Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 9 Feb 2024 6:04 AM GMT

ഇറ്റ്‌ഫോക്കിന് ഇന്ന് തിരശ്ശീല ഉയരും

ഇറ്റ്‌ഫോക് 14-ാം ദളത്തിന് തിരശ്ശീല ഉയരുന്ന വെള്ളിയാഴ്ച രാത്രി 7.30 ന് മുരളി തിയറ്ററില്‍ ഉദ്ഘാടന നാടകമായി അരങ്ങേറുന്നത് 'അപട്രഡസാ'ണ്. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യമായും അരങ്ങേറുന്ന, യുദ്ധങ്ങള്‍ക്കെതിരെയുള്ള നാടകമാണിത്. | itfok 2024

ഇറ്റ്‌ഫോക്കിന് ഇന്ന് തിരശ്ശീല ഉയരും
X

ദേശമില്ലാത്തവരുടെയും പൗരത്വമില്ലാത്തവരുടെയും കഥ പറയുന്ന തന്റെ നാടകം - അപട്രഡസ് - ആദ്യമായി ഇന്ത്യയില്‍ അരങ്ങേറുന്നതിന്റെ ത്രില്ലിലാണ് ബ്രസീലിയന്‍ യുവ സംവിധായകന്‍ ലെനോര്‍സോം പോളിനീനി. ഇറ്റ്‌ഫോക് 14-ാം ദളത്തിന് തിരശ്ശീല ഉയരുന്ന വെള്ളിയാഴ്ച രാത്രി 7.30 ന് മുരളി തിയറ്ററില്‍ ഉദ്ഘാടന നാടകമായി അരങ്ങേറുന്നത് 'അപട്രഡസാ'ണ്. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യമായും അരങ്ങേറുന്ന, യുദ്ധങ്ങള്‍ക്കെതിരെയുള്ള നാടകമാണിത് എന്നതു മാത്രമല്ല ഉദ്ഘാടന ദിനത്തിന്റെ പ്രത്യേകത. നാടകപ്രവര്‍ത്തകൂടിയായ നടി രോഹിണി ഇറ്റ്‌ഫോക്കിനെത്തുന്നു എന്നതുമാണ്.

'ഒരുമ, സമാധാനം, ദൃഢവിശ്വാസം' എന്നതാണ് നാടകോത്സവത്തിന്റെ ഇത്തവണത്തെ പ്രമേയമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നിര്‍മിക്കപ്പെടുന്ന വികല വാര്‍ത്തകള്‍കൊണ്ട് ചിന്തകള്‍പോലും മലിനമാകുന്ന സമയമാണിത്. അപരവിദ്വേഷത്തിന്റെ പൊയ്മുഖം മാറ്റി തെളിമയും വിശാലമായ കാഴ്ചയും നല്‍കാന്‍ കലക്ക് സാധിക്കുമെന്ന സന്ദേശം കൂടിയാണ് ഇത്തവണ ഇറ്റ്‌ഫോക് മുന്നോട്ട് വെക്കുന്നത് - അദ്ദേഹം അറിയിച്ചു.

വൈകുന്നേരം അഞ്ചിന് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. 'മികച്ച സാങ്കേതിക മികവോടെ കാണികളിലേക്ക് എല്ലാ നാടകങ്ങളും എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തീകരിച്ചതായി സെക്രട്ടറി പറഞ്ഞു. ആര്‍ടിസ്റ്റ് സുജാതന്റെ നേതൃത്വത്തില്‍ 'വേദികള്‍ സജ്ജമായി. സംഗീത നാടക അക്കാദമിക്കൊപ്പം രാമനിലയം, സ്‌കൂള്‍ ഓഫ് ഡ്രാമ കാമ്പസുകളും തൃശൂര്‍ കോര്‍പ്പറേഷന്‍ പാലസ് ഗ്രൗണ്ടും ടൗണ്‍ ഹാളും വേദികളാണ്.

ലോകം യുദ്ധത്തിന്റെ ദുരന്തത്തില്‍ പെട്ടുഴലുമ്പോള്‍ നാടകം കൊണ്ട് പ്രതിരോധിക്കുന്ന ഒരു കൂട്ടം നാടക സംഘങ്ങള്‍ തൃശൂര്‍ രാജ്യാന്തര നാടകോത്സവത്തിന്റെ ഭാഗമാവുന്നു. 'അല്ലെ ആര്‍മി' എന്ന ഇറ്റാലിയന്‍ നാടകവും 'ഹൗ ടു മേക്ക് എ റവല്യൂഷന്‍' എന്ന ഫലസ്തീന്‍ നാടകവുമെല്ലാം യുദ്ധം ബാധിച്ച ജനതയുടെ പ്രതിരോധങ്ങളാണ് - മുരളി വ്യക്തമാക്കി.

നാടകങ്ങള്‍ കൂടാതെ പാനല്‍ ചര്‍ച്ചകളും, ദേശീയ-അന്തര്‍ദേശീയ നാടക പ്രവര്‍ത്തകരുമായുള്ള മുഖാമുഖവും സംഗീതനിശകള്‍, തിയറ്റര്‍ ശില്‍പ്പശാലകള്‍ എന്നിവയും അരങ്ങേറും. രാമനിലയം കാമ്പസില്‍ 1.30 ന് വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി പാനല്‍ ചര്‍ച്ചകളും സംവാദനാത്മക സെഷനുകളും നടക്കും. റഫീഖ് മംഗലശ്ശേരി, ഹേമന്ത് കുമാര്‍, എമില്‍ മാധവി, ഇ. രാജരാജേശ്വരി, ടി. ചന്ദസ്സ്, ശ്രീജ ആറങ്ങോട്ടുകര, നീലം മാന്‍സിങ് ചൗധരി, സൂസി താരു, എം.കെ റൈന, പ്രളയന്‍, അനുരാധ കപൂര്‍, ആശിഷ് സെന്‍ ഗുപ്ത, ഇസ്രഫീല്‍ ഷഹീന്‍, സഞ്ചിത മുഖര്‍ജി, ഡോ. എം.എസ് സുരഭി, അഭിമന്യു , പ്രശാന്ത് നാരായണന്‍, ഹാസിം അമരവിള, ശരത് രേവതി, നിഖില്‍ദാസ്, ജിനോ ജോസഫ്, ഷേര്‍ലി സോമസുന്ദരം, ജിഷ അഭിനയ, സി.എസ് ചന്ദ്രിക, ടി.എ ഉഷാകുമാരി തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍, ബി. അനന്തകൃഷ്ണന്‍, നിര്‍വാഹകസമിതി അംഗം രേണു രാമനാഥ്, കോ-ഓര്‍ഡിനേറ്റര്‍ ജലീല്‍ ടി കുന്നത്ത് എന്നിവരും പങ്കെടുത്തു.


30 ഓളം അടങ്ങുന്ന സാങ്കേതിക പ്രവര്‍ത്തകരായ യുവതീയുവാക്കളാണ് തിരശ്ശീലക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഒപ്പം അക്കാദമി ജീവനക്കാരുമുണ്ട്. ശ്രോതാക്കളെ ത്രസിപ്പിക്കുന്ന സംഗീത പരിപാടികളാണ് മറ്റൊരു ആകര്‍ഷണം. പുതുമകള്‍ ഏറെയുള്ള ജോര്‍ജിയന്‍ നാടന്‍പാട്ട്, സമാപന ദിവസം സൂഫി സംഗീതം തുടങ്ങിയവ അരങ്ങേറും. വിവിധ ദിവസങ്ങലിലായി പാലസ് ഗ്രൗണ്ട് വേദിയില്‍ ഡല്‍ഹി ദസ്തന്‍ ലൈവ് അവതരിപ്പിക്കുന്ന കബീറ ഖഡാ ബസാര്‍ മേം - റോക്ക് ഓപ്പറ', ബാനി ഹില്‍സ് -ജോര്‍ജിയന്‍ ഫോക്ക്, സൂഫി സംഗീതം കെ.ടി മുഹമ്മദ് തിയറ്ററിനു മുന്‍വശം റാസാ-ബീഗം പാടുന്നു എന്നീ പരിപാടികളും അരങ്ങേറും.

TAGS :