ഓണം കഴിഞ്ഞാല്‍ കേരളത്തിന്റെ ധനസ്ഥിതി എന്താകും?
2700 കോടി മാത്രമാണ് വരാനിരിക്കുന്ന മാസങ്ങളില്‍ സംസ്ഥാനത്തിന് ഈ വര്‍ഷം കടമെടുക്കാനുള്ളത്. എങ്ങിനെയാണ് ഇത്തരത്തില്‍ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാവുക.
കേരളം ഇന്നേവരെ കാണാത്ത ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഓണകാലംകൂടി കഴിഞ്ഞാല്‍ ഖജനാവ് കാലിയാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. കേന്ദ്ര ഗവണ്മെന്റ് കേരളത്തിന് തരേണ്ട പണത്തില്‍ നിന്നും വലിയരീതിയില്‍ വെട്ടിക്കുറവ് സംഭവിച്ചിട്ടുണ്ട്.
കേന്ദ്രം സംസഥാനത്തിന് നല്‍കേണ്ട തുകയില്‍ വെറും 30 %മാത്രമാണ് അനുവദിച്ചിട്ടുള്ളത്. കൈകള്‍ കെട്ടിവെച്ച് വിരലുകള്‍ കൊണ്ട് കാര്യങ്ങള്‍ ചെയ്യണ്ട അവസ്ഥയിലേക്കു സംസ്ഥാനം എത്തിയിരിക്കുന്നുവെന്നും ആ രീതിയില്‍ കേന്ദ്രം സംസ്ഥാനത്തെ വരിഞ്ഞു മുറുക്കുകയാണെന്നുമാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞത്. ധനമന്ത്രിയുടെ വാക്കിലൂടെ വളരെ വ്യക്തമാണ് കേരളത്തിന്റെ ഇപ്പോളത്തെ ധനകാര്യ അവസ്ഥ.
കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക വെല്ലുവിളിയാണ്. ഇതിനോടകം തനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം കടന്നിട്ടുണ്ട്. ഖജനാവുകള്‍ കാലി ആകുന്ന അവസ്ഥ തീര്‍ത്തും സാമ്പത്തിക പ്രശ്നം ഉണ്ടാക്കുന്നു. നേരത്തെ 25 ലക്ഷം വരെയാണ് ബില്ലുകള്‍ മാറി നല്‍കിയത് എങ്കില്‍ അതില്‍ വീണ്ടും നിയന്ത്രണം നടത്തിയിരിക്കുന്നു. പത്ത് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറി നല്‍കേണ്ട എന്ന കടുത്ത ട്രഷറി നിയന്ത്രണ തീരുമാനത്തിലേക്ക് നേരത്തെ തന്നെ സര്‍ക്കാര്‍ എത്തിയിട്ടുണ്ട്. ആ രീതിയില്‍ സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തങ്ങള്‍ പോലും മുടങ്ങിയിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഓരോ ദിവസവും കടം എടുക്കേണ്ടി വരുന്ന അവസ്ഥയാണ്.
19,000 കോടി രുപയാണ് ഇത്തവണ ഓണം ചെലവായി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. മുന്‍കാലങ്ങളിലേതില്‍നിന്ന് ഒരു കുറവും വരുത്താതെ ഓണക്കാലം മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുണ്ട്. ധനവകുപ്പ് ഇതിന്റെ നെട്ടോട്ടത്തിലാണ്. അതിന്റെ ഭാഗമായാണ് ഓണത്തിന് മുന്നോടിയായി വീണ്ടും 2,000 കോടി രൂപ കടം എടുക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്. എന്നാല്‍, ആ തുകയില്‍ തന്നെ വലിയ പങ്ക് കുടിശ്ശികള്‍ തീര്‍ക്കാനുള്ളതാണ്. ക്ഷേമപെന്‍ഷന്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസ് തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെയായി വീണ്ടും കടം എടുക്കാന്‍തന്നെയാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 2023 ലെ കടമെടുപ്പ് പരുതി അതിന്റെ പരാമവതിയില്‍ എത്തിയിരിക്കുന്നു. കാരണം, 2000 കോടി കടം എടുക്കുന്നതോടുകൂടി ഇത് വരെയുള്ള കടമെടുപ്പ് 18,500 രൂപയാവും. ഓണം കഴിയുന്നതോടുകൂടി കടമെടുക്കാന്‍ ബാക്കിയുള്ളത് 2021 കോടി രൂപ മാത്രമായിരിക്കും. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഏഴ് മാസം കൂടി അവശേഷിക്കുന്നു എന്നുള്ളതാണ് ഇതിലെ ഒരു ഗുരുതരമായ പ്രതിസന്ധി.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ച് കേന്ദ്രം
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരുതി കേന്ദ്രം വലിയരീതിയില്‍ വെട്ടിക്കുറച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ ഈ നിലപാടു മൂലം കുറഞ്ഞത് 40,000 കോടി കുറഞ്ഞുവെന്നാണ് സംസ്ഥാനത്തിന്റെ വാദം. ഈ കാര്യം ധനവകുപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കേന്ദ്ര ധനവകുപ്പിന് കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്. നിലവിലുള പ്രതിസന്ധി വ്യക്തമാക്കിക്കൊണ്ട് ഒരു ശതമാനം കൂടി കടം എടുക്കാന്‍ അനുവദിക്കണം എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍, ഇപ്പോഴും ആ കത്തു പരിഗണിക്കണോ അതിന് മറുപടി നല്‍കാനോ കേന്ദ്രം തയാറായിട്ടില്ല. കേന്ദ്രം ഒരു തീരുമാനം എടുത്തില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ഈ പ്രതിസന്ധി അതിരൂക്ഷമാവും.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസഥാനം നീങ്ങിയതിന്റെ കാരണങ്ങളെ കുറിച്ച് സാമ്പത്തിക വിദഗ്ധ മേരി ജേര്‍ജ് പറയുന്നത് ഇപ്രകാരമാണ്: ഈ വര്‍ഷം സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനമാണ് വായ്പ എടുക്കാനായി സംസ്ഥാനങ്ങളെ അനുവദിക്കുന്നത്. ഇത്തവണത്തെ ബജറ്റില്‍ പറഞ്ഞിരിക്കുന്നത് 4,8164 കോടികടം എടുക്കും എന്നാണ്. അത് സഞ്ചിത കടമാണ്. അത് അഭ്യന്തര വരുമാനത്തിന്റെ 29 ശതമാനം കവിയാന്‍ പാടില്ല. പക്ഷെ, ബജറ്റ് പ്രകാരം തന്നെ അത് 36.05 ശതമാനമാണ്. അങ്ങിനെയിരിക്കെയാണ് കിഫ്ബി വഴിയുള്ള കടവും സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ഫണ്ട് വഴിയുള്ള കടവും എല്ലാം സര്‍ക്കാര്‍ പൊതുകടത്തിലേക്ക്, ബജറ്റ് വഴിയുള്ള കടത്തിലേക്ക് ഉള്‍പ്പെടുത്തിയത്. കിഫ്ബി വഴിയുള്ള കടം പുറത്തുള്ള കടമാണെന്നാണ് സംസ്ഥാനം എപ്പോഴും അവകാശപ്പെടുന്നതെങ്കിലും അതിനെകൂടി സംസ്ഥാനത്തിന്റെ ബജറ്റിനകത്തുള്ള കടമാക്കിക്കൊണ്ട് ഈ വര്‍ഷം, അതായത് ഏപ്രില്‍ മുതല്‍ മാര്‍ച്ച് 2024 വരെ എടുക്കാവുന്ന കടം 20,521 കോടി ആണെന്ന് നിജപ്പെടുത്തി. അതുമാത്രമല്ല, അതില്‍ നിന്ന് ഡിസംബര്‍ വരെ എടുക്കാവുന്ന കടം 15,390 കോടി മാത്രം എന്നുകൂടി നിജപ്പെടുത്തിരുന്നു. ഈ ആഗസ്റ്റ് മാസത്തോടെ ആ 15,390 കോടി കഴിഞ്ഞിരിക്കുന്നു. 2700 കോടി മാത്രമാണ് ഇനി വരാനിരിക്കുന്ന മാസങ്ങളില്‍ സംസ്ഥാത്തിന് ഈ വര്‍ഷം കടമെടുക്കാനുള്ളത്. എങ്ങിനെയാണ് ഇത്തരത്തില്‍ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാവുക.
കടക്കെണിയിലേക്ക് എന്ന് നമ്മള്‍ പറയുന്നുണ്ടെങ്കിലും സംസ്ഥാനങ്ങള്‍ കടക്കെണിയിലേക്ക് പോകില്ല. കാരണം, ഒരു ഫെഡറല്‍ സംവിധാനത്തില്‍ ഒരു സംസ്ഥാനം കടക്കെണിയിലേക്ക് നീങ്ങുന്ന അവസ്ഥ വന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്നാണ് ഫെഡറല്‍ പ്രിന്‍സിപ്പിള്‍സ് ആവശ്യപ്പെടുന്നത്.
4,8164 സഞ്ചിത കടം വരും എന്നുവെച്ചാല്‍ പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ തലയില്‍പോലും ഒരുലക്ഷത്തിലധികം രൂപ കടഭാരം വരുന്നു എന്നതാണ്. അത്രക്ക് മോശമായ ധനസ്ഥിതിയിലേക്കാണ് കേരളം എത്തപ്പെട്ടിരിക്കുന്നത്. കേരളം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ഉണ്ടായിരിക്കുന്നത്.
ഇതിന് തീര്‍ച്ചയായും കേരളത്തില്‍തന്നെ പരിഹാരമുണ്ട്. മറ്റുസംസ്ഥാനങ്ങളെ നോക്കുമ്പോള്‍ വളരെ ഒന്നും വ്യത്യാസം കേരളത്തിന്റെ അവസ്ഥയിലില്ല. പക്ഷെ, മറ്റു സംസ്ഥാനങ്ങള്‍ അവരുടെ കടവും ചെലവും എല്ലാം ഏകോപിച്ച് നിര്‍ത്തുമ്പോള്‍ എന്തുകൊണ്ടാണ് കേരളത്തിന് മാത്രം ഇങ്ങനെ സംഭവിക്കുന്നത്. ഏറ്റവും ആദ്യം പറയേണ്ടത് ഇവിടെത്തെ ആഴിമതി, ധൂര്‍ത്ത്, അനാവശ്യ ചെലവ് എന്നിവയാണ്. അതായത് സംസ്ഥാന ജീവനക്കാരോട് ചെയ്യിപ്പിക്കേണ്ട കാര്യങ്ങള്‍പോലും കരാര്‍ കൊടുത്ത് കമ്പനികളെ കൊണ്ട് ചെയ്യിപ്പിക്കുന്നു. ഗവണ്മെന്റ് ഇത്തരത്തിലുള്ള അനാവശ്യ ചെലവുകള്‍ ഒഴിവാക്കണം. ഇതോടെ അനാവശ്യ ചെലവ് ഒരുപരുതിവരെ കുറയ്ക്കാന്‍ സാധിക്കും - മേരി ജേര്‍ജ് പറയുന്നു.
തയ്യാറാക്കിയത്: ഫാത്തിമ ദില്‍ന
അവലംബം: ന്യൂസ് ഡീകോഡ്