വംശഹത്യക്കെതിരെയാണ്, യഹൂദവിരുദ്ധമല്ല; സംഘര്‍ഷഭരിതമായ അമേരിക്കന്‍ കാമ്പസുകള്‍
കൊല്ലുന്നത് ഇസ്രായേലാണെങ്കിലും അതിനുള്ള പണം നല്‍കുന്നത് നമ്മുടെ സര്‍വ്വകലാശാലയും കൂടിയാണെന്ന് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധങ്ങളുടെ മുന്നില്‍ നിന്ന് പ്ലക്കാഡുകളുയര്‍ത്തി പറയുന്നത്. അമേരിക്കയിലെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ രാഷ്ട്രീയം വിശകലനം ചെയ്യുന്നു.
ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യക്കെതിരെ അമേരിക്കയിലും വിവിധ യൂറോപ്യന്‍ നാടുകളിലും വിദ്യാര്‍ഥികള്‍ നടുത്തുന്ന പ്രക്ഷോഭം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രായേല്‍ ഇരുനൂറിലേറെ ദിവസങ്ങളായി ഗസ്സയില്‍ തുടരുന്ന വംശഹത്യ അവസാനിപ്പിക്കുക, വംശഹത്യക്ക് അമേരിക്കയുടെ സഹായം പൂര്‍ണ്ണമായും പിന്‍വലിക്കുക, ആക്രമണത്തിന് സംഭാവന നല്‍കുന്ന കമ്പനികളില്‍ നിന്ന് സര്‍വകലാശാലകള്‍ നിക്ഷേപം പിന്‍വലിക്കുക, 'ഇസ്രായേല്‍' സര്‍വ്വകലാശാലകളുമായുള്ള സാംസ്‌കാരിക ബന്ധങ്ങള്‍ വിച്‌ഛേദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭങ്ങള്‍ നടത്തുന്നത്. അതേസമയം പ്രക്ഷോഭങ്ങളെ അധികൃതര്‍ മൃഗീയമായി അടിച്ചൊതുക്കുന്നതിനാല്‍ വീണ്ടുമത് ആളിക്കത്തുകയും പടരുകയുമാണ്. അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ തുടക്കം കുറിച്ച പ്രതിഷേധങ്ങള്‍ ഇതിനകം യൂറോപ്പിലേക്കും അറബ് രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളിലേക്കും വ്യാപിച്ചിരിക്കുന്നു. പ്രതിഷേധങ്ങളിലുടനീളം വിദ്യാര്‍ഥികളോടൊപ്പം അവരുടെ പ്രൊഫസര്‍മാരും ഗസ്സയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നു.
പ്രക്ഷോഭങ്ങളുടെ ചരിത്രം
ലോകചരിത്രത്തില്‍ ചെറുതും വലുതുമായ പ്രക്ഷോഭങ്ങളാണ് പുതുവിപ്ലവങ്ങള്‍ക്ക് ബീജവാപം നല്‍കിയിട്ടുള്ളത്. അമേരിക്കയില്‍ നിന്നും 71 രാജ്യങ്ങളിലേക്ക് പടര്‍ന്ന 'ഒക്കുപൈ യു.എസ് മൂവ്‌മെന്റ് (ഒക്കുപൈ വാള്‍സ്റ്റ്രീറ്റ്), സ്‌പെയിനിലെ മഞ്ഞക്കുപ്പായക്കാര്‍ നടത്തിയ സര്‍ക്കാര്‍ വിരുദ്ധ സമരം, 2011-ല്‍ അറബ് നാടുകളില്‍ അരങ്ങേറിയ മുല്ലപൂവിപ്ലവം തുടങ്ങിയവയെല്ലാം ചെറിയ പ്രക്ഷോഭങ്ങള്‍ വളര്‍ന്നുണ്ടായവയാണ്. ഫലസ്തീന്‍ വിഷയത്തില്‍ കാമ്പസുകളില്‍ നടക്കുന്ന പ്രക്ഷോഭവും ഇതാദ്യമല്ല. എന്നാല്‍, ഇത്രയേറെ അധികൃതരെ വിറപ്പിച്ച സംഭവങ്ങള്‍ ചരിത്രത്തിലാദ്യമാണ്. അമേരിക്കയിലെ അറബ് മെഡിക്കല്‍ വിദ്യാര്‍ഥികളും ഡോക്ടര്‍മാരും ചേര്‍ന്ന് ഫലസ്തീന്‍ ആന്റി സയണിസ്റ്റ് സൊസൈറ്റി (ഫലസ്തീനിയന്‍ നാഷണല്‍ ലീഗ്) 1948-ല്‍ (നക്ബയ്ക്ക് മുമ്പേ) ഫലസ്തീനിനു വേണ്ടിയുള്ള അമേരിക്കന്‍ വിദ്യാര്‍ഥികളുടെ പ്രക്ഷോഭം നടത്തിയിരുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പൗരത്വാവകാശത്തിനായി 1950-ലും 1960-ലും വിദ്ദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭത്തെ ഓര്‍മിപ്പിക്കും വിധമാണ് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം. 1968ലെ വിയറ്റ്‌നാമിലെ അമേരിക്കന്‍ അധിനിവേശ കാലത്ത് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ നടത്തിയ ചരിത്ര പ്രക്ഷോഭത്തോട് സമാനമാണ് സ്ഥിതിഗതികള്‍.
ലോകം ഇന്ന് വരെ കണ്ടിട്ടില്ലാത്ത കിരാതമായ വംശഹത്യക്ക് കണ്ണും പൂട്ടി എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്ന ലോകത്തിലെ ഏറ്റവും ശക്തമായ ഭരണകൂടത്തെയാണ് വിദ്യാര്‍ഥികള്‍ പ്രതിക്കൂട്ടിലേറ്റിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ ഏതു നാട്ടിലായാലും അവിടെ ജീവിക്കുന്ന യുവതയുടെ നേര്‍ശബ്ദമാണ്. യുവത്വത്തിന്റെ അടയാളമാണ്. അത്തരം ജീവനുള്ള ബോധ്യങ്ങളുടെ അടയാളപ്പെടുത്തലാണ് ക്യാമ്പസുകളില്‍ ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.
അന്ന് വിദ്യാര്‍ഥികള്‍ വിയറ്റ്നാം യുദ്ധത്തെ നിരസിച്ച് യൂണിവേഴ്സിറ്റി കാമ്പസില്‍ കുത്തിയിരിപ്പ് സമരം നടത്തി, തങ്ങളുടെ സര്‍വ്വകലാശാലയെ ആയുധ ഗവേഷണ കേന്ദ്രവുമായി ബന്ധിപ്പിക്കുന്ന കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ന് വിദ്യാര്‍ത്ഥികള്‍ ഫലസ്തീനികള്‍ക്ക് വേണ്ടി അഭയാര്‍ഥി ക്യാമ്പുകളുടെ മാതൃക സൃഷ്ടിച്ചു. വലിയ ടെന്റുകള്‍ സ്ഥാപിച്ചു പ്രതിഷേധിച്ചു. അക്കാലത്ത് വിയറ്റ്‌നാം യുദ്ധം, ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചന സമ്പ്രദായം അല്ലെങ്കില്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കുന്നതിന് സംഭാവന നല്‍കിയ പ്രതിഷേധങ്ങളില്‍ അമേരിക്കയിലെ ഹോവാര്‍ഡ് യൂണിവേഴ്‌സിറ്റി, നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റി, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, കെന്റ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ഓഹ്യൊ യൂണിവേഴ്‌സിറ്റി, കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി, മിഷിഗണ്‍ യൂണിവേഴ്‌സിറ്റി, കൊളംബിയ യൂണിവേഴ്‌സിറ്റി എന്നീ പ്രശസ്തമായ അമേരിക്കന്‍ യൂണിവേഴ്‌സിറ്റികള്‍ പങ്കെടുത്തിരുന്നു. ഇന്ന് അവയോടൊപ്പം കൊളംബിയ, യേല്‍, മാസച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി.), ബോസ്റ്റണ്‍ തുടങ്ങി കാമ്പസുകളും പ്രശസ്തമായ യൂണിവേഴ്‌സിറ്റികളും ഗസ്സക്ക് വേണ്ടി അമേരിക്കക്കും ഇസ്രായേലിനുമെതിരെ പ്രതിഷേധിക്കുകയാണ്.
1969 ഏപ്രിലില്‍ നടന്ന ഒരു പ്രകടനത്തിനിടെ, വിദ്യാര്‍ഥികള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ഹാള്‍ കൈവശപ്പെടുത്തുകയും സ്ഥാപനത്തിന്റെ എല്ലാ ഭരണാധികാരികളെയും കെട്ടിടത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പൊലീസ് ഇടപെടല്‍ പ്രതിഷേധക്കാരെ പുറത്താക്കാനും മുന്നൂറിലധികം പേരെ അറസ്റ്റ് ചെയ്യാനും ഇടയാക്കി. ആ സമരം ഫലം കണ്ടു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അധികൃതര്‍ അംഗീകരിക്കേണ്ടി വന്നു. 1970 മെയ് 7 ന്, ഒഹ്യോവിലെ കെന്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പ്രതിഷേധത്തില്‍ സുരക്ഷാ സേനയുടെ വെടിയുണ്ടകളാല്‍ നാല് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ഇത് വമ്പിച്ച അലയൊലികള്‍ സൃഷ്ടിച്ചു. തുടര്‍ന്ന് നൂറുകണക്കിന് സര്‍വ്വകലാശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായ ഒരു രാജ്യവ്യാപക പണിമുടക്കിനു അമേരിക്ക സാക്ഷിയായി. 1985 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചന ഭരണകൂടവുമായുള്ള സര്‍വകലാശാലയുടെ വാണിജ്യ ബന്ധത്തില്‍ പ്രതിഷേധിച്ച് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തുകയും ക്ലാസുകള്‍ ബഹിഷ്‌കരിക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ ആ സമരം വിജയിച്ചു. വര്‍ണ്ണവിവേചന സര്‍ക്കാരില്‍ നിന്ന് കോടിക്കണക്കിന് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിലാണത് കലാശിച്ചത്. 1986 ലും 2014ലും സമാനമായ വിഷയങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നു.
2019-ല്‍, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ കൊളംബിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ ദേശീയ പണിമുടക്ക് നടത്തി. ന്യൂയോര്‍ക്ക് സിറ്റിയിലെ ഏറ്റവും വലിയ റാലിയും സംഘടിപ്പിച്ചു. നൂറുകണക്കിനു നഗരങ്ങളിലെ വിദ്യാര്‍ഥികളാണ് ക്ലാസുകള്‍ ഒഴിവാക്കി പ്രതിഷേധങ്ങളില്‍ പങ്കുകൊണ്ടത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യൂറോപ്പിലും അമേരിക്കയിലും ബി.ഡി.എസിന്റെ നേതൃത്വത്തില്‍ ഇസ്രായേലി ഉല്‍പന്നങ്ങളും അവിടെ നിന്നുള്ള അക്കാദമിക, സാംസ്‌കാരിക സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ബഹിഷ്‌കരണ ക്യാമ്പയിനുകള്‍ നടത്തിയിരുന്നുവെങ്കിലും അവയെല്ലാം സമാധാന പൂര്‍ണ്ണമായിരുന്നു.
വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്ന രാഷ്ടീയം
കൊല്ലുന്നത് ഇസ്രായേലാണെങ്കിലും അതിനുള്ള പണം നല്‍കുന്നത് നമ്മുടെ സര്‍വ്വകലാശാലയും കൂടിയാണെന്ന് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധങ്ങളുടെ മുന്നില്‍ നിന്ന് പ്ലക്കാഡുകളുയര്‍ത്തി പറയുന്നത്. സാമൂഹിക അസമത്വവും, അനീതിയും ഒരു പരിധിക്കപ്പുറം ഒരു സമൂഹത്തിനും വെച്ചു പൊറുപ്പിക്കാനാവില്ല. അനിവാര്യമായ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ലോകത്തുടനീളമുള്ള പ്രക്ഷോഭങ്ങളൊക്കെയും നടന്നിട്ടുള്ളത്. ഒരു ജനതയുടെ മൗലിക അവകാശങ്ങള്‍ക്കുമേല്‍ ഭരണകൂടം പ്രതിബന്ധമായി വരികയൊ അവ നിഷേധിക്കപ്പെടുകയും ചെയ്യുമ്പോള്‍ അതൃപ്തരായ പൊതുജനം മറ്റൊന്നും നോക്കാതെ പ്രതിഷേധസ്വരവുമായി മുന്നോട്ട് വരുന്നു. ഗസ്സയില്‍ കരുതിക്കൂട്ടി ഒരു ജനതയെ അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇല്ലായ്മ ചെയ്യുകയാണ്. യാതൊരു നീതിയുമില്ലാതെ ഏഴ് മാസമായി അവര്‍ക്കുമേല്‍ ബോബുകള്‍ വര്‍ഷിക്കുകയാണ്. ലോകം ഇന്ന് വരെ കണ്ടിട്ടില്ലാത്ത കിരാതമായ വംശഹത്യക്ക് കണ്ണും പൂട്ടി എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്ന ലോകത്തിലെ ഏറ്റവും ശക്തമായ ഭരണകൂടത്തെയാണ് വിദ്യാര്‍ഥികള്‍ പ്രതിക്കൂട്ടിലേറ്റിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ ഏതു നാട്ടിലായാലും അവിടെ ജീവിക്കുന്ന യുവതയുടെ നേര്‍ശബ്ദമാണ്. യുവത്വത്തിന്റെ അടയാളമാണ്. അത്തരം ജീവനുള്ള ബോധ്യങ്ങളുടെ അടയാളപ്പെടുത്തലാണ് ക്യാമ്പസുകളില്‍ ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്ക് വേണ്ടി വിളക്ക് കത്തിച്ചും, അതിന്റെ ന്യായമായ പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അമേരിക്കയുടെ വിദേശ നയത്തെ എതിര്‍ത്തും വിദ്യാര്‍ഥികള്‍ അവരുടെ രാഷ്ടീയം കൃത്യമാക്കുന്നുണ്ട്. പുറത്താക്കലും സസ്‌പെന്‍ഷനും പറഞ്ഞ് ഭീഷണിപ്പെടുതത്തുന്ന സര്‍വ്വകലാശാല അധികൃതരോട് വിദ്യാര്‍ഥികള്‍ ശക്തമായി ചെറുത്ത് നില്‍ക്കുകയാണ്. ഗസ്സയിലെ ഇസ്രായേലിന്റെ യുദ്ധത്തെ സഹായിക്കുന്ന കമ്പനികളില്‍ നിന്ന് പിന്മാറാനുള്ള സര്‍വകലാശാലയുടെ ആവശ്യം നിറവേറ്റുന്നില്ലെങ്കില്‍ തങ്ങള്‍ക്ക് പ്രതിഷേധങ്ങളീല്‍ നിന്നും പിന്മാറാനുള്ള യാതൊരു പദ്ധതിയില്ലെന്നാണ് വിദ്യാര്‍ഥികളുടെ പക്ഷം.
ഫലസ്തീനുവേണ്ടിയുള്ള കൂടാരങ്ങള്‍
വിദ്യാര്‍ഥി സമരങ്ങള്‍ മുന്നോട്ട് വെക്കുന്ന ഏറ്റവും വലിയ പ്രതീകമാണ് ഫലസ്തീനു വേണ്ടിയുള്ള കൂടാരങ്ങള്‍. ഏപ്രില്‍ 17നു കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കൂടാരമൊരുക്കി തുടക്കമിട്ട പ്രതിഷേധജ്വാല യൂറോപ്പിലേക്കും അറബ് നാടുകളിലെ യൂണിവേഴ്‌സിറ്റികളിലേക്കും പടര്‍ന്നിരിക്കുന്നു. സ്റ്റുഡന്റ്സ് ഫോര്‍ ജസ്റ്റിസ് ഇന്‍ ഫലസ്തീന്‍ എന്ന സംഘടനയാണ് തുടക്കത്തില്‍ സമരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. സയണിസ്റ്റ് വംശഹത്യയില്‍ നിന്ന് ഫലസ്തീനെ മോചിപ്പിക്കുക, നദി മുതല്‍ കടല്‍ വരെ ഫലസ്തീനു സ്വാതന്ത്ര്യം, അവരുടെ രക്തസാക്ഷികള്‍ക്ക് മഹത്വം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്നത്. ജോര്‍ജ്ജ് വാഷിംഗ്ട്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം അധികൃതര്‍ തടഞ്ഞിരുന്നു. ഏപ്രില്‍ 18 മുതല്‍, വിവിധ സ്റ്റേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് അവരുടെ നിരവധി ഫാക്കല്‍റ്റി അംഗങ്ങള്‍ക്കൊപ്പം പ്രകടനം നടത്തുന്നത്. ഹാര്‍വാര്‍ഡ്, യേല്‍, കൊളംബിയ, പ്രിന്‍സ്റ്റണ്‍ തുടങ്ങിയ അമ്പതോളം കലാലയങ്ങളില്‍ പ്രതിഷേധം ശക്തമാണ്. പ്രതിഷേധക്കാര്‍ പ്രമുഖ സര്‍വകലാശാലകളുടെ നിയന്ത്രണം ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഗ്രീന്‍ പാര്‍ട്ടിയുടെ മുന്‍ യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജില്‍ സ്റ്റെയ്നെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരെ പൊലീസ് മൃഗീയമായാണ് കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വരുന്നു. പ്രതിഷേധ ക്യാമ്പുകള്‍ പിരിച്ചുവിടാന്‍ പൊലീസ് കിണഞ്ഞ് ശ്രമിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആയിരക്കണക്കിനു വിദ്യാര്‍ഥികളെയാണ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുള്ളത്. ചിലയിടങ്ങളില്‍ സമരക്കാരെ മാധ്യമപ്രവര്‍ത്തകരും പിന്തുണയ്ക്കുന്നതായി അധികൃതര്‍ പരാതിപ്പെടൂന്നു.
സെമിറ്റിക് വിരുദ്ധതയിലെ വിരോധാഭാസം
സെമിറ്റിക് വിരുദ്ധത വര്‍ധിപ്പിക്കാനും ഇസ്രായേലിനെ ഉന്മൂലനം ചെയ്യാനുമുദ്ദേശിച്ചാണ് പ്രതിഷേധങ്ങള്‍ നടത്തുന്നത് എന്ന് പറഞ്ഞാണ് സമരങ്ങളെ അടിച്ചൊതുക്കുന്നത്. അമേരിക്കയിലെ സര്‍വകലാശാലകളില്‍ നടക്കുന്ന പ്രകടനങ്ങള്‍ സെമിറ്റിക് വിരുദ്ധം മാത്രമല്ല, തീവ്രവാദത്തിന് പ്രേരണയുമാണെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറയുന്നു. ഏതുവിധേനയാണെങ്കിലും ഇസ്രായേലിനെ വിമര്‍ശിക്കുന്നതൊക്കെയും യഹൂദവിരുദ്ധമാണെന്ന പ്രചാരണമാണ് ഫലസ്തീനു വേണ്ടിയുള്ള ശബ്ദങ്ങളെ തല്ലിക്കെടുത്താന്‍ ഇസ്രായേലും അമേരിക്കയും മുന്നോട്ട് വെക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നത്. സയണിസമൊരുക്കുന്ന ഗൂഡമായ രാഷ്ടീയ സിദ്ധാന്തങ്ങളെ പൊതുജനമധ്യത്തിലെത്തിക്കുന്നതും ഇസ്രയേലിന്റെ മാനുഷിക വിരുദ്ധമായ പ്രവര്‍ത്തന പദ്ധതികളെ എതിര്‍ക്കുന്നതും എങ്ങനെയാണ് സെമിറ്റിക് വിരുദ്ധമാകുന്നത്.
ഭരണകൂടമെടുക്കുന്ന നിലപാടുകള്‍ പൊതുജനങ്ങള്‍ക്ക് യാതൊരുവിധേനയും അംഗീകരിക്കാന്‍ കഴിയാതെ വരികയെന്നത് ഗൗരവമര്‍ഹിക്കുന്നതാണ്. ഗസ്സക്കെതിരെയുള്ള നിലപാടില്‍ തുടക്കം മുതല്‍ അമേരിക്കന്‍ യുവത ഭരണകൂടത്തിനെതിരെയായിരുന്നു. ആഗോളവത്കരണ കാലത്തെ അന്യായമായ ശേഖരവും വിതരണവും ബഹുജന അസംതൃപ്തിയെ അതിന്റെ ഉച്ചിയിലെത്തിച്ചെങ്കിലും ആഗോളവത്കരണാനന്തര കാലത്തെ പ്രക്ഷോഭങ്ങള്‍ ലോകത്തുടനീളമുള്ള സമൂഹങ്ങള്‍ക്ക് അവരുടെ അവകാശങ്ങളെ കുറിച്ച് കൃത്യമായ ദിശയും രാഷ്ടീയബോധവും നല്‍കാന്‍ പര്യാപ്തമായിട്ടുണ്ട്. യുവസമൂഹം അത് കൃത്യമായി ഏറ്റെടുത്ത് നടപ്പാക്കുകയാണിപ്പോള്‍.
വംശഹത്യ നടത്തുന്നവരെയും അവരെ കണ്ണടച്ച് സാഹായിക്കുന്നവരെയും പ്രതിരോധിക്കുന്നതും അത്തരം ഭരണകൂടത്തിന്റെ പൊള്ളത്തരങ്ങളെ ചോദ്യം ചെയ്യുന്നതും യാതൊരു കാരണവശാലും സെമിറ്റിക് വിരുദ്ധതയാവുന്നില്ല. കോളജ് കാമ്പസുകളില്‍ യഹൂദ വിരുദ്ധതയുടെ യാഥാര്‍ഥ്യം വിദ്യാര്‍ഥികള്‍ അനാവരണം ചെയ്യുന്നുമുണ്ട്. പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന ഒരു ജൂതവിദ്യാര്‍ഥി പ്രതികരിക്കുന്നതിങ്ങനെ ''ഒരു ഇസ്രായേലി ജൂതന്‍ എന്ന നിലയില്‍, മുസ്‌ലിം സുഹൃത്തുക്കളോടും സമപ്രായക്കാരോടും ഒപ്പം നില്‍ക്കേണ്ടത് വളരെ നിര്‍ണായകമാണെന്ന് എനിക്ക് തോന്നുന്നു, പ്രത്യേകിച്ചും എന്റെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് അവരില്‍ യഹൂദ വിരുദ്ധത ആരോപിക്കുമ്പോള്‍'' യഹൂദ വിരുദ്ധതയെന്നത് വെറൂം അടിച്ചമര്‍ത്താനുള്ള ഉമ്മാക്കിയാണെന്ന് മനസ്സില്ലാക്കാവുന്നതേയുള്ളൂ. സെമിറ്റിക് മതങ്ങളുടെ പട്ടികയിലുള്ള മുസ്‌ലിം ക്രിസ്ത്യന്‍ ജൂത മതങ്ങളില്‍ പെട്ട വിദ്ദ്യാര്‍ഥികളെല്ലാം ഒന്നിച്ച് നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെയാണ് ആന്റി സെമിറ്റിസം ആരോപിക്കുന്നത് എന്നതും വിചിത്രമാണ്.
പ്രതിഷേധം അറബ് കാമ്പസുകളിലേക്കും
കുവൈറ്റ്, ലെബനാന്‍, അള്‍ജീരിയ, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ അറബ് സര്‍വ്വകലാശാലകളിലെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ഗസ്സയെ പിന്തുണച്ച് പരിപാടികള്‍ സംഘടിപ്പിച്ച് ഫലസ്തീന്‍ വിഷയത്തില്‍ ഗസ്സയോട് ഐക്യദാര്‍ഢ്യം വര്‍ധിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. എല്ലാ അറബ്, ഇസ്‌ലാമിക യൂണിയനുകളോടും ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും അധിനിവേശ പ്രദേശങ്ങളിലെ ശക്തമായ പോരാട്ടവീര്യത്തിനു പിന്തുണ നല്‍കി സംയുക്ത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും' കുവൈത്തിലെ വിദ്യാര്‍ഥി യൂണിയന്‍ നിര്‍ദേശിക്കുകയുണ്ടായി. 'ഫ്രീ യൂണിവേഴ്‌സിറ്റി കളക്ടീവ് ലെബനീസ്' എന്ന സംഘടന ലബനാനിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളോട് ഗസ്സക്കെതിരായ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതിനു വേണ്ടി ലെബനീസ് സര്‍വകലാശാലകളില്‍ നടക്കുന്ന പ്രതിഷേധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തു.
ജനങ്ങളും ഭരണകൂടവും തമ്മിലുള്ള ആശയവിനിമയം നിലക്കുകയും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളില്‍ കൃത്യവിലോപം നടത്തുകയും ചെയ്യുമ്പോഴാണ് പ്രക്ഷോഭങ്ങളെ കുറിച്ച് ജനങ്ങള്‍ ചിന്തിക്കുന്നത്. ഭരണകൂടമെടുക്കുന്ന നിലപാടുകള്‍ പൊതുജനങ്ങള്‍ക്ക് യാതൊരുവിധേനയും അംഗീകരിക്കാന്‍ കഴിയാതെ വരികയെന്നത് ഗൗരവമര്‍ഹിക്കുന്നതാണ്. ഗസ്സക്കെതിരെയുള്ള നിലപാടില്‍ തുടക്കം മുതല്‍ അമേരിക്കന്‍ യുവത ഭരണകൂടത്തിനെതിരെയായിരുന്നു. ആഗോളവത്കരണ കാലത്തെ അന്യായമായ ശേഖരവും വിതരണവും ബഹുജന അസംതൃപ്തിയെ അതിന്റെ ഉച്ചിയിലെത്തിച്ചെങ്കിലും ആഗോളവത്കരണാനന്തര കാലത്തെ പ്രക്ഷോഭങ്ങള്‍ ലോകത്തുടനീളമുള്ള സമൂഹങ്ങള്‍ക്ക് അവരുടെ അവകാശങ്ങളെ കുറിച്ച് കൃത്യമായ ദിശയും രാഷ്ടീയബോധവും നല്‍കാന്‍ പര്യാപ്തമായിട്ടുണ്ട്. യുവസമൂഹം അത് കൃത്യമായി ഏറ്റെടുത്ത് നടപ്പാക്കുകയാണിപ്പോള്‍. അധികൃതര്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോഴും സാമൂഹ്യ മാധ്യമങ്ങള്‍ അവയെ കൃത്യമായി പ്രചരിപ്പിക്കുന്നുണ്ട്. അധികാരം ഉപയോഗിച്ച് ആരെയും നശിപ്പിക്കാമെന്നും വംശീയമായി ഉന്മൂലനം ചെയ്യാമെന്നും വരുന്നത് മനുഷ്യ നിലനില്‍പ്പിനെ ബാധിക്കുകയും വലിയ അപകടങ്ങള്‍ വിളിച്ച് വരുത്തുകയും ചെയ്യും. അധികാരം എന്നത് താത്വികമായ ഒരു ആദര്‍ശമായും നിലപാടായും അവശേഷിച്ചുകൂടാ. പ്രായോഗിക രംഗത്ത് അത് മനുഷ്യനു ഉപകാരമുള്ള; ഭരണാധികാരികള്‍ക്ക് അവരുടെ നാടിനെ മുന്നോട്ട് നയിക്കാന്‍ ഉതകുന്ന സമര്‍പ്പിതമായ മാതൃകയായും ഏറ്റെടുക്കാന്‍ കഴിയണം. അതിനുവേണ്ടിയുള്ള ശക്തമായ തിരുത്താകട്ടെ പുതുകാലത്തെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍.