രാഷ്ട്രീയം, കാഴ്ച്ചാ വസന്തം; ഇനി ഇറ്റ്‌ഫോക് ജ്വരം
പാവകള്‍ പോലെ വിവിധ വസ്തുക്കളിലൂടെയും നൃത്തവും സംഗീതവും ഇഴച്ചേര്‍ത്തും മറ്റും അരങ്ങിനെ വികസിപ്പിക്കുന്ന അവതരണങ്ങള്‍ ഇറ്റ്‌ഫോക്കിന്റെ ചരിത്രത്തില്‍ ആദ്യത്തേതാണെന്നും പ്രേക്ഷകര്‍ക്ക് ഏറെ പുതുമകള്‍ സമ്മാനിക്കാന്‍ പോന്നതാണെന്നും സംഘാടകര്‍ പറയുന്നു. | itfok 2024
സാഹിത്യ അക്കാദമി സംഘടിപ്പിച്ച സാര്‍വദേശീയ സാഹിത്യോത്സവത്തിന്റെ അലകള്‍ ഒടുങ്ങും മുമ്പ് സാംസ്‌കാരിക തലസ്ഥാനത്ത് വീണ്ടും ഉത്സവഛായ പടരുകയാണ്. സാര്‍വദേശീയ നാടകോത്സവത്തിന്റെ (ഇറ്റ്‌ഫോക്ക്) 14-ാം എഡിഷന് ഫെബ്രുവരി ഒന്‍പത് വെള്ളിയാഴ്ച്ച കൊടി ഉയരുന്നതോടെ പുതിയ കാഴ്ചാവസന്തത്തിന്റെ സൗന്ദര്യത്തിലേക്കാണ് ആസ്വാദകര്‍ നടന്നു കയറുക. നാടകങ്ങളില്‍ പലതും സമകാലിക രാഷട്രീയം ശക്തമായി ചര്‍ച്ച ചെയ്യുന്നവയാണെന്ന് സംഘാടകര്‍ പറയുന്നു.
മലയാളി പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വളരെ വ്യത്യസ്തമായ അവതരണങ്ങളാണ് 14-ാം ദളത്തിന്റെ പ്രത്യേകതയെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. പാവകള്‍ പോലെ വിവിധ വസ്തുക്കളിലൂടെയും നൃത്തവും സംഗീതവും ഇഴച്ചേര്‍ത്തും മറ്റും അരങ്ങിനെ വികസിപ്പിക്കുന്ന അവതരണങ്ങള്‍ ഇറ്റ്‌ഫോക്കിന്റെ ചരിത്രത്തില്‍ ആദ്യത്തേതാണെന്നും പ്രേക്ഷകര്‍ക്ക് ഏറെ പുതുമകള്‍ സമ്മാനിക്കാന്‍ പോന്നതാണെന്നും സംഘാടകര്‍ പറയുന്നു. ഇത്തവണ ബ്രസീല്‍, തുനീഷ്യ, ഫലസ്തീന്‍, ഫ്രാന്‍സ്, ബംഗ്ലാദേശ്, ഫിന്‍ലാന്റ്, ഇറ്റലി, ചിലി തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നായി എട്ട് വിദേശ നാടകങ്ങളാണുള്ളത്. മലയാളത്തിലും ഇതര ഭാഷയിലുമുള്ളവ അടക്കം 23 നാടകങ്ങളാണ് എട്ടു ദിവസത്തെ ഉത്സവത്തിലുള്ളത്. ഒരേ നാടകത്തിന് കൂടുതല്‍ ആവര്‍ത്തന കളി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രേക്ഷകരുടെ സൗകര്യം കൂടി കണക്കിലെടുത്താണിത്. ഏഴ് വേദികളിലായി 47 പ്രദര്‍ശനങ്ങളുണ്ടാവും.
കണ്ട്പതിഞ്ഞ യുദ്ധരംഗങ്ങളല്ല. ആയുധങ്ങളും അവയുടെ കച്ചവടവും കളിപ്പാട്ട ആയുധങ്ങളിലൂടെ കുട്ടികളില്‍ യുദ്ധജ്വരമുണ്ടാക്കുന്നതും മറ്റുമാണ് ഈ ഇറ്റാലിയന്‍ നാടകം പറയുന്നത്. വേദിയില്‍ തന്നെ തത്സമയ സംഗീതം, വേദിയില്‍ ഷൂട്ട് ചെയ്യുന്ന രംഗങ്ങള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കല്‍ തുടങ്ങി പുതുമയാര്‍ന്നതും കാഴ്ച്ചാ സുഖം നല്‍കുന്നതുമായ നാടകമാണിത്.
ദേശവും പൗരത്വവുമില്ലാത്തവരുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ബ്രസീലിയന്‍ നാടകം അപട്രിഡാസ് ആണ് ഉദ്ഘാടന ദിവസം അരങ്ങേറുന്നത്. കസ്സാന്‍ഡ്ര, ഹെക്യുബ, പ്രിമിഥിയൂസ്, ഹെര്‍ക്കുലീസ് എന്നീ പ്രശസ്ത കഥാപാത്രങ്ങളുടെ സോളോ പ്രകടനത്തിലൂടെ വികസിക്കുന്നതാണീ നാടകം. അഭയാര്‍ഥികളെക്കുറിച്ചും പലായനത്തെക്കുറച്ചുമെല്ലാം പറയുന്ന ഈ നാടകം രാഷ്ട്രീയമായി വളരെ ശക്തമാണെന്ന് ഇറ്റ്‌ഫോക് കോ-ഓഡിനേറ്റര്‍ ജലീല്‍ കുന്നത്ത് പറയുന്നു. ഒപ്പം ബംഗാളി നാടകമായ 'മാട്ടി കഥ'യും (ഭൂമിയുടെ കഥ) ഉണ്ട്. ആദ്യ ദിനത്തില്‍ മൂന്നിന് ബ്ലാക്ക് ബോക്‌സില്‍ 'മാട്ടി കഥ' അരങ്ങേറും. 7.30 ന് മുരളി തിയറ്ററില്‍ അപട്രിഡാസും. രാത്രി 9.30 ന് പാലസ് ഗ്രൗണ്ട് വേദിയില്‍ അരങ്ങേറുന്ന 'കബീറ ഖഡ ബസാര്‍ മെ' എന്ന നാടകീയ സ്പര്‍ശമുള്ള സംഗീത പരിപാടിയാണ് ഉദ്ഘാടന ദിവസത്തെ മറ്റൊരു പ്രധാന ആകര്‍ഷണീയത. കബീര്‍ ദാസിന്റെ രചനകള്‍ അടിസ്ഥാനമാക്കി പ്രശസ്ത നാടക പ്രവര്‍ത്തകന്‍ എം.കെ. റെയ്‌ന അണിയിച്ചൊരുക്കിയ ദല്‍ഹി ദസ്തന്‍ ലൈവിന്റെ അവതരണമാണിത്.
ബ്രസീലിയന്‍ നാടകം അപട്രിഡസില്‍ നിന്നുള്ള രംഗങ്ങള്‍
ഇത്തവണത്തെ ഏറ്റവും ഗംഭീര നാടകം 'അല്ലേ ആര്‍മി' ആണെന്ന് ജലീല്‍ അഭിപ്രായപ്പെട്ടു. വിവിധ വസ്തുക്കളെ ഉപയോഗിച്ച് രംഗഭാഷ ഒരുക്കുകയും അതില്‍ ഇടപ്പെടല്‍ നടത്തുകയും ചെയ്യുന്ന നാടകങ്ങള്‍ ഇത്തവണത്തെ പ്രത്യേകതയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 'അല്ലേ ആര്‍മി'. 'മാട്ടി കഥ', 'ഡു യു നോ ദിസ് സോംഗ് ' എന്നിവയും ഈ നിരയില്‍ പെട്ടതാണ്. അല്ലേ ആര്‍മി ഉജ്വലമായ രാഷ്ട്രീയ നാടകമാണ്. യുദ്ധത്തെക്കുറിച്ചാണത് സംസാരിക്കുന്നത്. കണ്ട്പതിഞ്ഞ യുദ്ധരംഗങ്ങളല്ല. ആയുധങ്ങളും അവയുടെ കച്ചവടവും കളിപ്പാട്ട ആയുധങ്ങളിലൂടെ കുട്ടികളില്‍ യുദ്ധജ്വരമുണ്ടാക്കുന്നതും മറ്റുമാണ് ഈ ഇറ്റാലിയന്‍ നാടകം പറയുന്നത്. വേദിയില്‍ തന്നെ തത്സമയ സംഗീതം, വേദിയില്‍ ഷൂട്ട് ചെയ്യുന്ന രംഗങ്ങള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കല്‍ തുടങ്ങി പുതുമയാര്‍ന്നതും കാഴ്ച്ചാ സുഖം നല്‍കുന്നതുമായ നാടകമാണിത്.
'ഹൗ റ്റു മേയ്ക്ക് റെവല്യൂഷന്‍' എന്ന ഫലസ്തീന്‍ നാടകം ഇസ്രയേലിന്റെ കൊടും ക്രൂരതയെ വരച്ചുകാണിക്കുന്ന ലളിത അവതരണമാണ്. ഫലസ്തീനിലെ സമകാലിക പ്രശ്‌നങ്ങളാണ് ഈ ഡോകുഡ്രാമ ചര്‍ച്ച ചെയ്യുന്നത്. ഫിസിക്കല്‍ തിയറ്ററും നൃത്തവും സംയോജിപ്പിച്ച് മള്‍ട്ടിമീഡിയ കൂടി ഉപയോഗിച്ചുള്ള തുനീഷ്യയുടെ 'ലേഫോ', മലയാളി പേക്ഷകരെ തൃപ്തിപ്പെടുത്താന്‍ സാധ്യതയുള്ള, ദൃശ്യപരതയുള്ള ബംഗ്ലാദേശിന്റെ '4.48 മൊണ്‍ട്രാഷ് ' തുടങ്ങിയവ വിദേശ നാടകങ്ങളില്‍ ചിലതാണ് - ജലീല്‍ വിശദീകരിക്കുന്നു.
അക്കാദമി അങ്കണം ഒരുങ്ങുന്നു
ബെര്‍ത്തോള്‍ ബ്രെഹത്തിന്റെ 125-ാം ജന്മവാര്‍ഷികം കണക്കിലെടുത്ത് അദ്ദേഹത്തെ ആദരിച്ച് രണ്ട് നാടകങ്ങള്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതം വരച്ചുകാണിക്കുന്ന 'ബിചാര ബീബി' (കൊല്‍ക്കത്ത), ബ്രെഹത്തിന്റെ രചനയെ ആസ്പദമാക്കിയ 'സൗദാഗര്‍ ' (മധ്യപ്രദേശ്) എന്നിവയാണത്. കൊല്‍ക്കത്തയിലെ പ്രമുഖ നാടക പ്രവര്‍ത്തകന്‍ സുമന്‍ മുഖര്‍ജിയാണ് 'ബിചാര ബീബി' യുടെ സംവിധായകന്‍. മധ്യപ്രദേശിലെ മണ്‍മറഞ്ഞ പ്രശസ്ത സംവിധായകന്‍ ബെന്‍സികൗള്‍ ചിട്ടപ്പെടുത്തിയതാണ് 'സൗദാഗര്‍'. കൂടാതെ, ഫെസ്റ്റിവെല്‍ പുസ്തകത്തില്‍ ബ്രെഹത്തിനെക്കുറിച്ച് ലേഖനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആല്‍ഫ്രഡ് ജാരിയെ ആദിച്ചുകൊണ്ടുള്ള ലേഖനവും ദീപന്‍ ശിവരാമന്റെ സംവിധാനത്തില്‍ അദ്ദേഹത്തിന്റെ പ്രശസ്ത നാടകം 'ഉബുറോയ് ' യുടെ അവതരണവുമുണ്ട്.
മല്ലിക തനേജയുടെ സോളോ അടക്കം ഇന്ത്യന്‍ നാടകങ്ങള്‍ ശ്രദ്ധേയങ്ങളാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. തമിഴ്‌നാട്ടിലെ ആദിശക്തിയുടെ 'ഊര്‍മിള' യും ബി. ജയശ്രിയുടെ 'പാരിജാത'യും ഈ നിരയിലുണ്ട്. മലയാള നാടകങ്ങളില്‍ യുവ സംവിധായകര്‍ക്ക് അവസരം ലഭിച്ചു എന്നത് പ്രത്യേകതയാണ്. വരുണ്‍ മാധവന്റെ 'കോര്‍ണര്‍', അരുണ്‍ലാല്‍ സംവിധാനം ചെയ്ത തുപ്പേട്ടന്റെ 'അവാര്‍ഡ്', അലിയാരിന്റെ 'പാപ്പിസോറൈ' എന്നിവയാണവ. കവി അന്‍വര്‍ അലി രചിച്ച് നജ്മുല്‍ ഷാഹി സംവിധാനം ചെയ്ത 'ഞാനും വരട്ടെ ബാപ്പ ഓല്‍ മരം കാണുവാന്‍', കടമ്പഴിപ്പുറം നാട്യശാസ്ത്ര അരങ്ങിലെത്തിക്കുന്ന 'കോര്‍ണര്‍' എന്നീ മലയാള നാടകങ്ങളുമുണ്ട്. കൂടാതെ, സംഗീത പരിപാടികള്‍, വനിത നാടക പ്രവര്‍ത്തകര്‍ക്കായുള്ള ശില്‍പശാല, വിവിധ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.