മുസ്‌ലിം അനുഭവങ്ങൾ, പ്രതിരോധങ്ങൾ
2024 സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍: ഭാഗം എട്ട്
കഴിഞ്ഞ ഏതാനും വര്‍ഷമായി ഇസ് ലാമോഫോബിയയെക്കുറിച്ചുള്ള എഴുത്തുകള്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ജനതയെന്ന നിലയില്‍ മുസ് ലിംകള്‍ അനുഭവിക്കുന്ന വംശീയമായ വിവേചനങ്ങളും ആക്രമണങ്ങളും ഇസ് ലാമോഫോബിയയാണെന്നു തിരിച്ചറിഞ്ഞുതുടങ്ങുകയും അങ്ങനെത്തന്നെ പേരിട്ടു വിളിക്കുകയും ചെയ്തുതുടങ്ങിയതിന്റെ ഭാഗമാണ് അത്. വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇത്തരം വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നത്. ഇസ് ലാമോഫോബിയയെ തിരിച്ചറിയുന്ന ഒരു ജ്ഞാനമണ്ഡലം വികസിച്ചുവരുന്നുവെന്നാണ് ഇതിന്റെ അര്‍ത്ഥം.
മറ്റൊന്ന് അനുഭവാഖ്യാനമാണ്. ഏതെങ്കിലും നിലയില്‍ ഇസ് ലാമോഫോബിയയുടെ ഇരകളായവരോ അതിനെ തിരിച്ചറിഞ്ഞുതടങ്ങിയവരോ ആണ് ഇതിനു പിന്നില്‍. മറ്റെല്ലാം മാറ്റിവച്ച് വംശീയതക്കെതിരേ പോരാടേണ്ടിവരുന്നതിന്റെ പ്രശ്‌നമാണ് അനുഭവമെഴുത്തുകാര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. വംശീയവല്‍ക്കരണത്തിന്റെ പ്രത്യേകതയും അതുതന്നെ.
1. ഗള്‍ഫ് പണവും സംരംഭകത്വവും:
കേരളത്തിലെ ഗള്‍ഫ് പണത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള പൊതു എഴുത്തുകള്‍ ഗള്‍ഫ് പ്രവാസികളെ കുറ്റപ്പെടുത്തിയും കേരളത്തിലെ വികസന മുരടിപ്പിന് കാരണക്കാരായി അവരെ അവതരിപ്പിക്കുന്നതുമായിരുന്നു. കേരളത്തില്‍ ഗള്‍ഫിലേക്ക് പോകുന്നവരില്‍ വലിയൊരു ശതമാനം മുസ്‍ലിം സമൂഹത്തില്‍നിന്നുള്ളവരായതുകൊണ്ട് പതുക്കെപ്പതുക്കം ഗള്‍ഫ് പ്രതിഭാസത്തെ മുസ്‍ലിം പ്രതിഭാസമായും ചിത്രീകരിക്കാന്‍ തുടങ്ങി. സകലവിധ തിന്മകളുടെയും പിന്നിലെ സ്വാധീനശക്തിയായി ഗള്‍ഫ് പണത്തെ ചൂണ്ടിക്കാട്ടുന്ന ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. ചിലരാകട്ടെ കേരളത്തിലെ സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍നിന്ന് ഗള്‍ഫ് പണത്തിന്റെ സ്വാധീനത്തെ ഒഴിച്ചുനിര്‍ത്തി. പില്‍ക്കാലത്താണ് നമ്മുടെ വികസനചര്‍ച്ചകളില്‍ ഗള്‍ഫ് പണം മുഖ്യഘടകമായി മാറിയതെന്നത് അദ്ഭുതകരമാണ്. (കേരളീയ സമൂഹത്തില്‍ ഗള്‍ഫ് പണത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇസ്‍ലാമോഫോബിയയുടെ മറ്റൊരു വകഭേദമാണ്-അത് പിന്നീട് ചര്‍ച്ച ചെയ്യുന്നുണ്ട്).
ഗള്‍ഫ് പണത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളെ കണക്കിലെടുത്തുകൊണ്ട് ഗള്‍ഫില്‍നിന്ന് വരുമാനം കണ്ടെത്തുന്ന പ്രവാസികളോടുള്ള അസൂയയാണ് ഇസ്‍ലാമോഫോബിയയുടെ കാരണമെന്ന് വാദിക്കുന്ന ജോണി എം.എല്ലിന്റെ ലേഖനത്തെക്കുറിച്ച് സെപ്തംബര്‍ മാസത്തിലെ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതില്‍ അദ്ദേഹം ഇങ്ങനെ വാദിച്ചു: ''എല്ലാ ശുഭാപ്തി വിശ്വാസങ്ങളെയും തകര്‍ത്ത് കൊണ്ട് ഇസ്‍ലമോഫോബിയ കടന്നു വരുന്നതായി ഇന്ന് നമ്മള്‍ കാണുന്നു. പക്ഷെ അതിന്റെ പിന്നില്‍ ലൗ ജിഹാദോ, രാഷ്ട്രീയ ഇസ്‍ലാമുകള്‍ എന്ന് അടയാളപ്പെടുത്തപ്പെട്ട ഇസ്‍ലാമിക തീവ്രവാദികളോ, ഹിജാബ് നല്‍കുന്ന ദൃശ്യപരമായ അപരിചിതത്വമോ മാത്രമല്ല, അത് മുസ്‍ലിം സമുദായത്തിന്റെ സാമ്പത്തികമായ ഉന്നമനത്തെ അസൂയയോടെ വീക്ഷിക്കുന്ന ഹിന്ദു അപകര്‍ഷതാ ബോധം കൂടിയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ അമ്പത് വര്‍ഷങ്ങള്‍ക്കിടെ കേരളത്തിലെ മുസ്‍ലിം സമൂഹം ഉണ്ടാക്കിയ സാമ്പത്തിക സാംസ്‌കാരിക മുന്നേറ്റത്തെ അല്പം പോലും സഹിഷ്ണുതയോടെ സ്വീകരിക്കാന്‍ അപകര്‍ഷതാ ബോധം നിറഞ്ഞ ഹിന്ദു മധ്യവര്‍ഗങ്ങള്‍ക്ക് കഴിയുന്നില്ല എന്നത് വ്യക്തമായിരിക്കുന്നു. കേരളത്തിലെ മുസ്‍ലിംകളുമായി ആശയപരമായും സമരാധിഷ്ഠിതമായും യോജിപ്പ് പുലര്‍ത്തുന്ന ദലിത് വിഭാഗങ്ങളും ഇതര പിന്നോക്ക വിഭാഗങ്ങളിലെ ചെറിയൊരു ശതമാനവും മാത്രമാണ് ഈ അപകര്‍ഷതാബോധം കൊണ്ടുനടക്കാത്തത്. എന്ന് മാത്രമല്ല ഈ വിഭാഗങ്ങള്‍ മാത്രമാണ് വളര്‍ന്നു വരുന്ന ഇസ്‍ലാമോഫോബിയയെ ചെറുക്കാന്‍ വേണ്ട പ്രതിരോധവ്യവഹാരങ്ങള്‍ക്ക് രൂപം കൊടുക്കുന്നതും.''(കേരളത്തിലെ ഇസ്‍ലാമോഫോബിയയുടെ സാമ്പത്തിക കാരണങ്ങള്‍, ജോണി എം.എല്‍, ദി ഫോര്‍ത്ത് ന്യൂസ്, ആഗസ്റ്റ് 3, 2024).
അഹമ്മദാബാദിലെ ഒന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ മുന്‍ ഫാക്കല്‍റ്റിയംഗവും, സംരംഭകര്‍ക്ക് ഒരു ആസൂത്രണസഹായി എന്ന കൃതിയുടെ കര്‍ത്താവുമായ ഡോ. ജോസ് സെബാസ്റ്റിയന്‍ എഴുത്ത് ഓണ്‍ലൈന്‍ മാഗസിനില്‍ 'കേരളം തേടേണ്ടത് സംരംഭകത്വ വഴി' എന്ന ശീര്‍ഷകത്തില്‍ സപ്തംബര്‍ മാസത്തില്‍ ഒരു ലേഖനം എഴുതിയിരുന്നു( (എഴുത്ത് മാഗസിന്‍ സെബ്തംബര്‍, 2, 2024). അതില്‍ അദ്ദേഹം ഗള്‍ഫ് പണത്തെ ഒഴിവാക്കപ്പെടേണ്ട തിന്മയായോ സമ്പദ്ഘടനയെ കാര്‍ന്നുതിന്നുന്ന പ്രതിഭാസമായോ അല്ല കാണുന്നത്. മറിച്ച് കമ്മ്യൂണിസ്റ്റുകളുടെ താത്വിക നിര്‍ബന്ധബുദ്ധിയുടെ ഫലമായി വേണ്ടവിധം സ്വാധീനം ചെലുത്താതെപോയ സാമ്പത്തിക പ്രതിഭാസമായാണ്. തീര്‍ച്ചയായും മറ്റു കാരണങ്ങളെയും അദ്ദേഹം പരിഗണിക്കുന്നുണ്ട്. ഗള്‍ഫ് പണത്തിന്റെ വരവിനെ വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ കഴിയാതിരുന്നതിന്റെ ഭാഗമായി നഷ്ടപ്പെട്ട അവസരമായും അദ്ദേഹം കണ്ടു.
അദ്ദേഹം എഴുതുന്നു: ''എക്കാലവും കുടിയേറ്റത്തില്‍നിന്നുള്ള പുറംവരുമാനം കേരള സമ്പദ്‍വ്യവസ്ഥയുടെ ഒരു പ്രധാന ചാലകശക്തിയായിരുന്നു. ആദ്യകാലത്ത് ഇതു സിലോണ്‍, ബര്‍മ, മലയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ വ്യവസായനഗരങ്ങളിലേക്കുമായിരുന്നു. പക്ഷേ, ഇന്നത്തെ കേരളമാതൃകാവികസനം വലിയൊരളവോളം ഗള്‍ഫ് കുടിയേറ്റത്തിന്റെ സംഭാവനയാണ്. നാട്ടില്‍ മിച്ചമൂല്യചൂഷണത്തെ എതിര്‍ത്തുതോല്പിച്ച മലയാളി, മണലാരണ്യത്തിലെ കൊടിയ ചൂഷണത്തിനു നിന്നുകൊടുത്ത് നാട്ടില്‍ സമ്പത്തുല്‍പാദനം നടക്കുന്നില്ല എന്ന വസ്തുതയെ സമര്‍ഥമായി മറച്ചുവയ്ക്കാന്‍ ഇതൊരു മാതൃകയാക്കി ഉയര്‍ത്തിക്കാട്ടി. ഗള്‍ഫ് പണംമൂലം മലയാളികളുടെ ആളോഹരി ഉപഭോഗം വളരെ വര്‍ധിച്ചു.(...) ഗള്‍ഫ് പണം സത്യത്തില്‍ കേരളത്തിലെ ഉല്‍പാദനമേഖലകള്‍ക്ക് ഉണര്‍വു പകരേണ്ടതായിരുന്നു. അതു സംഭവിക്കാത്തതിന് പ്രധാനകാരണം ധനശാസ്ത്രത്തില്‍ 'ഡച്ച്ദീനം' എന്നറിയപ്പെടുന്ന പ്രതിഭാസമാണ്. വന്‍തോതില്‍ പുറംവരുമാനം ഒഴുകുന്ന ഒരു സമ്പദ്‍വ്യവസ്ഥയിലെ ഉല്‍പാദനമേഖലകള്‍ തളരുന്നത് പലയിടത്തും അനുഭവപ്പെട്ടിട്ടുള്ളതാണ്. കേരളത്തിന്റെ കാര്യത്തില്‍ ഉയര്‍ന്ന കൂലിനിരക്കും ഭൂമിയുടെ ഉയര്‍ന്ന വിലയും ഒക്കെ ഈ ദീനത്തിന്റെ ലക്ഷണങ്ങളായിരുന്നു.(...) മറ്റൊരുകാരണം സംരംഭകന് കേരളസമൂഹത്തിലുള്ള താഴ്ന്ന വിലയും നിലയുമാണ്. സംരംഭകരായി വിജയിച്ചിട്ടുള്ളവര്‍ അധികമില്ല. സൂട്ടും കോട്ടുമിട്ട് വിമാനമിറങ്ങുന്ന പേര്‍ഷ്യക്കാരന്‍ എവിടെ, വിയര്‍ത്തൊലിച്ച് സര്‍ക്കാര്‍ ഓഫീസുകളുടെ തിണ്ണനിരങ്ങുന്ന സംരംഭകന്‍ എവിടെ? ഈ പെടാപ്പാട് പെടുന്നതിലും നല്ലത് ഗള്‍ഫില്‍ എങ്ങാനും പോയി നാലു പുത്തന്‍ ഉണ്ടാക്കുന്നതാണ് എന്നു പലര്‍ക്കും തോന്നിയെങ്കില്‍ അതിന് അവരില്‍ കുറ്റം കണ്ടെത്താനാവില്ല.''
അതായത് അദ്ദേഹം ഗള്‍ഫ് പണത്തിനല്ല, സംരംഭകത്വത്തോടുള്ള കേരളീയ സമൂഹത്തിന്റെ മനോഭാവത്തിലാണ് കുഴപ്പം കാണുന്നത്.
2. ഒരു മുസ്‍ലിം വനിതയുടെ ഇസ്‍ലാമോഫോബിക് അനുഭവാഖ്യാനം:
ഇസ്‍ലാമോഫോബിയക്കെതിരേയുള്ള പ്രതിരോധനത്തില്‍ അനുഭവാഖ്യാനത്തിന് വലിയ പങ്കുണ്ട്. സമൂഹത്തെ കാര്‍ന്നുതിന്നുള്ള വംശീയതയുടെ അടിവേരുകളിലേക്ക് ജനശ്രദ്ധയാകര്‍ഷിക്കുന്നതില്‍ ഇത്തരം അനുഭവങ്ങള്‍ പങ്കുവഹിക്കുന്നു. പൊതുപ്രവര്‍ത്തകയായ മുംതാസ് ബീഗത്തിന്റെ സാമൂഹ്യമാധ്യമങ്ങളിലെ തുറന്നെഴുത്ത് ഇങ്ങനെയൊരു പ്രതിരോധാന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ആദ്യം ഫേസ്ബുക്കിലൂടെയും പിന്നീട് ഓണ്‍ലൈന്‍ ചാനലുകളിലൂടെയുമാണ് ഈ അനുഭവങ്ങള്‍ പുറത്തെത്തിയത്. ആധാര്‍ കാര്‍ഡിലുണ്ടായ ഒരു പ്രശ്നം തന്റെ മകളുടെ പൗരത്വത്തെത്തന്നെ ചോദ്യ ചെയ്യുന്നതിലേക്ക് നയിച്ചുവെന്നാണ് അവര്‍ എഴുതിയത്.
പെട്ടെന്ന് ഒരു ദിവസം മുതാസിന് ബാഗ്ലൂര്‍ ആധാര്‍ ഓഫിസില്‍നിന്ന് ഒരു കത്ത് ലഭിച്ചു. 28എ പ്രകാരം തന്റെ മകളുടെ ഇന്ത്യയില്‍ താമസിക്കാനുള്ള കാലാവധി അവസാനിച്ചിരിക്കുന്നുവെന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. 28 എ എന്നത്, വിസകാലാവധി അനുസരിച്ച് വിദേശികള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന ആധാര്‍ നമ്പര്‍ ആണ്. ഇന്ത്യയില്‍ താമസിക്കാനുള്ള കാലാവധി തീരുമ്പോള്‍ സ്വാഭാവികമായും അന്വേഷണം വരും. അങ്ങനെയൊരു അന്വേഷണമാണ് മുംതാസിന്റെ മകളിലേക്ക് എത്തിയിരിക്കുന്നത്. എന്നാല്‍, മകളുടെ സര്‍വ്വരേഖകളും ഇന്ത്യയിലേതാണ്. സ്‌കൂളില്‍നിന്നും വിവിധ റവന്യൂ ഓഫിസുകളില്‍നിന്നും എല്ലാ രേഖകളും ശരിയാക്കി അവര്‍ തിരുവനന്തപുരം ആധാര്‍ ഓഫിസിലെത്തി. അവിടത്തെ ഉദ്യോഗസ്ഥയുടെ ചോദ്യങ്ങള്‍ അവര്‍ ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയിരുന്നു:
ചോദ്യം1) ഇവള്‍ മാലിക്കാരിയാണോ?
ഉത്തരം: അല്ല, എന്റെ മകളാണ്. (ബര്‍ത് സര്‍ട്ടിഫിക്കറ്റും എന്റെ രേഖകളും കാണിച്ചു)
ചോദ്യം 2) മാലിയില്‍ പോയിട്ടുണ്ടോ?
ഉത്തരം: ഇല്ല.
ചോദ്യം 3) വിദേശത്താണോ കുട്ടി ജനിച്ചത്?
ഉത്തരം: മേഡം ആ ബര്‍ത് സര്‍ട്ടിഫിക്കറ്റ് നോക്കൂ...
ചോദ്യം 4) പാസ്പോര്‍ട്ട് ഉണ്ടോ?
ഉത്തരം: ഇല്ല
ചോദ്യം 5)
കേന്ദ്രസര്‍ക്കാറിനെതിരെയുള്ള സമരങ്ങളില്‍ നിങ്ങള്‍ക്കെതിരേ സമന്‍സുണ്ടോ?
ഉത്തരം: ഇല്ല.
തുടര്‍ന്ന് രേഖകള്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ സൈറ്റില്‍ അപ് ലോഡ് ചെയ്തു. പ്രശ്നം ഒരു ക്ലറിക്കൽ മിസ്റ്റേക്കായിരുന്നു.
ഇതൊക്കെയാണെങ്കിലും മുംതാസിന്റെ മകളുടെ മനോവിഷമം തീര്‍ന്നിരുന്നില്ല. എല്ലാ രേഖകളും സബ്മിറ്റ് ചെയ്തതുകൊണ്ട് പ്രശ്നം ഒരാഴ്ചക്കുള്ളില്‍ തന്നെ ശരിയാകുമെന്ന് ബോധ്യപ്പെടുത്തിയശേഷമാണ് മകള്‍ക്ക് ആശ്വാസമായത്. പറഞ്ഞതുപൊലെ ഒരാഴ്ച കഴിഞ്ഞ് ശരിയാകുകയും ചെയ്തു.''(സെപ്തംബര്‍ 5, 2024, എഫ്ബി, മുംതാസ് ബീഗം)
ഇതേ കുറിച്ച് മീഡിയാവണ്‍ ഷെല്‍ഫില്‍ എഴുതിയ കുറിപ്പില്‍ അവര്‍ എഴുതി: വെറും ക്ലറിക്കല്‍ മിസ്റ്റേക്ക് എന്ന പേരില്‍ ഒരാഴ്ച എന്റെ മകളെ ഇന്ത്യക്കാരിയല്ലാതാക്കിയത് ബി.ജെ.പി സര്‍ക്കാരാണ്. ആധാര്‍ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ല എന്ന് കാര്‍ഡിന്റെ പുറകില്‍ തന്നെ എഴുതിയിട്ടുണ്ട്. പക്ഷേ, പൗരത്വം തെളിയിക്കാന്‍ മാത്രമല്ല, അപേക്ഷിക്കുന്ന സകല രേഖകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ് എന്നതാണ് വിരോധാഭാസം. അക്ഷയ കേന്ദ്രങ്ങളില്‍ ടോക്കണ്‍ എടുക്കാന്‍ തന്നെ ക്യൂ നിന്നാണ് പാവപ്പെട്ട ജനങ്ങള്‍ ആധാര്‍ ശരിയാക്കുന്നത്. രേഖകള്‍ എല്ലാം അപ്ലോഡ് ചെയ്താലും ബാംഗ്‌ളൂരില്‍ ഇരുന്ന് രേഖപ്പെടുത്തുന്നവര്‍ എന്തുകൊണ്ട് മനഃപൂര്‍വ്വം ഇത്രയധികം മിസ്റ്റേക്ക് വരുത്തുന്നു? വെറുമൊരു ക്ലറിക്കല്‍ മിസ്റ്റേക്കിന് ഇന്ത്യയില്‍ താമസിക്കാനുള്ള കാലാവധി കഴിഞ്ഞു എന്ന ഉള്ളടക്കമാണോ പൗരന്‍മാര്‍ക്ക് അയക്കാന്‍ പൊതുവേ തയ്യാറാക്കി വെച്ച കണ്ടന്റ്? അപ്പോള്‍ വിദേശികള്‍ക്ക് രേഖകള്‍ നോക്കാതെയാണോ ആധാര്‍ അനുവദിക്കുന്നത്? ആധാര്‍ പൗരന്മാരുടെ അടിയാധാരമാക്കി, അതില്‍ ക്ലറിക്കല്‍ മിസ്റ്റേക്ക് വരുത്തി ബി.ജെ.പി. ഉന്നം വെക്കുന്നവരുടെ പൗരത്വം റദ്ദ് ചെയ്യാനുള്ള ടെസ്റ്റ് ടോസ് ആണോ ഈ ക്ലറിക്കല്‍ മിസ്റ്റേക്കുകള്‍? പൗരന്‍മാരല്ലെന്ന് പ്രഖ്യാപിച്ച് അസമിലെ ബാര്‍പേട്ട ജില്ലയിലെ 28 മുസ്ലിംകളെ തടങ്കല്‍പാളയത്തിലേക്ക് അയച്ച വാര്‍ത്ത കഴിഞ്ഞദിവസമാണ് പത്രങ്ങളില്‍ വായിച്ചത്. എന്‍പിആറും എന്‍ആര്‍സിയുമൊക്കെ തലക്കുമുകളില്‍ വാള്‍കണക്കെ തൂങ്ങിയാടുമ്പോള്‍ ഭരണകൂടത്തോടുള്ള മറു ചോദ്യങ്ങള്‍ അനിവാര്യമാകുന്നു.(എന്നെ അവര്‍ മാലിയിലേക്കയക്കുമോ ഉമ്മീ; കരഞ്ഞുകൊണ്ട് മകള്‍ എന്നോട് ചോദിച്ചു, സെപ്തംബര്‍ 11, 2024, മീഡിയാവണ്‍ ഷെല്‍ഫ്)
3. യു.എ ഖാദറിനും ബഷീറിനും നഷ്ടപ്പെട്ട പുരസ്‌കാരങ്ങള്‍:
വിവേചനങ്ങള്‍ നേരിട്ട് കാണാനാവുമെങ്കില്‍ അതുപോലും ഒരു സാധ്യതയാണ്. കാരണം അത് നമ്മെ പരിഹാരങ്ങളിലേക്ക് നയിക്കും. എന്നാല്‍ മിക്കവാറും വിവേചനങ്ങള്‍ അദൃശ്യമാണെന്നു മാത്രമല്ല, അത് ചൂണ്ടിക്കാട്ടുന്നതുപോലും ആക്ഷേപാര്‍ഹമായിത്തീരും. അങ്ങനെയുള്ള സാഹചര്യത്തില്‍ വിവേചനങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ പലരും രഹസ്യമാക്കിവയ്ക്കും. അതാണ് പൊതുരീതി.
എന്നാല്‍ അതിനെ മറികടന്നുകൊണ്ട് സെപ്തംബര്‍ മാസത്തില്‍ സി.പി.എം നേതാവ് എം.എ ബേബി നടത്തിയ ഒരു പ്രസംഗം പൊതുജനശ്രദ്ധയാകര്‍ഷിച്ചു. സെപ്തംബര്‍ 2ാം തിയ്യതി കോഴിക്കോട് വച്ച് നടന്ന കെ.ഇ.എന്നിന്റെ തിരഞ്ഞെടുത്ത രചനകളുടെ സമാഹാരമായ സംവാദങ്ങളുടെ ആല്‍ബത്തിന്റെ പ്രകാശനച്ചടങ്ങായിരുന്നു വേദി.പ്രകാശന കര്‍മത്തില്‍ എം.എ ബേബിയടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. കേരളത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നതില്‍ നാളുകളായി നടക്കുന്ന ചില വിവേചനങ്ങള്‍ ബേബി തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. മലയാളത്തിലെ കഥാകാരന്മാരുടെ കൂട്ടത്തില്‍ ഏറ്റവും സമുന്നതമായ സ്ഥാനത്തുവച്ച് ആദരിക്കേണ്ടിയിരുന്ന എഴുത്തുകാരനായ യു.എ ഖാദറും ബഷീറും എന്തുകൊണ്ട് പ്രമുഖ പുരസ്‌കാരങ്ങളില്‍നിന്ന് ഒഴിച്ചുനിര്‍ത്തപ്പെട്ടുവെന്നതാണ് അദ്ദേഹം ഉയര്‍ത്തിയ ചോദ്യം.
''മലയാളത്തിലെ കഥാകാരന്മാരുടെ കൂട്ടത്തില്‍ ഏറ്റവും സമുന്നതനായ സ്ഥാനത്തുവച്ച് ആദരിക്കേണ്ടിയിരുന്ന എഴുത്തുകാരനാണ് യുഎ ഖാദര്‍. എന്തുകൊണ്ട് അദ്ദേഹത്തിന് എഴുത്തച്ഛന്‍ പുരസ്‌കാരം കൊടുക്കാന്‍ കഴിഞ്ഞില്ലെന്നത് വിമര്‍ശനമായും സ്വയം വിമര്‍ശനമായും പരിശോധിക്കേണ്ടതുണ്ട്. ഇതുപോലെ ചോദിക്കേണ്ട ഒരു ചോദ്യമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യത്തെ പുരസ്‌കാരം നല്‍കേണ്ടിയിരുന്ന വൈക്കം മുഹമ്മദ് ബഷീറിന് അതുകൊടുത്തില്ല എന്നതും. അടുത്ത വര്‍ഷം അതുകൊടുക്കാന്‍ അദ്ദേഹം ജീവിപ്പിച്ചിരിപ്പുണ്ടായില്ല. ഒന്നാമത് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചയാള്‍ അനര്‍ഹമാണെന്നു പറയാനാവില്ല. എന്നാല്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജീവിച്ചിരുന്നപ്പോള്‍ വേറൊരാള്‍ക്കും അര്‍ഹത ഉണ്ടായിരുന്നില്ല. അത് അനീതിയാണെന്ന് പലരും പറഞ്ഞിരുന്നു. അക്കൂട്ടത്തില്‍ താനും ഉണ്ടായിരുന്നു'' (യു.എ ഖാദറിന് എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കേണ്ടതായിരുന്നു -എം.എ. ബേബി, സെപ്തംബര്‍ 11, 2024, മാതഭൂമി, സംവാദങ്ങളുടെ ആല്‍ബം പ്രകാശിപ്പിച്ചു, സെപ്തംബര്‍ 11, 2024, ദേശാഭിമാനി). ഇരുവരും മാറ്റിനിര്‍ത്തപ്പെട്ടതിനുപിന്നിലുള്ള വികാരമെന്താണെന്ന് ബേബി പറഞ്ഞില്ലെന്നത് സത്യമാണ്. എങ്കിലും കേട്ടവര്‍ക്ക് ബോധ്യപ്പെട്ടിരിക്കണം.
4. ഇസ്‌ലാമോഫോബിയ ഒരു പ്രശ്നം തന്നെ:
മുസ്‍ലിം സമൂഹത്തെയും മലപ്പുറത്തെയും ലക്ഷ്യമിട്ട് കേരള പോലിസിലെ ഒരു പ്രബല വിഭാഗം നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ നടത്തിയ വെളിപ്പെടുത്തല്‍ 2024 ആഗസ്റ്റ് മാസം മുതല്‍ കേരളത്തില്‍ വലിയ കോലാഹരമുണ്ടാക്കി. ആര്‍.എസ്.എസ് ലോബി കേരളത്തിലെ ആഭ്യന്തര വകുപ്പില്‍ പിടിമുറുക്കിത്തുടങ്ങിയെന്നും മലപ്പുറത്തെ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാക്കി അവതരിപ്പിക്കാനുള്ള ശ്രമം വ്യാപകമാണെന്നും അദ്ദേഹം ആരോപിച്ചു. ഇതേ കുറിച്ച് വിവിധ ചാനലുകളില്‍ നിരവധി ചര്‍ച്ചകള്‍ നടന്നു. അത്തരമൊരു ചര്‍ച്ച റിപ്പോര്‍ട്ടര്‍ ചാനലിനും നടന്നു. അതില്‍ പങ്കെടുത്തുകൊണ്ട് ഇടത് സഹയാത്രികനായ എം ജയചന്ദ്രന്‍ നടത്തിയ പ്രതികരണം ശ്രദ്ധേയമായിരുന്നു. പ്രശ്നങ്ങളുടെ മര്‍മം ഇസ്‍ലാമോഫോബിയയാണെന്ന ആരോപണങ്ങളില്‍ ഏറെക്കുറെ കഴമ്പുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്
''(...) കേരളത്തിലെ മുസ്‍ലിം കമ്മ്യൂണിറ്റി അനുഭവിക്കുന്ന ചില പ്രശ്നങ്ങളുണ്ട് എന്ന തോന്നലില്‍നിന്നാണ് ഇങ്ങനെയൊരു വിമര്‍ശനവുമായി ഭരണകക്ഷി എം.എല്‍.എ പി.വി അന്‍വര്‍ വന്നത്. പോലിസ് വകുപ്പില്‍നിന്ന് മുസ്‍ലിം കമ്മ്യൂണിറ്റിക്ക് നീതി ലഭിക്കുന്നില്ല എന്നാണ് അന്‍വറെപോലുള്ള ആളുകളുടെ വിശ്വാസം. അതിന് ഇസ്‍ലാമോഫോബിയയുമായി ബന്ധമുണ്ടെന്ന് അവര്‍ കരുതുന്നുണ്ട്. പോലിസില്‍നിന്ന് മുസ് ലിംകമ്മ്യൂണിറ്റിക്ക് നീതി ലഭിക്കില്ലെന്ന വിശ്വാസതകര്‍ച്ചയുടെ പ്രശ്നം തന്നെയാണ് എഡിജിപിയുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നിലും. അതിനെ സിപിഎം എങ്ങനെ കാണുമെന്നത് കാണാനിരിക്കുന്ന കാര്യമാണ്. പൊന്നാനിയിലെ അതിജീവിത, കോഴിക്കോട്ടെ മാമി, എടവണ്ണയിലെ റിദാന്‍ ബാസില്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ എഡിജിപി അജിത് കുമാര്‍ അടക്കമുള്ളവര്‍ നടത്തിയ ഇടപെടലുകള്‍ സാമുദായിക പ്രശ്നം തന്നെയാണെന്നും അത്തരത്തില്‍ ഒരു അരക്ഷിത നിലയിലേക്ക് കേരളത്തിലെ മുസ് ലിംസമുദായം എത്തിനില്‍ക്കുന്നുവെന്നും കരുതുന്നവരുണ്ട്. സാമുദായികമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണം എന്ന് അവര്‍ കരുതുന്നു. പോലിസില്‍നിന്ന് മുസ്‍ലിംകള്‍ക്ക് നീതി ലഭിക്കുന്നില്ല എന്ന് വാദിച്ചാല്‍ ബിജെപി പിന്തുണയ്ക്കില്ല. ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് കോണ്‍ഗ്രസ്സിന് അറിയാം. മുസ്‍ലിം ലീഗിനും വ്യക്തമായിട്ടറിയാം. എങ്കിലും അവരിതുവരെ അതുയര്‍ത്തിയിട്ടില്ല.
ഇപ്പോള്‍ മലപ്പുറം ജില്ലയില്‍നിന്നാണ് ഈ പ്രശ്നം ഉയര്‍ന്നുവന്നിട്ടുള്ളത്. മുസ്‍ലിം കമ്മ്യൂണിറ്റിക്ക് ആഭ്യന്തര വകുപ്പിന്റെ പോലിസിങ്ങിലുള്ള വിശ്വാസം വളരെ വളരെ കുറഞ്ഞിരിക്കുന്നു (നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പറയില്ല). (...) ഇപ്പോള്‍ സംഭവിക്കുന്നതൊക്കെ വസ്തുതാപരമായ അനുഭവമാണ്. ആ അനുഭവത്തിന്റെ ഉള്‍ച്ചൂടില്‍നിന്നാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ വരുന്നത്. ആ ഉള്‍ച്ചൂടിനെ കാണാതിരിക്കാന്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും മുന്നണിക്കും കഴിയില്ല. '' ('പൊലീസില്‍ നിന്ന് മുസ്‍ലിം കമ്മ്യൂണിറ്റികള്‍ക്ക് നീതി കിട്ടുന്നില്ല...' എം ജയചന്ദ്രന്‍, റിപോര്‍ട്ടര്‍ ടിവി, സെപ്തംബര്‍ 10, 2024)
5. ഇസ്‍ലിംമോഫോബിയ പ്രചരിപ്പിക്കാന്‍ ഒരു പുസ്തകം!
കേരളത്തില്‍ ഐസിസ് റിക്രൂട്ട്‌മെന്റ് വ്യാപകമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍ അഭിപ്രായപ്പെട്ടെന്ന വാര്‍ത്ത വലിയ കോലാഹലമാണ് കേരളത്തിലെ മാധ്യമരംഗത്തുണ്ടായത്. ചെറുപ്പക്കാര്‍ പൊളിറ്റിക്കല്‍ ഇസ്‍ലാമിലേക്ക് വഴി തെറ്റുവെന്നും കണ്ണൂരില്‍ നിന്നുള്ള ചെറുപ്പക്കാരാണ് കൂടുതലായി ഭീകരസംഘടനയിലേക്ക് പോകുന്നതെന്നും കണ്ണൂരിലെ പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജയരാജന്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ പുതിയ പുസ്തകവുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിനാണ് സംസ്ഥാനത്ത് ഇസ്‍ലാമിക തീവ്രവാദം വേരുന്നിയതായി അദ്ദേഹം അഭിപ്രായപ്പെട്ടത്: ലോകത്താകെ ഇസ്‍ലാമിക തീവ്രവാദം വര്‍ദ്ധിക്കുകയാണ്. അതിന്റെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുമുള്ള യുവാക്കള്‍ ഐസിസിലേക്ക് പോകുന്നു. ഇതിനെ ഗൗരവമായി തന്നെ കാണണം. ജമാഅത്തെ ഇസ്‍ലാമിയും പോപ്പുലര്‍ ഫ്രണ്ടും മതരാഷ്ട്രീയ വാദികളാണ്. മുസ്‍ലിം തീവ്രവാദികള്‍ക്കെതിരെ പറയുമ്പോള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടാകും. അത് സാധാരണ മുസ്‍ലിം മതവിശ്വാസിക്കെതിരല്ല. (ഐസിസ് റിക്രൂട്ട്‌മെന്റ് കേരളത്തില്‍ വ്യാപകം; പി ജയരാജന്‍, കേരള കൗമുദി, സെപ്തബര്‍ 17, 2024) ചില കണക്കുകളൊക്കെ പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. കശ്മീരില്‍ കൊല്ലപ്പെട്ട കണ്ണൂരിലുള്ള 4 ചെറുപ്പക്കാരെക്കുറിച്ചും അഭിമുഖത്തില്‍ സൂചിപ്പിച്ചു. കണ്ണൂരിലെ യുവാക്കളില്‍ ഇസ്‍ലാമിക 'ഭീകരവാദ' സംഘടനകള്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് പത്രങ്ങള്‍ വായനക്കാരന്റെ പ്രതീക്ഷകളെ ഉണര്‍ത്തിയത്.
ജയരാജന്റെ അഭിമുഖം സ്വാഭാവികമായും വാര്‍ത്തയായി. സെപ്തംബര്‍ 19, 2024ന് 24ന്യൂസ് ഇതുസംബന്ധിച്ച ചര്‍ച്ച സംഘടിപ്പിച്ചു. അഡ്വ. അമീന്‍ ഹസനായിരുന്നു പാനലിസ്റ്റുകളില്‍ ഒരാള്‍. പി ജയരാജന്റെ ലക്ഷ്യം ആത്മകഥയല്ല, ഇസ്‍ലാമോഫോബിയ പ്രചരിപ്പിക്കലാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു: ''ആത്മകഥ എഴുതുകയാണെന്നാണ് വിചാരിച്ചത്. പിന്നെയാണ് ആത്മകഥയല്ല, ഇസ്‍ലാമോഫോബിയ പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അറിയുന്നത്. ഇതുവരെ പുറത്തുവന്ന വാര്‍ത്തയനുസരിച്ച് കേരളത്തില്‍ നല്ല വളക്കൂറുള്ള മുസ്‍ലിം വിരുദ്ധത പ്രചരിപ്പിക്കുന്ന പുസ്തകമാണ് പി ജയരാജന്‍ എഴുതിയിട്ടുള്ളതെന്ന് വേണം മനസ്സിലാക്കാന്‍. അങ്ങനെയൊരു പുസ്തകം കേരളത്തില്‍ ഒരു പരിശോധനയും കൂടാതെ ഏത് സമയത്തും എഴുതാന്‍ കഴിയും. നിര്‍ബാധം സി.പി.എം ഉപയോഗപ്പെടുത്തിയിട്ടുള്ള മുസ്‍ലിം വിരുദ്ധതയുടെ, ഇസ്‍ലാമോഫോബിയയുടെ തുടര്‍ച്ചയാണ് പി ജയരാജനും നടത്തിയിട്ടുള്ളത് എന്നുവേണം അനുമാനിക്കാന്‍(എന്‍കൗണ്ടര്‍ പ്രൈം, ആശയോ ആശങ്കയോ, സെപ്തംബര്‍ 19, 2024 24ന്യൂസ്)
6. സംഘപരിവാര്‍ ഇസ്‍ലാമോഫോബിയയും ഇടതു ഇസ്‍ലാമോഫോബിയയും: സുദേഷ് എം രഘു
ഇസ്‍ലാമോഫോബിയയെ വളരെ ഗൗരവത്തില്‍ കൈകാര്യം ചെയ്യുന്ന സംഘടനയാണ് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്. അവര്‍ ഒക്ടോബര്‍ 25ാം തിയ്യതി എറണാകുളത്ത് 'ഇടത് ഭരണത്തിലെ മുസ്‌ലിം: ഇസ്‌ലാമോഫോബിയ ഓഡിറ്റിങ് പിണറായി സര്‍ക്കാരിന്റെ 8 വര്‍ഷം' എന്ന ശീര്‍ഷകത്തില്‍ ഇസ്‍ലാമോഫോബിയക്കെതിരേ ഒരു സമ്മേളനം നടത്തി. അതില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. എന്തുകൊണ്ടാണ് പാര്‍ശ്വവല്‍കൃതര്‍ക്കുവേണ്ടി എന്നും നിലകൊള്ളുന്ന ഇടതുപക്ഷം പോലുള്ള രാഷ്ട്രീയപ്രസ്ഥാനം ഇന്ത്യയിലെ ഏറ്റവും പാര്‍ശ്വവല്‍കൃതരായ ജനങ്ങളായ മുസ്‌ലിംകളോട് ശത്രുതാപരമായ സമീപനത്തിലേക്ക് പോകുന്നത് എന്നാണ് ഇസ്‍ലാമോഫോബിയക്കെതിരേ നിരന്തരം പ്രവര്‍ത്തിക്കുകയും എഴുതുകയും ചെയ്യുന്ന സുദേഷ് എം രഘു പരിശോധിച്ചത്: ''ഇടതുപക്ഷം പൊതുവെ സ്വത്വവാദരാഷ്ട്രീയം എന്നു പറയുന്നതിനെ എതിര്‍ത്തുപോരുന്നുണ്ട്. അത് സി.പി.എമ്മിന്റെ മാത്രം നിലപാടല്ല. സഹോദരന്‍ അയ്യപ്പനൊക്കെ അദ്ദേഹത്തിന്റെ കാലത്ത് സമുദായ പ്രാതിനിധ്യവാദം മുന്നോട്ടുവച്ചിരുന്നു(അക്കാലത്ത് സ്വത്വവാദത്തെ അങ്ങനെയാണ് വിളിച്ചിരുന്നത്). അവസാനകാലത്ത് അദ്ദേഹം ഇത് ഉപേക്ഷിച്ച് പൊതുവായ പ്രസ്ഥാനത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന സങ്കല്‍പ്പത്തിലേക്കെത്തുന്നുണ്ട്. കോണ്‍ഗ്രസ്സായാലും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയായാലും അവയൊക്കെ വിവിധ സമുദായങ്ങളുടെ കൂട്ടായ്മയായിരിക്കും. അതിനകത്ത് സമുദായപ്രാതിനിധ്യം എത്രത്തോളം ഉന്നയിക്കാന്‍ കഴിയുമെന്നതാണ് പ്രധാന വിഷയം. അതുന്നയിക്കുന്ന ആ നിമിഷം നാം ജാതിവാദിയും വര്‍ഗീയവാദിയെന്നും അധിക്ഷേപിക്കപ്പെടും. സമുദായപ്രാതിനിധ്യമെന്ന വാദം ഉന്നയിക്കാന്‍ സഹോദരന്‍ അയ്യപ്പനുപോലും കഴിയാത്ത പോലെ പരിണാമം സംഭവിക്കുന്നു. ഇത് ശ്രദ്ധിക്കേണ്ട ഒരു പോയിന്റാണ്.
സമുദായമെന്ന സങ്കല്‍പ്പത്തെ കൈവിട്ടുവെന്നതാണ് ദലിതരുടെയും പിന്നാക്കക്കാരുടെയും അടിസ്ഥാപ്രശ്‌നം. ഇത് കയ്യൊഴിയാത്ത ഒരേയൊരു വിഭാഗം മുസ്‍ലിംകളാണ്. സമുദായരാഷ്ട്രീയത്തെ അവര്‍ ശക്തമായി ഉയര്‍ത്തിപ്പിടിച്ചു. അതുകൊണ്ടാണ് ഇടതുപക്ഷം പോലുള്ള പ്രസ്ഥാനങ്ങള്‍ മുസ്‌ലിംരാഷ്ട്രീയത്തെ വലിയ കുഴപ്പമായി അവതരിപ്പിക്കുന്നത്. അവരെ അപരന്മാരായി കണക്കാക്കുന്നത്.
സംഘപരിവാര്‍ പോലുള്ളവരുടെ ഇസ്‌ലാമോഫോബിയയില്‍നിന്ന് വ്യത്യസ്തമാണ് ഇടതുപക്ഷം പോലുള്ളവരുടെ ഇസ്‌ലാമോഫോബിയ. സംഘപരിവാറിന് മുസ്‍ലിംകളെ ഇല്ലാതാക്കുകയെന്ന വംശഹത്യാരാഷ്ട്രീയമുണ്ട്. മറയില്ലാതെ അവരത് തുറന്നുപറയാറുണ്ട്. ഇക്കാര്യം നമുക്ക് വേഗത്തില്‍ മനസ്സിലാവും. അതുകൊണ്ടാണ് മുസ്‌ലിംകള്‍ സംഘപരിവാറുമായി ഒത്തുതീര്‍പ്പിലെത്താതെ അവരെ ഒഴിവാക്കുന്ന തരത്തില്‍ അതിസൂക്ഷ്മമായ രാഷ്ട്രീയ നിലപാടുകള്‍ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഈ നിലപാടുകള്‍ സി.പി.എം പോലുള്ളവരെ അലോസരപ്പെടുത്തുന്നു. സംഘപരിവാറിനെപ്പോലെ മുസ്‍ലിംകളെ വംശഹത്യയിലേക്ക് തള്ളിവിടണമെന്ന താല്‍പര്യം കോണ്‍ഗ്രസ്സിനോ ഇടതുപക്ഷങ്ങള്‍ക്കോ ഇല്ലെന്നത് ശരിയാണ്. പ്രത്യക്ഷമായോ പരോക്ഷമായോ അത്തരം നിലപാടുകളുമില്ല. അതുകൊണ്ടാണ് മതേതരത്വത്തിമെന്ന സങ്കല്‍പ്പത്തില്‍ നിരവധി ദൗര്‍ബല്യങ്ങളുണ്ടെങ്കിലും നാമവരെ മതേതര കക്ഷികളെന്ന് വിളിക്കുന്നത്. അവര്‍ക്ക് വോട്ടുചെയ്യുന്നതും അതുകൊണ്ടാണ്. എന്നാല്‍ സംഘപരിവാറിനെ നാം അകറ്റി നിര്‍ത്തുന്നത് അവര്‍ക്ക് വംശഹത്യയുടെ രാഷ്ട്രീയം ഉള്ളതുകൊണ്ടാണ്.
സിപിഎമ്മിന്റെ അടിസ്ഥാന നിലപാട് പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്നാണ്(സുനില്‍ പി ഇളയിടം ഇക്കാര്യം പലപ്പോഴും ആവര്‍ത്തിച്ചിട്ടുണ്ട്). എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഇസ്‍ലാമിസ്റ്റുകളോ മുസ്‌ലിംകളോ അല്ല, തങ്ങളാണ് പറയേണ്ടതെന്ന് അവര്‍ പറയുന്നു. മുസ്‌ലിംകള്‍ സംഘടിച്ചാല്‍ നാണയത്തിന്റെ ഇരുവശ സിദ്ധാന്തപ്രകാരം ഹിന്ദുത്വര്‍ ശക്തിപ്പെടുമെന്നാണ് അവര്‍ വാദിക്കുന്നത്. നിങ്ങള്‍ പറയേണ്ട നിങ്ങള്‍ക്ക് കര്‍തൃത്വമില്ലെന്ന് ദലിതരോടും പിന്നാക്കക്കാരോടും പറഞ്ഞു. അവര്‍ അനുസരിച്ചു. അതോടെ അവര്‍ തെണ്ടിവര്‍ഗമെന്ന രീതിയിലേക്ക് മാറി. മുസ്‌ലിംകള്‍ തങ്ങളുടെ സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്നതാണ് സിപിഎമ്മിന് അരോചകമായിരിക്കുന്നത്. ഇടുപക്ഷത്തിന്റെ ഇസ്‌ലാമോഫോബിയ വ്യത്യസ്തമായിരിക്കുന്നതും അതുകൊണ്ടാണ്. മുസ്‌ലിംകളുടെ സ്വയംസംഘാടനത്തെയാണ് ഇടതുപക്ഷം ഭയപ്പെടുന്നതും എതിര്‍ക്കുന്നതും.
ഇടതുപക്ഷത്തിന്റെയും അതുപോലുള്ളവരുടെയും ഇസ്‌ലാമോഫോബിയയുടെ ഒരു പ്രശ്‌നം, അവര്‍ സംഘപരിവാരക്കാരല്ലാത്ത മറ്റിതര ജനവിഭാഗങ്ങളെക്കൂടി മുസ്‌ലിംവിരുദ്ധ വംശഹത്യയുടെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നു എന്നതാണ്. ഇടതുപക്ഷത്തിന്റെയും ഹിന്ദുത്വരുടെയും ഇ്‌സ്‌ലാമോഫോബിയകള്‍ തമ്മില്‍ വ്യത്യസ്തമാണെങ്കിലും അതിന്റെ ഫലം ഒന്നാണ്. അതുകൊണ്ടാണ് മുസ്‌ലിംകള്‍ ചെയ്യുന്ന എല്ലാതിനെയും സംശയദൃഷ്ടിയോടെ കാണുന്ന പോലിസ് സംവിധാനവും പൊതുബോധ മാധ്യമസംസ്‌കാരവും ഇവിടെ സൃഷ്ടിക്കപ്പെട്ടത്. (ഇടത് ഭരണത്തിലെ മുസ്‍ലിം: ഇടത് ഭരണത്തിലെ മുസ്‌ലിം: ഇസ്‌ലാമോഫോബിയ ഓഡിറ്റിങ്, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, ഒക്ടോബര്‍ 25, 2024)
7. സാഷ്യല്‍ മീഡിയയെന്ന കലക്ടീവ് ബ്രെയിന്‍:
ഈ വര്‍ഷത്തെ സി.വി ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം ലഭിച്ച സലീം ഷെരീഫ് ഡബ്യുടിപിലൈവ്. ഇന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ തന്റെ എഴുത്തനുഭവം പങ്കുവെച്ചു. സന്തോഷ് ഇലന്തൂരാണ് അഭിമുഖം നടത്തിയത്. പുതിയ കാലത്തെ എഴുത്തുകാരന്‍ അഭിമുഖീകരിക്കുന്നതിനെക്കുറിച്ച് അതില്‍ ഒരു ചോദ്യമുണ്ടായിരുന്നു. പുതിയ കാലവും ജീവിതവും കണ്ടെത്തുന്നതില്‍ നമ്മുടെ കഥാകൃത്തുക്കള്‍ പരാജയപ്പെടുന്നുണ്ടോയെന്നാണ് സന്തോഷ് ആരാഞ്ഞത്.
ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം തന്റെ നിലപാടുകള്‍ വിശദീകരിച്ചു. പുതിയ കാലത്തിന്റെ അതിവേഗത്തെയും അദ്ദേഹം വിശകലനവിധേയമാക്കി. അതിനിടയിലാണ് തന്റെ ഇസ്‍ലാമോഫോബിയ എങ്ങനെ നമ്മുടെ എഴുത്തുകാരുടെ മനസ്സുകളിലേക്ക് സ്വാഭാവികമായി കടന്നുവരുന്നതെന്നതിന് ഒരു ഉദാഹരണം പറഞ്ഞു. സ്വന്തം അനുഭവത്തെ മുന്‍നിര്‍ത്തിയായിരുന്നു അത്: '' പുതിയ കാലവും ജീവിതവും ഒന്നും മനസ്സിലാക്കാന്‍ കഴിയാത്ത അത്രയും വേഗത്തിലാണ് സഞ്ചരിക്കുന്നത്. വല്ലാത്തൊരു കുഴപ്പമാണ് ഇവിടെ. മൊത്തത്തില്‍ ഒരു കണ്‍ഫ്യൂഷന്‍. ഒരു റീല്‍ കണ്ട് അടുത്ത റീല്‍ കാണുന്ന പോലെ, ആദ്യത്തെ റീല്‍ കണ്ട് ചിരിക്കണമെങ്കില്‍ അടുത്ത റീല്‍ കണ്ട് സങ്കടപ്പെടണം. ഇമോഷന്‍സ് ഒക്കെ മിനിറ്റുകള്‍ക്കകം മാറി മറിയുന്നു. ഇതൊരു വല്ലാത്ത അവസ്ഥയാണ്. മാനസികമായും ഇതൊരു അപകടമാണ്. സോഷ്യല്‍ മീഡിയയുടെ വരവാണല്ലോ ഈ പുതിയ കാലത്തെ ഏറ്റവും വലിയ മാറ്റം. ഇരട്ട വ്യക്തിത്വമുള്ള മനുഷ്യരായി മാറിയിരിക്കുകയാണ് നമ്മള്‍(...). ഞാനും എല്ലാരേം പോലെ കണ്‍ഫ്യൂഷനിലാണ്. എന്തായാലും ഒരു കാര്യം വ്യക്തമാണ്. നമ്മുടെ സാമൂഹിക മാനസികാവസ്ഥ ഒട്ടും നല്ല വഴിക്കല്ല പോകുന്നത്. ഒരു വലിയ ദുരന്തം മുന്നില്‍ തന്നെയുണ്ട്. അത് എത്ര വലിയ അപകടമാണെന്ന് പറയാന്‍ പോലും പറ്റുന്നില്ല. സോഷ്യല്‍ മീഡിയ ഒരു കലക്ടീവ് ബ്രെയിന്‍ ആയി മാറുകയും, തെരുവുകളില്‍ ആള്‍ക്കൂട്ടം അതിന്റെ ഗുണ്ടകളായി മാറുകയുമാണ് ചെയ്യുന്നത്. ഇസ്‌ലാമോഫോബിക് ആയ അനേകം കണ്ടന്റുകള്‍ നിരന്തരം അയക്കുന്ന ഒരു എഴുത്തുകാരന്‍ സുഹൃത്തുണ്ട് എനിക്ക്. റീലുകള്‍ എന്നോ ട്രോളുകള്‍ എന്നോ ഓമനപ്പേരിട്ട് വിളിക്കുന്ന ആറ്റം ബോംബുകളാണ് അവ. അതിനെ അദ്ദേഹം തിരിച്ചറിയുന്നുണ്ടാവില്ല. പയ്യെ അതൊരു സാമൂഹിക ബോധമായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന ബോധ്യവും അദ്ദേഹത്തിന് ഉണ്ടാവില്ല. സോഷ്യല്‍ മീഡിയ നമ്മള്‍ ഉപയോഗിക്കുകയല്ല, നമ്മളെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. വെറുപ്പ് പടര്‍ത്തുന്ന യന്ത്രമായി അത് എളുപ്പം മാറിക്കൊണ്ടിരിക്കുന്നു. (അതിശയഭാവനയിലെ 'താരപ്പൊറ്റ'കള്‍, സന്തോഷ് ഇലന്തൂര്‍, സലിം ഷെരീഫുമായി അഭിമുഖം, 31 ഒക്ടോബര്‍, 2024, ഡബ്യുടിപിലൈവ്. ഇന്‍)
8. ആദില്‍ മഠത്തിലും മീംമും
സെപ്തംബര്‍ 28-29 തിയ്യതികളില്‍ കോഴിക്കോട് മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) 'മീം' എന്ന പേരില്‍ കവിയരങ്ങ് സംഘടിപ്പിച്ചു. പ്രവാചകരെ പ്രമേയമാക്കി കവികളും കവിയത്രികളും അടക്കം നൂറുപേര്‍ സ്വയം രചിച്ച കവിതകളാണ് 'മീം' കവിയരങ്ങില്‍ അവതരിപ്പിച്ചത്. ആണ്‍കവികളും പെണ്‍കവികളും വ്യത്യസ്ത വേദികളിലാണ് കവിത അവതരിപ്പിച്ചതെന്നത് വലിയ വിവാദമായി. സാമൂഹികമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം അരങ്ങേറി. (മീം കവിയരങ്ങിന് പ്രൗഢ സമാപനം, അലിഫ് മീം അവര്‍ഡ് പി കെ ഗോപിക്ക് സമ്മാനിച്ചു, സിറാജ് ദിനപത്രം, സെപ്തംബര്‍ 29, 2024). പല കവികളും പിന്‍മാറി. മുന്‍കൊല്ലത്തിലും സമാനമായ വിവാദം ഉയര്‍ന്നിരുന്നു.
ബഹിഷ്‌കരണാഹ്വാനം ഉണ്ടായിരുന്നിട്ടും പങ്കെടുത്തവരില്‍ ഒരാള്‍ യുവകവിയായ ആദില്‍ മഠത്തിലാണ്. നിരവധി പേരാണ് ഇതിന്റെ പേരില്‍ അദ്ദേഹത്തെ വിളിച്ചത്. ആദില്‍ എന്തിന് മീമില്‍ പങ്കെടുത്തുവെന്നു ചോദ്യം ചെയ്യുകമാത്രമല്ല, നീ ഇത്തരക്കാരനാണെന്ന് അദ്ഭുതപ്പെടുകയുംചെയ്തു. അദ്ദേഹം എഴുതുന്നു: ''എന്തുകൊണ്ട് ഞാന്‍ മീംമില്‍ പങ്കെടുത്തു?, മീം പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍, സുഹൃത്തുക്കള്‍ പലരും മെസ്സേജ് അയച്ചും വിളിച്ചും ചോദിച്ചുകൊണ്ടേയിരുന്നു, പെണ്ണുങ്ങള്‍ ഇല്ലാത്ത മീംമില്‍ എന്തിന് പോകുന്നു? 'നിന്നില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല'. 'നീ ഇത്തരക്കാരനാണെന്ന് വിചാരിച്ചില്ല' എന്നെല്ലാം ക്ഷോഭിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ വലിയ തോതിലുള്ള പരിഹാസങ്ങളാണ് അദ്ദേഹം നേരിട്ടത്. ബഹിഷ്‌കരണമല്ല സംവാദമാണ് ജനാധിപത്യത്തെ വികസിപ്പിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തുടര്‍ന്ന് അദ്ദേഹം സാംസ്‌കാരികജീവിതത്തില്‍ ഒരു മുസ്‌ലിം എന്ന നിലയിലുള്ള തന്റെ അനുഭവം പങ്കുവച്ചു: 'മത സാമുദായിക സംഘടനകളുമായി ഒരു നിലക്കും സഹകരിക്കേണ്ടതില്ല എന്നായിരുന്നു അന്നുള്ള നിലപാട്. (...) മൂല്യങ്ങളും ഓരോന്നായി തകര്‍ന്നു പോവുന്നതിന്റെ ആന്തരിക സംഘര്‍ഷങ്ങള്‍ പിന്നെ ഒരു മത സ്ഥാപനത്തില്‍ പഠിച്ചതിന്റെ ഓര്‍മകളുമെല്ലാം മത സാമുദായിക സംഘടനകളുടെ പരിപാടികളില്‍ നിന്നും അക്കാലത്ത് വിട്ടുനില്‍ക്കാന്‍ കാരണമായിട്ടുണ്ട്.(..) എന്നാല്‍ ആ തീരുമാനവും നിലപാടും ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഖേദത്തോടെ തിരുത്തേണ്ടി വന്നു. മത സാമുദായിക സംഘടനകളെയും അവരുടെ വേദികളെയും ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഗുണത്തേക്കാളേറെ ദോഷകരമാണ് എന്നു മനസ്സിലാക്കാനും മതേതര പുരോഗമന ഇടങ്ങളെല്ലാം മതേതരത്വം ഉള്‍വഹിച്ചവയല്ലെന്നു തിരിച്ചറിയാനും ഈ കാലയളവില്‍ കഴിഞ്ഞു.
മലയാള കാവ്യഭാഷയുടെയും ജനതയെന്ന നിലയില്‍ മലയാളിജനസമൂഹത്തിന്റെയും പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതി: (..) ഏറനാട്ടിലെ വര്‍ത്തമാനങ്ങളിലെ വാക്കും നോക്കും ഒന്നും ഞാന്‍ വായിച്ചു പരിചയിച്ച പാഠപുസ്തകങ്ങളിലെ കവിതകളിലുണ്ടായിരുന്നില്ല. നിത്യജീവിതത്തിന്റെ സംസാരഭാഷയോട് അടുത്ത് നില്‍ക്കുന്ന, നാട്ടുമൊഴിയില്‍ മുഴുകി മുഴങ്ങുന്ന ഒരു കാവ്യഭാഷ സാധ്യമാണെന്നും അന്നറിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് 'ഉമ്മമലയാളത്തില്‍' എഴുതിത്തുടങ്ങി നാലു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യ പുസ്തകം 'വലിയപള്ളി റോഡ്' പുറത്തുവന്നപ്പോഴും ഭാഷ തന്നെയായിരുന്നു എഴുത്തില്‍ എന്നപോലെ വായനയിലും വെല്ലുവിളി. (..) ഫൂട്ട്‌നോട്ടുകള്‍ ഇല്ലാതെ ഈ കവിതകള്‍ മനസ്സിലാവില്ലെന്ന് പലരും പരാതിപ്പെട്ടു. ഫൂട്ട്‌നോട്ടിലൂടെ മാത്രമെ മലയാളിക്ക് കേരളത്തിലെ മുസ്ലിം ജീവിതവും സംസ്‌കാരവും മനസ്സിലാക്കാനാവൂ എന്ന തിരിച്ചറിവുണ്ടായത് 'വലിയപള്ളി റോഡി'ലെ കവിതകളിലെ പുരാവൃത്തങ്ങള്‍ മലയാളത്തിലെ കവിതാ വായനക്കാരില്‍ ഏറെപ്പേര്‍ക്കും സുപരിചിതമല്ലെന്നു മനസ്സിലായപ്പോഴാണ്. (..) ഓണത്തിന്റെയും വിഷുവിന്റെയും ക്രിസ്തുമസിന്റെയും ഈസ്റ്ററിന്റെയും എല്ലാം പുരാവൃത്തങ്ങള്‍ അറിയുന്ന മലയാളിക്ക് ചെറിയ പെരുന്നാളും വലിയ പെരുന്നാളും തമ്മിലുള്ള വ്യത്യാസം പോലും അറിയില്ലെന്ന് എനിക്കറിയില്ലായിരുന്നു. ഈ ആലോചനങ്ങള്‍ രണ്ടുത്തരങ്ങളില്‍ ചെന്നെത്തി: 'ഒന്ന്, കേരളീയ സമൂഹത്തില്‍ മുസ്ലിം ജനവിഭാഗത്തോടു പൊതുവായുള്ള അന്യതാബോധം. രണ്ട്, മുസ്ലിം ജീവിതത്തിന്റെ ഗോത്രസ്വഭാവം.'
മീംമിനെ മതതീവ്രവാദികളുടെ വേദിയായി കാണുന്നവരെക്കുറിച്ച് അദ്ദേഹം വിലയിരുത്തുന്നതിങ്ങനെ: (..) ഇന്ത്യയിലെ നവഫാസിസ്റ്റുകള്‍ പരസ്യമായി പ്രകടിപ്പിക്കുന്ന മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷം കേരളത്തിലെ പല മതേതര പുരോഗമന ഇടങ്ങളിലും വക്താക്കളിലും പ്രകടമായി കണ്ടു തുടങ്ങിയപ്പോഴാണ് മുസ്‌ലിംകളോടുള്ള അന്യതാബോധത്തിന്റെ പരിണിതികളെ കുറിച്ച് കുറേക്കൂടെ ഗൗരവത്തോടെ ആലോചിക്കുന്നത്. വലിയ തോതിലുള്ള രാഷ്ട്രീയ അധികാരം നേടാനാവാത്ത കേരളത്തില്‍പോലും ആഴത്തിലുള്ള സാംസ്‌കാരിക സ്വാധീനം നേടാന്‍ നവ ഫാസിസ്റ്റുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നു വെളിപ്പെടുത്തുന്നതാണ് പുരോഗമന മതേതര ഇടങ്ങളിലും വക്താക്കളിലുമുള്ള മുസ്‌ലിംകള്‍ക്കെതിരായ ഈ അപരബോധം. എന്‍. ഇ. സുധീറിനെ പോലെയുള്ളവര്‍ മീംമിനെ മതതീവ്രവാദികളുടെ വേദിയായി കാണുന്നത് ഈ അപരബോധത്തിന്റെ തിമിരത്താലാണ്.
9. മുസ്‌ലിം എഴുത്തുകാരന്റെ ജീവിതം
ഷെഫീക് മുസ്തഫ എന്ന യുവഎഴുത്തുകാരന്റെ ജീവിതത്തില്‍ ഇസ്‌ലാമോഫോബിയ എങ്ങനെയൊക്കെ ബാധിച്ചുവെന്നാണ് 'മോദിക്കാലത്തെ ഒരു സാദാ മലയാളി മുസ്‌ലിമിന്റെ ജീവിതം' എന്ന ശീര്‍ഷകത്തില്‍ ഷെഫീഖ് മുസ്തഫയുമായി സുനിത ദേവദാസ് നടത്തിയ അഭിമുഖത്തില്‍ പറയാന്‍ ശ്രമിക്കുന്നത്. തന്റെ ഇസ്‌ലാമോഫോബിക് അനുഭവം ഷെഫീഖ് മുസ്തഫ ഇങ്ങനെ ലിസ്റ്റ് ചെയ്തു:
ഇസ്‍ലാമോഫോബിയ മുസ് ലിംകളുടെ- അഭിപ്രായസ്വാതന്ത്ര്യം പരിമിതപ്പെടുത്തി, പറഞ്ഞാല്‍ തെറ്റിദ്ധരിക്കപ്പെടുമോയെന്നാണ് പേടി. മുസ്‍ലിംകള്‍ക്ക് തെറ്റുചെയ്യാത്തയാളാണെന്ന(പ്യൂരിറ്റി) ഇമേജ് ഉണ്ടാക്കിയെടുക്കേണ്ട ബാധ്യത വന്നുചേര്‍ന്നു. അവര്‍ നല്ലവരാണെന്നു തെളിയിച്ചുകൊണ്ടേയിരിക്കണം. മറ്റു മുസ്‌ലിംകളെപ്പോലെയല്ലെന്നും തെളിയിക്കേണ്ടിവന്നു. മുസ്‍ലിംകള്‍ എപ്പോഴും നിരീക്ഷിക്കപ്പെടുന്നതുകൊണ്ട് നല്ലവനായിരിക്കേണ്ടത് നിരന്തര ബാധ്യതയാണ്. ഒരു മുസ്‍ലിം തെറ്റു ചെയ്താല്‍ ആ വ്യക്തിയെ മാത്രമല്ല, സമുദായത്തെയും ബാധിക്കും. അതുകൊണ്ടാണ് പല സംഭവങ്ങളുണ്ടാവുമ്പോഴും സാധാരണ മുസ്‍ലിംകള്‍ പ്രതി മുസ്‌ലിമാവരുതേയെന്ന് പ്രാര്‍ത്ഥിക്കുന്നത്. കളമശ്ശേരി സ്‌ഫോടനസമയത്ത് എല്ലാ മുസ്‍ലിംവീടുകളിലും ഇത്തരമൊരു പ്രാര്‍ത്ഥ നടത്തിയിട്ടുണ്ടാവും.
മുസ്‍ലിം അപരന്‍:
മുസ്‍ലിംകളെ ആളുകള്‍ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു. നാട്ടില്‍ ഒരു വില്ലേജ് ഓഫിസര്‍ പുതുതായി വന്നാല്‍ മുസ്‍ലിമാണെന്ന് ആളുകള്‍ എടുത്തുപറയും. ചിലപ്പോള്‍ നല്ല ആളാണെന്നും പറയും. മുസ്‌ലിംകളെ എന്തുകൊണ്ടിങ്ങനെ കാണുന്നുവെന്ന് പില്‍ക്കാലത്ത് ആലോചിച്ചിട്ടുണ്ട്. മുസ്‍ലിം ഒരു അപരനായതാണ് കാരണം.
ഇസ്‌ലാമിനെ പല രീതിയിലാണ് ആളുകള്‍ വിമര്‍ശിക്കുന്നത്- ധാരാളം വിവാഹം കഴിക്കുന്നു, കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നു, എപ്പോഴെപ്പോഴും മൊഴി ചൊല്ലുന്നു. മുസ്‌ലികള്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കേണ്ടിവരുന്നവരാണ്. ഇക്കാലത്ത് മുസ്‌ലിമായി ഇരിക്കാന്‍ ഒരുപാട് പഠിക്കണം!
മുസ്‌ലിംഅവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഏത് സംഘടനകളെയും തീവ്രവാദത്തിന്റെ പക്ഷത്ത് നിര്‍ത്തുകയാണ് പതിവ്. മുസ്‌ലിംയുവാവിനോട് സമൂഹം ശഠിക്കുന്നത് അവന്‍ ക്ലീന്‍ ആയിരിക്കണമെന്നാണ്. ഭൂതകാലത്തില്‍പോലും ഒരു സംഘടനയുടെയും അടയാളമുണ്ടാവാന്‍ പാടില്ല. കെ.ടി ജലീല്‍ നേരിടുന്ന പ്രശ്‌നമതാണ്. എത്ര കാലം സിപിഎമ്മില്‍ പ്രവര്‍ത്തിച്ചാലും പഴയ സിമി ബന്ധം ഉയര്‍ന്നുവന്നുകൊണ്ടേയിരിക്കും. ഇസ് ലാമോഫോബിക് അന്തരീക്ഷത്തില്‍ മുസ്‍ലിംകള്‍ സ്വത്വത്തെ നിരാകരിക്കാന്‍ നിര്‍ബന്ധിതരാവുന്നത് അതുകൊണ്ടാണ്. മുസ്‍ലിംമാണ് പക്ഷേ, തീവ്രവാദിയല്ലെന്ന് പറയാന്‍ ഓരോ മുസ്‌ലിമും നിര്‍ബന്ധിതരാവുന്നു.
സിനിമയും മറ്റു വാര്‍ത്താമാധ്യമങ്ങളുംപോലുള്ളവ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് സാധാരണക്കാരെയാണ്. സാധാരണക്കാരുടെ കണ്‍മുമ്പില്‍ കാണുന്ന മുസ്ലിമല്ല, ചിന്തയില്‍ ആവാഹിച്ച മുസ് ലിം, തികച്ചും വ്യത്യസ്തം. അങ്ങനെയുള്ളവരോട് സംസാരിക്കുമ്പോള്‍ ശ്രദ്ധിച്ചു സംസാരിക്കണം. അല്ലെങ്കില്‍ നമ്മെ തീവ്രവാദിയെന്ന് കരുതും. ബുദ്ധിയുള്ളവരോട് സംസാരിച്ചാല്‍ ഇവനില്‍ എവിടെയാണ് മുസ്‍ലിം ഒളിഞ്ഞിരിക്കുന്നതെന്ന് കണ്ടെത്താന്‍ ശ്രമിക്കും.
മുസ്‍ലിം അപരവല്‍ക്കരണത്തിന്റെ ഇരയാണ് ഓരോ മുസ്‌ലിമും. ഒരേ കുറ്റകൃത്യം ചെയ്ത മുസ്‌ലിമും മുസ്‌ലിം ഇതരനും ഒരുപോലെയല്ല കൈകാര്യം ചെയ്യപ്പെടുന്നത്. വാര്‍ത്തകളും അങ്ങനെത്തന്നെ. മുസ്‌ലിമാണെങ്കില്‍ വാര്‍ത്ത കൂടുതല്‍ കാലം നില്‍ക്കും.
ഇസ്‍ലാമോഫോബിയയും പ്രവാസവും:
യു.എ.ഇയില്‍ ജോലിചെയ്യുന്ന സമയത്ത് അവിടെനിന്ന് ഇസ്‌ലാമോഫോബിക്കായ അനുഭവം ഉണ്ടായിട്ടില്ലെങ്കിലും ഇവിടെനിന്ന് പോകുന്നവര്‍ക്ക് അറബികളോട് വല്ലാത്ത വെറുപ്പുള്ളതായി തോന്നിയിട്ടുണ്ട്. അവര്‍ നമ്മെ ഒരു നിലക്കും ദ്രോഹിച്ചിട്ടല്ല. വെറുപ്പുണ്ടാവുന്നതിന് കാരണവും അതല്ല. അറബികളെ പ്രാകൃതരായി കാണുന്ന രീതിയുണ്ട് നമുക്ക്. അറബികളെക്കുറിച്ചും അവരുടെ ഭാര്യമാരെക്കുറിച്ചും കഥകളുണ്ടാക്കുന്നത് വിനോദമായി ചിലര്‍ കൊണ്ടുനടക്കുന്നു.
ഇസ്‌ലാമോഫോബിയയുടെ അന്തരീക്ഷത്തില്‍ മുസ്‍ലിംകള്‍ എപ്പോഴും എന്തെങ്കിലും കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടിവരും. പിന്നെ അവര്‍ അതിന്റെ പിന്നിലൂടെ നീങ്ങണം. അക്കാര്യം കൂടുതല്‍ പറയുന്തോറും മുസ്‌ലിംസ്വത്വപ്രശ്‌നത്തില്‍ മാത്രം പ്രതികരിക്കുന്ന ആളായി മാറും. അതേസമയം അപരവല്‍ക്കണം നിരന്തരം നടക്കുന്നതുകൊണ്ട് ഇതുതന്നെ നിരന്തം പറയേണ്ടിവരുന്ന അവസ്ഥയുണ്ട്. ഒരു ജോലി പോലെ.
മുസ്‍ലിംകള്‍ പറയുന്നതിനേക്കാള്‍ ഫലവത്താണ് മുസ്‍ലിമേതര വിഭാഗങ്ങള്‍ പറയുന്നത്. അപ്പോള്‍ കുറച്ച് അംഗീകാരം ലഭിക്കും. അതുപോലും ഇസ്‍ലാമോഫോബിയയുടെ ഭാഗമാണ്. മുസ്‍ലിംകള്‍ പറഞ്ഞാല്‍ തീവ്രവാദമായി മാറുന്നതുകൊണ്ടാണ് മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്നത്.
മതവിമര്‍ശനം:
മതവിമര്‍ശനത്തോടുള്ള കാഴ്ചപ്പാട് അതിന്റെ ലക്ഷ്യം എന്താണെന്നുള്ളതുപോലെയിരിക്കും. എല്ലാ കാലത്തും മതവിമര്‍ശനമുണ്ട്. അത് കുറച്ചാളുകളില്‍ ഒതുങ്ങിനില്‍ക്കുകയായിരുന്നു. ഇസ്‍ലാമിനോടുള്ള വിമര്‍ശനം ഞാന്‍ കണ്ടിട്ടുള്ളത് മുസ്‍ലിം പ്രസിദ്ധീകരണങ്ങളിലാണ്. മതവിമര്‍ശനം കണ്ടില്ലെന്നു നടിച്ച് പോയിരുന്ന സമുദായമല്ല മുസ്‍ലിം സമുദായം. അവരുടെ പ്രസിദ്ധീകരണങ്ങളില്‍ നല്ലൊരു ഭാഗവും ഉപയോഗിച്ചിരുന്നത് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനാണ്.
എന്നാല്‍ ഇന്ന് വിമര്‍ശനത്തിന്റെ പേരില്‍ മുസ്ലിംകളെ അപഹസിക്കുകയാണ് ചെയ്യുന്നത്. പലരും സംഘപരിവാര്‍ അജണ്ടകള്‍ ഏറ്റെടുത്തുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. ചരിത്രപരമായി വേണം നാം പലതിനെയും സമീപിക്കാന്‍. ജനാധിപത്യംപോലുള്ള വ്യവസ്ഥകളെ അഡാപ്റ്റ് ചെയ്തുകൊണ്ടാണ് മറ്റു സമുദായങ്ങളെപ്പോലെ മുസ്‍ലിംകളും മുന്നോട്ടുപോകുന്നത്. എന്നാല്‍ മുസ്‌ലിംകള്‍ അവസരം കിട്ടിയാല്‍ മറ്റുള്ളവരെ കൊല്ലുമെന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. അത് സംഘപരിവാറിനാണ് ഗുണം ചെയ്യുക.
മുസ്‍ലിംകളെ വിമര്‍ശിക്കരുതെന്നല്ല. വിമര്‍ശനം സോഷ്യല്‍ ഫാബ്രിക്കിനെ പരിഗണിച്ചുവേണമെന്നാണ് പറയുന്നത്. ഒരു ഭാഗത്തെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമാണ് മുസ്‍ലിംകള്‍ക്കെതിരേ നടക്കുന്നത്. മറ്റു മതങ്ങളെക്കുറിച്ച് നൂറായിരം കുറ്റങ്ങള്‍ നമുക്ക് കണ്ടെത്താം. മറ്റൊരാള്‍ക്ക് ഇസ്‍ലാമിലും കണ്ടെത്താം. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ആവശ്യമായ ഭാഷ വികസിപ്പിക്കണം. കൂടാതെ സാഹചര്യങ്ങളും മനസ്സിലാക്കണം. (മോദിക്കാലത്തെ ഒരു സാദാ മലയാളി മുസ്‌ലിമിന്റെ ജീവിതം, ഷെഫീഖ് മുസ്തഫ, സുനിത ദേവദാസ്, ഒക്ടോബര്‍ 31, 2024)
റിസർച്ച് കളക്ടീവ്: കെ.കെ നൌഫൽ, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റിദ ഫാത്തിമ, നിഹാൽ എ, റെൻസൻ വി.എം, മുഹമ്മദ് മുസ്തഫ, അസീം ഷാൻ, സഈദ് റഹ്‍മാൻ, ബാസിൽ ഇസ്‍ലാം, കമാൽ വേങ്ങര, അബ്ദുൽ ബാസിത്