കോടിയേരിയുടെ രാഷ്ട്രീയ-ഭരണ നേതൃസമീപനങ്ങള്‍ വിലയിരുത്തപ്പെടുമ്പോള്‍
2006 മുതല്‍ 2011 വരെ വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നതാണ് അദ്ദേഹത്തിന്റെ ഭരണപാടവം ഉരച്ചു നോക്കാന്‍ കഴിയുന്ന കാലം. ആ കാലഘട്ടത്തിലെ രാജ്യത്തിന്റെ പൊതു സ്ഥിതിയും കേരളത്തിലെ പൊതു സ്ഥിതിയും പരിശോധിക്കപ്പെടേണ്ടതാണ്.
കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് ലഭിക്കുന്ന അന്ത്യയാത്രയയപ്പുകളില്‍ സമീപകാലത്ത് ഏറ്റവും വലിയ ജനസഞ്ചയം പങ്കെടുത്ത യാത്രയയപ്പായിരുന്നു കൊടിയേരിക്ക് ലഭിച്ചത്. സമൂഹത്തിന്റെ വ്യത്യസ്ത ധാരകളിലെ നേതൃനിരയിലുള്ളവരും അണികളും ഒരു പോലെ പങ്കെടുത്ത അന്ത്യയാത്രയാണ് കണ്ണൂര്‍ പയ്യാമ്പലത്ത് കണ്ടത്. വ്യത്യസ്ത ജനവിഭാഗങ്ങളോട് അദ്ദേഹം പുലര്‍ത്തിയിരുന്ന അടുപ്പവും വ്യക്തി ബന്ധവും അത് സൂചിപ്പിക്കുന്നു.
പൊതു രംഗത്തും ഭരണ രംഗത്തും അദ്ദേഹത്തിന്റെ സംഭാവനകള്‍ സ്മരിക്കപ്പെടും എന്നത് തീര്‍ച്ചയാണ്. അദ്ദേഹം നേതൃത്വം നല്‍കിയ കാലത്തും ഭരണത്തിലെ പ്രധാന തസ്തികയിലുള്ള കാലത്തും രാജ്യത്തിനും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും സംഭവിച്ച മാറ്റം അതി പ്രധാനമാണ്. ആ മാറ്റം സി.പി.എമ്മിന്റെ പ്രത്യയശാസ്ത്രത്തെയും പാര്‍ട്ടി ഘടനെയയും എങ്ങനെ മാറ്റി എന്നത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. പാര്‍ട്ടിയുടെ നേടുംകോട്ടയായ പശ്ചിമ ബംഗാളില്‍ സംപൂജ്യാവസ്ഥയിലേക്ക് പാര്‍ട്ടി എത്തിയ സാഹചര്യം, തുടര്‍ച്ചയായി അധികാരത്തിലിരുന്ന തൃപുരയില്‍ ഭരണം ബി.ജെ.പി കൊണ്ടു പോകുന്ന സാഹചര്യം ഒക്കെ അദ്ദേഹം പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ മെമ്പറായ കാലത്ത് സംഭവിച്ച കാര്യങ്ങളാണ്.
അദ്ദേഹം ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ആദ്യ പകുതിയില്‍ ഇടതു പിന്തുണയോടെ രാജ്യം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ ഭരിക്കുന്ന സന്ദര്‍ഭമാണ്. ആ കാലങ്ങളില്‍ ഉണ്ടായ നിയമ നിര്‍മാണങ്ങളെല്ലാം അത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെതായാലും ഡീപ് സ്റ്റേറ്റിന്റെ താത്പര്യ സംരക്ഷണമായിരുന്നു എന്ന് കാണാനാകും.
രാജ്യത്ത് അധികാരമുള്ള എല്ലായിടത്തും തകര്‍ന്ന സി.പി.എം എന്ന പാര്‍ട്ടിയെ അതിന്റെ തകര്‍ച്ചയുടെ കാലത്ത് കേരളത്തില്‍ അതിനെ തകരാതെ നയിച്ചു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഇടതുപക്ഷ ആശയ ദാരയില്‍ നിന്ന് നവലിബറല്‍ മുതലാളിത്തത്തിലേക്ക് സമ്പൂര്‍ണ്ണമായി കേരളത്തിലെ സി.പി.എം എത്തിയത് ഈ കാലത്താണ്. പ്രത്യശാസ്ത്ര ധാര്‍ഷ്ട്യം ഇല്ലാതെ വൈരുധ്യമാര്‍ന്ന സമീപനത്തെ പുല്‍കുന്ന തരത്തിലേക്ക് ഒരു പാര്‍ട്ടി തലകീഴായി മറിയുമ്പോള്‍ അതിനെ ഉള്‍ക്കൊണ്ട് ബാലന്‍സ് ചെയ്ത് നില നിര്‍ത്തുക എന്നതിന് ചെറിയ നേതൃപാടവം പോര. അതിലദ്ദേഹം ഭംഗിയായി വിജയിച്ചു എന്നതാണ് വാസ്തവം.
2006 മുതല്‍ 2011 വരെ വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നതാണ് അദ്ദേഹത്തിന്റെ ഭരണപാടവം ഉരച്ചു നോക്കാന്‍ കഴിയുന്ന കാലം. ആ കാലഘട്ടത്തിലെ രാജ്യത്തിന്റെ പൊതു സ്ഥിതിയും കേരളത്തിലെ പൊതു സ്ഥിതിയും പരിശോധിക്കപ്പെടേണ്ടതാണ്. രാജ്യത്തെ ആഭ്യന്തര പൊലീസ് സംവിധാനങ്ങള്‍ നേരത്തേ തന്നെ ഭാഗികമായി സംഘ്പരിവാര്‍ വത്കരിക്കപ്പെട്ടവയാണ്. എന്നുമാത്രമല്ല, അധികാര ഘടന സമ്പൂര്‍ണ്ണമായി ഡീപ് സ്റ്റേറ്റിന്റെ പിടിയിലേക്ക് എത്തിയ കാലവുമാണ്. ആ ഡീപ് സ്റ്റേറ്റാകട്ടെ ആര്‍.എസ്.എസ് നിയന്ത്രിതവുമാണ്.
അദ്ദേഹം ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ആദ്യ പകുതിയില്‍ ഇടതു പിന്തുണയോടെ രാജ്യം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ ഭരിക്കുന്ന സന്ദര്‍ഭമാണ്. ആ കാലങ്ങളില്‍ ഉണ്ടായ നിയമ നിര്‍മാണങ്ങളെല്ലാം അത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെതായാലും ഡീപ് സ്റ്റേറ്റിന്റെ താത്പര്യ സംരക്ഷണമായിരുന്നു എന്ന് കാണാനാകും. അതിന്റെ ക്ലാസിക് ഉദാഹരണമാണ് 2008 ലെ യു.എ.പി.എ നിയമ ഭേദഗതി. എന്‍.ഡി.എ സര്‍ക്കാര്‍ കൊണ്ടു വന്ന ആ ഭേദഗതിയെ പ്രതിപക്ഷമായ ബി.ജെ.പിയോടൊപ്പം സി.പി.എമ്മും സി.പി.ഐയും മുസ്‌ലിം ലീഗും പാര്‍ലമെന്റില്‍ പിന്തുണച്ചിരുന്നു എന്നത് ഡീപ് സ്റ്റേറ്റിനെ അധികാര രാഷ്ട്രീയ കക്ഷികള്‍ എത്രമാത്രം വിധേയത്വത്തോടെയാണ് സമീപിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ്. ആ ഭേദഗതിയാണ് ഇന്നത്തെ രീതിയിലുള്ള വിനാശത്തിലേക്ക് രാജ്യത്തെ എത്തിച്ചത്.
ടാഡ, പോട്ട പോലുള്ള സമാന ഡ്രക്കോണിയന്‍ നിയമങ്ങളെ നിരാകരിച്ച കേരളം പക്ഷേ, യു.എ.പി.എയെ രണ്ട് കൈയും നീട്ടിയാണ് സ്വീകരിച്ചത്. പീപ്പിള്‍സ് മാര്‍ച്ച് എന്ന പത്രത്തിന്റെ പത്രാധിപരായ ഗോവിന്ദന്‍ കുട്ടിയെ യു.എപി.എ ചുമത്തി അറസ്റ്റ് ചെയ്യുകയുണ്ടായി. കേരളത്തിലെ ആദ്യത്തെ യു.എ.പി.എ കേസായിരുന്നു ഇത്. 2008ലെ ഭേദഗതിക്കു മുമ്പ് തന്നെ ല്‍ 2006 ആഗസ്റ്റ് 15 ന് പാനായിക്കുളത്ത് ചെറിയ സംഘം യുവാക്കള്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ സ്വാതന്ത്ര്യ സമരത്തിലെ പങ്കിനെപ്പറ്റി പരസ്യമായി നടത്തിയ സെമിനാറിനെ ഭീകരവാദ ക്യാമ്പെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ യു.എ.പി.എ ചുമത്തി. ഇതെല്ലാം കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായ കാലത്താണ്.
കുപ്രസിദ്ധമായ 2008 ലെ യു.എ.പി.എ ഭേദഗതിക്കു ശേഷമാണ് എന്‍.ഐ.എ നിലവില്‍ വരുന്നത്. ആദ്യമായി കേരളത്തിലെ ഒരു കേസ് എന്‍.ഐ.എയ്ക്ക് കൈമാറുന്നതും കോടിയേരി ആഭ്യന്തര മന്ത്രിയായ കാലത്താണ്. ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന 2006 മാര്‍ച്ചില്‍ നടന്ന കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ് എന്‍.ഐ.എയ്ക്ക് കൈമാറുന്നത് സംസ്ഥാന സര്‍ക്കാറായിരുന്നു. ആ കേസിലെ പ്രധാനപ്പെട്ട രണ്ട് പ്രതികളെ ഹൈക്കോടതി തെളിവില്ല എന്നു പറഞ്ഞ് വെറുതെ വിട്ടിരിക്കുകയാണ്, അതിലെ മറ്റ് ചില പ്രതികളുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല. എന്‍.ഐ.എ യുടെ കേരളാ ഗേറ്റ് വേ ആയിരുന്നു ഈ കേസ്. പിന്നീട് കൈവെട്ട് കേസടക്കം നടന്ന പല ക്രിമിനല്‍ സംഭവങ്ങളും എന്‍.ഐ.എയ്ക്ക് കൈമാറിയത് കോടിയേരി ആഭ്യന്തര മന്ത്രിയായ ഇടതു സര്‍ക്കാരായിരുന്നു.
കേരളം കണ്ട ഏറ്റവും വലിയ പൊലീസ് വെടിവെയ്പും നടന്നത് കോടിയേരിയുടെ ആഭ്യന്തര വകുപ്പിന് കീഴിലായിരുന്നു. 2009 മെയ് മാസം 17 ന് ഉച്ചതിരിഞ്ഞ് ബീമാപള്ളിയില്‍ നടന്ന പൊലീസ് വെടിവെയ്പില്‍ ആറ് പേര്‍ തല്‍ക്ഷണം മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. തീരദേശത്തെ മുസ്‌ലിം ജനതയ്ക്ക് നേരേ നടന്ന ഏകപക്ഷീയ വെടിവെയ്പായാണ് ബീമാപള്ളി വെടിവെപ്പിനെ രേഖപ്പെടുത്തുന്നത്. ഇതിലെ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
പൊലീസ് സേനയുടെ ആധുനിക വത്കരണത്തിലും അഡ്മിനിസ്‌ട്രേഷനിസും മികച്ച കാലം തന്നെയായിരുന്നു കോടിയേരി ഭരിച്ച 2006-11 വരെയുള്ള കാലം എന്നത് യാഥാര്‍ഥ്യമായിരിക്കെ തന്നെ കേരളത്തിലെ ആഭ്യന്തര വകുപ്പിലെ സംഘ്പരിവാര്‍ വത്കരണ സാധ്യതകളെ ശക്തിപ്പെടുത്തിയ കാലവും ആയിരുന്നു അക്കാലം.
രാജ്യത്ത് ദലിത് ടെററിസം എന്ന പദം ഇദംപ്രഥമമായി രൂപപ്പെടുന്നത് കേരളത്തിലാണ്. അതും കോടിയേരി ആഭ്യന്തര മന്ത്രിയായ കാലത്താണ്. വര്‍ക്കല നടന്ന ഒരു കൊലപാതകത്തെ തുടര്‍ന്ന് അതില്‍ ഉള്‍പ്പെട്ടു എന്നാരോപിച്ച് ഡി.എച്ച്.ആര്‍.എം എന്ന ദലിത് സംഘടനെ ദലിത് ടെററിസ്റ്റുകള്‍ എന്ന് കേരളത്തിലെ അന്നത്തെ ഡി.ജി.പി ജേക്കബ് പുന്നൂസ് ആണ് വിശേഷിപ്പിച്ചത്. അജിത് സാഹിയെപ്പോലെ മുതിര്‍ന്ന പത്ര പ്രവര്‍ത്തകര്‍ ഈ പ്രയോഗത്തെ അമ്പരപ്പോടെയാണ് സമീപിച്ചത്. സി.പി.എമ്മും ആഭ്യന്തര മന്ത്രിയുമെല്ലാം ഇതിനെ സാധൂകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പില്‍ക്കാലത്ത് ആ കേസിലും തെളിവില്ലെന്ന് കണ്ട്, ഒരു വ്യക്തിയെ ഒഴികെ മറ്റെല്ലാ പ്രതികളെയും വിട്ടയച്ചിരുന്നു. ഏതായാലും ദലിത് ടെററിസം എന്നത് വേറേ ഒരിടത്തും ആരും ഇന്നുവരെ ഉപയോഗിച്ചിട്ടില്ല. ഇപ്പോള്‍ കേരളത്തിലും അങ്ങനെ ഉപയോഗിക്കാറില്ല.
പൊലീസ് സേനയുടെ ആധുനിക വത്കരണത്തിലും അഡ്മിനിസ്‌ട്രേഷനിസും മികച്ച കാലം തന്നെയായിരുന്നു കോടിയേരി ഭരിച്ച 2006-11 വരെയുള്ള കാലം എന്നത് യാഥാര്‍ഥ്യമായിരിക്കെ തന്നെ കേരളത്തിലെ ആഭ്യന്തര വകുപ്പിലെ സംഘ്പരിവാര്‍ വത്കരണ സാധ്യതകളെ ശക്തിപ്പെടുത്തിയ കാലവും ആയിരുന്നു അക്കാലം. അതിന്റെ തുടര്‍ച്ച തന്നെയാണ് പിന്നീട് ഭരിച്ച സര്‍ക്കാരുകളിലും ഉണ്ടായത്.
സി.പി.ഐ(എം)ന് കേരളത്തില്‍ സംഭവിച്ച രാഷ്ട്രീയ പകര്‍ച്ചകളെ അതിനനുസൃതമായി നേതൃതലത്തില്‍ പ്രതിനിധീകരിച്ചു എന്നത് അദ്ദേഹത്തിന്റെ മുഖ്യ സവിശേഷത തന്നെയാണ്.
ന്യൂനപക്ഷ രാഷ്ട്രീയത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഭൂരിപക്ഷ പൊതുബോധത്തെ അനുകൂലമാക്കുക എന്ന തന്ത്രം അദ്ധേഹം സ്വീകരിച്ചിരുന്നത് കാണാനാകും.
കുഞ്ഞുമാണി-കുഞ്ഞൂഞ്ഞ്-കുഞ്ഞാലി എന്ന പ്രയോഗം പാര്‍ട്ടി സെക്രട്ടറിയായി അദ്ദേഹം നടത്തിയത് അന്ന് പാര്‍ട്ടിയുടെ ലൈന്‍ യു.ഡി.എഫ് ന്യൂനപക്ഷങ്ങളുടെ മുന്നണിയാണ് എന്ന് തോന്നിപ്പിച്ച് ഭൂരിപക്ഷ വോട്ടുകള്‍ സമാഹരിക്കാനുള്ള സോഷ്യല്‍ എഞ്ചിനീയറിംഗിനെ പൊതുസമക്ഷം വ്യക്തമാക്കാനാണ്.
യു.ഡി.എഫിന്റെ മുസ്‌ലിം ക്രൈസ്തവ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തി ഹിന്ദു ക്രൈസ്തവ വോട്ടുകളുടെ സമാഹരണത്തിലേക്ക് പാര്‍ട്ടി ലൈന്‍ മാറിയപ്പോഴാണ് രാജ്യത്ത് ആര്‍ക്കും വ്യക്തമായി അറിയാത്തതും രാജ്യത്തെ മുസ്‌ലിംകളോ ക്രൈസ്തവരോ ഒരു കണ്‍സേണായി പോലും പരിഗണിക്കാതിരുന്ന ഹാഗിയാ സോഫിയ വിഷയം പൊതു ചര്‍ച്ചയിലേക്ക് എടുത്തിട്ടത്. 2020 ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ കോടിയേരി നടത്തിയ ഹസന്‍-കുഞ്ഞാലി-അമീര്‍ പരാമര്‍ശം രാഷ്ടീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ഇതെല്ലാം അദ്ദഹം വ്യക്തിപരമായ താല്‍പര്യത്തില്‍ ചെയ്തിരുന്നതല്ല, മറിച്ച് പാര്‍ട്ടി നേതൃത്വം എന്ന നിലക്ക് സ്വീകരിച്ചതായിരുന്നു എന്നത് വ്യക്തമാണ്.
സി.പി.എമ്മിന്റെ കേരള ഘടകത്തിന്റെ നവലിബറല്‍ മുതലാളിത്തത്തോടുള്ള നയസമീപനങ്ങളിലെ മാറ്റവും, ആര്‍.എസ്.എസിനെ എതിര്‍ക്കുമ്പോഴും കേരളത്തിലെ സവര്‍ണ്ണ ഹിന്ദുത്വയെയും ക്രൈസ്തവ വിഭാഗങ്ങളിലെ ഇസ്‌ലാമോഫോബിയെയും ഉപയോഗപ്പെടുത്തി തങ്ങളുടെ അടിത്തറ വര്‍ധിപ്പിക്കാനുമുള്ള നീക്കങ്ങള്‍ നടത്ിയത് കാണാനാവും. അതേസമയം, ഇതിന് തികച്ചും വിരുദ്ധമാണ് എന്ന് തോന്നാമെങ്കലും മുസ്‌ലിം ന്യൂനപക്ഷ സംരക്ഷകര്‍ തങ്ങളാണ് എന്നു വരുത്തി തീര്‍ക്കാനുള്ള സമാന്തരമായ നീക്കത്തെയും ഒരുപോലെ കൊണ്ടു പോകാനും കഴിഞ്ഞു എന്നത് കോടിയേരിയുടെ അസാമാന്യ നേതൃപാടവത്തിന്റെ തെളിവാണ്.
ശബരിമല സ്ത്രീ പ്രവേശ വിഷയത്തിന് ശേഷം അത്യന്തം പ്രതിരോധത്തിലായ പാര്‍ട്ടി രാജ്യത്ത് തങ്ങള്‍ക്ക് ഏക സംസ്ഥാനമായ കേരളത്തില്‍ പിടിച്ചു നില്‍ക്കാനായി നടത്തിയ മൃദുഹിന്ദുത്വ നീക്കങ്ങളെ നേതൃത്വത്തില്‍ നിന്ന് അദ്ദേഹത്തിന് നടപ്പാക്കേണ്ടി വന്നിട്ടുണ്ടാകാം. കേരളത്തില്‍ ആദ്യമായി ദേവസ്വം നിയമനങ്ങളില്‍ സവര്‍ണ്ണ സംവരണം നടപ്പാക്കിയപ്പോള്‍ ആര്‍.എസ്.എസിന് ഇങ്ങനെ നടപ്പാക്കാനാകുമോ എന്ന് വെല്ലുവിളിച്ചതും പാര്‍ട്ടിക്കു വേണ്ടി നടത്തിയ സോഷ്യല്‍ എഞ്ചിനിയറിംഗിന്റെ ഭാഗമായിരുന്നു. അപ്പോഴും കോടിയേരി എന്ന വ്യക്തി എല്ലാ വിഭാഗം ജനങ്ങളുടെയും ഇഷ്ടക്കാരനാകുന്നത് അദ്ദേഹത്തിന്റെ സൗമ്യതയുടെയുടെയും ആരെയും കേള്‍ക്കുന്ന പ്രകൃതത്തിന്റെയും പ്രത്യേകത കൊണ്ട് തന്നെയാണ്.