Quantcast
MediaOne Logo

ഡോ. ബിനോജ് നായര്‍

Published: 13 April 2023 4:46 PM GMT

റമദാനിലും ശമനമില്ലാത്ത ഇസ്രയേല്‍ ക്രൂരത

ഇസ്രയേലിന്റെ ഭീകരതയെ നിലക്ക് നിര്‍ത്താന്‍ അന്താരാഷ്ട്ര സമൂഹം ഇനിയെങ്കിലും മുന്നോട്ട് വന്നില്ലെങ്കില്‍ അരക്കോടിയോളം വരുന്ന ഫലസ്തീനിയന്‍ മുസ്‌ലിംകളുടെ ഭാവികൂട്ടക്കുരുതിയുടെ പാപഭാരം തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് അവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.| TheFourthEye

മസ്ജിദുല്‍ അഖ്‌സ ആക്രമണം
X

പരിശുദ്ധ റമദാനില്‍ ഫലസ്തീന്‍ ജനതയ്ക്ക് മേല്‍ കുതിരകയറുക എന്ന ക്രൂരവിനോദം ഇസ്രായേല്‍ ഇത്തവണയും മുടക്കിയില്ല. കഴിഞ്ഞ ആഴ്ച കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്സ പള്ളിയില്‍ പ്രാര്‍ഥനാനിരതരായ ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് മേലാണ് ഇസ്രായേല്‍ പട്ടാളം തോക്കുകളും റബ്ബര്‍ ബുള്ളറ്റുകളും ടിയര്‍ ഗ്യാസും സ്റ്റെന്‍ ഗ്രനേഡുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പെടുന്ന ആയിരക്കണക്കിന് വിശ്വാസികളാണ് ആക്രമണ സമയത്ത് പള്ളിയ്ക്കുള്ളിലും പുറത്തുമായി തറാവീഹ് നമസ്‌കാരത്തിനായി ഒത്തുകൂടിയിരുന്നത്.

യാതൊരു പ്രകോപനവുമില്ലാതെയാണ് ഇസ്രായേല്‍ ഭരണകൂടം നിരപരാധികളായ ഫലസ്തീന്‍ ജനതയ്ക്ക് മേല്‍ ഈ വിധം നരനായാട്ട് നടത്തുന്നത് എന്നത് ഇത്തരം ഏകപക്ഷീയമായ ആക്രമണങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. റമദാനിലെ പുണ്യാനുഷ്ഠാനമായ ഇഹ്ത്തിഖാഫ് ആചരിക്കുന്ന സമയമായതിനാല്‍ കൂടുതലും മസ്ജിദിനുള്ളില്‍ തന്നെ പ്രാര്‍ഥനാനിരതരായി തമ്പടിച്ചിരുന്ന വിശ്വാസികകള്‍ക്ക് ഇസ്രയേലിന്റെ ഭാഗത്തു നിന്ന് ഓര്‍ക്കാപ്പുറത്തുണ്ടായ ആക്രമണത്തെ വേണ്ടവിധം ചെറുക്കാനോ രക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കാനോ സാധിച്ചില്ല എന്ന് വേണം കരുതാന്‍. ആദ്യം മസ്ജിദിന് പുറത്തുണ്ടായിരുന്നവരെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യാന്‍ ശ്രമിച്ച പൊലീസ് പിന്നീട് ഉള്ളിലേയ്ക്ക് അതിക്രമിച്ചു കയറുകയും വിശ്വാസികളെ തല്ലിച്ചതക്കുകയും വലിച്ചിഴക്കുകയും ബൂട്ടിട്ട് ചവിട്ടുകയുമായിരുന്നു.

യഹൂദരുടെ അനധികൃത പ്രവേശനത്തിന് സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയും മുസ്‌ലിംകളുടെ സന്ദര്‍ശനം തടസ്സപ്പെടുത്താനായി പ്രായപരിധി നിശ്ചയിക്കുകയും ചെയ്തതില്‍ നിന്ന് സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളികള്‍ വ്യക്തമാണ്.

മസ്ജിദ് അല്‍-അഖ്സയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മക്കയിലെ മസ്ജിദ് അല്‍-ഹറം, മദീനയിലെ മസ്ജിദ് ആന്‍-നബവി എന്നിവ കഴിഞ്ഞാല്‍ ഒരു മുസല്‍മാനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട പ്രാര്‍ഥനാകേന്ദ്രമാണ് അല്‍-അഖ്സ. 1967ലെ യുദ്ധസമയത്ത് ഇസ്രായേല്‍ ഈ പ്രദേശം പിടിച്ചടക്കുകയും കിഴക്കന്‍ ജറുസലേമിനോട് ചേര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് ജോര്‍ദാനുമായുണ്ടാക്കിയ ഉടമ്പടി പ്രകാരം മസ്ജിദിന്റെ ഭരണം വഖ്ഫ് ഏറ്റെടുക്കുകയും പുറത്തുള്ള സുരക്ഷ മാത്രം ഇസ്രയേലിന്റെ ഉത്തരവാദിത്വമായി തീരുമാനിക്കപ്പെടുകയും ചെയ്തു.

ഉടമ്പടി പ്രകാരം പള്ളി മുസ്‌ലിംകളുടെ ആരാധനാ കേന്ദ്രമായതിനാല്‍ അല്‍-അഖ്സയില്‍ പ്രാര്‍ഥിക്കാന്‍ അവര്‍ക്ക് മാത്രമാണ് അനുവാദമുള്ളത്. ഒപ്പം യഹൂദര്‍ അടങ്ങുന്ന മുസ്‌ലിംകളല്ലാത്തവര്‍ക്ക് സന്ദര്‍ശനത്തിന് ഒരു സമയം നിശ്ചയിക്കപ്പെടുകയും അവര്‍ക്ക് ആ സമയത്ത് അവിടം സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കുകയും ചെയ്തു. അമുസ്‌ലിംകള്‍ക്ക് മസ്ജിദിനുള്ളില്‍ പ്രാര്‍ഥിക്കാനുള്ള അധികാരം നല്‍കിയിട്ടില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.


എന്നാല്‍, ഈ ഉടമ്പടി ഇസ്രായേല്‍ ഭരണകൂടം നിരന്തരം ലംഘിക്കുകയും ഓരോരോ കാരണങ്ങള്‍ പറഞ്ഞു മുസ്‌ലിംകളുടെ സന്ദര്‍ശനവും പ്രാര്‍ഥനയും വിലക്കുകയും അതിന്റെ മറവില്‍ യഹൂദര്‍ക്ക് അനുവദനീയമല്ലാത്ത സമയങ്ങളില്‍ പ്രവേശനത്തിനും പ്രാര്‍ഥനക്കും അവസരം നല്‍കുകയും ചെയ്തുവരുന്നു. അല്‍-അഖ്സയ്ക്ക് മേലുള്ള മുസ്‌ലിംകളുടെ പരമാധികാരം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി യഹൂദരുടെ നിരവധി കൂട്ടായ്മകളും സംഘടനകളും രംഗത്തുണ്ട്. Temple Mount Faithful, Temple Institute തുടങ്ങി മസ്ജിദ് പൂര്‍ണ്ണമായും യഹൂദര്‍ക്ക് തുറന്നു കൊടുക്കണം എന്ന ആവശ്യം മുന്നോട്ട് വെക്കുന്ന ഈ സംഘടനകളുടെ നിരന്തര സമ്മര്‍ദങ്ങള്‍ക്ക് ഇസ്രായേല്‍ സര്‍ക്കാര്‍ അന്യായമായി വഴങ്ങിക്കൊടുക്കുന്നു എന്നുള്ള ആക്ഷേപം ശക്തമാണ്.

ഒരേസമയം യഹൂദര്‍ക്ക് അനര്‍ഹമായി മസ്ജിദിന്റെ വളപ്പില്‍ പ്രാര്‍ഥിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയും അര്‍ഹരായ മുസ്‌ലിംകളുടെ സന്ദര്‍ശനം തടസ്സപ്പെടുത്താനും പരിമിതപ്പെടുത്താനുമുള്ള പുതിയ കുറുക്കുവഴികള്‍ കണ്ടെത്തുകയും ചെയ്യുക എന്ന ദ്വിമുഖ പദ്ധതിയാണ് ഇസ്രായേല്‍ ഇപ്പോള്‍ നടത്തി വരുന്നത് എന്ന് വേണം അനുമാനിക്കാന്‍. യഹൂദരുടെ അനധികൃത പ്രവേശനത്തിന് സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയും മുസ്‌ലിംകളുടെ സന്ദര്‍ശനം തടസ്സപ്പെടുത്താനായി പ്രായപരിധി നിശ്ചയിക്കുകയും ചെയ്തതില്‍ നിന്ന് സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളികള്‍ വ്യക്തമാണ്. വെസ്റ്റ്ബാങ്കില്‍ നിന്നുള്ള ഫലസ്തീനിയന്‍ വിശ്വാസികളുടെ പ്രവേശനം മതില്‍ കെട്ടി നിരോധിച്ച ഇസ്രയേല്‍ ഒരു പ്രത്യേക പ്രായപരിധിയ്ക്ക് പുറത്തുള്ളവര്‍ക്ക് അവരുടെ തന്നെ ഭൂമിയില്‍ പ്രവേശിക്കാന്‍ പ്രത്യേക പെര്‍മിറ്റ് വേണമെന്ന അപഹാസ്യമായ നിയമവും കൊണ്ടുവന്നിരിക്കുന്നു,

ഹെബ്രോണിലെ ഇബ്രാഹിമി മസ്ജിദിനെ തൊണ്ണൂറുകളില്‍ ഇസ്രയേല്‍ യഹൂദര്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ പങ്കിട്ടതിന്റെ അസന്തുഷ്ടിയും ആഘാതവും ഇനിയും വിട്ടുമാറാത്ത ഫലസ്തീന്‍ ജനത അല്‍-അഖ്സയിലൂടെ ചരിത്രം ആവര്‍ത്തിക്കപ്പെടാനുള്ള ദുരന്തസാധ്യതയും മുന്നില്‍ കാണുന്നു എന്ന് വേണം കരുതാന്‍.

കാര്യത്തിന്റെ ഗൗരവമോ ആഴമോ പശ്ചാത്തലമോ മനസ്സിലാക്കാത്ത അന്താരാഷ്ട്രസമൂഹം പലപ്പോഴും അല്‍-അഖ്സയിലെ പ്രശ്‌നങ്ങള്‍ക്ക് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ഫലസ്തീനികളുടെ കടുംപിടിത്തത്തെയും മര്‍ക്കടമുഷ്ടിയെയുമാണ്. യഹൂദര്‍ക്ക് കൂടി പ്രാര്‍ഥിക്കാനായി മസ്ജിന്റെ വാതിലുകള്‍ തുറന്നു കൊടുക്കുന്നതിനെ എതിര്‍ക്കുന്നത് മുസ്‌ലിംകളുടെ സഹജമായ അസഹിഷ്ണുതയുടെ നേര്‍ക്കാഴ്ചയായി വളച്ചൊടിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളും കുറവല്ല. എന്നാല്‍, ഫലസ്തീനികളുടെ എതിര്‍പ്പിന്റെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കുമ്പോഴേ അവരുടെ നിലപാടിലെ ന്യായവും യുക്തിയും തിരിച്ചറിയാനാവൂ.

ഒരു പ്രകോപനവുമുണ്ടാക്കാതെ പ്രാര്‍ഥനാനിരതരാവുന്ന അവസരങ്ങളില്‍ പോലും ഇസ്രയേലിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്ന അതിക്രൂരമായ ആക്രമണങ്ങള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ നിന്ന് തങ്ങളെ ആട്ടിയോടിക്കാനുള്ള ഇസ്രയേലിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണെന്നതില്‍ ഫലസ്തീന്‍ ജനതയ്ക്ക് തീരെ സംശയമില്ല. മസ്ജിദ് അല്‍-അഖ്സയില്‍ തങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തിന് മേല്‍ അനാവശ്യവും അനീതിപരവുമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഇസ്രയേലിന്റെ നടപടി കിഴക്കന്‍ ജറുസലേമിലെ യഹൂദ സാന്നിധ്യം വര്‍ധിപ്പിക്കാനും ക്രമേണ മുസ്‌ലിംകളെ ന്യൂനപക്ഷമായി അരികുവല്‍ക്കരിക്കാനുമുള്ള ഇസ്രയേല്‍ ഭരണകൂടത്തിന്റെ പദ്ധതികളുടെ ഭാഗമാണെന്ന് തിരിച്ചറിയാനും അവര്‍ക്ക് പ്രയാസമില്ല. ഹെബ്രോണിലെ ഇബ്രാഹിമി മസ്ജിദിനെ തൊണ്ണൂറുകളില്‍ ഇസ്രയേല്‍ യഹൂദര്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ പങ്കിട്ടതിന്റെ അസന്തുഷ്ടിയും ആഘാതവും ഇനിയും വിട്ടുമാറാത്ത ഫലസ്തീന്‍ ജനത അല്‍-അഖ്സയിലൂടെ ചരിത്രം ആവര്‍ത്തിക്കപ്പെടാനുള്ള ദുരന്തസാധ്യതയും മുന്നില്‍ കാണുന്നു എന്ന് വേണം കരുതാന്‍.


ഫലസ്തീനിലെ മുസ്‌ലിംകളെ കഴിയുന്നത്ര പ്രകോപിപ്പിക്കുകയും പ്രതികാരരൂപത്തിലുള്ള പ്രത്യാകര്‍മങ്ങളിലേയ്ക്ക് തള്ളിവിടുകയും ചെയ്യുക എന്നത് ഇസ്രയേല്‍ ഭരണകൂടത്തിന്റെയും തീവ്ര വലതുപക്ഷ Temple Mount Movement ഗ്രൂപ്പുകളുടെയും ഗൂഢ അജണ്ടയുടെ ഭാഗമാണ്. ഇന്ത്യയില്‍ സംഘ്പരിവാര്‍ മുസ്‌ലിംകളെ അക്രമത്തിലേക്ക് തള്ളിവിടാനായി നിരന്തരം പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നത് പോലെ ഇസ്‌ലാം എന്നാല്‍ അസഹിഷ്ണുത, അക്രമം എന്ന സമവാക്യം ലോകത്തിന് മുന്നില്‍ അരക്കിട്ടുറപ്പിക്കാന്‍ ഇത് തങ്ങളെ സഹായിക്കും എന്ന് ഇസ്രയേലിലെ യഹൂദരും കണക്ക് കൂട്ടുന്നു. മക്ക-മദീന പുണ്യഗേഹങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും മഹനീയമായ മസ്ജിദ് അല്‍-അഖ്സയെ പുണ്യറമദാനില്‍ കൂട്ടമായി വളയാനും അതിനുള്ളില്‍ അറവുമാടുകളെ കശാപ്പ് ചെയ്യാനും അവര്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നതിന് പിന്നില്‍ ലക്ഷ്യം മറ്റൊന്നല്ല എന്ന് തിരിച്ചറിയാന്‍ അന്താരാഷ്ട്ര സമൂഹത്തിനുള്ള വിമുഖത ഏതായാലും ഫലസ്തീന്‍ ജനതയ്ക്കില്ല.

മസ്ജിദ് അല്‍-അഖ്സയില്‍ പ്രാര്‍ഥിക്കാനുള്ള അനുവാദം മുസ്‌ലിംകള്‍ക്ക് മാത്രമാണെന്ന് ഇസ്രയേലിലെ കോടതി തന്നെയാണ് ഇക്കഴിഞ്ഞ വര്‍ഷം വിധിച്ചത്. മസ്ജിദിന്റെ വളപ്പിനുള്ളില്‍ പ്രാര്‍ഥിക്കാന്‍ കുറുക്കുവഴികളിലൂടെ യഹൂദര്‍ക്ക് അവസരമൊരുക്കുകയും നമസ്‌കാരത്തിനുള്ള മുസ്‌ലിംകളുടെ നിയമപരവും സ്വാഭാവികവുമായ അവകാശങ്ങളെ യാതൊരു നീതീകരണവുമില്ലാതെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് തടയുകയും ചെയ്യുന്ന ഇസ്രയേല്‍ സര്‍ക്കാര്‍ നടപടി ഇതിനാല്‍ തന്നെ നിയമവിരുദ്ധവും കോടതിയെ വെല്ലുവിളിക്കുന്നതിന് തുല്യവുമാണ്. പക്ഷേ, കോടതികളെയും നിയമസംവിധാനങ്ങളെയും ഹൈജാക്ക് ചെയ്ത് സ്വേച്ഛാധിപത്യരീതിയില്‍ തന്റെ അധികാരം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിന് ഇപ്പോള്‍ രാജ്യമെമ്പാടും പ്രതിഷേധം നേരിടുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന് ഇതൊന്നും ഒരു പ്രശ്നമേയല്ല.

ബോംബാക്രമണങ്ങള്‍ക്കും വെടിയുണ്ടകള്‍ക്കും ഇടയില്‍ കരിഞ്ഞുണങ്ങി അവസാനിക്കേണ്ടതാണോ ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ ഭാവി എന്നത് ലോകമനഃസാക്ഷിക്ക് മുന്നില്‍ ഉയര്‍ന്നു നില്‍ക്കേണ്ട ഒരു ചോദ്യമാണ്.

അന്താരാഷ്ട്രനിയമങ്ങളും രാഷ്ട്രീയനീതിയും കാറ്റില്‍ പറത്തി സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന മുസ്‌ലിംകള്‍ക്ക് മേല്‍ അതിക്രമം നിര്‍ബാധം തുടരാന്‍ ഇസ്രയേലിന് താങ്ങും തണലുമാവുന്നത് ഐക്യരാഷ്ട്ര സഭ പോലുള്ള അമേരിക്കന്‍ നിയന്ത്രിത സംഘടനകളുടെ നിഷ്‌ക്രിയത്വവും ഇസ്‌ലാം വിരുദ്ധമായ പാശ്ചാത്യ പൊതുബോധം പേറുന്ന അന്താരാഷ്ട്ര സമൂഹവുമാണ് എന്നതില്‍ തര്‍ക്കമില്ല. ഇവിടെയാണ് ഒ.ഐ.സി പോലുള്ള ഇസ്‌ലാമിക രാജ്യങ്ങളുടെ സംഘടനകള്‍ ആഗോള മുസ്ലിം സമൂഹം നേരിടുന്ന വംശീയ ഉന്മൂലന ഭീഷണിയോട് പുലര്‍ത്തിവരുന്ന നീതീകരിക്കാനാവാത്ത ഉദാസീനത വെടിയേണ്ടതിന്റെ ആവശ്യകത മുന്‍പെന്നത്തേക്കാള്‍ പ്രസക്തമാവുന്നത്. ഫലസ്തീനിന്റെ കാര്യത്തില്‍ സക്രിയമായ പരിഹാര നടപടികളിലേക്ക് കടക്കാന്‍ ഇസ്രയേലിന് മേല്‍ സമ്മര്‍ദം ചെലുത്താനും ഐക്യരാഷ്ട്രസഭ പോലുള്ള സംഘടനകളെ അവരുടെ ഉത്തരവാദിത്വത്തില്‍ ഉറപ്പിച്ചു നിര്‍ത്താനും ശക്തരായ മുസ്‌ലിം രാഷ്ട്രങ്ങള്‍ മുന്നിട്ടിറങ്ങിയേ പറ്റൂ.

അവസാന ശ്വാസം വരെ പൊരുതാനുള്ള ഫലസ്തീനിയന്‍ ജനതയുടെ ദൃഢനിശ്ചയത്തെ മേല്‍പറഞ്ഞ രാഷ്ട്രീയ നിഷ്‌ക്രിയത്വമോ ആലസ്യമോ തരിമ്പ് പോലും ബാധിക്കില്ല എന്നതില്‍ അവരുടെ പോരാട്ട വീര്യത്തെപ്പറ്റി മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് സംശയമുണ്ടാവില്ല. എങ്കില്‍ പോലും ബോംബാക്രമണങ്ങള്‍ക്കും വെടിയുണ്ടകള്‍ക്കും ഇടയില്‍ കരിഞ്ഞുണങ്ങി അവസാനിക്കേണ്ടതാണോ ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ ഭാവി എന്നത് ലോകമനഃസാക്ഷിക്ക് മുന്നില്‍ ഉയര്‍ന്നു നില്‍ക്കേണ്ട ഒരു ചോദ്യമാണ് എന്ന് ഞാന്‍ കരുതുന്നു. ഒരുകാലത്ത് ഹിറ്റ്‌ലറുടെ കൊടും ക്രൂരതകള്‍ക്ക് ഇരകളായിരുന്നവര്‍ക്ക് മറ്റൊരു സമൂഹത്തോട് ഇപ്രകാരം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു എന്നത് തന്നെ ചരിത്രബോധമുള്ളവരെ അമ്പരപ്പിക്കുന്ന വസ്തുതയാണ്.


ഇസ്രയേലിന്റെ ഭീകരതയെ നിലക്ക് നിര്‍ത്താന്‍ അന്താരാഷ്ട്ര സമൂഹം ഇനിയെങ്കിലും മുന്നോട്ട് വന്നില്ലെങ്കില്‍ അരക്കോടിയോളം വരുന്ന ഫലസ്തീനിയന്‍ മുസ്‌ലിംകളുടെ ഭാവികൂട്ടക്കുരുതിയുടെ പാപഭാരം തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് അവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

TAGS :