Quantcast
MediaOne Logo

ആഗോള ഹിംസയും ക്രൈസ്തവ സമൂഹവും: പ്രചാരണവും വസ്തുതയും - ഇസ്ലാമോഫോബിയ: സെപ്റ്റംബര്‍ മാസം സംഭവിച്ചത്

2024 സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ : ഭാഗം അഞ്ച്

ആഗോള ഹിംസയും ക്രൈസ്തവ സമൂഹവും: പ്രചാരണവും വസ്തുതയും - ഇസ്ലാമോഫോബിയ: സെപ്റ്റംബര്‍ മാസം സംഭവിച്ചത്
X

2016-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍ഥശങ്കക്കിടയില്ലാത്തവിധം പറഞ്ഞു: 'It is not right to identify Islam with violence. This is not right and this is not true. ഇസ്ലാമിനെ ഹിംസയുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നും അത് സത്യമല്ലെന്നുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാട് (യുഎസ് കാതലിക്, 14 സെപ്റ്റംബര്‍ 2021). 2015ല്‍ പുറത്തിറക്കിയ ഓണ്‍ കെയര്‍ ഫോര്‍ ഔര്‍ കോമണ്‍ ഹോം എന്ന ചാക്രികലേഖനത്തില്‍ ഒരു മുസ്‌ലിം മിസ്റ്റിക്കിനെ മാര്‍പ്പാപ്പ നേരിട്ടു പരാമര്‍ശിച്ചിരുന്നു. ചരിത്രത്തിലാദ്യമായിരുന്നു ഇത്. 1965ല്‍ പോള്‍ നാലാമന്‍ മാര്‍പാപ്പയുടെ കാലം മുതല്‍ വിവിധ ചാക്രികലേഖനങ്ങളില്‍ മുസ്ലിംകളുമായി മികച്ച ബന്ധങ്ങള്‍ പുലര്‍ത്തണമെന്ന നിര്‍ദേശങ്ങളുണ്ട്.

ആഗോള തലത്തില്‍ വ്യാപിച്ച ഇസ്‌ലാമോഫോബിയക്കെതിരെ പോരാടുന്ന നിരവധി ക്രൈസ്തവ വിശ്വാസികളായ ഗവേഷകരുണ്ട്. അവരിലൊരാളായ ജോര്‍ഡന്‍ ഡെനരി ഡഫ്നര്‍ എഴുതിയ പുസ്തകമാണ് Islamophobia: What Christians Should Know (and Do) about Anti-Muslim Discrimination (ഒര്‍ബിസ് എന്ന പ്രാസാധാനലയം 2021 ല്‍ പുറത്തിറക്കിയത്). ലോകത്തെത്തന്നെ ഏറ്റവും പ്രഗല്‍ഭരായ ഇസ്‌ലാമോഫോബിയ പഠന വിദഗ്ധരിലൊരാളാണ് ക്രൈസ്തവ വിശ്വാസി കൂടിയായ ടോഡ് ഗ്രീന്‍. അദ്ദേഹമെഴുതിയ Presumed Guilty: Why We Shouldn't Ask Muslims to Condemn Terrorism എന്ന പുസ്തകം 2018-ല്‍ പുറത്തിറങ്ങി. ഇസ്‌ലാമിനെ ഹിംസയുമായി ബന്ധപ്പെടുത്തുന്നതിലെ വസ്തുതാവിരുദ്ധത കണക്കുകള്‍ സഹിതം അദ്ദേഹം കാണിച്ചുതരുന്നു. കേരളത്തില്‍ത്തന്നെ ഇസ്‌ലാമോഫോബിയക്കെതിരെ നിലപാടെടുക്കുന്ന അനേകം ക്രൈസ്തവപുരോഹിതരും ദൈവശാസ്ത്രജ്ഞരുമുണ്ട്. ഫാദര്‍ പോള്‍ തേലക്കാട്ട്, ഗീവര്‍ഗീസ് മാര്‍ കുറിലോസ് തിരുമേനി, ഫാദര്‍ ഡോ. വൈ.ടി വിനയരാജ് തുടങ്ങിയ പണ്ഡിതര്‍ ഇസ്‌ലാമോഫോബിയ എന്ന പ്രശ്നത്തെ വിശദീകരിച്ചുകൊണ്ടുള്ള കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


മുസ്‌ലിം സായുധ വിഭാഗങ്ങള്‍, ഇസ്‌ലാം, ഹിംസ

ചാള്‍സ് കുര്‍സ്മാന്‍ എഴുതിയ പുസ്തകമാണ്, ദി മിസ്സിങ് മാര്‍ട്ടിയേഴ്‌സ്: വൈ ദേര്‍ ആര്‍ സൊ ഫ്യൂ മുസ് ലിം ടെററിസ്റ്റ്‌സ്? ഓക്‌സ്‌ഫോര്‍ഡ് യൂനിവാഴ്‌സിറ്റി പ്രസ്സാണ് പ്രസാധകര്‍. 2011 ല്‍ ആദ്യ പതിപ്പും 2019ല്‍ പരിഷ്‌കരിച്ച പതിപ്പും പുറത്തിറക്കി. ഇസ്ലാമിനെക്കുറിച്ചു പഠിക്കുന്ന ലോകത്തെ പ്രധാനപ്പെട്ട ഗവേഷകനാണ് അദ്ദേഹം. മതം എന്നതിനേക്കാള്‍ രാഷ്ട്രവും ഭരണകൂടവും എന്ന മതയിതര സ്ഥാപനമാണ് ലോകത്തെ ഹിംസയുടെ ഉറവിടമെന്നാണ് കുര്‍സ്മാന്റെ പൊതുസമീപനം. തീര്‍ച്ചയായും അതിനു മതവ്യാഖ്യനങ്ങള്‍ നല്‍കുന്നുണ്ട്.

ലോകത്തെ മുസ്ലിംസായുധ പോരാളികളുടെ കണക്കുകള്‍ അദ്ദേഹം ശേഖരിച്ചിട്ടുണ്ട്. അമേരിക്കന്‍ സര്‍ക്കാര്‍ പുറത്തുവിട്ട മൊത്തം കണക്കനുസരിച്ച് ലോകത്തെങ്ങുമുള്ള ദേശീയേതര/ ഭരണകൂടേതര മുസ്‌ലിംസായുധ പോരാളികളുടെ എണ്ണം 1.50 ലക്ഷമാണ്. ലോകത്തെ മൊത്തം മുസ് ലിംജനസംഖ്യ 197 കോടിയാണ്. ആഗോളജനസംഖ്യയുടെ 24.9 ശതമാനം. ലോകത്തുള്ള എല്ലാ മതപ്രസ്ഥാനങ്ങളെയും സായുധപ്രസ്ഥാനങ്ങളെയും മൊത്തമെടുത്താല്‍ 1.5 ലക്ഷം മുസ് ലിംകളാണ് അവരുടെ പട്ടികയിലുള്ളത്. ലോകത്തെ 99.9 ശതമാനം മുസ്ലിംകളും സായുധ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്നാണ് ചാള്‍സ് കുര്‍സ്മാന്‍ പറയുന്നത്.


അമേരിക്കയില്‍തന്നെയുള്ള ഇടതുപക്ഷ സായുധ പ്രസ്ഥാനമായ വിതര്‍മാനായാലും റെഡ് ആര്‍മി ഫ്രാക്ഷന്‍ എന്ന് അറിയപ്പെടുന്ന പടിഞ്ഞാറന്‍ ജര്‍മനിയിലെ സായുധപ്രസ്ഥാനമായാലും 1970-80 കാലത്ത് ധാരാളം സായുധ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരുന്നെങ്കിലും അതൊക്കെ ജനപങ്കാളിത്തമില്ലാതെ അവസാനിച്ചുപോവുകയാണ് ഉണ്ടായത്. അതുപോലെത്തന്നെ മുസ്‌ലിംസായുധപ്രസ്ഥാനങ്ങള്‍ മുസ്ലിംകളോട് സായുധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പറയുന്നുണ്ടെങ്കിലും മുസ്ലിംകള്‍ അതില്‍ ചേരുന്നില്ലന്നാണ് ചാള്‍സ് കുര്‍സ്മാന്‍ കണ്ടെത്തുന്നത്.

അതുപോലെത്തന്നെ ലോകത്ത് കഴിഞ്ഞ നൂറ്റാണ്ടില്‍ കൊല്ലപ്പെട്ട മൊത്തം മനുഷ്യര്‍ 102 ദശലക്ഷമാണ്. ഇതില്‍ നല്ലൊരു ശതമാനം കൊലപാതകങ്ങളും നടത്തിയത് യൂറോ അമേരിക്കന്‍ ക്രൈസ്തവ പശ്ചാത്തലമുള്ള രാജ്യങ്ങളാണ്. ജപ്പാന്‍ പോലുള്ള ബുദ്ധിസ്റ്റ് സ്വഭാവമുളള രാജ്യങ്ങളും കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് സ്വഭാവമുള്ള മതേതര രാഷ്ട്രങ്ങളും നരഹത്യയുടെ കണക്കില്‍ മുസ്ലിംകളെ കവച്ചുവയ്ക്കുന്നു.

അമേരിക്കന്‍ ഐക്യനാടുകളിലെ ബ്രൗണ്‍ സര്‍വകലാശാലയിലെ വാട്‌സന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഭീകരതയ്‌ക്കെതിരേ നടന്ന യുദ്ധത്തെക്കുറിച്ച് ഒരു പഠനം നടത്തിയിരുന്നു, കോസ്റ്റ് ഓഫ് വാര്‍ അഥവാ യുദ്ധത്തിന്റെ വില എന്ന പേരില്‍. അമേരിക്കന്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്ന ഭീകരവേട്ടക്കെതിരായ യുദ്ധത്തിന്റെ യഥാര്‍ഥത്തിലുള്ള മാനുഷികആഘാതത്തിന്റെ പരിധികളും കണക്കുകളും പഠിക്കുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം.

ഇവരുടെ കണക്കുപ്രകാരം 2001മുതല്‍ 2023വരെ അമേരിക്കന്‍ ഭീകരവേട്ടക്കെതിരായ യുദ്ധമെന്ന നവഅധിനിവേശ ഇസ്‌ലാമോഫോബിക് രാഷ്ട്രീയത്തിന്റെ ഭാഗമായി 45ലക്ഷം മനുഷ്യര്‍ കൊല്ലപ്പെട്ടു. 36ലക്ഷംപേര്‍ അധിനിവേശയുദ്ധത്തിന്റെ പരോക്ഷ ഇരകളാണെങ്കില്‍ 9 ലക്ഷം പേര്‍ നേരിട്ടുള്ള ഇരകളായി. ഇതില്‍ത്തന്നെ ബഹുഭൂരിപക്ഷവും മുസ്‌ലിംകളാണ്. ഇറാഖിലെ ക്രൈസ്തവ ന്യൂനപക്ഷവും അധിനിവേശ ഹിംസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ലോകത്ത് കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ നടന്ന ഏറ്റവും വലിയ മനുഷ്യക്കുരുതിയാണ് ഇതെന്ന് നിശ്ശംശയം പറയാവുന്നതാണ്. അതോടൊപ്പം ശീതയുദ്ധകാലത്തും കൊളോണിയല്‍ കാലത്തും നടന്നിട്ടുള്ള വലിയ തോതിലുള്ള കൂട്ടക്കൊലകളുടെയും വംശഹത്യകളുടെയും ചരിത്രത്തിന്റെ തുടര്‍ച്ചയും ഇത്തരമൊരു മനുഷ്യക്കുരുതിയില്‍ നമുക്ക് കാണാന്‍ കഴിയും.

ലോകത്തെ ഏറ്റവും പ്രധാന ഭരണകൂടേതര സായുധ വിഭാഗമാണ് അല്‍ഖാഈദ. 1980-2008 വരെയാണ് ഇവരുടെ പ്രധാന പ്രവര്‍ത്തനകാലം. 28 വര്‍ഷം. അല്‍ഖാഈദയുടെ ശക്തി ചോര്‍ന്നശേഷം ഇറാഖിലും സിറിയയിലും രൂപീകരിക്കപ്പെട്ട മുസ്ലിംസായുധ സംഘമാണ് ഇസ്‌ലാമിക് സ്റ്റേറ്റ്. 2013-2017 കാലത്താണ് ഇവര്‍ സജീവമായിരുന്നത്. ഈ രണ്ട് പ്രസ്ഥാനങ്ങളെയും പരിശോധിക്കുന്ന കുര്‍സ്മാന്‍ പറയുന്നത് 40 ദശലക്ഷം മുസ്ലിംകളില്‍ ഒരാള്‍ മാത്രമാണ് ഇത്തരം സംഘങ്ങളില്‍ ആകൃഷ്ടരായത് എന്നാണ്. തീര്‍ച്ചയായും ഇറാഖിലും സിറിയയിലും അഫ്ഗാനിസ്താനിലും അധിനിവേശ കാലഘട്ടങ്ങളില്‍ അവിടത്തെ തദ്ദേശീയ ജനവിഭാഗങ്ങള്‍ സ്വാഭാവികമായും സായുധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെങ്കിലും മറ്റുള്ള സ്ഥലങ്ങളില്‍നിന്നുള്ള മുസ്‌ലിംപങ്കാളിത്തത്തെക്കുറിച്ചുളള കണക്കാണ് കുര്‍സ്മാന്‍ നല്‍കുന്നത്.

സോവിയറ്റ് റഷ്യയുടെ അഫ്ഗാന്‍ അധിനിവേശത്തിനെതിരേ തദ്ദേശീയ ജനത നടത്തിയ പോരാട്ടത്തെ പിന്തുണക്കാന്‍ ലോകത്തെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ മുസ്‌ലിംകള്‍ 5000-30000ത്തിനും ഇടയിലാണെന്നാണ് കുര്‍സ്മാന്‍ നല്‍കുന്ന കണക്ക്. അതുപോലെത്തന്നെ ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിലേക്ക് 2013-17 കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മുസ്‌ലിം സായുധപ്രവര്‍ത്തകര്‍ എത്തിപ്പെടുകയുണ്ടായി. ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ ഭാഗമായും സിറിയയിലെ അല്‍ഖാഈദ ഫ്രണ്ടിന്റെ ഭാഗമായ അല്‍ നുസ്ര ഫ്രണ്ടിന്റെ പേരിലും പ്രവര്‍ത്തിച്ചിരുന്നവരുടെ എണ്ണം ഏകദേശം 40,000 പേര്‍ വരും. മുസ്‌ലിംകളുടെ ആഗോള ജനസംഖ്യയുമായി താരതമ്യം ചെയ്താല്‍ മുസ്‌ലിംകളുടെ സായുധപങ്കാളിത്തം ഏകദേശം 0.1 ശതമാനത്തിനുതാഴെയാണെന്ന് കാണാം. 1980 മുതല്‍ 2019 വരെയുളള കാലത്ത് സായുധ പ്രസ്ഥാനങ്ങളില്‍ചേര്‍ന്ന മുസ്‌ലിംകളുടെ കണക്കാണ് നേരത്തെ പറഞ്ഞ 1.50 ലക്ഷം.

ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഒരു ദിവസം ലോകത്ത് 1.50 ലക്ഷം പേര്‍ മരിക്കുന്നുണ്ട്. ഭരണകൂടേതര സായുധ വിഭാഗങ്ങള്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു ദിവസം കൊല്ലപ്പെടുന്നവരുടെ കണക്ക് ഇതിനോട് താരതമ്യം ചെയ്തുകൊണ്ട് യൂനിവേഴ്‌സിറ്റി ഓഫ് മാരിലാന്‍ഡ് നടത്തിയ പഠനത്തില്‍ പറയുന്നത് ഇത്തരത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ഏകദേശം 15 പേര്‍ വരുമെന്നാണ്. ഇതിനുസമാനമായ മറ്റൊരു കണക്കുകൂടെ ചാള്‍സ് കൂര്‍സ്മാന്‍ നല്‍കുന്നുണ്ട്. പൗരന്മാര്‍ തമ്മില്‍ നടക്കുന്ന വിവിധ തരത്തിലുള്ള ഹിംസയിലൂടെ 1,300 പേര്‍ ലോകത്ത് കൊല്ലപ്പെടുന്നു. നിയമപരമായ സൈനികനീക്കങ്ങളിലൂടെ 400 പേരും കൊല്ലപ്പെടുന്നുണ്ട്. 2,000 പേര്‍ ആത്മഹത്യ ചെയ്യുന്നു. 3,000 പേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നു. 1,200 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത് പോഷകാഹാരക്കുറവുമൂലമാണ്.

കുര്‍സ്മാന്‍ പറയുന്ന കണക്കുപ്രകാരം മതത്തിന്റെ പേരിലുള്ള ഭീകരവാദം മരണത്തിന്റെ മുഖ്യകാരണമല്ല. ഭീകരവാദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കുപകരം എല്ലാവര്‍ക്കും ഒരു കൊതുകുവല വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ കുറച്ചുകൂടെ മെച്ചപ്പെടുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

ഏതെങ്കിലും തരത്തിലുള്ള ഹിംസ നല്ലതാണെന്നോ അതിനെ ഗൗരവത്തില്‍ പരിഗണിക്കേണ്ടതില്ലെന്നോ അല്ല അദ്ദേഹം പറയുന്നത്. നേരെ മറിച്ച് മനുഷ്യജീവനെക്കുറിച്ചുള്ള ആകുലതകള്‍ പൊതുസംവാദങ്ങളില്‍ എങ്ങനെ വ്യത്യസ്തമായി വിവരിക്കപ്പെടുന്നുവെന്നും ചില പ്രത്യേകതരത്തിലുള്ള ഹിംസകള്‍ മാത്രം അപലപിക്കപ്പെടേണ്ട തരത്തില്‍ പൊതുചര്‍ച്ചകള്‍ ക്രമീകരിക്കപ്പെടുന്നുവെന്നുമാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. തീര്‍ച്ചയായും മനുഷ്യരക്തം പരിശുദ്ധമാണ്. അത് ചിന്തുന്നത് ആരായാലും എതിര്‍പ്പെടേണ്ടതുണ്ട്. പക്ഷേ, അതില്‍ ഇരട്ടത്താപ്പ് വേണ്ടെന്നാണ് അദ്ദേഹം ഓര്‍മിപ്പിക്കുന്നത്.

ഇന്ത്യയിലെ ഭരണകൂടവുമായി ബന്ധപ്പെട്ട ഭീകരവാദ കണക്കുകള്‍ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഇന്ത്യന്‍ ചാപ്റ്ററിന്റെ മുന്‍ ചെയര്‍മാനായ ആകാര്‍ പട്ടേല്‍ 2017-ല്‍ സ്‌ക്രോളിലെഴുതിയ ലേഖനത്തില്‍ നല്‍കുന്നുണ്ട്. ഇന്ത്യയില്‍ ഭരണകൂട എജന്‍സികള്‍ക്കു പുറത്തുനടക്കുന്ന രാഷ്ട്രീയസ്വഭാവമുള്ള കൊലപാതകങ്ങളുടെ എണ്ണം 2017ല്‍ 976 ആണ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഭരണകൂടേതര കൊലപാതകങ്ങള്‍ കൂടുതല്‍ നടക്കുന്നത്, 465 എണ്ണം. 343 കൊലപാതകങ്ങള്‍ നടത്തിയത് മാവോവാദികളാണ്. 193 പേരെയാണ് ജമ്മു കശ്മീരില്‍ വിഘടനവാദികള്‍ കൊലപ്പെടുത്തിയത്. ഇസ്‌ലാമികവിഭാഗങ്ങളുമായി ബന്ധപ്പെട്ട് കൊലചെയ്യപ്പെട്ടത് കേവലം 4 പേര്‍ മാത്രമാണ്.

ഗുജറാത്ത് വംശഹത്യയുടെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി 2012ല്‍ ഔട്ട്‌ലുക്ക് വാരികയില്‍ സബാന്‍ നദ്‌വിയും സ്മൃതി കോപികറും ചേര്‍ന്ന് എഴുതിയ ലേഖനമായ 'എ ബീസ്റ്റ് എസ്ലീപ്പി'ല്‍ 1967 മുതല്‍ ഇന്ത്യയില്‍ നടന്ന പ്രധാന വര്‍ഗീയ കലാപങ്ങളുടെ കണക്കുകള്‍ നല്‍കുന്നുണ്ട്. 47 കലാപങ്ങളാണ് ഈ കാലയളവില്‍ നടന്നത്. 2012 വരെയുള്ള കണക്കാണ് ഇത്. 50കളിലും 60കളിലും സംഘര്‍ഷം താരതമ്യേന കുറവായിരുന്നു. 2012വരെ 12,828 മനുഷ്യജീവനുകളാണ് ഈ കലാപങ്ങളില്‍ പൊലിഞ്ഞത്. ഇതില്‍ 80 ശതമാനത്തിനടുത്ത് മുസ്ലിംസമുദായത്തില്‍നിന്നുള്ളവരാണ്.

കേരളത്തിലെ പ്രചാരണങ്ങള്‍

ഹിന്ദുത്വ രാഷ്ട്രീയം പിടിമുറുക്കിയ പുതിയ സാഹചര്യത്തില്‍ കേരളത്തിലെ ക്രൈസ്തവര്‍ക്കിടയില്‍ ആഗോളതലത്തിലുള്ള ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങള്‍ ധാരാളമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സംഘ്പരിവാറിന്റെ ഇലക്ഷന്‍ താല്‍പര്യം അതില്‍ നിര്‍ണായകമാണ്. ഹിന്ദുത്വ ഓണ്‍ലൈന്‍ ചാനലുകളും സംഘ്പരിവാറിനോട് അനുഭാവം വച്ചുപുലര്‍ത്തുന്ന വലതു ക്രൈസ്തവചാനലുകളും ചില സാമൂഹികമാധ്യമ അക്കൗണ്ടുകളുമാണ് പ്രചാരണങ്ങളുടെ കേന്ദ്രം. ഇത്തരത്തിലുള്ള ഒരു ലേഖനം സെപ്റ്റംബര്‍ മാസത്തില്‍ ദീപിക പത്രത്തില്‍ അച്ചടിച്ചുവന്നു.

കെസിബിസി ജാഗ്രതാ കമീഷന്‍ സെക്രട്ടറി ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ എഴുതിയ ഈ ലേഖനം ആഗോള തലത്തില്‍ ക്രൈസ്തവര്‍ 'മുസ്‌ലിംഭീകര'രുടെ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നതായി ആരോപിക്കുന്നു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള കണക്കുകള്‍ നിരത്തിയാണ് അദ്ദേഹം തന്റെ വാദം മുന്നോട്ടുവയ്ക്കുന്നത് (ആഗോള ഇസ്ലാമിക ഭീതിയും ക്രൈസ്തവവേട്ടയും, ദീപിക, സെപ്റ്റംബര്‍ 6, 2024). ഇസ്‌ലാമിക ഭീകരവാദികള്‍ മറ്റിതര മതവിഭാഗങ്ങളെ വേട്ടയാടുന്നു, ആഗോളതലത്തില്‍ ക്രൈസ്തവരാണ് കൂടുതല്‍ ആക്രമിക്കപ്പെടുന്നത്, യൂറോപ്പിലെ മുസ്‌ലിം കുടിയേറ്റം വര്‍ധിച്ചതോടെ യുവാക്കള്‍ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നു, വംശശുദ്ധി നശിപ്പിക്കാന്‍ ഇതര വിഭാഗങ്ങളിലെ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും മതംമാറ്റം നടത്തുകയും ചെയ്യുന്നു, ഇസ്രായേലിനെ വിമര്‍ശിക്കുന്നവര്‍ ഇതിനെ വിമര്‍ശിക്കുന്നില്ല... തുടങ്ങിയവയാണ് പ്രധാന വാദങ്ങള്‍. മറ്റു വാദങ്ങള്‍ താഴെ പറയുന്നു:

വേട്ടയാടപ്പെടുന്ന മതവിഭാഗങ്ങളില്‍ മുന്നില്‍ ക്രൈസ്തവര്‍:

ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരേ ഇസ്ലാമിക സംഘങ്ങള്‍ നടത്തിയ ആക്രണങ്ങളുടെ ഒരു പട്ടികയാണ് ലേഖനത്തിന്റെ പ്രധാന ഭാഗം: വിവിധ രാജ്യങ്ങളിലെ ഇസ്ലാമിക ഭീകരരുടെ അതിക്രമങ്ങള്‍ വര്‍ധിച്ചു. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടയില്‍ അമ്പതിനായിരത്തിലധികം നൈജീരിയന്‍ ക്രിസ്ത്യാനികള്‍ ബോക്കോ ഹറാം, ഫുലാനി ഇസ്ലാമിക തീവ്രവാദികളാല്‍ കൊലചെയ്യപ്പെട്ടു. 2019 മുതല്‍ 2023 വരെയുള്ള കാലയളവില്‍മാത്രം നൈജീരിയയില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 16,769 ആണെന്ന് ആഗസ്റ്റ് 29-നു പുറത്തുവന്ന 'ദ ഒബ്‌സര്‍വേറ്ററി ഫോര്‍ റിലീജിയസ് ഫ്രീഡം ഇന്‍ ആഫ്രിക്ക'യുടെ റിപ്പോര്‍ട്ടിലുണ്ട്. നൈജീരിയയിലെ കൂട്ടക്കൊലപാതകങ്ങള്‍ ഓരോവര്‍ഷം പിന്നിടുന്തോറും വര്‍ധിക്കുന്നതിനുപുറമെയാണ് കോംഗോ, ബുര്‍ക്കിന ഫാസോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഭീകരാക്രമണങ്ങള്‍ വ്യാപിക്കുന്നത്. നൈജീരിയയില്‍ കുറഞ്ഞത് 13 ക്രൈസ്തവരെങ്കിലും തങ്ങളുടെ വിശ്വാസത്തെപ്രതി ഓരോ ദിവസവും കൊല്ലപ്പെടുന്നുണ്ട്. 94.5% ക്രൈസ്തവര്‍ ജീവിക്കുന്ന കോംഗോയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിന്തുണയോടെയുള്ള ഭീകരാക്രമണങ്ങളും കൊലപാതകപരമ്പരകളും പതിവായിരിക്കുന്നു. മുസ്ലിം ഭൂരിപക്ഷരാജ്യമെങ്കിലും സമീപകാലംവരെയും സമാധാനാന്തരീക്ഷം തുടര്‍ന്നിരുന്ന ബുര്‍ക്കിന ഫാസോയിലെ 40% വരുന്ന ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മറ്റു മതസ്ഥര്‍ ഇപ്പോള്‍ അരക്ഷിതാവസ്ഥയിലാണ്.

2024 എട്ടുമാസം പിന്നിടുമ്പോള്‍ ലോകത്തെ നടുക്കിയ പ്രധാന ഭീകരാക്രമണങ്ങളില്‍മാത്രം കഴിഞ്ഞ എട്ടുമാസങ്ങള്‍ക്കിടയില്‍ വിവിധ രാജ്യങ്ങളിലായി ആയിരത്തോളം ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്. 2024 ജനുവരി മുതലുള്ള കാലയളവില്‍ മുപ്പതില്‍പ്പരം ഭീകരാക്രമണങ്ങളാണ് ഐ.എസ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക ഭീകരസംഘടനകള്‍ നടത്തിയിട്ടുള്ളത്.

2024-ലെ വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രകാരം, 36.5 കോടി ക്രൈസ്തവര്‍ വിശ്വാസത്തെപ്രതി കടുത്ത ഭീഷണിയില്‍ ജീവിക്കുന്നു. പ്രതിസന്ധികള്‍ നേരിടുന്ന 13 രാജ്യങ്ങളില്‍ പതിനൊന്നും ഇസ്ലാമിക രാജ്യങ്ങളാണ്. നൈജീരിയയുടെ തൊട്ടുതാഴെയുള്ള രാജ്യം പാക്കിസ്ഥാനാണ്. സോമാലിയ, ലിബിയ, എറിത്രിയ, സുഡാന്‍, ഇറാന്‍, അഫ്ഘാനിസ്ഥാന്‍, സിറിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും അവശേഷിക്കുന്ന ക്രൈസ്തവര്‍ ഏതുസമയത്തും ആക്രമിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്‌തേക്കാമെന്ന ദയനീയമായ അവസ്ഥയാണുള്ളത്. വേള്‍ഡ് വാച്ച് ലിസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം 2023-ല്‍ മാത്രം 4,998 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. 4,125 പേര്‍ തടവിലാക്കപ്പെട്ടു. 14,700-ലധികം ക്രൈസ്തവ ദൈവാലയങ്ങളും സ്ഥാപനങ്ങളുമാണ് ലോകവ്യാപകമായി അക്രമിക്കപ്പെടുകയോ, നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുള്ളത്. മുന്‍വര്‍ഷത്തേതിനെക്കാള്‍ വന്‍വര്‍ധനവാണ് ഇത്തരം അക്രമസംഭവങ്ങളില്‍ ഉണ്ടായിട്ടുള്ളത്. 2022ല്‍ സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്തവരുടെ എണ്ണത്തിന്റെ ഇരട്ടിയിലധികം 2023-ല്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. ലോകവ്യാപകമായി മതവിശ്വാസത്തിന്റെ പേരില്‍ ഏറ്റവുമധികം വേട്ടയാടപ്പെടുന്ന ജനതയായി ക്രൈസ്തവ സമൂഹം മാറിയിരിക്കുന്നു. (ആഗോള ഇസ്ലാമിക ഭീതിയും ക്രൈസ്തവവേട്ടയും, ദീപിക, സെപ്റ്റംബര്‍ 6, 2024).

ഭീകരവാദപ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു:

യൂറോപ്പിലേക്കുള്ള മുസ്ലിംകുടിയേറ്റമാണ് ആക്രമണങ്ങള്‍ക്കു പിന്നിലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍: ഒറ്റപ്പെട്ട കൈയേറ്റങ്ങളും ആക്രമണശ്രമങ്ങളുമാണ് ഇസ്ലാമിക തീവ്രവാദസംഘടനകളുടെ സാന്നിധ്യമില്ലാത്ത രാജ്യങ്ങളിലെ മറ്റൊരു ഭീഷണി. കഴിഞ്ഞ ഏപ്രിലില്‍ ഓസ്‌ട്രേലിയയിലെ അസീറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ബിഷപ്പ്, ആക്രമിക്കപ്പെട്ടു. പ്രതിയുടെ പ്രായം കേവലം 16 വയസ്സു മാത്രമായിരുന്നു. പതിനാലിനും പതിനേഴിനുമിടയില്‍ പ്രായമുള്ള അഞ്ച് കൗമാരപ്രായക്കാരെക്കൂടി ഗൂഢാലോചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയുണ്ടായി. ഭീകരവാദപ്രവര്‍ത്തനങ്ങളിലേക്കുള്ള ആകര്‍ഷണമാണ് ഈ കുറ്റകൃത്യത്തിന് അവരെ പ്രേരിപ്പിച്ചത്. അഭയാര്‍ഥികളും കുടിയേറ്റക്കാരുമായി യൂറോപ്യന്‍ രാജ്യങ്ങളില്‍ എത്തിച്ചേര്‍ന്ന വ്യക്തികളുടെയും അവരുടെ പിന്മുറക്കാരുടെയും ഭാഗത്തുനിന്ന് ഇത്തരം നീക്കങ്ങള്‍ പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യക്ഷത്തില്‍ ഭീകരസംഘടനകളുടെ സാന്നിധ്യമില്ലാത്ത രാജ്യങ്ങളില്‍പ്പോലും റാഡിക്കലൈസേഷന്‍ നടക്കുന്നതായി ഇത്തരം സംഭവങ്ങളില്‍നിന്നു വ്യക്തമാണ്. (ആഗോള ഇസ്ലാമിക ഭീതിയും ക്രൈസ്തവവേട്ടയും, ദീപിക, സെപ്തംബര്‍ 6, 2024).

വംശശുദ്ധിയില്ലാതാക്കാന്‍ ശ്രമം:

വിവിധ രാജ്യങ്ങളില്‍ തടവിലാക്കപ്പെടുന്ന ആയിരക്കണക്കിന് സ്ത്രീകളും പെണ്‍കുട്ടികളും ലൈംഗിക അടിമകളാക്കപ്പെട്ട് അതിക്രൂരമായ പീഡനങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നുണ്ട്. ഗര്‍ഭിണികളാക്കുക എന്ന ലക്ഷ്യത്തോടെ പതിനായിരക്കണക്കിനു സ്ത്രീകള്‍ ബലാല്‍സംഗങ്ങള്‍ക്കു വിധേയമാകുന്നു. അത്തരത്തില്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നതുവഴിയായി വംശശുദ്ധി നഷ്ടപ്പെടുത്തുക എന്ന ലക്ഷ്യംകൂടി ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരവാദികള്‍ക്കുണ്ട്. നൈജീരിയ, ഈജിപ്ത്, പാകിസ്താന്‍ തുടങ്ങി രാജ്യങ്ങളില്‍ അനേകം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതംമാറ്റത്തിനു വിധേയരാക്കി വിവാഹം ചെയ്യുന്ന സംഭവങ്ങള്‍ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നൈജീരിയയില്‍ വര്‍ഷങ്ങളായി ഗര്‍ഭിണികളായ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ഗര്‍ഭഛിദ്രം ചെയ്യുന്നതായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.(ആഗോള ഇസ്ലാമിക ഭീതിയും ക്രൈസ്തവവേട്ടയും, ദീപിക, സെപ്തംബര്‍ 6, 2024).

ബുദ്ധിജീവികളുടെ ഇരട്ടത്താപ്പ്:

ഇസ്രായേല്‍ - ഫലസ്തീന്‍ യുദ്ധത്തില്‍, ഇസ്രയേലിനെതിരെ പ്രസ്താവനകളും ആശയപ്രചരണങ്ങളും നടത്തുന്ന വ്യക്തികളില്‍ ആരുംതന്നെ നൈജീരിയയിലോ, കോംഗോയിലോ, സുഡാനിലോ ഭീകരവാദികളുടെ കൈകളാല്‍ മരിച്ചുവീഴുന്ന നൂറുകണക്കിനു പേരെക്കുറിച്ച് സഹതപിക്കുന്നില്ല. തീവ്രവാദനീക്കങ്ങള്‍ ഏതു കോണില്‍നിന്ന് ഉടലെടുക്കുന്നതായാലും അതിനെ മത- രാഷ്ട്രീയവ്യത്യാസമില്ലാതെ ഒരുപോലെ എതിര്‍ക്കാനും തള്ളിപ്പറയാനുമാണ് എല്ലായിടത്തും ജനങ്ങള്‍ മുന്നോട്ടുവരേണ്ടത്. എന്നാല്‍, ഇവിടെ അതിന് വിപരീതമായാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. (ആഗോള ഇസ്ലാമിക ഭീതിയും ക്രൈസ്തവവേട്ടയും, ദീപിക, സെപ്തംബര്‍ 6, 2024).

ജിഹാദിനെക്കുറിച്ച കൃതി മലയാളത്തില്‍:

ഇബ്‌നു നുഹാസ് എന്നപേരില്‍ അറിയപ്പെടുന്ന പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മുസ്ലിം മതപണ്ഡിതന്‍ രചിച്ച ജിഹാദിനെക്കുറിച്ചുള്ള ഒരു കൃതി 'വിജയത്തിന്റെ വാതില്‍, വാളിന്റെ തണലില്‍' എന്നപേരില്‍ അടുത്തകാലത്ത് മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഉള്ളടക്കം, യുവാക്കളെ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുന്നതാണ് എന്ന കണ്ടെത്തലിനു പിന്നാലെ കേരളത്തില്‍ അത് നിരോധിക്കപ്പെട്ടു. ഇത്തരത്തിലുള്ള ഗ്രന്ഥങ്ങള്‍ മുമ്പും നിരോധിക്കപ്പെട്ടിട്ടുണ്ട്. രഹസ്യമായി വിതരണം ചെയ്യപ്പെടുന്ന ഗ്രന്ഥങ്ങള്‍ ഇത്തരത്തില്‍ പലതുണ്ടായിരിക്കാം. തീവ്രവാദബന്ധമുള്ള വ്യക്തികള്‍ അറസ്റ്റ് ചെയ്യപ്പെടുകയും തീവ്രവാദബന്ധങ്ങളുടെപേരില്‍ പ്രമുഖ സംഘടനകള്‍പോലും നിരോധിക്കപ്പെടുകയും ചെയ്യുമ്പോഴും ലോകരാജ്യങ്ങളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന മതതീവ്രവാദവും ഭീകരവാദവും എന്ന പരസ്പരബന്ധിതമായ ഭീഷണിയെ ഗൗരവത്തോടെ കാണാന്‍ കേരളസമൂഹത്തിനും ചിന്തകര്‍ക്കും മാധ്യമങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. (ആഗോള ഇസ്ലാമിക ഭീതിയും ക്രൈസ്തവവേട്ടയും, ദീപിക, സെപ്തംബര്‍ 6, 2024).

മുസ്‌ലിംകളും ഇരയാക്കപ്പെടുന്നു:

തീവ്രമായ മതചിന്ത പുലര്‍ത്തുകയോ, മതതീവ്രവാദികള്‍ക്ക് വിധേയപ്പെടുകയോ ചെയ്യാത്ത മുസ്ലിം സഹോദരങ്ങളെപ്പോലും വധിക്കാന്‍ ഇസ്ലാമിക തീവ്രവാദികള്‍ മടിക്കുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. നൈജീരിയയില്‍ കഴിഞ്ഞ 14 വര്‍ഷങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ട ഒരുലക്ഷത്തോളം ആളുകളില്‍ അമ്പതിനായിരത്തില്‍പരം ആളുകള്‍ ക്രിസ്ത്യാനികളായിരുന്നെങ്കിലും മുപ്പതിനായിരത്തോളം ആളുകള്‍ മിതവാദികളായ മുസ്ലിംകളായിരുന്നു. ബഹുസ്വരതയെ അംഗീകരിച്ചു ജീവിക്കുന്നവരെയെല്ലാം ഇല്ലാതാക്കാനാണ് തീവ്രമതവാദികള്‍ ഭീകരപ്രവര്‍ത്തനങ്ങളിലൂടെ ശ്രമിക്കുന്നത്. സ്വസമുദായത്തില്‍ പിടിമുറുക്കുന്ന തീവ്രവാദത്തിനെതിരെ പ്രതികരിക്കാനും അത്തരക്കാരെ തള്ളിപ്പറയാനും സമുദായനേതൃത്വവും അംഗങ്ങളും സമയാസമയങ്ങളില്‍ തയ്യാറായിരുന്നുവെങ്കില്‍ ഇത്തരമൊരു ദുര്യോഗം ഒഴിവാക്കാമായിരുന്നു. ബഹുസ്വരതയെ മാനിക്കാതെ തീവ്രമായ മതവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തങ്ങള്‍ക്കുള്ളിലെ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നിയന്ത്രിക്കാന്‍ എല്ലാ മതങ്ങളും മുന്നോട്ടുവരേണ്ടതുണ്ട്. (ആഗോള ഇസ്ലാമിക ഭീതിയും ക്രൈസ്തവവേട്ടയും, ദീപിക, സെപ്റ്റംബര്‍ 6, 2024).

ലെബനോന് സംഭവിച്ചത്:

ക്രൈസ്തവ പശ്ചാത്തലത്തിലുള്ള ഷെക്കിന ന്യൂസ് കഴിഞ്ഞ മാസം ലെബനോനെക്കുറിച്ച് ഒരു വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചു. ക്രൈസ്തവഭൂരിപക്ഷരാജ്യമായ ലെബനോനെ ഇസ്‌ലാമിസ്റ്റുകള്‍ സ്വന്തമാക്കിയെന്നാണ് വീഡിയോ അവകാശപ്പെടുന്നത്. ലെബനനിലെ ഒരു സ്ത്രീയുടെ വെളിപ്പെടുത്തലിനെ ആശ്രയിച്ചാണ് വീഡിയോ തയ്യാറാക്കിയത്:

മറോനൈറ്റ് ക്രൈസ്തവരും സുന്നികളും ഷിയാക്കളും ഏകോദര സഹോദരങ്ങളായി ജീവിച്ചിരുന്ന രാജ്യമായിരുന്നു ലെബനോന്‍. മിഡിലീസ്റ്റിലെ പാരീസ് എന്നറിയപ്പെട്ടിരുന്ന രാജ്യം ഇപ്പോള്‍ ഇസ്ലാമിസ്റ്റുകളുടെ സ്വന്തമായി. 1970വരെ ലബനോനില്‍ ഭൂരിപക്ഷമായിരുന്ന ക്രൈസ്തവര്‍ക്കു സംഭവിച്ച ദുരന്തത്തെക്കുറിച്ച് ബ്രിജിത് ഗബ്രിയേല്‍ എന്ന ലബനീസ് യുവതി തുറന്നുപറഞ്ഞു. മിഡിലീസ്റ്റിനെക്കുറിച്ച പറയുമ്പോള്‍ എല്ലാവരും ഇസ്ലാമിക രാജ്യങ്ങളെക്കുറിച്ച ചിന്തിക്കുന്നു. അങ്ങനെയല്ല. ലെബനന്‍ ക്രൈസതവ ഭൂരിപക്ഷരാജ്യമായിരുന്നു. ജനങ്ങള്‍ വിശാല മനസ്‌കര്‍ ആയിരുന്നു. ബഹുസ്വരതയെ പ്രോല്‍സാഹിപ്പിച്ചു. മറ്റുള്ളവരെ രാജ്യത്തേക്ക് സ്വീകരിച്ചു, പ്രത്യേകിച്ച് അറേബ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരെ. മിഡിലീസ്റ്റിലെ ഏറ്റവും നല്ല സര്‍വകലാശാലകള്‍ ഇവിടെയുണ്ട്. അറേബ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ അവരുടെ മക്കളെ പഠിക്കാന്‍ ഇങ്ങോട്ടയച്ചു. അവര്‍ പഠിച്ച് ജോലി സമ്പാദിച്ചു. എണ്ണയില്ലെങ്കിലും സമ്പന്നമായിരുന്നു ലെബനന്‍. മിഡിലീസ്റ്റിലെ പാരിസ് എന്നറിയപ്പെട്ടു. ബാങ്കിങ് കാപ്പിറ്റലെന്നും അറിയപ്പെട്ടു. വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കി. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കി. 70കളില്‍ എല്ലാം മാറി. രണ്ട് കാര്യങ്ങളാണ് നടന്നത്. മുസ്ലിം ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ചു. ക്രൈസ്തവര്‍ ഒരാളെ മാത്രം വിവാഹം കഴിക്കുമ്പോള്‍ മുസ്ലിംകള്‍ നാല് പേരെ വിവാഹം കഴിക്കും. എല്ലാ മുസ്ലിംകളും അങ്ങനെ ചെയ്യുന്നവരല്ലെന്നത് ശരിയാണ്. ക്രൈസ്തവര്‍ക്ക് അധികം കുട്ടികള്‍ ജനിക്കുന്നില്ല. 70കളില്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമായി. അതോടെ ക്രൈസ്തവരെ കൊല്ലാനും കൂട്ടക്കൊല നടത്താനും തുടങ്ങി (ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായിരുന്ന ലെബനോന് സംഭവിച്ചത്. ലെബനീസ് യുവതിയുടെ ഏറ്റുപറച്ചില്‍, സെപ്റ്റംബര്‍ 26, 2024, ഷെക്കിന ന്യൂസ്).

ഗോവയില്‍ മുസ്‌ലിംകള്‍ കൂടുന്നു:

ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്കെതിരേ ആക്രമണങ്ങള്‍ നടത്തുന്നതായി വിശദീകരിക്കുന്ന വീഡിയോകള്‍ പ്രചരിക്കുന്നതിനു സമാന്തരമായി ബിജെപി നേതാവും ഗോവ ഗവര്‍ണറുമായ പി.എസ് ശ്രീധരന്‍ പിള്ള എറണാകുളം കരുമാല്ലൂരില്‍ ഒരു പ്രസംഗം നടത്തി. ഗോവയില്‍ ക്രൈസ്തവ ജനസംഖ്യ കുറയുന്നതായും മുസ്‌ലിംകള്‍ കൂടുന്നതായും റിപോര്‍ട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷിക്കാന്‍ താന്‍ ആവശ്യപ്പെട്ടുവെന്നുമായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. കരുമാല്ലൂര്‍ ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ മാര്‍ ജോസഫ് കരിയാറ്റി മെത്രാപൊലീത്തയുടെ 238ാം ചരമവാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം:

''ഗോവയിലെ ആര്‍ച്ച് ബിഷപ്പുമായി വളരെ നല്ല ബന്ധമാണ്. അവിടെ ആകെ ഒരു ബിഷപ്പ് ഹൗസ് മാത്രമേയുള്ളൂ. താഴോട്ടൊന്നും ബിഷപ്പുമാരില്ല. അവിടുത്തെ ആര്‍ച്ച് ബിഷപ്പ് ഇപ്പോള്‍ കര്‍ദിനാള്‍ കൂടിയാണ്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, 36 ശതമാനം ക്രിസ്ത്യന്‍ ജനസംഖ്യയുണ്ടായിരുന്ന ഗോവയില്‍ ഇപ്പോള്‍ അത് 25 മാത്രമേയുള്ളൂ. അതേസമയം 3 ശതമാനമുണ്ടായിരുന്ന ഇസ്ലാം വിശ്വാസികള്‍ 12 ശതമാനമായി വര്‍ധിച്ചു. അതിനെ കുറിച്ച് പോസീറ്റീവായി അന്വേഷിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അവര്‍ സന്തോഷത്തോടു കൂടി അതിനെ കുറിച്ച് പഠനം നടത്തുന്നുണ്ട്' (ഗോവയില്‍ മുസ്ലിം ജനസംഖ്യ കൂടുന്നു, ക്രൈസ്തവര്‍ കുറയുന്നു; അന്വേഷണം ആവശ്യപ്പെട്ടതായി ശ്രീധരന്‍ പിള്ള, സെപ്റ്റംബര്‍ 8, 2024, ചന്ദ്രിക, ഡൂള്‍ ന്യൂസ്). താന്‍ ഏതെങ്കിലും മതത്തെ ഉന്നംവച്ച് പറഞ്ഞതല്ലെന്ന് പിന്നീട് അദ്ദേഹം വിശദീകരിച്ചു (ഏതെങ്കിലും മതത്തെ ഉന്നംവച്ച് പറഞ്ഞതല്ല; പി.എസ് ശ്രീധരന്‍പിള്ള, കേരള കൗമുദി, സെപ്റ്റംബര്‍ 9, 2024).

യൂറോപ്പിലെ 'ജിഹാദി' ആക്രമണങ്ങള്‍: കണക്കുകള്‍ എന്തു പറയുന്നു?

2010-2021 കാലയളവില്‍ യൂറോപ്പില്‍ നടന്ന 'ഭീകരാക്രമണ'ങ്ങള്‍ എന്ന പേരില്‍ വില്‍ക്കപ്പെട്ട സംഭവങ്ങളുടെ കണക്ക് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പുറത്തുവിട്ടിട്ടുണ്ട്. 'ജിഹാദി'കള്‍ (റിപോര്‍ട്ടിലെ വാക്ക് അതാണ് - ജിഹാദിനെക്കുറിച്ചുള്ള തെറ്റിധാരണയുളവാക്കുന്ന ഒരു പ്രയോഗവുമാണത്), വലതുപക്ഷക്കാര്‍, അരാജകവാദികള്‍, വംശീയ-ദേശീയവാദികള്‍, വിഘടനവാദികള്‍, പ്രത്യേകിച്ച് ഒരു പേരിട്ട് വിളിക്കാനാവാത്തവര്‍ തുടങ്ങിയവര്‍ നടത്തിയ ആക്രമണങ്ങളാണ് റിപോര്‍ട്ടില്‍ തരംതിരിച്ച് ക്രോഡീകരിച്ചിരിക്കുന്നത്.

അതുപ്രകാരം 2010ല്‍ ജിഹാദികള്‍ (3), ഇടത് തീവ്രവാദികളും അരാജകവാദികളും 45, വംശീയ-ദേശീയവാദികളും വിഘടനവാദികളും 160, മറ്റുള്ളവര്‍ 1ഉം പ്രത്യേകിച്ച് പേരിട്ട് വിളിക്കപ്പെടാത്തവര്‍ 40ഉം ആക്രമണങ്ങളാണ് നടത്തിയത്. 2011ല്‍ ജിഹാദികള്‍ 1ഉം ഇടത് തീവ്രവാദസംഘങ്ങളും അരാജകവാദികളും 37ഉം വംശീയ-ദേശീവാദികള്‍ 110ഉം പ്രത്യേകിച്ച് പേരിട്ട് വിളിക്കാത്തവര്‍ 26ഉം ആക്രമണങ്ങള്‍ നടത്തി. 2020ല്‍ ജിഹാദി സംഘങ്ങളുടെ മുന്‍കയ്യില്‍ 14ഉം വലതുപക്ഷസംഘങ്ങള്‍ 25ഉം ഇടത് തീവ്രവാദികള്‍ 14ഉം ആക്രമണങ്ങള്‍ നടത്തി. 2021ല്‍ ജിഹാദി ആക്രമണങ്ങള്‍ 11ഉം വലതുപക്ഷ ആക്രമണങ്ങള്‍ 3 എണ്ണവുമാണ് നടന്നത്.

വിവിധ കാലങ്ങളിലെ 'ജിഹാദി' ആക്രമണങ്ങള്‍ മാത്രം പരിശോധിച്ചാല്‍ 2010(3), 2011(1), 2012(6), 2013(24), 2014(2), 2015(17), 2016(13), 2017(33), 2018(24), 2019(21), 2020(14), 2021(11) ആക്രമണങ്ങളാണ് നടന്നത്. ഇതേ കാലയളവില്‍ വംശീയ-ദേശീയവാദികള്‍ നടത്തിയ ആക്രമണങ്ങള്‍ 2010(160), 2011(110), 2012(167), 2013(84), 2014(67്), 2015(65), 2016(99), 2017(137), 2018(83), 2019(57), 2020(14), 2021(1).

വിവിധ കാലയളവിലെ യൂറോപ്പിലെ ആകെ 'ഭീകരാക്രമണങ്ങള്‍' 2010(249), 2011(174), 2012(219), 2013(152), 2014(199), 2015(211), 2016(142), 2017(205), 2018(129), 2019(119), 2020(57), 2021(15) എന്നിങ്ങനെയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പരിശോധിക്കുമ്പോള്‍ 'ജിഹാദി' ആക്രമണങ്ങള്‍ ശതമാനക്കണക്കില്‍ വിവിധ കാലയളവുകളില്‍ 2010(0.01%), 2011(0.57%), 2012(0.02%), 2013(152), 2014(199), 2015(211), 2016(142), 2017(205), 2018(129), 2019(119), 2020(57), 2021(15) എന്നിങ്ങനെയാണ്.

അതായത് യൂറോപ്പില്‍ 'ജിഹാദി' ആക്രമണങ്ങള്‍ വര്‍ധിച്ചുവെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും പ്രധാന വില്ലന്‍ വംശീയ-ദേശീയവാദമാണ്. 'ജിഹാദി' ആക്രമണങ്ങള്‍ ഇതില്‍നിന്നൊക്കെ ഏറെ പിന്നിലാണ്. അതേസമയം 'ജിഹാദി' ആക്രമണങ്ങളില്‍ നടന്ന അറസ്റ്റുകളുടെ എണ്ണം താരതമ്യേന കൂടുതലായിരുന്നുവെന്നും കാണാം. കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടി താഴെ മൂന്ന് പട്ടികകള്‍ നല്‍കിയിരിക്കുന്നു (പട്ടിക 1, 2, 3 കാണുക).

പട്ടിക 1: 2010-21 കാലത്ത് യൂറോപ്പില്‍ നടന്ന വിവിധ തരം ആക്രമണങ്ങളുടെ ക്രോഡീകരിച്ച കണക്ക് (അവലംബം-യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ റിപോര്‍ട്ട്)


പട്ടിക 2: 2010-21 കാലത്ത് യൂറോപ്പില്‍ നടന്ന വിവിധ തരം അറസ്റ്റുകല്‍ ക്രോഡീകരിച്ച കണക്ക് (അവലംബം-യൂറോപ്യന്‍ യൂണിയന് കൗണ്‍സില്‍ റിപോര്‍ട്ട്)


പട്ടിക 3: 2010-2021 കാലയളവിലെ ജിഹാദി ആക്രമണങ്ങളുടെ ശതമാനക്കണക്ക്


ഈ കണക്കുകള്‍ നല്‍കുന്ന പ്രധാന വസ്തുത ഇതാണ്: യൂറോപ്യന്‍ യൂണിയന്റെ കണക്കുപ്രകാരം 2010-2021 കാലത്ത് യൂറോപ്പിലെ ഏറ്റവും വലിയ 'ഭീകരാക്രമണങ്ങള്‍'ക്കു പിന്നില്‍ വംശീയ- ദേശീയവാദികളാണ് (എത്‌നോ നാഷനലിസം) ജിഹാദികളല്ല.

സമാനമായ കണക്ക് അമേരിക്കയില്‍നിന്നും വന്നിട്ടുണ്ട്. 1985 മുതല്‍ 2015 വരെ അമേരിക്കയില്‍ നടന്ന സായുധ ഭീകരവാദ അക്രമങ്ങളില്‍ മുസ്ലിംകളുടെ പങ്ക് കേവലം 4 ശതമാനം മാത്രമാണ് ('ദി മിസ്സിങ് മാര്‍ട്ടിയേഴ്‌സ്: വൈ ദേര്‍ ആര്‍ സൊ ഫ്യൂ മുസ് ലിം ടെററിസ്റ്റ്‌സ്?', 2019, ചാള്‍സ് കുര്‍സ്മാന്‍ എഴുതിയ പഠനം).

ലെബനനിലേയും നൈജീരിയയിലെയും ഇസ്‌ലാമിക 'ഭീകരത''

സാമാന്യവത്കരണങ്ങളാണ് ഇസ്ലാമും ഹിംസയും തമ്മിലുള്ള ചര്‍ച്ചയുടെ ഒരു കുഴപ്പം. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന ഉദാഹരണങ്ങള്‍ അതു പോലെ ഉപയോഗിക്കുന്നതില്‍ വിശകലനപരമായ പരിമിതികളുണ്ട്. മുകളില്‍ പറഞ്ഞ ആരോപണങ്ങളില്‍ രണ്ടെണ്ണത്തിന്റെ മാത്രം സാമ്പിള്‍ പരിശോധന നല്‍കാം.

ഒന്ന്) ലെബനിലെ ജനസംഖ്യയെക്കുറിച്ചുള്ള ലേഖകന്റെ അവകാശവാദങ്ങള്‍ യാഥാര്‍ഥ്യത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. 1932നു ശേഷം ലെബനനില്‍ മതം നോക്കി സെന്‍സസ് നടത്തിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ഏതെങ്കിലും മതം വര്‍ധിച്ചതായോ കുറഞ്ഞതായോ പറയാനുള്ള ഡാറ്റ ലഭ്യമല്ലെന്നര്‍ഥം. ലെബനന്‍ ഒരു ക്രൈസ്തവ ഭൂരിപക്ഷ രാജ്യമാണെന്നായിരുന്നു ലേഖകന്‍ പറഞ്ഞത്. ഹുവാന്‍ കോള്‍ എന്ന ലോക പ്രശസ്ത ഗവേഷകന്റെ അഭിപ്രായ പ്രകാരം സുന്നി, ശിയ, വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍, ദ്രൂസ് വിഭാഗം ഒക്കെ അടങ്ങിയ ഒരു ന്യൂനപക്ഷ ബഹുസ്വര രാജ്യമാണ് ലെബനാന്‍.

രണ്ട്) അബ്യുദുന്‍ അലഓ എന്ന ഗവേഷകന്‍ തന്റെ റേജ് ആന്റ് കാര്‍ണേജ് ഇന്‍ ദി നെയിം ഓഫ് ഗോഡ് (ഡ്യൂക് യൂനിവേഴ്സിറ്റി പ്രസ് , 2022) എന്ന ഗ്രന്ഥത്തില്‍ നൈജീരിയയിലെ മതഹിംസയെക്കുറിച്ച് അഞ്ച് വാദങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സ്വാതന്ത്ര്യാനന്ത നൈജീരിയിലെ ഹിംസകള്‍ക്കുപിന്നില്‍ സാമൂഹ്യവും സാമ്പത്തികവും ചരിത്രപരവുമായ കാരണങ്ങളും വൈരുധ്യങ്ങളുമാണുള്ളത്. നൈജീരിയയിലെ സംഘര്‍ഷത്തിന്റെ ഏക കാരണമായി ഇസ്‌ലാമിനെ അവതരിപ്പിക്കപ്പെടാറുണ്ടെങ്കിലും ഇസ്‌ലാമും ക്രൈസ്തവതയും രാജ്യത്തെ മറ്റിതര പാരമ്പര്യ മതങ്ങളും സംഘര്‍ഷത്തില്‍ തോളോടു തോള്‍ ചേര്‍ന്നുനില്‍ക്കുന്നു. ഇക്കാര്യത്തില്‍ ആരും പിന്നിലല്ല. നൈജീരിയയിലെ സംഘര്‍ഷങ്ങളെ ആഗോളതലത്തില്‍ വായിക്കാറുണ്ടെങ്കിലും പലതിനു പിന്നിലും ആഭ്യന്തര കാരണങ്ങളാണ് ഉള്ളത്. പ്രാദേശികമായുണ്ടാകുന്ന വൈരുദ്ധ്യങ്ങളും കാരണമാകുന്നു. ആഗോളീകരണം സൃഷ്ടിക്കുന്ന അസമത്വവും പ്രതിസന്ധിയും സംഘര്‍ഷത്തിലേക്ക് നയിക്കുന്നതായും അബ്യൂദുന്‍ അലഓ നിരീക്ഷിക്കുന്നു.


പലപ്പോഴും സംഘര്‍ഷങ്ങളില്‍ ഭരണകൂടത്തിന്റെ പങ്കും അതെടുക്കുന്ന നിലപാടുകളിലെ പ്രശ്‌നങ്ങളും മറച്ചുവയ്ക്കുന്നതിനുകൂടിയാണ് സംഘര്‍ഷങ്ങളെ കേവല മത സംഘര്‍ഷമായി ചിത്രീകരിക്കുന്നത്. ഇതിന് രണ്ട് മെച്ചങ്ങളുണ്ട്. ഒന്നാമതായി മതം നിര്‍ബന്ധപൂര്‍വം ഒഴിവാക്കപ്പെടേണ്ട ഹിംസയുടെ രൂപമായി ചിത്രീകരിക്കപ്പെടുന്നു. രണ്ടാമത് സ്വന്തം താല്‍പര്യം സംരക്ഷിക്കാനും വൈരുധ്യങ്ങളുടെ നിര്‍മിതിയില്‍ തങ്ങളുടെ പങ്ക് ഒളിച്ചുവയ്ക്കാനും ഭരണകൂടത്തെ പ്രാപ്തമാക്കുന്നു. നൈജീരിയയിലായാലും ഇതര രാഷ്ട്രങ്ങളിലായാലും ഇതുതന്നെയാണ് വസ്തുത. ലോകത്തെ സംഘര്‍ഷങ്ങളില്‍ മതം ഒരു പ്രധാന ഘടകമല്ല പക്ഷെ അത് ഒരു സവിശേഷ ഘടകമാണ്. ഇസ്ലാമായാലും ക്രൈസ്തവതയായാലും. അത്തരമൊരു സമീപനമില്ലാതെ ഇസ്ലാമിനെ ഒറ്റതിരിച്ചു വായിക്കുന്ന രീതിക്കു വസ്തുതകളുടെയോ പഠനങ്ങളുടെയോ പിന്‍ബലമില്ല.


TAGS :