Quantcast
MediaOne Logo

സലീന സലാവുദീൻ

Published: 26 Jun 2024 10:18 AM GMT

കാവാലം: മലയാള നാടകവേദിയെ നവീകരിച്ച ആചാര്യന്‍

സെപ്തംബര്‍ 26: കാവാലം നാരായണപ്പണിക്കര്‍ ഓര്‍മ ദിനം

കാവാലം കവിതകള്‍, കാവാലം നാരായണപ്പണിക്കര്‍
X

മലയാളത്തിലെ ആധുനിക നാടകവേദിയെ നവീകരിച്ച നാടകാചാര്യനും കവിയുമായ കാവാലം നാരായണപണിക്കര്‍ വിടവാങ്ങിയിട്ട് ഇന്ന് എട്ട് വര്‍ഷമാകുന്നു. നാടകകൃത്ത്, കവി, ഗാനരചയിതാവ്, സംവിധായകന്‍, സൈദ്ധാന്തികന്‍ എന്നിങ്ങനെയും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പിതാവ് ഗോദവര്‍മയുടെയും മാതാവ് ചാലയില്‍ കുഞ്ഞുലക്ഷ്മി അമ്മയുടെയും മകനായി 1928 ഏപ്രില്‍ 28-ന് ആലപ്പുഴ ജില്ലയിലെ 'കാവാലം' എന്ന ഗ്രാമത്തിലാണ് നാരായണ പണിക്കര്‍ ജനിച്ചത്. ഭാര്യ ശാരദാമണി. പരേതനായ കാവാലം ഹരികൃഷ്ണന്‍, പ്രശസ്ത പിന്നണിഗായകന്‍ കാവാലം ശ്രീകുമാര്‍ എന്നിവരാണ് മക്കള്‍.

കലയിലും നിയമത്തിലും ബിരുദം നേടിയ ശ്രീ. നാരായണപ്പണിക്കര്‍ തന്റെ കലാപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതിന് മുമ്പ്, ആലപ്പുഴ ജില്ലാ കോടതിയില്‍ കുറച്ചുകാലം അഭിഭാഷകനായിരുന്നു. അമ്മാവന്‍, പരേതനായ സര്‍ദാര്‍ കെ.എം പണിക്കരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ശ്രീ നാരായണ പണിക്കര്‍ ചെറുപ്പം മുതലേ കവിതയെഴുതാന്‍ തുടങ്ങിയിരുന്നു.

സംഗീതത്തിലും നാടകത്തിലും പരീക്ഷണങ്ങള്‍ നടത്താനും പുതിയ വഴികള്‍ സ്ഥാപിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി നാരായണപ്പണിക്കര്‍ക്ക് 1961 മുതല്‍ 1971 വരെ കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കാനും അവസരം ലഭിച്ചിരുന്നു.

കണ്ണീര്‍ മങ്ക, പ്രേമരശ്മി, കാവാലം കവിതകള്‍, കലിസന്തരണം എന്നീ കവിതാ സമാഹാരങ്ങള്‍ കാവാലം പണിക്കര്‍ പ്രസിദ്ധീകരിച്ചവയാണ്. അദ്ദേഹം രചിച്ച ഒട്ടേറെ ലളിതഗാനങ്ങള്‍ ആകാശവാണിയില്‍ കൂടി ജനങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഗ്രാമീണ ഭാഷാശൈലികളാല്‍ അദ്ദേഹത്തിന്റെ കവിത ശ്രദ്ധേയമാണ്. കേരളത്തിലെ നാടോടി കലകളിലും ക്ലാസിക്കല്‍ കലകളിലും ഗവേഷണം നടത്തിയിട്ടുണ്ട്. 1964-ല്‍ കേരളത്തിലെ നാടോടി പാരമ്പര്യങ്ങളില്‍ നിന്നും ക്ലാസിക്കല്‍ പാരമ്പര്യങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പിന്നീട് അദ്ദേഹം നാടക രംഗത്തേക്ക് പ്രവേശിച്ചത്.

കേരള സോപാന സംഗീതത്തിന്റെ തദ്ദേശീയമായ 'സംഗീതവും താളവും' പാരമ്പര്യത്തില്‍ അദ്ദേഹം ആഴത്തിലുള്ള ഗവേഷണം നടത്തിയിട്ടുണ്ട്. 26 മലയാള നാടകങ്ങളുമായി കേരളത്തിലെ ഏറ്റവും ആദരണീയനായ നാടകകൃത്തുക്കളില്‍ ഒരാളായി സ്വയം സ്ഥാപിച്ച പണിക്കര്‍, ഇംഗ്ലീഷ്-സംസ്‌കൃത നാടകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.


സംകൃത ഭാഷയില്‍ പണ്ഡിതനായിരുന്ന അദ്ദേഹം മലയാളത്തില്‍ രചിച്ച അവനവന്‍ കടമ്പ, ദൈവത്താര്‍, തിരുവാഴിത്താന്‍, ഒറ്റയാന്‍, കരിംകുട്ടി, തെയ്യത്തെയ്യം, പോരനാടി, ജാബാല സത്യകാമന്‍, കല്ലുരുട്ടി, കരിവേഷം എന്നിവ പ്രസിദ്ധമാണ്. 'അവനവന്‍ കടമ്പ' എന്ന നാടകം പിന്നീട് ജി. അരവിന്ദന്‍ ചലച്ചിത്രമാക്കിയിരുന്നു. സംഗീതത്തിലും നാടകത്തിലും പരീക്ഷണങ്ങള്‍ നടത്താനും പുതിയ വഴികള്‍ സ്ഥാപിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി നാരായണപ്പണിക്കര്‍ക്ക് 1961 മുതല്‍ 1971 വരെ കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കാനും അവസരം ലഭിച്ചിരുന്നു.

'സോപാനം' എന്ന നാടകവേദിയുടെ സ്ഥാപക ഡയറക്ടറായിരുന്നു അദ്ദേഹം. സോപാന സംഗീതം, മോഹിനിയാട്ടം, ഇതിഹാസങ്ങളുടെ സമകാലിക വിനോദങ്ങള്‍ തുടങ്ങി വിവിധ നൃത്ത-സംഗീത രൂപങ്ങളിലൂടെ നാടകത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ കണ്ടെത്താന്‍ 'സോപാന'ത്തിലൂടെ അദ്ദേഹം ശ്രമിച്ചിരുന്നു.

നാടോടി, ഗോത്ര, ക്ലാസിക്കല്‍ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രമായ സോപാനത്തിന്റെ പ്രേരകശക്തിയായ കേരള ടൂറിസവുമായി സഹകരിച്ച് ഇന്‍വിസ് മള്‍ട്ടിമീഡിയ വികസിപ്പിച്ച 'കേരള- ദി ഗ്രീന്‍ സിംഫണി' എന്ന ഇന്ററാക്ടീവ് സിഡി-റോമിന്റെ നിര്‍മാണത്തിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.


അദ്ദേഹം കാവാലം സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായിരിക്കുന്ന സമയത്താണ് കലാനിലയം കൃഷ്ണന്‍ നായര്‍ കലാനിലയം സ്ഥിരം നാടകവേദി ആരംഭിക്കുന്നത്. കണ്ണഞ്ചിക്കുന്ന സെറ്റുകളും വേഷവിധാനങ്ങളുമൊക്കെ ഉപേയാഗിച്ചു കൊണ്ട് ദിവസേനെ ഒന്നിലേറെ പ്രദര്‍ശനങ്ങള്‍ ഒരേവേദിയില്‍ മാസങ്ങളോളം അവതരിപ്പിക്കുന്ന സമ്പ്രദായമായിരുന്നു അത്.

മഹാഭാരത കഥയെ അടിസ്ഥാനമാക്കി ഓപ്പറാ ശൈലിയില്‍ കാവാലം രചിച്ച 'കുരുക്ഷേത്ര'മായിരുന്നു ആദ്യമായി അരങ്ങത്ത് വന്നത്. പ്രമുഖരായ ഒട്ടേറെ നടീനടന്മാര്‍ വേഷമിട്ട കുരുക്ഷേത്രത്തില്‍ കാവാലമെഴുതിയ ഗാനരൂപത്തിലുള്ള സംഭാഷണങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് പ്രശസ്ത സംഗീത സംവിധായാകന്‍ വി. ദക്ഷിണാമൂര്‍ത്തിയായിരുന്നു.

'രതിനിര്‍വ്വേദം' എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങള്‍ എഴുതി അദ്ദേഹം സിനിമാ രംഗത്തുമെത്തി. തുടര്‍ന്ന് വാടകയ്‌ക്കൊരു ഹൃദയം, തമ്പ്, കുമ്മാട്ടി, തമ്പുരാട്ടി, ഉത്സവപ്പിറ്റേന്നു, മഞ്ചാടിക്കുരു തുടങ്ങിയ ഒട്ടേറെ മലയാള ചലച്ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനരചന നിര്‍വഹിച്ചു. ജി ദേവരാജന്‍, എം.ജി രാധാകൃഷ്ണന്‍ മുതലായ സംഗീത സംവിധായകരുടെ കൂടെ 245 ഓളം ഗാനങ്ങള്‍ കാവാലം എഴുതുകയുണ്ടായി.

ആ നാളുകളില്‍ തന്നെ കാവാലം വളരെ സജീവമായി പങ്കുകൊണ്ടിരുന്ന കലയുടെ തട്ടകം കവിതയാണ്. കവിതാരചന മാത്രമല്ല, ഒറ്റക്കും കൂട്ടായുമുള്ള കവിത ചൊല്ലലും നിരന്തരമായി നടന്നു. പില്‍ക്കാലത്ത് 'ചൊല്‍ക്കാഴ്ച' എന്ന പേരിലറിയപ്പെട്ട കവിയരങ്ങുകളുടെ തുടക്കമായി അത് മാറി.

'കുത്തമ്പലം' എന്ന പേരില്‍ ആലപ്പുഴയില്‍ ഒരു നാടകസംഘത്തിന് രൂപം കൊടുത്തു കൊണ്ടാണ് കാവാലം തന്റെ ആയുഷ്‌ക്കാല കര്‍മ്മ മണ്ഡലമായി നാടകത്തെ സ്വീകരിക്കുന്നത്. നേരത്തെ സംഗീതനാടക അക്കാദമിയുടെ സെക്രട്ടറിയായിരിക്കുമ്പോള്‍ അക്കാദമി സംഘടിപ്പിച്ച നാടകോത്സവത്തില്‍ അവതരിപ്പിക്കാനായി ബോധയാന രചിച്ച സംസ്‌കൃത നാടകമായ 'ഭഗവദജ്ജുകം' മലയാളഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത് കാവാലമായിരുന്നു.

നാട്ടുവഴികളിലും ഉത്സവമൈതാനിയിലും ചന്തകളിലുമൊക്കെ സംഘടിപ്പിക്കപ്പെട്ട കവിയരങ്ങുകളില്‍ കാവാലത്തോടൊപ്പം ആധുനിക കവിതയുടെ വക്താക്കളായ അയ്യപ്പ പണിക്കര്‍, സച്ചിദാനന്ദന്‍, കടമ്മനിട്ട തുടങ്ങിയവരും വ്യത്യസ്ത ചേരിയുടെ വക്താവായിരുന്ന വയലാര്‍ രാമവര്‍മ്മയും പങ്കുകൊണ്ടിരുന്നു.

കളവങ്കോടം ബാലകൃഷ്ണന്‍, ആലഞ്ചേരി മണി തുടങ്ങിയ സുഹൃത്തുക്കള്‍ ഈ സംരംഭത്തിന്റെ പിറകിലുണ്ടായിരുന്നു. കാവാലത്തിന്റെ കവിതകളില്‍ തെളിഞ്ഞു കണ്ടിരുന്ന നാടകബോധവും നാടകീയാവിഷ്‌കാര സാധ്യതയുമൊക്കെ വളര്‍ന്നു വികസിച്ച് കാവ്യനാടകവും നാടകീയ കാവ്യവുമൊക്കെയായി പിന്നീട് മാറുകയായിരുന്നു.

'കുത്തമ്പലം' എന്ന പേരില്‍ ആലപ്പുഴയില്‍ ഒരു നാടകസംഘത്തിന് രൂപം കൊടുത്തു കൊണ്ടാണ് കാവാലം തന്റെ ആയുഷ്‌ക്കാല കര്‍മ്മ മണ്ഡലമായി നാടകത്തെ സ്വീകരിക്കുന്നത്. നേരത്തെ സംഗീതനാടക അക്കാദമിയുടെ സെക്രട്ടറിയായിരിക്കുമ്പോള്‍ അക്കാദമി സംഘടിപ്പിച്ച നാടകോത്സവത്തില്‍ അവതരിപ്പിക്കാനായി ബോധയാന രചിച്ച സംസ്‌കൃത നാടകമായ 'ഭഗവദജ്ജുകം' മലയാളഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത് കാവാലമായിരുന്നു. പിന്നീട് റിയലിസ്റ്റിക്ക് നാടക ശൈലിയില്‍ സങ്കേതത്തില്‍ 'പഞ്ചായത്ത് ' എന്ന ഒരു നാടകമെഴുതി കാവാലവും കൂടി ചേര്‍ന്ന് അഭിനയിച്ചെങ്കിലും അത് തന്റെ തട്ടകമല്ല എന്നു അദ്ദേഹം തന്നെ തിരിച്ചറിഞ്ഞു.

1975-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 'നാടകചക്രം' എന്ന കൃതിക്ക് ലഭിക്കുകയുണ്ടായി. പിന്നീട് 1983 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ മികച്ച സംവിധായകനുള്ള അവാര്‍ഡും 2002 ല്‍ അക്കാദമി ഫെലോഷിപ്പും 2007-ല്‍ പത്മഭൂഷണ്‍ പുരസ്‌കാരവും 2009-ല്‍ വള്ളത്തോള്‍ പുരസ്‌കാരവും നല്‍കി സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. ദേശീയ പുരസ്‌കാരമായ കാളിദാസ സമ്മാനും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

അഞ്ചു പതിറ്റാണ്ടോളം മലയാളനാടിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ ഒരു പൊന്‍തൂവലായി കുതിച്ചുയര്‍ന്ന അദ്ദേഹം വാര്‍ധക്യ സഹജമായ അസുഖത്താല്‍ 2016 ജൂണ്‍ 26 ന് തന്റെ 88-ാമത്തെ വയസ്സില്‍ വിട പറഞ്ഞപ്പോള്‍ വര്‍ത്തമാനകാലത്തിന്റെ സ്വത്വബോധമുള്ള ഒരു വലിയ കലാകാരനെയാണ് നമുക്ക് നഷ്ടമായത്.

TAGS :