ബൈഡന്റെ സ്വന്തം സയണിസം
ട്രംപ് ഭരണകൂടം ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുകയും ആഘോഷപൂര്‍വം യു.എസ് എംബസി തെല്‍ അവീവില്‍ നിന്ന് അവിടേക്ക് മാറ്റുകയും ചെയ്തു. ട്രംപിന്റെ ഈ നടപടിക്ക് കയ്യൊപ്പ് ചാര്‍ത്തുകയാണ് ബൈഡന്‍ ചെയ്തത്.
സയണിസ്റ്റാവാന്‍ ജൂതനാവേണ്ടതില്ലെന്ന് (You do not need to be a Jew to be a Zionist) യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. സ്ഥാനമേറ്റ ശേഷം മിഡിലീസ്റ്റില് നടത്തുന്ന പ്രഥമ സന്ദര്‍ശനത്തിന്റെ ഭാഗമായി ബുധനാഴ്ച അധിനിവേശ ജറൂസലമില്‍ എത്തിയപ്പോഴായിരുന്നു ബൈഡന്റെ പ്രസ്താവന.
ജൂത മതം എന്താണെന്നോ സയണിസം എന്താണെന്നോ യു.എസ് പ്രസിഡന്റിന് മനസ്സിലായിട്ടില്ല എന്ന് കരുതാനാവില്ല. ബൈഡന്‍ സയണിസ്റ്റ് പക്ഷപാതിയാണെന്നത് പുതിയ വിവരമല്ല. എന്നാല്‍ സയണിസത്തെ ജൂത മതവുമായി കൂട്ടിക്കെട്ടുന്ന അപകടകരമായ പണിയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.
ഇസ്‌ലാമിനെയും ക്രിസ്ത്യാനിറ്റിയെയും പോലെ പ്രവാചകന്മാര്‍ ആഗതരായ സെമിറ്റിക് മതമാണ് ജൂതായിസം. സയണിസമെന്ന വംശവെറിയന്‍ പ്രത്യയശാസ്ത്രവുമായി അതിനെ ഇക്വേറ്റ് ചെയ്യുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഹിന്ദു മതത്തെയും സംഘ്പരിവാര്‍ ഉയര്‍ത്തിപിടിക്കുന്ന ഹിന്ദുത്വത്തെയും ഒന്നായി കാണുന്നതിന് സമമാണ്.
നൂറ്റാണ്ടുകളായി ഫലസ്ത്വീന്‍ ജനത വസിച്ചിരുന്ന ഭൂമിയില്‍നിന്ന് അവരെ പുറത്താക്കി ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ തിയോഡര്‍ ഹെര്‍സലും അനുയായികളും 1897ല്‍ ഉണ്ടാക്കിയ വംശീയ പ്രത്യയശാസ്ത്രമാണ് സയണിസം. ജൂത മത ദര്‍ശനങ്ങളുമായി അടുത്ത ബന്ധമില്ലാതിരുന്ന ഹെര്‍സലും വെയ്‌സ്മാനും ഡേവിഡ് ബെന്‍ ഗൂറിയനുമൊക്കെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നടത്തിയ ഗൂഢപദ്ധതിക്ക് അക്കാലത്തെ സാമ്രാജ്യത്വ ശക്തികളായ ബ്രിട്ടനും അമേരിക്കയും കയ്യൊപ്പ് ചാര്‍ത്തിയതോടെയാണ് 1948ല്‍ ഫലസ്ത്വീന്‍ മണ്ണില്‍ സയണിസ്റ്റുകളുടെ ജൂത രാഷ്ട്രം സ്ഥാപിതമാകുന്നത്.
വാഗ്ദത്ത ഭൂമിയെന്ന സങ്കല്‍പത്തെ നിരാകരിക്കുന്ന നിരവധി ജൂതന്മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അള്‍ട്രാ ഓര്‍ത്തഡോക്‌സ് ജൂത ഗ്രൂപ്പുകള്‍ (നെറ്റുറോ കാര്‍ത്ത, സത്മാര്‍ ഹാസിഡിസം തുടങ്ങിയവ ഉദാഹരണം) ഫലസ്ത്വീന്‍ മണ്ണില്‍ ജൂത രാഷ്ട്രം സ്ഥാപിച്ചതിനെ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല അത് ദൈവ വിരുദ്ധ ചെയ്തിയാണെന്ന് വ്യക്തമാക്കുന്നു. ഇറാനിലെ ജൂത സമൂഹവും ഇസ്രായില്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.
ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന റബ്ബി (ജൂത പുരോഹിതന്‍) ഡേവിഡ് വെയിസ്സ് കടുത്ത സയണിസ്റ്റ് വിരുദ്ധനാണ്. വെറും നൂറു വര്‍ഷത്തിലേറെ മാത്രം പഴക്കമുള്ള, ദേശീയതയിലൂന്നിയ പ്രത്യയശാസ്ത്രം മാത്രമാണ് സയണിസമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതിനെ ജൂത മതവുമായി ബന്ധിപ്പിക്കുകയാണ്. 'എല്ലാ ജൂതന്മാരും സയണിസ്റ്റുകളും എല്ലാ സയണിസ്റ്റുകളും ജൂതന്മാരു'മാണെന്ന തെറ്റായ ധാരണകളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും സോഷ്യല്‍ ജസ്റ്റിസ് ഫോര്‍ ഫലസ്തീന്‍ എന്ന സംഘടന ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച ജ്യൂസ് എഗെയിന്‍സ്റ്റ് സയണിസം എന്ന പരിപാടിയെ അഭിസംബോധന ചെയ്യവെ ഡേവിഡ് വെയിസ്സ് ചൂണ്ടിക്കാട്ടുകയുണ്ടായി.
ബൈഡന്റെ സയണിസ്റ്റ് സ്‌നേഹം അമേരിക്കയിലെ ക്രിസ്ത്യന്‍ സയണിസ്റ്റുകളുടെ ആശയങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഫലസ്തീനികള്‍ കടുത്ത നീതി നിഷേധത്തിലൂടെ കടന്നുപോകുന്ന സമയത്ത് അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ ഇസ്രായേലിലെ വംശവെറിയന്‍ നേതാക്കള്‍ക്ക് ലഭിക്കുന്ന അംഗീകാരമായി മാത്രമേ കാണാനാവൂ.
ഇസ്രായേലിനെ ജൂത രാഷ്ട്രമായി പ്രഖ്യാപിച്ച് 2017 ജൂലൈയില്‍ കനെസെറ്റ് (പാര്‍ലമെന്റ്) പാസ്സാക്കിയ നിയമം ദൂരവ്യാപകമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് സയണിസത്തിന്റെ ചരിത്രം അറിയുന്നവര്‍ക്ക് അറിയാം. ഇസ്രായേല്‍ രാഷ്ട്ര സ്ഥാപനവുമായി ബന്ധപ്പെട്ട് യു.എന്നിനു നല്‍കിയ ഉറപ്പിനു വിരുദ്ധമായ പ്രസ്തുത നീക്കത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ അമേരിക്ക മിണ്ടിയിരുന്നില്ല.
ഫലസ്തീനികളെ ജന്മനാട്ടില്‍ നിന്ന് പുറത്താക്കി സൈനിക ശകതിയോടെ 1948ല്‍ നിലവില്‍ വന്ന ഇസ്രായേല്‍ അതിന്റെ 'സ്വാതന്ത്ര്യ പ്രഖ്യാപന'ത്തെയാണ് പുതിയ നിയമത്തിലൂടെ റദ്ദു ചെയ്തത്. ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുമെന്നും മതം, ജാതി, ലിംഗം എന്നിവക്ക് അതീതമായി തുല്യത ഉറപ്പുവരുത്തുമെന്നുമുള്ളന്ന പ്രസ്തുത പ്രഖ്യാപനം കാറ്റില്‍ പറത്തിയ നടപടിക്കെതിരെ ആദ്യം ശബ്ദിക്കേണ്ടത് ഇസ്രായേല്‍ പിറവിക്ക് പച്ചക്കൊടി കാട്ടിയ യു.എന്നും അതിനു പിന്തുണ നല്‍കിയ രാജ്യങ്ങളുമായിരുന്നു.
എണ്‍പത് ലക്ഷത്തിലേറെ വരുന്ന ഇസ്രായിലി ജനസംഖ്യയില്‍ 18 ലക്ഷത്തിലേറെ വരും അറബികള്‍. അതായത് 20 ശതമാനം. എന്നാല്‍, കാലങ്ങളായി അറബ് വംശജരെ രണ്ടാംതരക്കാരായാണ് സയണിസ്റ്റ് ഭരണകൂടങ്ങള്‍ പരിഗണിച്ചു പോന്നിരുന്നത്. ഇസ്രായേലി പൗരമാരായ ഫലസ്തീനികളോടും അധിനിവേശ പ്രദേശങ്ങളിലെ ജനങ്ങളോടും വിവേചനം കാണിക്കുന്ന 65 ലേറെ നിയമങ്ങള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട് എന്നറിയുമ്പോഴാണ് സയണിസ്റ്റ് ഭരണത്തില്‍ ജൂതന്മാരല്ലാത്തവര്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനത്തിന്റെ വ്യാപ്തി ബോധ്യപ്പെടുക.
ഇസ്രായേല്‍ ചരിത്രപരമായി ജൂതന്മാരുടെ ജന്മഭൂമിയാണെന്നും സ്വയം നിര്‍ണയാവകാശം ജൂതന്മാര്‍ക്ക് മാത്രം പരിമിതപ്പെടുമെന്നും നിയമത്തിലുണ്ട്. അധിനിവേശ ജറൂസലമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുന്ന നിയമം 1980ല്‍ തന്നെ കനെസെറ്റ് പാസ്സാക്കിയിരുന്നെങ്കിലും യു.എന്‍ പ്രമേയങ്ങളുടെ ലംഘനമായതിനാല്‍ ലോക രാജ്യങ്ങള്‍ അംഗീകരിച്ചിരുന്നില്ല.
എന്നാല്‍, ട്രംപ് ഭരണകൂടം ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുകയും ആഘോഷപൂര്‍വം യു.എസ് എംബസി തെല്‍ അവീവില്‍ നിന്ന് അവിടേക്ക് മാറ്റുകയും ചെയ്തു. ട്രംപിന്റെ ഈ നടപടിക്ക് കയ്യൊപ്പ് ചാര്‍ത്തുകയാണ് ബൈഡന്‍ ചെയ്തത്. മാത്രമല്ല, കിഴക്കന്‍ ജറൂസലമിലെ യു.എസ് കോണ്‍സുലേറ്റ് ഇസ്രായേല്‍ താല്‍പര്യ പ്രകാരം അടച്ചു പൂട്ടുകയും ഫലസ്തീന്‍ അതോറിറ്റിയുമായുള്ള ബന്ധം വിഛേദിക്കുകയും ചെയ്ത ട്രംപിന്റെ നടപടികള്‍ റദ്ദാക്കുമെന്ന പ്രഖ്യാപനവും 18 മാസം കഴിഞ്ഞിട്ടും നടപ്പായില്ല.
ജറൂസലേം നഗരം വിഭജിക്കുന്ന പ്രശ്‌നമില്ലെന്നും അത് ഇസ്രായേലിന്റെ തലസ്ഥാനമായിരിക്കുമെന്നും പുതിയ നിയമം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. 1967ലെ യുദ്ധത്തില്‍ ജോര്‍ദാനില്‍ നിന്ന് പിടിച്ചെടുക്കുകയും പിന്നീട് നിയമ വിരുദ്ധമായി ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്ത കിഴക്കന്‍ ജറൂസലേം ആസ്ഥാനമായി സ്വതന്ത്ര രാജ്യം സ്ഥാപിക്കാനുള്ള ഫലസ്തീനികളുടെ പ്രതീക്ഷ പൂര്‍ണമായി തല്ലിക്കെടുത്തുന്നതാണ് പുതിയ നിയമം. സയണിസത്തെ ആശ്ലേഷിച്ചിരിക്കുന്ന ബൈഡന്‍ ഫലസ്തീനികള്‍ക്ക് സ്വാതന്ത്ര രാജ്യം വേണമെന്നൊക്കെ പറയുന്നത് വലിയ തമാശയാണ്. തന്റെ കാലത്ത് അത് യാഥാര്‍ഥ്യമാക്കാന്‍ ബൈഡന്‍ ഒന്നും ചെയ്യില്ലെന്ന് ഫലസ്തീനികള്‍ക്കും അറിയാം.
ഇറാനെതിരെ അറബ് രാജ്യങ്ങളെയും ഇസ്രായേലിനെയും ഒരു മുന്നണിയില്‍ കൊണ്ടുവരാനും ഗള്‍ഫില്‍നിന്ന് എണ്ണയുടെ ഒഴുക്ക് വര്‍ധിപ്പിച്ചു അമേരിക്കയെ ഊര്‍ജ പ്രതിസന്ധിയില്‍നിന്ന് കര കയറ്റാനും ലക്ഷ്യമിട്ടാണ് ബൈഡന്റെ മിഡിലീസ്റ്റ് സന്ദര്‍ശനം. ഫലസ്തീന്‍ പ്രധാന അജണ്ട പോലുമല്ല.