Quantcast
MediaOne Logo

ഹകീം പെരുമ്പിലാവ്

Published: 1 Aug 2024 7:14 AM GMT

ഇസ്മാഈല്‍ ഹനിയ: പോരാട്ട വഴിയിലെ ജീവിതം; അണയാന്‍ വഴങ്ങാത്ത വിളക്കുമാടം

2006 ഫെബ്രുവരി 16 ന് ഫലസ്തീന്‍ തെരഞ്ഞെടുപ്പില്‍ ഹമാസ് ഭൂരിപക്ഷത്തോടു കൂടി വിജയിച്ചതിനെ തുടര്‍ന്ന് ഫലസ്തീന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ ഹമാസ് ഇസ്മാഈല്‍ ഹനിയയെ നാമനിര്‍ദേശം ചെയ്തു. തുടര്‍ന്ന് ഇസ്മാഈല്‍ ഹനിയ ഫലസ്തീന്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു. എന്നാല്‍, ഒരു വര്‍ഷത്തിനു ശേഷം 2007-ല്‍ ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി.

ഇസ്മാഈല്‍ ഹനിയ: പോരാട്ട വഴിയിലെ ജീവിതം; അണയാന്‍ വഴങ്ങാത്ത വിളക്കുമാടം
X

ഫലസ്തീന്‍ പോരാട്ടത്തിന്റെ മുന്നണി പോരാളിയും ഹമാസ് തലവനുമായിരുന്ന ഇസ്മാഈല്‍ അബ്ദുല്‍ സലാം അഹമ്മദ് (ഇസ്മാഈല്‍ ഹനിയ) ധീര രക്തസാക്ഷിയായി. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം ടെഹ്റാനിലെ അദ്ദേഹത്തിന്റെ വസതിക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് ഇസ്മാഈല്‍ ഹനിയ കൊല്ലപ്പെട്ടത്. ഖുദുസിന്റെ വിമോചനത്തിനും ഫലസ്തീന്‍ എന്ന രാജ്യം യാഥാര്‍ഥ്യമാക്കുന്നതിനും വേണ്ടി ജീവിക്കുകയും അതേ മാര്‍ഗത്തില്‍ ജീവന്‍ ബലി അര്‍പ്പിക്കുകയും ചെയ്ത ആ ധീരയോദ്ധാവ് ഇനി ജനമനസ്സുകളില്‍ എന്നെന്നും പോരാളിയായി ജീവിക്കും. ജ്ഞാനിയും ധീരനുമായ ഇസ്മാഈല്‍ ഹനിയ ഫലസ്തീന്‍ ജനതയുടെ കാവല്‍ഭടന്‍ കൂടിയായിരുന്നു. ''ഇസ്രായേലിനെ ഞങ്ങള്‍ അംഗീകരിക്കില്ല, ഞങ്ങളെ ആര്‍ക്കും പുറത്താക്കാന്‍ കഴിയില്ല. ഞങ്ങള്‍ എവിടേക്കും പലായനം ചെയ്യുകയുമില്ല''. ലോക മാധ്യമങ്ങള്‍ക്ക് മുന്നില്‍ എന്നും ഉറക്കെ പ്രഖ്യാപിച്ചിരുന്ന ഹനിയ, എന്നും ഇസ്രായേലിന്റെ പേടിസ്വപ്നവും ഹമാസിന്റെ ഗര്‍ജിക്കുന്ന സിംഹവുമായിരുന്നു. ഭീകരതക്കെതിരെ നിരന്തരം പോരാടിയ ഹനിയയെ ഇസ്രായേല്‍ പലതവണ ജയിലിലടച്ചിട്ടുമുണ്ട്.

ഇസ്മാഈല്‍ ഹനിയയുടെ ജീവിതം

ഗസ്സയിലെ അല്‍-ഷാതിയിലെ ഒരു സാധാരണ അഭയാര്‍ഥി ക്യാമ്പില്‍ 1962-ലാണ് ഇസ്മാഈല്‍ അബ്ദുല്‍ സലാം അഹമ്മദ് ഹനിയ ജനിച്ചത്. 1948 ലെ നക്ബയില്‍ എല്ലാം നഷ്ടപ്പെട്ട് ഓടിപ്പോയവരില്‍ ഹനിയയുടെ മാതാപിതാക്കളുമുണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന്റെ കുടുംബം അധിനിവേശ നഗരമായ അഷ്‌കെലോണില്‍ നിന്ന് അഭയം പ്രാപിച്ച ബീച്ച് ക്യാമ്പിലാണ് അദ്ദേഹത്തിന്റെ ജനനം. അവിടെയാണ് കുട്ടിക്കാലം ചെലവഴിച്ചത്. ഫലസ്തീനി അഭയാര്‍ഥികള്‍ക്കായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന റഫ്യൂജി റിലീഫ് ഏജന്‍സി (UNRWA), സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ഹനിയ അല്‍-അസ്ഹര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹൈസ്‌കൂള്‍ പഠനത്തിനായി ചേര്‍ന്നു. സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തികരിക്കും മുമ്പ് അദ്ദേഹം ഗസ്സയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങി. 1987-ല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും അറബി സാഹിത്യത്തില്‍ ബിരുദം നേടി. 2009 ല്‍ അതേ സര്‍വ്വകലാശാലയില്‍ നിന്നും ഓണററി ഡോക്ടറേറ്റ് നേടി. 1997 ല്‍ അതേ യുണിവേഴ്‌സിറ്റിയുടെ ഡീനായി ചുമതലയേറ്റു. ഫലസ്തീന്‍ ഇന്‍തിഫാദ ആരംഭിച്ചതിനു തൊട്ടുപിന്നാലെ 1987 ലും 1988 ലും 1989-ലും ഇസ്രായേല്‍ ഭരണകൂടം ഹനിയയെ അറസ്റ്റ് ചെയ്തു. ഹമാസ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ മൂന്ന് വര്‍ഷം തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു. 1992 ല്‍ ജയില്‍ മോചനത്തിനു ശേഷം അദ്ദേഹത്തെ ലെബനാനിലേക്ക് നാട് കടത്തിയെങ്കിലും ഒരു വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം അദ്ദേഹം ഗസ്സയിലേക്ക് മടങ്ങി, ഗസ്സയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ഡീനായി നിയമിതനായി.

ശൈഖ് അഹമ്മദ് യാസീന്റെ വഴിയില്‍

സര്‍വ്വകലാശാല പഠനത്തിനിടെ ഹമാസ് നേതാവായിരുന്ന അഹമ്മദ് യാസീനെ അടുത്തറിയുകയും അദ്ദേഹത്തിന്റെ കടുത്ത അനുയായി ആയി മാറുകയുമുണ്ടായി. രാഷ്ടീയ വിഷയങ്ങളില്‍ ഏറെ താല്‍പര്യമുണ്ടായിരുന്ന ഇസ്മാഈല്‍ ഹനിയ പോരാട്ട പ്രസ്ഥാനമായ ഹമാസ് രൂപികരണത്തോടെ ഹമാസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഏകാധിപതികള്‍ക്കും അധിനിവേശ ശക്തികള്‍ക്കും മുന്നില്‍ മുട്ടുമടക്കാതിരിക്കാന്‍ അദ്ദേഹം ശക്തിനേടിയത് അഹമ്മദ് യാസീന്റെ അടുത്തുനിന്നായിരുന്നുവെന്ന് ചില അഭിമുഖങ്ങളില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. 2004ല്‍ ശൈഖ് അഹമ്മദ് യാസിനെ ഇസ്രായേല്‍ കൊലപ്പെടുത്തുന്നത് വരെയും പൂര്‍ണമായും തളര്‍ന്നുപോയ അഹമ്മദ് യാസീനൊപ്പം എപ്പോഴും അദ്ദേഹത്തിന്റെ തണലായി ഇസ്മാഈല്‍ ഹനിയ കൂടെയുണ്ടായിരുന്നു.



| ശൈഖ് അഹമ്മദ് യാസീനൊപ്പം ഇസ്മാഈല്‍ ഹനിയ്യ

1997-ല്‍, ഹമാസ് സ്ഥാപക നേതാവായ ശൈഖ് അഹമ്മദ് യാസീന്റെ ഓഫീസ് മാനേജറായി അദ്ദേഹം നിയമിതനായി. 2006 ഫെബ്രുവരി 16 ന് ഫലസ്തീന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹമാസ് ഭൂരിപക്ഷത്തോടു കൂടി വിജയിച്ചതിനെ തുടര്‍ന്ന് ഫലസ്തീന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ ഹമാസ് അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തു. തുടര്‍ന്ന് ഇസ്മാഈല്‍ ഹനിയ ഫലസ്തീന്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു. എന്നാല്‍, ഒരു വര്‍ഷത്തിനു ശേഷം 2007-ല്‍ ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി. 2006 മുതല്‍ 2017 വരെയും ഗസ്സയിലെ ഹമാസ് തലവനായി തുടര്‍ന്നു. ഹമാസിന്റെ മുതിര്‍ന്ന നേതാക്കളുടെ നിത്യ സന്ദര്‍ശന കേന്ദ്രം എന്ന് ആരോപിച്ചുകൊണ്ട് ബീച്ച് അഭയാര്‍ഥി ക്യാമ്പിലെ അദ്ധേഹത്തിന്റെ താമസ സ്ഥലം ഉന്നംവെച്ച് ഇസ്രായേല്‍ പല തവണ ബോംബിടുകയുണ്ടായി. 2014-ല്‍, അധിനിവേശ സേനയുടെ യുദ്ധവിമാനങ്ങള്‍ ഗസ്സ സിറ്റിയുടെ പടിഞ്ഞാറുള്ള അല്‍-ഷാതി അഭയാര്‍ഥി ക്യാമ്പിലെ ഹനിയയുടെ വീടിന് നേരെ നിരവധി മിസൈലുകള്‍ ഉപയോഗിച്ച് ബോംബെറിഞ്ഞു. ഇത് ആ ക്യാമ്പിന്റെ സമ്പൂര്‍ണ്ണ നാശത്തില്‍ കലാശിച്ചു. 2017ല്‍ അദ്ദേഹം യഹ്‌യ സിന്‍വാറിനെ പദവിയേല്‍പിച്ച് തുര്‍ക്കി വഴി ഖത്തറിലേക്ക് പോയി. 2017 മുതല്‍ ഖത്തറിലാണ് ഹനിയ ജീവിക്കുന്നത്.

ചെറുത്തുനില്‍പ്പിലെ വ്യക്തിമുദ്ര

ഫലസ്തീന്‍ വിമോചന പോരാട്ടത്തില്‍ ഇസ്മാഈല്‍ ഹനിയയുടെ നിസ്തുലമായ പങ്ക് ഇനി ചരിത്ര വിദ്യാര്‍ഥികള്‍ക്ക് പാഠമാകും. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കാനുള്ള തീരുമാനവുമായി അന്നത്തെ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പുറപ്പെടുവിച്ച തീരുമാനത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് 2018ല്‍, യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഹനിയയുടെ പേര് 'ഭീകരവാദ പട്ടികയില്‍' ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, അതൊന്നും അദ്ദേഹത്തെ തെല്ലും ബാധിച്ചില്ല. പോരാട്ട വഴിയില്‍ സഥൈര്യത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും മുന്നണിപോരാളിയായി രാഷ്ടീയ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്. ശൈഖ് അഹമ്മദ് യാസീനു ശേഷം അറബ് ലോകം കണ്ട ഏറ്റവും ധീരനായ പോരാളിയായിരുന്നു അദ്ദേഹം. രാഷ്ടീയ രംഗത്തെ തന്റേതായ പ്രവര്‍ത്തന ശൈലിയിലൂടെ ഫലസ്തീന്‍ പ്രശ്‌നത്തെ അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ മുന്നില്‍ നിന്നു. ഖത്തറില്‍ എത്തിയതിനു ശേഷം അദ്ദേഹത്തിന്റെ വിരാമമില്ലാത്ത നേതൃപാഠവം ഖത്തറില്‍ നിന്നും അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിനു കൂടുതല്‍ വീര്യം പകരുകയായിരുന്നു. ഒക്ടോബര്‍ 7 നു തുടങ്ങിയ ഏറ്റവും പുതിയ ഇസ്രായേല്‍ ഹമാസ് സംഘര്‍ഷത്തിനു ശേഷം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കിയിരുന്നത് ഹനിയയായിരുന്നു. അതിനു വേണ്ടി വ്യത്യസ്ത നാടുകള്‍ പലതവണ സന്ദര്‍ശിക്കുകയും ഹമാസിനെ പ്രതിനിധീകരിക്കുകയും ചെയ്തു.

ഇസ്രായേലും അമേരിക്കയും ചേര്‍ന്നൊരുക്കിയ പദ്ധതിയാണ് ഹനിയയുടെ കൊലപാതകമെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. എന്നാല്‍, ഹനിയയെ വധിക്കുന്നതിനു ഇസ്രായേലിനെ സഹായിച്ച ഗൂഢശക്തികളെ കൃത്യമായി പുറത്തുകൊണ്ട് വരേണ്ടതുണ്ട്. ഇറാന്‍ ഇതൊന്നുമറിഞ്ഞിരുന്നില്ല എന്നത് സംശയമുളവാക്കുന്നതാണ് എന്നൊരു ചര്‍ച്ചയും രാഷ്ടീയ കേന്ദ്രങ്ങളിലുണ്ട്.

ഹമാസിന്റെ അന്താരാഷ്ട്ര ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏറ്റവും പ്രമുഖ വ്യക്തിയും ഇന്ന് ലോകം ഏറെ ചര്‍ച്ച ചെയ്യുന്ന ഏറ്റവും പ്രശസ്തമായ പോരാട്ട പ്രസ്ഥാനത്തിന്റെ നേതൃമുഖങ്ങളിലൊന്നും ഹനിയയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ദോഹയിലെ തന്റെ കേന്ദ്രത്തില്‍ നിന്ന് അദ്ദേഹം ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ സഹായിക്കുകയും അറബ് ലോകമെമ്പാടും പ്രക്ഷേപണം ചെയ്ത ഉജ്വല പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് കൂട്ടിച്ചേര്‍ക്കുന്നു. വര്‍ഷങ്ങളായി, ഹനിയയുടെ പേര് ഹമാസിന്റെ പര്യായമായിരുന്നു. കാരണം, അദ്ദേഹം സംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട ചില സ്ഥാനങ്ങള്‍ വഹിക്കുകയുണ്ടായി. സംഘടനയുടെ സൈനിക-രാഷ്ട്രീയ വിഭാഗങ്ങള്‍ക്കിടയില്‍ സന്തുലിതമായ പങ്ക് വഹിക്കുകയും ചെയ്തു. അറബ് രാജ്യങ്ങള്‍ ഇതുവരെ ഒപ്പുവെച്ച ഒരു കരാറും ഫലസ്തീന്‍ ഇസ്രായേല്‍ സംഘര്‍ഷമവസാനിപ്പിക്കാന്‍ കെല്‍പ്പുറ്റതായിരുന്നില്ലെന്ന് ഒക്ടോബര്‍ ആക്രമണം കഴിഞ്ഞയുടനെ അദ്ദേഹം തുറന്നടിക്കുകയുണ്ടായി.

ഹനിയയുടെ വധത്തിനും പിന്നിലെ ഗൂഢശക്തികള്‍

ഇസ്രായേലും അമേരിക്കയും ചേര്‍ന്നൊരുക്കിയ പദ്ധതിയാണ് ഹനിയയുടെ കൊലപാതകമെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. എന്നാല്‍, ഹനിയയെ വധിക്കുന്നതിനു ഇസ്രായേലിനെ സഹായിച്ച ഗൂഢശക്തികളെ കൃത്യമായി പുറത്തുകൊണ്ട് വരേണ്ടതുണ്ട്. ഇറാന്‍ ഇതൊന്നുമറിഞ്ഞിരുന്നില്ല എന്നത് സംശയമുളവാക്കുന്നതാണ് എന്നൊരു ചര്‍ച്ചയും രാഷ്ടീയ കേന്ദ്രങ്ങളിലുണ്ട്. ഗസ്സയിലെ സഹകരണം തുടരുന്നതിനാല്‍ അത് വേണ്ടത്ര ചര്‍ച്ചയാകാന്‍ സാധ്യതയില്ല. ഇറാനിലെ പ്രധാനമന്ത്രിയുടെ സ്ഥാനോരോഹണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ചടങ്ങിലും തുടര്‍ന്ന് ആത്മീയ നേതാവായ ആയത്തുള്ളാ ഖാംനഇയുടെ കൂടിക്കാഴ്ച്ചയും കഴിഞ്ഞാണ് ഹനിയ അദ്ദേഹത്തിനു ഒരുക്കിയ താമസ സ്ഥലത്തെത്തുന്നത്. അവിടേക്കുള്ള കൃത്യമായ സൂചനകള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാകാം കൊലപാതകം ആസൂത്രണം ചെയ്തിരുന്നത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢശക്തികളെ ഇറാന്‍ അന്വേഷിച്ച് കണ്ടെത്തും വരെ ഇറാനും ഇത്തരം സംശയത്തിന്റെ നിഴലിലുണ്ടാകും.


| ഇറാന്‍ ആത്മീയ നേതാവ് ആയത്തുള്ളാ ഖാംനഇയുമായി കൊല്ലപ്പെടുന്നതിന് മുന്‍പ് ഇസ്മാഈല്‍ ഹനിയ നടത്തിയ കൂടിക്കാഴ്ച്ച.

ഹനിയയുടെ പിന്‍ഗാമി

ആരായിരിക്കും ഇസ്മാഈല്‍ ഹനിയയുടെ പിന്‍ഗാമി? അറബ് രാഷ്ടീയ മേഖലയില്‍ ചൂടേറിയ ചര്‍ച്ചാവിഷയമാണിത്. ഷെയ്ഖ് അഹമ്മദ് യാസrന്‍, അബ്ദുല്‍ അസീസ് അല്‍-റന്‍തീസി എന്നിവരുടെ കൊലപാതകത്തെ തുടര്‍ന്നുള്ള അതേ അവസ്ഥയാണ് ഹനിയയുടെ പിന്‍ഗാമിയുടെ കാര്യത്തിലും ഉണ്ടാവുകയെന്ന് വേണം കരുതാന്‍. താല്‍കാലികമായി ഒരു രാഷ്ട്രീയ തലവനെ നിയമിക്കാനുള്ള തീരുമാനം എത്രയും വേഗം നടപ്പാക്കുമെന്നാണ് ഈ രംഗത്തെ നിരീക്ഷകര്‍ കരുതുന്നത്. സാധ്യതയുള്ളവരില്‍ ഒന്നാമത്തെ നാമം ഖാലിദ് മിശ്അലിന്റെത് തന്നെയാണ്. വെസ്റ്റ് ബാങ്കിനും ഗസ്സയ്ക്കും പുറത്ത് താമസിക്കുന്ന വ്യക്തിക്കായിരിക്കും കൂടുതല്‍ സാധ്യത. കൂടുതല്‍ യാത്ര ആവശ്യമുള്ള സ്ഥാനമായതിനാല്‍ ഖത്തറില്‍ താമസിക്കുന്ന ഖാലിദ് മിശ്അലിന്റെ സാധ്യതയേറുന്നുണ്ട്. ഇപ്പോള്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ തലവന്‍ എന്ന നിലയില്‍ പ്രസ്ഥാനത്തിലെ ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുന്നയാള്‍ കൂടിയാണ് ഖാലിദ് മിശ്അല്‍. അതേസമയം, തീരെ പ്രമുഖനല്ലാത്ത ഒരാളെ നിയമിക്കാനുള്ള സാധ്യതയും തള്ളിക്കളയാവതല്ല.


| ഖാലിദ് മിശ്അല്‍

പിന്‍ഗാമി ആരായാലും ദൗത്യത്തില്‍ മാറ്റമുണ്ടാവില്ലല്ലൊ. തങ്ങളുടെ നേതാവിന്റെ കൊലപാതകത്തോടെ എല്ലാ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിന്നും തല്‍കാലം ഹമാസ് പിന്‍മാറിയേക്കും എന്ന സൂചനകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും വെടി നിര്‍ത്തലുമായി ബന്ധപ്പെട്ട വീക്ഷണത്തില്‍ മാറ്റമുണ്ടാവില്ലെന്ന് ഹമാസ് ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികരിക്കുകയുണ്ടായി. എന്നാല്‍, സംഘര്‍ഷം കൂടുതല്‍ വ്യപിക്കുന്നതിനും കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ പ്രതികരിക്കാനും ഇത് കാരണമായേക്കും. എന്തായാലും വരും ദിവസങ്ങള്‍ ഇസ്രായേലിനും ഫലസ്തീനികള്‍ക്കും അത്ര ശുഭകരമായിരിക്കില്ലെന്ന് വേണം കരുതാന്‍.

Iran's Supreme Leader Ayatollah Ali Khamenei, and Hamas leader Ismail Haniyeh. (Photo: Reuters)

TAGS :