Quantcast
MediaOne Logo

സലീന സലാവുദീൻ

Published: 12 July 2024 8:50 AM GMT

മലാല: പെണ്‍കരുത്തിന്റെ പര്യായം

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിലൂടെ ലോകശ്രദ്ധ നേടിയ, ധീരതയുടെയും സമാധാനത്തിന്റെയും പ്രതീകമായ മലാല യൂസഫ് സായിയുടെ ജന്മദിനമാണ് ജൂലൈ 12.

ജൂലൈ 12: അന്താരാഷ്ട്ര മലാല ദിനം
X

പെണ്‍കരുത്തിന്റെ പര്യായമായി ലോകം വാഴ്ത്തുന്ന മലാല യൂസഫ് സായ് ലോകത്തെ അനേകായിരം പെണ്‍കുട്ടികള്‍ക്ക് എന്നും ധൈര്യം പകരുന്ന ഒരു പാഠപുസ്തകം കൂടിയാണ്. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ശബ്ദിച്ച നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായിയുടെ ജന്മദിനമായ ഇന്ന് ലോക മലാലദിനമായി ആചരിക്കുന്നു.

1997 ജൂലൈ 12ന് പാകിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തകനും കവിയുമായ സിയാവുദ്ദീന്‍ യൂസഫ് സായിയുടെയും മാതാവ് ടൂര്‍ പെകൈ യൂസഫ് സായിയുടെയും മകളായി പഷ്തൂണ്‍ കുടുംബത്തിലാണ് മലാല യൂസഫ് സായ് ജനിച്ചത്. പഷ്തൂണ്‍ കവിയും പോരാളിയുമായ മലാലായി ഓഫ് മായിവന്ദിനോടുള്ള ഇഷ്ടമാണ് മലാലയ്ക്ക് പിതാവ് ആ പേരിടാന്‍ കാരണം.

2008 സെപ്റ്റംബറിലാണ് വിദ്യാഭ്യാസ അവകാശത്തെ കുറിച്ച് മലാല പൊതുവേദിയില്‍ ആദ്യമായി സംസാരിച്ചു തുടങ്ങിയത്. പെണ്‍കുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്ന താലിബാനെതിരെ സംസാരിക്കാന്‍ പെഷവാറിലെ പ്രസ്സ് ക്ലബ്ബില്‍ അവളെ കൊണ്ടുപോയത് അവളുടെ പിതാവായിരുന്നു.

2007 ഒടുവിലാണ് സ്വാത് ജില്ലയുടെ നിയന്ത്രണത്തിനു വേണ്ടി പാകിസ്താനും താലിബാനും യുദ്ധം തുടങ്ങിയത്. ഒന്നാം സ്വാത് യുദ്ധം എന്നാണ് ഇത് അറിയപ്പെടുന്നത്. സ്വാത്തിന്റെ നിയന്ത്രണം കൈക്കലാക്കിയ താലിബാന്‍ സ്വാത് വാലിയില്‍ ടെലിവിഷനും സംഗീതവും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും നിരോധിച്ചു. സ്ത്രീകള്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നത് വരെ വിലക്കി. 2008 സെപ്റ്റംബറിലാണ് വിദ്യാഭ്യാസ അവകാശത്തെ കുറിച്ച് മലാല പൊതുവേദിയില്‍ ആദ്യമായി സംസാരിച്ചു തുടങ്ങിയത്. പെണ്‍കുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്ന താലിബാനെതിരെ സംസാരിക്കാന്‍ പെഷവാറിലെ പ്രസ്സ് ക്ലബ്ബില്‍ അവളെ കൊണ്ടുപോയത് അവളുടെ പിതാവായിരുന്നു.

2009-ന്റെ തുടക്കത്തില്‍ ബി.ബി.സിയുടെ ഉറുദു വിഭാഗം മലാലയുടെ പിതാവ് സിയാവുദ്ദീനെ സമീപിച്ചു. അദ്ദേഹത്തിന്റെ സ്‌കൂളിലെ ഏതെങ്കിലും കുട്ടിയെ കൊണ്ട് താലിബാന്‍ നിയന്ത്രണത്തിലെ സ്വാത്തിനെ പറ്റി എഴുതിക്കാമോ എന്ന് ചോദിച്ചു. അങ്ങിനെയാണ് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും താലിബാനികള്‍ വിദ്യാഭ്യാസം നിഷേധിച്ചതിനെ എതിര്‍പ്പു പ്രകടിപ്പിച്ചു കൊണ്ട് 2009-ല്‍ പതിനൊന്നു വയസ്സുള്ളപ്പോള്‍ ബി.ബി.സിക്കു വേണ്ടി ഉറുദു സൈറ്റില്‍ 'ഗുല്‍ മകായി' എന്ന പേരു ഉപയോഗിച്ച് മലാല തന്റെ അനുഭവങ്ങള്‍ എഴുതാന്‍ തുടങ്ങിയത്.

2009 ജനുവരി 3-ന് ബി.ബി.സി ഉറുദു ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ട മലാലയുടെ ആദ്യ ബ്ലോഗ് അവളെ പ്രശസ്തയാക്കി. നോട്ട് കൈ കൊണ്ടെഴുതി ഒരു റിപ്പോര്‍ട്ടര്‍ക്ക് കൈമാറുകയാണ് മലാല ചെയ്തിരുന്നത്. അദ്ദേഹം അത് സ്‌കാന്‍ ചെയ്ത് മെയില്‍ ചെയ്യുകയായിരുന്നു. പിന്നീട് പല പുരസ്‌കാരങ്ങള്‍ക്കും നാമനിര്‍ദേശം ചെയ്യപ്പെട്ട മലാല പാകിസ്താന്റെ ആദ്യത്തെ ദേശീയ സമാധാന പുരസ്‌കാരവും നേടി.

2012 ഒക്ടോബര്‍ 9ന് പാകിസ്ഥാന്‍ താലിബാന്‍ എന്നറിയപ്പെടുന്ന ടി.ടി.പി തോക്കുധാരികള്‍ 15 വയസ്സുള്ള മലാലയെ സ്‌കൂള്‍ ബസില്‍ കയറി വെടിവച്ചപ്പോള്‍, തലക്കും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ അവളെ പാകിസ്ഥാനിലെ പെഷവാറില്‍ നിന്നും ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്‍കി.

മലാലയ്ക്കു വെടിയേറ്റതോടെ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കാന്‍ തുടങ്ങി. പാകിസ്താനിലെ കുട്ടികള്‍ ഉണര്‍ന്നു. ഒക്ടോബര്‍ 12-ന് പാകിസ്താനിലെ 50 ഇസ്‌ലാമിക പണ്ഡിതര്‍ ചേര്‍ന്ന് മലാലയെ ആക്രമിച്ച താലിബാന്‍ കൊലയാളികള്‍ക്കെതിരെ ഫത്വ പുറപ്പെടുവിച്ചു. ആക്രമികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാക്ക് അധികൃതര്‍ ഒരു കോടി രൂപ സമ്മാനമായി പ്രഖ്യാപിച്ചു.

മലാലയ്ക്ക് വെടിയേറ്റ ദിവസം ലോസ് ആഞ്ചെലെസില്‍ നടന്ന സംഗീത പരിപാടിയില്‍ പാടിയ 'ഹ്യൂമന്‍ നാച്വര്‍' എന്ന പാട്ട് അവള്‍ക്ക് സമര്‍പ്പിച്ചാണ് പോപ്പ് ഗായിക മഡോണ പ്രതികരിച്ചത്. ഹോളിവുഡ് താരം ആഞ്ജലീന ജോളി മലാല സംഭവത്തെ കുറിച്ച് ലേഖനമെഴുതി.

പാകിസ്താനിലേയും അഫ്ഗാനിസ്ഥാനിലേയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ജോളിയും മാധ്യമ പ്രവര്‍ത്തകയായ ടിന ബ്രൗണും 'വിമന്‍ ഇന്‍ ദി വേള്‍ഡ് ഫൗണ്ടേഷന്‍' എന്ന സംഘടനയിലൂടെ ധന സമാഹരണവും തുടങ്ങി. യു.എസ് മുന്‍ പ്രഥമ വനിത ലോറ ബുഷ് 'വാഷിങ്ടണ്‍ പോസ്റ്റ്' പത്രത്തില്‍ മലാലയെ ആന്‍ ഫ്രാങ്കുമായി താരതമ്യപ്പെടുത്തി ലേഖനങ്ങളെഴുതി. യു.എസ്. പ്രസിഡന്റ് ബറാക്ക് ഒബാമ, വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍, യു.എന്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ എന്നിവരെല്ലാം മലാലയ്ക്കു നേരെയുണ്ടായ അക്രമണത്തെ അപലപിച്ചു.


മലാലയ്ക്ക് വെടിയേറ്റ് ദിവസങ്ങള്‍ക്കകം അവളുടെ ഡയറി കുറിപ്പുകള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. 'മലാല യൂസുഫ് സായി: ഒരു പാകിസ്താന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ജീവിത കുറിപ്പുകള്‍' എന്നാണ് പുസ്തകത്തിന്റെ പേര്.

ചികിത്സയ്ക്കു ശേഷം, മലാലയുടെ കുടുംബം ഇംഗ്ലണ്ടില്‍ സ്ഥിരതാമസം തുടര്‍ന്നു. അവര്‍ക്ക് വലിയ പിന്തുണയും അംഗീകാരവും ലഭിച്ചു. ഇംഗ്ലണ്ടില്‍ പഠനം തുടര്‍ന്ന മലാല വെടിയേറ്റതിന് ശേഷം ആദ്യമായി തന്റെ 16-ാമത്തെ ജന്മദിനമായ 2013 ജൂലൈ 12 ന് ഐക്യരാഷ്ട്രസഭയില്‍ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. അതോടൊപ്പം ധീരതയുടെയും സമാധനത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമായ മലാലയുടെ ജന്മദിനമായ ജൂലൈ 12 മലാല ദിനമായി 2013 ല്‍ ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചു. അന്നു മുതല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു തടസ്സങ്ങള്‍ നേരിടുന്ന രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണു മലാലയുടെ പിറന്നാളാഘോഷം.

2013-ല്‍, മലാലയും ബ്രിട്ടീഷ് പത്ര പ്രവര്‍ത്തക ക്രിസ്റ്റീന ലാംബും ചേര്‍ന്നെഴുതിയ മലാലയുടെ ജീവചരിത്ര കൃതിയായ 'ഞാന്‍ മലാല' (I Am Malala: The Girl Who Stood Up for Education and Was Shot by the Taliban) എന്ന പുസ്തകവും പുറത്തിറങ്ങി. കുട്ടികളുടെയും സ്ത്രീകളുടേയും അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടങ്ങളെ മാനിച്ച്2014-ല്‍ 17-ാമത്തെ വയസ്സില്‍, മലാല സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും നേടി. ഈ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന വിശേഷണവും അവര്‍ക്കു ലഭിച്ചു.


സമാധാനത്തിനായി അര്‍പ്പിച്ച സേവനങ്ങള്‍ക്കു നോബൽ സമ്മാനം നേടിയതിന് പിന്നാലെ അവർ ജന്മദേശമായ പാകിസ്ഥാനില്‍ അറിയപ്പെടുന്ന ഒരു വ്യക്തിയാവുകയും ചെയ്തു. വിദ്യാഭ്യാസത്തിനും സാമൂഹിക നീതിക്കും വേണ്ടി മലാല ഫണ്ട് എന്ന സംഘടന വഴി, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി അവര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. മലാല ഫണ്ട് മലാലയുടെ പ്രാധാന്യം ഉയരുന്നതിനൊപ്പം, അവര്‍ക്ക് അനവധി അവസരങ്ങളും ലഭിച്ചു. മലാല ഫണ്ട് സ്ഥാപിച്ചുവെന്നത് അവര്‍ക്കും അവരുടെ അച്ഛന്‍ സിയാവുദ്ദീന്‍ യൂസഫ് സായിക്കും ഒരു വലിയ മുന്നേറ്റമായിരുന്നു.

മലാല ഫണ്ട് ഉപയോഗിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും സ്ത്രീകളുടെ അവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി പാകിസ്ഥാനിലും, ഇന്ത്യയിലും, സിറിയയിലും, നൈജീരിയയിലും, ബ്രസീലിലും, അഫ്ഗാനിസ്ഥാനിലും തുടങ്ങിയ രാജ്യങ്ങളില്‍ അവര്‍ ഇപ്പോഴും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

മലാല യൂസഫ് സായി സ്വന്തം ജീവിതവും അനുഭവങ്ങളും വലിയ മുന്നേറ്റത്തിനും പ്രചാരണത്തിനും ഉപയോഗിച്ച ഒരു വ്യക്തിയാണ്. താലിബാന്റെ ആക്രമണത്തിന് ശേഷം, മലാലയുടെ കഥ പ്രപഞ്ചമെമ്പാടും പ്രചാരം നേടിയതോടെ, പല രാജ്യങ്ങളിലും അവര്‍ക്ക് അവരുടെ സന്ദേശം പകരാന്‍ അവസരങ്ങള്‍ ലഭിച്ചു.

മലാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അവാര്‍ഡുകളും അന്താരാഷ്ട്ര അംഗീകാരങ്ങളും ലഭിച്ചു. അവര്‍ക്ക് സഖാരോവ് പ്രൈസ് (Sakharov Prize for Freedom of Thought), സിമണ്‍ ദി ബോവോയ് പുരസ്‌കാരം (Simone de Beauvoir Prize), അമേരിക്കന്‍ ലൈബ്രറി അസോസിയേഷന്‍ അവാര്‍ഡ് (ALA's Outstanding Books for the College Bound and Lifelong Learners), മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് അവാര്‍ഡ് (Martin Luther King Jr. Award) എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു.

ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളിലും പ്രസിദ്ധീകരണങ്ങളിലും തന്റെ പ്രഭാഷണങ്ങളും ചിന്തകളും നടത്തുന്ന അവളുടെ 'I Am Malala' പുസ്തകം നിരവധി ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 'We Are Displaced' എന്ന മറ്റൊരു പുസ്തകവും മലാലയുടെ എഴുത്തിന്റെ ഭാഗമാണ്. 2020-ല്‍, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പി.സി.പി (Philosophy, Politics and Economics) ബിരുദം നേടിയ മലാല പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്ന ആവശ്യത്തില്‍ അടിയുറച്ചുള്ള പ്രവര്‍ത്തനം തുടരുന്നു. 2021 നവംബറില്‍, പാകിസ്ഥാന്‍ ക്രിക്കറ്റ് ഗവേണിംഗ് ബോഡിയിലെ മാനേജരായ അസര്‍ മാലിക്കിനെ വിവാഹം ചെയ്ത മലാല തന്റെ വ്യക്തിഗത ജീവിതവും, സാമൂഹിക പ്രവര്‍ത്തനവും ഒരു സമന്വയത്തോടെ ഇപ്പോഴും മുന്നോട്ട് കൊണ്ടു പോകുന്നു.


സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മലാല നടത്തുന്ന പോരാട്ടങ്ങള്‍ എത്ര പ്രശംസിച്ചാലും മതിയാകില്ല. ധീര വനിതയുടെ വരും കാല പോരാട്ടങ്ങള്‍ വിജയിക്കുക തന്നെ ചെയ്യും. എല്ലാ പെണ്‍കുട്ടികള്‍ക്കും പഠിക്കാനും വളരാനും കഴിയുന്ന ഒരു ലോകം സൃഷ്ടിക്കുക എന്ന ആഗ്രഹത്തോടെ അവര്‍ ഇപ്പോഴും ഇംഗ്ലണ്ടിലാണ് താമസിക്കുന്നത്.

ഒരു കുട്ടിക്കും ഒരു അധ്യാപകനും ഒരു പേനയ്ക്കും ഒരു പുസ്തകത്തിനും ലോകത്തെ മാറ്റാനാകും എന്ന് പറഞ്ഞ മലാല യൂസഫ് സായി എന്ന 27 വയസ്സുള്ള പെണ്‍കുട്ടിയെ ലോകം എന്നും ഓര്‍ത്തിരിക്കട്ടെ. ആയുസ്സും ആരോഗ്യവും നല്‍കി ലോകത്തിന് വെളിച്ചമാകട്ടെ!



TAGS :