Quantcast
MediaOne Logo

മെക് സെവന്‍: ഇസ്‌ലാമോഫോബിയുടെ പ്രവര്‍ത്തനങ്ങള്‍

2024 നവംബർ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍: ഭാഗം രണ്ട്

മെക് സെവന്‍: ഇസ്‌ലാമോഫോബിയുടെ പ്രവര്‍ത്തനങ്ങള്‍
X

കണ്ണൂര്‍ തളിപ്പറമ്പ് സി.പി.എം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത സി.പി.എം സംസ്ഥാന സമിതി അംഗം പി.മോഹനന്‍ നടത്തിയ ഒരു പരാമര്‍ശം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്‍പ്പെടെ മലയാളികള്‍ക്കിടയില്‍ അതിവേഗം പ്രചാരം നേടുന്ന മെക് സെവന്‍ (മെക് 7) എന്ന വ്യായാമ മുറയക്കു പിന്നില്‍ ജമാഅത്തെ ഇസ്‍ലാമിയും പോപ്പുലര്‍ ഫ്രണ്ടുമാണെന്നും മതരാഷ്ട്ര വാദം ഒളിച്ചു കടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. രാവിലെ വ്യായാമ മുറയെന്ന പേരില്‍ കോഴിക്കോട് ജില്ലയുടെ പല ഭാഗത്തും ചിലര്‍ സംഘടിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ അതിന് പിന്നില്‍ ഹിഡണ്‍ അജണ്ടയുണ്ടെന്ന് വ്യക്തമായെന്നുമാണ് പ്രസംഗത്തില്‍ പറയുന്നത്: '''ഇവിടിപ്പോ ഒരു പുതിയ നീക്കമുണ്ട്. കണ്ണൂരിലുണ്ടോ എന്നറിയില്ല. വ്യായാമമുറ എന്ന പേരില്‍ ആളുകളെ സംഘടിപ്പിച്ച് പരിശീലനം നടത്തുകയാണ്. ചില സഖാക്കളാണ് ഇത് സംബന്ധിച്ച് പറഞ്ഞത്. ഇതനുസരിച്ച് കക്കോടി, ബാലുശേരി എന്നിവിടങ്ങളില്‍ കാര്യമായ അന്വേഷണം നടത്തിയപ്പോഴാണ് അഡ്മിന്‍മാര്‍ പോപ്പുലര്‍ ഫ്രണ്ടുകാരാണ് എന്ന വിവരം ലഭിച്ചത്. ജമാഅത്തെ ഇസ്‍ലാമിക്കാരാണ് ഇവരെ എഴുന്നള്ളിച്ച് കൊണ്ടുവരുന്നത്. പത്തു പൈസ ഫീസില്ല. ആദ്യം ഒന്നു രണ്ടുപേര്‍ പരിശീലനം നല്‍കാനായി വരും. പിന്നീട് കൂട്ടത്തിലുള്ള ആരെങ്കിലും ചെയ്താല്‍ മതി. ജമാഅത്തെ ഇസ്‍ലാമിയുടെ മതരാഷ്ട്ര വാദത്തിന് മറയിടാനുള്ള പരിവേഷമുണ്ടാക്കുകയാണ് ചെയ്യുന്നത്. തീവ്രവാദികളെയും കൂട്ടിയുള്ള ഏര്‍പ്പാടാണിതെല്ലാം''. (ജമാഅത്തെ ഇസ്‍ലാമിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം നേതാവ്, കേരള ഓണ്‍ലൈന്‍ ന്യൂസ്, നവംബര്‍ 7, 2024)

പി മോഹനൻ
പി മോഹനൻ


മെക് 7 എന്നാല്‍:

യോഗയും എയറോബിക്, ഫിസിയോതെറാപ്പി, ഡീപ് ബ്രീത്തിങ്, മസാജിങ്, മെഡിറ്റേഷന്‍, അക്യുപ്രഷര്‍ എന്നീ 7 വിഭാഗങ്ങളിലെ 21 തരം വ്യായാമ മുറകളെ സംയോജിപ്പിച്ച് കൊണ്ടോട്ടി സ്വദേശിയായ വിമുക്ത ഭടന്‍ പെരിങ്കടക്കാട് സ്വലാഹുദ്ദീന്‍ രൂപം നല്‍കിയ മെക്7 എന്ന പ്രത്യേക വ്യായാമത്തിനെതിരേയാണ് മോഹനന്‍മാഷ് ആരോപണമുന്നയിച്ചത്. മള്‍ട്ടി എക്സര്‍സൈസ് കോംപിനേഷന്‍ എന്നതിന്റെ ചുരുക്കരൂപമാണ് മെക്7.

2012 ജൂലൈയില്‍ തുറക്കലിലാണ് ഈ വ്യായാമപരിശീലനം തുടങ്ങുന്നത്. നിരവധി പഠനങ്ങള്‍ക്കുശേഷം 2022 ഒക്ടോബറില്‍ രണ്ടാമതൊരു യൂനിറ്റ് തുടങ്ങി. നിലവില്‍ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായി നിരവധി യൂനിറ്റുകളുണ്ട്. ജിദ്ദ, ദുബൈ, തുടങ്ങി വിദേശരാജ്യങ്ങളിലും ഇത് പ്രവര്‍ത്തിക്കുന്നു. സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രത്യേക യൂനിറ്റുകളുമുണ്ട്. പരസ്യമായാണ് വ്യായാമപരിശീലനം നടത്തുന്നത്.

ഈ ഏഴ് വിഭാഗങ്ങളിലുള്ള 21 തരം വ്യായാമ മുറകളാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. എല്ലാ ജാതി മതവിഭാഗങ്ങളിലും പെട്ടവര്‍ സ്‌കൂള്‍ ഗ്രൗണ്ടുകളും പൊതുസ്ഥലങ്ങളുമൊക്കെ ഉപയോഗപ്പെടുത്തി പരസ്യമായാണ് വ്യായാമം ചെയ്യുന്നത്. പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പല സ്ഥലത്തും ഈ വ്യായാമത്തില്‍ പങ്കാളികളാവുന്നുണ്ട്. (മെക് സെവന്‍ വ്യായാമത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയും പോപുലര്‍ ഫ്രണ്ടുമെന്ന് മോഹനന്‍ മാസറ്റര്‍, ന്യൂസ് ടാഗ് ലൈവ്, നവംബര്‍ 4, 2024).

മുഹമ്മദലി കിനാലൂരിന്റെ എഫ്ബി പോസ്റ്റ്:

ഡിസംബര്‍ നാലാം തിയ്യതി എസ്.വൈ.എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂര്‍ ഈ വിഷയത്തില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു. സ്ത്രീകളടക്കമുളളവര്‍ ഭാഗമാകുന്ന പ്രഭാതവ്യായാമപരിപാടിയുടെ ഉദ്ദേശശുദ്ധിയെ അദ്ദേഹം ചോദ്യം ചെയ്തു: മലബാര്‍ ജില്ലകളില്‍ സമീപകാലത്താണ് നാട് തോറും മെക് 7 എന്ന പേരില്‍ പ്രഭാത വ്യായാമ പരിപാടി ആരംഭിച്ചത്. വളരെ കുറച്ചുകാലം കൊണ്ടുതന്നെ ഒട്ടേറെ ഗ്രാമങ്ങളിലേക്ക് അത് വ്യാപിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ ഇപ്പോള്‍ അതിന്റെ ഭാഗമാണ്. അതേകുറിച്ച് എനിക്കുണ്ടായ ഒരു സംശയം: -ഒരേ സ്വഭാവത്തിലുള്ള ഒരു പ്രോഗ്രാം ഒരേ കാലയളവില്‍ വിവിധ നാടുകളില്‍ പ്രയോഗവത്കരിക്കണമെങ്കില്‍ അതിനു പിറകില്‍ ഒരു സംഘടനാ സംവിധാനം പ്രവര്‍ത്തിക്കണം എന്നത് സാമാന്യ ബുദ്ധിക്ക് മനസ്സിലാക്കാവുന്ന കാര്യമാണ്. മെക് 7 നിയന്ത്രിക്കുന്നത് ഏത് സംഘടനയാണ്? എന്റെ ഊഹം മലബാര്‍ ജില്ലകളില്‍ വേരുള്ള സംഘടനയാകണം അതെന്നാണ്(...) ഇത് ഇംപ്ലിമെന്റ് ചെയ്യുന്ന ഒരു ഏജന്‍സി ഉണ്ടാകില്ലേ? അത് ഏത് ഏജന്‍സി? അത് ഒരു വ്യക്തിയെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നത് എന്നത് എനിക്കത്ര വിശ്വാസം പോരാ.(...) ഇനി ഒരു സംഘടന ഇതിനു പിറകില്‍ ഉണ്ടെന്നു കരുതുക, എന്നാല്‍ത്തന്നെയും എന്താണ് കുഴപ്പം? ഇവിടെ ആകെ നടക്കുന്നത് വ്യായാമമല്ലേ എന്ന ചോദ്യവും ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. ശരി. അംഗീകരിച്ചു. എന്റെ സംശയം അതല്ല. നിര്‍ദോഷമാണ് കാര്യങ്ങളെങ്കില്‍ എന്തിനാണ് ഈ സംഘടന മറഞ്ഞിരിക്കുന്നത്? ഇത് ഞങ്ങളുടെ പരിപാടിയാണ്, ഞങ്ങള്‍ ആവിഷ്‌കരിച്ചതാണ് എന്ന് പറഞ്ഞ് വെളിപ്പെടാന്‍ ധൈര്യം കാണിക്കാത്തതെന്ത്? അത്ര ലളിതമല്ല പ്രഭാതത്തിലെ കാര്യപരിപാടി എന്ന് തന്നെയാണ് എനിക്ക് തോന്നുന്നതെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചത് (മുഹമ്മദലി കിനാലൂര്‍, എഫ്ബി, ഡിസംബര്‍ 4, 2024).


മെക് 7 വിവാദം പുനര്‍ജ്ജനിക്കുന്നു:

ഒക്ടോബര്‍ ഒന്നാം തിയ്യതി നടത്തിയ പ്രസംഗമാണെങ്കിലും സാമൂഹ്യമാധ്യമചര്‍ച്ച കുറേയേറെ നടന്നെങ്കിലും ഡിസംബര്‍ രണ്ടാംവാരത്തിലാണ് ഈ വിഷയം മുഖ്യധാരാചര്‍ച്ചയുടെ ഭാഗമാകുന്നത്. മുഹമ്മദലി കിനാലൂരിന്റെ എഫ്ബി പോസ്റ്റ് പുറത്തുവന്ന സമയത്തും ഇതേകുറിച്ച് കാര്യമയ ചര്‍ച്ചയുണ്ടായില്ല.

ഏകദേശം ഒരാഴ്ചയ്ക്കുശേഷം ഡിസംബര്‍ 10ാം തിയ്യതി ന്യൂഇന്ത്യന്‍ എക്‌സ്പ്രസില്‍ എം പി പ്രശാന്ത് എന്ന പത്രപ്രവര്‍ത്തകന്റെ ബൈലൈനില്‍ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. സുന്നി സംഘടനാ നേതാക്കളെ സമൃദ്ധമായി ഉദ്ധരിച്ചുകൊണ്ടായിരുന്നു ആ വാര്‍ത്ത ഫ്രയിം ചെയ്തിരുന്നത്. മുഹമ്മദലി കിനാലൂര്‍(സുന്നി യുവജന സംഘം), അബ്ദുള്‍ ഹക്കിം അന്‍സാരി(എസ്.വൈ.എസ്), പേരോട് അബുദുല്‍ സഖാഫി തുടങ്ങിയവരുടെ അഭിപ്രായങ്ങളെ ക്രോഡീകരിച്ചുകൊണ്ടായിരുന്നു വാര്‍ത്ത ചെയ്തിരുന്നത്. മെക് 7നില്‍ ദുരൂഹതയുണ്ടെന്നും സ്ത്രീകളെ വീടിനുപുറത്തെത്തിച്ച് അവരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നുവെന്നും സുന്നി മൂല്യങ്ങളെ നശിപ്പിക്കുന്നതാണെന്നും എന്‍.ഡി.എഫിന്റെ പ്രവര്‍ത്തനരീതിയുമായി സമാനതകളുണ്ടെന്നുമൊക്കെയായിരുന്നു അവര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍. (Communal agenda or fitness fad? Exercise routine stirs controversy in Kerala, MP Prashanth, The New Indian Express, 10 Dec 2024).

വിവിധ വിഷയങ്ങളില്‍ മുസ്‍ലിം സംഘടനാ നേതാക്കളുടെ അഭിപ്രായങ്ങള്‍ തേടി പരസ്പരവൈരുദ്ധ്യം വര്‍ധിപ്പിക്കുകയോ വിവാദങ്ങളുണ്ടാക്കുകയോ ചെയ്യുക കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ പൊതുരീതിയാണ്. ന്യൂഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകനും അതുതന്നെയാണ് ഇവിടെ ചെയ്തതെന്നു വേണം കരുതാന്‍.

ഡിസംബര്‍ 12ാം തിയ്യതിയോടെ കൂടുതല്‍ മാധ്യമങ്ങള്‍ രംഗത്തെത്തി. മാതൃഭൂമിയടക്കമുള്ള മാധ്യമങ്ങള്‍ പി മോഹനന്റെ പഴയ പ്രസംഗ വാര്‍ത്ത റിപോര്‍ട്ട് ചെയ്തു. 'മലബാറിലെ വ്യായാമ കൂട്ടായ്മയായ മെക് 7-നെതിരെ സി.പി.എം; പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ എന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍' എന്നായിരുന്നു ഡിസംബര്‍ 12ാം തിയ്യതി മാതൃഭൂമിന്യൂസ് റിപോര്‍ട്ട് ചെയ്ത വാര്‍ത്ത. അതേ ദിവസം തന്നെ സമസ്താ നേതാക്കളെ ഉദ്ധരിച്ചുകൊണ്ടുള്ള വാര്‍ത്തകളും പുറത്തുവന്നു. മെക് സെവന ചതി ഉണ്ടെന്നും വിശ്വാസികള്‍ പെട്ടുപോകരുതെന്നുമാണ് എ.പി വിഭാഗം സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫിയുടെ മുന്നറിയിപ്പ്: മെക് സെവന് പിന്നില്‍ ജമാഅത്തെ ഇസ്‍ലാമിയാണ്. സുന്നി വിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. വിശ്വാസികള്‍ ഇത് തിരിച്ചറിയണം. മെക് സെവന്‍ പ്രവര്‍ത്തനം സംശയാസ്പദമാണ്. '('മെക് സെവന് പിന്നില്‍ ജമാഅത്തെ ഇസ്‍ലാമി, സുന്നി വിശ്വാസികള്‍ ഇതില്‍ പെട്ടുപോകരുത്' - സമസ്ത, ഡിസംബര്‍ 12, 2024, മാതൃഭൂമി ന്യൂസ്)

പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യരൂപമായ എന്‍.ഡി.എഫ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോഴും സമാന രീതിയാണ് പ്രയോഗിച്ചതെന്ന് എസ്.വൈ.എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂരും ആരോപിച്ചു: 'മുസ്‍ലിം പോക്കറ്റുകളിലാണ് മെക് സെവന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുസ്‍ലിം വിശ്വാസികള്‍ക്ക് ബാധകമാകുന്ന ചില പ്രയോഗങ്ങളൊക്കെ ഇവര്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു. എന്താണ് ഇവരുടെ സമുദായ താല്‍പര്യമെന്ന് വ്യക്തമാക്കണം. മുമ്പ് കേരളത്തില്‍ എന്‍.ഡി.എഫ് വന്നത് യുവാക്കളെ കളരി അഭ്യസിപ്പിച്ചായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടുന്നവരോട് വസ്തുത നിരത്തി മറുപടി പറയുന്നില്ല. മറുപടി പറയാനെത്തുന്നത് ജമാഅത്തെ ഇസ്‍ലാമിയുടെയും മുന്‍ പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരുമാണ്.'('മെക് സെവന് പിന്നില്‍ ജമാഅത്തെ ഇസ്‍ലാമി, സുന്നി വിശ്വാസികള്‍ ഇതില്‍ പെട്ടുപോകരുത്' - സമസ്ത, ഡിസംബര്‍ 12, 2024, മാതൃഭൂമി ന്യൂസ്)

മലയാള മാധ്യമങ്ങളില്‍ റിപോര്‍ട്ടര്‍ ടിവി നിരവധി റിപോര്‍ട്ടുകളാണ് മെക് 7നെക്കുറിച്ച് പുറത്തുവിട്ടത്. മെക് 7 മുസ്ലിം തീവ്രവാദി സംഘടനകളുടെ മുന്‍കയ്യില്‍ നടക്കുന്ന പരിപാടിയാണെന്നായിരുന്നു മലയാള മാധ്യമങ്ങള്‍ പറയാന്‍ ശ്രമിച്ചത്.

വിയോജിച്ച് ഭരണ-പ്രതിപക്ഷ നേതാക്കള്‍:

ഏറെ താമസിയാതെ ഇതേ പരിപാടികളില്‍ പങ്കെടുത്ത ഭരണകക്ഷി എം.എല്‍.എമാരുടെ വിവരങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, മന്ത്രി മുഹമ്മദ് റിയാസ് എന്നിവരാണ് ഈ പരിപാടിയുമായി സഹകരിച്ചവരില്‍ ചിലര്‍. അഹമ്മദ് ദേവര്‍ കോവില്‍ പി മോഹനനോട് വിയോജിക്കുകയും ചെയ്തു. പദ്ധതിയെ കുറിച്ച് മോശം അഭിപ്രായമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം: എന്റെ അനുഭവത്തില്‍ നല്ല പദ്ധതിയാണ്. വ്യായാമം മാത്രമാണ് നടക്കുന്നത്. മോഹനന്‍ മാസ്റ്റര്‍ തന്നോട് പറഞ്ഞത് മെക് 7നെ കുറിച്ച് എടുത്ത് പറഞ്ഞിട്ടില്ല എന്നാണ്. (ഞാന്‍) 2 മാസം മുമ്പാണ് പരിപാടിയില്‍ പങ്കെടുത്തത്. എല്ലാ മതസ്ഥരും അന്ന് പങ്കെടുത്തിരുന്നു. മറ്റെന്തെങ്കിലും ഉണ്ടെങ്കില്‍ പരിശോധിക്കണം. മെക് 7ന് എതിരെയുള്ള ആരോപണം തെറ്റാണ്. മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പെടെയുള്ളവര്‍ പങ്കെടുത്തിട്ടുണ്ട്. എനിക്ക് മോശം അഭിപ്രായമില്ല. തുറസ്സായ സ്ഥലത്താണ് പരിപാടി നടന്നത്. കോഴിക്കോട്ടെ ഉദ്ഘാടന പരിപാടിയില്‍ ആണ് ഞാന്‍ പങ്കെടുത്തത്. നല്ല പരിപാടി ആയി തോന്നി. മതപരമായ ക്ലാസുകള്‍ ഒന്നും അന്ന് നടന്നില്ല,' ('മെക് 7 നല്ല പദ്ധതി'; പി മോഹനനെ തള്ളി മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, റിപോര്‍ട്ടര്‍ ടി.വി, ഡിസംബര്‍ 14, 2024)

കൂട്ടായ്മയിലേക്ക് ആരെങ്കിലും നുഴഞ്ഞു കയറുമോ എന്ന ആശങ്ക പ്രകടിപ്പിക്കുക മാത്രമാണ് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ചെയ്തതെന്നായിരുന്നു അഹമ്മദ് ദേവര്‍കോവിലിന്റെ വ്യാഖ്യാനം. സി.പി.എം മെക് 7നെ എതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു (മെക്7 വ്യായാമ കൂട്ടായ്മ; 'വിവാദം വേണ്ട, വ്യായാമത്തില്‍ മതവും രാഷ്ട്രീയവും ചേര്‍ക്കേണ്ടതില്ല': അഹമ്മദ് ദേവര്‍കോവില്‍, ഏഷ്യാനെറ്റ് ഡിസംബര്‍ 15, 2024, ഏഷ്യാനെറ്റ്, മെക് 7 വ്യായാമ കൂട്ടായ്മ: മതവും രാഷ്ട്രീയവും ചേര്‍ക്കേണ്ടതില്ലെന്ന് അഹമ്മദ് ദേവര്‍കോവില്‍, സിറാജ്, ഡിസംബര്‍ 15, 2024).

ബേപ്പൂരില്‍നടന്ന മെക്7 വ്യായാമപരിപാടിക്ക് ആശംസ അറിയിച്ച മന്ത്രി മുഹമ്മദ് റിയാസിന്റെ കത്തും ഇതേ ദിവസമാണ് പുറത്തുവന്നത്. ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ പ്രഭാത വ്യായാമത്തിനായി ഒരു കൂട്ടയ്മ എന്നത് പരസ്പര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സഹായകരമായിരിക്കുമെന്നത് തീര്‍ച്ചയാണ്. മെക്7ന്റെ പ്രവര്‍ത്തനത്തിന് എല്ലാ വിജയാശംസകളും എന്നാണ് ആശംസാകുറിപ്പില്‍ മന്ത്രി പറഞ്ഞത് (ബേപ്പൂരിലെ മെക് 7 കൂട്ടായ്മക്ക് മന്ത്രി മുഹമ്മദ് റിയാസ് നല്‍കിയ കത്ത് ചര്‍ച്ചയാകുന്നു, മീഡിയാവണ്‍, ഡിസംബര്‍ 15, 2024)

എം.പി ശ്രീകണ്ഠനെപ്പോലുള്ള പ്രതിപക്ഷ നേതാക്കളും മെക് 7 വിഷയത്തില്‍ പി മോഹനനെ തള്ളിപ്പറഞ്ഞു. മെക് 7 രാജ്യവ്യാപകമായി നടപ്പാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം (മെക് 7 പരിപാടി ഉദ്ഘാടനം ചെയ്ത് വി.കെ ശ്രീകണ്ഠന്‍ എംപി; 'രാജ്യവ്യാപകമായി നടപ്പിലാക്കണം', റിപോര്‍ട്ടര്‍ ടിവി ഡിസംബര്‍ 15. 2024).

സ്വാഭാവികമായും വി മുരളീധരനെപ്പോലുള്ള ബിജെപി നേതാക്കള്‍ പി.മോഹനന്റെ നിലപാടുകളോട് യോജിച്ചു (വ്യായാമ കൂട്ടായ്മ മെക് സെവന് പിന്നില്‍ ജമാഅത്തെ ഇസ്‍ലാമിയും പോപ്പുലര്‍ ഫ്രണ്ടുമെന്ന് സിപിഎം, 24ന്യൂസ്, ഡിസംബര്‍ 14, 2024)

ഏജന്‍സികളുടെ അന്വേഷണം:

ആരോപണം മൂര്‍ദ്ധന്യത്തിലെത്തിയതോടെ മെക് 7 പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം തീരുമാനിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംവിധാനം ഹൈജാക്ക് ചെയ്‌തെന്ന ആരോപണത്തിന്റെ നിജസ്ഥിതിയാണത്രെ പരിശോധിക്കുന്നത്്(മെക് 7 പ്രവര്‍ത്തനം സംബന്ധിച്ച സംശയങ്ങള്‍; അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം, 24ന്യൂസ്, ഡിസംബര്‍ 14, 2024). അടുത്ത ദിവസങ്ങളില്‍ ഐബിയും സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. പരിശീലനത്തിന്റെ മറവില്‍ സംഘത്തിന് നിഗൂഢ അജന്‍ഡകളുണ്ടെന്ന് രാഷ്ട്രീയ, മതസംഘടനകള്‍ ആരോപണമുന്നയിച്ച സാഹചര്യത്തിലാണ് ഇവരുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഐ.ബിയും സ്പെഷ്യല്‍ബ്രാഞ്ചും അന്വേഷണം തുടങ്ങിയത്(ദുരൂഹതയുടെ നിഴലില്‍ മെക്സെവന്‍ കൂട്ടായ്മ, കേരള കൗമുദി, ഡിസംബര്‍ 15, 2024).

പിന്നില്‍ മതതീവ്രവാദ സംഘടനകള്‍:

മെക് 7 എന്ന പേരില്‍ വടക്കന്‍ ജില്ലകളില്‍ വ്യാപിച്ച കായിക പരിശീലനത്തിന് പിന്നില്‍ മതഭീകര സംഘടനകളാണെന്നായിരുന്നു ജന്മഭൂമിയുടെ ആരോപണം. സൂചന: മള്‍ട്ടി എക്സര്‍സൈസ് കോമ്പിനേഷന്‍ (എംഇസി 7) എന്ന പേരിലാണ് ഈ വ്യായാമ പരിശീലനം മുസ്ലിം ഭൂരിപക്ഷ കേന്ദ്രങ്ങളില്‍ വ്യാപിച്ചത്. കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലടക്കം ഇതിന്റെ പരിശീലനം നടക്കുന്നുണ്ട്. ജമാഅത്തെ ഇസ്‍ലാമി, നിരോധിത പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ പിന്‍ബലത്തോടെയാണ് ഇതെന്നാണ് വിവരം. 2012ല്‍ മലപ്പുറം തുറക്കല്‍ സ്വദേശിയും റിട്ട. സിആര്‍പിക്കാരനുമായ പി. സലാഹുദ്ദീനാണ് ഇതിന് തുടക്കമിട്ടത്. രണ്ട് വര്‍ഷത്തിനിടയില്‍ വിവിധ ജില്ലകളിലായി ആയിരത്തിലധികം യൂണിറ്റുകള്‍ ആരംഭിച്ചതാണ് ഇതിന് പിന്നില്‍ മതമൗലികവാദ സംഘടനകളുണ്ടെന്ന സംശയത്തിന് ആക്കം കൂട്ടിയത്. ഏഴ് വിഭാഗങ്ങളിലായി 22 മിനിട്ട് ശാരീരിക വ്യായാമമാണ് പ്രധാന ഉള്ളടക്കം. പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക യൂണിഫോമും ഉണ്ട്. പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്(മെക് 7 കായിക പരിശീലനത്തിന് പിന്നില്‍ മത-ഭീകര സംഘടനകള്‍; സര്‍വകലാശാല ക്യാമ്പസിലടക്കം പരിശീലനം, ജന്മഭൂമി, ഡിസംബര്‍ 13, 2024).

സൂക്ഷിക്കേണ്ടത് മെക് 7!

താമസിയാതെ പി മോഹനന്‍ തന്റെ നിലപാടുകളില്‍ ചെറിയ തിരുത്തല്‍ വരുത്തി. ആരോപണങ്ങള്‍ മെക് 7 കൂട്ടായ്മയില്‍നിന്ന് മുസ്‍ലിം സംഘടനകളിലേക്ക് തിരിച്ചുവച്ചു: തുടക്കത്തില്‍ അത് വ്യായാമകൂട്ടായ്മയായിരുന്നു. സമീപകാലത്ത് ജമാഅത്തെ ഇസ്‍ലാമി സംഘപരിവാര്‍ എസ്.ഡി.പി.ഐ തുടങ്ങിയ തീവ്രവാദ വിഭാഗങ്ങള്‍ പൊതുഇടങ്ങളില്‍ നുഴഞ്ഞുകയറുന്നു. അപൂര്‍വം ചില ഇടങ്ങളില്‍ ഇത്തരം നുഴഞ്ഞുകയറ്റം ശ്രദ്ധയില്‍പെട്ടു. അതില്‍ പൊതുജാഗ്രതയുണ്ടാകണമെന്ന മുന്നറിയിപ്പാണ് ഞങ്ങള്‍ സമൂഹത്തിന് നല്‍കുന്നത്. (മതമൗലികവാദികള്‍ നുഴഞ്ഞുകയറരുത്, റിപോര്‍ട്ടര്‍ ടിവി, ഡിസംബര്‍ 14, 2024)

ഇതേ കുറിച്ചുള്ള അദ്ദേഹത്തിന്റെ മറ്റൊരു പ്രതികരണം ഇങ്ങനെയാണ്: വ്യായാമകൂട്ടായ്മയായ മെക് 7നെ എതിര്‍ക്കേണ്ട കാര്യം സി.പി.എമ്മിനില്ല. മതചിന്തകള്‍ക്ക് അതീതമായ ഇത്തരം പൊതുവേദിയിലും പൊതുയിടങ്ങളിലും അപൂര്‍വം ചിലയിടങ്ങളില്‍ ജമാഅത്തെ ഇസ്‍ലാമി, എസ്.ഡി.പി.ഐ സംഘ്പരിവാര്‍ തുടങ്ങിയ മതരാഷ്ട്രവാദികളും മതമൗലികവാദികളും നുഴഞ്ഞുകയറി അവരുടെ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരേ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒരു നീക്കവും അനുവദിക്കില്ല. ഇത്തരം അജണ്ടകളൊന്നും ഉണ്ടാവില്ല. അതിലേക്ക് ആളുകള്‍ കടന്നുകൂടണമെന്നാണ് തങ്ങള്‍ പറഞ്ഞത്. ആരോഗ്യ സംരക്ഷണത്തിനുള്ള കൂട്ടായ്മകള്‍ നല്ലതാണ്. മെക് 7നെക്കുറിച്ച് ഞങ്ങള്‍ ആക്ഷേപം ഉന്നയിച്ചിട്ടില്ല (മെക് 7നെതിരെ ഒന്നും പറഞ്ഞിട്ടില്ല; നിലപാടില്‍ മലക്കംമറിഞ്ഞ് പി.മോഹനന്‍, മാധ്യമം, ഡിസംബര്‍ 15, 2024)

ഇപ്പോഴാണ് പി മോഹനന്റെ പ്രസ്താവന കൃത്യമായതെന്നായിരുന്നു ഈ വിഷയം ചര്‍ച്ച ചെയ്ത റിപോര്‍ട്ടര്‍ ചാനല്‍ നിരീക്ഷിച്ചത്. അവരുടെ അഭിപ്രായത്തില്‍ മെക് സെവനെയല്ല സൂക്ഷിക്കേണ്ടത് മതമൗലികവാദികളുടെ നിഴഞ്ഞുകയറ്റത്തില്‍നിന്ന് മെക് 7 സ്വയം സൂക്ഷിക്കുകയാണ് വേണ്ടത്. സംഘപരിവാറിനെ നേരിടാന്‍ എല്ലാ വിയോജിപ്പുകളും മാറ്റിവച്ച് മുസ്‍ലിം സംഘടനകള്‍ ഒരുമിച്ച് നില്‍ക്കുന്നത് പുരോഗമനപരമാണെന്നു തോന്നുമെങ്കിലും അത് ശരിയല്ലെന്നാണ് അവരുടെ നിരീക്ഷണം. മതരാഷ്ട്രവാദികളും മതമൗലികവാദികളും ശുദ്ധമതവാദികളും ഒന്നുചേര്‍ന്ന് മതേതര മുസ്‍ലിംകളിലേക്ക് അവരുടെ ആശയങ്ങള്‍ കുത്തിവയ്ക്കുമെന്നതാണ് അവതാരകരുടെ ഭീതി. (മതമൗലികവാദികള്‍ നുഴഞ്ഞുകയറരുത്, റിപോര്‍ട്ടര്‍ ടിവി, ഡിസംബര്‍ 14, 2024).

കുപ്രചാരണങ്ങള്‍ക്കെതിരേ സത്താര്‍ പന്തല്ലൂര്‍

മുസ്‍ലിംകളുടെയോ മുസ്‍ലിംകള്‍ ഉള്‍പ്പെട്ടതോ ആയ ഏത് കൂട്ടായ്മകളെയും സംശയത്തോടെ കാണുന്ന കാഴ്ചപ്പാട് അംഗീകരിക്കാനാകില്ലെന്നായിരുന്നു എസ്‌.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തല്ലൂരിന്റെ അഭിപ്രായം. അതദ്ദേഹം ഫേസ്ബുക്കിലൂടെ എഴുതുകയും ചെയ്തു: 'ഏതെങ്കിലും ഒരു കൂട്ടായ്മയിലോ പൊതുവായ മുന്നേറ്റങ്ങളിലോ ജനകീയ സമരങ്ങളിലോ മുസ്‍ലിംകള്‍ ഉണ്ടെങ്കില്‍ അതിനെ മറ്റൊരു കണ്ണിലൂടെ നോക്കിക്കാണുന്ന പ്രവണത മുമ്പും കേരളത്തിലുണ്ടായിട്ടുണ്ട്. മുസ്‍ലിംകളുടെ അടയാളങ്ങളും അവരുടെ ഉടമസ്ഥതയിലുള്ള ബിസിനസ് സംരംഭങ്ങളെപ്പോലും സംശയനിഴലിലേക്ക് എത്തിക്കുന്ന നീക്കങ്ങളും ഉണ്ടായി. സി.പി.എം നേതാവ് തുടങ്ങിവച്ച് ബി.ജെ.പി നേതാക്കള്‍ ഏറ്റുപിടിച്ച ഇപ്പോഴത്തെ കാംപയിനെ ആ നിലക്കേ കാണാന്‍ പറ്റൂ''(എഫ് ബി, സത്താര്‍ പന്തല്ലൂര്‍, ഡിസംബര്‍ 15, 2024).

വ്യായാമ ജിഹാദ്

ജന്മഭൂമി ദിനപത്രം മെക് സെവനെ വ്യായാമജിഹാദെന്നാണ് ആക്ഷേപിച്ചത്: മലബാറിലെ ചില ജില്ലകളില്‍ പുതുതായി ആരംഭിച്ചിട്ടുള്ള വ്യായാമ ജിഹാദ് ആരോഗ്യത്തിന് വേണ്ടിയുള്ള യുവാക്കളുടെ, യാതൊരു ദുരുദ്ദേശവും ഇല്ലാത്ത പ്രവൃത്തിയായി കാണാനാവില്ല. ഇന്ന് ഭാരതത്തിലുടനീളം നടക്കുന്ന വഖഫ് അധിനിവേശവും വ്യായാമ ജിഹാദും പരസ്പര ബന്ധമുള്ളതും ആസൂത്രിത ജിഹാദി ഗൂഢാലോചനയുടെ ഭാഗവുമാണ്(...) ഇത്തരം സംഘടനകള്‍ നിരോധിക്കപ്പെട്ടാല്‍ മറ്റൊരു പേര് സ്വീകരിച്ച് പുതിയൊരു സംഘടനയായി മുഖം മിനുക്കി രംഗത്ത് വരും. നേരത്തെ സിമിയെ നിരോധിച്ചപ്പോഴും സിമി, എന്‍.ഡി.എഫും പോപ്പുലര്‍ ഫ്രണ്ട് ആയി രൂപം മാറുകയായിരുന്നു. (...) പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചെങ്കിലും അവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയെ ഉപയോഗിച്ച് അവര്‍ പ്രവര്‍ത്തനം നിര്‍ബാധം തുടര്‍ന്നു. അത് കൂടാതെയാണ് ഇപ്പോള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വ്യായാമം എന്ന പേരില്‍ പഴയ പോപ്പുലര്‍ ഫ്രണ്ട് ജിഹാദി പ്രവര്‍ത്തകര്‍ പ്രത്യേക യൂണിഫോമില്‍ രാവിലെ ഒത്തുകൂടുന്നത്. വ്യായാമം മാത്രമാണ് ലക്ഷ്യമെങ്കില്‍ അതിനാരും എതിരല്ല. പക്ഷേ, വ്യായാമത്തിന്റെ പേരില്‍ ഒത്തുകൂടി രാജ്യവിരുദ്ധ പ്രവര്‍ത്തനവും വിഘടനവാദവും ഭാരതത്തിന്റെ ഇസ്‍ലാമികവത്കരണവും വ്യായാമ ജിഹാദിലൂടെ ലക്ഷ്യമിടുകയാണെങ്കില്‍ അതു ചെറുത്തേ മതിയാകൂ.(വ്യായാമ ജിഹാദും വഖഫും, ജി കെ സുരേഷ്ബാബു, ജന്മഭൂമി, ഡിസംബര്‍ 16, 2024)..

പാര്‍ട്ടി ജിഹാദികളുടെ പിടിയില്‍:

മെക് 7നില്‍നിന്ന് നുഴഞ്ഞികയറിയ മതരാഷ്ട്രവാദികളെന്ന നിലയിലേക്കുള്ള പി മോഹനന്റെ മാറ്റത്തെ ചില മാധ്യമങ്ങള്‍ പാര്‍ട്ടിക്കുള്ളിലെ ജിഹാദികളുടെ വിജയമാണ് കണ്ടത്. മറ്റ് ചിലര്‍ മുഹമ്മദ് റിയാസിന്റെ സമ്മര്‍ദ്ദമായും കണ്ടു: ''നിരോധിത മതതീവ്രവാദ സംഘടനകള്‍ പുതിയ കുപ്പായമിട്ട് വെള്ളരിപ്രാവുകളെന്ന വ്യാജേന അവതരിക്കുമ്പോള്‍ നിലപാടില്ലാത്തവരും നിസഹായരുമായി സിപിഎമ്മും ഡി.വൈ.എഫ്.ഐയും. സിപിഎം സംഘടിത മതതീവ്രവാദികള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് മെക് സെവന്‍ വിവാദത്തില്‍ കണ്ടത്. പാര്‍ട്ടിയില്‍ ഇപ്പോള്‍ നിരോധിത തീവ്രവാദ സംഘടനയുടെ വാക്കുകള്‍ക്കാണ് കൂടുതല്‍ അംഗീകാരം ലഭിക്കുന്നതെന്ന് ചിലരെങ്കിലും അടക്കം പറയുന്നു. പ്രത്യേക പരിഗണനയിലൂടെ പാര്‍ട്ടിയുടെ അടിത്തട്ടു മുതല്‍ ആധിപത്യം നേടിയ മതരാഷ്ട്ര വക്താക്കള്‍ ലൗ ജിഹാദിന്റെ നീരാളിപ്പിടിത്തത്തിലൂടെ കുടുബത്തിന്റെ സ്വകാര്യതകളിലേക്കുപോലും കടന്നെത്തിയതോടെയാണ് അണികളിലും കുടുംബങ്ങളിലും പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയത്. എന്നാല്‍ ജിഹാദി ശക്തികളെ താലോലിക്കുന്ന നേതൃത്വമാകട്ടെ ഇതെല്ലാം അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. (...)

സിപിഎമ്മിനെ തീവ്ര നിലപാടുകളുള്ള ചില മതസംഘടനകള്‍ കൈയടക്കിയെന്ന ആക്ഷേപം ശക്തമാണ്. ഇതില്‍ പ്രതിഷേധമുള്ള വലിയൊരു വിഭാഗം പാര്‍ട്ടിക്കുള്ളില്‍ വളര്‍ന്നു വരുന്നുണ്ട്. എന്നാല്‍ അവരില്‍ പലരും പാര്‍ട്ടി നേതാക്കളെ ഭയന്നും മറ്റ് പലതരത്തിലുള്ള കെട്ടുപാടുകളില്‍പ്പെട്ടും എല്ലാം സഹിച്ചു കഴിയുന്ന സാഹചര്യമാണുള്ളത്. മെക് സെവന്‍ കൂട്ടായ്മക്കെതിരെ ഉയര്‍ന്ന ശബ്ദത്തെ തീവ്രശക്തികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി അടിച്ചമര്‍ത്തുകയായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന് നിലപാട് തിരുത്തേണ്ടി വന്നത് അതിനാലാണ്. സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ പലരും പോപ്പുലര്‍ഫ്രണ്ടുകാര്‍ നയിക്കുന്ന മെക് സെവന്‍ കൂട്ടായ്മയുടെ ഭാഗമായതിനാല്‍ വ്യക്തമായ നയം പറയാന്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിനാകുന്നില്ല. ഇതോടെ മെക്ക് സെവന്‍ കൂട്ടായ്മയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമെന്ന രണ്ട് ചേരി പാര്‍ട്ടിക്കുള്ളില്‍ ശക്തമായി.''( മതഭീകരവാദികളുടെ സമ്മര്‍ദം ഫലംകണ്ടു; ജന്മഭൂമി, മെക് 7 നെതിരെ നിലപാട് തിരുത്തി സിപിഎം, ഡിസംബര്‍ 17, 2024)

മന്ത്രി റിയാസിന്റെ ഭീഷണി:

ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു, മറുനാടന്‍ മലയാളിക്ക് നല്‍കിയ അഭിമുഖത്തില്‍ പി മോഹനന്റെ നിലപാട് മാറ്റം ഭീഷണിയുടെ ഭാഗമാണെന്ന് ആരോപിച്ചു: തീരുമാനമെടുക്കുമ്പോള്‍ നട്ടെല്ല് വേണം. ഏതെങ്കിലും ഒരു മതഭീകര സംഘടനയെയോ ജമാഅത്തെ ഇസ്‍ലാമി പോലുള്ള രാജ്യവിരുദ്ധ ശക്തികളെയോ വോട്ടുബാങ്കിന്റെ പേരിലോ ഭയന്നിട്ടോ പറഞ്ഞവാക്കും എടുത്ത തീരുമാനവും പിന്‍വലിക്കുന്നത് രാഷ്ട്രീയനേതാവിന് യോജിച്ചതല്ല.(...) മുന്‍പറഞ്ഞതില്‍നിന്ന് പുറകോട്ട് പോകാനുള്ള കാരണം ഭീകരവാദസംഘടനകളുടെ ഭീഷണിയാണ്. വോട്ട് ബാങ്ക് ഭീഷണിയാണ്. അല്ലെങ്കില്‍ മുഹമ്മദ് റിയാസിനെപ്പോലുള്ള സി.പി.എമ്മിന്റെ നേതാക്കളുടെ ഭീഷണിയാണ്. മുഹമ്മദ് റിയാസ് മോഹനന്‍ മാസ്റ്ററെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോയെന്ന് അദ്ദേഹം തുറന്നുപറയണം. മുഹമ്മദ് റിയാസിന്റെ പിന്തുണ മെക് സെവനുണ്ടായിരുന്നു. പൊതുസമൂഹത്തിന്റെ ആശങ്ക ഇല്ലാതാക്കേണ്ടത് ആഭ്യന്തര വകുപ്പിന്റെ ബാധ്യതയാണ്.''(മെക് 7 വിവാദത്തില്‍ ഇജകങ പിന്മാറ്റത്തിന് കാരണം മുഹമ്മദ് റിയാസിന്റെ ഭീഷണി..?, മറുനാടന്‍, ഡിസംബര്‍ 16, 2024).

വടക്കേ ഇന്ത്യയിലെ മെക്7 വിരുദ്ധപ്രചാരണം:

കേരളത്തിലെ വിവാദം മൂര്‍ച്ഛിച്ച ഏകദേശം അതേ സമയത്തുതന്നെ വടക്കേ ഇന്ത്യയിലേക്കും വ്യാപിച്ചു. പോപുലര്‍ ഫ്രണ്ട് മെക് 7 എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചുവെന്നായിരുന്നു വടക്കേ ഇന്ത്യയിലെ ഹിന്ദുത്വ ആഭിമുഖ്യമുള്ള സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ വാദം. ഉദാഹരണത്തിന് 'ഉണരൂ, കേരളം' എന്ന് പറഞ്ഞാണ് 'ഹിന്ദു സേവ കേന്ദ്രം' പേരിലുള്ള ഒരു എക്സ് അക്കൗണ്ട് സ്ത്രീകള്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. പിഎഫ്ഐ നിരോധനത്തിനുശേഷം 'ജിഹാദികള്‍' പേരുമാറ്റി 'മെക് 7'ന്റെ മറവില്‍ പ്രവര്‍ത്തിക്കുകയാണ്. ഇതിനു കീഴില്‍ 1,000ത്തിലേറെ സംഘങ്ങളായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. തീവ്രവാദത്തിനു പിന്തുണ നല്‍കുന്ന കമ്യൂണിസ്റ്റുകളും ഇസ്‍ലാമിക സംഘടനയായ സമസ്തയുമെല്ലാം ഇതില്‍ ആശങ്കയുമണ്ടെന്ന് പോസ്റ്റുകളില്‍ പറയുന്നു.

സമാനമായ വാര്‍ത്തകള്‍ അച്ചടിമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഒന്നാം പേജ് വാര്‍ത്ത തന്നെ ഇതായിരുന്നു. (സലൃമഹമ ളശിേല ൈരീൗൃലെ ൗിറലൃ ളശൃല മ െരുാ, യഷു ശേല ശ േീേ 'കഹെമാശര ിമശേീി' ുഹീ,േ കിറശമി ഋഃുൃല,ൈ ഉലരലായലൃ 15, 2024).

സി.പി.എം നേതാവിന്റെ പാര്‍ട്ടിമാറ്റം:

മെക് 7 വ്യായാമ കൂട്ടായ്മ വിവാദത്തില്‍ പ്രതിഷേധിച്ച് ഒരു സി.പി.എം പ്രവര്‍ത്തകന്‍ പാര്‍ട്ടി വിട്ട സംഭവം ഇതോടൊപ്പമുണ്ടായി. കോഴിക്കോട് നടുവണ്ണൂര്‍ കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറിയും എസ്.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ അക്ബറലി കോയമ്പത്താണ് ഇതിന്റെ പേരില്‍ പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ്സിലേക്കാണ് അദ്ദേഹം കൂറുമാറിയത് (മെക് 7 വിവാദം: പ്രതിഷേധിച്ച് സി.പി.എം ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടി വിട്ടു, സിപിഎമ്മിന് ന്യൂനപക്ഷങ്ങളെ സംശയമുനയില്‍ നിര്‍ത്തുന്ന സമീപനമെന്ന്, മാധ്യമം, ഡിസംബര്‍ 17, 2024)

പ്രശ്‌നം സ്ത്രീകളെ പ്രദര്‍ശിപ്പിക്കുന്നത്:

ഏറെ താമസിയാതെ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി, മുഹമ്മദ് കിനാലൂരിനെ തള്ളുകയും സമസ്തയും അതിന്റെ കീഴ്ഘടകങ്ങളും മെക് സെവനെക്കുറിച്ച് പഠിക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്തിട്ടില്ലെന്നും സ്ത്രീകളെ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെയാണ് എതിര്‍ത്തതെന്നും വ്യക്തമാക്കി: ചില സ്ഥലങ്ങളില്‍ നവീനവാദികളുടെ നേതൃത്വത്തില്‍ കളരി, കരാട്ടെ പോലുള്ളവ പഠിപ്പിക്കുന്നുണ്ട്. ഇതിന്റെ മറവില്‍ അവരുടെ ആശയപ്രചാരണത്തില്‍ പെട്ടുപോകരുതെന്നാണ് പേരോട് ഉസ്താദ് പറഞ്ഞത്. സ്ത്രീകള്‍ക്ക് പുരുഷന്‍മാര്‍ ട്രൈനിങ് കൊടുക്കുകയും സ്ത്രീകള്‍ വ്യായാമം ചെയ്യുന്ന വീഡിയോ പുറത്തുവിടുകയും ചെയ്യുന്നതിനെയാണ് വിമര്‍ശിച്ചത്. (മെക് 7 വിമര്‍ശനങ്ങളില്‍ നിന്ന് പിന്മാറി എ.പി വിഭാഗം; 'സ്ത്രീകളെ പ്രദര്‍ശിപ്പിക്കുന്നതാണ് എതിര്‍ത്തത്', റിപോര്‍ട്ടര്‍, ഡിസംബര്‍ 16, 2024).

എ.പി അബ്ദുൽ ഹക്കീം അസ്‍ഹരി
എ.പി അബ്ദുൽ ഹക്കീം അസ്‍ഹരി


ഇസ്‍ലാമോഫോബിയയും നിര്‍വചനാധികാരവും:

മുസ്‍ലിം ഭൂരിപക്ഷ ജില്ലയില്‍ ജീവിക്കുന്ന മുസ്‍ലിംമായ ഒരാള്‍ രൂപംകൊടുക്കുകയും ധാരാളം മുസ്‍ലിംകള്‍ ഈ വ്യായാമപരിശീലത്തിന്റെ ഭാഗമാവുകയും ചെയ്തുവെന്നല്ലാതെ മറ്റൊരു മുസ്‍ലിം-ഇസ്‍ലാമിക ബന്ധവും മെക് 7നില്ലെങ്കിലും ഇതിനെതിരേ മതപ്രചാരണം മുതല്‍ തീവ്രവാദ-മതരാഷ്ട്രവാദ ബന്ധംവരെ പി മോഹനന്‍ സങ്കല്‍പ്പിച്ചെടുക്കുകായിരുന്നുവെന്നാണ് വസ്തുതകളില്‍നിന്ന് തെളിഞ്ഞുവരുന്നത്.

മെക് 7 കൂട്ടായ്മ തന്നെ നിരോധിത -മതവാദ സംഘങ്ങളുടെ ഗൂഢ നീക്കമാണെന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. കേരളത്തിലെ ഇടതു ബുദ്ധിജീവികളില്‍നിന്ന് പരസ്യ പിന്തുണയൊന്നും ലഭിച്ചില്ലെങ്കിലും അത് തള്ളാനും അവര്‍ തയ്യാറായില്ല. സംഘ്പരിവാര്‍ സംഘങ്ങളാകട്ടെ ഇതിനെ ദേശീയ തലത്തിലേക്ക് എത്തിച്ചു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പോലെ ഒരു ഇംഗ്ലീഷ് മാധ്യമത്തിലൂടെ തുടക്കം കുറിച്ചതുകൊണ്ടുതന്നെ അതവര്‍ക്ക് എളുപ്പമായിരിക്കണം. മിക്കവാറും മുഖ്യധാരാ മാധ്യമങ്ങള്‍ എന്നത്തെയും പോലെ തങ്ങളുടെ വംശീയ സ്വഭാവത്തിലുള്ള റിപോര്‍ട്ടിങ് തുടര്‍ന്നു.

പാര്‍ട്ടിക്കുള്ളിലും പുറത്തുമുള്ളവര്‍ കടുത്ത വിയോജിപ്പുയര്‍ത്തിയതോടെ പി മോഹനന്‍ തന്റെ നിലപാടില്‍ ചെറിയ മാറ്റം വരുത്തി. തുടക്കത്തില്‍ മെക് സെവന്‍തന്നെ ഒരു നിഗൂഢ പദ്ധതിയാണെന്ന് ആക്ഷേപിച്ചിരുന്ന അദ്ദേഹം ഇത്തവണ പുതിയൊരു ഫ്രയിം തിരഞ്ഞെടുത്തു. മെക് 7പോലുള്ള നല്ലൊരു പരിപാടിയിലേക്ക് നുഴഞ്ഞുകയറുന്ന മതമൗലികവാദ-മതരാഷ്ട്രവാദ സംഘങ്ങളെന്നായി പുതിയ ഫ്രയിം. മൊത്തം മുസ്‍ലിംകളെ മറുപുറത്തുനിര്‍ത്തുന്നതിനേക്കാള്‍ കേരളത്തില്‍ സ്വീകാര്യതയുള്ള ഫ്രയിമാണ് നിഷ്‌കളങ്കരായ മുസ്‍ലിംകളെ അപകടത്തിലാക്കുന്ന ചീത്ത മുസ്‍ലിംസംഘടനകളെന്ന സങ്കല്‍പ്പം.

മെക് 7 കൂട്ടായ്മക്കെതിരെ സി.പി.എം നേതാവ് ഉയര്‍ത്തിയ ഇസ്‍ലാമോഫോബിക് ആരോപണം നമ്മുടെ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നത് അദ്ദേഹം കയ്യാളുന്ന നിര്‍വചനാധികാരത്തിന്റെ പേരിലാണ്. ആദ്യം പറഞ്ഞ 'മെക് സെവനെ സൂക്ഷിക്കുക'യെന്ന മുന്നറിയിപ്പില്‍നിന്ന് 'തീവ്രവാദികളുടെ കയ്യില്‍പ്പെടാതെ മെക് സെവന്‍ സ്വയം സൂക്ഷിക്കുക'യെന്ന തിരുത്തലിലാണ് ഇന്ന് ഈ വ്യവഹാരം വന്നുനില്‍ക്കുന്നത്. ഈ രണ്ട് ഘടനയും മുന്നോട്ടുവച്ചതും കേരളീയ പൊതുസമൂഹം സ്വീകരിച്ചതും മോഹനന്‍ മാസ്റ്ററിലൂടെയാണ്. അതായത് ഈ രണ്ടു ഫ്രയിമിലും നിര്‍വചനാധികാരം കയ്യാളിയത് മോഹനന്‍ മാസ്റ്ററാണ്. അദ്ദേഹത്തിന്റെ ചിന്തക്കനുസരിച്ചാണ് കേരളീയ പൊതുസമൂഹം ഭാഗികമായെങ്കിലും ചിന്തിച്ചതും ചലിച്ചതും. ശക്തമായ പ്രതികരണങ്ങള്‍ പുതിയൊരു ഫ്രയിമിലേക്ക് മാറാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചുവെന്നു മാത്രം.

മുസ്‍ലിംകള്‍ക്കെതിരേ നിഗൂഢത ആരോപിച്ചതിലും പ്രചരിപ്പിച്ചതിലും മുസ്‍ലിംസംഘടനകള്‍ക്കുള്ള പങ്കിനെ പ്രാഥമികമായി കാണുന്ന ചിന്തയും അതിനിടയില്‍ ഉടലെടുത്തു. അവരാണ് പ്രശ്‌നമെന്നുപോലും ചര്‍ച്ചകളുയര്‍ന്നു. സ്ത്രീകളുടെ പൊതുപ്രവേശനവുമായി ബന്ധപ്പെട്ട ചില മുസ്‍ലിംസംഘടനകളുടെ സമാന നിലപാടുകളെ സ്ത്രീവിരുദ്ധതയുടെ ഘടനയ്ക്കുള്ളിലാണ് പൊതുസമൂഹം പൊതുവെ ചര്‍ച്ച ചെയ്യാറുള്ളത്. എന്നാല്‍ ഇവിടെ അതല്ല ഉണ്ടായതെന്നും ഇപ്പോള്‍ പ്രചരിച്ച ഇസ്‍ലാമോഫോബിക് ഫ്രയിം മാധ്യമങ്ങള്‍ ബോധപൂര്‍വം തിരഞ്ഞെടുക്കുകയായിരുന്നുവെന്നും 24ന്യൂസിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് അഡ്വ.അമീന്‍ ഹസന്‍ നിരീക്ഷിക്കുകയുണ്ടായി. മാധ്യമപ്രവര്‍ത്തകരുടെ ഇസ്‍ലാമോഫോബിക് വീക്ഷണത്തെയാണ് അദ്ദേഹം പ്രതിസ്ഥാനത്ത് നിര്‍ത്തിയത് (മോഹനനും കിനാലൂരും മാത്രമല്ല കോഴിക്കോട്ടെ ചില മാധ്യമ പ്രവര്‍ത്തകരും പടര്‍ത്തിയ വംശീയ പ്രചാരണമാണ് പൊളിഞ്ഞു പോയത്, ഡിസംബര്‍ 16, 2024).

ഇസ്‍ലാമോഫോബിയ പോലുള്ള വംശീയ ചിന്തകള്‍ ഇന്റേണലൈസ് ചെയ്യുന്ന വിഭാഗമുണ്ടാവുകയെന്നത് വംശീയതയുടെത്തന്നെ പ്രത്യേകതയാണ്. ഇവിടെയും അതുതന്നെയാണ് ഉണ്ടായത്. ഇത്തരം വിഭാഗങ്ങള്‍ ഇസ്‍ലാമോഫോബിയയുടെ പ്രാഥമിക ഉറവിടമല്ല. എന്നിട്ടും ഇവരെ പ്രാഥമികായി കാണുന്ന ഒരു ചിന്ത ഇതിനിടയില്‍ വളര്‍ന്നുവന്നു. തെറ്റായ പ്രാഥമിക ഉറവിടം കണ്ടെത്തുന്നതും ഇസ്‍ലാമോഫോബിയയുടെ പ്രത്യേകതയാണ്. നിര്‍വചനാധികാരം ആര്‍ക്കാണെന്നു പരിശോധിച്ചാണ് പ്രാഥമിക ഉറവിടമാണോയെന്ന് തിരിച്ചറിയുന്നത്. അങ്ങനെ നോക്കുമ്പോള്‍ കേരളത്തില്‍ നിര്‍വചനാധികാരം കയ്യാളിയത് പി മോഹനനാണ്. ഇസ്‍ലാമോഫോബിയക്കെതിരായ പോരാട്ടത്തില്‍ ഈ തിരിച്ചറിവ് പ്രധാനമാണ്.


റിസർച്ച് കളക്ടീവ്: കെ.കെ നൌഫൽ, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റിദ ഫാത്തിമ, നിഹാൽ എ, റെൻസൻ വി.എം, മുഹമ്മദ് മുസ്തഫ, അസീം ഷാൻ, സഈദ് റഹ്‍മാൻ, ബാസിൽ ഇസ്‍ലാം, കമാൽ വേങ്ങര, അബ്ദുൽ ബാസിത്

TAGS :