Quantcast
MediaOne Logo

കെ.എ ഷാജി

Published: 18 April 2022 7:00 AM GMT

നാടൻ പശുക്കളുടെ സംരക്ഷണത്തിലെ ശോശാമ്മ മാതൃക

തലതിരിഞ്ഞ സർക്കാർ നയങ്ങളാൽ അന്യം നിന്നുപോയ വെച്ചൂർ പശു എന്ന നാടൻ ഇനത്തെ ശ്രമകരമായ അന്വേഷണങ്ങളിലൂടെ കണ്ടെത്തി അവയുടെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട വെറ്ററിനറി പ്രൊഫസറും മൃഗസംരക്ഷകയുമായ ശോശാമ്മ ഐപ് ആണ് ഈ വർഷത്തെ പദ്മശ്രീ പുരസ്കാരം നല്‍കി ഇന്ത്യ ആദരിച്ചവരില്‍ ഒരാൾ.

നാടൻ പശുക്കളുടെ സംരക്ഷണത്തിലെ ശോശാമ്മ മാതൃക
X
Listen to this Article

ആയിരത്തി തൊള്ളായിരത്തി എൺപതുകളിലെ ആ രാത്രി ഇന്നും ശോശാമ്മ ഐപ്പിന്റെ ഓർമകളിൽ സജീവമാണ്. അതേവരെ വംശനാശം വന്ന്‌ കുറ്റിയറ്റ്‌ പോയതായി സർക്കാർ ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്ന വെച്ചൂർ പശുവിനെ കണ്ടെത്തിയ വിവരം അറിഞ്ഞ രാത്രിക്ക് ഇപ്പോൾ നാലു പതിറ്റാണ്ടുകളുടെ പ്രായം.


അന്നവർ മണ്ണൂത്തിയിലെ വെറ്റിനറി കൊളേജിൽ അധ്യാപികയായിരുന്നു. ആ ദിവസം പാതിരാത്രി കഴിഞ്ഞ സമയത്ത് അവരുടെ വിദ്യാർത്ഥി അനിൽ സക്കറിയ മണ്ണുത്തിയിലെ വീടിന്റെ മതിൽ ചാടിക്കടന്നുവന്ന് വാതിലിൽ മുട്ടി. അധ്യാപികയുടെ പ്രേരണയിൽ നീണ്ട അന്വേഷണത്തിലായിരുന്ന താൻ വെച്ചൂർ പശുവിനെ ഒടുവിൽ കണ്ടെത്തിയ വിവരം അറിയിച്ചു. അന്നത്തെ സർക്കാർ ഔദ്യോഗിക വാദമനുസരിച്ച് വെച്ചൂർ പശുക്കൾ ഭൂമിയിൽ ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞപ്പോൾ ശോശാമ്മയ്ക്കുണ്ടായ സന്തോഷം അങ്ങേയറ്റത്തേതായിരുന്നു.

"അന്ന് നല്ല മഴയുണ്ടായിരുന്നു, ഗേറ്റ് അകത്തുനിന്ന് പൂട്ടിയിരുന്നു. പവർ കട്ട് ആയിരുന്നതുകൊണ്ട് കോളിങ് ബെല്ലും പ്രവർത്തിച്ചിരുന്നില്ല. ഞങ്ങളത്രയും നാൾ കാത്തിരുന്ന ആ വലിയ വാർത്തയറിയിക്കാൻ വീടിന്റെ മതിൽ ചാടിയാണ് അനിൽ സക്കറിയ വന്നത്" ശോശാമ്മ ഓർക്കുന്നു.

"സാധാരണയായി ഒരു മീറ്റർ നീളവും 90 സെന്റിമീറ്റർ ഉയരവും ഉണ്ടാകുന്ന വെച്ചൂർ പശുക്കൾക്ക് വലിയ അളവിൽ ഭക്ഷണം ആവശ്യമില്ല, അധിക ശ്രദ്ധയോടെയുള്ള പരിചരണവും വേണ്ട. പാലിൽ കൊഴുപ്പ് അധികമുണ്ടാകും. ചൂടിനോട് പ്രശ്‌നമില്ലാത്ത ശരീരപ്രകൃതിയാണ്, കുളമ്പുരോഗം പോലുള്ള പല രോഗങ്ങളും വരാറില്ല," വെച്ചൂർ പശുക്കളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന ക്ലാസുകളിൽ ശോശാമ്മ വിശദീകരിക്കുമായിരുന്നു. കോട്ടയം ജില്ലയിലെ വെച്ചൂരിനടുത്ത് നിരണം എന്ന ഗ്രാമമാണ് ശോശാമ്മയുടെ സ്വദേശം. വെച്ചൂർ പശുക്കളുടെ ഉറവി‌ടമാണ് അയൽപക്കത്തെ വെച്ചൂർ ഗ്രാമം.

കൂടുതൽ പാലുൽപാദിപ്പിക്കുന്ന സങ്കരയിനം പശുക്കൾ മാത്രമേ ഇനിയാവശ്യമുള്ളൂ എന്ന സർക്കാർ വക പ്രചാരണം കാരണം നിർബന്ധിത വംശനാശ ഭീഷണി നേരിട്ട ഇനമാണ് വെച്ചൂർ പശു.

കേരള കാർഷിക സർവ്വകലാശാലയിലെ ജെനറ്റിക്‌സ് ആൻഡ് ബ്രീഡിങ് ഡിപാർട്ട്‌മെന്റ് മേധാവിയായിരുന്ന ശോശാമ്മ ജോലി ചെയ്തിരുന്ന കാലത്ത് ഇന്നത്തെ വെറ്റിനറി സർവകലാശാല പഴയ മണ്ണുത്തി വെറ്റിനറി കൊളേജ് ആയിരുന്നു.

കുട്ടിക്കാലത്ത് വെച്ചൂർ പശുവിന്റെ പാൽ ആസ്വദിച്ചുകുടിച്ചതിന്റെ രുചി ശോശാമ്മയുടെ പ്രിയപ്പെട്ട ഓർമയാണ്. ആ ഓർമ്മകളിലൂടെ ശോശാമ്മ സഞ്ചരിച്ചപ്പോൾ അത് കേട്ടിരുന്ന വിദ്യാർത്ഥികളും കൂടെ സഞ്ചരിച്ചു. എന്നിട്ടവർ കൂട്ടായി ഒരു തീരുമാനം എടുത്തു. ഈ പശുക്കളെ നമ്മൾ കണ്ടെത്തി ഭാവി തലമുറകൾക്കായി സംരക്ഷിക്കും.

വെച്ചൂർ പശുക്കൾ ലോകത്തിലെ തന്നെ ചെറിയ ഇനം പശുക്കളാണ്, വലിയ അളവിൽ പാൽ ഉൽപാദിപ്പിക്കുന്ന സങ്കരയിനം പശുക്കളെ മാത്രം പ്രചരിപ്പിക്കുന്ന സർക്കാർ നയം വെച്ചൂർ പശുക്കളുടെ നിലനിൽപിന് ഭീഷണിയായി. ബാക്കിയുള്ള വെച്ചൂർ പശുക്കളെ കണ്ടുപിടിച്ച് അവയെ ശാസ്ത്രീയമായി സംരക്ഷിക്കണമെന്ന സ്വപ്‌നം ക്ലാസിൽ പങ്കുവെച്ചപ്പോൾ പന്ത്രണ്ടു വിദ്യാർത്ഥികൾ അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് ശോശാമ്മയോടൊപ്പം ചേർന്നു. വെച്ചൂരിലും അയൽഗ്രാമങ്ങളിലുമുള്ള വെച്ചൂർ പശുക്കളെ കണ്ടെത്താൻ അവർ ഒരുങ്ങിയിറങ്ങി.

വെച്ചൂർ പശുവിനെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ശോശാമ്മ ഐപും അവരുടെ വിദ്യാർത്ഥികളും ബയോ പൈറസി, ജനിതക മോഷണംതുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ നേരിട്ടു. പക്ഷേ വരുംവർഷങ്ങളിൽ നടന്ന അന്വേഷണങ്ങളിൽ ആരോപണങ്ങൾ സത്യമല്ലെന്ന് തെളിഞ്ഞു.

ഓരോ വീടുകളിലായി കയറിയിറങ്ങിയുള്ള അവരുടെ അന്വേഷണം മാസങ്ങളോളം നീണ്ടു. വെച്ചൂരിനടുത്തുള്ള ഉള്ളാല എന്ന ഗ്രാമത്തിൽ, സക്കറിയയാണ് ഒരു വെച്ചൂർ പശുവിനെ കണ്ടെത്തുന്നത്. തുടർന്ന് ശോശാമ്മയും സംഘവും അന്വേഷണം ഊർജ്ജിതമാക്കി. ആറുമാസത്തിനുള്ളിൽ അവർക്ക് ഇരുപത്തിയൊമ്പത് വെച്ചൂർ പശുക്കളെ കണ്ടെത്താൻ കഴിഞ്ഞു.

ഈ പശുക്കളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾ ഉടമകളുമായി സംസാരിച്ചു. ഉടമകൾക്ക് സാമ്പത്തികമായി നഷ്ടപരിഹാരം നൽകിയ ശേഷം വെറ്ററിനറി കൊളേജിലെ ജെനറ്റിക് ആൻഡ് ബ്രീഡിങ് ഡിപാർട്ട്‌മെന്റിന്റെ തൊഴുത്തിലേക്ക് ഈ പശുക്കളെ കൊണ്ടുവന്നു,. പശുക്കളെല്ലാം നാടൻ വെച്ചൂർ പശുക്കൾ തന്നെയെന്ന് പരിശോധിച്ച് ഉറപ്പാക്കി. വെച്ചൂർ കാളകളും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. പ്രജനനം അങ്ങനെ സാധ്യമായി.

വെച്ചൂർ ഗ്രാമത്തിന്റെ സമീപപ്രദേശങ്ങളിൽനിന്ന് വെച്ചൂർ പശുക്കളെ തെരഞ്ഞെടുക്കാൻ അവരുടെ ചരിത്രവും ശരീരപ്രകൃതിയുമാണ് മാനദണ്ഡമാക്കിയതെന്ന് സക്കറിയ പറയുന്നു. ലോകമെങ്ങും ബ്രീഡർമാർ സ്വീകരിക്കുന്ന രീതികളാണിവ.

വെച്ചൂർ പശു സംരക്ഷണത്തിനായി ശോശാമ്മ ഐപ് തുടക്കമിട്ട സമാനതകളില്ലാത്ത ഈ മുന്നേറ്റം ഇന്ത്യയിലെ നാടൻ കാലി ഇനങ്ങളുടെ സംരക്ഷണത്തിനായുള്ള മറ്റു നീക്കങ്ങൾക്ക് പ്രചോദനമായി. രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി പാലിനും ചാണകത്തിനും വേണ്ടി വെച്ചൂർ പശുക്കളെ വളർത്തുന്നുണ്ട്. കേരളത്തിനു പുറത്ത് വിവിധ സംസ്ഥാനങ്ങളിൽ പല ഫാമുകളിലും വെച്ചൂർ പശുക്കളുണ്ട്. നാടൻ ഇനങ്ങളെ സംരക്ഷിക്കുന്നതിൽ താൽപര്യമുള്ളവരും വെച്ചൂർ പശുക്കളെ വളർത്തുന്നു. കാർഷിക സർവ്വകലാശാല തന്നെയാണ് കാലികളെ വിവിധ ഭാഗങ്ങളിലേക്ക് അയക്കുന്നത്.

ശത്രുതയും എതിർപ്പും ആരോപണങ്ങളും

നാടൻ ഇനങ്ങളെ സംരക്ഷിക്കാൻ ശോശാമ്മ ഐപിനെപ്പോലെ മുന്നിട്ടിറങ്ങുന്നവർ നിരവധിയാണ്. ജൈവസംരക്ഷണ മുന്നേറ്റത്തിന് തുടക്കമിടുന്നവർക്കുള്ള അംഗീകാരമാണ് ശോശാമ്മ ഐപ് നേടിയ പദ്മശ്രീ അവാർഡ്. ഈ യാത്ര ശോശാമ്മ ഐപിനെ 'പദ്മശ്രീ'യിൽ എത്തിച്ചെങ്കിലും വഴിയിൽ നേരിടേണ്ടിവന്നത് ഔദ്യോഗിക ശത്രുതയും എതിർപ്രചരണങ്ങളും സ്വഭാവഹത്യ ചെയ്യാനുള്ള സംഘടിത ശ്രമങ്ങളുമാണ്.


വെച്ചൂർ പശുവിന്റെ സംരക്ഷണം തുടക്കത്തിൽ പ്രഖ്യാപിതമായൊരു മുന്നേറ്റമായിരുന്നില്ല, ശോശാമ്മ ഐപ് നിശ്ശബ്ദയായിരുന്ന ഈ പ്രവർത്തനങ്ങളെക്കുറിച്ച് 1997 സെപ്തംബറിൽ വന്ന വാർത്തകൾക്കുപിന്നിൽ അനുകൂല കാരണങ്ങളായിരുന്നില്ല. നാടൻ ഇനം കാലികളെ സംരക്ഷിക്കുന്നു എന്നതിന്റെ മറവിൽ ശോശാമ്മ ഐപ് ജനിതക മോഷണം നടത്തുകയാണ് എന്ന് ഒരു പ്രമുഖ പരിസ്ഥിതി ആക്റ്റിവിസ്റ്റ് ഒരു ദേശീയ ജേണലിൽ ലേഖനമെഴുതി. വെച്ചൂർ പശുവിന്റെ ജീനുകളുടെ പേറ്റന്റെടുക്കാൻ ശോശാമ്മ ഐപ് യുകെ ഈഡിൻബർഗിലെ റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിനെ സഹായിക്കുകയാണ് ചെയ്യുന്നതെന്ന് ഈ ലേഖനത്തിലൂടെ ആരോപിച്ചു. ഈ ആരോപണത്തിന്റെ പേരിൽ ശോശാമ്മ നേരിട്ട അന്വേഷണങ്ങളും മാധ്യമവിചാരണകളും ചെറുതല്ല. സ്വന്തം ബന്ധുക്കളും സുഹൃത്തുക്കളുംവരെ ശോശാമ്മയുടെ വിശ്വാസ്യതയെ സംശയിച്ചു. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ഈ ആരോപണങ്ങൾക്കുമേൽ നടന്ന അന്വേഷണങ്ങൾ അവരെ കുറ്റവിമുക്തയാക്കി.

"വെച്ചൂർ പശുവിന്റെ പേറ്റന്റ് ആരും സ്വന്തമാക്കിയിട്ടില്ല, ഈ വിവാദം സംഘടിതമായ ഒരു നുണയ്ക്കുപിന്നാലെ ഉണ്ടായതാണ്," ശോശാമ്മ പറയുന്നു. "വെച്ചൂർ പശുവിന്റെ പാലിലെ കൊഴുപ്പ് കുഞ്ഞുങ്ങൾക്കും രോഗമുക്തി നേടുന്നവർക്കും എളുപ്പം ദഹിക്കുന്നതാണ്. 1993ൽ, ഞങ്ങൾ കൊണ്ടുവന്ന വെച്ചൂർ പശുക്കളിൽ ചിലതിനെ നിഗൂഢ സാഹചര്യങ്ങളിൽ മരിച്ചതായി കണ്ടെത്തി. ജൈവമോഷണ വിവാദത്തോടൊപ്പം കാർഷിക കൊളേജിനുള്ളിൽനിന്നു നേരിട്ട പകയാണ് പന്ത്രണ്ട് പശുക്കളുടെ ജീവനെടുത്തത്, വിഷം ഉള്ളിൽച്ചെന്നാണ് മരണമുണ്ടായതെന്നാണ് കരുതുന്നത്," ഐപ് പറയുന്നു.

"പോസ്റ്റ്‌മോർട്ടം പോലും നടത്താതെ അവർ പറഞ്ഞു, പാമ്പുകടിച്ച് വിഷംകയറി മരിച്ചതാണെന്ന്. സർവ്വകലാശാലയുടെ പരിധിക്ക് പുറത്തുള്ള വെറ്ററിനറി ഹോസ്പിറ്റലിൽനിന്ന് പോസ്റ്റ്‌മോർട്ടം നടത്തണമെന്ന നമ്മുടെ ആവശ്യം അവർ പരിഗണിച്ചില്ല. തുടക്കത്തിൽ നമ്മുടെ ശ്രമങ്ങൾക്കെതിരെ വന്ന ആക്രമണങ്ങൾ അത്രയും തീവ്രമായിരുന്നു" ശോശാമ്മ പറഞ്ഞു. സംരക്ഷണ ദൗത്യത്തോടുള്ള ശാസ്ത്ര സമൂഹത്തിന്റെയും പൊതുജനങ്ങളുടെയും പിന്തുണകൊണ്ടുമാത്രമാണ് സ്വന്തം ജീവൻ സുരക്ഷിതമാക്കാനും പശുക്കളുടെ ജീവൻ ഉറപ്പാക്കാനും കഴിഞ്ഞതെന്നും ശോശാമ്മ ഓർക്കുന്നു.

വെച്ചൂർ പശുവിന്റെ സംരക്ഷണ പരീക്ഷണം രാജ്യമെങ്ങുമുള്ള വെറ്ററിനറി വിദഗ്ധരെയും സ്ഥാപനങ്ങളെയും വംശനാശത്തിന്റെ വക്കിൽ നിൽക്കുന്ന 28 ഇനം നാടൻ കന്നുകാലികളുടെ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങാൻ പ്രേരിപ്പിച്ചു. സിക്കിമിലെ കുറിയ കാലുകളുള്ള സിറി പശു, രാജസ്ഥാൻ ഥാർ മരുഭൂമിയിലെ ഥാർപർകാർ എന്നയിനവും അവയിൽപ്പെടും. സർക്കാരുകളുടെ നയത്തിലും മാറ്റം വന്നു.

എതിർപ്രചരണങ്ങൾ ഉണ്ടായപ്പോഴും വെച്ചൂർ പശു സംരക്ഷണത്തിന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്ചിന്റെ പിന്തുയുണ്ടായിരുന്നു. റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിന് യുകെയിൽനിന്നോ മറ്റുരാജ്യങ്ങളിൽ നിന്നോ ഡിഎൻഎ സംഭരിക്കാനുള്ള പദ്ധതിയില്ലെന്ന ശോശാമ്മയുടെ വാദം അഗ്രികൾച്ചറൽ റിസർച്ച് കൗൺസിൽ അംഗീകരിച്ചു.

"നമ്മുടെ വിദ്യാർത്ഥികൾ പരിശീലനത്തിനായി റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പോകാറുണ്ട്. ആക്റ്റിവിസ്റ്റ് ആരോപിച്ചതുപോലെ ഞാനിതുവരെ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചിട്ടില്ല. എന്റെ ശ്രമങ്ങളെ രാജ്യം അംഗീകരിക്കുന്നതിൽ സന്തോഷമുണ്ട്. വെച്ചൂർ പശുവിന്റെ സംരക്ഷണം ഇന്ത്യയിലുള്ള മറ്റ് ഇരുപത്തിയെട്ടിനം നാടൻ കാലികളുടെ സംരക്ഷണത്തിന് മുന്നോടിയായി മാറി. ഇവയെല്ലാം വംശനാശത്തിന്റെ വക്കിലെത്തിയവയായിരുന്നു," ശോശാമ്മ പറഞ്ഞു. രാജ്യമെങ്ങും യാത്ര ചെയ്ത് കർഷകരുമായി ഇടപെട്ട്, നാടൻ ഇനങ്ങളെ സംരക്ഷിക്കുന്നവർക്ക് ഊർജ്ജമാവുകയും ചെയ്യുന്ന ശോശാമ്മ ഐപിന്റെ പ്രവർത്തനങ്ങൾക്ക് ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധ പുലർത്താൻ ഇൻസ്റ്റിറ്റ്യൂട്ടുകളെ പ്രേരിപ്പിക്കാനും കഴിയുന്നുണ്ട്.

നാടന്‍ പശു ഇനങ്ങളുടെ സംരക്ഷണം

പാലുൽപാദനത്തിന്റെ ധവള വിപ്ലവവും അമ്പതുകളിലെ സർക്കാർ ക്രോസ് ബ്രീഡിങ്ങിന് കൊടുത്ത അധിക പരിഗണനയും നാടൻ പശു ഇനങ്ങളെ തുടച്ചുനീക്കാൻ കാരണമായെന്ന് വെറ്ററിനറി ഡോക്ടർ സക്കറിയ പറയുന്നു. 1961ൽ പാസാക്കിയ ലൈവ്‌സ്‌റ്റോക് ഇംപ്രൂവ്‌മെന്റ് ആക്റ്റ് നാടൻ കാലികളെ വളർത്തുന്നത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു.


സംസ്ഥാനത്തെങ്ങും വ്യാപകമായി വിദേശിയിനം കാളകളെക്കൊണ്ട് വെച്ചൂർ പശുക്കളിൽ ബീജസങ്കലനം നടത്തുകയുമുണ്ടായി. ബാക്കിയായ നാടൻ വെച്ചൂർ കാലികൾ, കർശനനിരോധനത്തിനിടയിലും നാടൻ ഇനങ്ങളിൽ വിശ്വസിച്ച കുറച്ചു കർഷകരുടെ ധീരതയുടെ അടയാളമാണ്. പശുസംരക്ഷണത്തിന്റെ തുടക്കകാലത്ത് മണ്ണുത്തിയിലേക്ക് കൊണ്ടുവന്ന വെച്ചൂർ പശുക്കളൊന്നും തനിനാടൻ അല്ലെന്നും സങ്കരവർഗമാണെന്നും ശത്രുക്കൾ പ്രചരിപ്പിച്ചിരുന്നു. പക്ഷേ ശോശാമ്മ ഐപും വിദ്യാർത്ഥികളും ദൗത്യവുമായി മുന്നോട്ടുപോയി. "ഓരോ നാടൻ ഇനവും അതിന്റെ പ്രാദേശിക അന്തരീക്ഷത്തോട് ഇണങ്ങി ജീവിക്കുന്നവയാണ്, വിദേശിയിനങ്ങളെപ്പോലെ പാൽ ഉൽപാദിപ്പിക്കുന്നില്ലെങ്കിലും അവരുടെ പ്രതിരോധശേഷി വളരെ ഉയർന്നതാണ്. അവർക്ക് കുറച്ചു ഭക്ഷണം മാത്രമേ ആവശ്യമുള്ളൂ, എളുപ്പം വളർത്താൻ കഴിയും. സിക്കിമിലെ ഉയരം കുറഞ്ഞ സിരി പശു, രാജസ്ഥാൻ ഥാർ മരുഭൂമിയിലെ ഥാർപർകാർ പോലെ ഇന്ത്യയിലെമ്പാടും സമാനമായ നാടൻ ഇനങ്ങളുണ്ട്. പ്രതികൂല കാലാവസ്ഥകളിലും അവർക്ക് അതിജീവിക്കാൻ കഴിയും" സക്കറിയ പറയുന്നു.

"കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ വിവാഹസമ്മാനമായി പെൺമക്കൾക്ക് വെച്ചൂർ പശുവിനെ നൽകുന്നൊരു പതിവുണ്ടായിരുന്നു, ഗർഭകാലത്ത് അവരുടെ പോഷകാഹാരവും കുഞ്ഞുങ്ങൾക്കുള്ള ആരോഗ്യസുരക്ഷയും ഉറപ്പാക്കാൻ. അന്നത്തെ കാർഷിക സർവകലാശാല വൈസ് ചാൻസലർമാരായ ഇ ജി സൈലസ്, കെഎൻ ശ്യാംസുന്ദരൻ നായർ എന്നിവർ നമ്മുടെ പ്രൊജക്റ്റിനൊപ്പം ഉറച്ചുനിന്നു. 1989ൽ ഈ പ്രൊജക്റ്റിനായി 25,000 രൂപയുടെ ഒരു പ്രൊപ്പോസൽ നൽകി. സൈലസ് ഈ തുക 65,000 ആയി ഉയർത്തി. ഇതിൽ മാത്രം ശ്രദ്ധിച്ചാൽ മതിയെന്ന അനുമതിയും എനിക്ക് കിട്ടി. അന്ന് 65,000 രൂപ വലിയൊരു സംഖ്യയാണ്,"ശോശാമ്മ ഓർത്തെടുത്തു.

തൃശൂർ വെമ്പല്ലൂരിലെ ഫാമിൽ 24 വെച്ചൂർ പശുക്കളെ വളർത്തുന്ന കെ ചന്ദ്രന് ഇതുവരെയും പശുക്കൾക്കുവേണ്ടി വെറ്ററിനറി ഡോക്ടറെ വിളിക്കേണ്ടിവന്നിട്ടില്ല, പശുക്കൾക്ക് അസുഖങ്ങൾ ബാധിക്കാറില്ലെന്ന് വിരമിച്ച സ്കൂൾ അധ്യാപകനായ ചന്ദ്രൻ സാക്ഷ്യപ്പെടുത്തി. സംസ്ഥാന, കേന്ദ്ര തലങ്ങളിൽ സർക്കാർ നാടൻ ഇനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്, കന്നുകാലി സമ്പദ്വ്യവസ്ഥയിൽ നാടൻ ഇനങ്ങൾ നിർണായകമാണ്. സർക്കാരിന്റെ നേതൃത്വവും വിപണിയിൽ പിന്തുണയും ഉണ്ടെങ്കിൽ ഇതിനെ വലിയൊരു മുന്നേറ്റമാക്കിയെടുക്കാൻ സാധിക്കുമെന്ന് ചന്ദ്രൻ പറഞ്ഞു.

"കർഷകർക്ക് ശരിയായ ഇനം കന്നുകാലികളെ തെരഞ്ഞെടുക്കാൻ കഴിയണമെന്നില്ല, മികച്ച, കലർപ്പില്ലാത്ത ഇനങ്ങളെ കർഷകരിലേക്കെത്തിക്കേണ്ടത് വെറ്ററിനറി സർവകലാശാലകളുടെയും സർക്കാരിന്റെയും ഉത്തരവാദിത്തമാണ്, സങ്കരവർഗം കാലികളെ വളർത്തുന്നത് കർഷകർക്ക് വലിയ ബാധ്യതയാണ്, രോഗങ്ങളും വളർത്താനുള്ള ചെലവും കൂടുതലാണ്." 2002ൽ കാർഷിക കൊളേജിൽനിന്നും വിരമിച്ച ശോശാമ്മ, 1998ൽ സ്ഥാപിച്ച വെച്ചൂർ കൺസർവേഷൻ ട്രസ്റ്റിലൂടെ ജോലികൾ തുടരുന്നു.

ശോശാമ്മ ഐപിന്റെ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ ഒരു നാഴികക്കല്ലാണ്, കേരള മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറയുന്നു. "കുട്ടമ്പുഴ കുള്ളൻ, ഹൈ റേഞ്ച് കുള്ളൻ, കാസർഗോഡ് കുള്ളൻ, വടകര കുള്ളൻ എന്നീ നാടൻ കാലിയിനങ്ങളെ വംശനാശത്തിൽനിന്നും സുരക്ഷിതമാക്കാനുള്ള ശ്രമങ്ങൾ നടത്താൻ ശോശാമ്മ ഐപ് സർക്കാരിന് പ്രചോദനമായി," ജെ ചിഞ്ചുറാണി മൊംഗാബെ ഇന്ത്യയോട് പറഞ്ഞു.

"ജൈവ പാൽ ഉൽപാദനത്തിന് സർക്കാർ മുൻഗണന നൽകുകയാണെങ്കിൽ ചുരുങ്ങിയ സമയംകൊണ്ടുതന്നെ നാടൻപശുക്കളെ വളർത്തുന്നവരുടെ എണ്ണം കൂടും. കൂടുതൽ പാൽ കിട്ടുന്നതുകൊണ്ട് വലിയൊരുവിഭാഗം കർഷകരും സങ്കരവർഗം പശുക്കളെയാണ് വാങ്ങുന്നത്. കർഷകർക്ക് മുന്നിലുള്ള ഏറ്റവും വലിയ തടസ്സം അവർക്ക് സർക്കാരിന്റെയും ശാസ്ത്രലോകത്തിന്റെയും ഉദ്യോഗസ്ഥരുടെയും പിൻബലമില്ല എന്നതാണ്" ശോശാമ്മ പറയുന്നു.

വെച്ചൂർ പശുവിന്റെ സംരക്ഷണ പരീക്ഷണം രാജ്യമെങ്ങുമുള്ള വെറ്ററിനറി വിദഗ്ധരെയും സ്ഥാപനങ്ങളെയും വംശനാശത്തിന്റെ വക്കിൽ നിൽക്കുന്ന 28 ഇനം നാടൻ കന്നുകാലികളുടെ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങാൻ പ്രേരിപ്പിച്ചു. സിക്കിമിലെ കുറിയ കാലുകളുള്ള സിറി പശു, രാജസ്ഥാൻ ഥാർ മരുഭൂമിയിലെ ഥാർപർകാർ എന്നയിനവും അവയിൽപ്പെടും. സർക്കാരുകളുടെ നയത്തിലും മാറ്റം വന്നു.

സങ്കരയിനം മൃഗങ്ങൾക്ക് ജനിതകമായ പൊതുസ്വഭാവങ്ങളാണ് കൂടുതലായും ഉണ്ടാവുക, വ്യത്യസ്തതകൾ കുറവായിരിക്കും. സങ്കരയിനത്തിന് നൽകുന്ന അമിതപ്രാധാന്യം കാരണം കേരളത്തിലെ നാൽപത്തിയഞ്ച് ശതമാനം കന്നുകാലികളും സങ്കരയിനം ആണ്. വളർത്തുമൃഗങ്ങളിൽ ഉണ്ടായിരുന്ന ജനിതക വ്യത്യസ്തതകളെയാണ് ഇത് വലിയ തോതിൽ നഷ്ടപ്പെടുത്തിയത്. ഇന്ന് ശാസ്ത്രജ്ഞർ വെച്ചൂർ പശുവിനെ പരിഗണിക്കുന്നത് ജനിതകസമ്പത്തിൽ വിലമതിക്കാനാകാത്ത ഒരു ജനുസ്സായിട്ടാണ്.

കേരളത്തിലെ പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തത ഉറപ്പുവരുത്താൻ കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന സങ്കരയിനം പശുക്കളും അത്യാധുനിക രീതികളും മാത്രം മതിയാകില്ലെന്ന് ചന്ദ്രൻ പറയുന്നു. കേരളത്തിൽ 30 ലക്ഷം ടൺ ആണ് വാർഷിക പാൽ ഉൽപാദനം, ഇതിലേക്ക് ഒരു ചെറിയ പങ്കെങ്കിലും നാടൻ പശുക്കൾക്ക് നൽകാൻ കഴിയും. അത്യാധുനിക രീതിയിൽ പശുക്കളെ വളർത്താൻ കഴിയാത്ത ചെറുകിട കർഷകർക്ക്, വീട്ടിലെ ചെറിയ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം വെച്ചൂർ പശുക്കളെ വളർത്തുന്നവർക്ക് വെച്ചൂർ പശു ആകർഷകമാണ്. ഇത്തരത്തിലുള്ള ചെറുകിട കർഷകരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കണം, ദേശീയ തലത്തിൽ നാടൻ കാലിയിനങ്ങൾക്ക് വേണ്ടി മുന്നേറ്റമുണ്ടാകണമെന്നും ചന്ദ്രൻ പറയുന്നു.

"നമ്മൾ സങ്കരയിനം പശുക്കൾക്ക് എതിരല്ല. പക്ഷേ ജനിതക സമ്പത്ത് നിലനിർത്തേണ്ടതും തുല്യ പ്രാധാന്യമുള്ളതാണ്. നാടൻ ഇനങ്ങളെ അവഗണിക്കുന്നതും അവരുടെ സംഭാവനയെ അട്ടിമറിക്കുന്നതും നമുക്ക് ഗുണം ചെയ്യില്ല, സന്തുലിതമായ സമീപനമാണ് ഇവിടെ നമുക്ക് വേണ്ടത്," ശോശാമ്മ വ്യക്തമാക്കി.



വിവർത്തനം: മൃദുല ഭവാനി

ചിത്രങ്ങൾ: കെ കെ നജീബ്

TAGS :