Quantcast
MediaOne Logo

കെ.പി ഹാരിസ്

Published: 29 July 2024 6:28 AM GMT

ഇടത് ലിബറലിടങ്ങളിലെ ഇസ്‌ലാമോഫോബുകള്‍

ശ്യാംകുമാറിന് ഐക്യദാര്‍ഢ്യമര്‍പ്പിക്കുമ്പോള്‍ മാധ്യമം ദിനപത്രത്തെ ഒഴിവാക്കാന്‍ കാണിക്കുന്ന നിലപാടിന്റെ പേരാണ് വിവേചന ഭീകരത.

ഡോ. ടി.എസ് ശ്യാംകുമാര്‍ മാധ്യമം ദിനപത്രത്തില്‍ എഴുതിയ രാമായണ വിശകലനത്തിനെതിരെ
X

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാളും ഏറെ ആഴത്തിലും പരപ്പിലും വികസിച്ചുവരുന്ന ഒന്നാണ് കേരളത്തിലെ ഇസ്‌ലാമോഫോബിയ. ആശയപരമായി ഏറെ വേരുകള്‍ ആഴ്ത്തിയ ഒരു പ്രതിഭാസമായി കേരളത്തില്‍ ഇസ്‌ലാമോഫോബിയ തഴച്ചു വളരുകയാണ്. സംഘ്പരിവാറും നവനാസ്തികരും മുന്നില്‍നിന്നു നയിക്കുന്ന ഈ പദ്ധതിയില്‍ ഇപ്പോള്‍ പുതിയ ഒരു വിഭാഗവും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. കേരളത്തിലെ ഇടതു പുരോഗമന ലിബറലുകളാണ് പുതിയ ഇസ്‌ലാമോഫോബുകള്‍. ഡോ. ടി.എസ് ശ്യാംകുമാര്‍ മാധ്യമം ദിനപത്രത്തില്‍ എഴുതിയ രാമായണ വിശകലനത്തിനെതിരെ ഉറഞ്ഞു തുള്ളുകയാണ് സംഘ്പരിവാറുകാര്‍. സംഘ്പരിവാറിനൊപ്പം അസ്വസ്ഥമാവുന്നത് കേരളത്തിലെ ചില ഇടത് ലിബറുകള്‍ കൂടിയാണ് എന്നതാണ് നാം കാണുന്ന കാഴ്ച. ഡോ. ടി.എസ് ശ്യാംകുമാര്‍ എഴുതുന്ന രാമായണ വിശകലനത്തിന് തെരഞ്ഞെടുത്ത പ്ലാറ്റ്‌ഫോം ശരിയായില്ല എന്ന ഉപദേശത്തോടെയാണ് ഇക്കൂട്ടര്‍ ശ്യാം കുമാറിന് ഐക്യദാര്‍ഢ്യം അര്‍പ്പിക്കുവാന്‍ മുന്നോട്ടുവന്നത്.

സംഘ്പരിവാര്‍ നടത്തുന്ന അക്രമണത്തിനെതിരെ ഐക്യദാര്‍ഢ്യം അര്‍പ്പിക്കുവാന്‍ ശ്യാംകുമാറിനൊപ്പം മാധ്യമം ദിനപത്രത്തെയും അവര്‍ ഉള്‍പ്പെടുത്തിയില്ല. എന്ന് മാത്രമല്ല, മാധ്യമം ദിനപത്രത്തെ അപഹസിക്കുവാനും പൈശാചികവത്കരിക്കാനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി മാധ്യമത്തിന്റെ ആദ്യ പത്രാധിപരായിരുന്ന പി.കെ ബാലകൃഷ്ണനെ ഉള്‍പ്പെടെയുള്ള കേരളത്തിലുള്ള വലിയൊരു ശതമാനം എഴുത്തുകാരെ അപഹസിക്കാന്‍ ഇവര്‍ മുന്നോട്ട് വന്നിരിക്കുകയാണ്. രാമായണ വിശകലനത്തിന്റെ ആദ്യ പ്രതികരണം വന്നത് സംഘ്പരിവാര്‍ നേതാവായ ശശികല ടീച്ചറുടെതാണ്. ശ്യാംകുമാര്‍ നടത്തിയ വിമര്‍ശനത്തേക്കാള്‍ അവരെ പ്രകോപിപ്പിച്ചത് അദ്ദേഹം തെരഞ്ഞെടുത്ത മാധ്യമമാണ്. മാധ്യമം ദിനപത്രത്തില്‍ ശ്യാംകുമാര്‍ രാമായണ വിശകലനം എഴുതുവാന്‍ പാടില്ല എന്ന തിട്ടൂരമാണ് ശശികല പുറപ്പെടുവിച്ചിട്ടുള്ളത് എന്നര്‍ഥം. ഇതിനെ ഏറ്റുപിടിക്കുന്ന ദയനീയ കാഴ്ചയാണ് ഇടത് ലിബറലുകള്‍ എന്നറിയപ്പെടുന്ന കെ.ജെ ജേക്കബ്, ശങ്കരനാരായണന്‍ എന്‍.ഇ സുധീര്‍ തുടങ്ങിയ എഴുത്തുകാരില്‍ നിന്ന് നാം കേട്ടത്. അഥവാ, സംഘ്പരിവാറിന്റെ പ്രചാരണത്തിന് ആക്കം കൂട്ടുന്ന പണിയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത് എന്നര്‍ഥം. മാധ്യമം വിരുദ്ധ ക്യാമ്പയിനിലൂടെ ഇവര്‍ സംഘ്പരിവാറിനൊപ്പം നില്‍ക്കുകയാണ് എന്നതാണ് യാഥാര്‍ഥ്യം.


വര്‍ഷങ്ങള്‍ക്കു മുമ്പ് ഡോക്ടര്‍ എം.എം ബഷീര്‍ മാതൃഭൂമിയില്‍ നടത്തിയ രാമായണ വിശകലനത്തിനെതിരെ സംഘ്പരിവാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. മാതൃഭൂമി പത്രത്തെക്കാള്‍ അന്ന് സംഘ്പരിവാര്‍ ടാര്‍ഗറ്റ് ചെയ്തത് എം.എം ബഷീറിനെയായിരുന്നു. ഇപ്പോള്‍ ശ്യാംകുമാറിനെക്കാളും മാധ്യമം ദിനപത്രമാണ് അവര്‍ ടാര്‍ഗറ്റ് ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ് സംഘ്പരിവാര്‍ മാധ്യമം ദിനപത്രത്തെയും എം.എം ബഷീറിനെയും ടാര്‍ഗറ്റ് ചെയ്യുന്നത് എന്നത് മുസ്‌ലിം നാമത്തോടുള്ള സംഘ്പരിവാന്റെ ചതുര്‍ഥിയാണ് എന്ന് മനസ്സിലാക്കാം. ഇതേ നിലവാരത്തിലാണ് ഇടത് ലിബറലുകള്‍ മാധ്യമത്തിനെതിരെയുള്ള പടയൊരുക്കത്തിലൂടെ മുന്നോട്ട് വന്നത്. അഥവാ, ഇവരുടെ ഉള്ളില്‍ അന്തര്‍ഭവിച്ചു കിടക്കുന്ന മുസ്‌ലിം വിരുദ്ധത പുറത്തു വരികയാണ്. ഇതേ നിലവാരത്തിലേക്ക് പുരോഗമന കലാ സാഹിത്യ സംഘവും നീങ്ങുന്നു എന്നതാണ് അവര്‍ പുറപ്പെടുവിച്ച ശ്യാംകുമാര്‍ ഐക്യദാര്‍ഢ്യ പ്രസ്താവനയില്‍ നിന്ന് വെളിപ്പെടുന്നത്.

ശ്യാംകുമാറിന് ഐക്യദാര്‍ഢ്യമര്‍പ്പിക്കുമ്പോള്‍ മാധ്യമം ദിനപത്രത്തെ ഒഴിവാക്കാന്‍ കാണിക്കുന്ന നിലപാടിന്റെ പേരാണ് വിവേചന ഭീകരത എന്നുള്ളത്. മുസ്‌ലിം കര്‍തൃത്വത്തിലുള്ള സാമൂഹ്യ പ്രതിനിധാനത്തെ അംഗീകരിക്കാന്‍ കഴിയാത്ത ഒരു മാനസികാവസ്ഥയുടെ പേരാണ് ഇസ്‌ലാമോഫോബിയ. അല്ലെങ്കിലും പുരോഗമനകലാ സാഹിത്യ സംഘം കേരളത്തില്‍ ഇപ്പോള്‍ എന്ത് മൂര്‍ച്ചയുള്ള ചോദ്യങ്ങളാണ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. വിപ്ലവാത്മകമായ എന്ത് മുദ്രാവാക്യമാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്. ഫാസിസത്തിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടുന്ന സവര്‍ണ താരാട്ട് പാട്ടുകള്‍ രചിക്കാന്‍ മത്സരിക്കുന്ന ഇവരില്‍ നിന്ന് എന്താണ് നാം പ്രതീക്ഷിക്കേണ്ടത്? പിണറായി ഭക്തി സാഹിത്യം രചിക്കുന്ന എഴുത്തുകാരുടെയും കലാകാരന്മാരുടെ കൂട്ടായ്മയായി പുരോഗമന കലാ സാഹിത്യരംഗം നിലം പൊത്തി വീഴുന്ന ദയനീയ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കാരണഭൂതര്‍ തിരുവാതിരയും പിണറായി സ്‌ത്രോത്ര കാവ്യവും രചിക്കുക എന്ന ഭഗീരയത്‌നത്തിലാണ് ഇവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കേരളത്തിലും ഇന്ത്യയിലും തഴച്ചു വളരുന്ന ഇസ്‌ലാമോഫോബിയയെ മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ല, എന്ന് മാത്രമല്ല ഭൂരിപക്ഷ വര്‍ഗീയത സമം ന്യൂനപക്ഷ വര്‍ഗീയത, ഗോള്‍വാര്‍ക്കര്‍ ഈസ് ഈക്വല്‍ ടു മൗദൂദി എന്ന ബാലന്‍സിങ് തിയറിയിലൂടെ വലിയ ബൗദ്ധിക സംഭാവനയാണ് എന്നതരത്തിലുള്ള എല്‍.കെ.ജി സാഹിത്യമാണ് ഇപ്പോഴും പു.ക.സാ സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ഇത് അവര്‍ എത്തിപ്പെട്ട ചിന്താപരമായ മരവിപ്പിനെയാണ് അടയാളപ്പെടുത്തുന്നത്.

കേരളത്തിലെ സാംസ്‌കാരിക തലസ്ഥാനമായി അറിയപ്പെടുന്നത് തൃശ്ശൂര്‍ ജില്ലയാണ്. അവിടെ നിന്നാണ് ചരിത്രത്തില്‍ ആദ്യമായി സംഘ്പരിവാറിന് ഒരു എം.പിയെ സംഭാവന ചെയ്യാന്‍ സാധിച്ചത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയത്തിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വലിയ മുന്നേറ്റം നടത്തിയപ്പോള്‍ കേരളത്തിലെ സാംസ്‌കാരിക തലസ്ഥാനം സംഘ്പരിവാറിനോടൊപ്പം നിലനിന്നു എന്നത് നമ്മെ അസ്വസ്ഥമാക്കേണ്ടതാണ്. പക്ഷേ, നമ്മെ എന്തുകൊണ്ട് അസ്വസ്ഥമാക്കുന്നില്ല എന്ന് ചോദിച്ചാല്‍ സാംസ്‌കാരികമായി എന്നോ സംഘപരിവാറിന് കീഴൊതുങ്ങിയ ഒരു പ്രദേശം രാഷ്ട്രീയമായി അവര്‍ക്ക് അനുകൂലമായി വിധി എഴുതി എന്നുള്ളത് മാത്രമാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. പതിറ്റാണ്ടുകളായി ഇവിടുത്തെ ഇടതു വലത് ഭാവുകത്വം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സംസ്‌കാരികതയോടൊപ്പം സഞ്ചരിക്കുന്നതാണ് നാം കണ്ടത്. അഥവാ സവര്‍ണ്ണ ദാസ്യവും ദലിത് വിരുദ്ധതയും മുസ്‌ലിം വംശീയവെറിയും സമ്മിശ്രമായി മേളിച്ച ഒരു സാംസ്‌കാരിക ലോകമാണ് നാം വളര്‍ത്തിയെടുത്ത്. ഇത്തരമൊരു സംസ്‌കാരിക ഇടത്ത് നിന്ന് സംഘ്പരിവാറിന് വിജയിച്ചു വരുക എളുപ്പമാണെന്ന് മനസ്സിലാക്കാന്‍ വലിയ അപഗ്രഥന ശേഷിയൊന്നും ആവശ്യമില്ല.

നോര്‍മലൈസ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഇസ്‌ലാമോബിക് പ്രദേശമായി കേരളം വളരെ വേഗം മാറിക്കൊണ്ടിരിക്കുകയാണ് എന്ന യാഥാര്‍ഥ്യത്തെയാണ് ഇടത് ലിബറലുകളുടെ മാധ്യമം ദിനപത്രത്തെ പൈശാചികവത്കരിക്കുന്നതിലൂടെ വെളിവാകുന്നത്. കഴിഞ്ഞ ദിവസമാണ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അങ്ങേയറ്റത്തെ മുസ്‌ലിം വെറുപ്പ് ഉല്‍പ്പാദിപ്പിക്കുന്ന പ്രസ്താവന നടത്തിയത്. ഇതിനെതിരെ കേരളത്തിലെ സാംസ്‌കാരിക-രാഷ്ട്രീയ രംഗം ഒരു പ്രതികരണവും നടത്തിയില്ല എന്നത് നാം നോര്‍മലൈസ് ചെയ്യപ്പെട്ട ഇസ്‌ലാമോഫോബ് സമൂഹമായി തീര്‍ന്നിരിക്കുന്നു എന്ന യാഥാര്‍ഥ്യത്തെയാണ് ഓര്‍മപ്പെടുത്തുന്നത്. വെള്ളാപ്പള്ളിയെ പോലുള്ള ഈഴവ സമുദായത്തിലുള്ള ഒരാള്‍ ഇത്തരത്തിലുള്ള ഇസ്‌ലാമോഫോബിക് പ്രസ്താവനകള്‍ നടത്താന്‍ സാധിക്കുമ്പോള്‍ അദ്ദേഹം പുരോഗമന ഇടതിന്റെ നവോത്ഥാന നായകനാണ് എന്നുള്ളത് കേരളീയന്‍ എന്ന നിലയില്‍ നമ്മെ ഓരോരുത്തരെയും ലജ്ജിപ്പിക്കുന്നതാണ്. ഇത്തരത്തില്‍ പുരോഗമനത്തിന്റെയും നവോത്ഥാനത്തിന്റെയും അശ്ലീല പ്രതിനിധാനങ്ങള്‍ നടത്തുന്നിടത്താണ് സവര്‍ണ ഹിന്ദുത്വം ഇടം പിടിക്കുക എന്ന സത്യം തിരിച്ചറിയാന്‍ എത്ര വൈകുന്നുവോ അത്രയും വേഗത്തില്‍ തൃശൂരില്‍ സംഭവിച്ചതുപോലെ കേരളം മുഴുവന്‍ സംഭവിക്കുമെന്ന് നാം മനസ്സിലാക്കണം. അതിനാല്‍ ഇടത് പുരോഗമന ലിബറലുകളോട് ഒരു അഭ്യര്‍ഥന മാത്രമെ ഉള്ളൂ. നിങ്ങള്‍ ഹിന്ദുത്വ ഭീകരതക്കെതിരെ സമരമുന്നണിയില്‍ നിലയുറപ്പിച്ചില്ലെങ്കിലും അവരുടെ ഉപകരണമായി അധഃപതിക്കരുത്.



TAGS :