ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും കസ്സ്റ്റഡി മരണങ്ങളും ചലച്ചിത്ര ടീസറുകളായി മാറി
ഇന്ത്യയിലെ ഇന്നത്തെ അരക്ഷിതാവസ്ഥക്ക് കാരണം, ഭരണകൂടമോ വ്യക്തികളോ ശിക്ഷാഭയമില്ലാതെ നടത്തുന്ന അക്രമങ്ങള്‍ മാത്രമല്ല, അതിനേക്കാളുപരിയായി ഇന്ത്യന്‍ ജനത അനുഭവിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ ദുരിതം കൂടിയാണ്.
രാഷ്ട്രീയ നേതാക്കളായ അതീഖ് അഹ്മദും സഹോദരന്‍ അഷ്‌റഫും പൊലീസ് കസ്റ്റഡിയിലിരിക്കെ ടി.വി കാമറ കണ്ണുകള്‍ക്ക് മുന്നില്‍ വെച്ച് തന്നെ മൃഗീയമായി കൊലചെയ്യപ്പെട്ട സംഭവം സ്വതന്ത്ര ഇന്ത്യയുടെ മറച്ചുപിടിച്ച അത്യന്തം നീചമായ രഹസ്യം തുറന്നു കാട്ടുന്നു. 'ജനാധിപത്യത്തിന്റെ മാതാവ്' എന്ന തലവാചകം 'ബാര്‍ബറിസത്തിന്റെ കുട്ടി' എന്ന തലവാചകമായി മാറിയിരിക്കുന്നു.
ഇത്തരം ആകസ്മിക ഏറ്റുമുട്ടലിലൂടെയുള്ള കൊലപാതകങ്ങളും കസ്സ്റ്റഡി മരണങ്ങളും ഇന്ന് രാജ്യത്തിന്റെ പേടിപ്പെടുത്തുന്ന ചലച്ചിത്രങ്ങളുടെ ടീസര്‍ മാത്രമായി മാറിയിരിക്കുന്നു. മുസ്‌ലിംകള്‍ക്കുനേരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും, മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭരണകൂട പിന്തുണയുള്ള പതിവ് വര്‍ഗീയ അക്രമണങ്ങളും, അധികാരത്തിലിരിക്കുന്നവര്‍ ബോധപൂര്‍വം നിയമം അട്ടിമറിക്കുന്നതും ജനാധിപത്യ സ്ഥാപനങ്ങളെ തരംതാഴ്ത്തുന്നതുമെല്ലാം സാധാരണമായിരിക്കുന്നു. ഇതിലൊന്നും അത്ഭുതപ്പെടാനൊന്നുമില്ല. കാരണം, ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ അതിന്റെ മുഴുവന്‍ അസ്ഥിത്വത്തിലും ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വര്‍ഗീയവും നിഷ്ഠൂരവും ഹൃദയശൂന്യവുമായ ഭരണമാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇന്ത്യയിലുണ്ടായികൊണ്ടിരിക്കുന്നത്. 'ഹിന്ദു രാഷ്ട്രം' കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണം, രാജ്യം ഒരിക്കല്‍ വിലമതിച്ചിരുന്ന സഹിഷ്ണുത, അഹിംസ, ആത്മീയത, ഇന്ത്യയുടെ വിശാലവും ഊര്‍ജ്ജസ്വലവുമായ വൈവിധ്യം തുടങ്ങിയവയെല്ലാം നശിപ്പിക്കുകയാണ്.
ഇന്ത്യയില്‍ ബാര്‍ബേറിയനിസത്തെ എതിര്‍ക്കുക എന്നതിനര്‍ഥം, രാജ്യത്തിന്റെ സാമൂഹിക ശ്രേണിയുടെ ഏറ്റവും താഴെയുള്ള ആളുകള്‍ക്ക് അവരുടെ യഥാര്‍ഥ രാഷ്ട്രീയ സാമൂഹിക പദവി നല്‍കുകയെന്നതാണ്. ഇത് സംഭവിക്കണമെങ്കില്‍ അവര്‍ക്ക് സാമ്പത്തികവും നാഗരികവുമായ നീതി ആവശ്യമാണ്.
ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിക്കാനും മതപരമായ ഭൂരിപക്ഷ സ്വേച്ഛാധിപത്യം സ്ഥാപിക്കാനുമുള്ള തുറന്ന ശ്രമമാണ് ഹിന്ദുത്വ പ്രതിഭാസത്തെ മറ്റു രാഷ്ട്രീയ എതിരാളികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. സ്വേച്ഛാധിപത്യം പ്രവര്‍ത്തിക്കുന്നത് ഒരു പ്രത്യേക ജാതിയുടെയും കോര്‍പ്പറേറ്റ് ഉന്നതരുടെയും നേട്ടത്തിനായാണ്. മറ്റു ഉത്തരവാദിത്തങ്ങളില്‍ നിന്നും പ്രതിരോധങ്ങളില്‍ നിന്നും പിന്‍വലിഞ്ഞുകൊണ്ടുള്ള സ്വേച്ഛാധിപത്യ ഭരണമാണ് ഇവര്‍ ആഗ്രഹിക്കുന്നതും. മതന്യൂനപക്ഷങ്ങള്‍, ദലിതുകള്‍, ആദിവാസികള്‍, സ്ത്രീകള്‍, തൊഴിലാളികള്‍, കര്‍ഷകര്‍, ദരിദ്രര്‍ എന്നിവര്‍ സ്ഥിരമായി രണ്ടാംതരം പൗരന്മാരാകുന്ന ഒരു ഹിന്ദു രാഷ്ട്രം. എല്ലാവരും അവരുടെ സ്ഥാനം അറിയുകയും അത് നിശബ്ദമായി സ്വീകരിക്കുകയും അല്ലെങ്കില്‍ സവര്‍ണ പൊലീസ് ഭരണകൂടത്തിന്റെ ഇരുമ്പഴിക്കുള്ളില്‍ നശിക്കുകയും ചെയ്യുന്ന ഒരു ഡിസ്റ്റോപ്പിയന്‍ ക്രമം.
കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളുടെ തീയില്‍ നിന്ന് വലിയ പ്രതീക്ഷയോടെ എഴുപത്തിയഞ്ച് വര്‍ഷം മുമ്പ് ഉയര്‍ന്നുവന്ന റിപ്പബ്ലിക് ഓഫ് ഇന്ത്യ മരിച്ചുകഴിഞ്ഞിരിക്കുന്നു; കൊന്നത് ഹിന്ദുത്വയാണ്. 'ജയ് ശ്രീ റാം!' എന്ന് വിളിച്ചുകൊണ്ട് മതഭ്രാന്തരായ ജനക്കൂട്ടം തെരുവുകളില്‍ അലയുമ്പോള്‍, മാന്യമായ ഒരു ശവസംസ്‌കാരം നടത്താന്‍ പോലും ആരുമില്ലാതെ ശവശരീരങ്ങള്‍ കണക്കെ തെരുവുകളില്‍ കിടന്ന് ജീര്‍ണിച്ചുകൊണ്ടിക്കുന്നു റിപ്പബ്ലിക്ക്.
അപ്പോള്‍ ഇവിടെ നിന്നും നാം എവിടേക്കാണ് പോവുക? എല്ലാവര്‍ക്കും സമാധാനത്തോടെ, എന്നാല്‍ നീതിയോടും അന്തസ്സോടും കൂടി ജീവിക്കാന്‍ കഴിയുന്ന ഒരു ഇന്ത്യയിലേക്കുള്ള വഴി ഏതാണ്? പ്രത്യാശ പുനരുജ്ജീവിപ്പിക്കാന്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയും? കൃത്യമായ ഉത്തരങ്ങളില്ലാത്ത ഏറെ ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍. എന്നാല്‍, ഇന്ന് ഇന്ത്യന്‍ സമൂഹത്തില്‍ എല്ലായിടത്തും കാണുന്ന പ്രാകൃതത്വത്തിന്റെ വേരുകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിലൂടെ അത് കണ്ടെത്താന്‍ സാധിക്കും. ദലിതരോടും ആദിവാസികളോടും സഹസ്രാബ്ദങ്ങളായി പെരുമാറിയതിന് സമാനമല്ലേ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇപ്പോള്‍ സംഭവിക്കുന്നത്?
ഇന്ത്യയിലെ ഇന്നത്തെ അരക്ഷിതാവസ്ഥക്ക് കാരണം ഭരണകൂടമോ വ്യക്തികളോ ശിക്ഷാഭയമില്ലാതെ നടത്തുന്ന അക്രമങ്ങള്‍ മാത്രമല്ല, അതിനേക്കാളുപരിയായി ഇന്ത്യന്‍ ജനത അനുഭവിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ ദുരിതം കൂടിയാണ്. സമ്പത്തിന്റെ വിതരണത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. മാത്രവുമല്ല, ദാരിദ്ര്യത്തിലും മുന്നിലെത്തിയിരിക്കുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ രോഗത്തിന്റെയും പോഷകാഹാരക്കുറവിന്റെയും അപര്യാപ്തതയും ഇവിടെ നിലനില്‍ക്കുന്നുണ്ട്. ജാതിയുടെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനം വ്യാപകമാണ്. നമ്മുടെ ജനസംഖ്യയുടെ വലുപ്പം കണക്കിലെടുക്കുമ്പോള്‍ നാം സംസാരിക്കുന്നത് ദശലക്ഷക്കണക്കിന് ആളുകളുടെ കഷ്ടപ്പാടുകളെക്കുറിച്ചാണ്.
രാജ്യം അഭിമുഖീകരിക്കുന്ന ഇത്തരം മൗലിക വെല്ലുവിളികള്‍ പരിഹരിക്കാന്‍ മുന്‍കാല ഭരണകൂടങ്ങള്‍ക്ക് കഴിയാതിരുന്നത് കൊണ്ടാണ് ഹിന്ദുത്വയുടെ ഉയര്‍ച്ച ഏറെക്കുറെ സാധ്യമായതെന്ന യാഥാര്‍ഥ്യം അംഗീകരിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യാനന്തരം നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും, ഈ ദശകങ്ങളിലെല്ലാം ഇന്ത്യയുടെ ഭരണാധികാരികള്‍ ഹിന്ദുത്വ ശക്തികള്‍ സൃഷ്ടിച്ച പ്രശ്‌നങ്ങളില്‍ കാര്യമായ ഇടപെടല്‍ നടത്തുന്നതില്‍ പരാജയപ്പെട്ടുവെന്നതാണ് വസ്തുത. അത്തരം മനുഷ്യത്വരഹിതവും അനാവശ്യവുമായ ദുരിതങ്ങളില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ കരകയറ്റാന്‍ സഹായിക്കുന്നതിന് സത്യസന്ധവും ആത്മാര്‍ഥവുമായ ശ്രമം നടത്തുന്നതില്‍ നിന്ന് മുന്‍ സര്‍ക്കാരുകളെ തടഞ്ഞത് എന്താണ്? വിഭവങ്ങളുടെ അഭാവം മൂലമോ, സാങ്കേതിക കഴിവില്ലായ്മകൊണ്ടോ, ഉദ്യോഗസ്ഥന്‍മാരുടെ അലസതകൊണ്ടോ? അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങളാലാണോ?
ഇന്ത്യയിലെ ദരിദ്രരില്‍ ഭൂരിഭാഗവും ദലിതര്‍, ആദിവാസികള്‍, പിന്നാക്ക ജാതികള്‍, മതന്യൂനപക്ഷങ്ങളിലെ ദരിദ്ര വിഭാഗങ്ങള്‍ എന്നിവയില്‍ നിന്നാണ് വരുന്നത് എന്നതാണ് ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം - ഇവരെല്ലാം തന്നെ മുന്‍പേ തന്നെ ഹിന്ദു ജാതി വ്യവസ്ഥയുടെ അടിച്ചമര്‍ത്തലില്‍ നിന്ന് രക്ഷപ്പെടാന്‍ 'മതം മാറിയവര്‍' ആയിരുന്നു. ഈ സമുദായങ്ങള്‍ക്ക് അധികാരത്തിന്റെയോ വിഭവങ്ങളുടെയോ അര്‍ഹമായ വിഹിതം ഒരിക്കലും ലഭിക്കാത്തതിന്റെ യഥാര്‍ഥ കാരണം, 'മേല്‍ജാതി' ഹിന്ദുക്കള്‍ എന്ന് വിളിക്കപ്പെടുന്ന ഒരു ചെറിയ വരേണ്യവര്‍ഗമാണ് ഇന്ത്യയെ ഭരിക്കുന്നത് എന്നതാണ്. പ്രത്യയശാസ്ത്ര ക്രമത്തിലുടനീളം - രാഷ്ട്രീയം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, സംസ്‌കാരം, ജുഡീഷ്യറി, മാധ്യമങ്ങള്‍, പൊലീസ്, സായുധ സേന തുടങ്ങിയ സുപ്രധാന സ്ഥാപനങ്ങള്‍ എല്ലാത്തിലും ഈ സവര്‍ണ്ണ വരേണ്യവര്‍ഗം ആധിപത്യം പുലര്‍ത്തുന്നു.
ദലിതര്‍, പിന്നോക്ക ജാതിക്കാര്‍, ആദിവാസികള്‍, മതന്യൂനപക്ഷങ്ങളിലെ ദരിദ്ര വിഭാഗങ്ങള്‍ എന്നിവര്‍ക്ക് എന്തെങ്കിലും ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അത് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന 'ഒരു പൗരന്‍, ഒരു വോട്ട്' എന്ന തത്വം കൊണ്ടാണ്. സാമാന്യജനങ്ങള്‍ക്ക് പ്രാധാന്യമുണ്ടാകുന്നത് അവര്‍ തിരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നു എന്നതുകൊണ്ടാണ്. ഈ വംശീയ സാമൂഹിക വ്യവസ്ഥയുടെ ആരംഭം 9,000 മുതല്‍ 5,000 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അനറ്റോലിയ, കോക്കസസ്, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് എത്തിയതോടെയാണ്. അവര്‍ ഇന്ത്യയിലെ യഥാര്‍ഥ ജനങ്ങളുടെ ഭൂമിയിലും വിഭവങ്ങളിലും മാത്രമല്ല, ആത്മീയവും സാംസ്‌കാരികവുമായ ജീവിതത്തില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയായിരുന്നു.
ക്രിസ്റ്റഫര്‍ കൊളമ്പസ് ആദ്യമായി ബഹാമാസില്‍ കാലുകുത്തിയതിനുശേഷം - വെറും അഞ്ച് നൂറ്റാണ്ടുകള്‍ക്കുള്ളില്‍ - യൂറോപ്യന്‍ കുടിയേറ്റക്കാര്‍, അധിനിവേശക്കാര്‍, അഭയാര്‍ഥികള്‍ എന്നിവര്‍ തെക്കേ അമേരിക്കയെ മാറ്റിമറിച്ച രീതിയാണ് മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഈ പ്രക്രിയയോട് സമാനമായി നില്‍ക്കുന്നത്. ഒരു പ്രോട്ടോ-ജാതി സമ്പ്രദായം ഇന്ന് അവിടെ വ്യക്തമായി കാണാം. പ്രത്യേകിച്ച് തദ്ദേശീയരായ ആളുകള്‍ പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടാത്ത പ്രദേശങ്ങളില്‍. മുകളില്‍ വെള്ളക്കാര്‍, മധ്യത്തില്‍ മെസ്റ്റിസോകള്‍, കറുത്തവര്‍ഗക്കാരും തദ്ദേശീയരായ ഇന്ത്യക്കാരും താഴെ എന്നതാണ് ക്രമം.
സാമ്പത്തിക നീതി നേടിയെടുക്കാന്‍ ഹിന്ദുത്വയുടെ സാംസ്‌കാരികവും ആത്മീയവുമായ ആധിപത്യത്തെ അനുബന്ധമായി വെല്ലുവിളിക്കേണ്ടതുണ്ട്. നാഗരിക നീതിയെ ഊന്നിപ്പറഞ്ഞുകൊണ്ട് ഇത് ചെയ്യാന്‍ കഴിയും.
ഇന്ത്യയില്‍ ബാര്‍ബേറിയനിസത്തെ എതിര്‍ക്കുക എന്നതിനര്‍ഥം, രാജ്യത്തിന്റെ സാമൂഹിക ശ്രേണിയുടെ ഏറ്റവും താഴെയുള്ള ആളുകള്‍ക്ക് അവരുടെ യഥാര്‍ഥ രാഷ്ട്രീയ സാമൂഹിക പദവി നല്‍കുകയെന്നതാണ്. ഇത് സംഭവിക്കണമെങ്കില്‍ അവര്‍ക്ക് സാമ്പത്തികവും നാഗരികവുമായ നീതി ആവശ്യമാണ്. ഇവിടെ സാമ്പത്തിക നീതി എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്, ദരിദ്രരായ സമൂഹങ്ങള്‍ക്കും പൗരന്മാര്‍ക്കും, മാന്യവും സുരക്ഷിതവുമായ ജീവിതം ആരംഭിക്കാന്‍ അവരെ പ്രാപ്തരാക്കുന്നതിന്, ഭൂമി, ധനം അല്ലെങ്കില്‍ മറ്റ് ആസ്തികള്‍ എന്നിവയുടെ രൂപത്തില്‍ സമ്പത്തിന്റെ യഥാര്‍ഥ പുനര്‍വിതരണമാണ്. എല്ലാ വിഭാഗങ്ങള്‍ക്കും അവരുടെ ജനസംഖ്യാനുപാതികമായി ദേശീയ വിഭവങ്ങള്‍ വിഭജിക്കുക എന്ന ലളിതമായ ഒരു സൂത്രവാക്യം.
ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം ജാതി സെന്‍സസ് ആവശ്യപ്പെടുന്നുണ്ട്. ഇത് ഇന്ത്യയിലുടനീളമുള്ള വ്യത്യസ്ത സമുദായങ്ങളുടെ യഥാര്‍ഥ എണ്ണം വെളിപ്പെടുത്തും. ഇത് ഈ ദിശയിലുള്ള ഒരു ചരിത്രപരമായ മുന്നേറ്റമാണ്. (കാന്‍ഷിറാമിന്റെ യഥാര്‍ഥ മുദ്രാവാക്യമായ 'ജിസ്‌കി ജിത്‌നി സാംഖ്യ ഭരി, ഉസ്‌കി ഉത്‌നി ഹിസ്സേദാരി' എന്ന മുദ്രാവാക്യം പരാവര്‍ത്തനം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 'ജിത്‌നി അബാദി ഉത്‌ന ഹഖ്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയത് ശ്രദ്ധേയമാണ്). എന്നിരുന്നാലും, സാമ്പത്തിക നീതി നേടിയെടുക്കാന്‍ ഹിന്ദുത്വയുടെ സാംസ്‌കാരികവും ആത്മീയവുമായ ആധിപത്യത്തെ അനുബന്ധമായി വെല്ലുവിളിക്കേണ്ടതുണ്ട്. നാഗരിക നീതിയെ ഊന്നിപ്പറഞ്ഞുകൊണ്ട് ഇത് ചെയ്യാന്‍ കഴിയും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മണ്ണ്, ഭൂമി, വെള്ളം, ആകാശം എന്നിവയുമായി ഇണങ്ങി ജീവിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയതും അഭേദ്യവുമായ പൈതൃകത്തെ പ്രതിനിധീകരിക്കുന്ന - ഇന്ത്യയിലെ ദലിതരും ആദിവാസി ജനതയുടെ അവകാശം തിരിച്ചറിയുക എന്നതാണ് നാഗരിക നീതികൊണ്ട് അര്‍ഥമാക്കുന്നത്. അവരാണ് ഈ ഉപഭൂഖണ്ഡത്തിന്റെ നിവാസികളും യഥാര്‍ഥ കാവല്‍ക്കാരും. വളരെ ക്രൂരമായി ധാരുണമായി അവരുടെ മണ്ണില്‍ നിന്നും അവര്‍ പുറന്തള്ളപ്പെട്ടു. അവരെ അടിമകളാക്കി വെച്ച്, അവരെ കോളനിവത്കരിച്ച് അവരുടെ ജീവിതരീതി നശിപ്പിക്കപ്പെട്ടു. നാഗരിക നീതിയില്‍ ആദിവാസികളെയും ദലിതരെയും 'മൂല്‍ നിവാസികള്‍' എന്നും ഇന്ത്യയുടെ പ്രഥമ ജനങ്ങള്‍ എന്നുമാണ് അഭിസംബോധന ചെയ്യുന്നത്. ഇത് ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഇതിനകം തന്നെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒരു ആവശ്യമാണ്. ഇതിന് കൂടുതല്‍ ജനകീയതയും സ്വീകാര്യതയും ഉണ്ടാക്കേണ്ടതുണ്ട്.
സഹസ്രാബ്ദങ്ങളായി ഈ സമുദായങ്ങള്‍ക്കെതിരെ നടന്ന എല്ലാ അതിക്രമങ്ങള്‍ക്കും ഇന്ത്യന്‍ സര്‍ക്കാരും ഭരണകൂടവും ക്ഷമാപണം നടത്തുക എന്നതാണ് നാഗരിക നീതിയുടെ യുക്തിസഹമായ ലക്ഷ്യം. എല്ലാ മതഗ്രന്ഥങ്ങളില്‍ നിന്നും 'രാക്ഷസ', 'ദസ്യു', 'ദാനവ്' തുടങ്ങിയ വംശീയവും അധിക്ഷേപകരവുമായ പദങ്ങള്‍ നീക്കം ചെയ്യണം.
ഈ ആവശ്യങ്ങളെല്ലാം ഇന്നത്തെ രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തില്‍ നേടിയെടുക്കാന്‍ പ്രയാസകരമാണ്. അമേരിക്കയിലെ വെള്ളക്കാരായ യൂറോപ്യന്മാരുടെ പിന്‍ഗാമികളോട് അവരുടെ ഭൂമിയും വിഭവങ്ങളും അധികാരവും തങ്ങളുടെ രാജ്യത്തെ കറുത്തവര്‍ഗക്കാര്‍ക്കും സ്വദേശികളായ ഇന്ത്യക്കാര്‍ക്കും പുനര്‍വിതരണം ചെയ്യാന്‍ ആവശ്യപ്പെടുന്നതിന് തുല്യമാണത്. അപ്പോള്‍ മാത്രമേ ഇന്ത്യന്‍ ഭരണഘടനയെ പ്രചോദിപ്പിച്ച സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങള്‍ക്ക് യഥാര്‍ത്ഥ അര്‍ഥം ലഭിക്കൂ. ഇന്നത്തെ ബാര്‍ബേറിയസത്തിന്റെ സന്തതി എന്നതില്‍ നിന്ന് ഭാവിയില്‍ എന്നെങ്കിലും യഥാര്‍ഥ ജനാധിപത്യത്തിന്റെ സന്തതിയായി ഇന്ത്യ മാറാനുള്ള സാധ്യത വര്‍ധിക്കുകയുള്ളു. യു.എസിലായാലും ഇന്ത്യയിലായാലും വലിയ ബലപ്രയോഗത്തിലൂടെയല്ലാതെ അത്തരം ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോകുന്നില്ല എന്നതും തിരിച്ചറിയേണ്ടതുണ്ട്.
കടപ്പാട്: കൗണ്ടര്‍ കറന്റ്‌സ്
വിവര്‍ത്തനം: അമീന പി.കെ