ചരക പ്രതിജ്ഞയിലെ ജനാധിപത്യം
ചരക പ്രതിജ്ഞ ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും ആവശ്യപ്പെടുന്നത് നമ്മുടെ സംവിധാനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ എന്നാല്‍ ഭരണകൂടത്തോട് വിധേയപ്പെടേണ്ട ഒരു വിഭാഗമാണ് എന്ന് അവരെ ഓര്‍മപ്പെടുത്തുന്നു എന്നത് കൂടിയാണെന്നത് ഗൗരവമായി കാണണം.
രാഷ്ട്രീയമെന്നാല്‍ ഒരു സമൂഹത്തിലെ സാമൂഹിക അധികാര ശക്തികള്‍ക്ക് അവരുടെ പ്രത്യേക താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉപാധികൂടിയാണെന്ന് നിക്കോസ് പൗലാന്റ്സ നിര്‍വചിച്ചിട്ടുണ്ട്. ഇന്നത്ത ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍വചിക്കാന്‍ പൗലാന്റ്സിന്റെ നിരീക്ഷണം തന്നെയാണ് പ്രായോഗികം.
രാഷ്ട്രീയ പാര്‍ട്ടികളെക്കാള്‍ പ്രാധാന്യം ജാതി-സാമ്പത്തിക ശക്തികള്‍ക്കാണ്, അതുകൊണ്ട് തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉപരിയായി ഇത്തരം ശക്തികള്‍ക്ക് അധികാരത്തില്‍ സ്വാധീനം കിട്ടുന്നു. ഇത്തരം ജാതി-സവര്‍ണ അധികാരങ്ങള്‍ ആധുനിക ജനാധിപത്യത്തിലേക്ക് കടന്നുവരുന്നത് നിലനില്‍ക്കുന്ന പാര്‍ലമെന്ററി വ്യവഹാരങ്ങളെ അപ്രസ്‌കതമാക്കിക്കൊണ്ടാണ്. ഇതില്‍ പ്രധാനം മാറുന്ന രാഷ്ട്രീയ വ്യവഹാരങ്ങളും വ്യകതിയിലൂടെ സൃഷ്ടിക്കപ്പെടുന്ന അധികാര ബോധവും കൂടിയാണ്. അധികാര രാഷ്ട്രീയത്തെ സാംസ്‌കാരിക രൂപങ്ങളിലൂടെ ഭൂരിപക്ഷത്തിന്റെ സാമൂഹിക അധികാരത്തിലേക്ക് ചുരുക്കുക എന്ന വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ വേരുകള്‍ ഒരു പക്ഷെ ചെന്നുനില്‍ക്കുക വംശീയ അധിനിവേശ രാഷ്ട്രീയ ചരിത്രത്തോടാണ്.
ഇന്ത്യയെപോലെ ബഹുസ്വര സമൂഹത്തില്‍ ഈ രാഷ്ട്രീയത്തിന് എളുപ്പത്തില്‍ കടന്നു വരാന്‍ കഴിയില്ല എന്ന് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ജാതീയമായി വിഘടിച്ച വൈരുധ്യം നിറഞ്ഞ ഇന്ത്യയില്‍ ഫാസിസത്തിന് വേരുപിടിക്കാന്‍ കഴിയില്ല എന്ന് ആനന്ദ് അടക്കമുള്ള എഴുത്തുകാര്‍ കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍, അത്തരം നിരീഷണങ്ങള്‍ ഒക്കെ വളരെ പെട്ടന്ന് അപ്രസക്തമായി. ഇത്തരം മാറ്റങ്ങള്‍ക്ക് കാരണം രാഷ്ട്രീയ ശൈലിയില്‍ ഉണ്ടായ മാറ്റങ്ങളാണ്. രണ്ട് ഉദാഹരണങ്ങള്‍ കൊണ്ട് ഇത് വിശദീകരിക്കാനാണ് ഈ ലേഖനത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ ശ്രമിക്കുന്നത്. ഒന്നാമതായി വലിയതോതില്‍ ആഗോളതലത്തില്‍ തന്നെ എന്‍.ഡി.എ സര്‍ക്കാരിന്റെ ഏറ്റവും വലിയ സാംസ്‌കാരിക നേട്ടം എന്ന് പറയാവുന്ന യോഗ പ്രചരിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭ ഒരു ദിനം ആചരിക്കാന്‍ തീരുമാനിക്കുന്നതാണ്.
യോഗയെ ഒരു ഹിന്ദു സാംസ്‌കാരിക രൂപമായി വിപണനം ചെയ്യാനും അതുവഴി സ്വായം ഒരു ദൈവിക പരിവേഷം നേടാനും കഴിയും എന്ന് തെളിയിച്ചത് ശ്രീ ശ്രീ രവിശങ്കറാണ്. ജി.വി അയ്യങ്കാര്‍ പോലെയുള്ള യോഗാചാര്യന്മാരെ അപ്രസക്തമാക്കിക്കൊണ്ടാണ് രവിശങ്കര്‍ ഈ നേട്ടം കൊയ്തത്. എന്നാല്‍, യോഗയെ ഒരു രാഷ്ട്രീയ ഉപകരണമാക്കി മാറ്റാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. ഈ മാറ്റത്തിന്റെ ഗുണഭോകതാക്കള്‍ ബി.ജി.പി തന്നെയാണ്. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഇത്തരം മാറ്റങ്ങളുടെ ഗുണഭോക്താക്കള്‍ ആകാന്‍ കഴിയില്ല. ആരോഗ്യ രംഗത്തെ വിദ്യാര്‍ഥികള്‍ ഇതുവരെ തുടര്‍ന്ന ഹിപ്പോക്രറ്റിക് പ്രതിജ്ഞ മാറ്റി പകരം ചരക പ്രതിജ്ഞ എടുക്കണം എന്ന തീരുമാനം മേല്‍ സൂചിപ്പിച്ച രാഷ്ട്രീയാധിനിവേഷത്തെ പ്രതിനിധീകരിക്കുന്നു.
ചരക സംഹിതയില്‍ നിന്നുമാണ് ചരക പ്രതിജ്ഞ രൂപപ്പെടുന്നത്. ഈ പ്രതിജ്ഞയുടെ പ്രധാന പ്രശ്‌നമായി വിമര്‍ശകര്‍ പറയുന്നത് ബ്രാഹ്‌മണ്യത്തോടും അധികാരത്തോടുമുള്ള വിധേയത്വമാണ് ചരക പ്രതിജ്ഞയുടെ സത്തയെന്നാണ്. ഇന്ത്യന്‍ പാരമ്പര്യ മൂല്യങ്ങള്‍ പലതും ജാതീയ അധികാര ഘടനയില്‍ നിന്നും രൂപപ്പെട്ടതാണ് എന്നത് വിസ്മരിക്കാന്‍ കഴിയില്ല. അവര്‍ണന് അറിവ് നിഷേധിച്ച ഒരു കാലത്തെ മറികടന്നുകൊണ്ടാണ് ആധുനിക മൂല്യങ്ങള്‍ പലതും കടന്നുവന്നതും ഒരു പരിധിവരെയെങ്കിലും നമ്മുടെ പൊതുജീവിതത്തെ ജനാധിപത്യവല്‍കരിച്ചതും. ഒരു സമൂഹത്തിന്റെ ആന്തരിക ജനാധിപത്യമെന്നത് എളുപ്പത്തില്‍ രൂപപ്പെടുന്ന ഒന്നല്ല. സംസ്‌കാരികവും, സാമ്പത്തികവുമായ എല്ലാ ഇടങ്ങളിലും മാറ്റം വരുത്തുന്ന ഒന്നാണ് ഇത്തരം ജനാധിപത്യവല്‍കരണം.
ആന്തരികമായി ജനാധിപത്യവല്‍കരിക്കപ്പെട്ട ഒരു സമൂഹം മനുഷ്യവിരുദ്ധമായ എല്ലാവിധ ആശയങ്ങളെയും പുറംതള്ളും. എന്നാല്‍, വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയം ഇത്തരം ആന്തരിക ജനാധിപത്യത്തെ ഭയപ്പെടുന്നു എന്ന വസ്തുത വിസ്മരിക്കാന്‍ കഴിയില്ല. പാര്‍ലമെന്ററി അധികാരത്തിന് മുകളില്‍ സാംസ്‌കാരിക അധികാരം ഉറപ്പിക്കുന്ന ഒരു ഭരണകൂടം പൗരന് സുരക്ഷാ എന്നതിനേക്കാള്‍ വിധേയത്വമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍, ജനാധിപത്യത്തില്‍ ഇത്തരം ഭരണകൂട വിധേയത്വം രൂപപ്പെടുത്തുക എളുപ്പമല്ല. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ബി.ജെ.പി മാത്രമാണ് ഇത്തരം ഒരു രാഷ്ട്രീയ അജണ്ടയോടെ ഇടപെടുന്നതും അത് നടപ്പാക്കുന്നതിനായി തുറന്ന സമീപനം സ്വീകരിക്കുന്നതും. എന്തുകൊണ്ട് ബി.ജെ.പിക്ക് ഇതിന് കഴിയുന്നു എന്നത്തിന്റെ ഉത്തരമാണ് നേരത്തെ സൂചിപ്പിച്ച യോഗ എന്ന ഒരു ആരാഗ്യപരിപാലന സംവിധാനത്തെ രാഷ്ട്രീയ ഉപകരണമാക്കി മാറ്റുന്നത്. ഇപ്പോള്‍ ചരക സംഹിതയെ അടിസ്ഥാനമാക്കി ആരോഗ്യമേഖയില്‍ നേടാന്‍ ശ്രമിക്കുന്ന മേധാവിത്വവും പൗരന് മേല്‍ മറ്റൊരുതരം അധിനിവേശം നടത്തുന്നതിന് തുല്യമാണ്.
ചരക പ്രതിജ്ഞ ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും ആവശ്യപ്പെടുന്നത് നമ്മുടെ സംവിധാനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ എന്നാല്‍ ഭരണകൂടത്തോട് വിധേയപ്പെടേണ്ട ഒരു വിഭാഗമാണ് എന്ന് അവരെ ഓര്‍മപ്പെടുത്തുന്നു എന്നത് കൂടിയാണെന്നത് ഗൗരവമായി കാണണം. ഒരു ആരോഗ്യ പ്രവര്‍ത്തക ആരെയാണ് പരിചരിക്കേണ്ടതെന്ന് ഭരണകൂടം നിശ്ചയിക്കും എന്നത് ചരിത്രത്തിന്റെ പുനര്‍വായനകൂടിയാണ്. രാജാവിന്/സര്‍ക്കാരിന് വിധേയപ്പെടുന്നവരുടെ ജീവിതം മാത്രമല്ല, അതോടൊപ്പം തന്നെ സാമൂഹിക അധികാരത്തില്‍ നിന്നും പുറംതള്ളപ്പെടുന്ന ഒരു വിഭാഗം അന്നും ഇന്നും നമ്മുടെ സമൂഹത്തില്‍ ഉണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യപ്രവര്‍ത്തകരുടെ സ്വതന്ത്ര നീതി ബോധത്തോടാണ് സര്‍ക്കാര്‍ ആശയവിനിമയം നടത്തുന്നത്, അഥവാ, ഒരാളുടെ സ്വയം നിര്‍ണ്ണയ ബോധത്തിലേക്കാണ്. പകരം നേരത്തെ സൂചിപ്പിച്ചപോലെ ഇത്തരം പ്രതിജ്ഞയോടെ തന്റെ പ്രവര്‍ത്തന മേഖലയുടെ മേല്‍ സര്‍ക്കാര്‍ അധിനിവേശത്തെ അടിയറവു വെക്കുന്നു എന്ന് പറയാം. ഒരു പക്ഷേ, അത്തരത്തിലുള്ള യാതൊരുവിധ മുന്‍വിധികളും ഇല്ലാതെയാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത് എന്ന് ഒരു വാദത്തിന് വേണമെങ്കില്‍ പറയാം. എന്നാല്‍, വലിയ പദ്ധതിയുടെ ഒരു ഭാഗം മാത്രമാണിത്.
ഭരണകൂടത്തിന് വിധേയരാകുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ ജനാധിപത്യത്തില്‍ ഇത്തരം ഇടപെടലുകല്‍ അനിവാര്യമാണ്. ഒരു പക്ഷെ, ഇത്തരം അധിനിവേശങ്ങള്‍ ഒരു പ്രശ്‌നമായി പൗരന് തോന്നാത്ത രീതിയിലാണ് നയങ്ങള്‍ നടപ്പാക്കുന്നത്. ഹിപ്പോക്രറ്റിക് പ്രതിജ്ഞയെ പരിഗണിച്ചിരുന്നത് ഗ്രീക്ക് തത്വചിന്തയുടെ ഭാഗമായിട്ടാണ്. പ്രധാനമായും ചില ധാര്‍മിക മൂല്യങ്ങല്‍ ആരോഗ്യപ്രവര്‍ത്തകരെ ഓര്‍മിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന തത്വം. ഹിപ്പോക്രട്ടീസ് പ്രതിജ്ഞ ഭാരതീയമല്ല എന്ന വാദത്തിന് കിട്ടുന്ന മേധാവിത്വം ജനാധിപത്യത്തെ ആന്തരികമായി തകര്‍ക്കാന്‍ പര്യാപ്തമാണ്. ഇത്തരം ഒരു തീരുമാനം എടുക്കേണ്ടത് ഭരണകൂട യുക്തികൊണ്ടല്ല, പകരം ജനാധിപത്യം ഉറപ്പാക്കുന്ന സ്വയം നിര്‍ണയവാകാശത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം. ഇത്തരത്തില്‍ ആന്തരികമായി തകര്‍ന്ന ഒരു ജനാധിപത്യം ഫലത്തില്‍ സ്വയം നിര്‍ണയാവകാശമില്ലാത്ത ഒരു പൗരസമൂഹത്തെ നിര്‍മിക്കുന്നതിലേക്കായിരിക്കും നയിക്കുക. ഇത്തരം പൗരബോധമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതും.