Quantcast
MediaOne Logo

കുഴിമന്തി, അരളി, കള്ളക്കടത്ത്, ആലപ്പുഴ, പാനായിക്കുളം: ഇസ്‌ലാമോഫോബിയ - 2024 ജൂണ്‍ മാസം കേരളത്തില്‍ സംഭവിച്ചത്

കേരളത്തില്‍ കഴിഞ്ഞ മാസങ്ങളില്‍ ചര്‍ച്ചയായ അരളി നിരോധനവുമായി മുസ്‌ലിംകള്‍ക്ക് ബന്ധമില്ലെങ്കിലും അതിനുപിന്നില്‍ ഒരു ഇസ്‌ലാമിക ഗൂഢാലോചനയാണെന്ന കാഴ്ചപ്പാട് ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാനസ്വഭാവത്തിലേക്ക് വെളിച്ചംവീശുന്നു. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 07)

ഇസ്‌ലാമോഫോബിയ ഡോകുമെന്റേഷന്‍
X

ഇസ്‌ലാമോഫോബിക് ശൃംഖലയെന്നൊരു ആശയ-സംയുക്തത്തെക്കുറിച്ചാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്. ഇതിലെയോരോ ആശയത്തെയും മറ്റ് ആശയങ്ങളുമായി കൂട്ടിച്ചേര്‍ത്തും ഇസ്‌ലാമോഫോബിയയുടെ പുതിയ പുതിയ ശൃംഖലകള്‍ രൂപപ്പെടുത്താം. അത് പെട്ടെന്ന് പ്രചാരത്തിലാവുകയും ചെയ്യും. ഇസ്‌ലാമോഫോബിക് വംശീയ പ്രചാരണത്തിന്റെ ഭാഗമായാണ് 'മലപ്പുറം, സ്വര്‍ണക്കള്ളക്കടത്ത്, മുസ്‌ലിം' എന്ന ഇസ്‌ലാമോഫോബിക് ശൃംഖല മേയ് മാസം രൂപപ്പെടുത്തിയിരിക്കുന്നതെന്നു നാം കണ്ടു. ഇത്തരത്തില്‍ ശൃംഖലകള്‍ രൂപപ്പെടുത്തുന്നതും ഇസ്‌ലാമോഫോബിക് പ്രചാരണങ്ങളുടെ ഭാഗമാണ്. ആലപ്പുഴയെ ലക്ഷ്യമിട്ടും മുസ്‌ലിംകളെ സി.പി.എമ്മിനുള്ളിലെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിച്ചുകൊണ്ടും കഴിഞ്ഞ മാസം നടന്ന പ്രചാരണങ്ങളുടെ ലക്ഷ്യം മലപ്പുറത്തെയും ഈരാറ്റുപേട്ടയെയും തളങ്കരയെയും ബീമപള്ളിയെയും മട്ടാഞ്ചേരിയെയുംപോലെ പുതിയൊരു ഇസ്‌ലാമോഫോബിക് ഭൂമിശാസ്ത്രം മെനഞ്ഞെടുക്കലാണ്. അതാവട്ടെ, ചില പ്രദേശങ്ങളെയും സംഭവങ്ങളെയും യോജിപ്പിച്ച് രൂപപ്പെടുത്തുന്ന ഇസ്‌ലാമോഫോബിക് ശൃംഖലയുടെ ഭാഗമാണ്. ഇസ്‌ലാമോഫോബിക് ശൃംഖലയുടെ നിര്‍മാണത്തില്‍ മുസ്‌ലിംകള്‍ക്കു യാതൊരു പങ്കുമില്ല. അതിനാല്‍ത്തന്നെയതു എളുപ്പം ശ്രദ്ധയില്‍പ്പെടാനും ബുദ്ധിമുട്ടാണ്. ഇസ്‌ലാമോഫോബിയ, മുസ്‌ലിംകളുമായി ബന്ധപ്പെട്ടൊരു കാര്യമല്ല. അത് മുസ്‌ലിംകളുടെ പ്രവൃത്തിയുടെ ഫലവുമല്ല. മറിച്ച്, മുസ്‌ലിംവിരുദ്ധ വംശീയതയുടെ ഭാഗമാണ്. കേരളത്തില്‍ കഴിഞ്ഞ മാസങ്ങളില്‍ ചര്‍ച്ചയായ അരളി നിരോധനവുമായി മുസ്‌ലിംകള്‍ക്ക് ബന്ധമില്ലെങ്കിലും അതിനുപിന്നില്‍ ഒരു ഇസ്‌ലാമിക ഗൂഢാലോചനയാണെന്ന കാഴ്ചപ്പാട് ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാനസ്വഭാവത്തിലേക്ക് വെളിച്ചംവീശുന്നു.

കുഴിമന്തിയും അരളിപ്പൂവും

മേയ് ആദ്യ വാരത്തില്‍ തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ക്ഷേത്രങ്ങളില്‍ പൂജയ്ക്കായും നിവേദ്യത്തിലും അര്‍ച്ചന പ്രസാദത്തിലും അരളിപ്പൂവ് ഉപയോഗിക്കേണ്ടെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്. അരളിപ്പൂവില്‍ വിഷാംശം ഉണ്ടെന്ന ആശങ്കയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. അരളിക്ക് പകരം തെച്ചി, തുളസി തുടങ്ങിയവ നിര്‍ദേശിച്ചു. എന്നാല്‍, ഹാരം ചാര്‍ത്തല്‍, പുഷ്പാഭിഷേകം എന്നിവയില്‍ അരളിപ്പൂവ് ഉപയോഗം തുടരാനും ഉത്തരവില്‍ പറഞ്ഞിരുന്നു. പ്രസാദം കഴിക്കുമ്പോള്‍ അരളിപ്പൂവ് ഭക്തരുടെ ശരീരത്തിനുള്ളിലെത്താനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയത്. (മാതൃഭൂമി ഓണ്‍ലൈന്‍, മേയ് 9, 2024). അതിനും രണ്ടാഴ്ച മുമ്പ് ഏപ്രില്‍ 29ന് യു.കെയിലേക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഒരു യുവതി (സൂര്യ, ഹരിപ്പാട് സ്വദേശി) കുഴഞ്ഞുവീണ് മരിച്ചിരുന്നു. വീടിന് സമീപത്ത് നിന്നിരുന്ന അരളിപ്പൂവ് കടിച്ചതിനെത്തുടര്‍ന്നാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അരളിപ്പൂവ് അകത്തുചെന്നു മരണം പുറത്തുവന്നതോടെ മാധ്യമങ്ങള്‍ വാര്‍ത്ത സെന്‍സേഷണലാക്കി. അരളി മരണങ്ങളുടെ നിരവധി വാര്‍ത്തകള്‍ മാധ്യമങ്ങള്‍ കണ്ടെത്തി. അരളി തിന്ന് ജീവന്‍ നഷ്ടപ്പെട്ട കന്നുകാലികളായിരുന്നു പുതിയ ഇരകള്‍. (സമകാലിക മലയാളം, മേയ് 6, 2024).

ഏപ്രില്‍ അവസാനവാരത്തില്‍ അരളിയുടെ ഉല്‍പാദനവും കൈമാറ്റവും നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കൊല്ലത്തുനിന്നുള്ള ഒരാള്‍ ഹരജി നല്‍കി (ഏപ്രില്‍ 29). ലഭ്യമായ വിവരമനുസരിച്ച് സി. ഗൗരിദാസായിരുന്നു ഹരജിക്കാരന്‍ (ടൈംസ് ഓഫ് ഇന്ത്യ, ജൂണ്‍ 2, 2024). പെണ്‍കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് അരളി ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിട്ടെങ്കിലും അത് നടപ്പാക്കിയിട്ടില്ലെന്നും കോടതി ഇടപെടണമെന്നുമായിരുന്നു ആവശ്യം. അരളി സംസ്ഥാനത്തുതന്നെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ നേരത്തേ ചീഫ് സെക്രട്ടറിക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ സെക്രട്ടറിക്കും പൊലീസിനും നിവേദനം നല്‍കിയിരുന്നു. (ഡൂള്‍ ന്യൂസ്, ജൂണ്‍ 2, 2024). ഹരജിക്കാരന്റെ നിവേദനം പരിഗണിച്ച് ഉചിതമായ നടപടി കൈക്കൊള്ളാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുകയാണ്. (ഇ.ടി.വി ഭാരത്, ജൂണ്‍ 2024)

കുഴിമന്തിയെ തൊടില്ല!

ഹരജി വാര്‍ത്ത പുറത്തുവന്ന തൊട്ടടുത്ത ദിവസം എ.ബി.സി മലയാളം ന്യൂസ് ഇതു സംബന്ധിച്ച ഒരു ടോക് ഷോ സംഘടിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍, എഴുത്തുകാരനും കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും മുന്‍ പി.എസ്.സി ചെയര്‍മാനും പിന്നീട് ബി.ജെ.പി നേതാവുമായി മാറിയ കെ.എസ് രാധാകൃഷ്ണന്‍ എന്നിവരായിരുന്നു ഷോയില്‍ പങ്കെടുത്തത്. കുഴിമന്തിയെ തൊടില്ല, കാരണമുണ്ട് എന്നായിരുന്നു ജൂണ് ആദ്യവാരം പുറത്തിറങ്ങിയ വീഡിയോയുടെ ശീര്‍ഷകം (എ.ബി.സി മലയാളം ന്യൂസ്, ജൂണ്‍ 3, 2024).


അരളി നിരോധിക്കാന്‍ ഒരുമ്പെടുന്നവര്‍ നിരവധി പേരുടെ മരണത്തിന് കാരണമായ കുഴിമന്തി എന്തുകൊണ്ട് നിരോധിക്കുന്നില്ല എന്നായിരുന്നു രണ്ടുപേരും ചേര്‍ന്ന് ചര്‍ച്ച ചെയ്തത്. കുഴിമന്തി താന്‍ കഴിക്കാറില്ലെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. പ്രധാന കാരണം, അദ്ദേഹം പൊതുവെ ഇറച്ചി കഴിക്കാത്തതുതന്നെ. മാത്രമല്ല, ആ പേര് പിടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു ആവശ്യത്തിന് പിന്നില്‍ നല്ല ഉദ്ദേശ്യമല്ലെന്നും അദ്ദേഹം പറഞ്ഞു: 'ഹിന്ദുക്കള്‍ക്കെതിരേ എന്തെങ്കിലും ചെയ്താല്‍ ഗുണം കിട്ടുമെന്ന് തെറ്റിദ്ധരിച്ചിട്ടുള്ള ഒരു വിഭാഗം എല്‍.ഡി.എഫിലുണ്ട്. അങ്ങനെ പറഞ്ഞാല്‍ പിണറായി വിജയനും അദ്ദേഹത്തിന്റെ മരുകനും സംപ്രീതനാകുമെന്നു കരുതുന്നവരുമുണ്ട്. അവരാണ് അധികാര കേന്ദ്രത്തിലിരിക്കുന്നത്. അവരെ പ്രീതിപ്പെടുത്താതെ നില്‍ക്കാന്‍ കഴിയില്ല. ആര് എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് അവരാണ്. അവര്‍ ചെറിയ കക്ഷികളൊന്നുമല്ല. വലിയ രീതിയില്‍ അധികാരം കയ്യാളുന്നവരാണ്. അറബി പ്രാചീനവും കുഴിമന്തി അടുത്തകാലത്ത് വന്നതുമാണ്; അറേബ്യയില്‍ നിന്ന്. ആഹാരം നമ്മുടെ കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും ചേര്‍ന്നതല്ല. കുഴിമന്തി നല്ല ആഹാരമാണെന്ന് ഇതുവരെ ഒരു ഡോക്ടറും സജസ്റ്റ് ചെയ്തിട്ടില്ല. കുഴിമന്തി വിളമ്പുമ്പോള്‍ ജീവിതശൈലീ രോഗങ്ങള്‍ക്ക് കാരണമാവുമെന്ന് പറഞ്ഞുകൊടുക്കണമെന്ന് നിര്‍ദേശിക്കണം'.

അരളിയുമായി ബന്ധപ്പെട്ട് നടന്ന ഒരു സംഭവത്തിലും ഇസ്‌ലാമോ മുസ്‌ലിംകളോ തമ്മില്‍ വിദൂരബന്ധം പോലുമില്ല. പക്ഷേ, വാര്‍ത്താചാനല്‍ അതിനെ രണ്ട് കാര്യങ്ങളുമായി ബന്ധിപ്പിച്ചു. ഒന്നാമത്, നേരത്തേ അറേബ്യന്‍ രാജ്യത്തുനിന്നു വന്ന ഒരു ആഹാരവുമായി; രണ്ടാമത്, അരളിയുടെ നിരോധനത്തിനു പിന്നില്‍ പിണറായി വിജയന്റെ മുസ്‌ലിമായ മരുമകന്റെ താല്‍പര്യവുമോ അദ്ദേഹത്തെ പ്രീണിപ്പിക്കാനുള്ള ചിലരുടെ ശ്രമവുമോ ആയി. പിണറായി വിജയന്റെ മകളുടെ ഭര്‍ത്താവായ മന്ത്രി റിയാസിനെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

അരളിയും കുഴിമന്തിയും തമ്മിലൊരു താരതമ്യംതന്നെ പ്രസക്തമല്ല. അരളിച്ചെടിയില്‍ പ്രകൃതിദത്തമായി അടങ്ങിയിരിക്കുന്ന രാസവസ്തുക്കളാണ് അപകടം ഉണ്ടാക്കുന്നതെങ്കില്‍ കുഴിമന്തി ദോഷകരമാകുന്നത് പാചകത്തിലെ ശ്രദ്ധക്കുറവ് മൂലമാണ്. ഈ വസ്തുത സൗകര്യപൂര്‍വം മറന്നുകൊണ്ടാണ് ഡോ. കെ.എസ് രാധാകൃഷ്ണനെ പോലെയുള്ളവര്‍ ഇസ്‌ലാമോഫോബിയ ഉല്‍പാദിപ്പിക്കുന്നത്

കുഴിമന്തിയും വി.കെ ശ്രീരാമനും

കുഴിമന്തിയുടെ പേരിലെ 'വൈകൃതത്തെ'ക്കുറിച്ച് ഇതാദ്യമല്ല പരാതി ഉയരുന്നത്. നേരത്തേ, നടന്‍ ശ്രീരാമന്‍ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ഇത്തരമൊരു ശ്രമം നടത്തിയിരുന്നു. എഴുത്തുകാരി ശാരദക്കുട്ടി അതിനെ പിന്തുണച്ചു. സ്വാഭാവികമായും ഇതിനെതിരേ അക്കാലത്തുതന്നെ പ്രതിഷേധവുമുയര്‍ന്നു. (ഒക്ടോബര്‍ 1, 2024, മീഡിയവണ്‍) ഇപ്പോള്‍ രാധാകൃഷ്ണന്‍ വീണ്ടും ഇതേ കാര്യം ചെയ്തിരിക്കുന്നു. അമിതമായി കഴിച്ചാല്‍ ഏത് ഭക്ഷണവും ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്നതില്‍ സംശയമൊന്നുമില്ല. പക്ഷേ, ഇവിടെ കുഴിമന്തിക്കെതിരേയുള്ള പ്രതികരണം വംശീയമായി ഉല്‍പ്പാദിപ്പിക്കപ്പെട്ടതാണ്.

അരളി നിരോധനവുമായി മുസ്‌ലിംകള്‍ക്ക് ബന്ധമില്ലെങ്കിലും അതിനുപിന്നില്‍ ഒരു മുസ്‌ലിം ഗൂഢാലോചനയാണെന്ന കാഴ്ചപ്പാട് ഇസ്‌ലാമോഫോബിയയുടെ സ്വഭാവത്തിലേക്ക് വെളിച്ചംവീശുന്നു. ഇസ്‌ലാമോഫോബിയ മുസ്‌ലിംകളുമായി ബന്ധപ്പെട്ട ഒരു കാര്യമല്ല, അത് മുസ്‌ലിംകളുടെ പ്രവര്‍ത്തിയുടെ ഫലവുമല്ല; മറിച്ച്, മുസ്‌ലിം വിരുദ്ധ വംശീയതയുടെ ഭാഗമാണ്.

മലപ്പുറം, സ്വര്‍ണ്ണക്കള്ളക്കടത്ത്

2024 മേയ് 28നാണ് കണ്ണൂര്‍ ഡി.ആര്‍.ഡി.എ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ക്യാബിന്‍ ക്രൂവിലൊരാളും കൊല്‍ക്കത്ത സ്വദേശിയുമായ സുരഭി ഖാത്തൂണിനെ സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തത്. പരിശോധനയില്‍ അവരില്‍നിന്ന് 960 ഗ്രാം സ്വര്‍ണ്ണം കണ്ടെടുത്തു. അടുത്ത ദിവസം കണ്ണൂര്‍ സ്വദേശിയും ക്യാബിന്‍ ക്രൂവുമായ സുഹൈലിനെയും അറസ്റ്റ് ചെയ്തു. വിമാനജോലിക്കാര്‍ സ്വര്‍ണ്ണം കടത്തിയതിന് പിടിയിലാകുന്നത് ആദ്യമായിട്ടല്ലെങ്കിലും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയതുകൊണ്ടാവാം ഈ വാര്‍ത്തക്ക് വലിയ പ്രാധാന്യം കൈവന്നു. ജൂണ്‍ മാസം ആദ്യ വാരത്തില്‍ നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.

കള്ളക്കടത്ത്: മാന്യന്‍മാരുടെതും തീവ്രവാദികളുടെതും

ഐക്യകേരളത്തില്‍ 1950 കള്‍ മുതല്‍ വിവിധ തുറമുഖങ്ങള്‍ വഴി കള്ളക്കടത്തു സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു (പോള്‍ വില്യംസ്, 1974, സ്വര്‍ണ നായാട്ട്, മാതൃഭൂമി ആഴ്ചപതിപ്പ്, 16 ആഗസ്റ്റ്). സിനിമ, കൃഷി, മരവ്യവസായം തുടങ്ങിയ മേഖലകളില്‍ നിക്ഷേപവും നടത്തിയിരുന്നു. കള്ളക്കടത്തുമായി മുസ്‌ലിംകളെ വംശീയമായി ബന്ധപ്പെടുത്തുന്ന ശൈലി 1970 കാലത്തോടെയാണ് നിലവിലിരുന്നത് (ടൈംസ് ഓഫ് ഇന്ത്യയില്‍ പി.കെ രവീന്ദ്രനാഥ് എഴുതിയ റിപ്പോര്‍ട്ട് കാണുക: കേരളാസ് ജെന്റില്‍ മെന്‍ സ്മഗ്ലേഴ്‌സ്, 29 സെപ്തംബര്‍ 1974, പേജ് 4).

മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയവുമായി കളളക്കടത്ത് ഏറെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുന്നതു 1974 - ല്‍ കല്ലട്ര അബ്ബാസ് ഹാജിയുടെ അറസ്റ്റോടു കൂടിയാണ്. മുസ്‌ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. അദ്ദേഹത്തോടൊപ്പം അറസ്റ്റു ചെയ്യപ്പെട്ട കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയും ലീഗ് നേതാവായിരുന്നു. 1973 - ല്‍ മുസ്‌ലിം ലീഗ് നേതാവായ ബാഫഖി തങ്ങള്‍ ജിദ്ദയില്‍ വെച്ചു അന്തരിച്ചപ്പോള്‍ കൂടെ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയും ഉണ്ടായിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥ പിന്തുണ ഇല്ലാത്ത ആളുകളായിരുന്നു കല്ലട്ര സഹോദരന്‍മാര്‍. കള്ളക്കടത്തില്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മുഖ്യ എതിരാളിയായി ഉണ്ടായിരുന്നത് കെ.എസ് അബ്ദുല്ലയായിരുന്നു. ഇദ്ദേഹം ഒരു മനുഷ്യ സ്‌നേഹിയാണെന്നാണ് (ഫിലാന്ത്രോപിസ്റ്റ്) പി.കെ രവീന്ദ്രനാഥ് വിവരിക്കുന്നത്. വലിയ ജനകീയ പിന്തുണ കെ.എസ് അബ്ദുല്ലക്കു ഉത്തര കേരളത്തിലുണ്ടായിരുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്‌കോളര്‍ഷിപ്പുകളും അബ്ദുല്ല സ്ഥാപിച്ചു നടപ്പാക്കി. 1973 - ല്‍ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ വാര്‍ഷിക സമ്മേളനം നടത്തിയത് കെ.എസ് അബ്ദുല്ലയായിരുന്നു.

എന്നാല്‍, മേല്‍ സൂചിപ്പിച്ച രവീന്ദ്രനാഥിന്റെ റിപ്പോര്‍ട്ടിലെവിടെയും മുസ്‌ലിം രാഷ്ട്രീയത്തിന്റെ പ്രത്യേകതയായി കളളക്കടത്തിനെ കാണുന്നില്ല. എന്നാല്‍, കല്ലട്ര സഹോദരന്‍മാരുടെ അറസ്റ്റോടെയാണ് കേരളത്തില്‍ വിദേശ ബന്ധവും കളളക്കടത്തും മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തുന്നതെന്നു തിയോഡര്‍ റൈറ്റ് 1982-ല്‍ എഴുതിയ (ഇന്ത്യന്‍ മുസ്‌ലിംസ് ആന്‍ഡ് മിഡിലീസ്റ്റ്, ജേണല്‍ ഓഫ് സൗത്തേഷ്യന്‍ ആന്‍ഡ് മിഡിലീസ്റ്റേണ്‍ സ്റ്റഡീസ്, വോള്യം 4, 1982) ലേഖനത്തില്‍ പറയുന്നു. മാന്യന്‍മാരായ കള്ളക്കടത്തുകാര്‍ എന്ന പദവിയില്‍ നിന്നു തീവ്രവാദികളായ കള്ളക്കടത്തുകാര്‍ എന്ന പദവി വരാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. 1994-ല്‍ ടൈംസ് ഓഫ് ഇന്ത്യ (15 ഫെബ്രുവരി 1994) മഅ്ദനിയുടെ അനുയായി കള്ളനോട്ടുമായി പിടിയില്‍ എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചു. പി.ഡി.പി സംസ്ഥാന സെക്രട്ടറിയായ മോഹന്‍ ലാലാണ് കള്ളനോട്ടുമായി പിടിയായത്.

സ്വര്‍ണ്ണക്കള്ളക്കടത്തിനെ മുസ്‌ലിം സമൂഹവുമായി പ്രത്യേകിച്ച്, മലബാറും മലപ്പുറവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്താവതരണശൈലിക്ക് അത്ര പഴക്കമില്ല. എണ്‍പതുകള്‍ അവസാനത്തോടെയാണ് അതിന്റെ തുടക്കം. കരിപ്പൂര്‍ വിമാനത്താവളവും മലപ്പുറം ജില്ലയും മുസ്‌ലിംകളും ഉള്‍പ്പെട്ട കള്ളക്കടത്ത് ശൃംഖലയെക്കുറിച്ചുള്ള ഭാവന പലതരത്തില്‍ വിവിധ രൂപങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടു. ആ മാതൃകയനുസരിച്ച് മലപ്പുറം ജില്ലയുടെ സാമ്പത്തിക വികസനത്തിന് സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധമുണ്ട്. സ്വര്‍ണക്കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളമാണ്.

മുസ്‌ലിംകളാണ് പ്രധാനമായും കള്ളക്കടത്ത് ശൃംഖലയിലെ കണ്ണികള്‍. കണ്ണൂര്‍ വിമാനത്താവളം വന്നശേഷം ഈ പട്ടികയിലേക്ക് അതും കൂട്ടിച്ചേര്‍ക്കപ്പെട്ടു.

കള്ളക്കടത്തൊരു തൊഴിലായി സ്വീകരിക്കാത്ത, തുച്ഛശമ്പള ജോലിക്കാരായ നിരവധി പ്രവാസികള്‍ ഇരകളായും അല്ലാതെയും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെടുന്നുണ്ട്. അത്തരം കാരിയര്‍മാരാണ് മിക്കവാറും കസ്റ്റംസിന്റെ പിടിയിലാകുന്നത്. ശരീരത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചുവയ്ക്കുന്നതിന് കള്ളക്കടത്ത് സംഘങ്ങള്‍ പല രീതികള്‍ അവലംബിക്കുന്നു. സ്വര്‍ണ്ണം രൂപമാറ്റം വരുത്തിയും അല്ലാതെയും ഒളിപ്പിക്കുകയാണ് ഒരു മാര്‍ഗം. ശരീരത്തെത്തന്നെ ഒളിയിടമാക്കി മാറ്റുന്ന രീതിയുമുണ്ട്. കാപ്‌സൂളുകളാക്കി വിഴുങ്ങിയും ശരീരത്തിലൊളിപ്പിച്ചും ഇവര്‍ സ്വര്‍ണ്ണം കടത്തുന്നു. ഈ രീതിയെ സെന്‍സേഷണലൈസ് ചെയ്ത് അവതരിപ്പിച്ചുകൊണ്ടുള്ള ഇസ്‌ലാമോഫോബിക് നര്‍മങ്ങള്‍ക്ക് സാമൂഹികമാധ്യമങ്ങളില്‍ വലിയ പ്രചാരമുണ്ട്. ഇസ്‌ലാമോഫോബിക് ഹാന്‍ഡിലുകള്‍ ഇവ പ്രചരിപ്പിക്കുകയും ചെയ്യുന്നു.

ഇത്തരമൊരു സാഹചര്യത്തിലാണ് സുരഭി ഖാത്തൂണിന്റെ അറസ്റ്റ് പുറത്തുവന്നത്. സ്വര്‍ണ്ണക്കടത്തിലുള്‍പ്പെട്ടത് ഒരു എയര്‍ഹോസ്റ്റസായതും സുരഭി എന്നത് ഒരു ഹിന്ദു ഛായയുള്ള പേരായതും ഇസ്‌ലാമോഫോബിക് പ്രചാരകര്‍ക്ക് അരിശമുണ്ടാക്കി. അറസ്റ്റിലായ സ്ത്രീയുടെ പേര് സുരഭിയെന്നല്ല, സുറാബിയാണെന്ന് വാദിക്കുകയായിരുന്നു ഇത് മറികടക്കാനുള്ള മാര്‍ഗം. സംഘ്പരിവാര്‍ വിദ്വേഷപ്രചാരകര്‍ ചെയ്തതും അതായിരുന്നു.

സുരഭി ഖാത്താന്‍/സുറാബി ഖാത്താന്‍

ഇതേ കുറിച്ച് മറുനാടന്‍ മലയാളിയുടെ ഒരു വാര്‍ത്തയില്‍ പറയുന്നതിങ്ങനെ: ഇവിടെ അറസ്റ്റിലായിരിക്കുന്നത് ഒരു എയര്‍ ഹോസ്റ്റസാണ്. അവരുടെ പേരിനെക്കുറിച്ച് കേരളത്തിലെ സാമൂഹികമാധ്യമങ്ങളില്‍ ഒരു ചര്‍ച്ച നടക്കുന്നുണ്ട്. സുരഭി ഖാത്താന്‍ എന്നാണ് അവരുടെ പേരെന്ന് മാധ്യമങ്ങള്‍ എഴുതിയിരിക്കുന്നു. സുറാബി ഖാത്താന്‍ എന്നാണ് ചിലര്‍ പറയുന്നത്. സുരഭി ഖാത്താന്‍ എന്ന് പേര് ചേര്‍ത്തിരിക്കുന്നത് അവരുടെ മതം മറച്ചുവയ്ക്കാനാണെന്നാണ് സാമൂഹികമാധ്യമങ്ങളില്‍ ചിലര്‍ പറയുന്നത്. ഖാത്താന്‍ എന്നത് ഖാന്‍ എന്നതിന്റെ സ്ത്രീലിംഗമാണെന്നാണ് നല്‍കുന്ന വിശദീകരണം (മറുനാടന്‍ മലയാളി, ജൂണ്‍ 1, 2024).

സുരഭിയെന്ന പേര് ഉപയോഗിച്ചതിനെ ചോദ്യംചെയ്ത് കേരള കൗമുദി പത്രത്തിലേക്ക് വിളിച്ച ഒരാളുടെ അനുഭവം ഇതേ വാര്‍ത്തയില്‍ ചാനല്‍ നല്‍കിയിട്ടുണ്ട്. സുരഭിയല്ല, സുറാബിയാണെന്നാണ് വായനക്കാരന്റെ പരാതി. സുരഭിയെന്നാണ്, നിങ്ങള്‍ക്കു വേണമെങ്കില്‍ സുറാബിയാക്കാമെന്ന് കേരളകൗമുദിയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്രെ. സുറാബി ഖാത്തൂണ്‍ ബംഗ്ലാദേശിലും ബംഗാളിലും ഉള്ള സമുദായമാണ്. ഇവര്‍ മുസ്‌ലിമാണ്. കേരളത്തിലുള്ളവര്‍ അവരെ സുരഭിയാക്കി മാറ്റിയതാണെന്നും വായനക്കാരന്‍ വിശദീകരിച്ചു (മറുനാടന്‍ മലയാളി, ജൂണ്‍ 1, 2024). ഖാത്തൂണ്‍, ഖാത്താന്‍ തുടങ്ങി വ്യത്യസ്ത രീതിയിലാണ് ഈ പേര് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

സുരഭിയെ സുറാബിയാക്കിയെന്ന ആരോപണത്തില്‍ ഇടപെട്ട എക്‌സ് മുസ്‌ലിം പ്രവര്‍ത്തക ജാമിത ടീച്ചര്‍ മുഴുവന്‍ മാധ്യമങ്ങളെയും പ്രതിസ്ഥാനത്തുനിര്‍ത്തി. ഒരു കുറ്റകൃത്യത്തില്‍ ഒരു വ്യക്തി അകപ്പെട്ടാല്‍ അവരുടെ പേരും മതവും തീരുമാനിക്കുന്നത് ചില മാധ്യമങ്ങളാണെന്ന ഗുരുതരമായ ആരോപണവും അവര്‍ ഉന്നയിച്ചു: കുറ്റകൃത്യങ്ങള്‍ നടന്നാല്‍ മാധ്യമങ്ങള്‍ സാധാരണ ക്രൈസ്തവരുടെയും ഹിന്ദുക്കളുടെയും പേരുകളാണ് പറയുന്നത്. എന്നാല്‍, അതിന്റെ അടിവേരുകള്‍ തേടി പോയാല്‍ അവര്‍ ഈ മതങ്ങളില്‍നിന്ന് ഇസ്‌ലാമിലേക്ക് മതംമാറിപ്പോയവരായിരിക്കും. ഉദാഹരണം, പ്രാണേഷ് കുമാര്‍ തന്നെ. സുറാബി ഖാത്തൂണിനെ സുരഭിയാക്കി മാറ്റുന്നതിലൂടെ മാധ്യമങ്ങള്‍ മതം കയറ്റിവിടുകയാണ്. കാബിന്‍ ക്രൂവിന്റെ പേര് മുസ്‌ലിമായതുകൊണ്ട് മാധ്യമങ്ങള്‍ അത് പുറത്തുവിട്ടില്ല. മതം മനസ്സിലാക്കാതിരിക്കാനാണത്രെ അവരെ സുരഭിയാക്കി മാറ്റിയത്. (ജൂണ്‍ 1, 2024, ജാമിത ടീച്ചര്‍ ടോക്) കല്‍ക്കത്തയിലെ സിദ്ദിഖ് ഖാത്തൂണ്‍ എന്ന സി.പി.എം നേതാവിന്റെ ഭാര്യയാണ് സുറാബി ഖാത്തൂണെന്ന പുതിയൊരു ആരോപണവും അവര്‍ ഉയര്‍ത്തുന്നുണ്ട്.

എയര്‍ ഹോസ്റ്റസിന്റെ അറസ്റ്റിനെ വലിയൊരു കാന്‍വാസിലേക്ക് അവര്‍ വലിച്ചുനീട്ടുന്നുണ്ട്. കണ്ണൂരില്‍ നിന്നാണ് എയര്‍ ഹോസ്റ്റസ് അറസ്റ്റിലായത്. ജോസഫ് മാഷുടെ കൈവെട്ടിയവന്‍ ഒളിച്ചുതാമസിച്ച കണ്ണൂര്‍. അവിടെ നിന്ന് സുഹൈല്‍ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയില്ല. വാര്‍ത്ത മുക്കുന്നതിനു പിന്നില്‍ 'പച്ചവെളിച്ച'മാണ്. (പച്ചവെളിച്ചം- ഭരണരംഗത്ത് മുസ്‌ലിംകള്‍ക്ക് വേണ്ടി ഇടപെടുന്ന ഒരു വിഭാഗമുണ്ടെന്നും അവര്‍ പച്ചവെളിച്ചം എന്ന വാട്‌സാപ്പ് കൂട്ടായ്മയിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സങ്കല്‍പ്പിക്കുന്നു) വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കിയുള്ള ഒരു ഡി.വൈ.എസ്.പി തമ്മനം ഫൈസല്‍ എന്നയാളുടെ വീട്ടില്‍ പാര്‍ട്ടിക്കു പോകുന്നു. നരബലി നടന്ന കേസില്‍ പേരു ചേര്‍ക്കപ്പെട്ട മസ്‌ലിം നാമധാരി തുടങ്ങി പല കേസുകളിലുമുള്ള മുസ്‌ലിം പേരുകാരുടെ വിവരവും ഈ ടോക് ഷോയില്‍ ജാമിത ടീച്ചര്‍ തന്റെ വാദങ്ങള്‍ക്ക് തെളിവായി നിരത്തുന്നുണ്ട്. വിവധ കുറ്റകൃത്യങ്ങളില്‍ മുസ്‌ലിം പേരുള്ളവരെ കണ്ടെത്താനുണ്ടായ കാലതാമസവും അവര്‍ സൂചിപ്പിച്ചു (ജാമിത ടീച്ചര്‍ ടോക്, ജൂണ്‍ 6, 2024). മുസ്‌ലിംകളെ കുറ്റവാളി സമുദായമായി ചിത്രീകരിക്കുന്ന ശൈലിയാണ് ഈ വിശകലനങ്ങളില്‍ കാണുന്നത്.

മലബാര്‍ മാഫിയ

സ്വര്‍ണ്ണം കടത്താന്‍ പരിശീലനം നല്‍കുന്നത് ഗള്‍ഫ് രാജ്യങ്ങളിലെ അറബി സ്ത്രീകളാണെന്ന ആരോപണവും എ.ബി.സി മലയാളം ചാനല്‍ ഉയര്‍ത്തുന്നു (എ.ബി.സി മലയാളം ന്യൂസ്, ജൂണ്‍ 1, 2024). ഇതേ ആരോപണം മറുനാടനും ഉയര്‍ത്തുന്നുണ്ട് (ജനുവരി 1, 2024). സ്വര്‍ണ്ണക്കടത്തിനു പിന്നില്‍ മലബാര്‍ മാഫിയയാണെന്ന വിശദീകരണമില്ലാത്ത ഒരു പദപ്രയോഗം കൂടി മറുനാടന്‍ വാര്‍ത്തയിലുണ്ട്. ഡ്രൈവിങ് സ്‌കൂളുകാര്‍ ഏതാനും മാസമായി നടത്തിവരുന്ന സമരത്തിനെതിരേ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ കൊണ്ടുവന്ന മലപ്പുറം മാഫിയയെന്ന പ്രയോഗവുമായി അടുത്ത ബന്ധമുള്ള പദമാണ് മലബാര്‍ മാഫിയ.

സ്വര്‍ണ്ണക്കടത്തും വിമാനത്താവളങ്ങളും: ചില കണക്കുകള്‍

സ്വര്‍ണ്ണക്കടത്തിന്റെ കാര്യത്തില്‍ മലബാറിലെ എയര്‍പോര്‍ട്ടുകള്‍ മുന്നിലാണെങ്കിലും പ്രചാരകര്‍ അവകാശപ്പെടുന്നപോലെ ഏറ്റവും മുന്നിലല്ല അവയൊന്നും. രാജ്യസഭയില്‍ സി.പി.എം എം.പി എളമരം കരീമിന്റെ ചോദ്യത്തിന് ധനമന്ത്രാലയം നല്‍കിയ മറുപടിയനുസരിച്ച് മുംബൈ ഛത്രപതി ശിവജി ഇന്റര്‍നാഷണലര്‍ എയര്‍പോര്‍ട്ട്, ഇന്ദിരാഗാന്ധി ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് ഡല്‍ഹി, അണ്ണ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് ചെന്നൈ, കാലിക്കറ്റ് ഇന്റര്‍നാഷ്ണ എയര്‍പോര്‍ട്ട് കോഴിക്കോട്, കൊച്ചിന്‍ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് കൊച്ചി എന്നിവയാണ് സ്വര്‍ണ്ണക്കടത്തിന് കുപ്രസിദ്ധിയാര്‍ജിച്ച അഞ്ച് വിമാനത്താവളങ്ങള്‍. ആദ്യ പത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപരും എന്നിവയുണ്ടെങ്കിലും കണ്ണൂര്‍ ഈ പട്ടികയിലൊന്നുമില്ല. പക്ഷേ, കണ്ണൂരിനെ സ്വര്‍ണക്കള്ളക്കടത്ത് കേന്ദ്രമായാണ് ആക്ഷേപിക്കാറുള്ളത് (ദി പ്രിന്റ്, സെപ്തംബര്‍ 15, 2020).

സ്വര്‍ണക്കള്ളക്കടത്ത് ഏറ്റവും കൂടുതല്‍ നടക്കുന്ന തുറമുഖങ്ങളില്‍ പ്രഥമസ്ഥാനത്ത് ചെന്നൈയാണെങ്കില്‍ അടുത്ത സ്ഥാനത്ത് ഹസിറയും മുണ്ട്രയുമാണ്. ഇതില്‍ അവസാനം പറഞ്ഞ രണ്ടും ഗുജറാത്തിലാണ്. എങ്കിലും, ആരും ഗുജറാത്തിലെ ഈ തുറമുഖങ്ങളെ ഏതെങ്കിലും സമുദായങ്ങളുമായി ഇതുവരെ ബന്ധപ്പെടുത്തിയിട്ടില്ല.

പാനായിക്കുളം, ഫലസ്തീന്‍, സുരക്ഷാഭീഷണി

മേയ് അവസാനം പാനായിക്കുളത്തെ നിസാമുദ്ദീന്‍ എന്ന യുവാവിനെ കാണാന്‍ തമിഴ്‌നാട് തൗഹീദ് ജമാഅത്ത് ഭാരവാഹികളായ രണ്ടുപേര്‍ കൊച്ചിയിലെത്തി. വന്ന കാര്യം നടത്തിയ ശേഷം അവര്‍ക്കൊപ്പം മട്ടാഞ്ചേരിയും അവിടത്തെ സിനഗോഗും സന്ദര്‍ശിച്ചു. അതിന്റെ ഫോട്ടാ നിസാമുദ്ദീന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു (മെയ് 31, എഫ്.ബി). ഇതുകഴിഞ്ഞ് ഒരു ദിവസം ആലുവ എസ്.പിയുടെ സ്‌ക്വാഡിലെ ഒരംഗം നിസാമുദ്ദീനെ വിളിച്ച് സിനഗോഗില്‍ പോയിരുന്നോയെന്ന് അന്വേഷിച്ചു. അടുത്ത ദിവസം സിവില്‍ ഡ്രസ്സില്‍ മൂന്ന് പൊലീസുകാര്‍ വീട്ടിലെത്തി. മട്ടാഞ്ചേരി അസി. കമീഷണറുടെ മുന്നില്‍ ഹാജരാകണമെന്ന് അറിയിക്കാനാണ് അവരെത്തിയത്. ആദ്യം തടസം പറഞ്ഞെങ്കിലും പിന്നീട് സമ്മതിച്ചു. അടുത്ത ദിവസം അസിസ്റ്റന്റ് കമീഷണറെ കണ്ടു. മതം വിട്ടവരോടുള്ള ഖുര്‍ആന്റെ സമീപനം, മഅ്ദനി, ശാദുലി, ഷിബിലി, തുടങ്ങിവയെക്കുറിച്ച് ചോദിച്ചു. പിന്നീട് മൊഴി എഴുതിയെടുത്തെങ്കിലും നിസാമുദ്ദീന്‍ ഒപ്പിട്ട് നല്‍കാന്‍ വിസമ്മതിച്ചു. മൊഴി എഴുതിയെടുത്ത പേപ്പര്‍ കീറിക്കളയാനും ആവശ്യപ്പെട്ടു. വേറെ വഴിയില്ലാതായതോടെ എഴുതിയെടുത്ത കടലാസ് പൊലീസ് കീറിക്കളഞ്ഞു (മക്തൂബ് മീഡിയ, മെയ് 30, മീഡിയവണ്‍, ജൂണ്‍ 1, 2024).

മുസ്‌ലിംകള്‍ മതപരമായിത്തന്നെ ഇന്ത്യന്‍ ഭരണകൂടവുമായി ചേര്‍ന്നുപോവുകയില്ലെന്നു മാത്രമല്ല, ഇന്ത്യന്‍ ദേശീയതയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്നുമാണ് ഇസ്‌ലാമോഫോബിക് പ്രചാരകരുടെ സങ്കല്‍പം. ഇതര മതങ്ങളോടുള്ള അസഹിഷ്ണുത, കുറ്റകൃത്യവാസന, ആഗോളഭീകരതയുമായുള്ള ബന്ധം തുടങ്ങി സ്വഭാവവിശേഷങ്ങളുള്ളവരായാണ് ഇസ്‌ലാമോഫോബിക് അധികാരഘടന ഒരോ മുസ്‌ലിമിനെയും നോക്കിക്കാണുന്നത്. ഇതൊന്നും ഒറ്റപ്പെട്ടൊരു വ്യക്തിയുടെ സവിശേഷതയായല്ല, 'മുസ്‌ലിംസ്വഭാവ'മായാണ് മനസ്സിലാക്കുന്നത്. അവരെ മനസ്സിലാക്കാന്‍ ഉപയോഗിക്കുന്ന ഈ വംശീയയുക്തിയാണ് ഇസ്‌ലാമോഫോബിയയുടെ പ്രത്യേകത. നിസാമുദ്ദീന്റെ അനുഭവത്തിന് രണ്ട് തലങ്ങളുണ്ട്. ഒന്ന് നിസാമുദ്ദീനുമായി ബന്ധപ്പെട്ട ഒരു കേസാണ്. മറ്റൊന്ന് ഇസ്രായേലിനെതിരേ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളാണ്.

പാനായിക്കുളം കേസ്

കേരളത്തില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടൊരു സംഭവമാണ് പാനായിക്കുളം സിമി ഗൂഢാലോചന കേസ്. 2006 ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിനത്തില്‍ എറണാകുളം ജില്ലയില്‍ ആലുവക്കടുത്ത് പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ നടന്ന സ്വാതന്ത്ര്യദിന പരിപാടിയാണ് പാനായിക്കുളം സിമി കേസായി മാറിയത്. ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് സെന്റര്‍ എന്ന പ്രാദേശിക സംഘടനയായിരുന്നു സംഘാടകര്‍. തിരക്കേറിയ റോഡില്‍ നിരവധി കച്ചവടസ്ഥാപനങ്ങളുള്ള ഒരു കെട്ടിടത്തിന്റെ മുകള്‍നിലയാണ് ഹാപ്പി ഓഡിറ്റോറിയം. പരിപാടിയുടെ ഭാഗമായി നോട്ടിസ് അച്ചടിച്ച് വിതരണംചെയ്തിരുന്നു. ഹാളിനു മുന്നില്‍ ബാനറും വച്ചിരുന്നു. ഈ പരിപാടി നിരോധിത സംഘടനയായ സിമിയുടെ രഹസ്യയോഗമാണെന്ന് ആരോപിച്ചായിരുന്നു പൊലീസ് കേസെടുത്തത്. കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ബിനാനിപുരം സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കൈരളി ടിവിയും ഏഷ്യാനെറ്റും സ്ഥലത്തെത്തിയിരുന്നു.

ആദ്യം പരിപാടിയിലെത്തിയ എല്ലാവരെയും സ്റ്റേഷനിലെത്തിച്ചെങ്കിലും ശാദുലി, റാസിക്, അന്‍സാര്‍, നിസാമുദ്ദീന്‍, ഷമ്മാസ് എന്നിവരൊഴികെയുള്ളവരെ വിട്ടയച്ചു. പിടിച്ചുവച്ചവരായിരുന്നു ഒന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍. അഞ്ചു പേരെയും ആലുവ സബ് ജയിലിലടച്ചു. അറുപത്തഞ്ച് ദിവസത്തിനുശേഷം കേരള ഹൈക്കോടതി അഞ്ചുപേര്‍ക്കും ജാമ്യം നല്‍കി. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സ്‌പെഷ്യല്‍ സ്‌ക്വാഡിന് കൈമാറി. കുറേക്കഴിഞ്ഞ് ആദ്യം വിട്ടയച്ച പതിമൂന്നൂപേരെക്കൂടി വിവിധ സന്ദര്‍ഭങ്ങളിലായി അറസ്റ്റ് ചെയ്തു. 2010ല്‍ കേസ് എന്‍.ഐ.എക്ക് കൈമാറി. ആ ഏജന്‍സി അന്വേഷിച്ച ആദ്യ കേസായിരുന്നു അത്. 2010 ഡിസംബര്‍ 31ന് പാനായിക്കുളം കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. 2014 ജൂലൈ 15ന് വിചാരണ ആരംഭിച്ചു. 2015 നവംബര്‍ 25ന് വിധി പറഞ്ഞു. നവംബര്‍ 30ന് ശിക്ഷവിധിച്ചു. ഒന്നും രണ്ടും പ്രതികള്‍ക്ക് പതിനാലു വര്‍ഷവും മൂന്നുമുതല്‍ അഞ്ചുവരെ പ്രതികള്‍ക്ക് പന്ത്രണ്ട് വര്‍ഷവുമായിരുന്നു ശിക്ഷ.

2019 ഏപ്രില്‍ 12ന് കേരള ഹൈക്കോടതി പാനായിക്കുളം കേസ് റദ്ദു ചെയ്തു. തെളിവുകളുടെ അപര്യാപ്തതയായിരുന്നു കാരണം. ശിക്ഷിക്കപ്പെട്ട അഞ്ചു പേരെ വെറുതേ വിടുകയും ചെയ്തു. എന്‍.ഐ.എ ഹൈക്കോടതിയിലും സുപ്രിംകോടതിയലും അപ്പീല്‍ പോയെങ്കിലും അതും തള്ളി. (പാനായിക്കുളം സിമി കേസിന്റെ നാള്‍വഴികള്‍, റാസിക്ക് റഹിം, മീഡിയവണ്‍ ഷെല്‍ഫ്, ഒക്ടോബര്‍ 1, 2023)


Read Alsoപാനായിക്കുളം സിമി കേസിന്റെ നാള്‍വഴികള്‍ - വായിക്കാം

ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും പിന്നീട് കോടതി ഇടപെട്ട് വിട്ടയക്കപ്പെടുകയും ചെയ്തയാളാണ് നിസാമുദ്ദീന്‍. എന്നിട്ടും അതിനു മുമ്പും ശേഷവും നിരവധി തവണ അദ്ദേഹത്തിന്റെ വീട്ടില്‍ പൊലീസ് എത്തിയിട്ടുണ്ട്. ഏകദേശം പത്ത് തവണയെങ്കിലും അതിന്റെ പേരില്‍ കുടുംബത്തിന് വാടകവീട് ഉപേക്ഷിക്കുകയോ കുട്ടികളുടെ സ്‌കൂളുകള്‍ മാറ്റുകയോ വേണ്ടിവന്നിട്ടുണ്ട്. കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടന്ന സമയത്തും (ഒക്ടോബര്‍ 29, 2023) അദ്ദേഹത്തെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യംചെയ്തിരുന്നു. (ഔട്ട് ഓഫ് ഫോക്കസ്, മീഡിയവണ്‍ ജൂണ്‍ 3, 2024). മുസ്‌ലിംകളില്‍ കുറ്റകൃത്യങ്ങള്‍ കൂടുതലുള്ളതുകൊണ്ടോ സംശയിക്കാന്‍ തക്ക സാഹചര്യമുള്ളതുകൊണ്ടോയല്ല, ഇത്തരം വാര്‍പ്പുമാതൃകകള്‍ രൂപപ്പെടുന്നത്. മുസ്‌ലിം ശരീരങ്ങളെ കുറ്റകൃത്യങ്ങളുമായി ചേര്‍ത്തുവച്ചുകാണുന്ന വംശീയയുക്തിയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനുപിന്നില്‍. ഒപ്പം സ്ഥാപനവത്കൃത ഇസ്‌ലാമോഫോബിയ സ്വഭാവവും. നമ്മുടെ നീതിന്യായ-ക്രമസമാധാന സംവിധാനങ്ങള്‍ കടുത്ത രീതിയില്‍ ഇസ്‌ലാമോഫോബിക്കായി മാറിക്കഴിഞ്ഞിരിക്കുന്നു.

ആലപ്പുഴ: പുതിയ ഇസ്‌ലാമോഫോബിക് പ്രദേശനിര്‍മിതി

നരേന്ദ്രമോദി ശക്തനായ ഭരണാധികാരിയാണെന്നും ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാര്‍ക്കെതിരേ അഴിമതി ആരോപണം ഉയര്‍ന്നിട്ടില്ലെന്നുമുള്ള 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള ജി. സുധാകരന്റെ പ്രതികരണം (ജൂണ്‍ 11, 2024, 24 ന്യൂസ്) സി.പി.എം നേതാക്കള്‍ക്കിടയില്‍ അലോസരമുണ്ടാക്കി: ''നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണ്. ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാര്‍ക്കെതിരേ അഴിമതി ആരോപണങ്ങളില്ല. കോണ്‍ഗ്രസ് ഭരണകാലത്തെ പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ല. നേതാവ് ഉണ്ടെങ്കില്‍ ജനം പിന്നാലെ വരും. ഏത് പാര്‍ട്ടിയായാലും ലീഡര്‍ഷിപ്പ് പ്രധാനമാണ്''. ഇതായിരുന്നു അദ്ദേഹം പറഞ്ഞത്. യാഥാര്‍ഥ്യമാണ് പറഞ്ഞതെന്നും അതിനെ മോദിസ്തുതിയാക്കി മാറ്റിയത് മാധ്യമങ്ങളാണെന്നും പിന്നീട് സുധാകരന്‍ വിമര്‍ശനമുന്നയിച്ചു (ജൂണ്‍ 16, റിപോര്‍ട്ടര്‍).

സുധാകരന്റെ ബൈറ്റ്, 24 ന്യൂസ് പുറത്തുവിട്ട ഉടന്‍ ആലപ്പുഴ പാര്‍ട്ടിയില്‍ നിന്നുതന്നെയാണ് ആദ്യ പ്രതികരണമുയര്‍ന്നത്. സുധാരന്റേത് പൊളിറ്റിക്കല്‍ ക്രിമിനലിസമാണെന്ന് അമ്പലപ്പുഴ എം.എല്‍.എ എച്ച് സലാം പരസ്യമായി നിലപാടെടുത്തു. സുധാകരന്റേത് പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പ്രതികരണമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ബി.ജെ.പിയിലേക്കുള്ള വോട്ട് ചോര്‍ച്ചയ്ക്കു കാരണം പാര്‍ട്ടിയില്‍ പുളയുന്ന പൊളിറ്റിക്കല്‍ ക്രിമിനലുകളാണെന്ന് സുധാകരന്‍ അതേ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു (ജൂണ്‍ 18, 2024, മംഗളം). ആലപ്പുഴ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ സുധാകരന്‍ ശ്രമിച്ചെന്ന ആരോപണം പാര്‍ട്ടിയിലുയര്‍ന്നതായി ഇതിനിടയില്‍ മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആരോപണത്തിന്റെ സാഹചര്യത്തില്‍ കോഴിക്കോട്ടെ തോല്‍വി ആരാണ് അന്വേഷിക്കുകയെന്ന് എളമരം കരീമിനെ ലക്ഷ്യമിട്ട് ഒരു ചോദ്യംകൂടെയും സുധാകരന്‍ ഉന്നയിച്ചിരുന്നു.

ജി. സുധാകരനും ആലപ്പുഴയും

ഈ സാഹചര്യത്തിലാണ് സി.പി.എമ്മിലെ പുതിയ പ്രതിസന്ധിയെക്കുറിച്ചുള്ള ചര്‍ച്ചക്ക് ചില ഓണ്‍ലൈന്‍ സംഘങ്ങള്‍ തുടക്കമിട്ടത്. എ.ബി.സി മലയാളം ചാനല്‍, ബ്രേവ് ഇന്ത്യ തുടങ്ങിയവ ഇതേക്കുറിച്ച് ഏതാനും ചര്‍ച്ചകളും സംഘടിപ്പിച്ചു. എ.ബി.സി മലയാളം ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ജി. സുധാകരന്‍ എന്ന നിഷ്പക്ഷനായ രാഷ്ട്രീയ പ്രവര്‍ത്തകനെക്കുറിച്ച് പറഞ്ഞുതുടങ്ങിയ ടി.ജി മോഹന്‍ദാസ് ആലപ്പുഴയിലെ സി.പി.എം പാര്‍ട്ടിയെ, എസ്.ഡി.പി.ഐ പിടിച്ചെടുത്തിരിക്കുകയാണെന്ന് ആരോപിച്ചു: ''ആലപ്പുഴ ജില്ല തകര്‍ന്നുകഴിഞ്ഞു. മുഴുവന്‍ എസ്.ഡി.പി.ഐയുടെ കയ്യിലായി. 21 പേര്‍ കുട്ടനാട്ടില്‍ ഇതിന്റെ പേില്‍ രാജിവച്ചു. ആലപ്പുഴയില്‍ തോമസ് ഐസക്കും സുധാകരനും ഔട്ടായി. ആ ഗ്യാപ്പില്‍ എസ്.ഡി.പി.ഐ കടന്നുകയറി'' (ബ്രേവ് ഇന്ത്യ, ജൂണ്15, 2024). ആലപ്പുഴയില്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് തോമസ് ഐസക് പത്തനംതിട്ടയിലേക്ക് പോയതെന്നാണ് മറ്റൊരു ആഖ്യാനം.

ജി. സുധാകരനെ മുന്‍നിര്‍ത്തിയാണ് ചാനലുകള്‍ പുതിയ ആഖ്യാനങ്ങള്‍ക്ക് നിറംപിടിപ്പിക്കുന്നത്. അതനുസരിച്ച് ജി. സുധാകരന്‍ സത്യന്ധനും (അവിശ്വാസിയായിരിക്കെത്തന്നെ) നീതിമാനുമായ ആളാണ്. ദേവസ്വം മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മികച്ചതായിരുന്നു. സംഘ്പരിവാര്‍ നല്ലതുചെയ്താല്‍ അഭിനന്ദിക്കാന്‍ അദ്ദേഹത്തിന് മടിയില്ല. പാര്‍ട്ടി അദ്ദേഹത്തെ ഒതുക്കുകയാണ്. പാര്‍ട്ടിയുടെ നിലപാടുകളോട് അസംതൃപ്തിയുള്ള പലരും പാര്‍ട്ടിയിലുണ്ട്. അവര്‍ ഉടന്‍ ബി.ജെ.പി.യില്‍ ചേരും.

ജി. സുധാകരനെ ഒതുക്കിയതിന് പിന്നില്‍ ആരാണെന്നതിനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ഉത്തരമുണ്ട്. 'ജി സുധാകരനെ ഒതുക്കിയതിനു പിന്നില്‍ എസ്.ഡി.പി.ഐ' എന്ന ശീര്‍ഷകത്തില്‍ (ജൂണ്‍ 16, 2024, എ.ബി.സി മലയാളം ന്യൂസ്) പ്രശാന്ത് പ്ലാന്തോട്ടം, ജോണ്‍ റിച്ചാര്‍ഡ് തുടങ്ങിയവര്‍ പങ്കെടുത്ത ചര്‍ച്ചയിലും ആലപ്പുഴ എസ്.ഡി.പി.ഐയുടെ കയ്യിലാണെന്ന് വാദിച്ചു. സുധാരനോടൊപ്പം ധാരാളം പേര്‍ ബി.ജെ.പി വിടുമെന്നുപോലും അവര്‍ പറഞ്ഞുവച്ചു.

ആലപ്പുഴയും എസ്.ഡി.പി.ഐയും

ആലപ്പുഴ കേന്ദ്രീകരിച്ച ഇസ്‌ലാമോഫോബിക് പ്രതികരണം പുതിയതല്ല. 2021ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും മുസ്‌ലിം നാമധാരിയുമായ എച്ച്. സലാം എസ്.ഡി.പി.ഐക്കാരന്‍ ആണെന്നാണ് എതിരാളികള്‍ ആരോപിച്ചത്. അത്തരത്തില്‍ നോട്ടീസുകളും ഇറങ്ങി. സലാമിന് എസ്.ഡി.പി.ഐയുമായി രഹസ്യബന്ധമുണ്ടെന്നും സഖാക്കള്‍ക്ക് അതില്‍ എതിര്‍പ്പുണ്ടെന്നും ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു (മാര്‍ച്ച് 7, 2021, ജന്മഭൂമി). സലാമിനെ സ്ഥാനാര്‍ഥിയാക്കിയതിനു പിന്നില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ആര്‍. നാസറാണെന്നുകൂടി ഈ വാര്‍ത്തയിലുണ്ട്; ആര്‍. നാസര്‍ മുസ്ലിമല്ല, സാധാരണ മുസ്ലിംകള്‍ക്കുള്ള പേര് തെറ്റദ്ധരിച്ചതും ആരോപണത്തിന് കാരണമായിട്ടുണ്ടാകാം. ''പേരും മതവും നോക്കി സഖാക്കളെ എസ്.ഡി.പി.ഐക്കാരാക്കുന്ന രീതിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുണ്ട്. പകല്‍ സഖാവും രാത്രി ഇസ്‌ലാമിക തീവ്രവാദിയായും പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ സി.പി.എമ്മിലുണ്ടെന്ന ആരോപണം ഒടുവില്‍ സഖാക്കള്‍ തുറന്നുസമ്മതിച്ചിരിക്കുകയാണ്''(അതേ ജന്മഭൂമി വാര്‍ത്ത).

ആലപ്പുഴയില്‍ ഷാന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നും വിദ്വേഷപ്രചാരണം നടന്നു. ഷാന്‍ വധിക്കപ്പെട്ടതിനു തൊട്ടടുത്ത ദിവസം രഞ്ജിത് ശ്രീനിവാസന്‍ (2021 ഡിസംബര്‍ 18, 19) കൊല്ലപ്പെട്ട സംഭവത്തിനു ശേഷം അമ്പലപ്പുഴ എം.എല്‍.എ, എച്ച്. സലാമിനെതിരേ ഓണ്‍ലൈനില്‍ ഒരു വാര്‍ത്ത പരന്നിരുന്നു. കൊല്ലപ്പെട്ട ഷാന്റെ വീട്ടില്‍ മാത്രമാണ് സലാം സന്ദര്‍ശനം നടത്തിയതെന്നും അത് മുസ്‌ലിമായതുകൊണ്ടാണെന്നും രഞ്ജിത്തിന്റെ വീട്ടില്‍ പോയിട്ടില്ലെന്നുമായിരുന്നു വാര്‍ത്ത. പിന്നീട്, രണ്ടു വീടുകളിലും പോയതിന്റെ ഫോട്ടോ സലാം തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് വിവാദമടങ്ങിയത് (2021, ഡിസംബര്‍ 19, എഫ്.ബി). ആലപ്പുഴയെ ലക്ഷ്യമിട്ടും മുസ്‌ലിംകളെ സി.പി.എമ്മിനുള്ളിലെ നുഴഞ്ഞുകയറ്റക്കാരായും ചിത്രീകരിക്കുന്ന ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യം മലപ്പുറത്തെയും ഈരാറ്റുപേട്ടയെയും പോലെ പുതിയൊരു ഇസ്‌ലാമോഫോബിക് ഭൂമിശാസ്ത്രം മെനഞ്ഞെടുക്കലാണ്.

(റിസര്‍ച്ച് ഇന്‍പുറ്റ്‌സ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റെന്‍സന്‍ വി.എം)

TAGS :