വര്‍ധിക്കുന്ന ഇസ്‌ലാമോഫോബിയ; 2024 മാര്‍ച്ച് മാസത്തില്‍ കേരളത്തില്‍ സംഭവിച്ചത്
ജനുവരി, ഫെബ്രുവരി മാസങ്ങളെ അപേക്ഷിച്ച് ഇസ്ലാമോഫോബിയ നിറഞ്ഞ പ്രസ്താവനകളും സംഭവങ്ങളും ഇരട്ടിയാണ്. ഇരുപത്താറോളം പ്രസ്താവനകളും സംഭവങ്ങളും ശ്രദ്ധയില്‍ പെട്ടു. ഇത്രയും പ്രസ്താവനകളും സംഭവങ്ങളും വിശദീകരിക്കുമ്പോള്‍ മിണ്ടിയാല്‍ ഇസ്‌ലാമോഫോബിയ ആരോപിക്കുന്നുവെന്ന വിമര്‍ശനമുണ്ട്. കേരളത്തില്‍ 2024 മാര്‍ച്ച് മാസത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - (2024 മാര്‍ച്ച്, ഭാഗം: 01)
ദൈനം ഇസ്‌ലാമോഫോബിയ രണ്ടു രീതിയിലാണ് കേരളീയ പൊതുജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നത്, 'പ്രസ്താവന'കളായും 'സംഭവങ്ങ'ളായും. കഴിഞ്ഞ ജനുവരി മുതല്‍ ഈ റിപ്പോര്‍ട്ടിങ്ങില്‍ രണ്ടിനെയും ഒരുപോലെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളെ അപേക്ഷിച്ച് ഇസ്ലാമോഫോബിയ നിറഞ്ഞ പ്രസ്താവനകളും സംഭവങ്ങളും ഇരട്ടിയാണ്. ഇരുപത്താറോളം പ്രസ്താവനകളും സംഭവങ്ങളും ശ്രദ്ധയില്‍ പെട്ടു. ഇത്രയും പ്രസ്താവനകളും സംഭവങ്ങളും വിശദീകരിക്കുമ്പോള്‍ മിണ്ടിയാല്‍ ഇസ്‌ലാമോഫോബിയ ആരോപിക്കുന്നുവെന്ന വിമര്‍ശനമുണ്ട്. റിപ്പോര്‍ട്ടിങ്ങിലേക്കു കടക്കും മുമ്പ് ഇതിനൊരു വിശദീകരണം നല്‍കേണ്ടതുണ്ട്. ശബ്ദം, വാക്ക്, പ്രവര്‍ത്തി തുടങ്ങിയ പ്രശ്നങ്ങളെ അവയുടെ പരസ്പര ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചുകൊണ്ട് ഇക്കാര്യം വിശദമാക്കാനാവും.
തുടക്കത്തില്‍ പറഞ്ഞതിനോട് ചേര്‍ന്നുനിന്നുകൊണ്ട് 'പ്രസ്താവന'യായും (സ്പീച്ച്), 'സംഭവങ്ങള്‍'ക്കു പകരം 'പ്രവര്‍ത്തി'(ആക്റ്റ്)യായും ഇസ്ലാമോഫോബിയയെ തരംതിരിക്കാനാവും. കാരണം, പ്രായോഗികമായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണല്ലോ 'സംഭവങ്ങള്‍'. അതിലടങ്ങിയ ഇസ്‌ലാമോഫോബിയയെ നമുക്ക് എളുപ്പം തിരിച്ചറിയാനാവുമെന്നതാണ് പ്രസ്താവനയുമായുള്ള അതിന്റെ വ്യത്യാസം. എന്നാല്‍, 'പ്രസ്താവന'കളെ വെറും 'വാക്കുകള്‍' മാത്രമായി കാണുന്ന ഒരു രീതിയുണ്ട്. ഈ ധാരണ പലപ്പോഴും ഇസ്‌ലാമോഫോബിയ മനസ്സിലാക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നു. ഏതു പൊതുപ്രസ്താവനയും ഒരു സാമൂഹിക മാറ്റത്തെ ലക്ഷ്യം വെക്കുന്നുണ്ട്, പ്രവര്‍ത്തിയെ ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. പ്രവര്‍ത്തി ഇല്ലാത്ത ആവിഷ്‌കാരം വെറും 'ശബ്ദം' (നോയിസ്) മാത്രമാണ്. പ്രവര്‍ത്തിയുടെ സാധ്യതയാണ് ആരുടെ 'ശബ്ദ'ത്തെയും ഒരു 'പ്രസ്താവന'യാക്കി മാറ്റുന്നത്. ഒരു വാക്കിനെ ശബ്ദമെന്നതിനേക്കാള്‍ പ്രസ്താവനയോ ആവിഷ്‌കാരമോ (സ്പീച്ച്) ആക്കി ആക്കുന്നതും സാമൂഹിക മാറ്റമെന്ന ലക്ഷ്യം അതിനുള്ളതുകൊണ്ടാണ്. പ്രവര്‍ത്തിയിലൂടെ സാക്ഷാല്‍ക്കരിക്കാത്ത ഒരു ശബ്ദവും സാമൂഹിക പ്രാധാന്യം നേടുന്നില്ല.
എന്നാല്‍, എല്ലാ ശബ്ദങ്ങളും സംസാരങ്ങളും പ്രസ്താവനകളും ഇസ്‌ലാമോഫോബിയയുടെ പരിധിയില്‍ വരണമെന്നില്ല. കേവലമായ സംസാരത്തെയും വാക്കിനെയും ആവിഷ്‌കാരങ്ങളെയും വിദ്വേഷ പ്രസ്താവനകളില്‍ നിന്ന് വേര്‍തിരിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഇസ്ലാമോഫോബിയയെന്ന സങ്കല്‍പ്പത്തെത്തന്നെ അത് റദ്ദാക്കും. വിദ്വേഷ പ്രസ്താവനകള്‍ ദോഷഹേതുവും വംശീയ സ്വഭാവമുള്ളവയുമാണ്. ദോഷകരമായ പ്രവര്‍ത്തിക്കും കാരണമാവും. അങ്ങനെ നോക്കുമ്പോള്‍ വിദ്വേഷമെന്ന വംശീയ പ്രയോഗത്തിന്റെ സാന്നിധ്യമാണ് ഒരു പ്രസ്താവനയെ ഇസ്‌ലാമോഫോബിയയുടെ പരിധിയില്‍ കൊണ്ടുവരുന്നത്. ദോഷകരമായ പ്രവര്‍ത്തിക്ക് ഹേതുവാകുന്ന സംസാരത്തെ നിയന്ത്രിക്കാമെന്നാണ് ഈ വിഷയത്തിലുണ്ടാവേണ്ട സമീപനം. ദോഷകരമായ പ്രവര്‍ത്തിക്കു കാരണമാവുമോയെന്ന് (ഹേതുവാദം അഥവാ കോണ്‍സിക്വെന്‍ഷ്യലിസം) പരിശോധിക്കുന്നതിലൂടെയാണ് പ്രസ്താവനയിലെയോ സംസാരത്തിലെയോ ഇസ്‌ലാമോഫോബിയ കണ്ടെത്താനാവുക. ഇതിന്റെ വെളിച്ചത്തില്‍ കേവല പ്രസ്താവനയെയും വിദ്വേഷ പ്രസ്താവന (ഹെറ്റ് സ്പീച്ച്) യെയും തരംതിരിക്കാം. കേവല പ്രസ്താവനകള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെങ്കില്‍ വിദ്വേഷ പ്രസ്താവനകള്‍ ഇസ്‌ലാമോഫോബിയയുടെ പരിധിയില്‍വരും.
1. ഇസ്ലാമോഫോബിയയും കുറ്റബോധ നിര്‍മിതിയും
മുസ്ലിംകളുടെ രാഷ്ട്രീയസംഘാടനത്തോടുള്ള വിസമ്മതമാണ് ഇസ്ലാമോഫോബിയയുടെ മൂലകാരണങ്ങളിലൊന്ന്. മുസ്ലിം രാഷ്ട്രീയത്തെ കൊടിയ തിന്മയായി മനസ്സിലാക്കുന്ന ഈ രാഷ്ട്രീയപദ്ധതിക്ക് ഇന്ത്യയുടെ വിഭജനത്തോളം പഴക്കമുണ്ട്. ഇന്ത്യന്‍ ദേശരാഷ്ട്രത്തോട് മുസ്ലിംരാഷ്ട്രീയം ചെയ്ത പാപമായി വിഭജനത്തെ അവതരിപ്പിക്കുന്ന ചരിത്രരചനാമാതൃക വികസിപ്പിച്ചതിന് സമാന്തരമായാണ് മുസ്ലിം രാഷ്ട്രീയസംഘാടനത്തെക്കുറിച്ച ഇസ്‌ലാമോഫോബിക് പ്രചാരണങ്ങളും തീവ്രമാകുന്നത്. ഇത്തരത്തിലുള്ള ഇസ്ലാമോഫോബിക് രാഷ്ട്രീയം മുസ്ലിംകളെയും മുസ്ലിംസംഘടനകളെയും സ്വാധീനിക്കും. മുസ്ലിംനേതാക്കളുടെയും സംഘടനകളുടെയും ക്ഷമാപണസ്വരത്തിന്റെ ഉറവിടം ഇത്തരം പ്രചാരണങ്ങള്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയ കുറ്റബോധത്തില്‍നിന്നാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ അബ്ദുസമദ് സമദാനി റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ നടത്തിയ പരാമര്‍ശം (ഈ തൊപ്പി ഇന്‍ഡ്യയിലെ കിട്ടൂ, മുസ്‌ലിം രാജ്യങ്ങളില്‍ പോലും കിട്ടില്ല, 1 മാര്‍ച്ച് 2024, റിപ്പോര്‍ട്ടര്‍ ടി.വി ) ഈ രാഷ്ട്രീയത്തെ ഓര്‍മിപ്പിക്കുന്നു.
മുസ്ലിംതൊപ്പി എല്ലാ കാലത്തും കേരളീയ രാഷ്ട്രീയ മണ്ഡലത്തില്‍ പല നിലയില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. മുസ്‌ലിംമതചിഹ്നങ്ങള്‍ പൊതുസമൂഹത്തില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള ശ്രമമായും മുസ്ലിം രാഷ്ട്രീയ സംഘാടനത്തിന്റെ സൂചനയായും 'വര്‍ഗീയത'യായുമൊക്കെ ആക്ഷേപിക്കപ്പെടുന്നതിന്റെ തുടര്‍ച്ചയിലാണ് ഇത്തരം ചര്‍ച്ചകള്‍ നടക്കാറുള്ളത്. താടി, തട്ടം, പര്‍ദ്ദ തുടങ്ങി മുസ്‌ലിം സൂചന ഉള്‍ക്കൊള്ളുന്ന എന്തും ഇത്തരത്തില്‍ ആക്ഷേപിക്കപ്പെടുന്നു. ഈ സങ്കീര്‍ണതകള്‍ക്കിടയിലാണ് സമദാനി തന്റെ തൊപ്പി മതപരമല്ല, ദേശീയതയുടെ ഭാഗമാണെന്ന് വ്യക്തത വരുത്താന്‍ ശ്രമിച്ചത്.
പൊന്നാനിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സമയത്താണ് മുസ്ലിംലീഗ് നേതാവും സിറ്റിങ് എം.പിയുമായ അബ്ദുസമദ് സമദാനി റിപ്പോര്‍ട്ടര്‍ ചാനലിലെ അവതാരകന്‍ അരുണ്‍ കുമാറിനെ തിരക്കേറിയ തെരുവില്‍ വച്ചു കണ്ടുമുട്ടിയത്. ഇരുവരും തൊപ്പി ധരിച്ചിരുന്നു. സമദാനിയുടെ തൊപ്പി താന്‍ ഊരിക്കോട്ടെയെന്ന് അവതാരകന്‍ ചോദിച്ചു. സമദാനി അനുവദിച്ചു. മതചടങ്ങുമായി ബന്ധപ്പെട്ടതാണോ തൊപ്പിയെന്ന ചോദ്യത്തിന് അല്ലെന്ന് സമദാനി മറുപടി നല്‍കി. പൊന്നാനിയിലേക്കു വന്നാല്‍ തൊപ്പിയിടണമെന്നാണല്ലോ പ്രമാണമെന്നും സമദാനി മതേതരത്വത്തിന്റെ മുഖമാണെന്നുമുള്ള മാധ്യമപ്രവര്‍ത്തകന്റെ പ്രതികരണത്തോടെ ആ രംഗം തല്‍കാലം അവസാനിച്ചു. പക്ഷേ, സമദാനി വിട്ടില്ല. കിട്ടിയ അടുത്ത അവസരത്തില്‍ത്തന്നെ ചര്‍ച്ച തൊപ്പിയിലേക്ക് തിരികെകൊണ്ടുവന്നു. താന്‍ ധരിച്ചിരിക്കുന്ന തൊപ്പി ദേശീയതയുടെ ചിഹ്നമാണെന്നും മുസ്ലിംരാജ്യങ്ങളില്‍ പോലും വാങ്ങാന്‍ കിട്ടില്ലെന്നും പറഞ്ഞാണ് രണ്ടാം ഘട്ട സംസാരം തുടങ്ങിയത്. തന്റെ തൊപ്പിക്ക് മതപരമായ പ്രാധാന്യമില്ലെന്നും എന്തെങ്കിലും സൂചനയുണ്ടെങ്കില്‍ അത് ദേശീയമാണെന്നുമായിരുന്നു അദ്ദേഹം വിശദീകരിക്കാന്‍ ശ്രമിച്ചത്. മുസ്ലിംതൊപ്പി എല്ലാ കാലത്തും കേരളീയ രാഷ്ട്രീയ മണ്ഡലത്തില്‍ പല നിലയില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. മുസ്‌ലിംമതചിഹ്നങ്ങള്‍ പൊതുസമൂഹത്തില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള ശ്രമമായും മുസ്ലിം രാഷ്ട്രീയ സംഘാടനത്തിന്റെ സൂചനയായും 'വര്‍ഗീയത'യായുമൊക്കെ ആക്ഷേപിക്കപ്പെടുന്നതിന്റെ തുടര്‍ച്ചയിലാണ് ഇത്തരം ചര്‍ച്ചകള്‍ നടക്കാറുള്ളത്. താടി, തട്ടം, പര്‍ദ്ദ തുടങ്ങി മുസ്‌ലിം സൂചന ഉള്‍ക്കൊള്ളുന്ന എന്തും ഇത്തരത്തില്‍ ആക്ഷേപിക്കപ്പെടുന്നു. ഈ സങ്കീര്‍ണതകള്‍ക്കിടയിലാണ് സമദാനി തന്റെ തൊപ്പി മതപരമല്ല, ദേശീയതയുടെ ഭാഗമാണെന്ന് വ്യക്തത വരുത്താന്‍ ശ്രമിച്ചത്.
മലയാളത്തില്‍ കുപ്പായമിടുകയെന്ന ഒരു പ്രയോഗമുണ്ട്. ഒരാള്‍ ഇസ്‌ലാമിലേക്ക് മതംമാറുന്നതിനെയാണ് ഈ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍, അതുമാത്രമല്ല, തൊപ്പിയൂരിക്കുകയെന്ന പ്രയോഗമുണ്ടെന്നും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു സമയത്ത് (അന്ന് തൊപ്പിയൂരിയ ലീഗ് ഇന്ന് കൊടിമടക്കുന്നു, ഏപ്രില്‍ 8, 2019) സി.പി.എം മുഖപത്രമായ ദേശാഭിമാനി പരിഹസിച്ചെഴുതിയിരുന്നു. അവരുടെ അഭിപ്രായത്തില്‍ 'കോയയുടെ തൊപ്പി ഊരിച്ചപോലെ' യെന്നാണ് പ്രയോഗം. കാര്യസാധ്യത്തിനായി ആത്മാഭിമാനം പണയം വയ്ക്കുകയെന്നാണത്രെ വിവക്ഷ.
പത്രം സൂചിപ്പിച്ച തൊപ്പിക്കഥ ഇങ്ങനെയാണ്: സ്വാതന്ത്ര്യത്തിനുശേഷം നടന്ന ആദ്യകാല തെരഞ്ഞെടുപ്പുകളില്‍ ലീഗുമായി നീക്കുപോക്കുണ്ടാക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ തയ്യാറായിരുന്നില്ല. 1960ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് വിജയിച്ചു. ലീഗുമായി ധാരണയുണ്ടാക്കിയാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെങ്കിലും മന്ത്രിസ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ഒടുവില്‍ സ്പീക്കര്‍ സ്ഥാനം നല്‍കി. 1960 ഫെബ്രുവരി 22ന് കെ.എം സീതി സാഹിബ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. നിര്‍ഭാഗ്യവശാല്‍ താമസിയാതെ അദ്ദേഹം മരിച്ചു. തല്‍സ്ഥാനത്തേക്ക് സി.എച്ചിനെ പരിഗണിക്കണമെന്നായിരുന്നു ലീഗിന്റെ നിര്‍ദേശം. വീണ്ടുമൊരു ലീഗുകാരനെ ആ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ഒടുവില്‍ ലീഗിന്റെ നിര്‍ബന്ധത്തിന് വഴങ്ങി സി.എച്ചിനെ സ്പീക്കറാക്കാന്‍ സമ്മതിച്ചു. പക്ഷേ, പകരം സി.എച്ച് തന്റെ പാര്‍ട്ടി അംഗത്വം രാജിവെക്കണം. ലീഗുകാരനായ ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ അവരുടെ ആദര്‍ശം അനുവദിക്കാത്തതുകൊണ്ടാണത്രെ. സ്വന്തം പാര്‍ട്ടിയില്‍നിന്ന് രാജിവച്ച ശേഷമാണ് സി.എച്ച് സ്പീക്കറായത്. അതേസമയം സീതി സാഹിബിന്റെ മരണംകൊണ്ട് ഒഴിവുവന്ന കുറ്റിപ്പുറം സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ലീഗിനെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ഈ അവഗണനയില്‍ പ്രതിഷേധിച്ച് സി.എച്ച് സ്പീക്കര്‍സ്ഥാനം രാജിവച്ചു. (മുസ്‌ലിംലീഗ് കേരളചരിത്രത്തില്‍, എന്‍.പി ചെക്കുട്ടി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ്, 2022). 2019 ഏപ്രില്‍ 8ാം തിയ്യതി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഈ സംഭവത്തെ പരാമര്‍ശിച്ച് 'കാര്യസാധ്യത്തിനായി ആത്മാഭിമാനം പണയം വയ്ക്കുന്നതിന് 'കോയയുടെ തൊപ്പി ഊരിച്ചപോലെ' എന്ന് വിശേഷണമുണ്ടെന്ന് ദേശാഭിമാനി എഴുതിയത്. ഒരു സംഘടനയെന്ന നിലയില്‍ മുസ്‌ലിംലീഗിനെ ഭരണപ്രതിപക്ഷ കക്ഷികള്‍ ഞെരിച്ചമര്‍ത്തിയതിനെക്കുറിച്ചാണ് ഈ പരാമര്‍ശങ്ങളൊക്കെ.
തൊപ്പിപ്രശ്‌നം പില്‍ക്കാലത്തും ഒരു ആക്ഷേപവും പരിഹാസവുമായി ഉപയോഗിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിനെ നിയന്ത്രിക്കുന്നത് ലീഗാണെന്ന് 2020 അവസാന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിരുന്നു. മുസ്ലിംസമൂഹം കുഴപ്പക്കാരാണെന്നും നിയന്ത്രിക്കപ്പെടേണ്ടവരാണെന്നും കേരളീയ പൊതുബോധം കരുതുന്നു. അങ്ങനെ നിയന്ത്രിക്കപ്പെടാതെയിരിക്കുന്നത് കൂട്ടുകകക്ഷിയുടെ കുറവായും കണക്കാക്കുന്നു. പിണറായിയുടെ പ്രസ്താവനയുടെ പിന്നിലെ യുക്തിയും അതാണ്.
ഇസ്ലാമോഫോബിക്കായ ഈ പ്രസ്താവനക്കെതിരേ വ്യാപകമായ പ്രതിഷേധമുണ്ടായി. പക്ഷേ, പിണറായിയുടെ പ്രസ്താവനയ്ക്ക് അപ്രതീക്ഷിതമായ ഒരു കേന്ദ്രത്തില്‍നിന്ന് പിന്തുണ ലഭിച്ചു. 'സി.എച്ച് മുഹമ്മദ് കോയയെ തൊപ്പി ഊരിച്ച് സ്പീക്കറാക്കിയ കോണ്‍ഗ്രസ് ഇന്നില്ലെ'ന്നായിരുന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ പ്രതികരണം. (യു.ഡി.എഫ് നേതൃത്വം ലീഗ് ആണെന്ന് ബി.ജെ.പി മുന്‍പേ പറഞ്ഞതാണ് -വി. മുരളീധരന്‍, ഡിസംബര്‍ 202, 2020, മാധ്യമം). കോണ്‍ഗ്രസ്സ് പാര്‍ട്ടി ലീഗിനോട് മൃദുസമീപനം കൈക്കൊള്ളുന്നുവെന്നാണ് പിണറായിയുടേതുപോലെ മുരളീധരന്റെയും പരാതി. മതേതരവാദികള്‍ക്കു മാത്രമല്ല, ബി.ജെ.പിയുടെയും പരാതി സമാനമാണ്.
മുസ്ലിം രാഷ്ട്രീയസംഘാടനത്തെ തിന്മയായി ചിത്രീകരിച്ചുകൊണ്ടുള്ള ഇത്തരം യുക്തികളെ നേരിട്ടാണ് ലീഗ് തങ്ങളുടെ രാഷ്ട്രീയ അസ്തിത്വം സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചത്. ഇപ്പോഴും ലീഗും മറ്റ് മുസ്‌ലിം സംഘടനകളും അതു തുടരുന്നു. മുസ്ലിംമതപരതയെ ദേശവിരുദ്ധമായി ചിത്രീകരിക്കുന്ന അനുഭവത്തിനുള്ളിലാണ് സമദാനിക്ക് തന്റെ തൊപ്പിയുടെ അര്‍ഥത്തെ തള്ളേണ്ടിവരുന്നത്. ഇവിടെ മതേതരഹിംസയുടെ ഇരകൂടിയാണ് സമദാനി.
2. രൂപകങ്ങളുടെ രാഷ്ട്രീയം
ഈ വര്‍ഷം ഫെബ്രുവരി 18നാണ് പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതായുള്ള വാര്‍ത്ത വന്നത്. സിദ്ധാര്‍ത്ഥ് എസ്.എഫ്.ഐയുടെ കാമ്പസ് സമഗ്രാധിപത്യത്തിന്റെ ഇരയാണെന്ന ആരോപണമുയര്‍ന്നതോടെ ഈ സംഭവം സംസ്ഥാനത്ത് വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സിദ്ധാര്‍ത്ഥിന്റെ സുഹൃത്തുക്കളടക്കം നിരവധി സഹപാഠികള്‍ അറസ്റ്റിലായി. എസ.്എഫ്.ഐ നേതാക്കളായിരുന്നു അറസ്റ്റിലായവരില്‍ ഭൂരിഭാഗവും.
പ്രത്യക്ഷത്തില്‍ മുസ്ലിംകളുമായി ബന്ധമില്ലാത്ത സംഭവമാണ് ഇതെങ്കിലും താമസിയാതെ സംഘ്പരിവാര്‍ മാധ്യമങ്ങള്‍ അങ്ങനെയൊരു ബന്ധം സ്ഥാപിക്കാന്‍ ശ്രമം നടത്തി. കര്‍മാ ന്യൂസായിരുന്നു ഇതിനു പിന്നില്‍. മാര്‍ച്ച് ഒന്നാം തിയ്യതി പുറത്തുവിട്ട അവരുടെ വീഡിയോയില്‍ പൂക്കോട് നടന്നത് താലിബാന്‍ മോഡല്‍ കൊലപാതകമാണെന്നായിരുന്നു അവകാശപ്പെട്ടത്: 'വയനാട് നേരത്തെ നക്സലിസത്തിന്റെ വിഹാരകേന്ദ്രമായിരുന്നു. ഇപ്പോള്‍ ഐ.എസ്സാണ് പിടിമുറുക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സിന് ലഭിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് താലിബാന്‍ മോഡല്‍ കൊലപാതകം നടന്നത്. തട്ടമിട്ട പെണ്‍കുട്ടികളോട് സിദ്ധാര്‍ത്ഥ് അടുത്തിടപഴകിയിരുന്നു. അതായിരുന്നു വധത്തിലേക്ക് നയിച്ചത്. എസ്.എഫ്.ഐയില്‍ നുഴഞ്ഞുകയറിയ തീവ്രവാദ അജണ്ടയുള്ളവരാണ് കുറ്റം ചെയ്തിരിക്കുന്നത്. അന്യമതത്തിലുള്ളവര്‍ മുസ്ലിംപെണ്‍കുട്ടികളുമായി അടുത്തിടപഴകിയതുകൊണ്ട് ശരിഅത്തിലെ ഇഖ്തിലാത് പ്രകാരമാണ് വിചാരണ നടത്തിയത്. എസ്.എഫ്.ഐ (പി.എഫ്.ഐ) യൂണിറ്റിലെ അമല്‍ ഇസ്ഹാനാണ് വധശിക്ഷ നടപ്പാക്കിയത്. എന്‍.ഐ.എ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്' ('സിദ്ധാര്‍ത്ഥ് വധം വെളിപ്പെടുത്തല്‍, ശരിഅത്ത് (ഇഖ്തിലാത്) പ്രകാരം വിചാരണ നടത്തി', കര്‍മ ന്യൂസ്, മാര്‍ച്ച് 1, 2024)
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേശ് രാമകൃഷ്ണന്‍ മാനേജിങ് എഡിറ്ററായ എയ്ഡം പോര്‍ട്ടലില്‍ വി.എസ് അച്ചുതാനന്ദന്റെ സെക്രട്ടറികൂടിയായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ കെ. ബാലകൃഷ്ണന്റെ കോളമായ 'പദയാത്ര'യില്‍ 'പൂക്കോട്ടെ താലിബാന്‍' (മാര്‍ച്ച് 2, 2024) എന്ന ശീര്‍ഷകത്തില്‍ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. അഫ്ഗാനിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന ഒരു കൊലപാതകത്തിന്റെ റഫറന്‍സ് ഉപയോഗിച്ച് എഴുതിയ ഈ കുറിപ്പില്‍ സിദ്ധാര്‍ത്ഥിനെ മര്‍ദിച്ചവരെ 'താലിബാന്‍ സംഘ'മെന്നാണ് വിശേഷിപ്പിച്ചിരുന്നത്. 'താലിബാന്‍ മോഡല്‍', 'ഗോത്രീയവിചാരണ', 'നുഴഞ്ഞുകയറിയ പുതുമടിശ്ശീലക്കാര്‍' തുടങ്ങിയവയാണ് മറ്റു പ്രയോഗങ്ങള്‍.
മറാഠി പത്രമായ സകാലിന്റെ സീനിയര്‍ കറസ്പോണ്ടന്റ് അജയ് കുമാറിനെയാണ് കര്‍മാ ന്യൂസ് ഈ വാര്‍ത്തയുടെ സോഴ്സായി ഉപയോഗിച്ചത്. ചാനല്‍ നല്‍കുന്ന സൂചനയനുസരിച്ച് അജയ് കുമാര്‍ സകാലിന്റെ കേരളത്തിലെ കറസ്പോണ്ടന്റും മുന്‍കാല മാതൃഭൂമി റിപ്പോര്‍ട്ടറുമാണ്. എസ്.എഫ്.ഐയെ നേരിട്ട് കുറ്റപ്പെടുത്തുന്നതിനു പകരം എസ്.എഫ്.ഐയില്‍ 'നുഴഞ്ഞുകയറിയ'വരെയാണ് പ്രതികളാക്കിയിരിക്കുന്നത്.
മറ്റൊന്ന് കുറ്റകൃത്യങ്ങളെ വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന 'താലിബാന്‍ മോഡല്‍' എന്ന പ്രയോഗമാണ്. ഇതു മതേതര ഇസ്ലാമോഫോബിക് ആഖ്യാനങ്ങളുടെകൂടി ഭാഗമായിരുന്നു. മുസ്ലിംവിദ്യാര്‍ഥി സംഘടനകളെയാണ് ഈ വാക്കുകൊണ്ട് മതേതരസംഘടനകളും വ്യക്തികളും സൂചിപ്പിക്കാറുള്ളത്. മാര്‍ച്ച് രണ്ടാം തിയ്യതി 'തലയരിഞ്ഞ് ഗവര്‍ണര്‍ തല ചുറ്റി സര്‍ക്കാര്‍' എന്ന ശീര്‍ഷകത്തില്‍ വൈസ്ചാന്‍സിലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടയില്‍ ജനം ടി.വിയും പൂക്കോട് സംഭവത്തെ 'കാമ്പസ് താലിബാനിസം' എന്നാണ് വിശേഷിപ്പിച്ചത്. ' സിദ്ധാര്‍ത്ഥിനെ ഇല്ലാതാക്കിയതിന്റെ രഹസ്യം!' എന്ന ശീര്‍ഷകത്തില്‍ പുറത്തുവിട്ട എ.ബി.സി ചാനലിന്റെ ടോക്ക് ഷോയിലും 'താലിബാന്‍' എന്ന വാക്കുപയോഗിച്ചാണ് സിദ്ധാര്‍ത്ഥ് വധത്തെ വിശദീകരിച്ചത്. (മാര്‍ച്ച് 2, 2024, എ.ബി.സി മലയാളം ന്യൂസ്)
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേശ് രാമകൃഷ്ണന്‍ മാനേജിങ് എഡിറ്ററായ എയ്ഡം പോര്‍ട്ടലില്‍ വി.എസ് അച്ചുതാനന്ദന്റെ സെക്രട്ടറികൂടിയായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ കെ. ബാലകൃഷ്ണന്റെ കോളമായ 'പദയാത്ര'യില്‍ 'പൂക്കോട്ടെ താലിബാന്‍' (മാര്‍ച്ച് 2, 2024) എന്ന ശീര്‍ഷകത്തില്‍ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. അഫ്ഗാനിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന ഒരു കൊലപാതകത്തിന്റെ റഫറന്‍സ് ഉപയോഗിച്ച് എഴുതിയ ഈ കുറിപ്പില്‍ സിദ്ധാര്‍ത്ഥിനെ മര്‍ദിച്ചവരെ 'താലിബാന്‍ സംഘ'മെന്നാണ് വിശേഷിപ്പിച്ചിരുന്നത്. 'താലിബാന്‍ മോഡല്‍', 'ഗോത്രീയവിചാരണ', 'നുഴഞ്ഞുകയറിയ പുതുമടിശ്ശീലക്കാര്‍' തുടങ്ങിയവയാണ് മറ്റു പ്രയോഗങ്ങള്‍.
ചരിത്രകാരനായ കെ.എന്‍ ഗണേശ് ഇതുസംബന്ധിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ് എഴുതിയിരുന്നു (മാര്‍ച്ച് 4, 2024). സിദ്ധാര്‍ത്ഥിന്റെ മരണത്തെ വിദ്യാര്‍ഥി സംഘടനകളെ തകര്‍ക്കാനുള്ള വടിയായി ഉപയോഗിക്കുകയാണെന്ന് വിലപിക്കുന്ന അദ്ദേഹം കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരെ 'ക്രിമിനല്‍സ്' എന്ന് ക്വാട്ടിനുള്ളിലിട്ടാണ് വിശേഷിപ്പിച്ചത്. അവരാരും 'ക്രിമിനല്‍സ്' അല്ലെന്നും പുതിയ സാഹചര്യങ്ങളില്‍ ജീവിക്കാന്‍ ശ്രമിക്കുന്ന തലമുറയാണെന്നും ഓര്‍മിക്കണമെന്നാണ് ഉപദേശം. വിദ്യാര്‍ഥികളെ അടയാളപ്പെടുത്താന് കര്‍മാ ന്യൂസും ജനം ടി.വിയും എയ്ഡം പോര്‍ട്ടലും രൂപപ്പെടുത്തിയ 'താലിബാന്‍' പ്രയോഗവും എസ്.എഫ്.ഐക്കാരെ പറ്റി പറയാന് കെ.എന്‍ ഗണേഷ് ഉപയോഗിച്ച ക്വാട്ട്സിനുള്ളിലെ 'കുറ്റവാളി'യും വാക്കുകളുടെ രാഷ്ട്രീയത്തിലേക്ക് വെളിച്ചം വീശുന്നു.
'തട്ടമിട്ട കൂട്ടുകാരുണ്ടോ കലാലയത്തില്‍ മരണം പിന്നാലെയുണ്ട്' എന്ന തലക്കെട്ടോടെ കെ. ജാമിദ യുട്യൂബില്‍ ഒരു വീഡിയോ ചെയ്തു. 'സിദ്ധാര്‍ഥനെ കൊല്ലുന്നത് കണ്ടാസ്വദിച്ച തട്ടമിട്ടവളുമാരെ തൂക്കിക്കൊല്ലണം, സിദ്ധാര്‍ഥനെ കൊന്നിട്ടും തട്ടമിട്ടവളുമാര്‍ക്ക് പകതീര്‍ന്നില്ല, കൊന്നിട്ടും തിന്നിട്ടും ഉമ്മച്ചിക്കുട്ടികള്‍ക്ക് പകയും കലിയും അടങ്ങുന്നില്ല, തട്ടമിട്ട രണ്ടു കുട്ടികള്‍ സിദ്ധാര്‍ത്ഥന്റെ നിലവിളി കണ്ടാസ്വദിച്ചു' തുടങ്ങിയ തലക്കെട്ടുകളിലാണ് വിവിധ വിഡിയോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരേ പിന്നീട് കേസെടുത്തു ('തട്ടമിട്ട കൂട്ടുകാരുണ്ടോ കലാലയത്തില്‍, മരണം പിന്നാലെയുണ്ട്'; സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വിദ്വേഷപ്രചാരണം നടത്തിയ ജാമിദക്കെതിരേ കേസ്, മാര്‍ച്ച് 24, 2024, മാധ്യമം)
സിദ്ധാര്‍ത്ഥിന്റെ മരണശേഷം കോളജിനുള്ളില്‍ അദ്ദേഹം നേരിട്ട ജാതീയ പീഡനത്തിന്റെ സൂചനകളും പുറത്തുവന്നിരുന്നു. സിദ്ധാര്‍ത്ഥിന്റെ പിതാവുതന്നെയാണ് ഒരു ന്യൂസ് ടൈം ചര്‍ച്ചക്കിടയില്‍ ഈ വിവരം പങ്കുവച്ചത് (ജാതിക്കൊലയോ? മീഡിയാവണ്‍ സ്പഷ്യല്‍ എഡിഷന്‍ ലൈവ്, മാര്‍ച്ച് 4, 2024). 'സംവരണസീറ്റില്‍ കയറിയതല്ലേ, ഞങ്ങളൊക്കെ ലക്ഷങ്ങള്‍ നല്‍കി പഠിക്കുമ്പോള്‍ നിങ്ങള്‍ സൗജന്യമായി പഠിക്കുന്നു' വെന്നായിരുന്നുവത്രെ ആക്ഷേപം. സംവരണ സമുദായത്തില്‍ നിന്നു വന്ന സിദ്ധാര്‍ത്ഥ് എന്ന പ്രശ്നം മൂടിവെക്കുമ്പോഴാണ് വിഷയത്തിന് ഇസ്ലാമിക മാനം നല്‍കുന്നതെന്ന് ശ്രദ്ധിക്കേണ്ടതാണ്. ജാതിമര്‍ദ്ദനത്തെ മറച്ചുവയ്ക്കുന്നതിനുള്ള ടൂളായും ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നു.
3. ഫലസ്തീനും സംഘ്പരിവാര്‍ ഇസ്‌ലാമോഫോബിയയും
2024 മാര്‍ച്ച് ഏഴ് മുതല്‍ 11 വരെയായിരുന്നു ഈ അധ്യയന വര്‍ഷത്തെ കേരള സര്‍വകലാശാല കലോല്‍സവം തീരുമാനിച്ചിരുന്നത്. 'അധിനിവേശങ്ങള്‍ക്കെതിരേ കലയുടെ പ്രതിരോധ'മെന്ന നിലയില്‍ കലോല്‍സവത്തിന് 'ഇന്‍തിഫാദ' എന്ന പേരും നിര്‍ദേശിച്ചു. കലോല്‍സവ ലോഗോയും ഈ വാക്കിന് ഉതകുംവിധമായിരുന്നു. ഇസ്രയേല്‍ അധിനിവേശത്തിനെതിരേ ഫലസ്തീനികളുടെ പ്രതിരോധത്തെയാണ് ഇന്‍തിഫാദ സൂചിപ്പിക്കുന്നത്. ഇത്തരമൊരു പ്രതിരോധത്തെ പിന്തുണച്ച എസ്.എഫ്.ഐ നേതൃത്വത്തിലുളള വിദ്യാര്‍ത്ഥി യൂണിയന്റെ നീക്കത്തെ ജനാധിപത്യവദികള്‍ അഭിനന്ദിച്ചു. ഒപ്പം ഇതിനെതിരെ സംഘ്പരിവാര്‍ ശക്തികളും രംഗത്തുവന്നു.
പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ഹൈക്കോടതിയെ സമീപിച്ചു. ഇന്‍തിഫാദക്ക് ഹമാസ് പോലുള്ള സായുധസംഘങ്ങളുമായാണ് ബന്ധം. യുവജനോല്‍സത്തെ യുദ്ധമായും കലാപമായും ബന്ധപ്പെടുത്തരുത്-പേര് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നുമായിരുന്നു വാദം. ഗവര്‍ണര്‍ക്കും പരാതി അയച്ചു. ഇന്‍തിഫാദയെന്ന വാക്കിന് 'നിലനില്‍ക്കുന്നതിനെ തകര്‍ക്കുക'യെന്നാണ് അര്‍ഥമെന്നും അതറിയാതെയാണ് കുട്ടികള്‍ ഉപയോഗിച്ചതെന്നും അദ്ദേഹവും കുറ്റപ്പെടുത്തി.
സര്‍വകലാശാലയിലെയും വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും കലോല്‍സവങ്ങള്‍ക്കും മാഗസിനുകള്‍ക്കും സാമൂഹ്യസൂചകങ്ങളായ പേരിടുന്നത് പുതിയ കാര്യമല്ല. എല്ലാ കാലത്തും അതുണ്ടാവാറുണ്ട്. ജാതി വിവേചനം, സ്ത്രീകള്‍ക്കെതിരേയുണ്ടാവുന്ന പീഡനങ്ങള്‍, യുദ്ധം, ഭരണകൂട അടിച്ചമര്‍ത്തല്‍ തുടങ്ങിയ വിവേചനങ്ങളാണ് വിദ്യാര്‍ഥി സമൂഹം പ്രതികരണവിഷയമായി എടുക്കാറുള്ളത്. അത്തരം പ്രതികരങ്ങള്‍ സമൂഹം സ്വീകരിക്കാറുമുണ്ട്. ഫലസ്തീന്‍ പ്രതിരോധ പ്രസ്ഥാനങ്ങളോടുള്ള ഐക്യദാര്‍ഢ്യത്തെയും അങ്ങനെത്തന്നെയാണ് സമൂഹം സ്വീകരിച്ചത്. എന്നാല്‍, ഇത്തവണ അത് വിവാദമായി. സംഘ്പരിവാര്‍ സംഘങ്ങളാണ് ഇതിന് നേതൃത്വം നല്‍കിയത്.
4. ഇസ്ലാമോഫോബിയയുടെ അന്താരാഷ്ട്ര മാതൃകകള്‍
ഇസ്ലാമോഫോബിയ തൊട്ടുതീണ്ടാത്ത പരിശുദ്ധഭൂമിയായാണ് കേരളം വിലയിരുത്തപ്പെടുന്നത്. മതേതരകക്ഷികള്‍ ഈ പ്രചാരണത്തിന് വേണ്ടുവോളം പ്രോല്‍സാഹനവും നല്‍കാറുണ്ട്. സംഘ്പരിവാറിന്റെ നേതൃത്വത്തിലുള്ള ഊന്മൂലനസ്വഭാവത്തിലുള്ള ഇസ്ലാമോഫോബിയ കേരളത്തില്‍ ഒരു ദൈനംദിന യാഥാര്‍ഥ്യമായി മാറിയിട്ടില്ലെന്നത് ശരിയാണെങ്കിലും പുരോഗമന ഇടത് രാഷ്ട്രീയവും ഇസ്ലാമോഫോബിക് വ്യവഹാരങ്ങളില്‍നിന്ന് മുക്തമല്ല. അന്താരാഷ്ട്ര തലത്തിലുള്ള ഇസ്ലാമോഫോബിക് പ്രചാരണമാതൃകകളില്‍നിന്ന് മുക്തരാണെന്നും നാം അഭിമാനിക്കുന്നു. അതും തെറ്റാണെന്നാണ് ഈ മാസത്തെ രണ്ട് സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
ഫെബ്രുവരിയില്‍ പട്ടാമ്പിയില്‍ നടന്ന കവിതയുടെ കാര്‍ണിവല്‍ ഏഴാം പതിപ്പ് വലിയ തോതില്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. എന്നാല്‍, ആദില്‍ മഠത്തില്‍ കേരളീയം മാസികയില്‍ 'വംശഹത്യയെ പിന്തുണയ്ക്കുന്ന ഇസ്രായേല്‍ കവിക്ക് വേദിയൊരുക്കുന്നത് എന്തിന്?' (മാര്‍ച്ച് 3, 2024, കേരളീയം) എന്ന പേരില്‍ ഒരു കുറിപ്പെഴുതുംവരെ ഫലസ്തീന്‍ വംശഹത്യയെ നിസാരവത്കരിച്ചുകൊണ്ടുനടന്ന ഒരു ചര്‍ച്ച പുറംലോകമറിഞ്ഞില്ല. പത്രവാര്‍ത്തയുമായില്ല.
| കവിതയുടെ കാര്‍ണിവല്‍ പരിപാടിയില്‍ കെ. സച്ചിദാനന്ദന്‍, ശ്യാം സുധാകര്‍ എന്നിവരെടാപ്പം ആമിര്‍ ഓര്‍. ഈരാറ്റുപേട്ടയില്‍
ഇസ്രായേല്‍ കവി ആമിര്‍ ഓര്‍ ആണ് പട്ടാമ്പി കാര്‍ണിവലില്‍ പങ്കെടുത്ത ഒരാള്‍. അദ്ദേഹത്തോടൊപ്പം വേദിയില്‍ കെ. സച്ചിദാനന്ദനും ശ്യാം സുധാകറും പങ്കെടുത്തു. ഈ ചര്‍ച്ചക്കിടയിലാണ് കവി ഫലസ്തീനെതിരേ വിവാദപരാമര്‍ശം നടത്തിയത്. ഫലസ്തീനില്‍ നടക്കുന്നത് ഒരു വംശഹത്യയാണെന്ന് പറയാനാവില്ലെന്നും അവിടെ കൊല്ലപ്പെട്ട 25,000 പേരില്‍ 8,000 പേരും ജിഹാദികളാണെന്നും സാധാരണക്കാരായ മനുഷ്യരെ അവര്‍ മനുഷ്യകവചമായി ഉപയോഗപ്പെടുത്തുകയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ആമിര്‍ ഓര്‍ വാര്‍ത്തകളിലൂടെ നേരത്തെത്തന്നെ മലയാളികള്‍ പരിചിതനാണ്. ടി.പി രാജീവന്റെ യാത്രാവിവരണഗ്രന്ഥത്തിലും അദ്ദേഹത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. അതിനുശേഷം നിരവധി കാവ്യോല്‍സവങ്ങളിലും അദ്ദേഹം പങ്കെടുത്തു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ആദില്‍ ചോദിക്കുന്നു: ''നിഷ്പക്ഷ മാനവികതയിലൂടെ ഇസ്രായേല്‍ അധിനിവേശത്തെ സാമാന്യവത്കരിക്കുവാനും, ഇപ്പോള്‍ പരസ്യമായി ഇസ്രായേല്‍ വംശഹത്യയെ പിന്തുണക്കാനും കഴിയുന്നത് എന്തുകൊണ്ട്?''. സമാധാനത്തിന്റെ മുഖം മൂടിയ്ക്കു പിന്നിലുള്ള ഇസ്രായേലി കവിയുടെ യഥാര്‍ഥ മുഖം ഇനിയെങ്കിലും ലോകം തിരിച്ചറിയേണ്ടതുണ്ടെന്നും കാരണം വംശഹത്യകള്‍ അവസാനിക്കുന്നില്ലെന്നും ആദില്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഫലസ്തീനെതിരേയുള്ള ഇസ്രായേല്‍ അധിനിവേശം എല്ലാ കാലത്തും മലയാളികള്‍ ചര്‍ച്ച ചെയ്യുകയും ഫലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പുതിയ കാലത്ത് ആ നിലപാടില്‍ മാറ്റമുണ്ടായതായി വേണം കരുതാന്‍. വ്യാപാരകരാറുകളും പഠനസന്ദര്‍ശനങ്ങളും ചലച്ചിത്ര, സാഹിത്യ, നാടക മേളയിലെ പ്രദര്‍ശനങ്ങളും തുടങ്ങി കേരളം പോലും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചുകഴിഞ്ഞു. പിണറായി വിജയനും ഇസ്രായേല്‍ പ്രതിനിധിയുമായി ചര്‍ച്ചയും നടന്നു. ഇസ്രായേലിന്റെ ദക്ഷിണേന്ത്യന്‍ കോണ്‍സല്‍ ജനറല്‍ തമ്മി പെന്‍ഹൈമുമായി നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്തിതന്നെയാണ് പുറത്തുവിട്ടത്. (ഇസ്രയേലുമായി സഹകരണത്തിനൊരുങ്ങി കേരളം; കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി, മീഡിയാവണ്‍, ഡിസംബര്‍ 15, 2022). 2023ല്‍ ഒരു ഇസ്രായേല്‍ മന്ത്രി കേരളം സന്ദര്‍ശിക്കുമെന്ന് ധാരണയെത്തിയെങ്കിലും നടന്നിട്ടില്ല. ഇസ്രായേലിനെയും അവരുടെ സാന്നിധ്യത്തെയും നോര്‍മലൈസ് ചെയ്യുകയായിരുന്നു ഫലം.
ഇടതുപക്ഷ നേതാക്കളുടെ ഫോണുകള്‍ പോലും പെഗാസസ് ചോര്‍ത്തിയിരുന്നു. സി.പി.എം രാജ്യസഭാ അംഗമായ ജോണ്‍ ബ്രിട്ടാസടക്കമുള്ളവര്‍ ഇതിനെതിരേ കേസും കൊടുത്തു. ഇടതുപക്ഷമായിരുന്നു പെഗാസസ് ചാരസോഫ്റ്റ്വെയറിന്റെ ഏറ്റവും വലിയ വിമര്‍ശകര്‍. വസ്തുത ഇങ്ങനെയായിരിക്കെയാണ് അതേ സോഫ്റ്റ്വെയര്‍ വാങ്ങാന്‍ കേരള സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇസ്രായേല്‍ എങ്ങനെ കേരളീയ സമൂഹത്തില്‍ നോര്‍മലൈസ് ചെയ്യപ്പെട്ടുവെന്നതിനുള്ള സൂചനകൂടിയാണ് ഇത്.
ഈ വര്‍ഷം മാര്‍ച്ച് രണ്ടാം വാരത്തില്‍ മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നു. സാമൂഹ്യമാധ്യമങ്ങളിലെ തീവ്രവാദസ്വഭാവമുള്ള പോസ്റ്റുകള്‍ നിരീക്ഷിക്കാനും ഡാറ്റ തയ്യാറാക്കാനും ഇസ്രായേല്‍ നിര്‍മിത സോഫ്റ്റ് വെയര്‍ വാങ്ങാന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തീരുമാനിച്ചു. തീവ്രവാദ സ്വഭാവമുള്ള പോസ്റ്റുകളും അതിനെ പിന്തുണയ്ക്കുന്നവരെയും കണ്ടെത്തുകയാണ് ലക്ഷ്യം. 1.2 കോടി രൂപയാണ് മുടക്കാന്‍ ഉദ്ദേശിക്കുന്നത്. (സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ ഇസ്രായേല്‍ സോഫ്റ്റ് വെയര്‍; സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനെതിരേ പി.കെ പോക്കര്‍, ഡൂള്‍ ന്യൂസ്, മാര്‍ച്ച് 11, 2024).
2021ലാണ് ഇസ്രായേലി ചാരസോഫ്റ്റ് വെയറായ പെഗാസസ് ഇന്ത്യയിലെ സാമൂഹിക, മനുഷ്യാവകാശ, രാഷ്ട്രീയ പ്രവര്‍ത്തകരെ നിരീക്ഷിക്കുന്നുവെന്ന വിവരം പുറത്തുവരുന്നത്. ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയെ കടപുഴക്കുന്ന നീക്കമെന്നാണ് ജനാധിപത്യവാദികള്‍ പ്രതികരിച്ചത്. ഇടതുപക്ഷ നേതാക്കളുടെ ഫോണുകള്‍ പോലും പെഗാസസ് ചോര്‍ത്തിയിരുന്നു. സി.പി.എം രാജ്യസഭാ അംഗമായ ജോണ്‍ ബ്രിട്ടാസടക്കമുള്ളവര്‍ ഇതിനെതിരേ കേസും കൊടുത്തു. ഇടതുപക്ഷമായിരുന്നു പെഗാസസ് ചാരസോഫ്റ്റ്വെയറിന്റെ ഏറ്റവും വലിയ വിമര്‍ശകര്‍. വസ്തുത ഇങ്ങനെയായിരിക്കെയാണ് അതേ സോഫ്റ്റ്വെയര്‍ വാങ്ങാന്‍ കേരള സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇസ്രായേല്‍ എങ്ങനെ കേരളീയ സമൂഹത്തില്‍ നോര്‍മലൈസ് ചെയ്യപ്പെട്ടുവെന്നതിനുള്ള സൂചനകൂടിയാണ് ഇത്. ഈ നോര്‍മലൈസേഷന്‍ പ്രക്രിയ അന്താരാഷ്ട്ര തലത്തില്‍ ആരംഭിച്ചിട്ട് ഏറെ കാലമായി. ആ മാതൃക കേരളത്തെ കീഴടക്കിയതിന്റെ രണ്ട് ഉദാഹരണങ്ങളാണ് കവിതാ കാര്‍ണിവലിലെ വംശഹത്യാ ന്യായീകരണവും കേരള സര്‍വകലാശാല വൈസ് ചാന്‍സിലറുടെ ഇന്‍തിഫാദവിലക്കും. ഇസ്ലാമോഫോബിയയുടെ അന്താരാഷ്ട്രമാതൃകകള്‍ സ്വാധീനിക്കാത്ത പ്രദേശമായി കേരളത്തെ മനസ്സിലാക്കുന്ന ശൈലിയുടെ പരിമിതിയുമാണിത്.
5. ഇസ്ലാമോഫോബിയുടെ ഭൂമിശാസ്ത്രം
വ്യക്തികളെപ്പോലത്തന്നെ പ്രദേശങ്ങളെയും തീവ്രവാദകേന്ദ്രങ്ങളായി ചിത്രീകരിക്കുക ഇസ്‌ലാമോഫോബിയാ പ്രചാരണങ്ങളുടെ പൊതുരീതിയാണ്. ഈ പ്രചാരണത്തിലൂടെ ഇന്ന് കേരളത്തില്‍ തീവ്രവാദകേന്ദ്രമായി ചിത്രീകരിക്കപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് ഈരാറ്റുപേട്ട. മുസ്ലിംസമൂഹം തിങ്ങിപ്പാര്‍ക്കുന്ന ഇടമെന്ന നിലയില്‍ ഈരാറ്റുപേട്ടയെ ഇത്തരത്തില്‍ ചിത്രീകരിക്കുന്ന രീതിക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. ഇവിടെനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാധാരണകേസുകള്‍ക്ക് പോലും തീവ്രവാദമാനം നല്‍കാന്‍ ഇത് പോലിസിനെ സഹായിക്കുന്നു. പൂഞ്ഞാറില്‍ വിദ്യാര്‍ഥികള്‍ നടത്തിയ ഫെയല്‍വെല്‍ 'ആഘോഷം' എങ്ങനെ വധശ്രമമായും തീവ്രവാദസ്വഭാവത്തോടെയും വ്യാഖ്യാനിക്കപ്പെട്ടുവെന്ന് കഴിഞ്ഞ മാസം നാം കണ്ടതാണ്. ഇസ്ലാമോഫോബിയ പ്രചാരണങ്ങള്‍ എങ്ങനെ മുസ്‌ലിംകളുടെ പൗരാവകാശം ഹനിക്കുന്നുവെന്നതിനു തെളിവുമാണിത്.
അതിനിടയില്‍ ഈരാറ്റുപേട്ട തീവ്രവാദ സാന്നിധ്യമുള്ള പ്രദേശമാണെന്ന പൊലിസ് റിപ്പോര്‍ട്ട് മാര്‍ച്ച് ആദ്യവാരത്തില്‍ സര്‍ക്കാര്‍ തിരുത്തി. മന്ത്രി വി.എന്‍ വാസവനാണ് ഈ വിവരം അറിയിച്ചത്. ഈരാറ്റുപേട്ടയില്‍ മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കാനായി റവന്യൂ വകുപ്പ് സ്ഥലം അന്വേഷിക്കുകയും തുടര്‍ന്ന് പൊലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള രണ്ട് ഏക്കറിലെ ഭൂമി ഇതിനായി വിനിയോഗിക്കാമെന്നും കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. പൂഞ്ഞാര്‍ എം.എല്‍.എയായ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ഇക്കാര്യം രേഖാമൂലം ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചു. എന്നാല്‍, സ്ഥലം വിട്ടുനല്‍കാനാവില്ലെന്നായിരുന്നു കോട്ടയം എസ്.പിയുടെ നിലപാട്.
മീനച്ചില്‍ താലൂക്കില്‍ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന രണ്ട് ഏക്കര്‍ 79 സെന്റ് സ്ഥലം പൊലീസിന്റെ ഉടമസ്ഥതയില്‍ നിലനിര്‍ത്തണമെന്നും ഇവിടെ ഭീകരവിരുദ്ധപരിശീലന കേന്ദ്രവും, പൊലീസ് ക്വാര്‍ട്ടേഴ്സും, പാര്‍ക്കിംഗ് യാര്‍ഡും നിര്‍മിക്കണമെന്നുമാണ് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്, സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പ്രദേശത്തെ ഭീകരവാദ, ക്രമസമാധാന പ്രശ്നങ്ങളും മറ്റും പരിഗണിച്ച് സ്ഥലം പൊലീസിന്റെ ഉടമസ്ഥതയില്‍ നിലനിര്‍ത്തമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. (ഈരാറ്റുപേട്ടയിലെ പൊലീസിന്റെ സ്ഥലം വിട്ടുകൊടുക്കരുതെന്ന് ജില്ല പൊലീസ് മേധാവി, മാതൃഭൂമി ന്യൂസ്, ഒക്ടോബര്‍ 17, 2023).
റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തി പ്രാപിക്കുന്ന രാജ്യവിരുദ്ധശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണമെന്നും അടിയന്തര കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടും ബി.ജെ.പി മദ്ധ്യമേഖല അധ്യക്ഷന്‍ എന്‍. ഹരി അമിത്ഷായ്ക്ക് കത്തയച്ചതായി വിശ്വസംവാദ കേന്ദ്രം എന്ന സംഘ്പരിവാര്‍ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഈരാറ്റുപേട്ടയിലേത് ഭീകരവാദപ്രവര്‍ത്തനമാണെന്നായിരുന്നു ചാലനിന്റെ നിലപാട് (ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് ഭീകരവാദ പ്രവര്‍ത്തനം; പോലീസ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജന്‍സികള്‍, വിശ്വസംവാദ കേന്ദ്രം , ഒക്ടോബര്‍ 18, 2023)
ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ മന്ത്രി വാസവന്‍ തിരുത്തിയത്. ഇതിനെതിരേ സ്വാഭാവികമായും ബി.ജെ.പി രംഗത്തുവന്നു. തീകൊള്ളികൊണ്ട് തല ചൊറിയുന്ന പരിപാടിയാണ് ഇതെന്നും ജനങ്ങളിത് ഞെട്ടലോടെ കേള്‍ക്കണമെന്നും ബി.ജെ.പി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 'തീവ്രാവാദികള്‍ക്ക് പാലൂട്ടുന്ന സമീപനമാണിത്. എസ്.പിയുടെ റിപ്പോര്‍ട്ട് തിരുത്തണമെന്ന് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം.എല്‍.എ അടക്കം ആവശ്യപ്പെട്ടിരുന്നു. അതിന്റെ അനന്തരഫലമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ഈ തിരുത്തല്‍. ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് ഇടത് വലത് രാഷ്ട്രീയ കക്ഷികള്‍ മാപ്പ് പറയേണ്ടി വരു'മെന്നും പ്രസ്താവനയില്‍ പറയുന്നു. (ഈരാറ്റുപേട്ടയില്‍ തീവ്രവാദ സാന്നിധ്യമെന്ന റിപ്പോര്‍ട്ട് പോലീസ് തിരുത്തി; തീക്കൊള്ളികൊണ്ട് തലചൊറിയുന്നുവെന്ന് ബി.ജെ.പി, ന്യൂസ് 18, മാര്‍ച്ച് 5, 2024)
റിപ്പോര്‍ട്ട് തള്ളിച്ചതിനു പിന്നില്‍ മുസ്ലിം സംഘടനകളുടെ സമ്മര്‍ദ്ദമാണെന്ന് സ്ഥാപിക്കാനാണ് ന്യൂസ് 18നെപ്പോലെ കര്‍മാ ന്യൂസും ജനം ടി.വിയും ശ്രമിച്ചത്. ന്യൂസ് 18ന്റെ 2023ലെ വാര്‍ത്താ എഴുത്തുരീതിയും അതായിരുന്നു. സംഘ്പരിവാര പ്രചാരക മാധ്യമങ്ങളും പൊതുവെന്ന് കരുതപ്പെടുന്ന മാധ്യമങ്ങളും തമ്മിലുള്ള വിടവ് കുറഞ്ഞുവരികയാണെന്നും നിരീക്ഷിക്കാവുന്നതാണ്.
കോട്ടയം എസ്.പിയുടെ റിപ്പോര്‍ട്ട് പുറത്തുവന്ന സമയത്തെ മാധ്യമവാര്‍ത്തകള്‍ ഇസ്ലാമോഫോബിക് പരിചരണങ്ങളുടെ സവിശേഷതകളിലേക്ക് വെളിച്ചംവീശും. റിപ്പോര്‍ട്ടിനെതിരെ പൊതുവേ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും രംഗത്തുവന്നിരുന്നു. എന്നാല്‍, പല മാധ്യമങ്ങളും ഇതിനെ ഒരു മുസ്ലിം ആവശ്യമായാണ് അവതരിപ്പിച്ചത്. ഉദാഹരണത്തിന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തത് മുസ്ലിംസംഘടനകള്‍ റിപ്പോര്‍ട്ടിനെതിരേ രംഗത്തെന്നാണ്. 'ഈരാറ്റുപേട്ടയില്‍ തീവ്രവാദ പ്രശ്‌നം നിലനില്‍ക്കുന്നു; കോട്ടയം എസ്.പിയുടെ റിപ്പോര്‍ട്ടില്‍ പ്രതിഷേധം', എന്ന വാര്‍ത്തക്ക് നല്‍കിയ ഉപശീര്‍ഷകം 'ഈരാറ്റുപേട്ട മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സ്ഥലം ഏറ്റെടുപ്പില്‍ കോട്ടയം എസ്.പി നല്‍കിയ റിപ്പോര്‍ട്ടിനെതിരെയാണ് മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തിയത്' എന്നായിരുന്നു (ഒക്ടോബര്‍ 16, 2023). പ്രതിഷേധമറിയിച്ച സംഘടനകളുടെ പേരും എടുത്തുപറഞ്ഞിരുന്നു, ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും. ഇവര്‍ക്കു പുറമെ സി.പി.എം, കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എം തുടങ്ങിയവരും പൊലിസിനെതിരേയായിരുന്നുവെന്ന വസ്തുത ന്യൂസ് 18 മറച്ചുവച്ചു. റിപ്പോര്‍ട്ട് തള്ളിയ വാര്‍ത്തയിലും അവരത് മറച്ചുപിടിച്ചിരുന്നു. പകരം മറ്റു പാര്‍ട്ടികള്‍ മുസ്ലിം സംഘടനകളുടെ ആവശ്യത്തിന് വഴങ്ങിയെന്ന മട്ടിലായിരുന്നു വാര്‍ത്ത. ബി.ജെ.പിയുടെ വാദവും അതായിരുന്നു.
എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയും വാസവനെ വിരട്ടിയാണ് റിപ്പോര്‍ട്ട് തള്ളിയതെന്ന വാദം കര്‍മാ ന്യൂസ് പോലുള്ള സംഘ്പരിവാര പ്രചാരകര ചാനലുകളും ആവര്‍ത്തിച്ചു. രാജ്യത്തെ നടക്കുന്ന സ്ഫോടനങ്ങളുടെ പരിശീലനകേന്ദ്രമാണ് ഈരാറ്റുപേട്ടയെന്നും ആയുധശേഖരണം, ഒളിത്താവളങ്ങള്‍ ഒരുക്കല്‍, ലഹരി പോലുള്ളവയുടെ സംഭരണം തുടങ്ങി മിക്കവാറും എല്ലാ കുറ്റകൃത്യങ്ങളുടെയും കേന്ദ്രമായും അവര്‍ ഈരാറ്റുപേട്ടയെ ചിത്രീകരിച്ചു. (എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയും വാസവനെ വിരട്ടി ; ഈരാറ്റുപേട്ട പുണ്യസ്ഥലമെന്ന് വാസവന്‍, കര്‍മ ന്യൂസ്, മാര്‍ച്ച് 6, 2024). റിപ്പോര്‍ട്ട് തള്ളാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളാണെന്നുമുള്ള കര്‍മാ ന്യൂസ് വാര്‍ത്ത ജനം ടി.വിയും ആവര്‍ത്തിച്ചു. രണ്ടു സംഘടനകളും ഇസ്ലാമിസ്റ്റ് സംഘടനകളാണെന്നു മാത്രമായിരുന്നു വാര്‍ത്തയില്‍ കൂടുതലായി ഉണ്ടായിരുന്നത്. (ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രശ്നം; റിപ്പോര്‍ട്ട് തിരുത്തി; തീവ്രവാദികള്‍ക്ക് കുടപിടിച്ച് ആഭ്യന്തര വകുപ്പ്, ജനം ടി.വി, മാര്‍ച്ച് 5, 2024).
റിപ്പോര്‍ട്ട് തള്ളിച്ചതിനു പിന്നില്‍ മുസ്ലിം സംഘടനകളുടെ സമ്മര്‍ദ്ദമാണെന്ന് സ്ഥാപിക്കാനാണ് ന്യൂസ് 18നെപ്പോലെ കര്‍മാ ന്യൂസും ജനം ടി.വിയും ശ്രമിച്ചത്. ന്യൂസ് 18ന്റെ 2023ലെ വാര്‍ത്താ എഴുത്തുരീതിയും അതായിരുന്നു. സംഘ്പരിവാര പ്രചാരക മാധ്യമങ്ങളും പൊതുവെന്ന് കരുതപ്പെടുന്ന മാധ്യമങ്ങളും തമ്മിലുള്ള വിടവ് കുറഞ്ഞുവരികയാണെന്നും നിരീക്ഷിക്കാവുന്നതാണ്.
6. വിശ്വാസ്യത നേടുന്ന ഇസ്രായേല്‍ - സയണിസ്റ്റ് ആഖ്യാനങ്ങള്‍
ഇസ്രായേലുമായി ബന്ധപ്പെട്ട മലയാളി സമൂഹത്തിന്റെ നോട്ടക്കോണുകളില്‍വന്ന മാറ്റങ്ങള്‍ നാം പരിശോധിച്ചിരുന്നു. ഈ ആഖ്യാന സവിശേഷതക്കു പിന്നില്‍ മാധ്യമരംഗത്തുവന്ന ചില മാറ്റങ്ങള്‍ക്കും പങ്കുണ്ട്. മാര്‍ച്ച് തുടക്കത്തില്‍ ഇസ്രായേലിനു നേരെ നടന്ന മിസൈല്‍ ആക്രമണത്തില്‍ കൊല്ലം സ്വദേശി കൊല്ലപ്പെട്ടിരുന്നു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ ഇസ്രയേലിലാണ് സംഭവം നടന്നത്. ഒരേ വാര്‍ത്ത പല തരത്തിലാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഹമാസാണ് ആക്രമണത്തിനു പിന്നിലെന്ന് ചിലര്‍ റിപ്പോര്‍ട്ട് ചെയ്തു. ചിലര്‍ക്ക് ഹിസ്ബുള്ളയായിരുന്നു. ചിലര്‍ വാര്‍ത്തയില്‍ 'ഭീകരര്‍' എന്ന വാക്ക് ആവശ്യാനുസരണം ഉപയോഗിച്ചു.
ഹമാസിന്റെ ആക്രമണമെന്നായിരുന്നു മറുനാടന്‍ മലയാളിയുടെ നിലപാട് (ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു; മരിച്ചതുകൊല്ലം സ്വദേശി നിബിന്‍ മാക്‌സ് വെല്‍: രണ്ടു മലയാളികടക്കം ഏഴു പേര്‍ക്ക് പരുക്ക്, മറുനാടന്‍ മലയാളി, മാര്‍ച്ച് 5, 2024). സമകാലിക മലയാളവും അവരുടെ വാര്‍ത്തയില്‍ ഹമാസ് എന്നുതന്നെ ഉപയോഗിച്ചു.
ഇസ്രായേലുമായി ബന്ധപ്പെട്ട വര്‍ത്തകള്‍ എഴുതേണ്ടിവരുമ്പോള്‍ മലയാളികളായ മാധ്യമപ്രവര്‍ത്തകര്‍ അന്താരാഷ്ട്രമാധ്യമങ്ങളേക്കാള്‍ ഇസ്രായേല്‍- സയണിസ്റ്റ് ഭരണകൂടത്തിന്റെ പ്രതികരണങ്ങളെയാണ് ആശ്രയിച്ചത്. അല്ലെങ്കില്‍ അവിടെനിന്നുള്ള മാധ്യമങ്ങളെ. ആക്രമിച്ചതാരാണെന്ന് വ്യക്തമാക്കുന്നതിലും മാധ്യമങ്ങള്‍ ഐക്യരൂപം പ്രകടിപ്പിച്ചില്ല. ഇസ്രായേല്‍ അനുകൂല നിലപാടിലേക്ക് മുഖ്യധാരാമാധ്യമങ്ങള്‍ മാത്രമല്ല, പൊതുസമൂഹവും എത്തിയതിനു പിന്നില്‍ ഇത്തരം ബലതന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കുമെന്നുതന്നെ വേണം കരുതാന്‍.
എന്നാല്‍, ഈസ്റ്റ് കോസ്റ്റ് ഡെയ്ലി ആക്രമണത്തിനു പിന്നിലുള്ളവരെ 'ഹമാസ് ഭീകരരാ'ണെന്നാണ് വിശേഷിപ്പിച്ചത്. (ഹമാസിന്റെ ഷെല്ലാക്രമണം, ഇസ്രയേലില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു, രണ്ടു മലയാളികള്‍ക്ക് ഗുരുതര പരിക്ക്, ഈസ്റ്റ് കോസ്റ്റ് ഡെയ്ലി, മാര്‍ച്ച് 5, 2024). ന്യൂസ് 18നാകട്ടെ ഇസ്രായേല്‍ എംബസിയെ ഉദ്ധരിച്ച് 'ഷിയാ ഭീകരരാ'യ ഹിസ്ബുള്ളയാണ് ആക്രമമത്തിന് പിന്നിലെന്ന വാര്‍ത്തയാണ് ചെയ്തത്. ('ഭാര്യ ഏഴ് മാസം ഗര്‍ഭിണി'; ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിബിന്റെ മരണത്തില്‍ നടുക്കം മാറാതെ പിതാവ്, ന്യൂസ് 18, മാര്‍ച്ച് 6, 2024). ഇസ്രായേല്‍ എംബസി വൃത്തങ്ങളായിരുന്നു അവരുടെ വാര്‍ത്താ സോഴ്സ്.
മനോരമ ഓണ്‍ലൈന്‍ ഇസ്രായേല്‍ എംബസിയില്‍നിന്നുള്ള എക്സ് പോസ്റ്റിനെയാണ് ആശ്രയിച്ചതെങ്കിലും എംബസിയുടെ വാചകങ്ങള്‍ റിപോര്‍ട്ട് ചെയ്യുമ്പോള്‍ മാത്രമേ ഭീകരസംഘടനയെന്ന വാക്ക് ഉപയോഗിച്ചുള്ളൂ. (ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു; രണ്ട് മലയാളികള്‍ക്ക് പരുക്ക്: 'ആക്രമിച്ചത് ഹിസ്ബുല്ല', മനോരമ, മാര്‍ച്ച് 5, 2024), കലാകൗമുദിയും ഇസ്രായേല്‍ എംബസി പ്രതികരണങ്ങളെത്തന്നെയാണ് റിപ്പോര്‍ട്ടിന് ആധാരമായെടുത്തത്. 'ഹിസ്ബുള്ള ഭീകര'രെന്ന പ്രയോഗം രണ്ടോ മൂന്നോ തവണ ഉപയോഗിച്ചു. (ഭീകരരുടെ ഈ ഭീരുത്വ നടപടി ഏറെ ഞെട്ടലുളവാക്കുന്നത്; മലയാളിയുടെ കൊലപാതകത്തില്‍ അനുശോചനം അറിയിച്ച് ഇസ്രായേല്‍, കലാകൗമുദി, മാര്‍ച്ച് 16, 2024) ഷേക്കിന ടിവ.ിയും ആക്രമണത്തിനു പിന്നില്‍ ഹമാസ് ഭീകരരെന്ന് വാര്‍ത്തയെഴുതി. (ഇസ്രായേലില്‍ ഭീകരരുടെ ആക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. മാര്‍ച്ച് 5, 2022). ഇസ്രായേലുമായി ബന്ധപ്പെട്ട വര്‍ത്തകള്‍ എഴുതേണ്ടിവരുമ്പോള്‍ മലയാളികളായ മാധ്യമപ്രവര്‍ത്തകര്‍ അന്താരാഷ്ട്രമാധ്യമങ്ങളേക്കാള്‍ ഇസ്രായേല്‍- സയണിസ്റ്റ് ഭരണകൂടത്തിന്റെ പ്രതികരണങ്ങളെയാണ് ആശ്രയിച്ചത്. അല്ലെങ്കില്‍ അവിടെനിന്നുള്ള മാധ്യമങ്ങളെ. ആക്രമിച്ചതാരാണെന്ന് വ്യക്തമാക്കുന്നതിലും മാധ്യമങ്ങള്‍ ഐക്യരൂപം പ്രകടിപ്പിച്ചില്ല. ഇസ്രായേല്‍ അനുകൂല നിലപാടിലേക്ക് മുഖ്യധാരാമാധ്യമങ്ങള്‍ മാത്രമല്ല, പൊതുസമൂഹവും എത്തിയതിനു പിന്നില്‍ ഇത്തരം ബലതന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കുമെന്നുതന്നെ വേണം കരുതാന്‍.
7. പൂഞ്ഞാര്‍ സംഭവവും ഇസ്‌ലാമോഫോബിക് യുക്തിയും
പൂഞ്ഞാറില്‍ ഫെറോന പള്ളിയില്‍ ഏപ്രില്‍ 23 നടന്നിട്ടുള്ള സംഭവവികാസങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന 'അവിടെ നടന്നത് തെമ്മാടിത്തരം' എന്നായിരുന്നു. സംഘത്തില്‍ മുസ്‌ലിം വിഭാഗക്കാര്‍ മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു (മീഡിയ വണ്‍, മാര്‍ച്ച് 6). ന്യൂനപക്ഷ സംഘടനകളെ വിളിച്ച് ചേര്‍ത്ത മീറ്റിംഗില്‍ ഹുസൈന്‍ മടവൂരിന്റെ ഈരാറ്റുപേട്ടയിലെ മുസ്‌ലിംകള്‍ക്കെതിരെയുള്ള പൊലീസ് വിവേചനത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന ഇസ്‌ലാമോഫോബിയയുടെ ഭാഗമായി വിലയിരുത്തി സുപ്രഭാതം (9 മാര്‍ച്ച് ) മുഖപ്രസംഗമെഴുതി. ഏതാനും ചില വിദ്യാര്‍ഥികളുടെ കയ്യില്‍ നിന്ന് വന്ന അബദ്ധത്തെ പ്ലസ് ടുവില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ അബദ്ധമായി കാണാതെ വലിയ രീതിയിലുള്ള അക്രമ സംഭവമായി ചിത്രീകരിക്കുന്ന രീതിയില്‍ തന്നെയാണ് പിണറായി വിജയന്‍ പ്രതികരിച്ചത്.
മുഖ്യമന്ത്രി പറഞ്ഞ ഒരു കാര്യം വസ്തുതയാണ്. സംഭവം നടക്കുന്ന സമയം 27 മുസ്‌ലിം കുട്ടികള്‍ മാത്രമാണുള്ളത്. എന്നാല്‍, സംഭവദിവസം അതേ സ്ഥലത്ത് വിവിധ വിഭാഗം കുട്ടികള്‍ സെല്‍ഫിയെടുക്കാനും ബൈക്ക് റേസ് നടത്താനും ഒരുമിച്ചു കൂടിയിരുന്നു (പി.കെ ഫിറോസിന്റെ പത്രസമ്മേളനം, മക്തൂബ് മീഡിയ 8 മാര്‍ച്ച് 2024). ഈ വസ്തുതകള്‍ മറച്ചു വെച്ചാണ് വ്യാജ പ്രചാരണങ്ങള്‍ അരങ്ങേറിയതെന്ന കാര്യം മുഖ്യമന്ത്രി പ്രധാനമായി കണ്ടില്ല.
ദീര്‍ഘകാലമായി പ്രാദേശികമായ ചില മുന്‍വിധികളുടെ പേരില്‍ പൊലീസ് വിവേചനം നേരിടുന്ന ഒരു മുസ്‌ലിം പ്രദേശമാണ് ഈരാറ്റുപേട്ട. ഈരാറ്റുപേട്ടയും പൂഞ്ഞാറും രണ്ടു പ്രദേശമായിട്ടും ഈരാറ്റുപേട്ടയെ തിരഞ്ഞുപിടിച്ച് പൂഞ്ഞാറില്‍ നടന്നിട്ടുള്ള സംഭവങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതില്‍ തിടുക്കം കാണിച്ച മാധ്യമങ്ങളെയോ ഹിന്ദുത്വ കേന്ദ്രങ്ങളെയോ മുഖ്യമന്ത്രിയുടെ പ്രസ്താവന തുറന്നു കാണിച്ചില്ല.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പൂഞ്ഞാര്‍ സംഭവത്തെ അപലപിച്ച് രംഗത്തുവന്നു. പത്തനംതിട്ടയില്‍ മാര്‍ച്ച് 15ന് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു പരാമര്‍ശം. ക്രിസ്ത്യന്‍ പള്ളികളിലെ പുരോഹിതന്‍ പോലും (മുസ്ലിംകളുടെ) അക്രമത്തിന് ഇരകളാവുകയാണെന്ന് മോദി ആരോപിച്ചു.
പൂഞ്ഞാര്‍ സംഭവത്തെ മുന്‍വിധിയോടെ ചിത്രീകരിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് ചെറുതല്ല. പള്ളിക്കു മുമ്പില്‍ ബൈക്ക് റൈസ് നടത്തുന്ന വിദ്യാര്‍ഥികളുടെ കയ്യില്‍ നിന്ന് അവിടെ പള്ളിയിലെ അച്ചന് പരിക്ക് പറ്റുകയുണ്ടായി എന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍, മാധ്യമങ്ങള്‍ ബൈക്കിനെ പിന്നീട് കാറാക്കി ചിത്രീകരിക്കുന്ന രീതി സ്വീകരിച്ചു. ബൈക്കിന്റെ ഹാന്റില്‍ തട്ടിയ സംഭവമെന്നു പറഞ്ഞ മാധ്യമങ്ങള്‍ തന്നെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചു എന്ന രീതിയില്‍ വാര്‍ത്ത നല്‍കി (വിശദ വായനക്ക് കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ട് കാണുക).
വസ്തുത ഇതായിരിക്കെ കുട്ടികള്‍ക്കെതിരേ പൊലിസ് കൊലക്കുറ്റത്തിന് കേസെടുത്തത് മുഖ്യമന്ത്രി പരിഗണിച്ചില്ല. ബി.ജെ.പിയും കാസയും ഒരു വിഭാഗം മാധ്യമങ്ങളും പി.സി ജോര്‍ജും നടത്തിയ പ്രചാരണങ്ങള്‍ തള്ളിക്കളയുകായിരുന്നു മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത്. മാധ്യമ ആഖ്യാനങ്ങളെയും പൊലീസ് നടപടികളെയും ഈരാറ്റുപേട്ട എന്ന പ്രദേശത്തിന് നേരെ നടന്നിട്ടുള്ള തെറ്റായ പ്രചാരണങ്ങളെയും തുറന്നുകാട്ടുകയും അതുപോലെ തന്നെ വിദ്യാര്‍ഥികളുടെ നടപടിയെയും ഒരു പോലെ വിമര്‍ശിച്ചിരുന്നുവെങ്കില്‍ ഇത്തരമൊരു വിവാദം ഒഴിവാക്കാമായിരുന്നു എന്നതാണ് വസ്തുത. പകരം, അക്രമം ചെയ്ത വിദ്യാര്‍ഥികളെ മാത്രം പ്രതികൂട്ടിലാക്കി ഒരു മുഖ്യമന്ത്രി തന്നെ സംസാരിക്കുന്നത് സംഘ്പരിവാര്‍ കാഴ്ചപ്പാടുകള്‍ക്ക് ബലമേകുമെന്ന കാര്യത്തില്‍ യാതൊരുസംശയവുമില്ല.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പൂഞ്ഞാര്‍ സംഭവത്തെ അപലപിച്ച് രംഗത്തുവന്നു. പത്തനംതിട്ടയില്‍ മാര്‍ച്ച് 15ന് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു പരാമര്‍ശം. ക്രിസ്ത്യന്‍ പള്ളികളിലെ പുരോഹിതന്‍ പോലും (മുസ്ലിംകളുടെ) അക്രമത്തിന് ഇരകളാവുകയാണെന്ന് മോദി ആരോപിച്ചു.
(തുടരും)