേഷിപ്പിക്കുമ്പോള്‍ ഇസ്‌ലാമിസ്റ്റുകളെ ഭീകരവാദികളെന്നാണ് വിളിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. അതുപോലെ വെള്ളക്കാരായ പ്രതിഷേധക്കാരെയും വെള്ളക്കാരല്ലത്തവരെയും വ്യത്യസ്തമായാണ് നേരിടുന്നത്. ഇത്തവണ യുകെയിലുണ്ടായ അക്രമസംഭവങ്ങളിലും അതുണ്ടായി (ഗാര്‍ഡിയന്‍, ആഗസ്റ്റ് 11, 2024)

ബ്രിട്ടനിലെ അക്രമസംഭവങ്ങള്‍ അവിടെത്തന്നെ ഇസ്‌ലാമോഫോബിക് വിദ്വേഷപ്രചാരണങ്ങള്‍ക്ക് കാരണമായതുപോലെ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലും അതേമട്ടിലുള്ള പ്രചാരണങ്ങള്‍ നടന്നു. അതിന്റെ അലയൊലികള്‍ കേരളത്തിലും ദൃശ്യമായിരുന്നു. ഈ വിഷയത്തെ ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെടുത്തി എഴുതിയ രണ്ട് മികച്ച ശ്രമങ്ങളാണ് നേരത്തെ ഉദ്ധരിച്ച ബിനോജ് നായരുടെ യുട്യൂബ് വീഡിയോയും സൈഫുദ്ദീന്‍ കുഞ്ഞിന്റെ ഇസ്‌ലാം ഓണ്‍ലൈവ് ലേഖനവും. കുടിയേറ്റക്കാരായ മുസ്‌ലിംകള്‍ സംസ്‌കാരസമ്പന്നമായ ബ്രിട്ടനെ തകര്‍ക്കുന്നു, രാജ്യത്തെ ഇസ്‌ലാമികവത്കരിക്കുന്നു, മതപരമായി ബ്രിട്ടീഷ് ജനതയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു, ജനസംഖ്യ വര്‍ധിപ്പിക്കാന്‍ അനഭിമതമായ കാര്യങ്ങള്‍ ചെയ്യുന്നു, സുന്ദരമായ പരിസ്ഥിതിയെ മാലിന്യം വലിച്ചെറിഞ്ഞ് വൃത്തികെട്ടതാക്കുന്നു, ഇതില്‍ പൊറുതി മുട്ടിയ നാട്ടുകാരുടെ പ്രതിഷേധമാണ് കാണുന്നത്. തുടങ്ങിയവയാണ് കേരളത്തില്‍ ഉയര്‍ന്നുകേട്ട ചില പ്രതികരണങ്ങള്‍.

യോഗയും സംഗീതവുമിഷ്ടമല്ലാത്തവര്‍:

ബ്രിട്ടനിലെ കുടിയേറ്റ മുസ്‌ലിംകള്‍ മതംതലയ്ക്കുപിടിച്ചവരാണെന്നും ഇതര മതങ്ങളെയും ചിന്തകളെയും തകര്‍ക്കാര്‍ ശ്രമിക്കുന്നവരാണെന്നുമാണ് ആഗസ്റ്റ് ആദ്യ വാരത്തില്‍ കേരളത്തിലെ ഹിന്ദുത്വസ്വഭാവത്തിലുള്ള വീഡിയോകള്‍ പുറത്തുവിടുന്ന മീഡിയ മലയാളത്തില്‍ വന്ന ഒരു ചര്‍ച്ചയില്‍ വാദിച്ചത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാമചന്ദ്രനും ജി. സുനിജിയുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇരുവരും നിരവധി വസ്തുതാപരമായ തെറ്റുകളും വരുത്തിയിരുന്നു. അക്രമി സംഘങ്ങള്‍ ഫുഡ്ബോള്‍ കളിക്കാരാണെന്നും കുടിയേറ്റക്കാരുടെ പ്രവര്‍ത്തികൊണ്ട് സഹികെട്ട നാട്ടുകാരാണെന്നുമൊക്കെയാണ് ഇരുവരും പറഞ്ഞത്:

''മൂന്ന് പെണ്‍കുട്ടികള്‍, ആറ് വയസ്സ്, ഏഴ് വയസ്സ്, ഒമ്പത് വയസ്സ്. ഇവര്‍ ഒരു സ്ഥലത്ത് ഡാന്‍സ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതായത്, ടെയ്‌ലര്‍ സ്വിഫ്റ്റ് തീം വെച്ചിട്ട്. ടെയ്‌ലര്‍ സ്വിഫ്റ്റ് എന്ന് പറയുന്നത് അമേരിക്കന്‍ പാട്ടുകാരനും കംപോസറുമാണ്. അവിടെ ചെന്നിട്ടാണ് അക്രമി (ആക്രമണം നടത്തിയത്). ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല. ഈ പതിനേഴ് വയസ്സുള്ള അക്രമി ഒരു മതത്തില്‍പെട്ട ആളാണ്, സ്വാഭാവികമായും നൃത്തം, യോഗ ഇതൊന്നും ഇഷ്ടപ്പെടുന്ന മതമല്ല അയാളുടെത്. മൂന്നു പേരെ മാത്രമല്ല, എട്ടു പേരെക്കൂടി കുത്തിയിട്ടുണ്ട്.

''പതിനേഴ് വയസ്സേ ഉള്ളൂ. ചെറിയ പ്രായത്തില്‍ തന്നെ മതപരമായി മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യുന്നു. മറ്റു മതസ്ഥരെയൊക്കെ കൊല്ലണമെന്ന് വര്‍ഗീയമായി ആലോചിക്കുന്നു. അവര്‍ ഡാന്‍സ് കളിക്കുന്നു, ഇങ്ങനെയൊരു സംസ്‌കാരം തന്നെ ഉണ്ടാകാന്‍ പാടില്ല, അത് ഭൂമിയില്‍നിന്ന് തുടച്ചുനീക്കണം എന്നൊക്കെയാണ് വിചാരം. ചെറുപ്രായം മുതല്‍ ഇന്‍ജെക്റ്റ് ചെയ്തതാണ്. രാവിലേ മുതലേ പ്രാര്‍ഥനയിലൂടെ തലയിലേക്ക് അടിച്ചു കയറ്റുകയാണ്.

കഴിഞ്ഞ ദിവസം നമ്മുടെ ഇവിടെയൊക്കെ ചെയ്യുന്നതുപോലെ മെഴുകുതിരിയൊക്കെ കൊളുത്തി ഒരു വിജില്‍ അവിടെയും ഉണ്ടായിരുന്നു. കുഞ്ഞുങ്ങളുടെ സ്മരണയ്ക്ക്. അത് കഴിഞ്ഞ് രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നൂറുകണക്കിന് നാട്ടുകാര്‍ ഇതില്‍ പ്രതിഷേധിച്ച് അക്രമത്തിലേക്കിറങ്ങി. ഇംഗ്ലീഷ് ഡിഫന്‍സ് ടീമിന്റെ ഫുട്‌ബോള്‍ ടീമാണ് അക്രമത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടനിലെ ഇവരുടെ അക്രമങ്ങള്‍ കൂടി വരികയാണ്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്താന്‍ തോറ്റപ്പോള്‍ ഈസ്റ്റ് ലെസസ്റ്ററില്‍ ഇസ്‌ലാം മതത്തില്‍ പെട്ടവര്‍ ഹിന്ദുക്കളെ ആക്രമിക്കുകയുണ്ടായി. യൂറോപ്പിലെ ജനസംഖ്യയില്‍ വലിയ ഭാഗമായി വരണമെന്നാണ് മുസ്‌ലിംകളുടെ ലക്ഷ്യം. യൂറോപ്പിനെ ഇസ്‌ലാമികവത്കരിക്കണമെന്ന ചിന്തയുള്ള ധാരാളം പേര്‍ ഇപ്പോഴുണ്ട്. അതിനെതിരേ യൂറോപ്യന്‍ പാര്‍ലമെന്റില്‍ പലതും നടക്കുന്നുണ്ട്. ഇവരെക്കൊണ്ട് തദ്ദേശീയര്‍ക്ക് സൈ്വര്യമില്ലാതായി. വേറെ സ്ഥലത്തുനിന്ന് വിവാഹം വഴിയും അല്ലാതെയുമൊക്കെ എത്തിയ വലിയൊരു (മുസ്ലിം) ജനസമൂഹം ഇപ്പോള്‍ അവിടെയുണ്ട്. കുട്ടിക്കാലത്ത് കളിച്ചുനടക്കേണ്ട സമയത്ത് മതതീവ്രത കുത്തിവച്ച് ചെറിയ കുട്ടികള്‍ അക്രമങ്ങളിലേക്ക് തിരിയുകയാണ്. എക്സ് മുസ്ലിംകള്‍ ഇത് പറയുന്നുണ്ട്. (ബ്രിട്ടന്‍ ഞങ്ങളുടേത്, വരത്തന്മാര്‍ പോട്ടെ, മീഡിയ മലയാളം ആഗസ്റ്റ് 2, 2024, ജി. സുനിജി, രാമചന്ദ്രന്‍):

കുടിയേറ്റക്കാര്‍ രാജ്യം മലീമസമാക്കുന്നു:

കുടിയേറ്റക്കാരുടെ നേര്‍ക്ക് അതിക്രമങ്ങളെ വംശീയമായി ന്യായീകരിക്കുന്ന വിശകലനങ്ങളായിരുന്നു അശ്വിന്‍ മാടമ്പിള്ളിയെന്ന യൂട്യൂബറുടേത്. ഏഷ്യന്‍ കുടിയേറ്റക്കാര്‍, പ്രത്യേകിച്ച് മുസ്‌ലിംകള്‍ ബ്രിട്ടനെ മലീമസമാക്കിയെന്ന വംശീയസ്വഭാവമുള്ള ആരോപണങ്ങളാണ് ഇദ്ദേഹം ഉയര്‍ത്തിയത്: കഴിഞ്ഞ അഞ്ചു വര്‍ഷമായിട്ട് വലിയ തോതില്‍ യുകെയിലേക്ക് ഇന്ത്യന്‍ ജനത, പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ അടങ്ങുന്ന യുവജനത, കുടിയേറിയിട്ടുണ്ട്. പാകിസ്താന്‍, അഫ്ഘാനിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്‍മര്‍, മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ - എല്ലാ ഇടത്തു നിന്നും നല്ല രീതിയില്‍ കുടിയേറ്റം ഉണ്ടായിട്ടുണ്ട്. 15 കൊല്ലം മുമ്പ് ലിമിറ്റഡായിട്ടേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ പോകുന്നവരെക്കൊണ്ട് അവിടെത്ത ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല.

അഞ്ച് വര്‍ഷമായി കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. നമ്മളെല്ലാം അത്ഭുതത്തോടെ നോക്കിയിരുന്ന രാജ്യമാണ്. പരിസരങ്ങളിലെ വൃത്തി, ജനങ്ങളുടെ അച്ചടക്കം, വെല്‍മെയ്ന്‍ഡെയ്ന്‍ഡ് ആയ ട്രാഫിക്, അച്ചടക്കത്തോടെ ക്യൂപാലിക്കുന്ന ജനങ്ങള്‍... യാതൊരു (ക്രമസമാധാന) പ്രശ്നങ്ങളുമില്ല. ആഘോഷങ്ങളുണ്ടെങ്കിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത രീതിയിലാണ് നടത്തുന്നത്. പ്രതിഷേധങ്ങളും അങ്ങനെത്തന്നെ. വെല്‍ഡ്രസ്ഡ് ആയ പൗരന്മാര്‍, റോഡില്‍ മുറുക്കിത്തുപ്പലില്ല, മാലിന്യം വഴിയില്‍ വിതറാത്തവരാണ്. ഒച്ചയും ബഹളവുംകൊണ്ട് സ്വകാര്യതയെ കീറിമുറിക്കുന്നില്ല. നമ്മളൊക്കെ അത്ഭുതത്തോടെ നോക്കിക്കണ്ടതാണിത്.

എന്നാല്‍, അവരുടെ സംസ്‌കാരത്തെ, വിശ്വാസത്തെ, അച്ചടക്കത്തെ എല്ലാം തച്ചുടച്ചുകൊണ്ടാണ് ഇപ്പോള്‍ കുടിയേറിയിട്ടുള്ളവര്‍ പെരുമാറുന്നത്. കൃത്യമായ വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പറയുന്നത്. വളരെ നിശ്ശബ്ദമായിരുന്ന അവിടത്തെ സ്ഥലങ്ങള്‍ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുപോലെയായി. ഇപ്പോള്‍ നിരത്തുകള്‍ പഞ്ചാബി ദാബകളുടെ കേന്ദ്രമാക്കിയിരിക്കുകയാണ്. പലയിടങ്ങളിലും ആളുകള്‍ മുറുക്കിത്തുപ്പിയിരിക്കുകയാണ്. വേസ്റ്റെല്ലാം തെരുവില്‍ കുടക്കുന്നു. പുതുതായി എത്തിയ ന്യൂജനറേഷന്‍ കുടിയേറ്റക്കാരാണ് ഇതിന്റെ കാരണക്കാര്‍.

എല്ലാം വൃത്തികേടാക്കുന്ന കുടിയേറ്റക്കാരോട് അവിടത്തെ പൗരന്മാരുടെ വിദ്വേഷമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്കു പിന്നില്‍. കുടിയേറ്റക്കാരോട് സ്വദേശികള്‍ക്കുള്ള അമര്‍ഷം വര്‍ധിച്ചുവരികയാണ്. പ്രത്യേകിച്ച് അഫ്ഗാനിസ്താന്‍, പാക്സിതാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ളവരോട്. അഫ്ഗാനിസ്താനില്‍ നിന്ന് കുടിയേറിയ മൂന്നു യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അവിടെ നടന്ന പ്രതിഷേധങ്ങള്‍ കലാപത്തില്‍ അവസാനിക്കുകയുണ്ടായി. ഫലസ്തീന് ഐക്യദാര്‍ഢ്യ പ്രഖ്യാപിച്ച കൊണ്ട് കൊടിയും എടുത്തു ഇറങ്ങി പൊതുമുതല്‍ നശിപ്പിച്ചു. അതവസാനം കലാപത്തിലാണ് ചെന്നെത്തിയത്. മറ്റു രാജ്യക്കാര്‍ അവരുടെ രാജ്യത്ത് കലാപം തീര്‍ത്തപ്പോള്‍ അവരോട് തീവ്രമായ വിദ്വേഷം ഉടലെടുത്തിട്ടുണ്ടാവാം. പ്രതിഷേധങ്ങള്‍ പതുക്കെപ്പതുക്കെ മുസ്‌ലിംകളെ ലക്ഷ്യമിട്ടതായി മാറി. കലാപം തുടങ്ങിയതോടുകൂടി മുസ്‌ലിംകളോടു മാത്രമല്ല, ഡാര്‍ക്ക് സ്‌കിന്‍ ഉള്ള കണ്ണില്‍കണ്ട എല്ലാ കുടിയേറ്റക്കാരോടും അക്രമം തുടങ്ങി. വെള്ളക്കാരുടെ ആക്രമണങ്ങള്‍ വര്‍ധിച്ചപ്പോള്‍ മുസ്‌ലിംകളും തിരിച്ചാക്രമിക്കുന്നുണ്ട്. ശരിയായ വിവരംപുറത്തുവന്നിട്ടും കലാപം ഇല്ലാതായില്ല. (വാട്ട്സ് ഹാപ്പനിങ് ഇന്‍ യുകെ, അശ്വിന്‍ മാടമ്പിള്ളി, ആഗസ്റ്റ് 8, 2024)

പ്രശ്നം അതിരുകടന്ന കുടിയേറ്റം:

ബ്രിട്ടനില്‍ നടക്കുന്നത് മുസ്‌ലിംവിരുദ്ധ കലാപമാണ്. അവരെ കുറ്റം പറയാന്‍ പറ്റില്ല. അതിരു കടന്ന കുടിയേറ്റമാണ് എല്ലാതിനും കാരണം. ഇന്ത്യയില്‍നിന്നു പോകുന്ന എല്ലാവരെയും മുസ്ലിമായാണ് കാണുന്നത്. ചാണക സംഘിയായ ഒരാള്‍ അവിടെയെത്തിയാല്‍ അയാളും മുസ്‌ലിമായി കണക്കാക്കപ്പെടും. ശക്തമായ മുസ്ലിംവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. പാര്‍ക്കിലും പബ്ബിലും പോകാതിരിക്കുകയാണ് ബുദ്ധി. (ബ്രിട്ടനിലെയും ബംഗ്ലാദേശിലെയും കലാപങ്ങള്‍, മറുനാടന്‍ ടിവി, ആഗസ്റ്റ് 6, 2024)

ബ്രിട്ടനെ ഇസ്‌ലാമിക് റിപബ്ലിക്കാക്കാന്‍ ശ്രമം:

ആഗസ്റ്റ് മാസത്തില്‍ പുറത്തുവന്ന മിക്കവാറും മുസ്‌ലിംവിരുദ്ധ വീഡിയോകളിലും ഒരു പോലെ അവകാശപ്പെട്ടിരുന്ന ഒരു വാദം മുസ്‌ലിംകള്‍ ബ്രിട്ടനെ ഇസ്‌ലാമിക് റിപബ്ലിക്കാക്കാന്‍ ശ്രമിക്കുന്നുവെന്നതാണ്. എബിസി മലയാളമാണ് ഇതില്‍ മുന്നില്‍നിന്നത്. ആഗസ്റ്റ് ആദ്യ വാരത്തില്‍ എബിസി മലയാളം പങ്കുവച്ച വീഡിയോയുടെ ശീര്‍ഷകംതന്നെ ബ്രിട്ടന്‍ ഇസ്‌ലാമിക് റിപബ്ലിക്ക് ആവുന്നു എന്നാണ്. മുസ്‌ലിംകുടിയേറ്റക്കാരെ മനുഷ്യത്വം വിചാരിച്ച് അകത്തുകയറ്റിയതാണ് എല്ലാതിനും കാരണമെന്നും ഈ വീഡിയോയില്‍ സുരേഷ് കൊച്ചാട്ടില്‍ എന്ന പാനലിസ്റ്റ് വാദിക്കുന്നു:

ബ്രിട്ടനിലെ പ്രശ്നം കുടിയേറ്റക്കാരാണ്. ബ്രിട്ടനില്‍ ഒരു സംവിധാനമുണ്ട്. ജോലി ചെയ്തില്ലെങ്കിലും പ്രതി മാസം 3000-5000 പൗണ്ട് സര്‍ക്കാര്‍ നല്‍കും. ബ്രിട്ടീഷുകാര്‍ക്ക് ഇതു പിടിക്കുന്നില്ല. അവര്‍ കൊടുക്കുന്ന നികുതിയില്‍നിന്നാണ് ഈ പണം നല്‍കുന്നത്. ഇതിനി വേണ്ട, നിര്‍ത്തണമെന്നവര്‍ ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി വാട്സ് പറഞ്ഞല്ലോ ബ്രിട്ടന്‍ ആദ്യത്തെ ന്യൂക്ലിയര്‍ ബോംബുള്ള ഇസ്ലാമിക രാജ്യമാകുമെന്ന്. ലോഡഡ് സ്റ്റേറ്റ്മെന്റാണ് ഇത്. യുകെയിലെ പല നഗരങ്ങളിലും മുസ്ലിംജനസംഖ്യ 40 ശതമാനത്തിനടുത്തെത്തിക്കഴിഞ്ഞു. ഇത് കണ്ടിരിക്കാന്‍ ബ്രിട്ടീഷ് ജനത തയ്യാറല്ല. മുസ്‌ലിംകള്‍ സൗദിയിലേക്കോ ദുബയിലേക്കോ അല്ല, യൂറോപ്പിലേക്കാണ് വരുന്നത്. ബംഗ്ലാദേശികള്‍ നമ്മുടെ ജോലിയൊക്കെ കൊണ്ടുപോയാല്‍ നാം തിരിച്ചടിക്കില്ലേ. അതാണ് അവിടെയും നടന്നത്.

മുസ്‌ലിംകള്‍ ഇവിടെ വന്ന് പലരെയും കല്യാണം കഴിക്കും. മുസ്‌ലിംകള്‍ക്ക് നാലു പേരെ കെട്ടാമല്ലോ. കെട്ടിയ നാലുപേരെയും ഇവിടത്തെ പൗരന്മാരുമാക്കാം. ഇതങ്ങനെ പെരുകും. പെരുകിപ്പെരുകി ലണ്ടനിലെ മേയര്‍ മുസ്ലിമായി മാറിക്കഴിഞ്ഞു. പാകിസ്താനിയുമാണ്. ഇത് അവിടത്തെ യഥാര്‍ഥ പൗരന്മാക്ക് സഹിക്കാനാവുന്നില്ല. അതിനെതിരേ പ്രതിഷേധം നടക്കുകയാണ്. ബ്രിട്ടീഷുകാര്‍ക്കുള്ള സൗജന്യ ആരോഗ്യ സംവിധാനങ്ങള്‍ ഇവരാണ് ഉപയോഗിക്കുന്നത്. ബ്രിട്ടനില്‍ കനത്ത നികുതിയാണ്. നികുതി കൊടുക്കാത്തവര്‍ സുഖമായി ബിരിയാണി കഴിച്ചിരിക്കും.

യൂറോപ്പില്‍ സംഭവിക്കാന്‍ പോകുന്നത് അതി ഭീകരമായ കാര്യങ്ങളാണ്. മുസ്‌ലിംകള്‍ അടിഞ്ഞുകൂടി ബ്രിട്ടനിലെ പല പ്രദേശങ്ങളും സൗദിയെയും യുഎഇയെയും പോലെയോ അതിനേക്കാള്‍ മോശം സ്ഥലങ്ങളോ ആക്കി മാറി. ഗോത്രീയ സ്വഭാവമുള്ള അഭയാര്‍ഥികള്‍ പൊതുശല്യമായി മാറിയിട്ടുണ്ട്. മാര്‍ഗരറ്റ് താച്ചര്‍ക്കു ശേഷം ശക്തമായ ഭരണാധികാരി ബ്രിട്ടനിലുണ്ടായിട്ടില്ല. അവിടെ സാധാരണ തൊഴില്‍ ചെയ്യാന്‍ ആളില്ല. അതുകൊണ്ടാണ് ആളുകള്‍ അവിടേക്ക് എത്തുന്നത്. അടുത്ത പത്തിരുപത് കൊല്ലം കൊണ്ട് ബ്രിട്ടന്‍ ഇസ്‌ലാമിക് റിപബ്ലിക്കായി മാറും. അവിടെ രാജാവും റാണിയും ഉണ്ടാവില്ല. ആ സാമ്രാജ്യം തന്നെ അസ്തമിക്കും. ബ്രിട്ടന്‍ യൂറോപ്പിന്റെ ഹൃദയമാണ്. അത് ഇസ്‌ലാമിക് റിപബ്ലിക്കായി മാറിയാല്‍ വലിയ പ്രശ്നങ്ങളാവും ഉണ്ടാവുക.

പാകിസ്താനികള്‍ ഓരോ നഗരത്തിലും കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും അങ്ങനെയാണല്ലോ. അസമിലും ജാര്‍ഖണ്ഡിലുമൊക്കെ അങ്ങനെയാണ്. ബംഗ്ലാദേശികള്‍ വന്ന് പ്രൊഫൈല്‍ മാറ്റിക്കഴിഞ്ഞു. അതുകൊണ്ടാണ് അസമില്‍ എന്‍ആര്‍സി നടത്തിയത്. തങ്ങള്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്നാണ് പിണറായി വിജയന്‍ പറയുന്നത്. ഇപ്പോള്‍ കേരളത്തിന്റെ പ്രൊഫൈലും മാറിത്തുടങ്ങിയില്ലേ. ബംഗ്ലാദേശികള്‍ ബംഗാളികളായി വന്ന് അവിടെ കള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി വോട്ടര്‍ ഐഡിയെടുത്ത് റേഷന്‍കാര്‍ഡ് എടുത്ത്, പാസ്പോര്‍ട്ട് എടുത്ത് ഇവിടെ കേരളത്തില്‍ വന്ന് താമസിക്കുകയാണ്. അവസാനം മലയാളികള്‍ക്ക് കേരളത്തില്‍ സ്ഥലമില്ലാതാവും. കേരളവും ആ കണ്ടീഷനിലേക്ക് പോവുകയാണ്. ഇതാണ് ബ്രിട്ടനിലും നടക്കുന്നത്. അവര്‍ക്ക് ആദ്യം താഴ്ന്ന ജോലികള്‍ ചെയ്യാന്‍ ആളെ വേണമായിരുന്നു. മാന്വല്‍ ലേബര്‍. അതുകഴിഞ്ഞ് വിദഗ്ധ തൊഴിലാളികളെ വേണ്ടിവന്നു. അവരും വന്നു. ഇപ്പോള്‍ എന്താണ് ഉണ്ടായത് ആദ്യം വന്നവര്‍ ബ്രിട്ടനെ അവരുടെ രാജ്യമാക്കി മാറ്റുകയാണ്. (ബ്രിട്ടന്‍ ഇസ്‌ലാമിക് റിപബ്ലിക്ക് ആവുന്നു, ബ്രിട്ടന്‍ കൊയ്യുന്നു, ആഗസ്റ്റ് 7, 2024, എബിസി മലയാളം)

ഫത്വയുമായി മുസ്ലിംകുടിയേറ്റക്കാര്‍:

മുസ്‌ലിംകള്‍ ബ്രിട്ടനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മറ്റൊരു പറ്റം വീഡിയോകളില്‍ പറയുന്നത്. എബിസി തന്നെ പുറത്തുവിട്ട സായിപ്പേ വേണ്ട, ഫത്‌വ വന്നു എന്ന വീഡിയോ ഈ വിഷയമാണ് കൈകാര്യം ചെയ്തത്. വടയാര്‍ സുനില്‍, പ്രഫ. എം.ടി തോമസ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്:

നായയുമായി പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ട് മാഞ്ചസ്റ്ററില്‍ മുസ്‌ലിംകള്‍ പ്രതിഷേധത്തിലാണ്. നായ്ക്കളെ വീടുകളില്‍ വളര്‍ത്തണമെന്നും പുറത്തുകൊണ്ടുവരരുതെന്നുമാണ് ഇസ്‌ലാമിസ്റ്റുകള്‍ ആവശ്യപ്പെടുന്നത്. വിശ്വാസത്തിനും ശരിഅത്ത് നിയമത്തിനും എതിരായതുകൊണ്ടാണ് ഈ ആവശ്യം ഉന്നയിച്ചതത്രെ. ഈ ഫ്തവ മാഞ്ചസ്റ്ററില്‍ വ്യാപകമായി നോട്ടീസടിച്ച് വിതരണം ചെയ്തിട്ടുണ്ട്. യുകെയില്‍ അഭയാര്‍ഥികളോട് ഭേദപ്പെട്ട സമീപനമായിരുന്നു. പക്ഷേ, ഇപ്പോള്‍ മാറിയിട്ടുണ്ട്. വരുന്നവരുടെ ഗുണം കൊണ്ടുതന്നെ.

തെറ്റിദ്ധാരണയാണ് ബ്രിട്ടനിലുണ്ടായ അക്രമത്തിന് കാരണമെന്നത് ശരിയാണ്. പക്ഷേ, അങ്ങനെ തെറ്റിദ്ധരിക്കാനുള്ള സാഹചര്യമാണുള്ളത്. മുസ്ലിംകളോട് ബ്രിട്ടീഷുകാര്‍ക്ക് ഭയം പിടികൂടിയിട്ടുണ്ട്. മറ്റെല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും അതു സംഭവിച്ചുകഴിഞ്ഞു. ബ്രിട്ടനില്‍ നേരത്തെ മുതല്‍ മുസ്‌ലിംകളുടെ കുടിയേറ്റം ശക്തമാണ്. ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍നിന്ന് ധാരാളം പേരെത്തി. ഇംഗ്ലീഷുകാര്‍ വിശാലഹൃദയരായതുകൊണ്ട് ഇവരെ സ്വീകരിച്ചു. മുസ്ലിംകള്‍ വന്നുകഴിഞ്ഞാല്‍ ആദ്യം കുഴപ്പമില്ല. പിന്നെ തങ്ങള്‍ പറയുന്നത് കേള്‍ക്കണമെന്നാവും. പരിധിവിട്ട് കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. ആദ്യം ഇതൊന്നും ബ്രിട്ടീഷുകാര്‍ ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോള്‍ സഹനം പരിധിവിട്ടുകഴിഞ്ഞു. സ്വന്തം രാജ്യം കയ്യില്‍നിന്ന് പോകാന്‍ തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ പല നഗരങ്ങളിലും മുസ്ലിംകളാണ് മേയര്‍മാര്‍. മുസ്‌ലിംഭൂരിപക്ഷരാജ്യമായി പെട്ടെന്നൊന്നും മാറില്ലെങ്കിലും അഭയാര്‍ഥി പ്രശ്നം തലവേദനയായി മാറിക്കഴിഞ്ഞു. (സായിപ്പേ വേണ്ട, ഫത്‌വ വന്നു, എബിസി ടാക്ക്, ആഗസ്റ്റ് 8, 2024)

ആഗോള ഇസ്‌ലാമോഫോബിയയുടെ പൊതുസ്വഭാവങ്ങളിലൊന്നാണ് കുടിയേറ്റക്കാരോടുള്ള വംശീയവിദ്വേഷം. യൂറോപ്യന്‍ രാജ്യങ്ങളില്‍ അത് ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കുടിയേറ്റക്കാരെയാകെ മുസ്‌ലിംകളായി കണക്കാക്കുന്ന രീതി വ്യാപകമാണെന്ന് കേരളത്തിലെ വിദ്വേഷപ്രചാരകര്‍ക്കുതന്നെ പരാതിയുണ്ടല്ലോ.

മുസ്‌ലിംകള്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു:

മുസ്‌ലിംകള്‍ ബ്രിട്ടനിലെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സ്വന്തം നിയമങ്ങളുണ്ടാക്കി രാജ്യത്തെ വെല്ലുവിളിച്ചിരിക്കുന്നുവെന്നാണ് മറ്റൊരുവാദം. എബിസിയിലെ മറ്റൊരു ചര്‍ച്ചയില്‍ പങ്കെടുത്ത ബിജു തറയില്‍ ഇതാണ് പറഞ്ഞുവയ്ക്കുന്നത്:

ബ്രിട്ടനും ജര്‍മനിയുമൊക്കെ കുടിയേറ്റക്കാര്‍ക്ക് പരവതാനി വിരിക്കുന്ന നയമാണ് സ്വീകരിച്ചിട്ടുള്ളത്. അത് നല്ലതാണ്. പക്ഷേ, അതിഥികളായി എത്തുന്നവര്‍ പിന്നീട് ആതിഥേയരായി മാറുന്നു. ആദ്യ കാലത്ത് മലയാളികള്‍ കുടിയേറി അവിടെത്ത പൗരത്വം സ്വീകരിച്ച് ജീവിച്ചുപോകുന്നവരായിരുന്നല്ലോ. പക്ഷേ, ഒരു മതവിഭാഗം, മുസ്‌ലികളെന്ന് പറയുന്നില്ല, അവര്‍ ലോകത്തിന്റെ പല രാജ്യങ്ങളിലും നിന്ന് കുടിയേറി ഇവിടെ അവരുടെ രാജ്യമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പല ഗ്രാമങ്ങളും മതനിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പൊലിസിനുപോലും കടന്നുചെല്ലാന്‍ പറ്റാത്ത ഇടങ്ങളുണ്ട്. ഇക്കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പെട്ടെന്ന് ഉണ്ടാവാന്‍ കാരണം ഫലസ്തീന്‍ പ്രശ്നത്തില്‍ നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിട്ടുണ്ട്. പ്രതിഷേധക്കാര്‍ വിളിക്കുന്ന മുദ്രാവാക്യം സ്വദേശികള്‍ക്കും ജൂതര്‍ക്കുമെതിരേയാണ്. അതാണ് പ്രകോപനമായത്. (ബ്രിട്ടന്‍ മാറുന്നു, എബിസി ടോക്ക്, ആഗസ്റ്റ് 11, 2024).

ബ്രിട്ടീഷ് സംഭവവികാസങ്ങളും കേരളത്തിലെ ഇസ്‌ലാമോഫോബിയയും

ആഗോള ഇസ്‌ലാമോഫോബിയയുടെ പൊതുസ്വഭാവങ്ങളിലൊന്നാണ് കുടിയേറ്റക്കാരോടുള്ള വംശീയവിദ്വേഷം. യൂറോപ്യന്‍ രാജ്യങ്ങളില്‍ അത് ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കുടിയേറ്റക്കാരെയാകെ മുസ്‌ലിംകളായി കണക്കാക്കുന്ന രീതി വ്യാപകമാണെന്ന് കേരളത്തിലെ വിദ്വേഷപ്രചാരകര്‍ക്കുതന്നെ പരാതിയുണ്ടല്ലോ. എന്നാല്‍, ബ്രിട്ടീഷ് സംഭവവികാസങ്ങളെക്കുറിച്ചുള്ള ഇസ് ലാമോഫോബിക് ആഖ്യാനങ്ങള്‍ തികച്ചും വ്യത്യസ്തമായ രീതിയിലാണ് കേരളത്തില്‍ ഉപയോഗപ്പെടുത്തുന്നത്. സംഗീതമിഷ്ടമല്ലാത്ത മൃദുലഭാവങ്ങളില്ലാത്തവരും മതജീവികളും വൃത്തിഹീനരും അഹങ്കാരികളും ലോകം പിടിച്ചടക്കാന്‍ ശ്രമിക്കുന്ന അക്രമിസംഘങ്ങളുമൊക്കെയായി മുസ്‌ലിംകള്‍ ചിത്രീകരിക്കപ്പെടുന്നു. മുസ്ലിംകളെക്കുറിച്ച് ഏറെ പ്രചാരമുള്ള വാര്‍പ്പുമാതൃകതന്നെയാണ് ഇതും. ഈ വാര്‍പ്പുമാതൃകയിലൂടെയാണ് അവര്‍ ബ്രിട്ടീഷ് സംഭവവികാസങ്ങളെ വിശദീകരിക്കുന്നത്. തങ്ങളുടെ ഇസ് ലാമാഫോബിക് ആഖ്യാനതന്ത്രങ്ങള്‍ ബ്രിട്ടീഷ് സംഭവങ്ങള്‍ക്കു മുകളില്‍ ആരോപിക്കുകയാണ്.

ഒപ്പം മറ്റൊന്നു കൂടി നടക്കുന്നുണ്ട്. ഉത്തരേന്ത്യയില്‍നിന്ന് കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ബംഗ്ലാദേശികളെന്നു ആരോപിച്ചുകൊണ്ട് അതിനെ ബ്രിട്ടീഷ് സംഭവങ്ങളുമായി ചേര്‍ത്തുവെച്ച് വായിക്കുന്ന രീതിയുമുണ്ട്. ബ്രിട്ടന്‍ ഇസ്‌ലാമിക് റിപബ്ലിക്ക് ആവുന്നു എന്ന ശീര്‍ഷകത്തില്‍ ആഗസ്റ്റ് 7ാം തിയ്യതി എബിസി മലയാളം നടത്തിയ ചര്‍ച്ചയില്‍ സുരേഷ് കൊച്ചാട്ടില്‍ അതാണ് ചെയ്യുന്നതെന്ന് നാം കണ്ടു. അദ്ദേഹം കേരളത്തെ മാത്രമല്ല, ജാര്‍ഖണ്ഡിലെയും അസമിലെയും കുടിയേറ്റങ്ങളെ ഇതേ ഫ്രയിമില്‍ വായിക്കുന്നു.

സഞ്ചരിക്കുന്ന ഇസ്‌ലാമോഫോബിയ

ഇത്തരം സംഭവങ്ങളെ മനസ്സിലാക്കുന്നതിനുവേണ്ടി സഞ്ചരിക്കുന്ന ഇസ്‌ലാമോഫോബിയ എന്ന പദം തന്നെ വികസിപ്പിക്കപ്പെട്ടിട്ടുണ്ട് (റഫറന്‍സ്': Ashraf Kunnummal, Farid Esack. 2021. Traveling Islamophobia in the Global South: Thinking Through the Consumption of Malala Yousafzai in India. Journal for the Study of Religion, 34, no. 1 (May): 1-26). പ്രാദേശിക തലത്തില്‍ ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതിനുവേണ്ടി ഇസ്‌ലാമോഫോബിയയുടെ പ്രാദേശിക ആഗോള മാതൃകകളെ സമന്വയിപ്പിച്ചുകൊണ്ട് വിശകലനം ചെയ്യുന്ന രീതിയാണ് ഇത്. ഒരു പ്രത്യേക സ്ഥലത്ത് ഉണ്ടായിട്ടുള്ള ഇസ്‌ലാമോഫോബിക്കായ സംഭവമോ മാതൃകയോ പ്രമേയമോ ആശയമോ നടപടിയോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുകയും അത് അതതുപ്രദേശങ്ങളിലെ പ്രദേശിക ഇസ്‌ലാമോഫോബിയയുടെ സവിശേഷതകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും പ്രതിപ്രവര്‍ത്തിക്കുകയും അങ്ങനെ സഞ്ചരിക്കുന്ന ഇസ്‌ലാമോഫോബിയയായി മാറുകയും ചെയ്യുന്നു. മുസ്‌ലിംകളെ ഒരുപോലെ മൊത്തം ബാധിക്കുന്ന കുറച്ചു സംഭവങ്ങളേ ആഗോളതലത്തിലുള്ളൂവെങ്കിലും സഞ്ചരിക്കുന്ന ഇസ്‌ലാമോ ഫോബിയയാണ് അതിന്റെ ആഗോളസ്വഭാവത്തെ ഭംഗിയായി പ്രതിഫലിപ്പിക്കുന്നത്. പാകിസ്താനില്‍വച്ച് മലാല യൂസുഫ് സായിയെന്ന ബാലികക്ക് വെടിയേറ്റ സംഭവം കേരളത്തില്‍ ആഖ്യാനം ചെയ്യപ്പെട്ടത് സഞ്ചരിക്കുന്ന ഇസ്‌ലാമോഫോബിയയുടെ മാതൃകയാണ്.

2016ല്‍ പാകിസ്താനില്‍വച്ചാണ് മലാലക്ക് വെടിയേറ്റത്. മലാലയുടെ കുടുംബവും പ്രദേശികമായി അവിടത്തെ ഗോത്രസമൂഹത്തെ ഭരിക്കുന്ന പാകിസ്താനിലെ താലിബാന്‍ സംഘവും തമ്മില്‍ നിരവധി പ്രശ്‌നങ്ങളുമുണ്ടായിരുന്നു. അതിന്റെ ഒടുവിലാണ് മലാലക്ക് വെടിയേല്‍ക്കുന്നത്. തീര്‍ച്ചയായും അപലപിക്കപ്പെടേണ്ടതും ഒഴിവാക്കപ്പെടേണ്ടതുമായ ഹിംസയാണ് അത്. കേരളം പോലുളള സ്ഥലത്താകട്ടെ മലാല യൂസുഫ് സായിക്ക് വെടിയേറ്റ സംഭവം മുസ്‌ലിം രാഷ്ട്രീയത്തെക്കുറിച്ചുള്ള ഭീതിയും പ്രശ്‌നങ്ങളും ആശയക്കുഴപ്പങ്ങളും നിര്‍മിക്കുന്നതിനാണ് ഉപയോഗപ്പെട്ടത്. മലാലക്കെതിരേ വെടിയുതിര്‍ത്തവരും കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെയും ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെയും വക്താക്കളും ഒരേ ആശയം പങ്കുവയ്ക്കുന്നവരാണെന്നും അക്രമിസംഘവുമായി പ്രത്യക്ഷത്തില്‍ത്തന്നെ ബന്ധമുണ്ടെന്നും വാദിക്കപ്പെട്ടു. ഷേക്ക് ഹസീനക്ക് പലായനം ചെയ്യേണ്ടിവന്ന ബംഗ്ലാദേശ് പ്രതിഷേധത്തെത്തുടര്‍ന്നുള്ള പ്രതികരണങ്ങളിലും ഇതേ പ്രവണത നമുക്ക് കാണാം (അടുത്ത ഭാഗത്ത് അതു വായിക്കാം).

ആഗോള സംഭവങ്ങള്‍ എങ്ങനെയാണ് പ്രാദേശികമായി സ്വീകരിക്കപ്പെടുന്നതെന്നും അത് മുസ് ലിംകളെപ്പറ്റിയുള്ള ധാരണ നിര്‍മിക്കുന്നതെന്നും ഇതുവഴി മനസ്സിലാക്കാനാവും. ഇസ്‌ലാമിക രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനകളോ മുസ്ലിം ജനസാമാന്യമോ കേരളത്തിലെ മറ്റ് മത-മതേതര രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കു തുല്യമായ അളവില്‍ ഹിംസയിലോ രാഷ്ട്രീയസംഘട്ടനത്തിലോ ഏര്‍പ്പെട്ടിട്ടില്ല. എന്നിട്ടും ഇസ്ലാമിന്റെ ആഗോള ഭീഷണിയെപ്പറ്റി സംസാരിക്കുന്നത് യഥാര്‍ഥത്തില്‍ സഞ്ചരിക്കുന്ന ഇസ് ലാമോഫോബിയയെ ഒരു പ്രാദേശിക സാഹചര്യത്തില്‍ സ്വീകരിച്ച് പ്രാദേശിക ആഖ്യാനവുമായി കണ്ണി ചേര്‍ത്തുകൊണ്ട് മുസ്‌ലിം രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ്. ഇത്തരം ശ്രമങ്ങള്‍ ഒരു പാഠമെന്ന നിലയില്‍ ഇസ്‌ലാമോഫോബിയക്ക് അതിന്റെ സന്ദര്‍ഭത്തെയും കവിഞ്ഞുനില്‍ക്കുന്ന അര്‍ഥം കൊടുക്കുന്നു.

(റിസര്‍ച്ച് കലക്റ്റീവ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റിദ ഫാത്തിമ, റെന്‍സന്‍ വി.എം, മുഹമ്മദ് മുസ്തഫ, നിഹാല്‍ എ, അസീം ഷാന്‍, സഈദ് റഹ്മാന്‍, ബാസില്‍ ഇസ്‌ലാം, കമാല്‍ വേങ്ങര)



TAGS :