കോവിഡ് കാലത്ത് തൊഴില്‍ വര്‍ധന; ആര്‍.ബി.ഐയുടെ വിചിത്ര ഡാറ്റകള്‍
കോവിഡിന് ശേഷം സ്ഥിരമായ വേതനം ലഭ്യമാകുന്ന തൊഴിലുകളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചുണ്ട് എന്നത് നിഷേധിക്കാനാവാത്ത സംഗതിയാണ്.
ഇക്കഴിഞ്ഞ ദിവസം തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ചില സ്ഥിതി വിവരക്കണക്കുകള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. റിസര്‍വ്വ് ബാങ്ക് ഡാറ്റയെ അടിസ്ഥാനപ്പെടുത്തി കേന്ദ്ര തൊഴില്‍ മന്ത്രാലയം ഒരു പത്രക്കുറിപ്പും അടുത്ത ദിവസം തന്നെ പുറപ്പെടുവിക്കുകയുണ്ടായി. ഈ പത്രക്കുറിപ്പില്‍ ഇന്ത്യയിലെ തൊഴില്‍ നഷ്ടത്തെ സംബന്ധിച്ച് സിറ്റി ഗ്രൂപ്പ് അടുത്തകാലത്ത് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ തള്ളിക്കളയുകയും ചെയ്യുന്നുണ്ട്.
ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട അഞ്ച് സുപ്രധാന ഘടകങ്ങളെ പരിഗണിച്ചുകൊണ്ടുള്ള KLEMS ഡാറ്റ -(മൂലധനം ( K capital ), തൊഴില്‍ ( Labour ), ഊര്‍ജം ( Energy ), സാമഗ്രികള്‍ ( Material ), സേവനം ( Service )-യെ അടിസ്ഥാനപ്പെടുത്തിയാണ് റിസര്‍വ്വ് ബാങ്ക് ഈ കണക്കുകളിലേക്ക് എത്തിപ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആര്‍.ബി.ഐ ഡാറ്റാ സെറ്റിലെ കൂടുതല്‍ വിചിത്രമായ സംഗതി, കോവിഡ് മഹാമാരി രാജ്യത്തിന്റെ ഉത്പാദന-സേവന മേഖലകളെ ഒന്നാകെ പിടിച്ചുകൂലുക്കിയ 2020, 2021 സാമ്പത്തിക വര്‍ഷങ്ങളില്‍ യഥാക്രമം 42 ദശലക്ഷവും, 31 ദശലക്ഷവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്നതാണ്.
ആര്‍.ബി.ഐ റിപ്പോര്‍ട്ടനുസരിച്ച്, തൊഴില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്ന് 2024 സാമ്പത്തിക വര്‍ഷമാണെന്നാണ്. RBI ഡാറ്റാ സെറ്റിലെ കൂടുതല്‍ വിചിത്രമായ സംഗതി, കോവിഡ് മഹാമാരി രാജ്യത്തിന്റെ ഉത്പാദന-സേവന മേഖലകളെ ഒന്നാകെ പിടിച്ചുകൂലുക്കിയ 2020, 2021 സാമ്പത്തിക വര്‍ഷങ്ങളില്‍ യഥാക്രമം 42 ദശലക്ഷവും, 31 ദശലക്ഷവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്നതാണ്. ആഗോളതലത്തില്‍ തന്നെ വിനോദ സഞ്ചാര മേഖലകളിലടക്കം തിരിച്ചടി നേരിട്ട ഈ കാലയളവിലെ തൊഴില്‍ വര്‍ധനവ് കണക്കുകളെ റിസര്‍വ്വ് ബാങ്ക് എങ്ങിനെയാണ് ന്യായീകരിക്കുക എന്നത് കൗതുകകരമായ കാര്യമാണ്.
സി.എന്‍.ബി.സി.യിലെ ലതാ വെങ്കിടേഷ് കുറച്ചൂകൂടി ആഴത്തില്‍ ഇക്കാര്യം പരിശോധിച്ചുകൊണ്ട് ആശ്ചര്യപ്പെടുന്നത്, 2012-17 സാമ്പത്തിക വര്‍ഷങ്ങളിലെ ആറ് വര്‍ഷക്കാലയളവില്‍ സമ്പദ് വ്യവസ്ഥയിലെ മൊത്തം ജോലികള്‍ 471 ദശലക്ഷത്തിനും 473 ദശലക്ഷത്തിനും ഇടയിലാണെന്നും പിന്നീട് കോവിഡ് മഹാമാരി ആരംഭിച്ച 2020 സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ്വ് ബാങ്ക് ഡാറ്റ അനുസരിച്ച് തൊഴില്‍ ഉത്പാദനത്തില്‍ വര്‍ധനവ് കാണിക്കുന്നതായിട്ടാണ് എന്നുമാണ്.
| കോവിഡ് കാലത്ത് ഡല്‍ഹിയില്‍നിന്ന് പലായനം ചെയ്യുന്ന തൊഴിലാളികള്‍
തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ വിദഗ്ധരായവര്‍ ഇതിന് പിന്നിലെ നിജസ്ഥിതി പിരീയോഡിക്കല്‍ ലേബര്‍ഫോര്‍സ് സര്‍വ്വേ ഡാറ്റയെ അടിസ്ഥാനപ്പെടുത്തി വിശദീകരിക്കുന്നത്, കോവിഡ് കാലത്തെ തൊഴില്‍ സേനയിലെ വര്‍ധനവിന് പ്രധാന കാരണം കുടുംബ ജോലികളും ഇതര സ്വയം തൊഴിലുകളുമാണ് എന്നാണ്. വാസ്തവത്തില്‍ കോവിഡിന് ശേഷം സ്ഥിരമായ വേതനം ലഭ്യമാകുന്ന തൊഴിലുകളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചുണ്ട് എന്നത് നിഷേധിക്കാനാവാത്ത സംഗതിയാണ്.
വസ്തുതകള്‍ ഇതായിരിക്കെ സങ്കീര്‍ണ്ണമായ പല തരത്തിലുള്ള ഡാറ്റാ സെറ്റുകള്‍ ഉപയോഗിച്ച് തൊഴില്‍ വര്‍ധനവ് കാണിക്കുന്ന സ്ഥിതിവിവരക്കണക്കുകളും വര്‍ണ്ണാഭമായ ഗ്രാഫുകളും ചിത്രികീരിച്ചാല്‍ ജനങ്ങള്‍ക്കിടയിലെ തൊഴില്‍ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുകയില്ലെന്ന് റിസര്‍വ്വ് ബാങ്ക് ബുദ്ധിരാക്ഷസര്‍ മനസ്സിലാക്കിയാല്‍ നന്ന്.