Quantcast
MediaOne Logo

ഹജ്ജ്, മദ്റസ, റാം c/o ആനന്ദി: ഇസ്‌ലാമോഫോബിയ - 2024 ജൂണ്‍ മാസം കേരളത്തില്‍ സംഭവിച്ചത്

മുസ്ലിംകളുമായി ബന്ധപ്പെട്ട എന്തിനെയും വിദ്വേഷപ്രചാരണത്തിന് ഉപയോഗിക്കാവുന്നതില്‍ ഇസ്ലാമോഫോബിയാ പ്രചാരകര്‍ ശ്രദ്ധാലുക്കളാണ്. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 08)

ഹജ്ജ്, മദ്റസ, റാം c/o ആനന്ദി: ഇസ്‌ലാമോഫോബിയ - 2024 ജൂണ്‍ മാസം കേരളത്തില്‍ സംഭവിച്ചത്
X

ഹജ്ജെന്ന മുസ്ലിം തീര്‍ഥാടന സംഗമം ലോകത്തെ തന്നെ ഏറ്റവും വലിയ മനുഷ്യസംഗമമാണ്. ഈ വര്‍ഷം രണ്ടു മില്യനിലധികം ആളുകളാണ് ഹജ്ജിനു പോകുന്നത്. ചന്ദ്രമാസ കലണ്ടര്‍ അനുസരിച്ചുള്ള മാസങ്ങളിലാണ് ഈ സംഗമം നടക്കാറുള്ളത്. ഇതുപ്രകാരം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഹജ്ജ് നടക്കുന്നു.

ഇന്നത്തെ സൗദി അറേബ്യയിലെ മക്ക, അറഫ എന്നീ രണ്ടു ചെറിയ പ്രദേശത്താണ് ഇത്രയേറെപ്പേര്‍ ഒത്തുചേരുന്നത്. കഅ്ബയെന്ന വിശുദ്ധ ഗേഹം സ്ഥിതിചെയ്യുന്ന 70 കിലോമീറ്റര്‍ ചുറ്റളവുള്ള മക്കയിലാണ് പ്രധാന കര്‍മങ്ങള്‍. ജിദ്ദയും റിയാദും കഴിഞ്ഞാല്‍ രണ്ടര മില്യന്‍ ജനങ്ങള്‍ അധിവസിക്കുന്ന മൂന്നാമത്തെ വലിയ സൗദി നഗരം. മക്കയില്‍നിന്നു പന്ത്രണ്ടു മൈല്‍ അകലെയാണ് അറഫ. 49 ഡിഗ്രി സെല്‍ഷ്യസ് ശരാശരി ചൂടുണ്ട്. ലോകത്തേറ്റവുമധികം മനുഷ്യര്‍ സന്ദര്‍ശിക്കുന്ന പത്തു നഗരങ്ങളിലൊന്നാണ് മക്ക.

ഹജ്ജിനു വേണ്ടിയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുകയെന്നതൊരു വെല്ലുവിളിയാണ്. റോബോട്ടിക്‌സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അടക്കമുള്ള സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയാണ് പശ്ചാത്തലസൗകര്യ വികസനം സൗദി അറേബ്യന്‍ ഭരണകൂടം ആസൂത്രണം ചെയ്തിട്ടുള്ളത്. സാമ്പത്തികാസൂത്രണം മുതലുള്ള ഘടകങ്ങള്‍ പശ്ചാത്തല വികസന സൗകര്യങ്ങളുടെ ഭാഗമായി മാറുന്നു.

ഹജ്ജ് ഇത്രയധികം വലിയ മനുഷ്യസംഗമമായതു കഴിഞ്ഞ അമ്പതു വര്‍ഷത്തിനുള്ളിലാണ്. 1950ല്‍ ഒരു ലക്ഷം പേരാണ് ഹജ്ജിനു പോയതെന്നു റോബര്‍ട്ട് ബിയന്‍സ് (ഗസ്റ്റ്‌സ് ഓഫ് ഗോഡ്, 2004, ഓക്‌സഫഡ് യൂണിവേഴ്‌സിറ്റി പ്രസ്) നടത്തിയ പഠനം പറയുന്നു. 1950കളോടെ കൂടുതല്‍ മുസ്ലിം രാഷ്ട്രങ്ങള്‍ കോളനിവത്കരണത്തില്‍നിന്നു മോചിതരായതും 1970കളില്‍ അറേബ്യന്‍ നാടുകളില്‍ സംഭവിച്ച എണ്ണസ്സമ്പത്തിന്റെ വികാസവും വ്യോമഗതാഗതത്തിന്റെ വളര്‍ച്ചയുമടക്കം നിരവധി കാരണങ്ങള്‍ ഹജ്ജ് തീര്‍ഥാടകരുടെ വര്‍ധനവിനു കാരണമായി. ഹജ്ജിനു പോകുന്നവരുടെയെണ്ണം പെരുകിയതോടെ ജനനിയന്തണവ്യവസ്ഥ എന്ന നിലയില്‍ ഓരോ രാഷ്ട്രത്തിനും ഹജ്ജ് ക്വാട്ട നിശ്ചയിച്ചു. ഓരോ ദേശരാഷ്ട്രത്തിനും ഹജ്ജിനു പോകുന്നവരെ നിയന്ത്രിക്കാമെന്നായി. വിശ്വാസം മാത്രമല്ല, ഇത്തരം അനേകം ഭൗതികഘടകങ്ങള്‍ ഹജ്ജെന്ന മനുഷ്യാനുഭവത്തെ നിയന്ത്രിക്കുകയും രൂപപ്പെടുത്തുത്തുകയും ചെയ്യുന്നു. ഒരു ഇസ്ലാമിക ജീവിതാനുഭവമെന്ന നിലയ്ക്കാണ് മുസ്ലിംകള്‍ ഹജ്ജിനെ മനസ്സിലാക്കുന്നത്. എന്നാല്‍, ഹജ്ജ് തീര്‍ഥാടനത്തിലെ യാത്രാനിയന്ത്രണ വ്യവസ്ഥ, പശ്ചാത്തലസൗകര്യത്തിലെ സങ്കീര്‍ണതകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ ഹജ്ജ് അനുഭവത്തിന്റെ മാനുഷികപ്രതിസന്ധികളുടെ ഭാഗമാണ്. അപകടമരണങ്ങള്‍ അടക്കം വാര്‍ത്തയാവുന്നതു സ്വാഭാവികവുമാണ്.

എന്നാല്‍, ഒരു മനുഷ്യാനുഭവമെന്ന നിലയ്ക്കുള്ള ഹജ്ജിന്റെ ഈ സങ്കീര്‍ണതകളിലോ, ഒരു ആത്മീയാനുഭവമെന്ന അന്വേഷണമോ അല്ല, ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം. ഏതു മുസ്ലിം അനുഭവത്തെയും വിവാദമാക്കുന്നതും സെന്‍സേഷനലൈസ് ചെയ്യുന്നതും സ്വാഭാവികമായി മാറിയിട്ടുണ്ട്. ഈ വര്‍ഷം ഹജ്ജിനെത്തിയ ആയിരത്തോളം പേര്‍ മരിച്ചു. അതിന്റെ പിന്നില്‍ വിവിധ കാരണങ്ങളാണ് പലരും കണ്ടത്.

ഹജ്ജും അഴിമതിയും

മാധ്യമപ്രവര്‍ത്തകനായ മാത്യു സാമുവല്‍ (മാത്യു സാമുവല്‍ ഒഫീഷ്യല്‍, ജൂണ്‍ 25, 2024) 'അഴിമതിയും മാഫിയയും നിയന്ത്രിക്കുന്ന ഹജ്ജ്-അതിലൂടെ ലഭിക്കുന്ന പുണ്യവും' എന്ന പേരില്‍ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അതില്‍ ഹജ്ജിനെയിപ്പോള്‍ നിയന്ത്രിക്കുന്നത് അഴിമതിയും മാഫിയയും ആണെന്നാണ് അവകാശപ്പെടുന്നത്: ഹജ്ജിനിടയില്‍ മരിച്ച 1300ല്‍ 80 ശതമാനവും അനധികൃത ഹജ്ജ് തീര്‍ത്ഥാടകരാണ്. കൈക്കൂലി കൊടുത്താണ് പലരും എത്തിയിരിക്കുന്നത്. ഹജ്ജിനെ നിയന്ത്രിക്കുന്നത് അഴിമതിക്കാരും മാഫിയയും ആണ്. പുണ്യം കിട്ടുവാന്‍ കൈക്കൂലി കൊടുത്തു വന്നിരിക്കുകയാണ്. അതുകൊണ്ട് സൗദി സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ല. ആകെ എത്തിയ 21 ലക്ഷത്തില്‍ നാലരലക്ഷം പേര്‍ നിയമവിരുദ്ധമായി എത്തിയവരാണ്. കൂടുതലും ഈജിപ്തില്‍നിന്ന്. സല്‍മാന്‍ രാജാവ് വന്നശേഷം സന്ദര്‍ശകവിസ കൂടുതല്‍ അനുവദിക്കുന്നു. അത്തരക്കാരെ നിയന്ത്രിക്കുന്നതും മാഫിയയാണ്. കൈക്കൂലി കൊടുത്തു പുണ്യം കിട്ടാന്‍ വേണ്ടി ഹജ്ജ് ചെയ്യാന്‍ പോകുന്നവരുടെ എണ്ണം ആഗോള അടിസ്ഥാനത്തില്‍ വര്‍ധിച്ചിരിക്കുന്നു. പണം കൊടുത്ത് ആളറിയാതെ മക്ക നഗരത്തില്‍ താമസിക്കും. സമയമാവുമ്പോള്‍ ഹജ്ജ് ചെയ്യും. ഇവര്‍ക്ക് എസി ബസും എസി ടെന്റും ലഭിക്കില്ല. ഇവരാണ് മരിക്കുന്നത്. അനധികൃതരായെത്തിയവര്‍ പലരും റോഡില്‍ കിടന്ന് മരിക്കുകയാണ്. ഹജ്ജ് ചെയ്യാനെത്തുന്നവര്‍ക്ക് സൗദി സര്‍ക്കാര്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വയസ്സായവരും അസുഖബാധിതരും പ്രത്യേകം ശ്രദ്ധിക്കാന്‍ പറഞ്ഞിരിക്കുന്നു. മക്കയില്‍കിടന്ന് മരിക്കുന്നത് പുണ്യമാണെന്ന് കരുതുന്ന ചിലര്‍ കൈക്കൂലി കൊടുത്തു മരിക്കാന്‍ വരികയാണ്. കൈക്കൂലി കൊടുത്താല്‍ എന്തു പുണ്യമാണ് കിട്ടുകയെന്ന് മുസ്ലിംകള്‍ ആലോചിക്കണം.

മാധ്യമങ്ങള്‍ക്ക് 'മുസ്ലിംപേടി'

മക്കയില്‍ നടന്ന സംഭവങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന പരാതിയും മാത്യു സാമുവലിനുണ്ട്. സൗദി അറേബ്യ വിലക്കിയതുകൊണ്ടോ കേരളത്തിലെ ന്യൂനപക്ഷങ്ങളെ സുഖിപ്പിക്കാന്‍ വേണ്ടിയോ ആയിരിക്കും ഈ മറച്ചുവയ്ക്കലെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.

ഹജ്ജ് 'ദുരന്ത'ത്തെക്കുറിച്ച് എ.ബി.സി ചാനലും ചര്‍ച്ച ചെയ്തിരുന്നു. (ഹജ്ജ് ദുരന്തം സര്‍ക്കാര്‍ അറിഞ്ഞില്ലേ? എ.ബി.സി മലയാളം, 22 ജൂണ്‍ 2024) വടയാര്‍ സുനില്‍, ജി സിനുജി എന്നിവരാണ് ചര്‍ച്ച നയിച്ചത്. അവരുടെ അഭിപ്രായത്തില്‍ അവിടെ നടന്നത് കാലാവസ്ഥാവ്യതിയാനം കൊണ്ടുണ്ടായ ദുരന്തം മാത്രമാണ്. അങ്ങനെയൊരു ദുരന്തത്തിലേക്ക് നടന്നുപോയ നമ്മുടെ മുസ്ലിംസഹോദങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിക്കാതിരുന്നതില്‍ അവര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തുന്നുകൂടിയുണ്ട്. വഴിവക്കില്‍ മരിച്ചുവീഴുന്ന മലയാളികളടക്കമുള്ള തീര്‍ഥാടകരെക്കുറിച്ചും അത്തരം വാര്‍ത്തകള്‍ മറച്ചുവച്ച മാധ്യമങ്ങളെക്കുറിച്ചും അവര്‍ സൂചിപ്പിക്കുന്നു. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിന് കാരണമായി ഇവരും കണ്ടെത്തുന്നത് മാത്യു സാമുവല്‍ പറഞ്ഞതുതന്നെ- സൗദി അറേബ്യക്കും മുസ്ലിംകള്‍ക്കും ദുരന്തവാര്‍ത്ത പുറത്തുവരുന്നത് ഇഷ്ടമല്ല.

മനോരമ, 24 ന്യൂസ്, ഏഷ്യാനെറ്റ്, മാതൃഭൂമി എന്നിവര്‍ മക്കയിലെ ദുരന്തം റിപ്പോര്‍ട്ട് ചെയ്തില്ലെന്ന കണ്ടെത്തല്‍ കര്‍മാന്യൂസും നടത്തിയിട്ടുണ്ട്. അത് മുസ്ലിംവായനക്കാര്‍ കുറയുമോയെന്ന ഭീതികൊണ്ടാണെന്നാണ് അവരുടെ നിഗമനം (മോദിയെ വിളിക്കൂ, ഹാജിമാരെ രക്ഷിക്കൂ സൗദി, ഹമാസ് ഹജ്ജില്‍ നുഴഞ്ഞുകയറി, ജൂണ്‍ 21, 2024).

ഹമാസ് ബന്ധം!

'ഹജ്ജ് ദുരന്തം' കോവിഡിനെ കവച്ചുവച്ചുവെന്നാണ് കര്‍മന്യൂസിന്റെ കണ്ടെത്തല്‍. മാത്രമല്ല അവര്‍ ഹാജിമാരുടെ മരണത്തെ ഹമാസുമായും ബന്ധപ്പെടുത്തുന്നു: ഈജിപ്ത് വഴിയാണ് കൂടുതല്‍ അനധികൃത ഹാജിമാരെത്തിയത്. അവരാണ് മരിച്ചത്. ഈജിപ്ത് വഴിയെത്തിയ ഫലസ്തീനികളാണ് അവര്‍.

രജിസ്റ്റര്‍ ചെയ്യാത്ത തീര്‍ഥാടകരാണ് മരിച്ചവരിലേറെയും. ഇവരിലധികവും ഈജിപ്തില്‍നിന്നുള്ളവരാണ്. ഹമാസ് ഭീകരവാദികളും ഫലസ്തീനികളുമായി ബന്ധപ്പെട്ടു വലിയ യുദ്ധം നടക്കുമ്പോള്‍ ഈ ഭാഗത്തുനിന്ന് ഹജ്ജിന് എത്തുന്ന തീര്‍ഥാടകരില്‍ കൂടുതലും അപകടത്തിലാണ്. കാരണം, ഇത്തരത്തില്‍ രേഖകളില്ലാത നുഴഞ്ഞുകയറി ഹജ്ജിന് വന്നവര്‍ക്കു വേണ്ടത്ര ശീതീകരണ മുറികളും ഭക്ഷണസൗകര്യവും ഒരുക്കാന്‍ സൗദിക്ക് ബുദ്ധിമുട്ടുണ്ട്. ഈജിപ്തില്‍നിന്നു വന്ന നിരവധി പേര്‍ ശീതീകരണ മുറികളിലേക്ക് ഇടിച്ചുകയറുകയാണെന്ന് സൗദി പറയുന്നു. മരിച്ചവരിലധികവും രജിസ്റ്റര്‍ ചെയ്യാത്തവരാണ്. അവര്‍ക്ക് രേഖകളില്ല. (ജൂണ്‍ 21, 2024, കര്‍മാന്യൂസ്) കഅ്ബ ക്രിസ്താനികള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദവും വീഡിയോ മുന്നോട്ടുവയ്ക്കുന്നു. (കര്‍മ ന്യൂസ്, ജൂണ്‍ 19, 2024).


ഹാജിമാരെ രക്ഷിക്കാന്‍ മോദി!

ഹാജിമാരെ രക്ഷിക്കാന്‍ മോദിയെ വിളിക്കേണ്ടിവരുമോയെന്നാണ് ചില മാധ്യമങ്ങളുടെ ചോദ്യം. കുവൈറ്റില്‍ നിന്ന് മലയാളികളെ രക്ഷപ്പെടുത്തി കൊണ്ടുവന്നത് മോദിയാണെന്നും മോര്‍ച്ചറിയില്‍ കിടക്കുന്ന മലയാളികളെയും മറ്റ് ഇന്ത്യക്കാരെയും എത്തിക്കാന്‍ അദ്ദേഹത്തെത്തന്നെ വിളിക്കേണ്ടിവരുമോയെന്ന് ഹാജിമാര്‍ ചോദിക്കുന്നുവെന്നും കര്‍മാ ന്യൂസ് അവരുടെ വാര്‍ത്തയില്‍ പറയുന്നു (മക്കയില്‍ മോദി വരണോ? ഹാജിമാരെ രക്ഷിക്കാന്‍, ക്രിസ്ത്യാനികള്‍ക്ക് അവകാശമുള്ള മക്ക! കര്‍മ ന്യൂസ്, ജൂണ്‍ 19, 2024).

മുസ്ലിംകളുമായി ബന്ധപ്പെട്ട എന്തിനെയും വിദ്വേഷപ്രചാരണത്തിന് ഉപയോഗിക്കാവുന്നതില്‍ ഇസ്ലാമോഫോബിയാ പ്രചാരകര്‍ ശ്രദ്ധാലുക്കളാണ്. മുസ്ലിം പുണ്യകര്‍മത്തെയും മുസ്ലിംകളെയും വിശ്വാസത്തില്‍ അന്തസ്സു പുലര്‍ത്താത്തവരായി ചിത്രീകരിക്കുന്നു. വാര്‍ത്തകളെപ്പോലും നിയന്ത്രിക്കുന്ന അധീശത്വകേന്ദ്രമായി ഇസ്ലാമിനെ സ്ഥാനപ്പെടുത്തുന്നു. വാര്‍ത്തകള്‍ മൂടിവയ്ക്കുന്ന മാധ്യമങ്ങള്‍ മുസ്ലിംകളെ സുഖിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും വാദിക്കുന്നു. ഹജ്ജ് നടക്കുന്ന പ്രദേശത്തെ ദുരന്ത (യുദ്ധഭൂമിപോലെയും) ഭൂമിയായി ചിത്രീകരിക്കുന്നു. കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് മൃതദേഹങ്ങള്‍ കുന്നുകൂടിയതിനോടാണ് ഇതിനെ താരതമ്യംചെയ്യുന്നത്. ഹജ്ജൊരു ദുരന്തമാണെന്ന് പറയാതെ പറയുകയാണ്.

മദ്രസാവിവാദം: ഇസ്ലാമോഫോബിയയുടെ പ്രചാരണശക്തി

കേരള സര്‍ക്കാര്‍ മദ്രസാഅധ്യാപകര്‍ക്ക് ഫണ്ട് നല്‍കുന്നുവെന്ന ആരോപണം പുതിയതല്ല. പല ഘട്ടങ്ങളിലും പല രൂപത്തിലത് ഉയര്‍ന്നുവന്നിട്ടുണ്ട്. 2019ലാണ് മദ്രസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ വാരിക്കോരി പണം ചെലവാക്കുന്നുവെന്ന ആരോപണം പൊതുജനശ്രദ്ധയിലെത്തുന്നത്. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുംമുന്‍പേ മദ്രസ അധ്യാപക ക്ഷേമനിധിയുടെ ചരിത്രം പരിശോധിക്കേണ്ടതുണ്ട്.

ക്ഷേമനിധിയുടെ ചരിത്രം

മുസ്ലിം സമൂഹത്തിന്റെ സാമൂഹിക-വിദ്യാഭ്യാസ സ്ഥിതി പരിശോധിച്ച് ശിപാര്‍ശകള്‍ നിര്‍ദേശിക്കാന്‍ 2005 മാര്‍ച്ച് ഒമ്പതിന് ജസ്റ്റിസ് രജിന്ദര്‍ സച്ചാറിന്റെ നേതൃത്വത്തിലൊരു കമ്മിറ്റിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു. 2006 നവംബര്‍ 30ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചു. മുസ്ലിംപ്രീണനം ഒരു മിത്ത് മാത്രമാണെന്നും അത് ആ സമൂഹത്തിന്റെ പിന്നാക്കാവസ്ഥക്ക് കാരണമാവുന്നതായും കമ്മിറ്റി കണ്ടെത്തി.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി 2007 ഒക്ടോബര്‍ 15ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി ചെയര്‍മാനായി ഒരു കമ്മിറ്റിയെ വി.എസ്സിന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ നിയമിച്ചു. കെ.ടി ജലീല്‍ അടക്കം പതിനൊന്ന് പേരാണ് കമ്മിറ്റിയില്‍ അംഗമായിരുന്നത്. 2008 ഫെബ്രുവരി 21ന് പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരളത്തില്‍ അടിയന്തരമായി ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരിക്കണം എന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തു. 2011 ജനുവരിയില്‍ കേരളത്തില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകരിച്ചു. ശിപാര്‍ശകളിലെ മറ്റൊന്ന് മദ്രസാധ്യാപകരുടെ ക്ഷേമനിധി രൂപീകരിക്കുകയെന്നതായിരുന്നു. പാലോളി കമ്മിറ്റി നല്‍കുന്ന കണക്കനുസരിച്ച് 1.5 ലക്ഷം പേരാണ് മദ്രസകളില്‍ ജോലി ചെയ്യുന്നത് (പാലോളി റിപ്പോര്‍ട്ട്, നിയമസഭ രേഖകള്‍)

2010 മെയ് 31ന് പാലോളി മുഹമ്മദ് കുട്ടി മന്ത്രിയായിരിക്കുന്ന സമയത്തുതന്നെ മദ്രസ അധ്യാപക ക്ഷേമനിധി രൂപീകരിച്ചു. 2016ല്‍ അക്കാലത്തെ ന്യൂനപക്ഷവകുപ്പു മന്ത്രി ഡോ. കെ.ടി ജലീല്‍ മദ്രസ അധ്യാപകര്‍ക്ക് ഒരു വെല്‍ഫെയര്‍ ഫണ്ട് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി നിയമസഭയെ അറിയിച്ചു (ഡെക്കാന്‍ ക്രോണിക്കിള്‍, 2016, ഒക്ടോബര്‍ 10). 2018ല്‍ ക്ഷേമനിധി ബോര്‍ഡും പ്രവര്‍ത്തനം ആരംഭിച്ചു. 2019 നവംബറിലാണ് മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ ഭരണനിര്‍വഹണ സംവിധാനവും രൂപപ്പെടുത്തുന്നതിനുവേണ്ടിയുള്ള ബില്ല് മന്ത്രി ജലീല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നത് (2019, നവംബര്‍ 21, കെ.ടി ജലീല്‍ എഫ്.ബി). 2019 നവംബര്‍ 19ാം തിയ്യതി കേരള മദ്രസ അധ്യാപക ക്ഷേമനിധി ബില്ല് നിയമസഭ പാസ്സാക്കി. 2019 ഡിസംബര്‍ 6ന് ബില്ലിന് ഗവര്‍ണറുടെ അനുമതി ലഭിച്ചു. (കേരള മദ്രസ ടീച്ചേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച നോട്ടിസ്). മദ്രസ അധ്യാപകരില്‍ നിന്നും മദ്രസകളില്‍ നിന്നും അംശദായം പിരിച്ചാണ് ധനസമാഹരണം നടത്തേണ്ടതെന്നും ധാരണയായി. കോഴിക്കോട് ആസ്ഥാനമാക്കി മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചശേഷം 2015ല്‍ അതിന്റെ പ്രാരംഭപ്രവര്‍ത്തനത്തിന് കോര്‍പസ് ഫണ്ടായി കുറച്ചുപണം അനുവദിച്ചിരുന്നു.

സര്‍ക്കാര്‍ നടപടികളുടെ പരിമിതി: ഡോ. പി. നസീര്‍

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മുന്‍ ഡയറക്ടറായ ഡോ. പി. നസീര്‍ (മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളമോ?, ഭാഗം രണ്ട്, മാധ്യമം, 30 മെയ് 2021 ) എഴുതിയ ലേഖനം ഇവ്വിഷയകമായി നടന്ന സര്‍ക്കാര്‍ ഇടപെടലുകള്‍ മാത്രമല്ല അതിന്റെ പരിമിതികളും ചൂണ്ടിക്കാട്ടിയിരുന്നു. അദ്ദേഹം ഉന്നയിച്ച വാദങ്ങള്‍ ഇവയാണ്: അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ വിഭാഗമാണ് മദ്രസ അധ്യാപകര്‍. രണ്ടു ലക്ഷത്തിലധികം വരുന്ന അധ്യാപകര്‍ ഇരുപതിനായിരത്തിലേറെ മദ്രസകളിലായി 20 ലക്ഷത്തിലേറെ വിദ്യാര്‍ഥികളെ ദിനേന പഠിപ്പിച്ചുവരുന്നു. ആ മദ്രസകളില്‍ നിന്ന് ലഭിക്കുന്ന നാമമാത്ര വേതനമാണ് ഇവരുടെ വരുമാനം. അര്‍ധ പട്ടിണിക്കാരായ ഈ പാവങ്ങള്‍ ഇന്നേവരെ സേവന-വേതന വ്യവസ്ഥകള്‍ക്കു വേണ്ടി തെരുവിലിറങ്ങി സമരം ചെയ്തിട്ടില്ല. പതിനായിരത്തിലേറെ മദ്രസകളും വേണ്ടത്ര അംഗബലവും ശേഷിയുമുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പോലും ഇത്തരമൊരു അവകാശ സമരമുഖത്തേക്ക് ആരെയും തള്ളിവിട്ടിട്ടില്ല. മിനിമം വേതനം ഉറപ്പാക്കാനായി ഒരു സര്‍ക്കാറും നാളിതുവരെ ഇടപെട്ടിട്ടുമില്ല.

പാലോളി കമ്മിറ്റി ശിപാര്‍ശകളില്‍ പൊതുവിദ്യാഭ്യാസമെന്ന ഒന്നാം ശീര്‍ഷകത്തിലെ 26-ാമത്തേതായിരുന്നു മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധി രൂപവത്കരിക്കുകയെന്നത്. ചെത്തുതൊഴിലാളി വരെയുള്ള വിവിധ മേഖലകളിലായി രണ്ട് ഡസനിലേറെ ക്ഷേമനിധികളോ ബോര്‍ഡുകളോ ഉള്ള കേരളത്തില്‍ മദ്രസ അധ്യാപകര്‍ക്കായി ക്ഷേമനിധി രൂപവത്കരിക്കാന്‍ 2006ലെ സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകളെ തുടര്‍ന്നുള്ള ഒരു സ്റ്റാറ്റിയൂട്ടറി കമ്മിറ്റിയുടെ പഠനം വേണ്ടിവന്നുവെന്നത് മുസ്ലിം ജനക്ഷേമ പ്രവര്‍ത്തനങ്ങളിലെ മുന്‍ സര്‍ക്കാറുകളുടെ താല്‍പര്യം എത്രയുണ്ടെന്നു വിളിച്ചോതുന്നുണ്ട്.

കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങള്‍ക്ക് അംശദായമായി മാസം അഞ്ചു രൂപവച്ച് വര്‍ഷം 60 രൂപ അടക്കുമ്പോള്‍ മദ്രസ അധ്യാപകര്‍ മാസം 100 രൂപ വീതം വര്‍ഷം 1200 രൂപയാണ് അടച്ചു വരുന്നത്. ഇത് കേരളത്തില്‍ ഏറ്റവും കൂടിയ അംശദായം മാസവരിയായി അടക്കുന്ന ക്ഷേമനിധിയാണെന്നു കൂടി ഓര്‍മിക്കുക.

2012ല്‍ പലിശരഹിതമായി പുനരാവിഷ്‌കരിക്കപ്പെട്ടതിലൂടെയാണ് കേരള മദ്രസ അധ്യാപക ക്ഷേമനിധി പ്രവര്‍ത്തനസജ്ജമാകുന്നത്. ഈ ക്ഷേമനിധിയുടെ കോര്‍പസ് ഫണ്ടായ പത്ത് കോടി രൂപ കോഴിക്കോട് ജില്ല ട്രഷറിയില്‍ പലിശരഹിതമായി നിക്ഷേപിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷം (2016-2021) ഈ ക്ഷേമനിധിയിലേക്ക് ഒരു രൂപ പോലും ഗ്രാന്റ് അനുവദിക്കാന്‍ വകുപ്പ് മന്ത്രിക്കോ സര്‍ക്കാറിനോ കഴിഞ്ഞിട്ടില്ല. 2015ല്‍ അനുവദിക്കപ്പെട്ട 3.75 കോടി രൂപയാണ് ഈ ക്ഷേമനിധിയിലേക്ക് ലഭിച്ച അവസാനത്തെ സര്‍ക്കാര്‍ ഗ്രാന്റ്. അതേസമയം, കേരള മദ്രസ അധ്യാപകക്ഷേമനിധിയെ ഒരു വെല്‍ഫെയര്‍ ബോര്‍ഡായി പരിവര്‍ത്തിപ്പിച്ച് കൂടുതല്‍ അധികച്ചെലവ് അടിച്ചേല്‍പിക്കുകയും ചെയ്തു. കോഴിക്കോട് പുതിയറയില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് പ്രതിമാസം വന്‍തുക വാടക നിരക്കില്‍ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. ഓഫിസ് മോടിപിടിപ്പിക്കാനായി 32 ലക്ഷം രൂപ അനുവദിച്ചതും പാവപ്പെട്ട മദ്രസ അധ്യാപകരുടെ മാസവരിയില്‍ നിന്നാണ്. വെല്‍ഫെയര്‍ ബോര്‍ഡിനൊരു ചെയര്‍മാനെയും മറ്റൊരു ബോര്‍ഡിനും ഇല്ലാത്തവിധം 18 അംഗ ബോര്‍ഡ് അംഗങ്ങളെയും നിശ്ചയിച്ചു. ചെയര്‍മാന് ഇരുപതിനായിരം രൂപ ഓണറേറിയവും വാഹനവും അംഗങ്ങള്‍ക്ക് യാത്രാബത്തയും മറ്റ് അലവന്‍സും കോര്‍പസ് ഫണ്ടില്‍ നിന്നനുവദിച്ചു.

കുപ്രചാരണങ്ങളുടെ തുടക്കം: സെന്‍കുമാര്‍

2019 നവംബറില്‍ മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ ഭരണനിര്‍വഹണ സംവിധാനം രൂപപ്പെടുത്തുന്നതിനുവേണ്ടിയുള്ള ബില്ല് നിയമമായതോടെ കുപ്രചാരണങ്ങളും തുടങ്ങി. 2019 ഡിസംബര്‍ 8ാം തിയ്യതി 24 ന്യൂസിന്റെ ജനകീയ കോടതിയില്‍ പങ്കെടുത്തുകൊണ്ട് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പ്രതിവര്‍ഷം 2,000 കോടി രൂപ നല്‍കുന്നതായി ആരോപണമുന്നയിച്ചു. രണ്ടുലക്ഷത്തി ഏഴായിരം പേര്‍ക്കാണ് ഇത്രയും നല്‍കുന്നത്. മതം പഠിപ്പിക്കാന്‍ പബ്ലിക് മണി ചെലവഴിക്കാമെന്ന് ഭരണഘടനയിലില്ലെന്നും കേരളത്തില്‍ മാത്രമാണ് അത് ചെയ്യുന്നതെന്നുംകൂടി അദ്ദേഹം പറഞ്ഞു. (24 ന്യൂസ്, ഡിസംബര്‍ 8, 2019).

പ്രചാരണം ഏറ്റെടുത്ത് ജന്മഭൂമിയും ഓര്‍ഗനൈസറും

തൊട്ടടുത്ത ദിവസം ജന്മഭൂമിയും കുറച്ചുകൂടി വിശദാംശങ്ങളോടെ ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഈ വാര്‍ത്തയനുസരിച്ച് ക്ഷേത്ര മതപാഠശാലകളില്‍ ഹൈന്ദവ വിശ്വാസം പഠിപ്പിക്കുന്ന അദ്ധ്യാപകന് 500 രൂപ നല്‍കുമ്പോള്‍ മദ്രസ അധ്യാപകര്‍ക്ക് 6000 രൂപയും മറ്റു ആനുകൂല്യങ്ങളും പെന്‍ഷനും നല്‍കുന്നു. ഹിന്ദു മതപാഠശാലയിലെ പ്രധാനാധ്യാപകനു മാത്രമാണ് 500 രൂപ ലഭിക്കുന്നത്. മദ്രസ അധ്യാപകരുടെ ശമ്പളം യു.പി സ്‌കൂള്‍ അധ്യാപകരുടെ തലത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമം നടക്കുന്നു. പെന്‍ഷന്‍ 7,500 രൂപയുമാക്കിയിട്ടുണ്ട്. ശമ്പളം 26,000 രൂപയായി ഉയര്‍ത്തണമെന്നാണ് മുസ്ലിം സംഘടനകളുടെയും മതനേതാക്കളുടെയും ആവശ്യം. സര്‍ക്കാരിന്റെ കീഴില്‍ വരുന്ന ദേവസ്വങ്ങളില്‍ മതപാഠശാലകള്‍ പേരിനുമാത്രമേയുള്ളൂ. തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴില്‍ 183 മതപാഠശാലകളും. മദ്രസകളെ പോഷിപ്പിക്കുമ്പോള്‍ ക്ഷേത്രങ്ങളിലെ മതപാഠശാലകളെ നിരുത്സാഹപ്പെടുത്തുന്നു. ഇത് പിണറായി സര്‍ക്കാരിന്റെ വര്‍ഗീയ കാര്‍ഡാണ്. ജനങ്ങളെ വര്‍ഗീയമായി ചേരിതിരിച്ചു വോട്ട് ബാങ്ക് സൃഷ്ടിക്കാനാണ് ശ്രമം. മന്ത്രി കെ.ടി ജലീല്‍ പറഞ്ഞ കണക്കനുസരിച്ച് കേരളത്തില്‍ 21,683 മദ്രസകളും 2,04,683 മദ്രസ അധ്യാപകരുമുണ്ട്. മദ്രസ അധ്യാപകര്‍ പഠിപ്പിക്കുന്നതിനൊപ്പം മറ്റ് ജോലിയ്ക്കു പോകുന്നു. അവര്‍ ഇരട്ട ശമ്പളം പറ്റുന്നു. രണ്ടു ലക്ഷത്തോളം വരുന്ന മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷനും ശമ്പളവും നല്‍കി മതപഠനത്തിന്റെ പേരില്‍ കോടികള്‍ ഖജനാവില്‍നിന്ന് ചോര്‍ത്തുന്നു. (ഡിസംബര്‍ 9, 2019 ജന്മഭൂമി ദിനപത്രം).

സംഘ്പരിവാറിന്റെ ഇംഗ്ലീഷ് മുഖപത്രമായ ഓര്‍ഗനൈസര്‍ (9 ഡിസംബര്‍ 2019) ഇതേ വാര്‍ത്ത പ്രസിദ്ധീകരിച്ചു: ഓവര്‍ 2 ലാക് കേരള മദ്രസ ടീച്ചേഴ്‌സ് ടു ഗെറ്റ് അപ്പ് ടു റുപീ 7,500 പെന്‍ഷന്‍ ആന്‍ഡ് അദര്‍ ബെനിഫിറ്റ്സ് ആഫ്റ്റര്‍ അസംബ്ലി പാസ്സ്ഡ് കേരള മദ്റസ ടീച്ചേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബില്‍, 2019 - എന്നായിരുന്നു തലക്കെട്ട്. രണ്ട് ലക്ഷത്തിലധികം മദ്രസ അധ്യാപകര്‍ക്ക് കേരള നിയമസഭ 2019 ലെ കേരള മദ്രസ അധ്യാപക ക്ഷേമനിധി ബില്ല് പാസാക്കിയതിന് ശേഷം 7,500 രൂപ വരെ പെന്‍ഷനും മറ്റനുകൂല്യങ്ങളും ലഭിക്കുമെന്ന പ്രചാരണം ദേശീയതലത്തില്‍ വരെ എത്തി.

വീണ്ടും വിവാദം

2020 ആഗസ്റ്റില്‍ ഈ വിവാദം വീണ്ടുമുയര്‍ന്നു. മെയ്‌സില്‍ എസ്. എന്ന എഫ്.ബി പോസ്റ്റാണ് ഇതിനു മുന്‍കൈ എടുത്തതെന്നാണ് 24ന്യൂസ് നല്‍കിയ വാര്‍ത്തയില്‍ പറയുന്നത് (സെപ്തംബര്‍ 15, 2020, 24ന്യൂസ്). പ്രചാരണം താമസിയാതെ പടര്‍ന്നുപിടിച്ചു. അക്കാലത്ത് പ്രചരിച്ചിരുന്ന കണക്കനുസരിച്ച് കേരളത്തില്‍ 21,683 മദ്രസകളും 2,04,683 അധ്യാപകരുമുണ്ട്. ഖജനാവില്‍നിന്ന് ഒരു മാസം നല്‍കുന്ന പണം 631,70,76,000 രൂപയാണ്. വര്‍ഷത്തില്‍ 75804,90,00,000രൂപ)!

2021ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂനപക്ഷക്ഷേമവകുപ്പ് ഏറ്റെടുത്തതിനു പിന്നാലെ ഈ വിവാദം വീണ്ടും തലപൊക്കി. മുന്‍ വകുപ്പ് മന്ത്രി ജലീല്‍തന്നെ ഇതിന് ഫേസ്ബുക്കിലൂടെ മറുപടി നല്‍കി. സാധാരണയുള്ള എല്ലാ ക്ഷേമനിധികളെയും പോലെയാണ് ഇതിന്റെയും പ്രവര്‍ത്തനം. ക്ഷേമനിധി എന്നതിനപ്പുറം സര്‍ക്കാരില്‍ നിന്ന് ഒരു അധികസഹായവും നല്‍കുന്നില്ല. ഒപ്പം സര്‍ക്കാര്‍ ട്രഷറിയില്‍നിന്ന് പണം നല്‍കുന്നതിന്റെ സാഹചര്യവും വ്യക്തമാക്കി: സാധാരണ ക്ഷേമനിധികളെല്ലാം ഏതെങ്കിലുമൊരു ബാങ്കുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് കോപറേറ്റീവ് ബാങ്കുമായാണ് കരാര്‍ ഒപ്പിട്ടത്. എന്നാല്‍, പലിശയായി കിട്ടുന്ന വരുമാനത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോട് മദ്രസ അധ്യാപക സംഘടനകള്‍ വിയോജിച്ചു. അങ്ങനെയാണ് മദ്രസാധ്യാപക ക്ഷേമനിധി സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിച്ച് 'ഇന്‍സന്റീവ്' നല്‍കാന്‍ തീരുമാനമായത്. മുപ്പതിനായിരത്തോളം അംഗങ്ങളാണ് ഈ ക്ഷേമനിധിയിലുള്ളത്. മദ്രസാധ്യാപകരുടെയും മദ്രസാമാനേജ്‌മെന്റുകളുടെയും വിഹിതമായി സ്വരൂപിക്കപ്പെട്ട 25 കോടിയോളം രൂപയാണ് നിലവില്‍ ട്രഷറിയില്‍ നിക്ഷേപമായി ഉള്ളത്. ആ 25 കോടി ഏതെങ്കിലും ബാങ്കിലായിരുന്നു നിക്ഷേപിച്ചിരുന്നതെങ്കില്‍ സര്‍ക്കാര്‍ ഇന്‍സന്റീവനേക്കാള്‍ അധികം തുക ലഭിക്കുമായിരുന്നു. (മെയ് 24, 2021, ഡോ. കെ.ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റ്).

കോടതിയിലേക്ക്

ഇതിനിടയില്‍ സിറ്റിസണ്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡെമോക്രസി, സെക്യുലറിസം, ഇക്വാലിറ്റി- സെക്രട്ടറി മനോജ് എന്നയാള്‍ ആഡ്വ. സി. രാജേന്ദ്രന്‍ മുഖേന ഹൈക്കോടതിയില്‍ ഒരു ഹരജി നല്‍കി. ''ഖുര്‍ആന്‍ വിദ്യാഭ്യാസം നല്‍കുന്ന, ഇസ്ലാം മതത്തിനു വേണ്ടി മാത്രമുള്ള മദ്രസകള്‍ക്കായി സര്‍ക്കാര്‍ ഇങ്ങനെ വന്‍ തുകകളാണ് ചെലവിടുന്നതെന്നും ഇത് ഭരണഘടനയ്ക്കും മതേതര സങ്കല്‍പ്പത്തിനും വിരുദ്ധമാണെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണമെടുത്താണ് മദ്രസാ അധ്യാപകര്‍ക്ക് പെന്‍ഷനും മറ്റും നല്‍കുന്നതെന്നും വാദിച്ചു (ജൂണ്‍ 2, 2021, ജന്മഭൂമി).

വ്യക്തത വരുത്തി മുഖ്യമന്ത്രി

പ്രചാരണം ശക്തമായപ്പോള്‍ 2021ല്‍ എം.എല്‍.എമാരായ ടി.വി ഇബ്രാഹിം, മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം എന്നിവര്‍ നിയമസഭയില്‍ ഇത് സംബന്ധിച്ച് ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ 2021 ജൂലൈ 28-ന് ഇതിന് മറുപടി നല്‍കി. മദ്രസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി (മെയ് 19, 2022, മാതൃഭൂമി, ഫാക്റ്റ് ചെക്ക്).

2022ല്‍ വാട്‌സാപ്പിലൂടെ വീണ്ടും കുപ്രചാരണം ആരംഭിച്ചു. ഡോ. കെ.ടി ജലീലിനെ ഉദ്ധരിച്ചായിരുന്നു ഇതിന്റെയും വരവ്. എല്ലാ മതേതര വിശ്വാസികള്‍ക്കും തുറന്ന കത്ത് എന്നായിരുന്നു സന്ദേശത്തിന്റെ ശീര്‍ഷകം. 2020ല്‍ വന്ന അതേ സന്ദേശമാണ് ഇത്തവണ ഭാഷ മാറ്റി വീണ്ടും അവതരിച്ചത്. ഇതേകുറിച്ച് പഠിച്ച മാതൃഭൂമി സന്ദേശത്തിലെ മിക്കവാറും കണക്കുകള്‍ തെറ്റാണെന്ന് കണ്ടെത്തി.

മദ്രസകളുടെ എണ്ണമെത്ര?

കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് അധികൃതര്‍ നല്‍കുന്ന കണക്കനുസരിച്ച് കേരളത്തില്‍ ആകെ 27,824 മദ്രസകളും അവയിലെല്ലാമായി 1,71,716 അധ്യാപകരും ജോലി ചെയ്യുന്നു. ശമ്പള ഇനത്തില്‍ സര്‍ക്കാര്‍ ഒന്നും നല്‍കുന്നില്ല: ഓരോ ക്ഷേമനിധി അംഗങ്ങളും അവരുള്‍പ്പെടുന്ന മദ്രസാ മാനേജ്‌മെന്റുകളും പ്രതിമാസ വിഹിതം ബോര്‍ഡിന് നല്‍കണം. ഇത് സംസ്ഥാന ട്രഷറിയില്‍ നിക്ഷേപിക്കണം. ഇതില്‍നിന്നു ലഭിക്കുന്ന ഇന്‍സെന്റീവ് ഉപയോഗിച്ചാണ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത്. 1500 രൂപയാണ് പെന്‍ഷന്‍ തുക. നിലവില്‍ 1200 പേരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. അധ്യാപകര്‍ക്ക് അതത് മദ്രസ കമ്മറ്റികളോ പള്ളി കമ്മറ്റികളോ ആണ് ശമ്പളം നല്‍കുന്നത്. മദ്രസ അധ്യാപകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും നല്‍കുന്നുണ്ടെന്ന പ്രചാരണം വ്യാജമാണെന്നാണ് മാതൃഭൂമി കണ്ടെത്തിയത് (മേയ് 19, 2022, മാതൃഭൂമി, ഫാക്റ്റ് ചെക്ക്).

2019 മുതല്‍ മിക്കവാറുമെല്ലാ കൊല്ലവും 'മദ്രസ' ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. 2024ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏറെ താമസിയാതെ ജൂണ്‍ മാസത്തില്‍ ഇതേ പ്രചാരണങ്ങള്‍ വാട്സാപ്പിലൂടെ വീണ്ടും തുടങ്ങി. മദ്രസ അധ്യാപകരുടെ എണ്ണം, മദ്രസകളുടെ എണ്ണം, ശമ്പളത്തിനും പെന്‍ഷനും ചെലവഴിക്കുന്നതായി പറയുന്ന പണത്തിന്റെ കണക്ക് തുടങ്ങിയവയെക്കുറിച്ച് മന്ത്രിമാരും മുഖ്യമന്ത്രിതന്നെയും പല തവണ വ്യക്തത വരുത്തിയിട്ടുണ്ടെങ്കിലും പ്രചാരണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇസ്‌ലാമോഫോബിക് പ്രചാരണങ്ങളുടെ പ്രത്യേകതയും അതാണ്.

വിദ്വേഷപ്രസംഗമെന്ന മതേതരപ്രതിഭാസം

ന്യൂനപക്ഷമതവിഭാഗങ്ങള്‍ക്കെതിരേയുള്ള വിദ്വേഷപ്രസംഗവും മതനേതാക്കളും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല. മറിച്ച്, രാഷ്ട്രീയനേതാക്കളാണ് ഇക്കാര്യത്തില്‍ മുന്നില്‍. അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തുന്നത് (വിദ്വേഷ പ്രസംഗത്തില്‍ രാഷ്ട്രീയക്കാര്‍ മുന്നില്‍, ജനയുഗം, ജൂണ്‍ 5, 2024).

2024ല്‍ ആദ്യത്തെ 3 മാസത്തില്‍ 78 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിദേഷപ്രസംഗവും അക്രമവും വേറിട്ടാണ് രേഖപ്പെടുത്തിയത്. അതുപ്രകാരം 55 അക്രമസംഭവങ്ങളും 17 വിദ്വേഷപ്രസംഗങ്ങളുമുണ്ടായി. 2024 ആദ്യ പാദത്തിലെ ആകെ കേസുകളില്‍ 56 എണ്ണം രാഷ്ട്രീയക്കാരുടെ പേരിലാണ്. 22 എണ്ണം മതനേതാക്കളുടെ പേരിലും. അതായത്, വിദ്വേഷപ്രസംഗങ്ങള്‍ മതപരമായ പ്രതിഭാസമെന്നതിനേക്കാള്‍ മതേതരസ്വഭാവത്തിലുള്ളതാണെന്നു പറയാം.

മിക്കവാറും കേസുകളില്‍ ഇരകളുടെ മതം ഏതാണെന്ന് തിരിച്ചറിഞ്ഞശേഷമാണ് ആക്രമണം നടന്നതെന്ന് കണക്കില്‍ പറയുന്നു. പുരുഷന്മാരില്‍ 83.3 ശതമാനം പേരുടെയും മതം തിരിച്ചറിഞ്ഞശേഷമാണ് ആക്രമണം നടന്നതത്രെ. മതന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണം സ്ഥാപനവത്കരിക്കപ്പെട്ടിരിക്കുന്നുവെന്നു പറയാം (വിദ്വേഷപ്രസംഗത്തില്‍ രാഷ്ട്രീയക്കാര്‍ മുന്നില്‍, ജനയുഗം, ജൂണ്‍ 4, 2024).

ക്രൂരമുസ്ലിം വീണ്ടും: റാം c/o ആനന്ദി

ഈയടുത്ത കാലത്ത് ഏറെ വായിക്കപ്പെട്ട നോവലാണ് അഖില്‍ പി. ധര്‍മജന്റെ റാം c/o ആനന്ദി (2020, ഡി.സി ബുക്‌സ്, കോട്ടയം) ഇതിനകം 42 പതിപ്പുകള്‍ വന്നുകഴിഞ്ഞു. 'ആഖ്യാനത്തിലോ സൗന്ദര്യാത്മകതയിലോ' പുതുമയില്ലാത്ത നോവല്‍ എങ്ങനെ ശ്രദ്ധപിടിച്ചുപറ്റിയെന്നാണ് ഷബ്‌നം ടി.പി അന്വേഷിക്കുന്നത് (റാം c/o ആനന്ദി: ഒരു അണ്‍പോപ്പുലര്‍ അഭിപ്രായം). ഡൂള്‍ ന്യൂസില്‍ ജൂണ്‍ 23നാണ് പുസ്തകനിരൂപണം പ്രസിദ്ധീകരിച്ചത്. സൗഹൃദത്തെയും പ്രണയത്തെയും ബന്ധങ്ങളെയും കരുതലിനെയും വരച്ചുകാട്ടുമ്പോഴും പൊതുസമൂഹം ഈ പുസ്തകം ഏറ്റെടുത്തതിന്റെ കാരണങ്ങളില്‍ മറ്റു ചിലതുകൂടിയുണ്ടെന്നും ലേഖിക പറയുന്നു. 'നന്മയുടെയും നീതിയുടെയും പ്രതീകമായാണ് നോവലില്‍ റാം എന്ന കഥാപാത്രം അവതരിപ്പിക്കപ്പെടുന്നത്. ക്രൂരനായ പൊലിസുകാരനായി ഫറൂഖ് എന്ന കഥാപാത്രം. സിനിമയില്‍ക്കണ്ടു ശീലിച്ചതുപോലെ വില്ലന്‍ ഒടുവില്‍ അക്രമിക്കപ്പെടുന്നു. 'മലയാളിയുടെ കാഴ്ചാശീലങ്ങളുടെ തുടര്‍ച്ച തന്നെയാണ് ഈ പുസ്തകവും.'


പ്രതിരോധമാതൃകകള്‍

ഇസ്ലാമോഫോബിയയുടെ രീതിശാസ്ത്രം സങ്കീര്‍ണമാകുന്നതിനൊപ്പം അതിനെതിരേയുള്ള പ്രതിരോധവും ശക്തമാവുന്നുണ്ട്. കഴിഞ്ഞ മാസങ്ങളേക്കാള്‍ ഇത്തരം ശ്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് മനസ്സിലാവുന്നത്. അത്തരത്തിലുള്ള ഏതാനും ശ്രമങ്ങളെക്കുറിച്ചാണ് താഴെ:

ജാതിവിരുദ്ധതയെ പ്രതിരോധിക്കാന്‍ ഇസ്ലാമോഫോബിയ

ജാതി വിരുദ്ധനീക്കങ്ങളെ പല തന്ത്രങ്ങളുപയോഗിച്ചാണ് സവര്‍ണ അധികാരശക്തികളും അവര്‍ക്ക് പ്രാമുഖ്യമുള്ള ഭരണകൂടവും പ്രതിരോധിക്കാറുള്ളത്. അത്തരമൊരു നീക്കത്തിന് ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണകാലം സാക്ഷ്യം വഹിച്ചു.

ജാതി സെന്‍സസ്, കൃത്യമായി പറഞ്ഞാല്‍ സമുദായ സെന്‍സസ് നടത്തണമെന്ന ആവശ്യം ഏതാനും മാസങ്ങളായി പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും പിന്നാക്ക ഉള്ളടക്കമുള്ള പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ഈ നിലപാട് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം, പ്രത്യേകിച്ച് രാഹുല്‍ഗാന്ധി ഏറ്റെടുത്തു. കോണ്‍ഗ്രസ് അധികാരത്തിലെത്തുകയാണെങ്കില്‍ ജാതി തിരിച്ചുള്ള സെന്‍സസ് പ്രായോഗികമാക്കുമെന്നും വാഗ്ദാനം ചെയ്തു. രാഹുല്‍ ഗാന്ധി ജാതി സെന്‍സസിനെ സമൂഹത്തിന്റെ എക്‌സ്-റേ എന്നാണ് വിശേഷിപ്പിച്ചത്. ദേശഭക്തര്‍ എന്ന് സ്വയം വിളിക്കുന്നവര്‍ ജാതി സെന്‍സസിന്റെ എക്‌സ്-റേയെ ഭയപ്പെടുന്നുവെന്നും അത് പ്രായോഗികമാക്കുന്നതിനെ ഒരു ശക്തിക്കും തടയാനാവില്ലെന്നും തനിക്ക് ജാതിയിലല്ല, നീതിയിലാണ് താല്‍പര്യമെന്നുകൂടെ അദ്ദേഹം വ്യക്തമാക്കി. അനീതി അനുഭവിച്ചുകൊണ്ടിരിക്കുന്ന 90 ശതമാനത്തിനും നീതി ലഭ്യമാക്കുകയാണ് തന്റെ ലക്ഷ്യം. ഇന്‍ഡ്യ സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ആദ്യം ചെയ്യുക ജാതി സെന്‍സസ് നടത്താനുള്ള തീരുമാനമെടുക്കുകയായിരിക്കും (ബിസിനസ് സ്റ്റാന്റേര്‍ഡ്, ഏപ്രില്‍ 24, 2024). ജാതിമൂലമുള്ള അസമത്വങ്ങളെക്കുറിച്ച് പഠിച്ച് സമ്പത്തിന്റെ പുനര്‍വിതരണത്തിനുള്ള നടപടി സ്വീകരിക്കുമെന്ന വാഗ്ദാനംകൂടി കോണ്‍ഗ്രസ്സിന്റെ മാനിഫെസ്റ്റോയിലുണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ്സിന്റെ സമുദായ സെന്‍സസ് സംബന്ധിച്ച തെരഞ്ഞെടുപ്പ് വാഗ്ദാനത്തിനെത്തിരേ മോദി അരയും തലയും മുറുക്കി രംഗത്തുവന്നത്. ജാതിവിരുദ്ധമായ ഈ നീക്കങ്ങളെ ഇസ്ലാം വിരുദ്ധതയിലൂടെ ചെറുക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഇതേകുറിച്ച് വിശദമാക്കുന്നൊരു ലേഖനം മാധ്യമം ദിനപത്രത്തിന്റെ എഡിറ്റ് പേജില്‍ ജെ. രഘു എഴുതിയിട്ടുണ്ട്-പൊതുതെരഞ്ഞെടുപ്പ്: ജാതിയും ഇസ്ലാമോഫോബിയയും എന്ന ശീര്‍ഷകത്തില്‍ (മാധ്യമം, ജൂണ്‍ 2, 2024). സമ്പത്തിന്റെ പുനര്‍വിതരണത്തിനുള്ള നടപടികളെ ഹിന്ദുക്കളുടെ സ്വത്തെല്ലാം പിടിച്ചെടുത്ത് മുസ്ലിംകള്‍ക്കു നല്‍കുമെന്ന രീതിയില്‍ വക്രീകരിച്ച് ചിത്രീകരിക്കുകയാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു: ജാതിവിരുദ്ധതയെ ഹിന്ദു ഭൂരിപക്ഷവും മുസ്ലിം ന്യൂനപക്ഷവും തമ്മിലുള്ള സംഘര്‍ഷമായി അവതരിപ്പിക്കുകയാണ് ബി.ജെ.പിയും അവരുടെ മാധ്യമങ്ങളും ചെയ്യുന്നത്. ഹിന്ദുഭൂരിപക്ഷത്തിന്റെ വക്താക്കളായി സ്വയം ചിത്രീകരിക്കുന്ന ബി.ജെ.പി, പ്രതിപക്ഷം മുസ്ലിംകളുടെ പ്രതിനിധികളാണെന്ന് പ്രഖ്യാപിക്കുന്നു. ജാതീയ മര്‍ദനത്തിനെതിരേയുള്ള നീക്കങ്ങളെ ഇസ്‌ലാംവിദ്വേഷമുപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കുക കൂടിയാണ് അവര്‍.

നരേന്ദ്രമോദിയുടെ ഈ ശ്രമങ്ങളുടെ വേരുകള്‍ ഇടതു-വലതു വിഭാഗങ്ങളുടെ നയങ്ങളുടെ പരിണിത ഫലമാണെന്നും കൂടി അദ്ദേഹം കണ്ടെത്തുന്നു: ''തികച്ചും നീതിപൂര്‍വമായ വാഗ്ദാനങ്ങളെ നരേന്ദ്രമോദി ദുര്‍വ്യാഖ്യാനം ചെയ്തത് ഹിന്ദുക്കളുടെ സ്വത്തെല്ലാം പിടിച്ചെടുത്ത് മുസ്ലിംകള്‍ക്ക് നല്‍കുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞതായാണ്. ജാതിവ്യവസ്ഥക്കെതിരായ വിമര്‍ശനങ്ങളെപ്പോലും വക്രീകരിച്ച് മുസ്ലിംപ്രീണനമായി ചിത്രീകരിക്കുകയെന്നത് ഇടതു-വലതു പക്ഷങ്ങള്‍ പരമ്പരാഗതമായി സ്വീകരിച്ചുവരുന്ന തന്ത്രമാണ്. ഈ ഹീന തന്ത്രത്തിന്റെ പരിണിതഫലമാണ് മുസ്ലിംകള്‍ക്കെതിരായ കലാപങ്ങളും കൂട്ടക്കൊലകളും''.

ഇസ്‌ലാമോഫോബിയ ഹൈന്ദവവത്കരണത്തിനുള്ള ഉപാധി

'ഹിന്ദുവാകുന്നത് ബ്രാഹ്മണ്യത്തിന് കീഴടങ്ങുമ്പോള്‍' എന്ന ശീര്‍ഷകത്തില്‍ ഡോ. മോഹന്‍ഗോപാലുമായി ദി ഫോര്‍ത്ത് ന്യൂസ് മാധ്യമപ്രവര്‍ത്തകന്‍ എന്‍.കെ ഭൂപേഷ് ഒരു അഭിമുഖം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷമായതുകൊണ്ട് ചര്‍ച്ച ഹിന്ദുത്വത്തെയും തുടര്‍ന്ന് ഇസ്ലാമോഫോബിയയെയും കുറിച്ചായി. ഒരുപക്ഷേ, തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഇസ്ലാമോഫോബിക് വിരുദ്ധ ചര്‍ച്ചകളില്‍ ശ്രദ്ധേയമായ ഒന്നായിതിനെ കാണാം. ചര്‍ച്ച നിയന്ത്രിച്ച മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങളും മികച്ചതായിരുന്നു.

തെരഞ്ഞെടുപ്പില്‍, പ്രത്യേകിച്ച് ഒന്നാം ഘട്ടം കഴിഞ്ഞയുടന്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തിയെടുക്കാന്‍ നരേന്ദ്രമോദിയുടെയും ബി.ജെ.പിയുടെയും ഭാഗത്തുനിന്ന് ശ്രമമുണ്ടായി. ഇസ്ലാമോഫോബിയയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ വിജയിക്കാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. ഇത് പരാജയപ്പെട്ടോയെന്ന ചോദ്യത്തോടെയാണ് 'ഇസ്ലാമോഫോബിയ' ചര്‍ച്ചക്ക് തുടക്കമിട്ടത്.

ഡോ. മോഹന്‍ഗോപാലിന്റെ അഭിപ്രായത്തില്‍ ഇസ്ലാമോഫോബിയ സവര്‍ണരെ പരസ്പരം കൂട്ടിച്ചേര്‍ക്കുന്ന പശയാണ്: ഇസ്ലാമോഫോബിയ ഒരു പശപോലെയാണ്. അത് സവര്‍ണരെ കൂട്ടിച്ചേര്‍ക്കുന്ന പശയാണ്. സവര്‍ണര്‍ക്കു തമ്മില്‍ വലിയ സംഘര്‍ഷമുണ്ട്. ഇപ്പോള്‍ത്തന്നെ വൈശ്യ-ബ്രാഹ്മണ സംഘര്‍ഷം ശക്തമാണ്. ആദ്യം മുസ്ലിംകളും പിന്നീട് ക്രൈസ്തവരും അധികാരം തട്ടിയെടുത്തുവെന്നാണല്ലോ അവരുടെ ആഖ്യാനം. ആര്‍.എസ്.എസ് എല്ലാവരെയും ഒരുപോലെ പിന്തുണയ്ക്കുന്നില്ലെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാവും. ഇത്തവണ തെരഞ്ഞെടുപ്പിന്റെ ഒന്നാം റൗണ്ട് കഴിഞ്ഞപ്പോഴേക്കും സവര്‍ണര്‍ക്കിടയിലുള്ള കോണ്‍ഫ്‌ളിക്റ്റ് പുറത്തുവന്നു. 2019ല്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. അന്ന് സവര്‍ണരുടെ ഏകീകരണം വലിയ തോതില്‍ നടന്നു. അതുകൊണ്ടാണ് എന്‍.ഡി.എക്ക് വിജയം നേടാന്‍ കഴിഞ്ഞത്.

സെന്‍സസില്ലാതെ സവര്‍ണരുടെ ജനസംഖ്യ കൃത്യമായി പറയാനാവില്ലെങ്കിലും ഏകദേശ കണക്കുവച്ച് സവര്‍ണര്‍ ജനസംഖ്യയുടെ 15-16 ശതമാനമാണെന്ന് പറയാം. ആ വോട്ടാണ് ബി.ജെ.പിക്ക് 2019ലും 2024ലും കിട്ടിയ അടിസ്ഥാന വോട്ട്. സവര്‍ണരുടെ ഏകീകരണമാണ് ബി.ജെ.പിയുടെ വിജയത്തിനു പിന്നില്‍.

ഇപ്പറഞ്ഞതൊക്കെ ബി.ജെ.പിക്ക് കിട്ടിയ വോട്ടിന്റെ കാര്യമാണ്. ബി.ജെ.പി, എന്‍.ഡി.എ മുന്നണിയുണ്ടാക്കിയാണല്ലോ മത്സരിക്കുന്നത്. അതുവഴിയാണ് മറ്റിതര സമുദായങ്ങളുടെ വോട്ട് നേടിയെടുക്കുന്നത്. കാരണം, മറ്റ് സമുദായങ്ങള്‍ ബി.ജെ.പിയുടെ ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ തയ്യാറല്ല. കേരളത്തിലും അതുകാണാം. ബി.ജെ.പിയുടെ പേരില്‍ ഈഴവര്‍ വോട്ട് ചെയ്യാന്‍ തയ്യാറല്ലാത്തതുകൊണ്ടാണ് ബി.ഡി.ജെ.എസ് വേണ്ടിവന്നത്.

1925 മുതല്‍ പ്രവര്‍ത്തിച്ചിട്ടും സവര്‍ണേതര വിഭാഗങ്ങളുടെ വോട്ട് നേടുന്നതില്‍ ബി.ജെ.പി ഇപ്പോഴും പിന്നിലാണ്. മറ്റു പാര്‍ട്ടികളുമായി ഐക്യമുന്നണിയുണ്ടാക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നത് അതുകൊണ്ടാണ്. ജനസംഖ്യയില്‍ 15-16 ശതമാനമെന്നത് വലിയൊരു സംഖ്യയാണ്. അതുവച്ച് അവര്‍ക്ക് ഇന്ത്യ ഭരിക്കാനാവും. എങ്കിലും അവര്‍ണരുടെ പിന്തുണ വേണം. അതിനുവേണ്ടി അവര്‍ണര്‍ക്ക് അവര്‍ ചില സ്ഥാനമാനങ്ങള്‍ വച്ചുനീട്ടുന്നു. അതിലൂടെ അവര്‍ണരെ അധികാരത്തിനു പുറത്തുനിര്‍ത്തുന്നത് മുസ്ലിംകളാണെന്നും ന്യൂനപക്ഷങ്ങളാണെന്നും വരുത്തിത്തീര്‍ക്കുന്നു. ഈ പ്രചാരണം ഇപ്പോഴും വിജയിച്ചിട്ടില്ലെന്നു വേണം കരുതാന്‍. വിജയിച്ചിരുന്നെങ്കില്‍ ബി.ജെ.പിക്ക് ഐക്യമുന്നണിയില്ലാതെ ഒറ്റക്ക് ഭരിക്കാമായിരുന്നു. മുസ്ലിംവിരുദ്ധതയില്‍ ഊന്നിയാണ് ആര്‍.എസ്.എസ്സും ബി.ജെ.പിയും പ്രവര്‍ത്തിക്കുന്നത്.

ഹിന്ദുവിനെ നിര്‍മിക്കുന്നതിനുള്ള നിര്‍മാണവസ്തുവാണ് ഇസ്ലാമോഫോബിയ. മോദി പുറത്തുപോകുമ്പോള്‍ പോപ്പിനെയും പ്രിന്‍സ് സല്‍മാനെയും കെട്ടിപ്പിടിക്കുന്നു. അവരെല്ലാം അദ്ദേഹത്തിന് വിവിധ ബഹുമതികള്‍ നല്‍കുന്നു. ഇവിടെ പക്ഷേ, ഹിന്ദുവിനെ നിര്‍മിക്കലാണ് ഇസ്‌ലാമോഫോബിയയുടെ ദൗത്യം. അതിനെ പ്രതിരോധിക്കേണ്ടത് ഹിന്ദു എന്ന വിഭാഗത്തിനുള്ളില്‍ ഉള്‍പ്പെടുന്നവരാണ്. അവിടെയാണ് നാരായണഗുരുവിന് വലിയ റോളുള്ളത്.

സെന്‍സസാണ് പല വിഭാഗങ്ങളെയും ഹിന്ദുക്കളാക്കിയത്. ഹിന്ദുക്കള്‍ അധികാരത്തിലെത്തിയിരിക്കുകയാണെന്നും ദലിതരുടെ മനസ്സില്‍ ഭീതിയാണെന്നും ബ്രിട്ടീഷുകാര്‍ പോയിട്ട് 12 ദിവസം കഴിഞ്ഞപ്പോള്‍ (1947 ആഗസ്റ്റ് 27ാം തിയ്യതി) വി നാഗപ്പ, മുനിസ്വാമിപ്പിള്ളൈ എന്നീ ദലിത് നേതാക്കള്‍ ഭരണഘടനാ നിര്‍മാണസഭയില്‍ പ്രസംഗിച്ചു. അന്നുപോലും ഹിന്ദു എന്നാല്‍ ജാതിഹിന്ദുവാണ്. ഹിന്ദു ആകണമെങ്കില്‍ ജാതി വേണം, വര്‍ണം വേണം. അല്ലെങ്കില്‍ ഹിന്ദുവല്ല.

ഔട്ട് കാസ്റ്റ് എന്നാല്‍ ജാതിക്ക് പുറത്തുള്ളവരെന്നാണ്. അവര്‍ ഹിന്ദുക്കളല്ല. ഋഗ്വേദത്തില്‍ അവരുടെ ജന്മരീതി പറഞ്ഞിട്ടില്ല, ജന്മരീതിപോലും ഇല്ലാത്ത അവരെ മൃതവസ്തുക്കളായാണ് കണക്കാക്കുന്നത്. സവര്‍ണര്‍ക്കു മാത്രമേ ജാതിയുള്ളൂ. 1953ല്‍ ഞാന്‍ ജനിക്കുമ്പോള്‍ ഹിന്ദുവാണെന്ന് എന്റെ മാതാപിതാക്കള്‍ പറഞ്ഞിട്ടില്ല. 1951ല്‍ നടന്ന സെന്‍സസില്‍ കോണ്‍ഗ്രസ്സിന്റെ നയപരമായ തീരുമാനപ്രകാരം ഞാന്‍ ഹിന്ദുവായി. ആറ് സംഘടിത മതത്തില്‍ പെടാത്തവരെല്ലാം ഹിന്ദുക്കളായി. അതൊരു അവശിഷ്ടവിഭാഗമാണെങ്കിലും മതമായാണ് സെന്‍സസില്‍ കണക്കാക്കപ്പെടുന്നത്.

സര്‍ക്കാരാണ് പലരെയും ഹിന്ദുവാക്കുന്നത്. അഞ്ചാറു കൊല്ലം കഴിഞ്ഞതോടെ സുപ്രിംകോടതി പറയുന്നു ഇപ്പറഞ്ഞ എല്ലാ ഹിന്ദുക്കളും വേദങ്ങളെ ബഹുമാനിക്കുന്നവരാണെന്ന്. ഉണ്ടെന്ന് പറയുന്നത് സുപ്രിംകോടതിയാണ്. എന്റെ വിശ്വാസത്തില്‍ അങ്ങനെയില്ല. അങ്ങനെ സെന്‍സസും കോടതിയുമാണ് ഹിന്ദുവിനെ നിര്‍മിച്ചത്. ഇതൊക്കെ ചെയ്യുന്നത് ഭരണകൂടത്തിന്റെ പുറകില്‍നില്‍ക്കുന്ന ഓളിഗാര്‍ക്കിയാണ്. ബ്രിട്ടീഷുകാര്‍ പോയിക്കഴിഞ്ഞാല്‍ സവര്‍ണ ഓളിഗാര്‍ക്കി ഇന്ത്യ ഭരിക്കുമെന്ന് അംബേദ്കര്‍ എഴുതിയിട്ടുണ്ട്. അവരാണ് വിവിധ മാര്‍ഗങ്ങളിലൂടെ ഹിന്ദുവിനെ ഉണ്ടാക്കുന്നത്. ഹിന്ദു എന്ന അവബോധം ആഴത്തിലുള്ളതല്ല, വളരെ അടുത്ത കാലത്ത് നിര്‍മിക്കപ്പെട്ടതാണ്.

ഹിന്ദു എന്താണെന്നതിന് വളരെ അയഞ്ഞ മട്ടിലുള്ള വിശദീകരണങ്ങളാണ് ലഭിക്കുന്നത്- ഹിന്ദു ഒരു ജീവിതരീതിയാണ് എന്നൊക്കെയുള്ള. ചിലപ്പോള്‍ മതാണെന്നു പറയും, മറ്റു ചിലപ്പോള്‍ സനാതനധര്‍മമാണെന്നു പറയും... ധര്‍മവും മതവും തമ്മില്‍ വ്യത്യാസമുണ്ടെന്നു പറയും.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 26 എന്നിവയുടെ സംരക്ഷണം വേണ്ട സമയത്ത് മതമാണെന്നു പറയുന്നു. അല്ലാത്തപ്പോള്‍ മതമല്ല, ധര്‍മമാണെന്നു പറയുന്നു. ഹിന്ദു ഇപ്പോഴും സംശയാസ്പദമായ സങ്കല്‍പ്പമാണ്. ഇതില്‍ ഏറ്റവും പ്രധാന കാര്യം ഒന്നേയുള്ളൂ, ബ്രാഹ്മണര്‍ അവസാന വാക്കാണ്, അവരെ അനുസരിക്കണം എന്നത്. ബാക്കിയുള്ളതൊക്കെ കൂട്ടിച്ചേര്‍ത്തതാണ്. (ഹിന്ദുവാകുന്നത് ബ്രാഹ്മണ്യത്തിന് കീഴടങ്ങുമ്പോള്‍- ഡോ. മോഹന്‍ ഗോപാല്‍, എന്‍.കെ ഭൂപേഷ്, ദി ഫോര്‍ത്ത്, ജൂണ്‍ 19, 2024)

സയണിസം, ഹിന്ദുത്വം, ഇസ്ലാമോഫോബിയ

ജൂണ്‍ 2024ല്‍ പുറത്തിറങ്ങിയ ഗ്രന്ഥലോകം മാസികയില്‍ ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍ എഴുതിയ 'ഫലസ്തീനില്‍ സയണിസ്റ്റ് ഭീകരത'യെന്ന ലേഖനം പീഡിതന്റെ മുഖമൂടിയണിഞ്ഞ് അറബിജനതയ്ക്കുമേല്‍ ദുരന്തം അഴിച്ചുവിട്ട ഇസ്രായേലി സയണിസത്തോടാണ്, ഇന്ത്യയില്‍ മുസ്ലിംകള്‍ക്കെതിരേ ആക്രമണം അഴിച്ചുവിടുന്ന സംഘ്പരിവാറിനെ താരതമ്യം ചെയ്യുന്നത്. യുദ്ധാനന്തര ജര്‍മനിയില്‍ സകല അപമാനങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും കാരണം ജര്‍മന്‍ ജനസംഖ്യയുടെ ഒരു ശതമാനത്തിലധികം മാത്രമുണ്ടായിരുന്ന ജൂതരാണെന്നായിരുന്നു നാസികളുടെ പ്രചാരണം. സമാനമായി ഇന്ത്യയുടെ ദുരിതങ്ങള്‍ക്ക് മുഖ്യകാരണം മുസ്ലിംകളാണെന്ന് സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്നു. ജൂതഭീതിയില്ലാത്ത ജര്‍മനിക്കുവേണ്ടി വാദിച്ചതുപോലെ ഇവിടെ 'മുസ്ലിംഭീതി'യില്ലാത്ത ഇന്ത്യയാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. സംഘ്പരിവാറിന്റെ ഈ ഉന്മൂലനപദ്ധതിയില്‍ സാമ്രാജ്യത്വത്തിനും അവരുടെ ഇസ്ലാമോഫോബിക് തന്ത്രങ്ങള്‍ക്കും പങ്കുണ്ടെന്നാണ് ലേഖകന്‍ കരുതുന്നത്. 'പാശ്ചാത്യ സാമ്രാജ്യത്വ കാര്‍മികത്വത്തില്‍ ലോകമെങ്ങും പ്രചരിപ്പിക്കപ്പെട്ട ഇസ്ലാമോഫോബിയ ഇസ്രായേലിന്റെ ഇരവാദത്തെയും പരിവാറിന്റെ പ്രചാരണങ്ങളെയും ബലപ്പെടുത്തുന്നു'വെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

തിരുത്താന്‍ തയ്യാറാകാത്ത പാര്‍ട്ടികള്‍, അവസരം മുതലാക്കി ഹിന്ദുത്വര്‍

ദി ക്രിട്ടിക് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ അവലോകനം ചെയ്തുകൊണ്ട് ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട് (ജൂണ്‍ 16, 2024). 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ കനത്ത തോല്‍വിക്ക് കാരണമായി സി.പി.എം സംസ്ഥാന സെക്രട്ടറി പറയുന്ന കാരണങ്ങള്‍ ഭാഗികമായി മാത്രമേ ശരിയാകുന്നുള്ളൂവെന്നാണ് കുറിപ്പ് ചൂണ്ടിക്കാട്ടുന്നത്. ബി.ജെ.പിയിലേക്കുള്ള വിവിധ വിഭാഗങ്ങളുടെ കുടിയേറ്റം സമൂഹത്തില്‍ പ്രസരിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിക് പ്രചാരണങ്ങളുടെക്കൂടി ഭാഗമാണെന്നും ലേഖനം വാദിക്കുന്നു:

സി.പി.എമ്മിന്റെ പ്രധാന ശക്തിയായ ഈഴവ വിഭാഗങ്ങള്‍ ബി.ജെ.പിയിലേക്ക് ഒഴുകുകയാണെന്നതില്‍ സംശയമില്ല. ഈ തെരഞ്ഞെടുപ്പിലെ പല മണ്ഡലങ്ങളും അതിന് ഉദാഹരണമാണ്. അതിനായി കടുത്ത മുസ്ലിം വിരുദ്ധ പ്രചാരണമാണ് സംഘ്പരിവാറും എസ്.എന്‍.ഡിപിയും ബി.ഡി.ജെ.എസുമൊക്കെ നടത്തുന്നത്. അതിനെ ഫലപ്രദമായി തടയാന്‍ സി.പി.എമ്മിനാകുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും അതിനു സഹായകരമായ നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. വടകരയിലും മറ്റും അതു നമ്മള്‍ കണ്ടതാണല്ലോ. ക്രിസ്ത്യന്‍ വിഭാഗങ്ങളും ബി.ജെ.പിയിലേക്ക് നീങ്ങുന്നത് ഇസ്ലാമോഫോബിക് പ്രചാരണങ്ങളുടെ ഭാഗമായാണ്. അതിനേയും പ്രതിരോധിക്കാന്‍ സി.പി.എമ്മിനോ കോണ്‍ഗ്രസിനോ കഴിയുന്നില്ല. തികച്ചും അപകടകരമായ ഒരവസ്ഥയിലേക്കാണ് കേരളം നീങ്ങുന്നത് എന്നതാണ് യാഥാര്‍ഥ്യമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. സംഘ്പരിവാര്‍ സംഘങ്ങള്‍ അഴിച്ചുവിടുന്ന ഇസ്ലാമോഫോബിക് പ്രചാരണങ്ങളെ പിന്‍പറ്റുന്ന ഇതര സംഘങ്ങളുടെ രീതിയെയും ലേഖനം വിമര്‍ശിക്കുന്നു.

മുസ്ലിംപ്രീണനം: സണ്ണി എം. കപിക്കാട്

മുസ്ലിംപ്രീണനവാദമുയര്‍ത്തുന്ന വെള്ളാപ്പള്ളിയുടേത് ബി.ജെ.പി അജണ്ടതന്നെയാണെന്നാണ് സണ്ണി എം. കപിക്കാടിന്റെ അഭിപ്രായം: കേരള സര്‍ക്കാരുകള്‍ മുസ്ലിംപ്രീണനം നടത്തുന്നുവെന്ന് വാദിക്കുന്ന ആദ്യ നേതാവല്ല, വെള്ളാപ്പള്ളി നടേശന്‍. ഇതിനുമുമ്പ് പലരും പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ബി.ജെ.പിക്കാര്‍. ബി.ഡി.ജെ.എസ് രൂപീകരണകാലത്ത് കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്ക് സമത്വയാത്ര നടത്തിയിരുന്നു. അത് വെള്ളാപ്പള്ളിയുടെ മുസ്ലിംവിരുദ്ധ പ്രസ്താവനകൊണ്ട് മുഖരിതമായിരുന്നു. ബി.ഡി.ജെ.എസ് പ്രഖ്യാപനസമയത്ത് അമിത്ഷായായിരുന്നു മുഖ്യാതിഥി. അന്നത്തെ ജാഥയും ശംഖുമുഖം സമ്മേളനവും ബി.ജെ.പി സ്‌പോണ്‍സേഡ് പ്രോഗ്രാമായിരുന്നു. മുസ്ലിംകള്‍ അവസരങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന് പറയുന്ന വെള്ളാപ്പള്ളി എസ്.എന്‍.ഡി.പിയുടെ ഉത്തരവാദിത്വമുള്ള നേതാവെന്ന നിലയില്‍ അതിന്റെ കണക്കുകള്‍ പുറത്തുവിടണം. ഒരു കണക്കുമില്ല അദ്ദേഹത്തിന്റെ കയ്യിലെന്ന് ഉറപ്പാണ്. ഇതേ വാദം പറയുന്ന ബി.ജെ.പിക്കാരുടെ കയ്യിലും കണക്കില്ല. അവര്‍ക്ക് കണക്കിന്റെ ആവശ്യമില്ല. എന്തുംപറയും. അതുപോലെയല്ല വെള്ളാപ്പള്ളി. മതദ്വേഷം പാടില്ലെന്നു പറഞ്ഞ ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സംഘടനയുടെ നേതാവാണ് അദ്ദേഹം. ലൗജിഹാദിന്റെ കാര്യം നേരത്തെ വെള്ളാപ്പള്ളി പറഞ്ഞു. അങ്ങനെയൊരു കാര്യമില്ലെന്ന് അന്വേഷിച്ച എല്ലാ ഏജന്‍സികളും പറഞ്ഞു. ഇപ്പോഴും വെള്ളാപ്പള്ളി അത് തുടരുകയാണ്. (എല്‍ബഗ് മീഡിയ, ജൂണ്‍ 22, 2024)

മുസ്ലിംപ്രീണനം: മന്ത്രി പി.എ മുഹമ്മദ് റിയാസ്

സി.പി.എം നേതാവും മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് ന്യൂനപക്ഷപ്രീണനമെന്ന വാദത്തെ പൂര്‍ണമായും തള്ളി. പ്രീണനമെന്ന വാക്കിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം: രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ തുല്യതയോടെ, സമത്വപൂര്‍വം പരിഗണിക്കണം എന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ഇത് ഏറ്റവും നന്നായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്ത് ന്യൂനപക്ഷ വികസന വകുപ്പ് രൂപീകരിച്ച ആദ്യ സംസ്ഥാനമാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന വിധം ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെയാണ് പ്രീണനമെന്ന് ദുര്‍വ്യാഖ്യാനം ചെയ്യുന്നത്. സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു മന്ത്രി (ജൂണ്‍ 22, 2024, മാധ്യമം).

മുസ്ലിം പ്രീണനവും സവര്‍ണാധികാരവും

ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ഉയര്‍ന്നുവന്ന മുസ്ലിംപ്രീണന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയം പരിശോധിക്കുന്ന ലേഖനമാണ് ഡോ. ടി.എസ് ശ്യാംകുമാറിന്റെ മുസ്ലിം ഭീതിയും സവര്‍ണാധികാര കുത്തകയും എന്ന ലേഖനം (ജൂണ്‍ 16, 2024, സുപ്രഭാതം). ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം ജനവിഭാഗങ്ങള്‍ അധികാരവും വിഭവങ്ങളും കൈയടക്കുകയാണെന്നും തന്നിമിത്തം ഈഴവാദി പിന്നോക്ക ജനവിഭാഗങ്ങള്‍ പുറന്തള്ളപ്പെടുന്നു എന്ന 'വാദം' വസ്തുനിഷ്ഠതയുടെ കണിക പോലുമില്ലാത്ത ഈ വ്യാജപ്രചരണമാണ്. തന്റെ വാദം തെളിയിക്കുന്നതിനുള്ള വസ്തുതകളും അദ്ദേഹം നിരത്തുന്നുണ്ട്: മുസ്ലിംകള്‍ അധികാരങ്ങളെല്ലാം തട്ടിയെടുക്കുകയാണെന്ന വാദത്തിന് ഔദ്യോഗിക രേഖകളുടെ യാതൊരു പിന്തുണയുമില്ല എന്നതാണ് വാസ്തവം. നരേന്ദ്രന്‍ കമീഷന്റെയും സച്ചാര്‍ കമീഷന്റെയും റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത് ജനസംഖ്യാനുപാതിക പ്രാതിനിധ്യം എക്‌സിക്യൂട്ടീവിലും ജുഡിഷ്യറിയിലും ലെജിസ്ലേച്ചറിലും മുസ്ലിം ജനവിഭാഗത്തിന് ലഭിക്കുന്നില്ല എന്നാണ്. മുസ്ലിം സമുദായം പ്രീണന രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളാണെന്നും അനധികൃതമായി സ്ഥാനമാനപദവികളും വിഭവങ്ങളും കൈക്കലാക്കുന്നുവെന്നും ആരോപിക്കുന്നത് ഇസ്ലാമോഫോബിയയുടെ ഭാഗമാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

ഇസ്ലാമോഫോബിയ എന്നത് അടുത്തകാലത്ത് രൂപംകൊണ്ടതല്ലെന്നും ഇന്ത്യന്‍ ചരിത്രത്തില്‍ വലിയ വേരുകളുള്ള പ്രതിഭാസമാണ് ഇതെന്നുംകൂടി അദ്ദേഹം പറഞ്ഞുവയ്ക്കുന്നുണ്ട്: ''മുസ്ലിംകള്‍ ഇന്ത്യയുടെ ശത്രുവാണെന്ന ഇസ്ലാമോഫോബിയയാണ് മുസ്ലിംകള്‍ അധികാരം കവരുന്നു എന്ന വ്യാജത്തിന്റെ അടിസ്ഥാനം. ഇത് വിചാരധാരയിലൂടെ ആദ്യമായി അവതരിപ്പിക്കപ്പെടുന്നതുമല്ല. സംസ്‌കൃതത്തില്‍ രചിക്കപ്പെട്ട ജയാനകന്റെ പൃത്ഥ്വിരാജ വിജയത്തിലും ഗംഗാദേവിയുടെ മധുരാ വിജയത്തിലും മുസ്ലിം ഭരണാധികാരികളെ ശത്രുക്കളായാണ് സ്ഥാനപ്പെടുത്തുന്നത്. എ.ആര്‍ രാജരാജവര്‍മയുടെ ആംഗല സാമ്രാജ്യം എന്ന സംസ്‌കൃതകാവ്യത്തില്‍, മുസ്ലിംകളും ടിപ്പുവും പ്രവേശിച്ചതോടെ കേരള ഭൂമി അശുദ്ധമായതായി ചിത്രീകരിച്ചിരിക്കുന്നു. ഈ കൃതികളില്‍ മുസ്ലിം ഭരണാധികാരികളെയും മുസ്ലിം ജനവിഭാഗത്തെയും രാവണനായും രാക്ഷസന്മാരുമായാണ് അവതരിപ്പിക്കുന്നത്. കാലങ്ങളായി ഇന്ത്യയില്‍ തുടരുന്ന ഇസ്ലാമോഫോബിയയുടെ ഭാഗമായാണ് മുസ്ലിംകള്‍ അധികാരം അനധികൃതമായി കൈക്കലാക്കുന്നു എന്ന് വസ്തുതാ വിരുദ്ധമായി പ്രചരിപ്പിക്കുന്നത്.'' അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സമുദായ സെന്‍സസ് നടത്തുക എന്നതാണ് ഇതിന്റെ പരിഹാരം.

ന്യൂനപക്ഷപ്രീണനവും ഇസ്ലാമോഫോബിയയും

വെള്ളാപ്പള്ളിയെ പേടിയോ- എന്ന ശീര്‍ഷകത്തില്‍ 24ന്യൂസ് ജൂണ്‍ 21ന് ഒരു ചര്‍ച്ച സംഘടിപ്പിച്ചു. അതില്‍ വാഹിദ് ചുള്ളപ്പാറ, ആര്‍.വി ബാബു, ഡോ. ബി. ജയരാജ്, ദിനു വെയില്‍ എന്നിവര്‍ പങ്കെടുത്തു. വെള്ളാപ്പള്ളിയുടെ മുസ്ലിംപ്രീണന പരാമര്‍ശത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. സുപ്രഭാതം ദിനപത്രം വെള്ളാപ്പള്ളിപ്പേടി ആര്‍ക്കൊക്കെ എന്ന തലക്കെട്ടില്‍ ഒരു എഡിറ്റോറിയല്‍ (ജൂണ്‍ 21) എഴുതിയിരുന്നു. സംഘ്പരിവാര്‍ അജണ്ട നടപ്പാക്കാന്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നുവെന്നായിരുന്നു സുപ്രഭാതത്തിന്റെ വിമര്‍ശനം. അതുമായി ബന്ധപ്പെടുത്തിയാണ് ചര്‍ച്ച നടത്തിയത്. വെള്ളാപ്പള്ളിയുടെ മുസ്ലിംപ്രീണന പരാമര്‍ശം ഈഴവരുടേതല്ല, സംഘ്പരിവാര്‍ താല്‍പര്യത്തിന്റെ ഭാഗമാണെന്നും വാഹിദ് ചുള്ളിപ്പാറ (എസ്.ഐ.ഒ) വിശദീകരിച്ചു. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ കേരളത്തിലെ അടുത്ത മുഖ്യമന്ത്രി മുസ്ലിമായിരിക്കുമെന്ന 'പ്രവചനം' ഇസ്ലാമോഫോബിക് ഘടനയിലുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ച ദിനു വെയില്‍ ഈഴവര്‍ക്കും ദലിതര്‍ക്കും മറ്റും പ്രാതിനിധ്യക്കുറവുണ്ടെന്നും എന്നാല്‍, അതിനു കാരണം മുസ്‌ലിംകളുടെ അധികപ്രാതിനിധ്യമല്ലെന്നും കണക്കുകളുടെ പിന്‍ബലത്തില്‍ സ്ഥാപിച്ചു. നായര്‍ അടക്കമുള്ള സവര്‍ണരാണ് പിന്നാക്ക ദലിത് വിഭാഗങ്ങളുടെ അവസരങ്ങള്‍ തട്ടിയെടുക്കുന്നത്. മുസ്ലിംകളുടെ അധികപ്രാതിനിധ്യമെന്ന വാദം ഉന്നയിക്കുന്നത് ഇസ്‌ലാമോഫോബിയ വിതറി മുസ്ലിം അപരവത്കരണം നടത്താനുള്ള തന്ത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

മുസ്ലിം/സ്ത്രീ വസ്ത്രചര്‍ച്ച

മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണം ഇസ്ലാമോഫോബിക് പ്രചാരണങ്ങളുടെ മുഖ്യപ്രമേയമാണ്. ജൂണ്‍ 2-ാം തിയ്യതി ഇന്ത്യന്‍ എക്‌സ്പ്രസ് ഡോ. ജെ. ദേവികയുമായി നടത്തിയ അഭിമുഖം ഇതിന്റെ വിവിധ വശങ്ങളിലേക്ക് വെളിച്ചംവീശുന്നതായിരുന്നു. മുസ്ലിംസ്ത്രീയുടെ വസ്ത്രം പ്രത്യേകിച്ച് നിഖാബ് സ്ത്രീവിരുദ്ധമല്ലേയെന്നും റെഡി ടു വെയ്റ്റ് ക്യാമ്പയിന്‍ പോലെ പിന്തിരപ്പനല്ലേയെന്നുമൊക്കെയായിരുന്നു ഇന്ത്യന്‍ എക്‌സ്പ്രസ് മാധ്യമപ്രവര്‍ത്തക ചോദിച്ചത്. പ്രശ്‌നത്തെ ഡോ. ദേവിക ഇങ്ങനെ വിശദീകരിച്ചു: മുസ്ലിം ജനത അവരുടെ ഐഡന്റിറ്റി കാണിക്കാനാണ് നിഖാബ് ഉപയോഗിക്കുന്നത്. എന്നാല്‍, നമ്പൂതിരി സ്ത്രീകളുടെ കാര്യം അങ്ങനെയായിരുന്നില്ല. അവരെ കാണാന്‍ പോലും പാടില്ല എന്നായിരുന്നു. ആഗോളതലത്തില്‍ ശ്രദ്ധിച്ചാല്‍ മനസിലാകും മുസ്ലിംകളില്‍ പുരുഷന്‍മാരും സ്ത്രീകളും ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രധാരണ രീതിയുള്ളവരാണെന്ന്്. റിലീജിയസായ ആളുകളുടെ കാര്യമാണ് പറഞ്ഞത്. മുസ്ലിം സ്ത്രീകളെ നിഖാബോടെ കാണുക എന്നത് പ്രശ്നമല്ല. നിഖാബിടുന്നത് പൊതുദര്‍ശനത്തിന് പോകാന്‍ വേണ്ടിയാണ്. നമ്പൂതിരി സ്ത്രീകള്‍ക്ക് അങ്ങനെയല്ല. ആരും അവരെ കണ്ടുകൂടാ എന്നായിരുന്നു. മറക്കുടയും പൊതയും ആയി പോകുമ്പോള്‍ അവരെ കണ്ടുപോയാല്‍ നമ്പൂതിരി സ്ത്രീകള്‍ ജാതിയില്‍ നിന്ന് പുറത്താണ്. സ്മാര്‍ത്തവിചാരം ചെയ്ത് അവരെ പുറത്താക്കും. പടിയടച്ച് പിണ്ഡം വെക്കും. കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ വസ്ത്രധാരണ രീതിയെക്കുറിച്ച് അവര്‍ക്കിടയില്‍ ചര്‍ച്ചചെയ്യട്ടെ. യഥാര്‍ഥത്തില്‍ സാരി ഇന്ത്യന്‍ വസ്ത്രമേയല്ല. അത് അടിച്ചേല്‍പ്പിക്കുമ്പോഴില്ലാത്ത ഭയമെന്തിനാണ് മുസ്ലിം വിഭാഗത്തിന്റെ കാര്യത്തിലുള്ളത്. മുഖം മറച്ചതുകൊണ്ട് അവരുടെ കഴിവുകള്‍ ഇല്ലാതാകുന്നില്ല. മുസ്ലിംകളെ ഇത്രമേല്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് പുറത്തു നിന്നുള്ള പരിഷ്‌കരണം അടിച്ചേല്‍പ്പിച്ചാല്‍ അത് മുസ്ലിം സ്ത്രീകള്‍ക്ക് നെഗറ്റീവായിട്ടാണ് വരിക (സമകാലിക മലയാളം ഡെസ്‌ക്, ജൂണ്‍ 2, 2024).


എസ്.എഫ്.ഐ മുദ്രാവാക്യത്തിന്റെ പരിമിതി

കണ്ണൂര്‍ സര്‍വകലാശാല സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ച വാര്‍ത്ത ജൂണ്‍ 1, 2024 ന് വ്യത്യസ്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. (കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍, ജൂണ്‍ 1, 2024). ഫലപ്രഖ്യാപനത്തിനു ശേഷം ആഹ്ലാദപ്രകടനം നടന്നു. പ്രകടനത്തിനു മുന്നില്‍ പിടിച്ച ബാനറിലെ എഴുത്ത് ശ്രദ്ധേയമായിരുന്നു. വര്‍ഗീയതയോടും വംശീയതയോടും നൊ കോംപ്രമൈസ്, വി വിത്ത് ഫലസ്തീന്‍ എന്നാണ് എഴുതിയിരുന്നത്.

തൊട്ടടുത്ത ദിവസം എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ഒരു പൊതുപ്രസ്താവനയുണ്ടായിരുന്നു, വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കുന്ന സന്ദര്‍ഭത്തില്‍ നവാഗതര്‍ക്ക് സ്‌നേഹവും സ്വാഗതവും പങ്കുവച്ചുകൊണ്ട്. 'അധിനിവേശത്തോടും വര്‍ഗീയതയോടും സന്ധിയില്ലാത്ത വിദ്യാര്‍ഥിത്വം, നവാഗതര്‍ക്ക് സ്വാഗതം എന്നായിരുന്നു അതിന്റെ ശീര്‍ഷം. ഫലസ്തീനെ സൂചിപ്പിക്കുന്ന ഒരു തണ്ണിമത്തന്‍ കഷ്ണം ഒപ്പം വച്ചിരുന്നു (ജൂണ്‍ 2, 2024, എസ്.എഫ്.ഐ, കേരള, എഫ്.ബി).


പൊരുതുന്ന ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള എസ്.എഫ്.ഐയുടെ ക്യാമ്പയിന്‍ അഭിനന്ദാര്‍ഹമാണ്. പക്ഷേ, രണ്ട് ക്യാമ്പയിനും ആവര്‍ത്തിച്ചുവരുന്ന ഒരു വാക്ക് 'വര്‍ഗീയത'യാണ്. ഒറ്റ നോട്ടത്തില്‍ വര്‍ഗീയയെന്നതുകൊണ്ട് എല്ലാ തരം വര്‍ഗീയതയെയും തങ്ങള്‍ എതിര്‍ക്കുന്നുവെന്നായിരിക്കണം അവര്‍ ഉദ്ദേശിച്ചിരിക്കുക. എന്നാല്‍, ചരിത്രപരമായി വര്‍ഗീയതയെന്ന വാക്ക് മുസ്ലിംകള്‍ക്കെതിരേയുള്ള പ്രത്യേകിച്ച് മുസ്ലിം സംഘാടനത്തിനെതിരേയുള്ള വംശീയ പ്രചാരണങ്ങളുടെ ഭാഗമായാണ് വികസിച്ചുവന്നത്. മുസ്ലിംകളെ മാത്രമല്ല, കീഴാള രാഷ്ട്രീയനീക്കങ്ങളെയുമത് ലക്ഷ്യമിട്ടിരുന്നു. ആദ്യകാലത്ത് വര്‍ഗീയതക്ക് മതപരമായ അര്‍ഥം ഉണ്ടായിരുന്നില്ല. പില്‍ക്കാലത്താണ് അത് മതപരമായ സൂചനയോടെ ഉപയോഗിക്കാന്‍ തുടങ്ങിയത്. പുതിയ കാലത്ത് മുസ്ലിംസാമുദായികതയെയാണ് ഈ വാക്കിലൂടെ ലക്ഷ്യമിടുന്നത്. ചരിത്രപരമായ അര്‍ഥം ഇന്നും മാറ്റമില്ലാതെ തുടരുന്നു. വര്‍ഗീയതയെന്ന ആശയംതന്നെ മുസ്ലിംസംഘാടനത്തിനെതിരേ വികസിപ്പിക്കപ്പെട്ടതായിരിക്കുമ്പോള്‍ വര്‍ഗീയതക്കും വംശീയതക്കുമെതിരേയുള്ള എസ്.എഫ്.ഐയുടെ മുദ്രാവാക്യം പ്രതിരോധമുയര്‍ത്തുന്നതില്‍ പരിമിതപ്പെടുന്നു.

പുസ്തക വായന

സുദേഷ് എം. രഘു, സലിം ദേളി എന്നിവര്‍ ചേര്‍ന്ന് എഡിറ്റ് ചെയ്ത ഇസ്ലാമോഫോബിയക്കെതിരേയുള്ള (ഇസ്ലാമോഫോബിയ: പഠനങ്ങള്‍, സംവാദങ്ങള്‍) പുസ്തകത്തെക്കുറിച്ച് ചന്ദ്രിക ആഴ്ചപ്പതിപ്പ് ജൂണ്‍ 20, 2024 ലക്കത്തില്‍ നിരൂപണ ലേഖനം പ്രസിദ്ധീകരിച്ചു. നിസാര്‍ കൂട്ടിലങ്ങാടിയാണ് പുസ്തകം നിരൂപണം ചെയ്തിരിക്കുന്നത്. യുഗാന്തരങ്ങളെ ഭേദിച്ചുകൊണ്ട് മുന്നേറുന്ന ഒരു സാമൂഹിക ധ്രുവീകരണമായി ഇസ്ലാമോഫോബിയ സമൂഹനിര്‍മിതിയില്‍ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും മുസ്‌ലിംകളെ വംശീയവത്കരിക്കുന്ന ഈ പ്രക്രിയയെ ഈ ഗ്രന്ഥം അവലോകനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ബുക്ക് പ്ലസ്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

(റിസര്‍ച്ച് ഇന്‍പുറ്റ്‌സ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റെന്‍സന്‍ വി.എം)


TAGS :