മുഖ്യമന്ത്രിയുടെ ഹിന്ദു അഭിമുഖവും പൊതുചർച്ചകളും; ഇസ്‌ലാമോഫോബിയ ഒക്ടോബർ മാസം സംഭവിച്ചത് - ഭാഗം 2
മുസ് ലിംസംഘടനകളെ പരസ്പരം എതിര്‍നിര്‍ത്തുന്ന നല്ല മുസ് ലിം/ ചീത്ത മുസ്‌ലിം ഇസ്‌ലാമോഫോബിക് തന്ത്രത്തില്‍ ഇത്തവണ മുസ്‌ലിംസംഘടനകള്‍ വീണതായി തോന്നിയില്ല. അഭിമുഖത്തിനെതിരേ അവര്‍ ഉറച്ചുനിന്നു. പരസ്പരം കുറ്റപ്പെടുത്തിയില്ല. വ്യാപകമായ എതിര്‍പ്പ് രൂപപ്പെട്ടതിന്റെ കൂടി ഭാഗമാവാം മുഖ്യമന്ത്രി അഭിമുഖത്തിലെ പരാമര്‍ശത്തെ തള്ളിപ്പറഞ്ഞു. ഹിന്ദു പത്രവും അതുതന്നെ ചെയ്തു | 2024 ഒക്ടോബർ മാസം കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷൻ - ഭാഗം -2
2024 ആഗസ്റ്റ് മാസത്തോടെ മലപ്പുറത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മൊത്തത്തില്‍ പൊലീസിനുമെതിരേ ഭരണകക്ഷിയില്‍പ്പെട്ട നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ നടത്തിയ വിമര്‍ശനം വിവാദമായി. മലപ്പുറത്തെ ഇകഴ്ത്തിക്കാണിക്കാന്‍ പൊലീസുകാര്‍ ഗൂഢാലോചന നടത്തുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. എഡിജിപി എം.ആര്‍ അജിത് കുമാര്‍, മലപ്പുറം മുന്‍ എസ് പി സുജിത് ദാസിനെയും പോലുള്ള മുതിര്‍ന്ന പൊലിസുകാര്‍ സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുന്നു, മുസ്‍ലിം സമൂഹത്തെയും മലപ്പുറത്തെയും കുറ്റകൃത്യകേന്ദ്രമായി ചിത്രീകരിക്കാന്‍ കേസുകളുടെ എണ്ണം കൂട്ടുന്നു- എന്നിങ്ങനെയായിരുന്നു പരാതി. ചില തെളിവുകളും അദ്ദേഹം പുറത്തുവിട്ടു.
പൊലീസിനെതിരേയുള്ള വിവാദം പതുക്കെപ്പതുക്കെ സര്‍ക്കാരിനെതിരേയും മുഖ്യമന്ത്രിക്കെതിരെയും തിരിഞ്ഞു. വിവാദം രൂക്ഷമായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ദി ഹിന്ദു പത്രത്തിന് ഡല്‍ഹിയില്‍വച്ച് ഒരു അഭിമുഖം നല്‍കി. അഭിമുഖത്തിനിടയില്‍ നടത്തിയ ഒരു പരാമര്‍ശം വിവാദമായി. മുസ്‌ലിംതീവ്രവാദശക്തികള്‍ക്കെതിരെ സര്‍ക്കാര്‍ നീങ്ങുമ്പോള്‍ തങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരാണ് എന്ന് വരുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. മലപ്പുറത്തെ ഉദാഹരിക്കുകയും ചെയ്തു: നാളുകളായി യുഡിഎഫിനൊപ്പം നിന്ന ന്യൂനപക്ഷം ഇപ്പോള്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നുണ്ട്. അത് യുഡിഎഫിന് നഷ്ടമുണ്ടാക്കുമെന്ന് മനസ്സിലാക്കി, ആശയക്കുഴപ്പം ഉണ്ടാക്കാനായി ആര്‍എസ്എസ്സിനെതിരേ സിപിഎം മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. അതിന് കൂട്ടുനിന്ന് വര്‍ഗീയവിഭജനം നടത്താന്‍വേണ്ടി ചില തീവ്രവാദ പ്രസ്ഥാനങ്ങളും പണിയെടുക്കുന്നു. മുസ് ലിംതീവ്രവാദശക്തികള്‍ക്കെതിരേ ഞങ്ങളുടെ സര്‍ക്കാര്‍ നീങ്ങുമ്പോള്‍ ഞങ്ങള്‍ മുസ്‍ലിംകള്‍ക്കെതിരാണ് എന്ന് വരുത്താന്‍ അവര്‍ ശ്രമിക്കുകയാണ്. ഉദാഹരണത്തിന് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മലപ്പുറം ജില്ലയില്‍നിന്ന് കേരള പൊലീസ് 150 കിലോ സ്വര്‍ണവും 123 കോടിയുടെ ഹവാല പണവും പിടികൂടിയിട്ടുണ്ട്. ഈ പണമത്രയും കേരളത്തിലേക്ക് വരുന്നത് സംസ്ഥാനവിരുദ്ധ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ്. ആര്‍എസ്എസ്സിനോട് സിപിഎമ്മിന് മൃദുസമീപനം എന്നത് സ്വര്‍ണവും ഹവാലയും പിടികൂടിയ ഞങ്ങളുടെ സര്‍ക്കാരിനെതിരായ പ്രതികരണം മാത്രമാണ്. ( CPI(M) has always stridently opposed RSS, other Hindutva forces in Kerala: Pinarayi Vijayan|September-30-2024 -The Hindu -Sobhana K. Nair).
സംഘപരിവാറിനെ പ്രീണിപ്പിക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷവും മുസ്‍ലിം സംഘടനകളും:
അഭിമുഖത്തിന്റെ പേരില്‍ പ്രതിപക്ഷവും മുസ്‍ലിം സംഘടനകളും രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്. സംഘപരിവാറിന് ഗുണം ചെയ്യുന്നതാകും മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്നാണ് മുസ്ലിം സംഘടനകളുടെ വിലയിരുത്തല്‍. മലപ്പുറം പരാമര്‍ശത്തെ പിന്തുണച്ച് സംഘ്പരിവാര്‍ നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
സിപിഎമ്മിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന കാന്തപുരം എ.പി വിഭാഗമാണ് മതസംഘടനകളില്‍ ആദ്യമായി മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പരസ്യമായി നിലപാടെടുത്തത്. രാഷ്ട്രീയ തര്‍ക്കങ്ങളുടെ പേരില്‍ സമാനതകളില്ലാത്ത സൗഹാര്‍ദത്തിന്റെ കേന്ദ്രമായ മലപ്പുറം ജില്ലയെ പ്രശ്നവത്ക്കരിക്കാനുള്ള ഗൂഢശ്രമങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ അടിയന്തരമായി പിന്തിരിയണമെന്നാണ് എപി വിഭാഗം സംഘടനയായ കേരള മുസ്‍ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി പ്രതികരിച്ചത്. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്നുവെന്ന് പറയപ്പെടുന്ന സ്വര്‍ണക്കടത്തും മറ്റു പണമിടപാടുകളും ഒരു ജില്ലയ്ക്ക് മേല്‍ ആരോപിക്കപ്പെടുന്നത് അത്യന്തം ഖേദകരമാണ്. ഇത്തരം ദുഷ്ടശക്തികളെ നിയമവിധേയമായി കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തമാണ് ബന്ധപ്പെട്ടവര്‍ കാണിക്കേണ്ടത്. അതിനുപകരം ഒരു ജില്ലയെയും അതിലെ മുഴുവന്‍ ജനവിഭാഗങ്ങളെയും പത്രസമ്മേളനങ്ങളിലും അഭിമുഖങ്ങളിലും തുടര്‍ച്ചയായി അധിക്ഷേപിക്കുന്നത് ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ലെന്നും സംഘടന വ്യക്തമാക്കി.
മുസ് ലിം ലീഗ്, കേരള മുസ് ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്‌കെഎസ്എസ്എഫ് തുടങ്ങിയ സംഘടനകളും എതിര്‍പ്പുയര്‍ത്തി. മലപ്പുറത്തെത്തുന്ന സ്വര്‍ണം എത് തരം രാജ്യദ്രോഹപ്രവര്‍ത്തനത്തിനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെട്ടത്.(മാതൃഭൂമി, ഒക്ടോബര്‍ 1, 2024) ഇസ്‌ലാമോഫോബിയയുടെ മറപിടിച്ച് രാഷ്ട്രീയപ്രതിസന്ധി മറികടക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി മുജീബുറഹ്‌മാന്‍ കുറ്റപ്പെടുത്തി. (മാധ്യമം, ഒക്ടോബര്‍ 1, 2024) പിണറായി ആര്‍എസ്എസ്സിന്റെ മെഗാഫോണായെന്ന് എസ്‌ഐഒയും പരാതിപ്പെട്ടു (മെട്രോ വാര്‍ത്ത, ഒക്ടോബര്‍ 1, 2024).
ദുരാരോപണങ്ങള്‍ക്ക് ചൂട്ട് പിടിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് എസ്‌കെഎസ്എസ്എഫ് കുറ്റപ്പെടുത്തി. മലപ്പുറത്തിനെതിരെ തെരുവ് പ്രാസംഗികനെ പോലെ സംസാരിച്ചാല്‍ പോരെന്നും ആധികാരിക തെളിവ് പുറത്തുവിടണമെന്നും സംഘടന അഭിപ്രായപ്പെട്ടു (മലപ്പുറം പരാമര്‍ശം: ദുരാരോപണങ്ങള്‍ക്ക് ചൂട്ട് പിടിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹം- എസ്‌കെഎസ്എസ്എഫ്, മീഡിയാവണ്‍, ഒക്ടോബര്‍ 1, 2024)
ആര്‍എസ്എസിനെയും ബിജെപിയെയും പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നായിരുന്നു മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചത്. മലപ്പുറം ജില്ലയില്‍ എത്ര രാജ്യദ്രോഹക്കുറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.(മാതൃഭൂമി, ഒക്ടോബര്‍ 1, 2024)
മലപ്പുറം വിരുദ്ധ പരാമര്‍ശം ഡല്‍ഹിയിലെ സംഘ്പരിവാര്‍ ഏമാന്മാരെ സന്തോഷിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ആര്‍എസ്എസ് ബാന്ധവം പുറത്തായതിന്റെ ജാള്യത മറയ്ക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും മലപ്പുറം വിരുദ്ധ പരാമര്‍ശം എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും സതീശന്‍ ചോദിച്ചു. ന്യൂനപക്ഷങ്ങള്‍ തങ്ങള്‍ക്കൊപ്പമില്ലെന്ന തിരിച്ചറിവില്‍ അവരെ വര്‍ഗീയവാദികളും മാഫിയകളുമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ പ്രതികരണം. ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മലപ്പുറത്തെ ആക്ഷേപിച്ച മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(മീഡിയാവണ്‍, ഒക്ടോബര്‍ 1, 2024, സെപ്തംബര്‍ 21, 2024)
കേന്ദ്രസര്‍ക്കാറിനെ സുഖിപ്പിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിന്റെ നിരീക്ഷണം. പ്രധാനമന്ത്രിയെ ഏറ്റവും അവസാനമായി കണ്ടതിനു ശേഷം മുഖ്യമന്ത്രിക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മലപ്പുറത്തെ കുറിച്ചുള്ള പരാമര്‍ശം മുഖ്യമന്ത്രി വെപ്രാളം കൊണ്ട് പറഞ്ഞതാണ്. കേരളത്തില്‍ ഇത്തരമൊരു കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന് പറഞ്ഞ പിണറായി വിജയന്‍ അത്തരം നടപടി തടയാന്‍ ഇടപ്പെടാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു. ഇന്റലിജന്‍സും സ്‌പെഷ്യല്‍ ബ്രാഞ്ചും അടക്കമുള്ള സംവിധാനങ്ങള്‍ കൈയില്‍ ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു. (പിണറായിയുടെ മലപ്പുറം പരാമര്‍ശം കേന്ദ്ര സര്‍ക്കാരിനെ സുഖിപ്പിക്കാന്‍-കെ.സി വേണുഗോപാല്‍, മീഡിയാവണ്‍, ഒക്ടോബര്‍ 1, 2024)
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം സംസ്ഥാന ഭരണത്തലവനും സംഘപരിവാര്‍ തലവനും ഒന്നാണെന്ന് തോന്നും വിധമുള്ളതാണെന്നും സംഘപരിവാറിന്റെ വക്താക്കളായി മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മാറിയെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആരോപിച്ചു (മലപ്പുറം പരാമര്‍ശം: സംഘപരിവാറിന്റെ വക്താക്കളായി മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മാറി- മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, മീഡിയാവണ്‍, ഒക്ടോബര്‍ 1, 2024)
ആര്‍എസ്എസ്സ് ചങ്ങാത്തം ലക്ഷ്യം: അന്‍വര്‍
പിണറായി പറയുന്ന കാര്യങ്ങളെ മാറുന്ന സിപിഎം സമീപനത്തിന്റെ ഭാഗമായി കാണാന്‍ കഴിയില്ലെന്നും പിണറായിയുടെ രീതിയായേ കാണാന്‍ കഴിയൂ എന്നുമായിരുന്നു അന്‍വറിന്റെ ആദ്യപ്രതികരണം: ''അമിത മുസ്‍ലിം പ്രീണനമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണമെന്നാണു പാര്‍ട്ടി വിലയിരുത്തല്‍. തെറ്റായ വിലയിരുത്തലാണത്. പൊലീസ് നയമാണ് എല്‍ഡിഎഫിനെ പരാജയപ്പെടുത്തിയത്. കേരളത്തിലെ ജനങ്ങളെ പാര്‍ട്ടിക്ക് എതിരാക്കിയത് പൊലീസാണ്. പാര്‍ട്ടി അതിനെക്കുറിച്ച് പഠിക്കുന്നില്ല. കമ്യൂണിസ്റ്റുകാരന്‍ സ്റ്റേഷനില്‍ ചെന്നാല്‍ രണ്ട് അടി അധികം കിട്ടും. മലപ്പുറത്തെ 40,000 കേസ് പൊലീസ് ബുക്ക് ചെയ്തതാണോ മുസ്‍ലിം പ്രീണനമെന്ന് അന്‍വര്‍ ചോദിച്ചു. കാര്യങ്ങളെ തെറ്റായി അപഗ്രഥനം ചെയ്ത് പിണറായി ആര്‍എസ്എസ് ചങ്ങാത്തത്തിന് ശ്രമിക്കുന്നു. യാഥാര്‍ഥ്യം കാണാന്‍ ശ്രമിക്കുന്നില്ല. അതിന്റെ ഭാഗമായാണ് പിണറായി ഇംഗ്ലിഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖം. പിണറായിയുടെ രീതി മാറിയെന്ന് ആര്‍എസ്എസ് നേതൃത്വത്തിനു തോന്നണം. അന്‍വര്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ചല്ല, അന്‍വറിന് വിവരങ്ങള്‍ നല്‍കിയവരെക്കുറിച്ചാണ് ഇപ്പോള്‍ പൊലീസ് അന്വേഷണം നടക്കുന്നത്'' - അദ്ദേഹം പറഞ്ഞു ('മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ജനങ്ങളെ സിപിഎമ്മിന് എതിരാക്കിയത് പൊലീസ്'(ഒകടോബര്‍ 1, 2024, മനോരമ)
വിഎസ്സിന്റെ 'കോപ്പിയടി'യും പിണറായിയുടെ 'കള്ളക്കട'ത്തും:
പിണറായിയുടെ അഭിമുഖത്തിലെ പരാമര്‍ശത്തെ മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ കോപ്പിയടി പരാമര്‍ശത്തോടാണ് പലരും താരതമ്യംചെയ്തത്. മറ്റു ചിലര്‍ കടകംപള്ളിയുടെ 'മലപ്പുറത്തിന്റെ വര്‍ഗീയ ഉള്ളടക്ക'വുമായും താരമ്യം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞതിന്റെ തനിയാവര്‍ത്തനമാണെന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചു ജയിക്കുന്നവരാണെന്നാണ് 2005ല്‍ പ്രതിപക്ഷനേതാവായിരിക്കെ വി.എസ് ആക്ഷേപിച്ചത്. സംസ്ഥാന മെഡിക്കല്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ച സമയത്തായിരുന്നു ഇത്. ആ വര്‍ഷത്തെ എന്‍ട്രന്‍സ് ലിസ്റ്റില്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ കൂടി ജില്ലയായ മലപ്പുറത്തെ കുട്ടികള്‍ നേടിയ ഉയര്‍ന്ന വിജയശതമാനമാണ് ഇത്തരമൊരു ആക്ഷേപം ഉന്നയിക്കാന്‍ വി.എസിനുണ്ടായ പ്രകോപനം. മലപ്പുറത്ത് കൂടുതല്‍ കുട്ടികള്‍ ജയിച്ചത് കോപ്പിയടിച്ച് നേടിയതാണോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവും വി.എസ് മുന്നോട്ടുവെച്ചു. പിന്നീട് മുഖ്യമന്ത്രിയായതിനു ശേഷവും വി.എസില്‍ നിന്ന് കൂടുതല്‍ മുസ്‍ലിം വിരുദ്ധമായ പരാമര്‍ശമുണ്ടായി. '20 കൊല്ലം കഴിയുമ്പോള്‍ കേരളം ഒരു മുസ്‍ലിം രാജ്യമാകും. മുസ്ലിം ഭൂരിപക്ഷമാകും. ചെറുപ്പക്കാരായ ആളുകളെയെല്ലാം തന്നെ സ്വാധീനിച്ചിട്ട്, പണം കൊടുത്തിട്ട് അവരെ മുസ്ലിം ആക്കുക, മുസ്ലിം യുവതികളെ കല്യാണം കഴിക്കുക, മുസ്ലിം ജനിക്കുക... ആ തരത്തിലിങ്ങനെ... മുസ്ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക, ഇതാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി'- വി.എസ് പറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാറില്‍ മന്ത്രിയായിരിക്കെ കടകംപള്ളി സുരേന്ദ്രനും മലപ്പുറത്തിനെതിരെ വര്‍ഗീയ ആക്ഷേപം നടത്തിയിരുന്നു: ‘മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണ്. അത് മത ന്യൂനപക്ഷ വര്‍ഗീയതയുടെ ശാക്തീകരണം വരുന്ന മേഖലയാണ്.’- ഇതായിരുന്നു കടകംപള്ളിയുടെ വാക്കുകള്‍. 2017ല്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തിരുവനന്തപുരത്ത് മുനിസിപ്പല്‍ സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിലായിരുന്നു വിവാദ പരാമര്‍ശം (അന്ന് കോപ്പിയടിയെങ്കില്‍ ഇന്ന് സ്വര്‍ണക്കടത്ത്; പിണറായിയുടേത് വി.എസ് വാദത്തിന്റെ തനിയാവര്‍ത്തനം, മാധ്യമം, ഒക്ടോബര്‍ 1, 2024)
കള്ളക്കടത്തും പാനായിക്കുളവും:
രാജ്യവിരുദ്ധപ്രവര്‍ത്തനത്തിന് സ്വര്‍ണക്കടത്തുകാരുടെ പണം ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ചര്‍ച്ച ചെയ്ത മീഡിയാവണില്‍ സിപിഎം പ്രതിനിധിയായി പങ്കെടുത്ത അഡ്വ. കെ എസ് അരുണ്‍കുമാര്‍ കള്ളക്കടത്തിനെയും പാനായിക്കുളം കേസിനെയും ബന്ധപ്പെടുത്തി: ‘അധ്യാപകന്റെ കൈവെട്ടിയെ സംഭവം മുതല്‍ പാനായിക്കുളത്തും വാഗമണിലും നിരോധിക്കപ്പെട്ട നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനകളുടെ ക്യാമ്പ് നടത്തിയതുമുതല്‍ പല രാഷ്ട്രീയകൊലപാകങ്ങളിലടക്കം കള്ളപ്പണം ഉപയോഗിക്കപ്പെട്ടതായി പൊലിസ് നടത്തിയ ഇന്‍വസ്റ്റിഗേഷനില്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്യവിരുദ്ധത നടത്തിയിട്ടുണ്ട്. നിരോധിക്കപ്പെട്ട തീവ്രവാദസംഘടനകളിലേക്ക് ആളുകടെ സെലക്റ്റ് ചെയ്തുകൊണ്ടുപോയിട്ടുണ്ട്’ എന്നാല്‍ ഏതൊക്കെ കേസുകളാണ് ഇത്തരത്തിലുള്ള കുറ്റങ്ങള്‍ ചെയ്തതായി കണ്ടെത്തിയിട്ടുള്ളതെന്ന അവതാരകന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് അദ്ദേഹം ഉത്തരം പറഞ്ഞില്ല ('മലപ്പുറത്ത് തീവ്രവാദ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് എന്തെങ്കിലും തെളിവുണ്ടെങ്കില്‍ സിപിഎം കാണിക്ക്', മീഡിയാവണ്‍, സെപ്തംബര്‍ 30, 2024)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പ്രത്യക്ഷപ്പെട്ടു. ദേശവിരുദ്ധ പ്രവര്‍ത്തനം എന്തുകൊണ്ട് അറിയിച്ചില്ലെന്ന് ചോദ്യമുന്നയിച്ച ഗവര്‍ണര്‍ ദേശവിരുദ്ധര്‍ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. 3 വര്‍ഷമായി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. അത് എന്താണെന്നറിയാന്‍ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ട്. സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നുവെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി (ദേശവിരുദ്ധര്‍ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഗവര്‍ണര്‍; 'ദേശവിരുദ്ധ പ്രവര്‍ത്തനം എന്തുകൊണ്ടറിയിച്ചില്ല', ഏഷ്യാനെറ്റ്, ഒക്ടോബര്‍ 3, 2024)
ജമാഅത്തെ ഇസ്‌ലാമി യുഡിഎഫിന്റെ സ്ലീപിങ് പാര്‍ട്ണര്‍:
മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധങ്ങളെ അതേ മന്ത്രിസഭയിലെ മന്ത്രി പി.എ മുഹമ്മദ് റിയാസ് ജമാഅത്തെ ഇസ് ലാമിയുടെ തലയിലേക്കിട്ടു. യുഡിഎഫിന്റെ സ്ലീപിങ് പാര്‍ട്ണറായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമി ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്: ‘മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രചാരണത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ട... ആ അജണ്ട കഴിഞ്ഞ എട്ടു വര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിനു വേണ്ടിയാണ്... ഇത്തരം പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫിന് പിന്തുണ നല്‍കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണ്...ആര്‍എസ്എസ് തലക്ക് ഇനാം പ്രഖ്യാപിച്ച ഇന്ത്യയിലെ ഒരേ ഒരു മുഖ്യമന്ത്രി പിണറായി വിജയനാണ്. വെട്ടിപ്പും തട്ടിപ്പും നടത്താതെ മുന്നോട്ടുപോകാന്‍ യുഡിഎഫിന് കഴിയില്ല. അതിന്റെ ഭാഗമായിട്ടുള്ള നിലപാടാണ് ഇപ്പോള്‍ യുഡിഎഫ് സ്വീകരിക്കുന്നത്. എന്നാല്‍ ഇതില്‍ യുഡിഎഫിന് സഹായം ചെയ്യുന്നത് ജമാഅത്തെ ഇസ്‌ലാമിയാണ്. അവര്‍ സമൂഹത്തില്‍ ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമി യുഡിഎഫിന്റെ സ്ലീപിങ് പാര്‍ട്ണറായി മാറി (മുഖ്യമന്ത്രിക്കെതിരായ പ്രചാരണത്തില്‍ രാഷ്ട്രീയ അജണ്ട, പിന്നില്‍ ജമാഅത്തെ ഇസ്‌ലാമി- മുഹമ്മദ് റിയാസ്, മീഡിയാവണ്‍, ഒക്ടോബര്‍ 1, 2024).
മുഖ്യമന്ത്രിയുടെ പരാമര്‍ശം ആയുധമാക്കി ബിജെപി:
മുഖ്യമന്ത്രിയുടെ പരാമര്‍ശം വന്നതോടെ അതിനെ ആയുധമാക്കി സംഘപരിവാര്‍ സംഘങ്ങളും സജീവമായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് നഷ്ടപ്പെട്ട ഹിന്ദു വോട്ടുകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നാണ് ബിജെപി ഉയര്‍ത്തിയ വാദം. സെപ്തംബര്‍ 30ന് കൊച്ചിയില്‍ ചേര്‍ന്ന ബിജെപി ഉന്നത നേതൃതല യോഗത്തിലായിരുന്നു ഈ തീരുമാനമെടുത്തത്. കേരളം, പ്രത്യേകിച്ച് മലപ്പുറം ഭീകരവാദത്തിന്റെ ഹബ്ബായി മാറിയെന്ന തങ്ങളുടെ പ്രചാരണം തന്നെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും ഉന്നയിച്ചതെന്നാണ് സംഘപരിവാര്‍ ഉന്നയിച്ചത്. (മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമര്‍ശം: ആയുധമാക്കാന്‍ സംഘപരിവാര്‍ പരാമര്‍ശം ഏറ്റെടുത്ത് വരും ദിവസങ്ങളില്‍ പ്രചാരണം നടത്താനാണ് ബിജെപി തീരുമാനം, ഒക്ടോബര്‍ 1, 2024, മീഡിയാവണ്‍).
ന്യായീകരിച്ച് എ കെ ബാലന്‍:
മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം സംബന്ധിച്ച പരാമര്‍ശത്തെ വക്രീകരിച്ചുള്ള പ്രചരണമാണ് നടക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍ അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയെ മുന്‍നിര്‍ത്തി വൃത്തികെട്ട പ്രചരണമാണ് നടക്കുന്നതെന്നും ഒരു പ്രത്യേക വിഭാഗത്തിന്റെ വിശ്വാസ്യതയെ ദുരുപയോഗിച്ചെന്നും ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു: ദ ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖം ഒന്നു കൂടി വായിക്കണം. സംഘപരിവാറിന് എതിരെ രൂക്ഷമായ നിലപാട് അതില്‍ പറയുന്നുണ്ട്. സംഘപരിവാറിനോട് ഒത്ത് തീര്‍പ്പില്ലെന്ന് മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. കരിപ്പൂരില്‍ നിന്ന് സ്വര്‍ണം പിടിച്ചാല്‍ പിന്നെ മലപ്പുറം എന്നല്ലേ പറയേണ്ടത്? തിരുവനന്തപുരത്ത് നിന്ന് സ്വര്‍ണം പിടിച്ചെന്ന് പറഞ്ഞാല്‍ തിരുവനന്തപുരത്തെ അപമാനിക്കലാണോ? സ്വര്‍ണം മുഴുവന്‍ കമലയും വീണയും കൊണ്ട് പോയന്നല്ലേ ബിജെപി പറഞ്ഞ് നടന്നിരുന്നത്. ഇപ്പോള്‍ എന്തായി?- ബാലന്‍ ചോദിച്ചു (മലപ്പുറത്തിനെതിരായ പരാമര്‍ശം: മുഖ്യമന്ത്രിയുടെ അഭിമുഖത്തെ വക്രീകരിച്ചുള്ള പ്രചാരണമെന്ന് എ.കെ ബാലന്‍, മീഡിയാവണ്‍, ഒക്ടോബര്‍ 1, 2024)
സ്വര്‍ണക്കടത്തിന് തീവ്രവാദ ശക്തികളുമായി ബന്ധം: കെ ടി കുഞ്ഞിക്കണ്ണന്‍
സിപിഎം നേതാവും ഗ്രന്ഥകാരനുമായ കെ ടി കുഞ്ഞിക്കണ്ണന്റെ അഭിപ്രായത്തില്‍ മുഖ്യമന്ത്രി സ്വന്തം കടമയാണ് നിര്‍വഹിച്ചത്. അതിനെ മലപ്പുറം ജില്ലയുമായി കൂട്ടിക്കെട്ടുകയാണ് വിമര്‍ശകര്‍ ചെയ്യുന്നത്. കള്ളക്കടത്തിന് വര്‍ഗീയതയുമായുള്ള ബന്ധം ലോകയാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം പറയുന്നു: ''അഹമ്മദാബാദ് എയര്‍പോര്‍ട്ടാണ് സ്വര്‍ണക്കള്ളക്കടത്തിന്റെ ഇന്ത്യയിലെ ഏറ്റവും പ്രധാന കേന്ദ്രം. അതിന് സംഘപരിവാറുമായി ബന്ധമുണ്ടെന്ന് ഞങ്ങളൊക്കെ പറയാറുണ്ട്. സ്വര്‍ണക്കള്ളക്കടത്തെന്നു പറയുന്നത് ലോകത്തെല്ലായിടത്തും സ്വര്‍ണക്കള്ളക്കടത്തായാലും മയക്കുമരുന്നു കള്ളക്കടത്തായാലും അതൊക്കെ തീവ്രവാദ മതവര്‍ഗീയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുംകൂടി നടക്കുന്നുണ്ട്. താലിബാന്റെ അനുഭവം നമുക്ക് മുന്നിലുണ്ട്. രാജ്യദ്രോഹമാനമുള്ള ശക്തികള്‍ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം പറഞ്ഞ അഭിപ്രായമാണ്. ഇതിന് സംഘപരിവാറിന്റെ അഭിപ്രായവുമായി ഒരു ബന്ധവുമില്ല. മലപ്പുറം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അതില്‍ മലപ്പുറത്തുകാര്‍ മാത്രമല്ല, കോഴിക്കോട്ടുകാരും തിരുവനന്തപുരത്തുകാരുമുണ്ട്. അത്തരം സ്വര്‍ണക്കള്ളക്കടത്തു സംഘങ്ങളുമായി രാജ്യദ്രോഹശക്തികള്‍ക്കു ബന്ധമുണ്ടോയെന്ന കാര്യം പൊലിസ് അന്വേഷിക്കുന്ന കാര്യമാണ്. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ ഉത്തരവാദിത്തത്തോടെയാണ് അദ്ദേഹം മറുപടി പറഞ്ഞത്. മലപ്പുറം ജില്ലയെ സ്വര്‍ണക്കടത്തുമായി ചേര്‍ത്ത് പറഞ്ഞുവെന്നത് ദുര്‍വ്യാഖ്യാനമാണ്. ആ രീതിയിലേക്ക് ഈ ചര്‍ച്ച നയിക്കേണ്ട. മലപ്പുറം ജില്ലയും കേരളവും ജിഹാദികളുടെ കേന്ദ്രമാണെന്ന ആര്‍എസ്എസ് പ്രചാരണത്തെ പ്രതിരോധിച്ചത് ലീഗല്ല ('ലോകത്തെമ്പാടും സ്വര്‍ണക്കടത്ത് തീവ്രവാദ, വര്‍ഗീയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്', റിപോര്‍ട്ടര്‍ ചാനല്‍, സെപ്തംബര്‍ 30, 2024).
‘കുറ്റം മുഖ്യമന്ത്രിയുടേതല്ല, ഹിന്ദുവിന്റേത്- അഡ്വ. കെ അനില്‍കുമാര്‍
സിപിഎം നേതാവും ടിവി ചാനലുകളില്‍ സിപിഎം മുഖവുമായ അഡ്വ. കെ അനില്‍കുമാര്‍ കുറ്റം ഹിന്ദു പത്രത്തിന്റേത് മാത്രമാണെന്ന വാദത്തില്‍ ഉറച്ചുനിന്നു:അഭിമുഖത്തിനുള്ള സന്നദ്ധത അന്വേഷിച്ചപ്പോള്‍ ആ സമയം ഡല്‍ഹിയില്‍ ഉണ്ടായിരുന്നതുകൊണ്ട് മുഖ്യമന്ത്രി സന്നദ്ധമായി. ഹിന്ദുവിന്റെ മാധ്യമപ്രവര്‍ത്തകരാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. പി ആര്‍ ഏജന്‍സി ഒരു ചോദ്യവും മുഖ്യമന്ത്രിയോടു ചോദിച്ചിട്ടില്ല. ഹിന്ദുവിന്റെ പ്രവര്‍ത്തകര്‍ക്കു തന്നെ മുഖ്യമന്ത്രി ഉത്തരം നല്‍കുന്നുണ്ട്. അഭിമുഖം റെക്കോര്‍ഡ് ചെയ്തതാണ്. തങ്ങളോട് മുഖ്യമന്ത്രി പറയാത്ത കാര്യങ്ങളാണ്, ചോദിക്കാത്ത ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഹിന്ദു ദിനപത്രത്തിന്റെ വാര്‍ത്തയില്‍ വന്നതെന്ന് ഇപ്പോള്‍ ഹിന്ദു പത്രം സമ്മതിച്ചിരിക്കുന്നു. അതിനാണ് അവര്‍ മാപ്പു പറഞ്ഞത്. പിആര്‍ ഏജന്‍സിയുടെ പങ്കാണ് രണ്ടാമത്തെ ഭാഗം. തിരുവനന്തപുരത്തെ പത്രസമ്മേളനത്തില്‍ ഇപ്പോള്‍ അഭിമുഖത്തില്‍ ഉള്‍പ്പെട്ട ഭാഗം മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നാണ് പിആര്‍ ഏജന്‍സി പറഞ്ഞത്. അങ്ങനെയാണ് വാര്‍ത്തയില്‍നിന്ന് മനസ്സിലായത്. ഹിന്ദുവിന്റെ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നടക്കുമ്പോള്‍ തിരുവനന്തപുരത്തുണ്ടായിരുന്നു. പിആര്‍ ഏജന്‍സി ഒരു വിവരം നല്‍കുമ്പോള്‍ അത് പരിശോധിക്കേണ്ട ഉത്തരവാദിത്തം പത്രത്തിനാണ്. അതവര്‍ ചെയ്തിട്ടില്ല. മുഖ്യമന്ത്രി തിരുവനനന്തപുരത്തും ഡല്‍ഹിയിലും പറയാത്ത കാര്യങ്ങളാണ് പത്രത്തില്‍ വന്നത്. .. മുഖ്യമന്ത്രി ഏതെങ്കിലും പ്രത്യേക സമുദായത്തെയോ മതത്തെയോ പ്രദേശത്തെ ജനങ്ങളെയോ ഉദ്ദേശിച്ചല്ല പറഞ്ഞത്. ഒരു പൊലിസ് ഡിവിഷന്റെ വിഷയമാണ് പറഞ്ഞത് ('മുഖ്യമന്ത്രിയുടെ അഭിമുഖം റെക്കോഡ് ചെയ്തതാണ്, പരിശോധിക്കാം, മറുപടി പറയേണ്ടത് പിആര്‍ ഏജന്‍സി'-അഡ്വ. കെ അനില്‍കുമാര്‍, മീഡിയാവണ്‍, ഒക്ടോബര്‍ 1, 2024)
ഒരു ജനവിഭാഗത്തെ തീവ്രവാദികളാക്കാന്‍ ശ്രമം-കുഞ്ഞാലിക്കുട്ടി:
മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശത്തില്‍ പി.ആര്‍ ഏജന്‍സിയെ പഴിചാരുന്നതില്‍ കാര്യമില്ലെന്നായിരുന്നു മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം: 'രാജ്യത്തെ തന്നെ വിഭജിക്കുന്ന തരത്തിലുള്ള ഒരു പ്രസ്താവന, അത് മുഖ്യമന്ത്രിയുടെ പേരില്‍ നല്‍കിയ പി.ആര്‍ ഏജന്‍സി. ഇത് വിഷയത്തിന്റെ ഗൗരവം വീണ്ടും വര്‍ധിപ്പിക്കുകയാണ്. പി ആര്‍ ഏജന്‍സി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചത് വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. 'മുഖ്യമന്ത്രിക്ക് നാവുപിഴ വന്നതായിരുന്നുവെങ്കില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചാല്‍ പ്രശ്‌നം തീരുമായിരുന്നു. പക്ഷേ ഒരു പിആര്‍ ഏജന്‍സി ചെയ്തതാണെന്നാണ് പറയുന്നത്. പിആര്‍ ഏജന്‍സിയാണെന്ന് പറഞ്ഞ് മാറിനിന്നതുകൊണ്ടു കാര്യമില്ല, നടപടിയാണ് വേണ്ടത്. ഒരു ജനവിഭാഗത്തെ തീവ്രവാദിയാക്കാനുള്ള ശ്രമം നടക്കുകയാണ്'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.(മലപ്പുറം പരാമര്‍ശം; 'പി.ആര്‍ ഏജന്‍സി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചത് വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു': പി.കെ കുഞ്ഞാലിക്കുട്ടി, മാധ്യമം ഒക്ടോബര്‍ 1, 2024)
മുഖ്യമന്ത്രിയുടെ ഇസ് ലാമോഫോബിയ: കെ എ ഷാജി
കേരളത്തില് തിളച്ചുമറിയുന്ന രാഷ്ട്രീയ സാഹചര്യവും മുഖ്യമന്ത്രി നടത്തുന്ന ഇസ്‌ലാമോഫോബിക് പ്രയോഗങ്ങളും കണക്കിലെടുക്കുമെങ്കില്‍ താന്‍ ഹിന്ദു പത്രത്തിലെ മാധ്യമപ്രവര്‍ത്തകയെയും ഹിന്ദു പത്രത്തെയും അവിശ്വസിക്കാന്‍ കാരണം കാണുന്നില്ലെന്നാണ് മാധ്യമപ്രവര്‍ത്തകനായ കെഎ ഷാജി ഫേസ്ബുക്കില്‍ എഴുതിയത്(ഫേസ്ബുക്ക് ഒക്ടോബര്‍ 1, 2024).
പിന്നില്‍ ജമാഅത്തും ലീഗും-കെ അനില്‍കുമാര്‍
മലപ്പുറത്തെയും മുസ് ലിംകളെയും മുഖ്യമന്ത്രി തെറ്റായി ചിത്രീകരിച്ചുവെന്നത് ജമാഅത്തെ ഇസ്‌ലാമിയുടെയും മുസ് ലിംലീഗിന്റെയും പ്രചാരണമാണെന്നാണ് ഇതുസംബന്ധിച്ച് നടന്ന 24ന്യൂസ് ചര്‍ച്ചയില്‍ സിപിഎം നേതാവ് അഡ്വ. കെ അനില്‍കുമാര്‍ അരോപിച്ചത്. മുഖ്യമന്ത്രിയുടെ അഭിമുഖത്തെക്കുറിച്ചുള്ള ചര്‍ച്ചക്കിടയില്‍ ജമാഅത്തെ ഇസ്‌ലാമി ലീഗിന്റെ സ്ലീപ്പിങ് പാട്ണറാണെന്ന മന്ത്രി റിയാസിന്റെ പരാമര്‍ശത്തെ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ചോദ്യം ചെയ്തിരുന്നു. ജമാഅത്തെ ഇസ് ലാമിയെക്കുറിച്ച് ദേശാഭിമാനിയില്‍ എഴുതിയ മുഖപ്രസംഗത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ എല്‍ഡിഎഫിന് ലഭിച്ചപ്പോള്‍ അവരുടെ മതേതരസ്വഭാവത്തെ പ്രകീര്‍ത്തിച്ച സിപിഎം പിന്തുണ ലഭിക്കാതായതോടെ അവരെ വര്‍ഗീയവാദിയായി ചത്രീകരിച്ചുവെന്നായിരുന്നു ഫിറോസ് ചൂണ്ടിക്കാട്ടിയത്.
ജമാഅത്തുമായി ചര്‍ച്ച നടത്തിയത് തങ്ങളല്ല ലീഗാണെന്നായിരുന്നു ഇതിനോടുള്ള അനില്‍കുമാറിന്റെ പ്രതികരണം. അമീറുമായി ചര്‍ച്ച നടത്തിയത് കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സഭ ടി വി നടത്തിയ പാലൊളിയുടെ അഭിമുഖത്തിലൂടെയാണ് അവതാരകന്‍ ഇതിനെ നേരിട്ടത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും തുടങ്ങി നിരവധി തിരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ ജമാഅത്തെയുമായി ചര്‍ച്ച ചെയ്ത് വോട്ട് വാങ്ങിയിട്ടുണ്ടെന്ന് പാലൊളി വ്യക്തമാക്കി. തങ്ങള്‍ ജമാഅത്തിനെ മനസ്സിലാക്കാത്തതുകൊണ്ടോ ജമാഅത്തെ തങ്ങളെ മനസ്സിലാക്കാത്തതുകൊണ്ടോ പറ്റിയ അബദ്ധമല്ല അതെന്നായിരുന്നു പാലൊളി നല്‍കിയ വിശദീകരണം. മറിച്ച് രണ്ടു കൂട്ടരുടെയും പൊതുശത്രുവിനെ നേരിടുന്നതിന്റെ ഭാഗമായിരുന്നു അത്. പക്ഷേ, അനില്‍കുമാര്‍ ഇതും അംഗീകരിച്ചില്ല.
ബ്രിട്ടാസിനെതിരേ ജന്മഭൂമി:
സ്വര്‍ണക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റ വിവാദ പ്രസ്താവനയുടെ പേരില്‍ ജോണ്‍ ബ്രിട്ടാസ് എം പി പ്രതിക്കൂട്ടിലാകുമെന്നായിരുന്നു ജന്മഭൂമി എഴുതിയ ഒരു വാര്‍ത്ത. മുഖ്യമന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ചത് പി.ആര്‍ ഏജന്‍സിയാണ്. കൈസന്‍ എന്ന പി.ആര്‍ ഏജന്‍സിയുടെ അഭിമുഖമാണ് 'ദ ഹിന്ദു' ദിനപത്രം. പ്രസിദ്ധീകരിച്ചത്. അതിനെല്ലാം ചുക്കാന്‍ പിടിച്ചത് ജോണ്‍ ബ്രിട്ടാസാണെന്നും ജന്മഭൂമി ആരോപിച്ചു. (സ്വര്‍ണക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് : ജോണ്‍ ബ്രിട്ടാസ് പ്രതിക്കൂട്ടില്‍, ജന്മഭൂമി, ഒക്ടോബര്‍ 1, 2024)
വിദ്വേഷപരാമര്‍ശം തള്ളി മുഖ്യമന്ത്രി:
മുഖ്യമന്ത്രിയുടെ പ്രതികരണം വന്ന് അടുത്ത ദിവസം മുഖ്യമന്ത്രിയുടെ ഓഫിസ് ഈ പരാമര്‍ശം തള്ളി. അഭിമുഖം പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കത്തെഴുതി. മുഖ്യമന്ത്രി പറയാത്ത കാര്യം വളച്ചൊടിച്ച് അഭിമുഖത്തില്‍ നല്‍കിയെന്നാണ് കത്തില്‍ അവകാശപ്പെട്ടത്.
'ഒരു ദേശമോ പ്രദേശമോ അഭിമുഖത്തില്‍ ദേശവിരുദ്ധമെന്ന രീതിയില്‍ പരാമര്‍ശിച്ചിട്ടില്ല'. പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യഖ്യാനിച്ചതാണ്. അഞ്ചു വര്‍ഷത്തിനിടെ മലപ്പുറത്തുനിന്ന് 150കിലോ സ്വര്‍ണവും 123 കോടിരൂപയുടെ ഹവാലപ്പണവും പൊലീസ് പിടികൂടി. ഈ പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്' മുഖ്യമന്ത്രിയുടെ അഭിമുഖമായി പത്രത്തില്‍ പ്രസിദ്ധീകരിച്ചത് ഇങ്ങനെയായിരുന്നു. എന്നാല്‍ അഭിമുഖത്തില്‍ പറയുന്നതു പോലെയുള്ള നിലപാട് മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ ഓഫീസിനോ സര്‍ക്കാരിനോ ഇല്ലെന്നും കത്തില്‍ പറയുന്നു. ആര്‍എസ്എസിനെതിരെയും ഹിന്ദുത്വ ശക്തികള്‍ക്കെതിരെയുംനിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളവരാണ് സിപിഎമ്മെന്നും കത്തില്‍ പറയുന്നു (സ്വര്‍ണക്കടത്തിലെ മലപ്പുറം പരാമര്‍ശം: തെറ്റായി വ്യാഖ്യാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം, മാതൃഭൂമി ഒക്ടോബര്‍ 1, 2024)
ഹിന്ദുവിന്റെ ഏറ്റുപറച്ചില്‍:
മുഖ്യമന്ത്രിയുടെ പരാമര്‍ശം ശരിവച്ചുകൊണ്ട് ഹിന്ദുവും രംഗത്തുവന്നു: 'കൈസന്‍ എന്ന പി.ആര്‍ ഏജന്‍സി മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം വാഗ്ദാനം ചെയ്ത് ഹിന്ദുവിനെ സമീപിച്ചു. സെപ്റ്റംബര്‍ 29ന് ഒമ്പത് മണിക്ക് കേരള ഹൗസില്‍ വെച്ച് മാധ്യമപ്രവര്‍ത്തക മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തുമ്പോള്‍ പി.ആര്‍ ഏജന്‍സിയുടെ രണ്ട് പ്രതിനിധികളും ഉണ്ടായിരുന്നു. 30 മിനുട്ട് ദൈര്‍ഘ്യമുണ്ടായിരുന്നു അഭിമുഖത്തിന്. തുടര്‍ന്ന് പി.ആര്‍ ഏജന്‍സിയുടെ പ്രതിനിധികളില്‍ ഒരാള്‍ നേരത്തെ മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പ്രസ്താവനകളാണെന്ന് ചൂണ്ടിക്കാട്ടി സ്വര്‍ണകടത്തിലെയും ഹവാല ഇടപാടിന്റെയും വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നല്‍കുകയായിരുന്നു. ഇവ പ്രസ്താവനയില്‍ ഉള്‍പ്പെടുത്താന്‍ രേഖാപൂര്‍വ്വം അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഇക്കാര്യങ്ങള്‍ നിരസിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അഭിമുഖത്തിലേതെന്ന പേരില്‍ നല്‍കിയത് മാധ്യമ ധാര്‍മികതയ്ക്ക് വിരുദ്ധമാണ്. ഇത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ഇത്തരത്തിലൊരു തെറ്റുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നു'' എഡിറ്റര്‍ ദി ഹിന്ദു നല്‍കിയ വിശദീകരണത്തില്‍ പറയുന്നു(ഡൂള്‍ ന്യൂസ് ഒക്ടോബര്‍ 1, 2024). എന്നാല്‍ പി ആര്‍ ഏജന്‍സിയെ തങ്ങള്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസും അവകാശപ്പെട്ടു. ഇക്കാര്യത്തില്‍ പിന്നീടും വ്യക്തത വന്നില്ല.
മുഖ്യമന്ത്രിയുടെ സെപ്തംബര്‍ 21ലെ അഭിമുഖം:
എന്നാല്‍ ഹിന്ദു അഭിമുഖത്തിലെ പരാമര്‍ശം മുഖ്യമന്ത്രി തള്ളിയെങ്കിലും അതിനു മുമ്പ് സെപ്തംബര്‍ 21ന് തിരുവനന്തപുരത്ത് അന്‍വറിനെതിരേ നടത്തിയ പത്രസമ്മേളനത്തില്‍ ഇതിനു സമാനമായ കാര്യങ്ങള്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു: ''സംസ്ഥാനത്ത് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയാനുള്ള സേനയാണ് പൊലിസ്. ആ പൊലിസ് അതിന്റെ ജോലി ചെയ്യുന്നതിന്റെ ഭാഗമായാണ് സ്വര്‍ണ്ണക്കടത്ത് അടക്കം പിടികൂടുന്നതും കടത്തുകാരെ നിയമത്തിനു മുന്നില്‍ എത്തിക്കുന്നതും. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലിസ് പിടികൂടിയ കള്ളക്കടത്ത് സ്വര്‍ണ്ണത്തിന്റെയും ഹവാല പണത്തിന്റെയും കണക്കുകള്‍ ഇവിടെയുണ്ട്. 2022ല്‍ 98 കേസുകളിലായി 79.9 കിലോഗ്രാം സ്വര്‍ണ്ണവും 23ല്‍ 61 കേസുകളില്‍ 48.7 കിലോഗ്രാം സ്വര്‍ണ്ണവും ഈ വര്‍ഷം 26 കേസുകളിലായി 18.1 കിലോ സ്വര്‍ണ്ണവുമാണ് പിടികൂടിയത്. മൂന്നു വര്‍ഷത്തില്‍ ആകെ 147.79 കിലോ സ്വര്‍ണ്ണം പിടികൂടി. അതില്‍ മലപ്പുറം ജില്ലയില്‍ മാത്രം പിടിച്ചത് 124.47 കിലോ സ്വര്‍ണ്ണമാണ്. 2020 മുതല്‍ സംസ്ഥാനത്താകെ 122.5 കോടി രൂപയുടെ ഹവാലപ്പണമാണ് പൊലിസ് പിടിച്ചെടുത്തത്. അതില്‍ 87.22 കോടി മലപ്പുറത്തു നിന്നാണ്. കരിപ്പൂര്‍ വിമാനത്താവളം വഴി വലിയ തോതില്‍ സ്വര്‍ണ്ണവും ഹവാലപ്പണവും വരുന്നു എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് കര്‍ക്കശമയി തടയുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സ്വര്‍ണ്ണം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്നത് നാടിനെതിരായ കുറ്റകൃത്യം തന്നെയാണ്. അത് ഒരു വിധത്തിലും അനുവദിക്കില്ല. പരിശോധനകള്‍ കര്‍ശനമാക്കാനും കള്ളക്കടത്തുകാരെ കര്‍ക്കശമായി കൈകാര്യം ചെയ്യാനും പൊലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.(...)സ്വര്‍ണ്ണവും ഹവാല പണവും കടത്തുന്നവരെ ശക്തമായി നേരിടുക എന്നത് നാടിനോടുള്ള കടമയാണ്. അതില്‍ നിന്ന് പിന്മാറാന്‍ പോലിസ് ഉദ്ദേശിക്കുന്നില്ല. സ്വര്‍ണ്ണക്കടത്ത് അവസാനിപ്പിക്കാനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കും. ആരോപണം വന്നാല്‍ ഗൗരവമായി പരിശോധിക്കും. ഏറ്റവും ഉന്നതമായ ടീമാണ് പരിശോധിക്കുന്നത്. ഇനി കേരളത്തില്‍ സ്വര്‍ണ്ണം പിടിത്തം വേണ്ട, ഇഷ്ടം പോലെ പൊയ്ക്കോട്ടെ, പൊലീസ് തിരിഞ്ഞ് നോക്കേണ്ടതില്ല എന്ന സമീപനം സ്വീകരിക്കാന്‍ കഴിയില്ല (മലപ്പുറം ജില്ലയില്‍ പിടിച്ച സ്വര്‍ണവും ഹവാല പണവും; ദി ഹിന്ദു അഭിമുഖത്തിന് മുമ്പ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്, ന്യൂസ് 18, ഒക്ടോബര്‍ 1, 2024).
അഭിമുഖ പരാമര്‍ശം പിന്‍വലിച്ചതിനു പിന്നില്‍ മുസ് ലിംകള്‍:
ഇതിനിടയില്‍ അഭിമുഖത്തിലെ മലപ്പുറത്തെ സ്വര്‍ണക്കടത്ത് പരാമര്‍ശം പിന്‍വലിച്ചത് മുസ് ലിം സംഘടനകള്‍ കണ്ണുരുട്ടിയതുകൊണ്ടെന്ന് ജന്മഭൂമി വാര്‍ത്ത നല്‍കി.മലപ്പുറത്തെ സ്വര്‍ണക്കടത്ത് പരാമര്‍ശത്തില്‍ എസ്ഡിപിഐ അടക്കമുള്ള മുസ്ലിം സംഘടനകള്‍ കണ്ണുരുട്ടിയതോടെ. ഹിന്ദു പത്രത്തിലെ അഭിമുഖത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. പത്രത്തെ കൊണ്ട് വിവാദ ഭാഗങ്ങള്‍ പിന്‍വലിപ്പിച്ചു. ഈ ഭാഗം പിആര്‍ ഏജന്‍സി എഴുതി ചേര്‍ത്തതെന്നായിരുന്നു വിശദീകരണം. മുസ്ലിം സംഘടനകളെ ഭയന്നാണ് മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിച്ചതെന്ന് പ്രതിപ ക്ഷ പാര്‍ട്ടികള്‍ ആരോപിച്ചതായും ജന്മഭൂമി പറയുന്നു(മുസ് ലിം സംഘടനകള്‍ കണ്ണുരുട്ടി അഭിമുഖത്തെ തള്ളി മുഖ്യമന്ത്രി, ജന്മഭൂമി, 2, 2024). പ്രതിപക്ഷനേതാക്കള്‍ അത്തരമൊരു പരാമര്‍ശം നടത്തിയതിനുള്ള തെളിവുകളൊന്നും പത്രം നല്‍കിയില്ല.
പിന്‍വലിച്ചത് ലീഗിനെ ഭയന്ന്: കെ സുരേന്ദ്രന്‍:
പിവി അന്‍വറും മുസ്ലിം ലീഗും ഭീഷണിപ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി നിലപാട് മാറ്റിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ആരോപിച്ചു: പിവി അന്‍വറും മുസ്ലിം ലീഗും ഭീഷണിപ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി നിലപാട് മാറ്റിയത്. പിടിച്ചെടുത്ത പണത്തിന്റെ കണക്കോ സ്വര്‍ണ്ണത്തിന്റെ കണക്കോ കള്ളം അല്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്. മലപ്പുറത്ത് ഹവാലാ ഇടപാടോ കള്ളപ്പണ ഇടപാടോ നടന്നാല്‍ അത് കോഴിക്കോട് നടന്നു എന്നാണോ പറയേണ്ടത്. അന്‍വര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ മുഖ്യമന്ത്രി പകച്ചു പോയിരിക്കുകയാണ്. നിക്കക്കള്ളിയില്ലാതെയാണ് മുഖ്യമന്ത്രി അന്‍വറിനെതിരെ പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷവും എല്ലാ കള്ളക്കടത്തുകാരെയും വര്‍ഗീയവാദികളെയും മടിയില്‍ ഇരുത്തി ഭരിച്ച മുഖ്യമന്ത്രി ഇപ്പോള്‍ വര്‍ഗീയ ശക്തികളെ പറ്റി പറയുന്നത് തികഞ്ഞ കാപട്യമാണ്. എട്ടുകൊല്ലവും മുഖ്യമന്ത്രി കള്ളക്കടത്തുകാരെയും മാഫിയ സംഘങ്ങളെയും സഹായിക്കുകയായിരുന്നു. എല്ലാകാലത്തും മത തീവ്രവാദ സംഘടനകളോട് സന്ധി ചെയ്യുന്നയാളാണ് പിണറായി വിജയന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയെ 37 സീറ്റുകളില്‍ മത്സരിപ്പിച്ചത് പിണറായി വിജയനാണ്. ... യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ അതിതീവ്രമത ശക്തികളുമായി ചേര്‍ന്നതിന്റെ പരിണിതഫലമാണ് ഇപ്പോള്‍ മുഖ്യമന്ത്രി അനുഭവിക്കുന്നത്. മദനിയുടെ ഒപ്പം ചേര്‍ന്ന് മത്സരിച്ച ആളാണ് പിണറായി വിജയന്‍. ജമാഅത്തെ ഇസ്‍ലാമിയെയും പിഡിപിഎയെയും അടുക്കള വാതിലിലൂടെ സമീപിച്ചവരാണ് ഇടതുപക്ഷക്കാര്‍. കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചപ്പോള്‍ അതിനെ എതിര്‍ത്ത രാജ്യത്തെ ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ ('മുഖ്യമന്ത്രി യു ടേണ്‍ അടിച്ചു' നിലപാട് മാറ്റിയത് അന്‍വറിനെയും മുസ്‍ലിം ലീഗിനെയും ഭയന്ന്: കെ സുരേന്ദ്രന്‍, ഏഷ്യാനെറ്റ്, ഒക്ടോബര്‍ 2, 2024).
ഇതിനിടയില്‍ മലപ്പുറം പരാമര്‍ശത്തെ വ്യത്യസ്ത കോണിലൂടെ മുന്‍ മന്ത്രി കെ.ടി ജലീലിനെതിരേയും സുരേന്ദ്രന്‍ തിരിച്ചുവച്ചു: 'മലപ്പുറം എന്ന് കേട്ടാല്‍ ഞങ്ങള്‍ക്കാര്‍ക്കും ഹാല്‍ ഇളകാറില്ല. ഹവാല കള്ളക്കടത്ത് എന്നിവ നടത്തുന്നത് ഒരു മതത്തില്‍പ്പെട്ട ആളുകളാണെന്ന് അഭിപ്രായവും ഇല്ല. അതു പറഞ്ഞത് ജലീലാണ്. പാണക്കാട് തങ്ങള്‍ ശാസന ഇറക്കണം എന്ന് പറഞ്ഞത് ജലീലാണ്. അപ്പൊ ചാപ്പ കുത്തുന്നത് ആരാണ്? അത്തരത്തില്‍ നിലപാടൊന്നും ഞങ്ങള്‍ എടുക്കാറില്ല(മലപ്പുറം എന്ന് കേട്ടാല്‍ ഞങ്ങള്‍ക്കാര്‍ക്കും ഹാല്‍ ഇളകാറില്ല, മീഡിയാവണ്‍, ഒക്ടോബര്‍ 5, 2024).
അഭിമുഖത്തിനെതിരേ പരാതി:
'ദി ഹിന്ദു' ദിനപത്രത്തിലെ അഭിമുഖത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഹരജിയും കോടതിയിലെത്തി. മുഖ്യമന്ത്രിയെ കൂടാതെ അഭിമുഖം പ്രസിദ്ധീകരിച്ച പത്രത്തിനും ലേഖികക്കും എതിരെ കേസെടുക്കണമെന്നാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെടുന്നത്. അഭിഭാഷകനായ എം. ബൈജു നോയല്‍ ആണ് പരാതിക്കാരന്‍. എറണാകുളം സെന്‍ട്രല്‍ പൊലീസിനെയും സിറ്റി പൊലീസ് കമീഷണറെയും സമീപിച്ചിട്ടും പരാതിയില്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. മത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ പ്രേരിപ്പിക്കുന്നതാണ് അഭിമുഖത്തിലെ പരാമര്‍ശങ്ങളെന്നാണ് ഹരജിക്കാരന്‍ പറയുന്നത്. പത്രത്തില്‍ വന്ന അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ വിവിധ മത, ജാതി വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കുന്നതാണെന്നും ഭാരതീയ ന്യായ സംഹിതയിലെ 196, 3(5) വകുപ്പുകള്‍ പ്രകാരം കുറ്റകരമാണെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു(സ്വര്‍ണക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്ന പരാമര്‍ശം; വിവാദ അഭിമുഖത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി, മറുനാടന്‍ മലയാളി, ഒക്ടോബര്‍ 3, 2024).
മലപ്പുറത്തെക്കുറിച്ച് പറഞ്ഞതെല്ലാം ശരി-ജന്മഭൂമി
സ്വാഭാവികമായ പ്രതികരണമായിരുന്നു ജന്മഭൂമിയുടേത്. മലപ്പുറത്തെക്കുറിച്ച് അഭിമുഖത്തില്‍ പറഞ്ഞ എല്ലാം ശരിയാണെന്ന് ജന്മഭൂമിയില്‍ കെ കുഞ്ഞിക്കണ്ണന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു: പാകിസ്ഥാന്‍ ലഭിച്ചെങ്കിലും അതിന്റെ ഭാഗമായില്ല കോഴിക്കോടും പരിസരവും. ആ കൊതി തീര്‍ക്കുകയായിരുന്നു മലപ്പുറം ജില്ലയിലൂടെ. സമാനമായ മുദ്രാവാക്യമുയര്‍ത്തി ജില്ല നേടുമ്പോള്‍ അതുയര്‍ത്തുന്ന അപകടം ഉയര്‍ത്തിക്കാട്ടി സമരം നടത്താന്‍ ആളുണ്ടായിരുന്നു. ആ സമരത്തെ എതിര്‍ത്ത് ജില്ല കൊടുത്ത നമ്പൂതിരിപ്പാട് പോലും പ്രതീക്ഷിക്കാത്ത അപകടത്തിലേക്കാണ് പിണറായി വിരല്‍ ചൂണ്ടിയത്. സ്വര്‍ണ കള്ളക്കടത്തിന്റെ പറുദീസയായി ഇന്ന് മലപ്പുറം മാറിയിരിക്കുന്നു. രാജ്യദ്രോഹ പ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രവും മലപ്പുറം തന്നെ. ഓര്‍ക്കാപ്പുറത്ത് പറഞ്ഞ ഈ പരിഭവം ഇന്ന് വേട്ടയാടുകയാണ്. ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരിക്കുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നതറിഞ്ഞിട്ടും എന്തേ തന്നെ അറിയിച്ചില്ലാ എന്നാണ് ഗവര്‍ണര്‍ ചോദിച്ചിരിക്കുന്നത്.(മലപ്പുറത്തെക്കുറിച്ച് പറഞ്ഞതെല്ലാം ശരി, കുഞ്ഞിക്കണ്ണന്‍, ജന്മഭൂമി, ഒക്ടോബര്‍ 5, 2024)
മുഖ്യമന്ത്രിയെ പിന്തുണച്ച് വത്സന്‍ തില്ലങ്കേരി:
മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശത്തില്‍ തെറ്റില്ലെന്നാണ് ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റും ആര്‍എസ്എസ് നേതാവുമായ വത്സന്‍ തില്ലങ്കേരിയുടെ അഭിപ്രായം. പി.വി അന്‍വര്‍ പറയുന്നത് മലപ്പുറത്ത് ഒരു പ്രത്യേക വിഭാഗം ഭൂരിപക്ഷമാണെന്നാണ്. ഈ കണക്കുകള്‍ തെറ്റാണ്. ഇത്തരം വാദങ്ങള്‍ പ്രത്യേക അജണ്ടയുടെ ഭാഗമാണ്. പിണറായി മലപ്പുറം എന്ന് മാത്രമാണ് പറഞ്ഞത്. അപ്പോഴേക്കും ചിലയാളുകള്‍ മാത്രം ബഹളമുണ്ടാക്കുന്നത് എന്തിനാണെന്നും തില്ലങ്കേരി ചോദിച്ചു. 'ന്യൂസ് 18' ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം (മലപ്പുറം പരാമര്‍ശം, മുഖ്യമന്ത്രി പറയുന്നതിനെ കണ്ണടച്ച് എതിര്‍ക്കേണ്ടതില്ല, വസ്തുത വസ്തുതയായി കാണണം-തില്ലങ്കേരി, മീഡിയാവണ്‍ ഒക്ടോബര്‍ 10, 2024)
ഇസ് ലാമാഫോബിക് തന്ത്രങ്ങളും പരിണാമവും:
മുഖ്യമന്ത്രിയുടെ പിന്നീട് പിന്‍വലിച്ചതായി അവകാശപ്പെട്ട മലപ്പുറം പരാമര്‍ശം ഇസ് ലാമോഫോബിയയുടെ വലിയൊരു തരംഗത്തിനാണ് കേരളത്തില്‍ ഇടംകൊടുത്തത്. പരാമര്‍ശം പുറത്തുവന്ന് മണിക്കൂറുകളോളം വിവിധ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചു. തങ്ങളാണ് ഇക്കാര്യം ആദ്യം പറഞ്ഞതെന്നായിരുന്നു ഹിന്ദുത്വസംഘടനകളുടെ അവകാശവാദം. സിപിഎമ്മിന്റെയും സമാനമായവരുടെയും സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്റെ യുക്തി വ്യക്തമാക്കാന്‍ ഓവര്‍ടൈം പണിയെടുത്തു. ഇക്കൂട്ടത്തില്‍ എതിര്‍പ്പുയര്‍ത്തിയവര്‍ ചുരുക്കമായിരുന്നു. എതിര്‍പ്പുണ്ടായിരുന്നവര്‍ പ്രതികരിക്കാന്‍ മടിച്ചതുമാവാം.
ഓരോ മുസ് ലിംസംഘടനയെയും ഇഴപിരിച്ച് പരസ്പരം എതിര്‍നിര്‍ത്തി നിലപാടുകള്‍ സ്വീകരിച്ചിരുന്നതില്‍നിന്ന് വ്യത്യസ്തമായി ഇത്തണ സംഘടനകളെ മൊത്തത്തില്‍ എതിര്‍പക്ഷത്തുനിര്‍ത്തുന്ന നിലപാടായിരുന്നു ഇടത്-ഭരണപക്ഷ രാഷ്ട്രീയനേതൃത്വങ്ങളുടേത്. മുസ് ലിംസംഘടനകളുടെ തീരുമാനത്തിനു പിന്നില്‍ ഒരു രഹസ്യകേന്ദ്രമുണ്ടെന്നും ഇവിടെ അത് ജമാഅത്തെ ഇസ് ലാമിയാണെന്നുമാണ് പൊതുവെ പറയാന്‍ ശ്രമിച്ചത്. അഭിമുഖം വിവാദമാക്കിയതിലായിരുന്നു അവര്‍ക്ക് എതിര്‍പ്പ്.
മുഖ്യമന്ത്രിയടെ പരാമര്‍ശം ഉയര്‍ത്തിയ ഇസ് ലാമോഫോബിക് ആക്ഷേപങ്ങള്‍ ശ്രദ്ധേയമായിരുന്നു. എന്തെങ്കിയും യുക്തിയുടെ അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങളുടെ ഭാഗമായിരുന്നില്ല ഒരു ആക്ഷേപം പോലും. ഓരോരുത്തരും ശക്തുപക്ഷത്തുനിര്‍ത്തിയത് വ്യത്യസ്ത സംഘങ്ങളെയും സംഘടനകളെയുമാണ്. ചിലര്‍ ഒരു കൂട്ടം സംഘടനകളെ പ്രതികളാക്കി. വംശീയതുടെ പ്രത്യേകതയും അതാണ്.
എന്നാല്‍ മുസ് ലിംസംഘടനകളെ പരസ്പരം എതിര്‍നിര്‍ത്തുന്ന നല്ല മുസ് ലിം/ ചീത്ത മുസ്‌ലിം ഇസ്‌ലാമോഫോബിക് തന്ത്രത്തില്‍ ഇത്തവണ മുസ്‌ലിംസംഘടനകള്‍ വീണതായി തോന്നിയില്ല. അഭിമുഖത്തിനെതിരേ അവര്‍ ഉറച്ചുനിന്നു. പരസ്പരം കുറ്റപ്പെടുത്തിയില്ല. വ്യാപകമായ എതിര്‍പ്പ് രൂപപ്പെട്ടതിന്റെ കൂടി ഭാഗമാവാം മുഖ്യമന്ത്രി അഭിമുഖത്തിലെ പരാമര്‍ശത്തെ തള്ളിപ്പറഞ്ഞു. ഹിന്ദു പത്രവും അതുതന്നെ ചെയ്തു.
അതോടെ മറ്റൊരു കൂട്ടം ആരോപണങ്ങള്‍ രൂപപ്പെട്ടു. മുസ് ലിംകളുടെയും മുസ് ലിംസംഘടനകളുടെയും ഭീഷണിക്കു വഴങ്ങിയാണ് പ്രസ്താവന പിന്‍വലിച്ചതെന്ന് ഹിന്ദുത്വര്‍ ആരോപിച്ചു. സമൂഹത്തെ മൊത്തത്തില്‍ നിയന്ത്രിക്കുന്ന അദൃശ്യശക്തിയെന്ന പഴയ ഇസ് ലാമോഫോബിക് തന്ത്രത്തിലാണ് സംഭവങ്ങള്‍ അവസാനിച്ചത്. വിവാദ സമയത്ത് മുസ് ലിംസംഘടകള്‍ പ്രദര്‍ശിപ്പിച്ച ഐക്യം മുസ് ലിംകള്‍ ഏകീകരണത്തിനു ശ്രമിക്കുകയാണെന്ന ആക്ഷേപമായി പിന്നീട് വളര്‍ന്നു(വര്‍ഗീയ വിഭജനം ലക്ഷ്യം വെച്ച് ആര്‍എസ്എസ് ഹിന്ദു ഏകീകരണത്തിന് ശ്രമിക്കുമ്പോള്‍ ലീഗും ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ഏകീകരണത്തിന് ശ്രമിക്കുന്നു- പി.ജയരാജന്‍, കൗമുദി, ഒക്ടോബര്‍ 22, 2024)