Quantcast
MediaOne Logo

റാനി ജിഫ്രി

Published: 13 Sep 2024 6:02 AM GMT

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടും ക്ലാസ് മുറി യാഥാര്‍ഥ്യവും

നവീന വിദ്യാഭ്യാസ ദര്‍ശനങ്ങളെ നമ്മുടെ കരിക്കുലത്തിലേക്ക് സ്വാംശീകരിച്ചപ്പോള്‍ എന്ത് എവിടെ എങ്ങനെ തുടങ്ങണമെന്ന ധാരണ പിഴച്ചോ എന്ന് പുനര്‍വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു - ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സമഗ്രമ വിശകലനം.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വിശകലനം എന്താണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്
X

സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തെ ഒന്നാംതലമുറ പ്രശ്‌നങ്ങളായ പ്രാപ്യതയും പഠന തുടര്‍ച്ചയും ഫലപ്രദമായി അഭിമുഖീകരിച്ച കേരളം, രണ്ടാംതലമുറ പ്രശ്‌നങ്ങളായ ഗുണതയും തുല്യതയും ഉറപ്പുവരുത്തുന്ന ഘട്ടത്തിലാണിപ്പോള്‍. 'ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം' എന്ന കാഴ്ചപ്പാടിലൂന്നി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഖാദര്‍ കമ്മിറ്റിയെന്ന വിദഗ്ധ സമിതി 'മികവിനായുള്ള സ്‌കൂള്‍ വിദ്യാഭ്യാസം'എന്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഘടന സംബന്ധിച്ച കാര്യങ്ങളടങ്ങുന്ന ഭാഗം ഒന്ന്, അക്കാദമിക കാര്യങ്ങള്‍ പരിഗണിക്കുന്ന ഭാഗം രണ്ട് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് ഇതിന്റെ സമര്‍പ്പണം.

പോസിറ്റീവ് സ്‌കൂളിങ് എന്ന കാഴ്ചപ്പാടിനെ സാര്‍ഥകമാക്കും വിധത്തിലുള്ള വിദ്യാഭ്യാസ ലക്ഷ്യങ്ങളും സമീപനങ്ങളുമാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത് എന്നത് ഏറെ ശ്ലാഘനീയമാണ്. കുട്ടികളില്‍ സന്തോഷവും വിജയവും ക്ഷേമവും ഉല്‍പാദിപ്പിക്കുന്നതും, മറ്റുള്ളവരുടെ ക്ഷേമവും സന്തോഷവും പരിഗണിക്കുന്നതുമായ ജീവിതത്തിന്റെ അടിത്തറയായി (foundation) വര്‍ത്തിക്കുന്ന സ്‌കൂള്‍ വിദ്യാഭ്യാസത്തെയാണ് പോസിറ്റീവ് സ്‌കൂളിങ് എന്ന ആശയം ദ്യോതിപ്പിക്കുന്നത്. അറിവ് പകര്‍ന്നു നല്‍കുക എന്നതിലുപരി ശാരീരികവും മാനസികവും സാമൂഹികവും വൈകാരികവും ധാര്‍മികവുമായ വശങ്ങളെക്കൂടി പരിപോഷിപ്പിക്കുന്ന തരത്തില്‍ വിവേകവും സ്വഭാവ വൈശിഷ്ട്യവും വളര്‍ത്തിയെടുക്കാനുതകുന്നതാകണം യഥാര്‍ഥ വിദ്യാഭ്യാസം. മതനിരപേക്ഷത, ജനാധിപത്യ വീക്ഷണം, സ്ഥിതിസമത്വ ചിന്ത, പരിസ്ഥിതി അവബോധം, സാമൂഹിക നീതി, ലിംഗതുല്യതാ അവബോധം, ശാസ്ത്ര ബോധം, ശാസ്ത്രീയ വീക്ഷണം, പാര്‍ശ്വവത്കരിക്കപ്പെടുന്നവരോടുള്ള പരിഗണന, അനുതാപം, എളിമ, സ്വാശ്രയ ബോധം, അരുതായ്മകള്‍ക്കെതിരായ നിലപാട്, ഉപഭോക്തൃ സംസ്‌കാരത്തോടുള്ള അഭിനിവേശത്തിനെതിരായ നിലപാട്, പൗരബോധം തുടങ്ങിയ സാമൂഹ്യ മൂല്യബോധങ്ങള്‍ ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസ പ്രക്രിയയാണ് റിപ്പോര്‍ട്ട് വിഭാവനം ചെയ്യുന്നത്.

നിരന്തരം വിദ്യാഭ്യാസരംഗത്തെ പുത്തന്‍ രീതികളെ കുറിച്ച് പരിശീലനങ്ങള്‍ നല്‍കിയിരുന്നെങ്കിലും അധ്യാപനത്തോട് അഭിരുചിയും നൈപുണിയുമില്ലാത്ത ഒരു വിഭാഗം അധ്യാപകര്‍ തങ്ങളുടെ അധ്യാപനത്തിലോ സമീപനത്തിലോ യാതൊരുവിധ മാറ്റങ്ങളും വരുത്താന്‍ തയ്യാറായില്ല എന്നതാണ് വാസ്തവം. പാഠ്യ പദ്ധതി ഒരുവഴിക്കും അധ്യാപനം മറ്റൊരു വഴിക്കും സഞ്ചരിക്കുകയായിരുന്നു. നിലവിലുള്ള പരിശീലന ക്ലാസുകള്‍ക്കപ്പുറത്ത് അധ്യാപകരുടെ അധ്യാപന രീതിയെയും മൂല്യനിര്‍ണയം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

വിദ്യ അഭ്യസിച്ച തലമുറയില്‍ അന്തര്‍ലീനമായിരിക്കേണ്ടവയാണ് അഭികാമ്യമായ ആരോഗ്യ ശീലങ്ങളും ലഹരിയോടുള്ള അനാസക്തിയും. ആയതിനാല്‍ ഇത്തരം ഘടകങ്ങള്‍ കൂടെ ഉള്‍ക്കൊണ്ട റിപ്പോര്‍ട്ട് ഏറെ പ്രശംസ അര്‍ഹിക്കുന്നു. അറിവും നെറിവും നമ്മുടെ സംസ്‌കാരത്തില്‍ പ്രതിഫലിക്കാത്തതിന്റെ സാക്ഷ്യമാണ് മലീമസമായ കേരളീയ പരിസരം. മാലിന്യം എന്റെ ഉത്തരവാദിത്വമാണെന്ന ബോധ്യത്തോടെ വ്യക്തി-സാമൂഹിക-പരിസര ശുചിത്വത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട്, പ്രയോഗത്തിലൂടെ ശുചിത്വ ശീലങ്ങള്‍ സ്വയത്തമാക്കാനുള്ള അനുഭവങ്ങള്‍ ലഭ്യമാകുന്ന ഇടമായി വിദ്യാലയങ്ങള്‍ മാറണമെന്നും മാലിന്യ നിര്‍മാര്‍ജന സംസ്‌കരണ സംവിധാനങ്ങള്‍ സ്‌കൂളിനകത്ത് ഉണ്ടാവണമെന്നുമുള്ള റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ഏറെ ആശാവഹമാണ്. ആധുനിക സാങ്കേതിക വിദ്യാ സാധ്യതകള്‍ വിവേകത്തോടെയും വിവേചന ബുദ്ധിയോടെയും പരമാവധി പ്രയോജനപ്പെടുത്തേണ്ടതിനെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും പഞ്ചേന്ദ്രിയനുഭവങ്ങള്‍ക്കും സാധ്യതയുണ്ടെങ്കില്‍ അതിനു പകരമായി സാങ്കേതികവിദ്യയെ പ്രതിഷ്ഠിക്കരുതെന്ന റിപ്പോര്‍ട്ടിലെ മുന്‍കരുതല്‍ സമീപനവും ഏറെ ഗൗരവമര്‍ഹിക്കുന്നു. കാരണം, സാങ്കേതികവിദ്യാ ഉപയോഗത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടില്ലാത്ത സമൂഹമാണ് നമ്മുടേത്.

ക്ലാസ്മുറി യാഥാര്‍ഥ്യം

എങ്ങനെയാകണം വിദ്യാഭ്യാസം എന്ന പ്രക്രിയ പരിപ്രേക്ഷ്യം വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ട്, പാഠപുസ്തകത്തില്‍ പറഞ്ഞ പഠന വസ്തുതകള്‍ വാമൊഴിയായി കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കുകയും പ്രക്രിയകളെ പൂര്‍ണമായും തമസ്‌കരിക്കുകയും ചെയ്യുന്ന, കേവലം ഉല്‍പ്പന്നത്തെ മാത്രം പരിഗണിക്കുന്ന സാമ്പ്രദായിക ക്ലാസ് മുറികളെ അപലപിക്കുന്നു. തല്‍സ്ഥാനത്ത് അറിവിന്റെ പുത്തന്‍ വാതായനങ്ങള്‍ തുറന്നുകൊടുക്കുന്ന, അന്വേഷണാത്മക പഠനം സാധ്യമാക്കുന്ന പ്രക്രിയാധിഷ്ഠിത ക്ലാസ് മുറികളെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. എന്നാല്‍, നമ്മുടെ പാരമ്പര്യ പഠന സങ്കല്‍പ്പങ്ങളെ അടിമുടി അഴിച്ചു പണിത്, ജ്ഞാനനിര്‍മിതി വാദത്തിലധിഷ്ഠിതമായ ശിശു കേന്ദ്രീകൃത- പ്രവര്‍ത്തനാധിഷ്ഠിത -വിമര്‍ശനാത്മക ബോധനത്തിലൂടെ വിദ്യാഭ്യാസ സമീപനവും ബോധനരീതിയും പരിഷ്‌കരിച്ച് കൊണ്ടാടാന്‍ തുടങ്ങിയിട്ട് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ബോധനരീതിയുടെ താരതമ്യ പഠനത്തിനപ്പുറത്തേക്ക് ചര്‍ച്ചകള്‍ കൊണ്ടു പോകാന്‍ വിദഗ്ധ സമിതിക്ക് കഴിയുന്നില്ല. നമ്മുടെ സാമ്പ്രദായിക പഠന രീതിയായ കേള്‍ക്കലും ഓര്‍മിക്കലും ആവര്‍ത്തിക്കലും എന്നതില്‍ നിന്നും അന്വേഷിക്കലും അപഗ്രഥിക്കലും പ്രയോഗിക്കലും അവതരിപ്പിക്കലും എന്നതിലേക്കുള്ള മാറ്റം അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ല. പാഠപുസ്തകങ്ങളിലെ വിവരങ്ങള്‍ മനഃപാഠമാക്കി പകര്‍ത്തുക എന്നതിനുപകരം തങ്ങളുടേതായ രീതിയില്‍ ആശയങ്ങളെ അവതരിപ്പിക്കാന്‍ സാധിക്കുന്നതാണ് കഴിഞ്ഞ രണ്ടു ദശകങ്ങളായി നമ്മള്‍ പിന്തുടരുന്ന മൂല്യനിര്‍ണയ രീതി. എന്നാല്‍, ഇതിനുപോലും സാധിക്കാതെ സ്തംഭിച്ചു നിന്നു പോകുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നത് നമ്മള്‍ കാണാതിരുന്നു കൂടാ. അക്ഷര-അക്ക സാക്ഷരത ഉറക്കാത്തതാണ് ഇതിനു മുഖ്യകാരണം. നവീന വിദ്യാഭ്യാസ ദര്‍ശനങ്ങളെ നമ്മുടെ കരിക്കുലത്തിലേക്ക് സ്വാംശീകരിച്ചപ്പോള്‍ എന്ത് എവിടെ എങ്ങനെ തുടങ്ങണമെന്ന ധാരണ പിഴച്ചോ എന്ന് പുനര്‍വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. കളിയിലൂടെയുള്ള പഠനം (play and activity based learning) പോലുള്ളവ ആവിഷ്‌കരിച്ച് കുട്ടികളില്‍ അടിസ്ഥാനം ഉറപ്പിക്കുകയും പഠനത്തില്‍ ഔത്സുക്യം വളര്‍ത്തുകയും ചെയ്തതിന് ശേഷം പ്രക്രിയാധിഷ്ഠിത ബോധനരീതിയിലൂടെ കടന്നു പോകുമ്പോഴേ അത് ഫലവത്താവൂ. സമഗ്രതയില്‍ നിന്ന് അംശങ്ങളിലേക്ക് എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ള പഠന രീതി പ്രാവര്‍ത്തികമാക്കിയപ്പോള്‍ കുട്ടികളില്‍ അക്ഷര-അക്ക സാക്ഷരത ഉറപ്പിക്കാന്‍ പൂര്‍ണ്ണമായും സാധിച്ചോ എന്ന വിലയിരുത്തല്‍ അത്യാവശ്യമാണ്. എന്നാല്‍, യഥാര്‍ഥ ക്ലാസ് മുറികളില്‍ ഈ ബോധനരീതിക്കപ്പുറത്ത് അക്ഷരപഠനവും അക്കപഠനവും ഉറയ്ക്കാന്‍ അധ്യാപകര്‍ തങ്ങളുടേതായ രീതിയില്‍ പാഠ്യപദ്ധതിക്ക് സമാന്തരമായി ചെയ്തുപോരുന്ന പ്രവര്‍ത്തനങ്ങളെയും അടിസ്ഥാന സാക്ഷരത കൈവരിക്കാനായി ബദല്‍ മാര്‍ഗങ്ങളായ വിജയസ്പര്‍ശം, വിജയഭേരി പോലുള്ള പദ്ധതികള്‍ നടപ്പിലാക്കിയതിനെ കുറിച്ചും ഇവയുടെ ആവശ്യകത എന്തായിരുന്നു എന്നതിനെക്കുറിച്ചും നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടായിരുന്നു. പക്ഷേ, ഇത്തരത്തില്‍ കുട്ടികളുടെ നിലവിലെ പഠനനിലവാരത്തെക്കുറിച്ചുള്ള വിശകലനങ്ങളിലേക്കൊന്നും റിപ്പോര്‍ട്ട് കടക്കുന്നില്ല എന്നത് ഖേദകരമാണ്.

കുട്ടികളുടെ ചിന്തയെ തൊട്ടുണര്‍ത്തുന്ന, ചോദ്യങ്ങള്‍ ഉന്നയിച്ചും ഉത്തരങ്ങള്‍ കണ്ടെത്തിയും കുട്ടികള്‍ കൂടി പങ്കാളികളാകുന്ന വളരെ ക്രിയാത്മകവും മികവുറ്റതുമായ പാഠ്യ പദ്ധതി നടപ്പാക്കിയിട്ടും പൂര്‍ണ്ണാര്‍ഥത്തില്‍ ഫലപ്രാപ്തി നേടാനാവാത്തത് എന്തുകൊണ്ടായിരുന്നു എന്നതിനെ സംബോധന ചെയ്യേണ്ടത് തന്നെയുണ്ട്. അറിവുകള്‍ പാഠപുസ്തകത്തില്‍ നിന്നും ക്ലാസ് മുറിയിലേക്കിറങ്ങി വന്ന് കുട്ടികളുടെ മനസ്സിലേക്ക് കയറി ചെല്ലുമ്പോഴാണ് പഠനാനുഭവങ്ങള്‍ ഹൃദ്യമാവുക. ഇത്തരത്തില്‍ ക്ലാസ് മുറികള്‍ ആനന്ദഭരിതമാക്കിയ വിരലിലെണ്ണാവുന്ന അധ്യാപകരെ മാത്രമേ നമുക്ക് കാണാന്‍ കഴിയുന്നുള്ളൂ. മുഴുവന്‍ അധ്യാപകരും ഈയൊരു മാറ്റത്തിന് മനസാ സന്നദ്ധമാവുകയും പാകപ്പെടുകയും ചെയ്തിരുന്നെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്ലാസ് മുറികളായി നമ്മുടെ പൊതുവിദ്യാലയങ്ങള്‍ മാറിയേനെ! നിര്‍ഭാഗ്യവശാല്‍, വിദ്യാലയങ്ങള്‍ക്കപ്പുറം സ്വകാര്യ ട്യൂഷന്‍ സെന്ററുകളെ കൂടി ആശ്രയിച്ചെങ്കിലേ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ ഗ്രഹിക്കാനാവൂയെന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു പല പൊതുവിദ്യാലയങ്ങളും. നിരന്തരം വിദ്യാഭ്യാസരംഗത്തെ പുത്തന്‍ രീതികളെ കുറിച്ച് പരിശീലനങ്ങള്‍ നല്‍കിയിരുന്നെങ്കിലും അധ്യാപനത്തോട് അഭിരുചിയും നൈപുണിയുമില്ലാത്ത ഒരു വിഭാഗം അധ്യാപകര്‍ തങ്ങളുടെ അധ്യാപനത്തിലോ സമീപനത്തിലോ യാതൊരുവിധ മാറ്റങ്ങളും വരുത്താന്‍ തയ്യാറായില്ല എന്നതാണ് വാസ്തവം. പാഠ്യ പദ്ധതി ഒരുവഴിക്കും അധ്യാപനം മറ്റൊരു വഴിക്കും സഞ്ചരിക്കുകയായിരുന്നു. നിലവിലുള്ള പരിശീലന ക്ലാസുകള്‍ക്കപ്പുറത്ത് അധ്യാപകരുടെ അധ്യാപന രീതിയെയും മൂല്യനിര്‍ണയം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.


ജോലിയില്‍ സ്ഥിരത കൈവന്നാല്‍ പിന്നീട് അശ്രദ്ധവും അലക്ഷ്യവുമായ അധ്യാപന രീതി കൈകൊള്ളുന്നത് യാതൊരു ഓഡിറ്റിങിനും വിധേയമാകാതെ നികുതിപ്പണത്തില്‍ നിന്നും മാസാമാസം വേതനം കൈപ്പറ്റാനും പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ നേടാനും നിഷ്പ്രയാസം സാധ്യമാകുന്നുവെന്നതും അധ്യാപകരുടെ അലസ മനോഭാവത്തിന് വളം വെക്കുന്നുണ്ട്. പൊതു വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ഗുണമേന്മയേറിയ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്ന് കുട്ടികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ഫീല്‍ഡ് സ്റ്റഡി നടത്തേണ്ടത് വിദ്യാഭ്യാസത്തിന്റെ ഗുണത ഉറപ്പുവരുത്തുന്ന ഘട്ടത്തില്‍ അത്യാവശ്യമാണ്.

കുട്ടികളുടെ സക്രിയമായ ഇടപെടലിലൂടെ ആശയരൂപീകരണം സാധ്യമാകാന്‍ വേണ്ടിയുള്ള സംഘ പ്രവര്‍ത്തനങ്ങള്‍ പോലും നമ്മുടെ പാഠ്യപദ്ധതി തുടര്‍ന്നുപോരുന്നുണ്ടെങ്കിലും വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രം ഗുണഭോക്താക്കളാകുന്ന വലിയൊരു വിഭാഗം കുട്ടികള്‍ നിഷ്‌ക്രിയരായി ഒഴുക്കിലൂടെ നീങ്ങുന്ന കാഴ്ചയാണ് നമ്മുടെ ക്ലാസ് മുറികളില്‍ കാണാനാവുക. നമ്മുടെ സംവിധാനങ്ങള്‍ക്കുമപ്പുറത്ത് നിലകൊള്ളുന്ന പൊതു മനോഭാവവും പൊതു സ്വീകാര്യതയും ഒരു പരിധിയോളം മാറിയ വിദ്യാഭ്യാസ രീതിയുടെ ഫലപ്രാപ്തിക്ക് വിഘ്‌നമാകുന്നുണ്ട്. സര്‍ഗാത്മകമായി ആചരിക്കാവുന്ന ദിനാചരണങ്ങള്‍ പോലും ചടങ്ങുകളായി രൂപാന്തരപ്പെടുകയും പ്രദര്‍ശനപരതക്കുള്ള സന്ദര്‍ഭങ്ങളായും മാറിയിരിക്കുന്നത് ഏറെ ലജ്ജാകരമാണ്. എല്ലാവര്‍ഷവും വേഷങ്ങള്‍ കെട്ടിച്ചും മറ്റും കൊണ്ടാടുന്ന മഹത്തായ ദിനാചരണങ്ങള്‍ കുട്ടികളുടെ മനസ്സില്‍ ആദരവിന് പകരം പരിഹാസ്യങ്ങളാണാകുന്നത്. ജ്ഞാനാര്‍ജത്തെക്കാള്‍ ഒന്നാമനാവാന്‍ മത്സരിപ്പിക്കുന്ന സമൂഹത്തിന്റെ മുമ്പില്‍ കുട്ടികളുടെ സര്‍വതല വികാസത്തെ മുന്‍നിര്‍ത്തിയുള്ള പാഠ്യപദ്ധതിയൊന്നും വിലപ്പോവില്ല. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളോടൊത്തു മത്സരിച്ച് മാസാന്ത പരീക്ഷകളായും ദിനാചരണ പ്രശ്‌നോത്തരികളായും കുട്ടികളെ നിരന്തരം പരീക്ഷയുടെ തീ ചൂളയില്‍ നിര്‍ത്തുന്ന സംസ്‌കാരം പൊതു വിദ്യാലയങ്ങളിലും വ്യാപകമായിട്ടുണ്ട്. ഓര്‍മയുടെ പുനഃപരിശോധനയല്ല യഥാര്‍ഥ വിദ്യാഭ്യാസം എന്ന് പാഠ്യപദ്ധതി നിഷ്‌കര്‍ഷിക്കുമ്പോഴും പാരമ്പര്യ പാഠ്യരീതിയെക്കാള്‍ തീവ്രമായി പല രൂപത്തിലും ഭാവത്തിലും ഓര്‍മ പരിശോധനകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ് നമ്മള്‍. ഇപ്പോഴും തുടര്‍ന്നുപോരുന്ന ഓര്‍മയ്ക്ക് പ്രാധാന്യം നല്‍കുന്ന എല്‍.എസ്.എസ്, യു.എസ്.എസ്. പരീക്ഷകള്‍ പാഠ്യപദ്ധതി മുന്നോട്ടുവെക്കുന്ന പഠനരീതിയോട് സമരസപ്പെടുന്നതല്ല. മാത്രവുമല്ല, കുട്ടികളുടെ ബാല്യകാലത്തെ, കോച്ചിംഗ് ക്ലാസുകളിലും പാഠപുസ്തകത്തിലും തളച്ചിടാന്‍ ഇവ നിര്‍ബന്ധിതമാക്കുന്നു. മറിച്ച്; എല്‍.പി തലത്തില്‍ നിന്നും യു.പി തലത്തിലേക്കും യു.പി തലത്തില്‍ നിന്നും ഹൈസ്‌കൂളിലേക്കും പ്രവേശിക്കുമ്പോള്‍ അവശ്യം വേണ്ട അറിവുകള്‍ കുട്ടി ആര്‍ജിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തി വേണ്ട പ്രതിവിധികള്‍ ആരായുന്നത് ഗുണകരമായിരിക്കും. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളോ പ്രതിവിധികളോ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എവിടെയും കാണുന്നില്ല.

സര്‍ഗാത്മകതയെ മത്സരമാക്കുമ്പോള്‍

കുട്ടികളുടെ സഹജഭാവനയും സൃഷ്ടിപരതയും സര്‍ഗാത്മകതയും സ്വാഭാവികാന്തരീക്ഷത്തില്‍ കണ്ടെത്താനും പരിപോഷിപ്പിക്കാനും കഴിയുംവിധം കലാ വിദ്യാഭ്യാസം ചിട്ടപ്പെടുത്താനും കലാ പഠനത്തെ പഠനാനുഭവമാക്കി മാറ്റാനുമുള്ള സാധ്യതകള്‍ നിലവിലെ വിദ്യാഭ്യാസ സംവിധാനത്തിനകത്ത് ഉള്‍പ്പെടുത്തണമെന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ നിര്‍ദ്ദേശം ഏറെ സ്വാഗതാര്‍ഹമാണ്. എന്നാല്‍, ക്ലാസ് മുറി യാഥാര്‍ഥ്യത്തിലേക്ക് വന്നാല്‍ നിലവില്‍ സര്‍ഗ്ഗവേള, ആര്‍ട്ട് തുടങ്ങിയ പിരീയഡുകള്‍ ഉണ്ടെങ്കിലും അവയൊന്നും തീരെ സക്രിയമാകാറില്ലയെന്നതാണ് വാസ്തവം. ദിവസത്തെ അവസാനത്തെ പിരീയഡായി ഇവയെ മാറ്റിവെക്കുകയും പോര്‍ഷന്‍ തീരാത്ത വിഷയങ്ങള്‍ക്ക് വേണ്ടി അത് ഉപയോഗപ്പെടുത്തുകയുമാണ് പല സ്‌കൂളുകളിലും പതിവ്. വിദ്യാഭ്യാസം എന്നത് കുട്ടികളുടെ എല്ലാവിധ കഴിവുകളുടെയും വികാസമാണ് എന്നതിനാല്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച കലാ പഠനത്തിന്റെ പ്രാധാന്യം പരിശീലന ക്ലാസുകളിലൂടെ അധ്യാപകരില്‍ എത്തിക്കേണ്ടതും തുടര്‍ന്നുള്ള കൃത്യമായ മോണിറ്ററിങ്ങും ഏറെ അനിവാര്യമാണ്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്ന രക്ഷാകര്‍തൃ വിദ്യാഭ്യാസത്തിലും കുട്ടികളുടെ സര്‍വതലസ്പര്‍ശിയായ വികാസത്തിന്റെ പ്രാധാന്യം ഉള്‍പ്പെടുത്തേണ്ടതുണ്ട്.

അധ്യാപകരുടെയും വിദ്യാലയങ്ങളുടെയും മറ്റും മത്സരങ്ങളോടുള്ള അഭിനിവേശവും വിദ്യാര്‍ഥികളുടെ ശേഷികളെ കെടുത്തുന്നതാണ്. കുട്ടികളുടെ വൈവിധ്യമാര്‍ന്ന കഴിവുകള്‍ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടിടത്ത് കുട്ടി പ്രകടമാക്കുന്ന കഴിവിനെ (ഏതൊരു കലയെയും) മത്സരാധിഷ്ഠിതമായി വിലയിരുത്തുകയും പിന്നിലേക്ക് മാറ്റി നിര്‍ത്തുകയും ചെയ്യുമ്പോള്‍ അവരിലെ ആത്മവിശ്വാസത്തെ തകര്‍ക്കുകയും തന്നിലെ സര്‍ഗാത്മകതയില്‍നിന്നും സ്വയം ഉള്‍വലിയാനുള്ള പ്രേരണയുമാണ് ചൊലുത്തുക. ഇവിടെയാണ് നിലവിലെ കലോത്സവങ്ങളെയും മറ്റും കുട്ടിയിലെ വൈകാരിക വികാസത്തെ ഉത്തേജിപ്പിക്കുന്നതും സൗന്ദര്യാത്മകവും പ്രകടനാത്മകവും സര്‍ഗാത്മകവുമായ കഴിവിനെ പരിപോഷിപ്പിക്കുന്നതുമായ രീതിയില്‍ പരിവര്‍ത്തിപ്പിക്കേണ്ടതിന്റെ ആവശ്യകത. ഇതിന് പരിഹാരമായി ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്ന പ്രതിവിധി പ്രൈമറി തലത്തില്‍ ജനകീയ വിദ്യാഭ്യാസ ഉത്സവമാക്കി പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി തലങ്ങളില്‍ അവസാനിപ്പിക്കാനും സെക്കന്‍ഡറിയുടേത് റവന്യൂ ജില്ല ഉത്സവത്തോടെ അവസാനിപ്പിക്കാനുമാണ്. ഇത്തരത്തിലുള്ള തീരുമാനത്തിന് മുഖ്യകാരണമായി പറയുന്നതാകട്ടെ റവന്യൂ ജില്ലാതലം വരെയുള്ള കലോത്സവങ്ങളില്‍ സാമ്പത്തികമായ ജനകീയ പങ്കാളിത്തം ഉണ്ടെന്നും തുടര്‍ന്നങ്ങോട്ടുള്ളത് ഉദ്യോഗസ്ഥ കേന്ദ്രീകൃതമാണ് എന്നതുമാണ്. മറിച്ച് സര്‍ഗാത്മകത പരിപോഷിപ്പിക്കാനുള്ള പരിഹാരമല്ല റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിലെ സാമ്പത്തിക ബാധ്യതകളില്‍ നിന്നുമുള്ള സ്റ്റേറ്റിന്റെ ഇത്തരത്തിലുള്ള പതിയെയുള്ള പിന്‍വാങ്ങലിനെ സ്വാധീനിക്കുന്നത് സ്വതന്ത്ര വിപണികളും പരിമിതമായ സര്‍ക്കാര്‍ ഇടപെടലുകളും സാമൂഹിക ക്ഷേമ മേഖലകളില്‍ നിന്നുള്ള സര്‍ക്കാറിന്റെ പിന്മാറ്റവും സാമ്പത്തിക വളര്‍ച്ചയുടെ അസ്ഥിവാരങ്ങളായി ഗണിക്കുന്ന നവ ലിബറല്‍ വ്യവസ്ഥയുടെ ആന്തോളനങ്ങളാണോ എന്ന സംശയമുണര്‍ത്തുന്നു.

ശാസ്ത്ര-ഭാഷാ പഠനം

ഭാഷാ പഠനം (മാതൃഭാഷ -ഇതരഭാഷ), ശാസ്ത്ര പഠനം സാമൂഹ്യശാസ്ത്രം, ഗണിതം, തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസം, ആരോഗ്യ കായിക പഠനം, കലാപഠനം, ഐ.സി.ടി. സഹായക വിദ്യാഭ്യാസം എന്നിവയിലെ വിഷയ സമീപനങ്ങള്‍ എങ്ങനെയായിരിക്കണം എന്ന് റിപ്പോര്‍ട്ട് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍, ക്ലാസ്മുറി യാഥാര്‍ഥ്യങ്ങളോട് സംവദിക്കാനോ പിഴവുകള്‍ യഥോചിതം വിലയിരുത്തുന്നതിനോ റിപ്പോര്‍ട്ട് മുതിരുന്നില്ല. ശാസ്ത്രാവബോധവും ശാസ്ത്രത്തിന്റെ രീതിയും ശാസ്ത്രീയചിന്തയും യുക്തി ബോധവും വളര്‍ത്താന്‍ കഴിയുംവിധം ശാസ്ത്രപഠനത്തെ പരിവര്‍ത്തിക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുമ്പോഴും നിലവിലെ ശാസ്ത്ര പഠനത്തിന്റെ ഗതി എന്താണെന്ന ഫീല്‍ഡ് സ്റ്റഡി നടത്തിയിട്ടില്ല എന്നത് ഏറെ ഖേദകരമാണ്. ഹൈസ്‌കൂള്‍ ക്ലാസുകളിലെ രസതന്ത്രം ഭൗതികശാസ്ത്രം എന്നീ വിഷയങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ട് പിരിയഡുകള്‍ മാത്രം അനുവദിച്ചിട്ടുള്ള സംവിധാനത്തിനകത്ത് നിന്നുകൊണ്ട് എങ്ങനെയാണ് അധ്യാപകര്‍ക്ക് ശാസ്ത്രപഠനം ജീവിതഗന്ധിയും പരിസരബന്ധിയും പ്രക്രിയാടിസ്ഥാനത്തിലുള്ളതുമാക്കാന്‍ കഴിയുക. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഗുണപരമായ പുരോഗതി കൈവരിക്കുന്നതിനും അതോടൊപ്പം ദേശീയ- സംസ്ഥാന-ജില്ലാ ക്ലാസ്‌റൂം തലങ്ങളില്‍ വിദ്യാഭ്യാസ നയം ആസൂത്രണം ചെയ്യുന്നതിലേക്കും ആവിഷ്‌കരിക്കുന്നതിലേക്കും നയിക്കുന്നതുമായ നാഷ്ണല്‍ അച്ചീവ്‌മെന്റ് സര്‍വ്വേ (NAS)പരീക്ഷകളില്‍ കേരളം ഇപ്പോള്‍ പിറകിലാണ്. മറ്റു വിഷയങ്ങളെ അപേക്ഷിച്ച് വെയിറ്റേജ് കൂടുതലുള്ള ശാസ്ത്ര വിഷയങ്ങളിലാണ് കുട്ടികള്‍ ഏറെ പിറകില്‍ നില്‍ക്കുന്നതും. എന്നിട്ടും മറ്റു വിഷയങ്ങള്‍ക്കുള്ള അധ്യയന സമയം ശാസ്ത്ര വിഷയങ്ങള്‍ക്ക് അനുവദിക്കാത്ത ഈ ഋണാത്മക സമീപനം അപലപനീയമാണ്.

മാതൃഭാഷ പഠിച്ച് ജീവിതം കളയാതെ ഇംഗ്ലീഷ് സംസാരിച്ച് സൗഭാഗ്യത്തെ പുല്‍കാന്‍ വെമ്പുന്ന വര്‍ധിത സമൂഹമാണ് നമുക്കുചുറ്റും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പോലും ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇവിടെയാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്ന മാതൃഭാഷ പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചര്‍ച്ച ഏറെ പ്രസക്തമാകുന്നത്. കുട്ടികളിലെ പഠന മികവിനെ വിലയിരുത്തുന്ന അന്തര്‍ദേശീയ പഠനമായ പിസയില്‍ (Problem for International Student Assessment) മുന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങളിലെല്ലാം ബോധന മാധ്യമം മാതൃഭാഷയാണെന്നത് ഏറെ ശ്രദ്ധേയമാണ്. നമ്മള്‍ ചിന്തിക്കുന്നത് മാതൃഭാഷയിലായതിനാല്‍ പന്ത്രണ്ട് വയസ്സ് വരെ ബോധനമാധ്യമം മാതൃഭാഷയാകുന്നത് കുട്ടികളിലെ അപഗ്രഥന ശേഷിയും (analytical skill) പ്രശ്‌നപരിഹാര ശേഷിയും (solving skill) വര്‍ധിപ്പിക്കുമെന്ന് പഠനങ്ങളും പറയുന്നു. സെക്കന്‍ഡ് ലാംഗ്വേജ് (ഇംഗ്ലീഷ്) ബോധനമാധ്യമാക്കുന്നത് ഉയര്‍ന്ന ബഹുഭാഷാ സിദ്ധി നേടാന്‍ സഹായകമാകുമെന്ന പഠനങ്ങളും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ഈ രണ്ടു സിദ്ധികളും സമന്വയിപ്പിക്കുന്ന വിധത്തിലാണ് നമ്മുടെ കേരളീയ പരിസരത്ത് മാതൃഭാഷാ പഠനത്തോടൊപ്പം മറ്റു ബഹുഭാഷകളും പഠിപ്പിക്കുന്ന രീതി പൊതുവേ സ്വീകരിച്ചുപോന്നിട്ടുള്ളത്. സമകാലിക ലോകത്ത് വൈജ്ഞാനിക മണ്ഡലത്തിലെ വിവരങ്ങളുടെ സഞ്ചയത്തെ ഉള്‍ക്കൊള്ളാനും വ്യാഖ്യാനിക്കാനും ഇംഗ്ലീഷ് ഭാഷാശേഷി വികസിപ്പിക്കേണ്ടതിന്റെ പ്രസക്തി ഉള്‍ക്കൊണ്ട് റഫറല്‍ ഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ് ഭാഷ പഠനം പ്രത്യേകം കാര്യക്ഷമമാക്കാന്‍ കഴിയേണ്ടതിനെ റിപ്പോര്‍ട്ട് പ്രത്യേകം അടിവരയിടുന്നു.

പന്ത്രണ്ടാം ക്ലാസ് വരെ തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസം ഉള്‍പ്പെടുത്തണമെന്ന് പറയുന്ന റിപ്പോര്‍ട്ട് നിലവിലെ ഹയര്‍സെക്കന്‍ഡറിയിലെ നാലു കോര്‍ വിഷയങ്ങള്‍ എന്നുള്ളത് മൂന്നാക്കി ചുരുക്കണമെന്നുള്ള ഗൗരവ ആലോചനകളും പങ്കുവെക്കുന്നുണ്ട്. വിഷയാടിസ്ഥാനത്തിലുള്ള ആഴത്തിലുള്ള പഠനങ്ങള്‍ നടക്കുന്ന ഉന്നത വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ശിലയായി വര്‍ത്തിക്കുന്ന ഹയര്‍ സെക്കന്‍ഡറിയില്‍ നിന്നും ഒരു കോര്‍ വിഷയം പഠനഭാരത്തിന്റെ പേരില്‍ കുറക്കുന്നത് അക്കാദമികമായി ഭൂഷണമാണോ എന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ബോധന മാധ്യമം മാതൃഭാഷയാക്കുന്നതിന്റെ പ്രാധാന്യം എടുത്തുപറയുമ്പോള്‍ ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള മുഴുവന്‍ സ്‌കൂള്‍ കാലഘട്ടത്തിലും ഇത് നടപ്പില്‍ വരുത്തണമെന്നുകൂടെ റിപ്പോര്‍ട്ട് ശഠിക്കുന്നത് കാണാം. നിലവില്‍ നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ ഹയര്‍സെക്കന്‍ഡറിയിലും തുടര്‍ന്നുള്ള ഉന്നത വിദ്യാഭ്യാസ മേഖലയിലും ബോധനമാധ്യമം ഇംഗ്ലീഷാണ്. മാതൃഭാഷാ ബോധനമാധ്യമത്തിലൂടെ കടന്നുവന്ന കുട്ടികള്‍ പൊടുന്നനെയുള്ള ഈ ബോധനമാധ്യമ മാറ്റത്തില്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്. പത്തുവര്‍ഷത്തോളം ഇംഗ്ലീഷ് എന്ന ഭാഷ പ്രത്യേകം പഠിച്ചിട്ടും ആ ഭാഷയോട് താദാത്മ്യപ്പെടാന്‍ കഴിയാതെ വരുന്നുണ്ടെങ്കില്‍ നമ്മുടെ നിലവിലെ ഇംഗ്ലീഷ് ഭാഷ പഠനരീതിയില്‍ മാറ്റങ്ങള്‍ കൈകൊള്ളേണ്ടതുണ്ട്. എന്നാല്‍, എഴുത്ത് വായന, സംസാരം, കേള്‍വി എന്നിവയെ യെല്ലാം പോഷിപ്പിക്കുന്ന വിധത്തില്‍ തന്നെയാണ് നമ്മുടെ പാഠപുസ്തകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് കാണാം. പക്ഷേ, ക്ലാസ് മുറികളില്‍ പരീക്ഷയ്ക്ക് വേണ്ടി പാഠങ്ങള്‍ എടുത്തു തീര്‍ക്കുക എന്നതല്ലാതെ ഇത്തരം സിദ്ധികള്‍ ഉള്‍ക്കൊള്ളുന്ന പഠനപ്രവര്‍ത്തനങ്ങള്‍ക്കൊന്നും പ്രാധാന്യം കൊടുക്കാതെ അലക്ഷ്യമായി മുന്നോട്ടു പോകുകയാണ്.

അതേസമയം പൊതുവിദ്യാലയങ്ങളില്‍ നിലവില്‍ തുടര്‍ന്നു പോരുന്ന ഇംഗ്ലീഷ് ബോധന മാധ്യമത്തിലൂടെയുള്ള പഠന രീതിയില്‍ മറ്റു സിലബസുകള്‍ പിന്തുടരുന്ന കുട്ടികളെ പോലെ ബഹുഭാഷാ സിദ്ധി കൈവരിക്കുന്നുണ്ടോ എന്നതും പഠനവിധേയമാകേണ്ടതുണ്ട്. ബദല്‍ വിദ്യാഭ്യാസ സംവിധാനങ്ങളായ കനവ്, സാരംഗ് എന്നിവയിലെ കുട്ടികളടക്കം ഒഴുക്കോടെ അനായാസം ഇതര ഭാഷാഭാഷണങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ നമ്മുടെ പൊതു വിദ്യാലയത്തിലെ കുട്ടികളെയും ഇത്തരത്തില്‍ ഉയര്‍ത്തി കൊണ്ടുവരാനുള്ള മാര്‍ഗങ്ങള്‍ ആരായുകയും നിലവിലെ പാഠ്യരീതിയുടെ താളപ്പിഴകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്.

തൊഴിലധിഷഠിത വിദ്യാഭ്യാസത്തിന്റെ ഗുണങ്ങളും കാണാപ്പുറങ്ങളും

വിദ്യാഭ്യാസത്തെ സ്വാശ്രയത്വത്തിലേക്കുള്ള വഴിയായി കണ്ട ഗാന്ധിയന്‍ വിദ്യാഭ്യാസ പദ്ധതിയും ശാന്തിനികേതന്‍, വിശ്വഭാരതി തുടങ്ങിയ ടാഗോറിന്റെ വിദ്യാഭ്യാസ സമ്പ്രദായവും നമുക്ക് ഉത്തമ മാതൃകകളായി ഉണ്ടായിരുന്നുവെങ്കിലും ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ പുസ്തകത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ രീതി തന്നെയാണ് നമ്മള്‍ കാലമിത്രയും പിന്തുടര്‍ന്ന് പോന്നിരുന്നത്. ജീവിതായോധന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ആത്മവിശ്വാസവും അറിവും നൈപുണിയും വികസിപ്പിക്കാനുതകുംവിധം തൊഴിലിടങ്ങള്‍ പഠനപ്രക്രിയകളുടെയും പഠനപ്രവര്‍ത്തനങ്ങളുടെയും ഇടമായി മാറേണ്ടതിനെ കുറിച്ച് ഊന്നി പറയുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്തരുണത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. പ്രൈമറി-സെക്കന്‍ഡറി ഘട്ടങ്ങളില്‍ പ്രായത്തിനനുഗുണമായി തൊഴില്‍ വിദ്യാഭ്യാസത്തെ ഉദ്ഗ്രഥിക്കുക, വിദ്യാര്‍ഥി സംരംഭകത്വത്തെ പഠനകാലത്ത് തന്നെ പ്രോത്സാഹിപ്പിക്കുക, തൊഴില്‍ വിദഗ്ധരെയും പണിശാലകളെയും വിദ്യാലയങ്ങളുമായി ബന്ധിപ്പിക്കുക, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് തൊഴിലധിഷ്ഠിത പഠന പ്രവര്‍ത്തനങ്ങള്‍ നല്‍കുക എന്നു തുടങ്ങിയുള്ള പരിവര്‍ത്തനങ്ങളിലൂടെ നമ്മുടെ സ്‌കൂള്‍ സങ്കല്‍പ്പനത്തെ മാറ്റിയെഴുതേണ്ടതിനെക്കുറിച്ചും റിപ്പോര്‍ട്ട് പറയുന്നു. പന്ത്രണ്ടാം ക്ലാസ് വരെ തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസം ഉള്‍പ്പെടുത്തണമെന്ന് പറയുന്ന റിപ്പോര്‍ട്ട് നിലവിലെ ഹയര്‍സെക്കന്‍ഡറിയിലെ നാലു കോര്‍ വിഷയങ്ങള്‍ എന്നുള്ളത് മൂന്നാക്കി ചുരുക്കണമെന്നുള്ള ഗൗരവ ആലോചനകളും പങ്കുവെക്കുന്നുണ്ട്. വിഷയാടിസ്ഥാനത്തിലുള്ള ആഴത്തിലുള്ള പഠനങ്ങള്‍ നടക്കുന്ന ഉന്നത വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ശിലയായി വര്‍ത്തിക്കുന്ന ഹയര്‍ സെക്കന്‍ഡറിയില്‍ നിന്നും ഒരു കോര്‍ വിഷയം പഠനഭാരത്തിന്റെ പേരില്‍ കുറക്കുന്നത് അക്കാദമികമായി ഭൂഷണമാണോ എന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമുണ്ടെങ്കിലും ഈ ഉത്തരാധുനിക ലോകക്രമത്തില്‍ ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും നമുക്കൊന്ന് ചൂഴ്ന്നു നോക്കാം. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ദേശീയ വിദ്യാഭ്യാസ നയത്തെ വിശകലനം ചെയ്യുന്നിടത്ത് (പേജ് 174 ഖണ്ഡിക q) നമ്മുടെ വിദ്യാഭ്യാസ നയത്തെ ആഗോള മുതലാളിത്ത താല്‍പര്യങ്ങള്‍ സ്വാധീനിച്ചതിനെ കുറിച്ച് പ്രസ്താവിക്കുന്നുണ്ട്. അതായത്, ഉദാരവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും മാറ്റൊലികള്‍ ലോകത്ത് പലയിടത്തും പ്രകടമായി തുടങ്ങുകയും ഇത്തരം മാറ്റങ്ങള്‍ക്കനുനുസൃതമാകും വിധം വിദ്യാഭ്യാസനയത്തില്‍ മാറ്റം ഉണ്ടാകുകയും അതിന്റെ ഭാഗമായി ആഗോള നയങ്ങള്‍ക്ക് സഹായകമായ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്ന ദേശീയ വിദ്യാഭ്യാസ നയം 1986 ല്‍ രൂപീകൃതമായും ചെയ്തിരുന്നതിനെ സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് പങ്കുവെക്കുന്നു. മൂന്നാം ലോക രാജ്യങ്ങളിലെ വിദ്യാഭ്യാസ മേഖലയില്‍ പിടിമുറുക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങുന്നത് അതിനുംമുമ്പ്, 1980ല്‍ പാരീസില്‍ ചേര്‍ന്ന യുനെസ്‌കോയുടെ ജനറല്‍ സമ്മേളനത്തിലാണ്. അടുത്ത രണ്ട് പതിറ്റാണ്ടിലെ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം എന്തായിരിക്കണമെന്ന് അന്നേ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പിന്നീട് 1990ല്‍ തായ്ലന്‍ഡില്‍ ഐ.എം.എഫി.ന്റെയും ലോക ബാങ്കിന്റെയും സ്‌പോണ്‍സര്‍ഷിപ്പില്‍ യുനെസ്‌കോ വിളിച്ചുചേര്‍ത്ത ലോക വിദ്യാഭ്യാസ സമ്മേളനത്തില്‍ ആഗോള വിദ്യാഭ്യാസം ക്രമപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ നടക്കുകയും ഇതേ ഐ.എം.എഫും ലോകബാങ്കും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് സ്ട്രക്ച്ചറല്‍ അഡ്ജസ്റ്റ്‌മെന്റ് പ്രോഗ്രാമിലൂടെ വായ്പകള്‍ നല്‍കുകയും ചെയ്തു. ആഗോള ശക്തികളില്‍ നിന്നും വ്യവസ്ഥകള്‍ക്കനുസൃതമായി വായ്പകള്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് നമ്മുടെ വിദ്യാഭ്യാസ രംഗത്തും കാതലായ അഴിച്ചുപണികള്‍ ദൃശ്യമായത്. അതിനാല്‍ വികസ്വര-അവികസിത രാജ്യങ്ങളില്‍ നിന്നും തൊഴില്‍ സേനയെ സൃഷ്ടിക്കാനുള്ള മുതലാളിത്തത്തിന്റെ ഒളിയജണ്ടകള്‍ക്ക് നമ്മുടെ പുതിയ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വഴിമരുന്നാകുമോ എന്ന ജാഗ്രത നമ്മള്‍ കൈക്കൊള്ളേണ്ടതുണ്ട്. മുതലാളിത്ത അപ്പോസ്തലന്മാരുടെ സ്വാധീനശക്തി ഇപ്പോഴത്തെ ദേശീയ-സംസ്ഥാന വിദ്യാഭ്യാസ നയങ്ങളുടെ പിന്നണിയിലും സജീവമാണോ എന്നും നമ്മള്‍ പൗരന്മാര്‍ അന്വേഷിക്കേണ്ടതുണ്ട്.

അതേസമയം, ജപ്പാനിലെ റ്റോമോ വിദ്യാലയം, നമ്മുടെ നാട്ടിലെ തന്നെ സാരംഗ്, കനവ് എന്നിവിടങ്ങളിലെല്ലാം തയ്യല്‍, പാചകം, കൃഷി എന്ന് തുടങ്ങി ഒരു വ്യക്തിക്ക് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട തൊഴിലുകളെല്ലാം വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തുകയും അതിന് കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്ത മാതൃകകള്‍ നമുക്കു മുമ്പിലുണ്ട്. അത്തരത്തില്‍ വിജയകരമായി നമുക്കും ഈ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രയോഗവത്കരിക്കാന്‍ കഴിയുകയാണെങ്കില്‍ സ്വയംപര്യാപ്തതയുള്ള ഒരു തലമുറയെ സൃഷ്ടിക്കാനാവും. ദൗര്‍ഭാഗ്യവശാല്‍, നമ്മുടെ കരിക്കുലത്തില്‍ ഇത്തരം നൂതനാശയങ്ങളെല്ലാം പാഠപുസ്തകത്തില്‍ ഒതുങ്ങുകയും പരീക്ഷയ്ക്ക് വേണ്ടി മാത്രമായി ചുരുങ്ങിപ്പോകുന്നതുമാണ് നാളിതുവരെയുള്ള അനുഭവ യാഥാര്‍ഥ്യം. തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിനും പുതിയ പാഠപുസ്തകങ്ങള്‍ വന്നിട്ടുണ്ട്. ഇവ അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകമായി മാത്രം ഒതുങ്ങുകയും തൊഴില്‍ സാഹചര്യങ്ങളിലേക്കിറങ്ങിച്ചെന്ന് പ്രായോഗിക നൈപുണികള്‍ക്ക് സാക്ഷിയാക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഉദ്ദേശിക്കുന്ന തരത്തില്‍ തൊഴിലിനോടുള്ള ധനാത്മക മനോഭാവം കുട്ടികളില്‍ വളര്‍ത്തിയെടുക്കാനാവൂ.

പി.എസ്.സിക്ക് വിടുന്ന എയ്ഡഡ് അധ്യാപക നിയമനം

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അധ്യാപന അഭിരുചിയുള്ളവരെ കണ്ടെത്തി ഏറ്റവും മികച്ച അധ്യാപകരെ ഉറപ്പുവരുത്തുക എന്നതിന്റെ പ്രാധാന്യം കണക്കിലെടുത്ത് സാമൂഹിക നീതി ഉറപ്പുവരുത്താന്‍ എയ്ഡഡ് സ്‌കൂളുകളടക്കമുള്ള സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മുഴുവന്‍ വിദ്യാലയങ്ങളിലെയും അധ്യാപക നിയമനം പി.എസ്.സിക്ക് വിടേണ്ടതിനെ ചൊല്ലിയുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അഭിനന്ദനമര്‍ഹിക്കുന്നു. ആളുകളെ അരിച്ച് ഒഴിവാക്കാനുള്ള യാന്ത്രിക പരീക്ഷയായ ഒഎംആര്‍ പരീക്ഷകള്‍ വഴി യഥാര്‍ഥ അഭിരുചിയുള്ളവരെ കണ്ടെത്താനാവില്ലായെന്ന തിരിച്ചറിവില്‍ അധ്യാപക നിയമനത്തിനായി പ്രത്യേക ബോര്‍ഡ് -Teacher Recruitment Board-രൂപീകരിക്കേണ്ടതിന്റെ സാധ്യതയെകുറിച്ചുള്ള റിപ്പോര്‍ട്ടിലെ പരാമര്‍ശവും ഏറെ സ്വാഗതാര്‍ഹമാണ്.

വിദ്യാലയങ്ങളിലെ കുട്ടികളിലെ അവസരതുല്യതയോളം തന്നെ പ്രധാനമാണ് അധ്യാപന പരിശീലനം കഴിഞ്ഞ് ജോലി തേടുന്നവരുടെ അവസരസമത്വവും. ആറര പതിറ്റാണ്ടിനപ്പുറം ഒരു സര്‍ക്കാറിന്റെ പതനത്തിന് വഴിയൊരുക്കിയ കാരണങ്ങളിലൊന്നായ വ്യവസ്ഥക്ക് സമാനമായ നിര്‍ദേശമാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചിരിക്കുന്നതും. അതിനാല്‍ ഏതു വിധേനയും ഇത് നടപ്പാക്കേണ്ടതാണ്. ദലിത്-പിന്നാക്ക സംഘടനകള്‍ ഉള്‍പ്പെടെ പൊതുസമൂഹത്തിന്റെ ശക്തമായ ആവശ്യം ഈ വിഷയത്തില്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും സാമുദായിക സംഘടനകളുടെ പിന്‍ബലമുള്ള കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകളുടെ എതിര്‍പ്പിനെ മറികടന്ന് ഇത് പ്രായോഗികപഥത്തില്‍ കൊണ്ടുവരാന്‍ മാത്രം ആര്‍ജവം നമ്മുടെ സര്‍ക്കാറിന് ഉണ്ടാവുമോ? ലക്ഷങ്ങള്‍ കോഴ നല്‍കി (യുപി സ്‌കൂളുകളിലേക്ക് പോലും 30 മുതല്‍ 50 ലക്ഷം വരെ, ഹയര്‍സെക്കന്‍ഡറിയില്‍ എത്തുമ്പോഴേക്കും ഒരു കോടിയും) അധര്‍മത്തിന്റെ ആഴിയില്‍ മുങ്ങിക്കുളിച്ചെഴുന്നേറ്റ ശേഷം മാത്രമേ എയ്ഡഡ് സ്‌കൂളുകളില്‍ കുഞ്ഞുങ്ങള്‍ക്ക് നേരും നെറിയും പകര്‍ന്നു കൊടുക്കേണ്ട മഹത്തായ അധ്യാപനവൃത്തിയില്‍ അധ്യാപകര്‍ക്ക് പ്രവേശിക്കാനാവൂ എന്ന ഗതികേടിന് വിരാമമിടാന്‍ ഇനിയും സര്‍ക്കാര്‍ തുനിഞ്ഞില്ലെങ്കില്‍ പൊതുവിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനായി പൊതുഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ ചെലവിട്ട് വഴിപാട് പോലെ എന്തിനാണ് ഇത്തരം കമ്മിറ്റികള്‍ രൂപീകരിക്കുന്നത് എന്ന് പുനരാലോചിച്ചേ മതിയാവൂ. കേരളത്തിലെ 6324 സര്‍ക്കാര്‍ സ്‌കൂളുകളും 8339 എയ്ഡഡ് സ്‌കൂളുകളും (ഡി.പി.ഐ. സ്റ്റാറ്റിസ്റ്റിക്‌സ്, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്) ചേര്‍ന്നതാണ് നമ്മുടെ പൊതുവിദ്യാലയങ്ങളെന്നിരിക്കെ പാതിയിലധികംപേരും എയ്ഡഡ് വിദ്യാലയങ്ങളിലൂടെ മുഖ്യമായും സമ്പത്തിന്റെ മാനദണ്ഡത്തില്‍ അധ്യാപകരാകുമ്പോള്‍ പ്രത്യേകിച്ചും. മാത്രവുമല്ല സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന തസ്തികകള്‍ ഉപയോഗിച്ച് ലക്ഷങ്ങളും കോടികളും എണ്ണിവാങ്ങുന്ന കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകള്‍ തങ്ങളുടെ സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ എത്രത്തോളം ഒരുക്കുന്നുണ്ടെന്നതിനെക്കുറിച്ചുള്ള പരിശോധനകള്‍ കൃത്യമായി നടക്കുന്നുണ്ടോ എന്നതും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. കാരണം, നാലുവശവും ചുമരുകള്‍ കൊണ്ട് തീര്‍ത്ത ക്ലാസ് മുറികള്‍ക്ക് പകരം ബോര്‍ഡുകള്‍ കൊണ്ട് വേര്‍തിരിച്ച ഹാളുകള്‍ ക്ലാസ് മുറികളാക്കി പഠിക്കുന്ന കുട്ടികളുടെ ദയനീയാവസ്ഥ ഇപ്പോഴും കേരളത്തിലെ പല പൊതുവിദ്യാലയങ്ങളിലുമുണ്ട്. ശബ്ദമുഖരിതമായ ഇടങ്ങളില്‍നിന്നും വര്‍ഷങ്ങളോളം പഠിക്കേണ്ടിവരുന്ന, അടിസ്ഥാന സൗകര്യങ്ങള്‍ പോലും യഥോചിതം ലഭ്യമാവാത്ത കുട്ടികളുടെ പ്രയാസങ്ങളൊന്നും പരിഗണനയിലെടുക്കാതെ അഞ്ചാറു വര്‍ഷത്തോളം നീണ്ട കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഗുണതാ വിദ്യാഭ്യാസത്തിനു വേണ്ടിയാണെന്ന് വാദിക്കുന്നത് എന്തൊരാഭാസമാണ്.

നമ്മുടെ വിദ്യാലയങ്ങള്‍ എത്രത്തോളം ഭിന്നശേഷി സൗഹൃദമാകും?

പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം എന്ന കാഴ്ചപ്പാടിലൂന്നി കുട്ടികള്‍ക്കുണ്ടാകുന്ന എല്ലാവിധ പരിമിതികളും ലഘൂകരിക്കാനും മെച്ചപ്പെട്ട ജീവിതത്തിലേക്ക് അവരെ നയിക്കാനും പര്യാപ്തമാക്കുന്ന ഉള്‍ച്ചേരല്‍ വിദ്യാഭ്യാസം (Inclusive education) , തീവ്രപരിചരണം ആവശ്യമുള്ളവര്‍ക്കായുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ എന്നതിനെ സംബന്ധിച്ചെല്ലാം ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങള്‍ ഏറെയുണ്ടെങ്കിലും വ്യക്തിഗത പരിഗണനക്കുവേണ്ടി ഏറെ ശ്രദ്ധ ആവശ്യമുള്ള ഭിന്നശേഷിക്കാരെ അറിയുന്ന അധ്യാപകരുടെ സേവനം ആഴ്ചയില്‍ അഞ്ചുദിവസവും അവര്‍ക്ക് ലഭ്യമാകുന്നുണ്ടോ, ഈ അധ്യാപകര്‍ക്കുമേല്‍ ബി.ആര്‍.സികളിലെ മറ്റു പല ജോലികളും ചുമത്തപ്പെടുമ്പോള്‍ ഭിന്നശേഷിക്കാരുടെ മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടുന്നുണ്ടോ സ്ഥിര നിയമനമല്ലാത്തതും ആഴ്ചയില്‍ ചുരുങ്ങിയ ദിവസങ്ങളില്‍ മാത്രം (പല സ്‌കൂളുകളിലും ആഴ്ചയില്‍ രണ്ടുദിവസം മാത്രം) സേവനം ലഭ്യമാക്കുകയും ചെയ്യുമ്പോള്‍ ഈ ദുര്‍ബല വിഭാഗം നേരിടുന്ന അക്കാദമിക പ്രശ്‌നങ്ങള്‍ എന്തൊക്കെ, ഭിന്നശേഷിക്കാരെ പഠിപ്പിക്കുന്നതിനുള്ള പ്രത്യേക ക്ലാസ് മുറികളുണ്ടോ എന്നിങ്ങനെയുള്ള മൗലികപ്രശ്‌നങ്ങളിലേക്കൊന്നും റിപ്പോര്‍ട്ട് കടന്നു ചെല്ലുന്നില്ല എന്നത് ഖേദകരമാണ്.

സാലറി വെട്ടി കുറച്ചതിലും ശമ്പളം നല്‍കാത്തതിലും പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിലും പരിപാടികളുടെ അധിക്യം കൊണ്ട് നിലവിലുള്ള സ്‌കൂളില്‍ പോലും കൃത്യമായി ജോലി ചെയ്യാന്‍ പറ്റാത്തതിലും അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റമുണ്ടാവുമെന്ന ഭീഷണിക്കെതിരിലും സ്ഥിര നിയമനത്തിനു വേണ്ടിയുമെല്ലാം സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ തെരുവിലിറങ്ങി സമരം ചെയ്യുമ്പോള്‍ ഇതിന്റെയെല്ലാം ആത്യന്തിക ഗുണഭോക്താക്കള്‍ ഭിന്നശേഷിക്കാരാണെന്ന നേരറിവില്‍ ഇത്തരം കാര്യങ്ങളിലേക്കുള്ള നടപടികളിലേക്ക് സര്‍ക്കാറിനെ കൈപ്പിടിച്ചു കൊണ്ടുവരാന്‍ ഇനി പ്രത്യേക കമ്മിറ്റി വേണ്ടിവരുമോ?

കൗണ്‍സലിംഗ് തസ്തിക സ്‌കൂളുകളില്‍ വേണ്ടെന്നോ?

കുട്ടികളുടെ വൈകാരികവും മാനസികവും വൈചാരികവുമായ പിന്തുണ സ്‌കൂള്‍ ഘട്ടത്തില്‍ അനിവാര്യമാണെന്നതിനാല്‍ കുട്ടികള്‍ക്ക് നിര്‍ഭയമായി എല്ലാ കാര്യങ്ങളും സംവദിക്കാന്‍ കഴിയുംവിധം അധ്യാപകര്‍ സ്വയം സജ്ജരാകേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം അധ്യാപകര്‍ക്ക് ബദലായി കൗണ്‍സിലര്‍മാര്‍ എന്ന രീതി നിരുത്സാഹപ്പെടുത്തണമെന്നും അധ്യാപകര്‍ക്ക് അഭിമുഖീകരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ സമീപിക്കാന്‍ പറ്റുന്ന റഫറല്‍ സംവിധാനമായി മാത്രം പ്രത്യേക പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാര്‍ വേണ്ടതുള്ളൂ എന്നും റിപ്പോര്‍ട്ട് തെര്യപ്പെടുത്തുന്നു. മാത്രവുമല്ല, കൗണ്‍സിലര്‍മാരെ സ്‌കൂളുകളില്‍ നിയമിക്കുന്ന സ്ഥിതി ഉണ്ടാകേണ്ടതില്ല എന്നുകൂടെ ശുപാര്‍ശ ചെയ്യുന്നത് കാണാം. ജനസംഖ്യ വളര്‍ച്ചയെക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥി ആത്മഹത്യാ നിരക്ക് രാജ്യത്ത് വര്‍ധിച്ചു വരുന്ന (നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ റിപ്പോര്‍ട്ട്) സന്ദര്‍ഭത്തില്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാനസികാരോഗ്യ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ കൗണ്‍സിലര്‍മാരുടെ സേവനം നിര്‍ബന്ധമാക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുമ്പോഴാണിത്. എന്നുമാത്രമല്ല, ഉന്നത പഠനം നേടിയശേഷം തൊഴില്‍രഹിതരായി അലയുന്ന നമ്മുടെ യുവതയ്ക്കുള്ള ജോലി സാധ്യത എന്ന അര്‍ഥത്തിലും സ്‌കൂള്‍ കൗണ്‍സിലിംഗിനെ പരിഗണിക്കാവുന്നതായിരുന്നു.

പഠനസമയമാറ്റത്തിന്റെ പ്രായോഗികത

ഗുണതാമാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസത്തെ സമീപിക്കുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിലവിലെ പഠനസമയ മാറ്റത്തിന്റെ അനിവാര്യതയെ സംബന്ധിച്ച വാദങ്ങള്‍ മുന്നോട്ടുവെക്കാന്‍ മറക്കുന്നില്ല. കാലത്ത് എട്ട് മണി മുതല്‍ ഒരു മണി വരെയുള്ള സമയം പഠനത്തിനായും രണ്ടു മണി മുതല്‍ നാല് മണി വരെ തൊഴില്‍ വിദ്യാഭ്യാസം, അന്വേഷണ പ്രവര്‍ത്തനങ്ങള്‍, ലൈബ്രറി വിനിയോഗം എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനുമാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. കൂടാതെ വായനക്കും സംഘപഠനത്തിനും പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കുമായി ശനിയാഴ്ചകളെ സ്വതന്ത്ര ദിനമായി മാറ്റാനുമുള്ള നിര്‍ദേശങ്ങളും മുന്നോട്ടുവെക്കുന്നു. വളരെ ശുഭോദര്‍ക്കമായ ആശയങ്ങളാണെങ്കിലും നമ്മുടെ ബഹുവര്‍ഗ്ഗ സമൂഹത്തില്‍ ഇവ പ്രായോഗികമാക്കുന്നതിന് തടസ്സങ്ങളേറെയുണ്ട്. സാമൂഹികമായി ഉയര്‍ന്നുവരാനിടയുള്ള പ്രശ്‌നങ്ങളെ കുറിച്ച് ആഴത്തില്‍ പഠിച്ചതിനുശേഷമേ സമയമാറ്റം പരിഗണിക്കേണ്ടതുള്ളൂ എന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം ആശ്വാസകരമാണ്. പൊതുവിദ്യാലയങ്ങളിലേക്ക് ഉള്‍പ്രദേശങ്ങളില്‍ നിന്നുപോലും കുട്ടികള്‍ എത്തേണ്ടതുള്ളതിനാല്‍ നമ്മുടെ നിലവിലെ പൊതുഗതാഗതം, എട്ടു മണി ആകുമ്പോഴേക്കും സ്‌കൂളിലേക്ക് കുട്ടികള്‍ എത്താവുന്ന വിധത്തില്‍ എല്ലാവര്‍ക്കും പ്രാപ്യമാണോ എന്നതും ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. പൊതുഗതാഗതത്തിലെ സൗകര്യങ്ങളില്‍ കൈ വെക്കാതെ ഗതാഗത മേഖലയില്‍ പല നവീന നിയമങ്ങളും കൊണ്ടുവന്നതുകൊണ്ടുതന്നെ നിലവില്‍ പൊതുജനം കഷ്ടത അനുഭവിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഉറപ്പുവരുത്താതെ ഇത്തരം നയമാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിലേക്കുള്ള കുട്ടികളുടെ പ്രാപ്യത ഉറപ്പുവരുത്താനാവാതെ വീണ്ടും നമ്മള്‍ ഒന്നാംതലമുറ പ്രശ്‌നങ്ങളിലേക്ക് തന്നെ തിരികെ പോകേണ്ടിവരും.

raniziyad@gmail.com


TAGS :